Links

വില-കൂലി-ശമ്പള കയറ്റവും രാഷ്ട്രീയവും


ഡീസലിന്റെ വിലനിയന്ത്രണം സര്‍ക്കാര്‍ ഭാഗികമായി എടുത്തുകളഞ്ഞിരിക്കുന്നു. അത്കൊണ്ട് ഡീസലിന് മാസം തോറും ലിറ്ററിന് 50 പൈസയോ മറ്റോ വര്‍ദ്ധിക്കും. ഡീസലിനും പെട്രോളിനും വില വര്‍ദ്ധിപ്പിക്കുമ്പോള്‍ വന്‍പിച്ച ഒച്ചപ്പാടാണ് ഉണ്ടാക്കുന്നത്. മുതലാളിമാര്‍ക്ക് വേണ്ടിയാണ് വില വര്‍ദ്ധിപ്പിക്കുന്നത് എന്നാണ് വാദം. എന്നാല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതും സംസ്ക്കരിക്കുന്നതും വില്‍ക്കുന്നതും എല്ലാം ചെയ്യുന്നത് സര്‍ക്കാര്‍ കമ്പനികളാണ്. ഈ രംഗത്ത് സ്വകാര്യകമ്പനികളുടെ പങ്ക് ചെറുതാണ്. സര്‍ക്കാരിന്റെ നഷ്ടം നികത്താനാണ് വില വര്‍ദ്ധിപ്പിക്കുന്നത്. ആ വിലവര്‍ദ്ധനവിന്റെ ഗുണം സ്വകാര്യകമ്പനികള്‍ക്കും ലഭിക്കും എന്നത്കൊണ്ട് സര്‍ക്കാര്‍ നഷ്ടം സഹിച്ചോളണം എന്ന് പറയുന്നത് ശരിയല്ല. ഒരു ഭാഗത്ത് സര്‍ക്കാരിന് ലാഭം കുറഞ്ഞുപോയി എന്ന് വിലപിക്കുന്നവര്‍ തന്നെയാണ് മറുഭാഗത്ത് സര്‍ക്കാര്‍ നഷ്ടം നികത്തരുത് എന്നും ഒച്ച വെക്കുന്നത്.

സബ്‌സിഡി എന്നത് ധനികര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരേ പോലെ ലഭിക്കണം എന്നതും എക്കാലത്തേക്കും സബ്‌സിഡികള്‍ തുടരണം എന്ന് പറയുന്നതും ശരിയല്ല. സബ്‌സിഡികള്‍ വിവേചനം ഇല്ലാതെ കൊടുക്കുന്നത്കൊണ്ട് ധനക്കമ്മി ഉണ്ടാകുന്നുണ്ട്. ആ കമ്മി വര്‍ദ്ധിച്ചുവരികയുമാണ്. സര്‍ക്കാരിന്റെ വരവിനെക്കാളും ചെലവ് കൂടുമ്പോഴാണ് ധനക്കമ്മി ഉണ്ടാകുന്നത്. ധനക്കമ്മി നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിന് അധികം കറന്‍സി അച്ചടിക്കേണ്ടി വരും. റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണം ഉണ്ടെങ്കിലും ചിലപ്പോള്‍ അധികം നോട്ടുകള്‍ അച്ചടിക്കും. അപ്പോള്‍ പണപ്പെരുപ്പം ഉണ്ടാകും. വിപണിയില്‍ ചരക്ക് കുറവും പ്രചാരത്തിലുള്ള കറന്‍സി അധികവും എന്ന അവസ്ഥയാണ് അതുണ്ടാക്കുക. അപ്പോള്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഇതൊക്കെ ഒന്നോടൊന്ന് ബന്ധപ്പെട്ട് കിടക്കുന്ന സങ്കീര്‍ണ്ണമായ പ്രതിഭാസങ്ങളാണ്. സര്‍ക്കാരിന് എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കേണ്ടതുണ്ട്. ഒരു മന്ത്രിയോ ഉദ്യോഗസ്ഥനോ അല്ല ഇതൊന്നും തീരുമാനിക്കുന്നത്.

ഇവിടെ എതിര്‍പ്പും വിവാദവും സമരവും ബന്ദും ഒക്കെ ഉണ്ടാക്കുന്നത് രാഷ്ട്രീയമായ കാരണങ്ങള്‍ കൊണ്ടാണ്. വിലക്കയറ്റവും പാവങ്ങളുടെ പേരും ഒക്കെ പറഞ്ഞ് ഭരിക്കുന്ന സര്‍ക്കാരിനെതിരെ വിരുദ്ധവികാരം സൃഷ്ടിച്ച് വോട്ടുകള്‍ സമാഹരിച്ച് തന്റെ പാര്‍ട്ടിയെയും നേതാവിനെയും അധികാരത്തില്‍ എത്തിക്കാന്‍ കഴിയുമോ എന്ന ചിന്തയാണ് എല്ലാ എതിര്‍പ്പുകള്‍ക്കും പിന്നിൽ. എന്നിട്ട് , തന്റെ നേതാവിന് അധികാരം കിട്ടിയാല്‍ അത് വരെ ഒച്ച വെച്ചവന്‍ പിന്നെ മിണ്ടാതിരിക്കും. അപ്പോള്‍ അധികാരമില്ലാത്ത നേതാവിന്റെ അനുയായികള്‍ ഒച്ച വെച്ചോളും. ഇതൊക്കെ ജനാധിപത്യത്തില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്. കക്ഷിരാഷ്ട്രീയതിമിരം ബാധിക്കാത്തവര്‍ നിഷ്പക്ഷമായും വസ്തുനിഷ്ഠമായും കാര്യങ്ങള്‍ വിലയിരുത്തുകയാണ് വേണ്ടത്.

എല്ലാറ്റിനും വില കയറുന്ന ഒരു ചലനാത്മകമായ വര്‍ത്തമാനകാലമാണ് നിലവിലുള്ളത്. ചരക്കുകള്‍ക്ക് മാത്രമല്ല വില കയറുന്നത്. ചരക്കുകള്‍ ഉല്പാദിപ്പിക്കുന്ന അധ്വാനത്തിനും സേവനങ്ങള്‍ക്കും എല്ലാം വില വര്‍ദ്ധിക്കുന്നുണ്ട്. കൂലിയും ശമ്പളവും വര്‍ദ്ധിക്കുമ്പോള്‍ ഉല്പാദനച്ചെലവ് കൂടി ചരക്കുകള്‍ക്കും വില കൂടും. സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവും കൂടും. ഇതില്‍ ഏതെങ്കിലും ഒന്ന് മരവിപ്പിച്ച് പിടിച്ച് നിര്‍ത്താന്‍ കഴിയില്ല. ഏറ്റക്കുറച്ചിലോടെ വര്‍ദ്ധനവ് എല്ലാ മേഖലയിലും എപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഒട്ടുമൊത്തം നോക്കിയാല്‍ പൌരന്മാരുടെ ജീവിതനിലവാരം ഉയരുന്നുണ്ട് എന്നും കാണാം. പണ്ട് പാചകവാതകം അതായത് ഗ്യാസ് ഉപയോഗിച്ചിരുന്നവര്‍ പണക്കാര്‍ മാത്രമായിരുന്നു. ഇന്ന് ഗ്യാസിന് വില വര്‍ദ്ധിപ്പിക്കുമ്പോള്‍ പാവങ്ങള്‍ക്ക് ബുദ്ധിമുട്ട് എന്നാണല്ലൊ പറയുന്നത്. ഇന്ന് ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ നടത്തം ഒഴിവാക്കി 20രൂപ കൊടുത്ത് ഓട്ടോറിക്ഷയിലാണ് പോകുന്നത്. പണ്ടൊക്കെ ഇരുപതും ഇരുപത്തഞ്ചും മൈലുകള്‍ നടക്കുന്നത് ഒരു വിഷയമേ അല്ലായിരുന്നു.

എല്ലാ എതിര്‍പ്പുകളും സംവാദങ്ങളും കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഉയരുന്നത്കൊണ്ട് പൊതുവെ ഒന്നിന്റെയും സത്യാവസ്ഥ മനസ്സിലാക്കാന്‍ ആളുകള്‍ക്ക് കഴിയുന്നില്ല. ജാതിയും മതവും പോലെ തന്നെ ഞാന്‍ ഇന്ന പാര്‍ട്ടിയാണെന്ന ബോധത്തിലാണ് ആളുകളുടെ അഭിപ്രായം രൂപപ്പെടുന്നത്. അത്കൊണ്ട് എതിര്‍പ്പുകളും ഒച്ചയും ബഹളവും ഒക്കെ എല്ലായ്പോഴും ഉണ്ടാകും. ആരു ഭരിച്ചാലും സര്‍ക്കാര്‍ എന്ന സംവിധാനം നിലനില്‍ക്കുകയും അതിന് മുന്നിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയും വേണം. ഭരിക്കാത്ത പാര്‍ട്ടിക്കാരെ ഒരിക്കലും തൃപ്തിപ്പെടുത്തി അവരെ ശാന്തരാക്കാന്‍ കഴിയില്ല. എന്തെന്നാല്‍ അവരുടെ ആവശ്യം ജനങ്ങളുടെ ചെലവില്‍ സ്വന്തമെന്ന് കരുതുന്ന നേതാവിനെ അധികാരത്തില്‍ വാഴിക്കലാണ്. മറ്റൊന്നുകൊണ്ടും അവര്‍ തൃപ്തരാവുകയില്ല. അത്കൊണ്ട് ഒച്ചയും ബഹളവും എന്നും തുടരും. സാര്‍ത്ഥവാഹകസംഘം മുന്നോട്ട് !

10 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

വളരെ ശരിയാണ് പറഞ്ഞിരിക്കുന്നത്

ajith said...

അതെയതെ
മനോമോഹനസിംഹവും സംഘവും മുന്നോട്ട്

vettathan said...

സബ്സിഡി കൊടുത്തു ഡീസലിന്‍റെ വില കൃത്രിമമായി താഴ്ത്തുന്നതില്‍ എന്തു കാര്യം. എണ്ണക്കമ്പനികളുടെ നഷ്ടം നികത്തുന്നത് പൊതു പണം എടുത്താണെന്ന് മറക്കേണ്ട

സങ്കൽ‌പ്പങ്ങൾ said...

നഷ്ടമെന്ന് എന്തിനെപ്പറ്റിയാണീ പറയുന്നത് ,സബ്സീഡി -ഗവണ്മെന്റ്, ഗവണ്മെന്റ് കമ്പനിക്കു നൽകുന്നുയെന്നാണിവർ പറയുന്നത്.പക്ഷെ പെട്രോളിന്റെ 70 രൂപ വിലയെടുത്താൽ അതിൽ 40രൂപയും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ നികുതിയാണെന്നുകാണാം.അതുപ്പോലെ തന്നെ ഡീസലിന്റെയും.നികുതി ഒഴിവാക്കിയാൽ 30രൂപക്ക് നൽകാവുന്ന സാധനം 70രൂപക്ക് നൽകിയിട്ട് ചെലവ് 35 ആകുന്നുണ്ട് അതിനാൽ 5രൂപകൂട്ടുകയാണെന്ന് പറയുന്നതിലെന്താണർത്ഥം.അതുപോലെ തന്നെ നഷ്ടം കുന്നുകൂടുന്ന ഈ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം അതിലും കോടികളാണു ഗവണ്മെന്റിനു ലാഭവിഹിതം നൽകുന്നത്.ഇത് ആടിനെ പട്ടിയാക്കുന്ന സമീപനമല്ലെ.ഗവണ്മെന്റിനു വരുമാനത്തിനായി പാവങ്ങളെ നേരിട്ടു ബാധിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളെ മാത്രം ആശ്രയിക്കാതെ മറ്റു വരുമാനമാർഗങ്ങൾ കണ്ടെത്തുകയല്ലെ വേണ്ടത്.ഇവക്ക് വിലകൂടുമ്പോൾ നികുതിയിൽ ബാലൻസ് ചെയ്യ്തു നിർത്തിയാൽ മതിയാവുകയില്ലെ.വരുമാനവും ചെലവും തുലനം ചെയ്യാനാവുന്നില്ലയെന്ന് പറയുമ്പോൾ നമ്മൾ അറിഞ്ഞ പല അഴിമതികളിലൂടെ ഗവണ്മെന്റിനു ലഭിക്കേണ്ടയെത്രമാത്രം തുകയാണു നഷ്ടമായത്.നല്ലരീതിയിൽ ലാഭവിഹിതം നൽകുന്ന പല പൊതുമേഖല സ്ഥാപനങ്ങളെയും താൽക്കാലിക ലാഭത്തിനായി വിദേശ ഓഹരികമ്പോളത്തിൽ വിറ്റുതുലക്കുമ്പോൾ ഭാവിയിലൊരു പ്രതിസന്ധിയുണ്ടാവുമ്പോൾ ഏതു വിറ്റ് പ്രതിസന്ധി മറികടക്കും.വന്മുതലാളിമാർക്ക് നികുതിയിളവുകൾ നൽകുന്ന ഗവണ്മെന്റ് എന്തുകൊണ്ടാണീ പാവങ്ങളുടെ ചെറിയ സബ്സീഡികൾ കാണുമ്പോൾ മാത്രമീ കണ്ണുകടി.മറ്റു വരുമാനമാർഗ്ഗങ്ങൾ കണ്ടെത്താതെ എത്രകാലം ഇങ്ങനെ മുമ്പോട്ടു പോകും.മന്മോഹൻ ജീയുടെ ധനതത്ത്വത്തിൽ പാവങ്ങൾ എന്നൊരു വിഭാഗമില്ലെ?.ഇത് ഏതുതരത്തിലുള്ള ധനമാനേജുമെന്റാണ ഇനി നമുക്ക് മനസിലാകാത്ത വല്ലതുമാവുമോ?...എങ്കിൽ ക്ഷമിക്കുക.

ajith said...

പെട്രോളിന് 10 വില കൂട്ടുമ്പോള്‍ അതിന്റെ കൂടെ നികുതിയും കൂടുന്നതെന്തിനാണ്? കേന്ദ്രവും സംസ്ഥാനവും വെവ്വേറെ കൂട്ടുന്നതെന്തിനാണ്? എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാനാണെങ്കില്‍ അതിന്റെ കൂടെ നികുതിയും കൂടെ കൂട്ടുന്നതിന്റെ കാരണം ഈ എക്കണോമിസ്റ്റ് അല്ലാത്ത പാവം പൌരന് കേപിയെസോ വെട്ടത്താന്‍ മാഷോ ഒന്ന് പറഞ്ഞുതരണേ. എന്നിട്ട് സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ നികുതി വേണ്ടെന്ന് വയ്ക്കാമെന്ന് ഒരു ഔദാര്യവും, സംസ്ഥാനം 1 രൂപ 36 പൈസ ത്യാഗം ചെയ്തെന്ന് ഒരു ഗിമ്മിക്കും.

haris said...

for petrol the complete cost including importing & refining is only 27.34/litre.Remaining are excise tax,differnt cess,state tax etc.
Why they are spending huge amount of money for advertisement? by sponsoring criket tournments and all?
Why they are advertising on internet?
Why they are exporting petroluem products to banladesh,nepal ,srilanka and some other countries with their so called loss of money?
Crude oil on refining gives 18 types of products, they are purchasing crude oil with atleast 3 years prior rate,then how will it influence the current price of crude oil?

Ananth said...

നാട്ടിലെ ചായക്കു അഞ്ചു രൂപാ അമേരിക്കയില്‍ ചായക്കു ഒരു ഡോളര്‍ അപ്പോള്‍ ചായ ഒന്നിന് ഏകദേശം അമ്പതു രൂപാ നഷ്ടം ഈ രീതിയില ചായക്കട നടത്തിയാല്‍ ഒരു വര്ഷം എത്ര കോടിയുടെ നഷ്ടം എന്നമട്ടില്‍ കണക്കുകള്‍ ഉണ്ടാക്കി സബ്സിഡി നല്‍കുന്നത് മൂലം GDP യേക്കാള്‍ വലിയ തുക നഷ്ടപ്പെടുന്നു എന്നൊക്കെ പറയുന്ന എണ്ണ കമ്പനികള്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച് ഇല്‍ വര്‍ഷാവര്‍ഷം നല്‍കുന്ന ബാലന്‍സ് ഷീറ്റു പ്രകാരം അവ്ര്‍ക്കൊരോന്നിനും ആയിരക്കണക്കിന് കോടിയുടെ പ്രവര്‌തനലാഭവും ലക്ഷക്കണക്കിന്‌ കോടികളുടെ നീക്കിയിരുപ്പും ഉണ്ടെന്നുള്ള വസ്തുതകള്‍ ദന്തഗോപുരങ്ങളില്‍ ഇരുന്ന് ധനതത്വശാസ്ത്രം ചമയ്ക്കുന്ന അന്ധന്മാര്‍ക്ക് മാത്രമേ കാണാന്‍ കഴിയാതെ പോവൂ .......പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞപ്പോഴാണ് ഇടക്കാലത്ത് അടഞ്ഞുപോയ റിലയന്‍സ് പമ്പുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത് .....അപ്പോള്‍പിന്നെ ആര്‍ക്കുവേണ്ടിയാണ് വില വര്‍ധന നടപ്പാക്കുന്നത് എന്നൊന്നും ജനത്തിനെ കൂടുതലായി ആരും പറഞ്ഞു മനസ്സിലാക്കേണ്ട ആവശ്യമില്ല .......എന്തായാലും ഇപ്പോള്‍ നടക്കുന്നത് ഒരു തരം കടും വെട്ടു ( slaughter tapping ) തന്നെ .....അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പെ തന്നെ പരമാവധി നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുക പൊതുജനം എന്തൊക്കെ പറഞ്ഞാലും അതൊക്കെ നായ കുരക്കുന്നപോലെ കണക്കാക്കി സാര്‍ത്ഥ വാഹക സംഘം സ്വിസ് ബാങ്കിലേക്ക് നീങ്ങും ....അത്ര തന്നെ !!

Cv Thankappan said...

പുതിയ ആകാശം തേടുന്ന നേതാക്കളുടെയും,ഉന്നതിയിലേക്ക് കുതിച്ചുപായാന്‍ വെമ്പുന്ന സാര്‍ത്ഥവാഹക സംഘങ്ങളുടെയും
ചവിട്ടടിയില്‍പെട്ട്‌ നിസ്സഹായരായ
'പുല്‍ക്കൊടി കൂട്ടങ്ങള്‍'
ആശംസകള്‍

Manoj മനോജ് said...

വയസ്സാൻ കാലത്ത് മറ്റ് പണിയൊന്നുമില്ലാതെ ബ്ലോഗിൽ മുഴുകുന്നവർക്ക് അത് പറയാം... എന്നാൽ ഡീസിൽ വില വർദ്ധന വന്നതിനെ തുടർന്ന് റെയിൽ നിരക്ക് കൂടുമ്പോൾ എന്നും ജോലിക്ക് പോയി വരുന്നവരുടെ ബഡ്ജറ്റിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? സർക്കാർ ജീവനക്കാർക്ക് ശമ്പളം കൂട്ടി കൊടുക്കുമായിരിക്കും എന്നാൽ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ കാര്യമോ! ബ്ലോഗിങ്ങ് ഒക്കെ കഴിഞ്ഞ് നടുവൊന്ന് നിവർത്തുമ്പോഴെങ്കിലും ഓർക്കുന്നത് നല്ലത്..

ഡീസിൽ വില വർദ്ധന നേരിടുന്ന കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കുവാൻ ഒരു പോംവഴി പറയുവാനുള്ള ചങ്കുറപ്പ് നിങ്ങൾക്കുണ്ടോ!

നിരക്ക് കൂട്ടിയതോടെ റെയിൽ‌വേ, ഡിഫൻസ്, പൊതുമേഖല ഗതാഗതം എന്നീ മേഖലകളിൽ ഡീസൽ വിതരണത്തിനു ടെണ്ടർ വിളിക്കും. പതിവ് അനുസരിച്ച് ടെണ്ടർ കിട്ടുന്നത് സ്വകാര്യന്മാർക്ക് ആയിരിക്കും... ഇത് വരെ പൊതുമേഖല എണ്ണ കമ്പനികൾ പിടിച്ച് നിന്നത് ഇവിടെ നിന്നുള്ള വരുമാനം കൊണ്ടായിരുന്നുവല്ലോ... അത് നഷ്ടപ്പെടുമ്പോൾ സ്വാഭാവികമായും സർക്കാർ പൊതുമേഖല എണ്ണ കമ്പനികൾ സ്വകാര്യ-വിദേശ കമ്പനികൾക്ക് വിൽക്കും... ഇത് മനസ്സിലാക്കുവാൻ ആ കോൺഗ്രസ്സ് കണ്ണട മാറ്റി വെച്ചാൽ മതിയാകും :(

സങ്കൽ‌പ്പങ്ങൾ said...

http://tinyurl.com/aroy55b