സമരനാടകം ..


സി.പി.എം.കാര്‍ ആയാല്‍ , ആ പാര്‍ട്ടിയുടെ വര്‍ഗ്ഗബഹുജന സംഘടനകളില്‍ ഏതെങ്കിലും ഒന്നില്‍ അംഗമായാൽ, തങ്ങള്‍ അജയ്യരാണെന്നും തങ്ങള്‍ വിചാരിക്കുന്നത് എന്തും നടത്തിക്കും എന്നുമൊക്കെയുള്ള ഒരു തരം ധാര്‍ഷ്ഠ്യവും തലക്കനവുമാണ് മാര്‍ക്സിസ്റ്റുകാരെ ഭരിക്കുന്നത്. അവരുടെ നോട്ടത്തിലും ഭാവത്തിലും വാക്കുകളിലും എല്ലാം ഈ അഹന്ത മുഴച്ചുനില്‍ക്കുന്നത് കാണാം. എല്ലാം തങ്ങള്‍ കീഴ്പ്പെടുത്തും,എല്ലാറ്റിനെയും തങ്ങള്‍ മുട്ടുകുത്തിക്കും എന്ന ഈ മിഥ്യയായ അഹങ്കാരം കമ്മ്യൂണിസ്റ്റുകള്‍ക്ക് പാരമ്പര്യമായി പകര്‍ന്ന് നല്‍കിയത് സ്റ്റാലിനാണ്.
ഈ അഹന്തയും ധാര്‍ഷ്ഠ്യവും പേറാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ കമ്മ്യൂണിസ്റ്റുകളായി തുടരാന്‍ കഴിയൂ എന്ന പൈതൃകം മാറാതെ കാത്ത് സൂക്ഷിക്കുന്നത്കൊണ്ടാണ് കമ്മ്യൂണിസം ഇന്ത്യയില്‍ വെച്ചടി വെച്ചടി കുത്തോട്ട് പോയി കേരളത്തില്‍ മാത്രം ചുരുങ്ങിപ്പോയത്. കാരണം, ജനങ്ങളില്‍ ഭൂരിഭാഗവും സമാധാനകാംക്ഷികളാണ്. ജീവിതം ക്ഷണികവും നശ്വരവുമാണെന്നും ആത്യന്തികമായി ജീവിതം കൊണ്ട് ഒന്നും പിടിച്ചുപറ്റാന്‍ ഇല്ലെന്നുമുള്ള ഒരു ബോധം ബഹുഭൂരിപക്ഷത്തിനുമുണ്ട്.

എന്നാല്‍ ഭൌതികവാദികള്‍ക്ക് ജീവിതം ആസക്തികളുടെ പൂരണത്തിനുള്ളതാണ്. അധികാരവും സമ്പത്തും പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അവര്‍ക്കുള്ളൂ. ആത്മീയവും ധാര്‍മ്മികവുമായ എല്ലാ ചിന്തകളും അവര്‍ക്ക് അന്യമാണ്. എന്തിലും സര്‍വ്വാധിപത്യം എന്നതാണ് ഏത് കമ്മ്യൂണിസ്റ്റുകാരന്റെയും പരമമായ ഉന്നം. അത്കൊണ്ട് അവര്‍ക്ക് എവിടെയും തോറ്റ് കൊടുക്കാന്‍ മനസ്സില്ല. ഞങ്ങള്‍ തോറ്റിട്ടില്ല, തോറ്റ ചരിത്രം ഞങ്ങള്‍ക്കില്ല എന്ന മുദ്രാവാക്യം ഇപ്പോഴും അവശിഷ്ട കമ്മ്യൂണിസ്റ്റുകള്‍ മുഴക്കുന്നത് അത്കൊണ്ടാണ്. കാലവും സമൂഹവും ശാന്തിമാര്‍ഗ്ഗത്തിലൂടെ തങ്ങളെ അനവരതം തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.

ഇതിലൊന്നും കമ്മ്യൂണിസ്റ്റുകളെ കുറ്റപ്പെടുത്താന്‍ നമുക്ക് കഴിയില്ല. അവര്‍ വിപ്ലവകാരികളാണ്. വിപ്ലവം തോക്കിന്‍ കുഴല്‍ മുതല്‍ നായ്‌ക്കുരണപ്പൊടി വരെയുള്ളതില്‍ നിന്ന് വന്നേ തീരൂ എന്ന് വിശ്വസിക്കാന്‍ ബാധ്യതപ്പെട്ടവരാണവര്‍ . പങ്കാളിത്തപെന്‍ഷന്‍
പദ്ധതിക്കെതിരെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിന് ഒരുങ്ങിപ്പുറപ്പെട്ടത് സര്‍ക്കാരിനെ മുട്ട് കുത്തിക്കാന്‍ തന്നെയായിരുന്നു. സര്‍ക്കാരിന്റെ ഭാഗമായ മറ്റ് ജീവനക്കാര്‍ക്കും മന്ത്രിമാര്‍ക്കും എല്ലാം തങ്ങള്‍ ഓരോരുത്തരുടെയും പരിമിതികളെ പറ്റിയും നിസ്സാരതകളെയും പറ്റി അറിയാം. എന്നാല്‍ എന്‍ ജി ഓ ക്കാരന്‍ വിചാരിക്കുക, തങ്ങളുടെ സംഘടന സര്‍ക്കാരിനെക്കാളും വലിയ സംഘടന ആണെന്നും നാളെ ലോകം മൊത്തം വെട്ടിപ്പിടിച്ച് സര്‍വ്വാധിപത്യം സ്ഥാപിച്ച് ഭൂമിയെ മൊത്തം ഭരിക്കേണ്ടവര്‍ ആണെന്നുമായിരിക്കും.

അത്കൊണ്ട് പങ്കാളിത്ത പെന്‍ഷന്‍ സമരം തോറ്റുപോയി എന്നര്‍ത്ഥമില്ല. സര്‍ക്കാരില്‍ നിന്ന് ചില ഉറപ്പുകള്‍ വാങ്ങി തല്‍ക്കാലത്തേക്ക് സമരം പിന്‍‌വലിച്ചതാണ്. കൂടുതല്‍ ജനങ്ങളെ അണിനിരത്തി സമരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടിയാണ് ഇപ്പോള്‍ പിന്‍‌വലിച്ചിട്ടുള്ളത്. ഉറപ്പുകള്‍ ഒന്നും അത്ര മോശമല്ല. മാസം നൂറ് രൂപ ഇ.പി.എഫ് പെന്‍ഷന്‍ വാങ്ങുന്ന വിരമിച്ച തൊഴിലാളികളുണ്ട്. അതിനേക്കാളും കുറഞ്ഞ തുക 35കൊല്ലം കഴിഞ്ഞ് വിരമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരന്  ഉണ്ടാകരുത് എന്ന ഉറപ്പ് വാങ്ങി വെച്ചത് ചില്ലറ നേട്ടമല്ല.

എന്തായാലും സമരം ഗംഭീരമായി വിജയിച്ചു. അക്രമം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും എതിരെ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍‌വലിക്കില്ല എന്നൊരു ഉറപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട് എന്നാണറിയാന്‍ കഴിയുന്നത്. അത് ഒരുപുറം ഇരിക്കട്ടെ, ഇനി വേണ്ടത് പൊതുമുതല്‍ നശിപ്പിച്ചതിനെതിരെയും കരി‌ഓയില്‍ , നായ്‌ക്കുരണ എന്നിവ പ്രയോഗിച്ച് അപമാനപ്പെടുത്തിയതിനെതിരെയും സിവില്‍ കേസ് കൊടുക്കാന്‍ ആരെങ്കിലും മുന്നോട്ട് വരികയാണ്. ഒരു പക്ഷെ ഈ ഭൌതികവാദികള്‍ അഹന്തയും ധാര്‍ഷ്ഠ്യവും വെടിഞ്ഞ് എല്ലാവരെയും പോലെ സ്വാഭാവികമായ സമാധാന ജീവിതത്തിലേക്ക് അവരും എത്തിപ്പെടാന്‍ അത്തരം നടപടി സഹായിച്ചേക്കും. നമ്മളെ സംബന്ധിച്ച് ഈ ജീവിതം ഒരു നാടകവും നമ്മള്‍ അതിലെ നടന്മാരും ഭൂമി അരങ്ങുമാണ്.

1 comment:

ajith said...

വിപ്ലവം നായ്ക്കുരണപ്പൊടിയിലൂടെ