Links

സമരങ്ങൾക്ക് ലജ്ജയാകുന്നു...


മാർക്സിസ്റ്റുകാർ ഗവണ്മേന്റ് ഉദ്യോഗസ്ഥരും അദ്ധ്യാപകരും ആയാൽ അവരുടെ നിലവാരം എങ്ങനെയിരിക്കും എന്നതിന്റെ ലക്ഷണങ്ങളാണു ഇപ്പോൾ നടക്കുന്ന സമരാഭാസത്തിൽ കണ്ടുവരുന്നത്. കല്ലേറ്, വസ്ത്രാക്ഷേപം, നായ്‌ക്കുരണ, കരിഓയിൽ, ചാണകവെള്ളം, ചീമുട്ട തെറിയഭിഷേകം തുടങ്ങിയ കയ്യേറ്റങ്ങളും പിന്നെ ഫയലുകളിൽ ചാണകപ്രയോഗം, ആഫീസുകള്‍ താഴിട്ട് പൂട്ടല്‍  ഇതൊക്കെയാണു സമരക്കാർ സമരത്തിലില്ലാതെ ജോലിക്കെത്തുന്നവരുടെ മേൽ പ്രയോഗക്കുന്നത്. സമരം അവസാനിച്ചാലും തങ്ങൾ ജോലിചെയ്യേണ്ട ആഫീസും നാളെ മുഖത്ത് നോക്കേണ്ട സഹപ്രവർത്തകരുമാണ് എന്ന ഒരു ചിന്തയും മാര്‍ക്സിസ്റ്റ് അദ്ധ്യാപകരാദി ഉദ്യോഗസ്ഥര്‍ക്ക് ഇല്ല. അതാണ് മാര്‍ക്സിസം തലക്ക് പിടിച്ചാല്‍ ഉണ്ടാകുന്ന സ്വഭാവസവിശേഷത. അവര്‍ക്ക് സംഘടനയായിരിക്കും ഏറ്റവും വലുത്. സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യും. അതില്‍ നീതിയും മാനുഷികതയും ഒന്നും നോക്കുകയില്ല.

ഈ സമരത്തെ പറ്റി എല്ലാവർക്കും അറിയാം. 2013 ഏപ്രിൽ ഒന്ന് മുതൽ സർക്കാർ സർവ്വീസിൽ കയറി പിന്നെ മുപ്പതോ മുപ്പത്തഞ്ചോ വർഷം കഴിഞ്ഞ് പെൻഷൻ വാങ്ങാൻ പോകുന്ന സാങ്കല്പിക ഉദ്യോഗസ്ഥർക്ക് അവർ അപ്പോൾ വാങ്ങാൻ പോകുന്ന പെൻഷനെ പറ്റിയാണു സമരം. ഇമ്മാതിരി ഒരു സമരം മാർക്സിസ്റ്റുകാർ ഉദ്യോഗസ്ഥരായിട്ടുള്ള നാട്ടിൽ മാത്രമേ നടക്കൂ. അത്തരമൊരു ഗതികെട്ട നാടായിപ്പോയി നമ്മുടെ കേരളം.

എന്താണു പങ്കാളിത്ത പെൻഷൻ? വരുന്ന ഏപ്രിൽ മുതൽ സർക്കാർ സർവ്വീസിൽ നിയമനം ലഭിക്കുന്ന  ജീവനക്കാർ വാങ്ങുന്ന ശമ്പളത്തിന്റെ 10% പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കണം. ജീവനക്കാരന്റെ തുകയ്ക്ക് തുല്യമായ അത്രയും തുക സംസ്ഥാന സർക്കാരും നിക്ഷേപിക്കും. എന്നിട്ട് 2044 ലിലോ അതിനു ശേഷമോ ആ ജീവനക്കാരൻ വിരമിക്കുമ്പോൾ പെൻഷൻ ഫണ്ടിൽ നിന്ന് 60% വരെ തുക പിൻവലിക്കാം. ബാക്കി വരുന്ന 40% തുകയിൽ നിന്ന് പെൻഷൻ ലഭിക്കും. ഇതിൽ എവിടെയാണു ആർക്കെങ്കിലും ദ്രോഹമുള്ളത്. ഇനി അഥവാ ഈ വ്യവസ്ഥ തനിക്ക് ദ്രോഹമാണു എന്ന് കരുതുന്നെങ്കിൽ അവൻ സർക്കാർ സർവ്വീസിൽ ചേരണ്ട എന്നല്ലേയുള്ളൂ. എല്ലാവരും എന്താ സർക്കാർ ജോലിക്കാണോ പോകാൻ പോകുന്നത്? എള്ള് ഉണങ്ങിയാൽ എണ്ണ കിട്ടും. അതിന്റെ കൂടെ എലിക്കാഷ്ടം എന്തിനാണു ഉണങ്ങുന്നത്? ഇക്കാര്യത്തിൽ സമരക്കാർക്ക് എലിക്കാഷ്ടത്തിന്റെ റോളാണു ഉള്ളത്.

കേരളത്തിലെ ജനസംഖ്യ മൂന്നേകാൽ കോടി. സർക്കാർ ജീവനക്കാർ വെറും 10 ലക്ഷം. ഈ പത്ത് ലക്ഷം ജീവനക്കാർക്ക് വേണ്ടി റവന്യൂ വരുമാനത്തിന്റെ 80.61 ശതമാനവും ചെലവാക്കുന്നു. ബാക്കി വരുന്ന 3കോടി 15ലക്ഷം പേർക്ക് ചലവാക്കാൻ സർക്കാരിന്റെ ഖജനാവിൽ ബാക്കിയാകുന്നത് റവന്യു വരുമാനത്തിന്റെ 19.39% മാത്രമാണു. സർക്കാർ ജീവനക്കാർക്ക് വേണ്ടി ഗവണ്മേന്റ് ചെലവാക്കുന്ന തുകയുടെ എത്രയോ ഇരട്ടി കൈക്കൂലിയായി ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്നുമുണ്ട്. പല ഉദ്യോഗസ്ഥർക്കും ശമ്പളത്തിന്റെ എത്രയോ ഇരട്ടി കിമ്പളം കിട്ടും. കിമ്പളം കൊടുത്തില്ലെങ്കിൽ പൊതുജനത്തിനു എത്രയോ സേവനങ്ങൾ സർക്കാരാഫീസുകളിൽ നിന്ന് കിട്ടുകയില്ല.

അപ്പോൾ ചോദ്യം ഇതാണു. സംസ്ഥാനത്ത് ഈ പത്ത് ലക്ഷം ജീവനക്കാർ മാത്രം ജീവിച്ചാൽ മതിയോ? ബാക്കി മൂന്നേകാൽ കോടിയുടെ കാര്യമോ? സമരം ചെയ്യുന്ന ഒരോ ഉദ്യോഗസ്ഥന്റെയും മുഖത്ത് കരിഓയിലോ നായക്കുരണയോ ചാണകവെള്ളമോ മറുമരുന്നായി തെളിച്ച് ഓരോ സാധാരണക്കാരനും ചോദിക്കേണ്ട ചോദ്യമാണിത്.

14 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

സുഹൃത്തേ ..., ഒരു ഗവന്മേന്റ്റ് ജോലിക്കാരന് രാഷ്ട്രീയം പാടില്ല , അവനു സൈഡ് ബിസിനസ്‌ പാടില്ല . അവന്‍ ഒരു സിവില്‍ സര്‍വന്റ് ആണ് . ജീവിതകാലം മുഴുവന്‍ അവന്‍ സമൂഹത്തിനു വേണ്ടി ജോലി ചെയ്യുന്നു . അവസാനം അവന്‍റെ ജോലി അവസാനിക്കുമ്പോള്‍ പിന്നീടുള്ള കാലം ജീവിക്കാനുള്ള അവകാശമാണ് പെന്‍ഷന്‍ . ഭരണഘടന പോലും ഇത് സമ്മതിക്കുന്നു . താങ്കള്‍ പറഞ്ഞ പോലെ എല്ലാ ജോലിക്കാരും നാട്ടുകാരെ പിഴിയുന്നവര്‍ ആണോ ? കണ്ണടച്ച് ഇരുട്ടാക്കരുത് . അങ്ങനെയും ഒരു വിഭാഗം ഉണ്ടാവും , അത് ഭരിക്കുന്നവരുടെ പിടിപ്പുകേടാണ് ; അഴിമതി നിര്‍ത്തലാക്കേണ്ടത് അവരാണ് .
താങ്കള്‍ പറഞ്ഞതും , പത്ര മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പറയുന്നതുമായ 80.61% എന്ന കണക്കല്ല സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച വരവ് ചെലവ് കണക്കുകളില്‍ പറയുന്നത് . അത് പ്രകാരം 2005-2010 കാലയളവില്‍ 2000-2005 കാലയളവിനേക്കാള്‍ 6 ശതമാനത്തോളം പെന്‍ഷന്‍ , ശമ്പള ബാധ്യത കുറഞ്ഞു . അതായത് ഈ പറയുന്ന ബാധ്യത (ബാധ്യത ആണെങ്കില്‍!!!) 55 % ന് താഴെയാണ് . സര്‍ക്കാരിന്റെ റവന്യു വരുമാനം വര്‌ഷാ വര്‍ഷം വര്‍ധിക്കുമെന്ന് താങ്കള്‍ക്ക് ഊഹിക്കാമല്ലോ ; അപ്പോള്‍ ഈ ശതമാനം ഇന്നിയും കുറയാനെ തരമുള്ളൂ .
2013 ഏപ്രില്‍ മുതല്‍ ജോലിയില്‍ കയറുന്ന ഒരാളും 2013 മാര്‍ച്ചില്‍ കയറിയ ഒരാളും രണ്ട്തരം ആളുകളായി സര്‍ക്കാര്‍ തന്നെ കണക്കാക്കുന്നു , ഒരു പന്തിയില്‍ രണ്ട് വിളമ്പ് .
ജീവനക്കാരന്റെ വിഹിതമായ 10% സര്‍ക്കാരിന്റെ വിഹിതം 10%.... ഇത് എവിടെയാണ് നിക്ഷേപിക്കുന്നത് , അവിടെയാണ് പ്രശനം . സര്‍ക്കാര്‍ പാസ്സാക്കിയ നിയമപ്രകാരം ICICI , Reliance തുടങ്ങിയ ഒരു പിടി സ്വകാര്യ ബാങ്കുകളില്‍ ആണല്ലോ . ഓഹരി വിപണി ഇവയെ നേരിട്ട് ബാധിക്കുന്നു . ഓഹരി വിപണി തകരില്ലെന്നു ആര്‍ക്കും ഉറപ്പില്ലല്ലോ .... തകര്‍ന്നാല്‍ അടച്ചത് തിരികെ തരുമോ? കാശില്ലാതെ ജീവിക്കാനുള്ള വിദ്യകൂടി ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ പഠിപ്പിക്കുമോ !!!
പങ്കാളിത്ത പെന്‍ഷന്‍ യാഥാര്‍ത്ഥ്യമാണ് പക്ഷെ മിനിമം പെന്‍ഷന്‍ എന്ന അവകാശം വെറും വാക്കില്‍ ഒതുക്കുന്ന സര്‍ക്കാര്‍ നടപടിയോ ?, അത് എന്ത്കൊണ്ട് നിയമമായി മാറ്റുന്നില്ല .....
ഒന്നൂടി ഞാന്‍ ഒരു സര്‍ക്കാര്‍ ജീവക്കരനല്ല ... എന്‍റെ അടുത്ത ബന്ധുക്കളും ഇല്ല (തെറ്റിദ്ധരിക്കരുത് )
വെറും ശിഥിലമായ ചിന്തകള്‍

Sureshan Payyaratta said...

2004 ല്‍ ജോലിയില്‍ ചേരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് പങ്കാളിത്ത പെന്‍ഷന്‍ എന്നത് ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും നടപ്പില്‍ ആക്കി കഴിഞ്ഞു . ഒരു ഉദ്യോഗസ്ഥനും ഇതിന്റെ പേരില്‍ അവിടങ്ങളില്‍ സമരത്തിന്‌ ഇറങ്ങിയിട്ടില്ല. ഇവിടെ സിപിഎം എന്ത് കൊണ്ട് സമരത്തിനു ഇറങ്ങുന്നു എന്ന് എല്ലാവര്ക്കും അറിയാം. അവരുടെ പാര്‍ട്ടി അണികളെ കൂടെ നിര്‍ത്താന്‍ , സമരത്തില്‍ പെട്ട് കേസും ഗുലുമാലും ആയാല്‍ പാര്‍ട്ടി വിട്ടു പോകില്ല എന്ന് അവര്‍ക്ക് അറിയാം. അങ്ങനെ ആണ് കേരളത്തില്‍ നാളിതുവരെ പാര്‍ട്ടി അണികളെ നിലനിര്‍ത്തി പോരുന്നത്. അക്രമ സമരം നടത്തുക , പാര്‍ട്ടിയില്‍ പെടാത്ത സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണം ആക്കുക എന്നതൊക്കെ സിപിഎമ്മിനു വെറും അടവ് നയം മാത്രം. ഇത്തരം സമരങ്ങളെ നേരിടുന്നതില്‍ കോണ്‍ഗ്രെസ്സു പലപ്പോളും തികഞ്ഞ പരാജയം ആകാറുണ്ട് . അത്തരം സമീപനം ആണ് വീണ്ടും വീണ്ടും അനാവശ്യ സമരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഈ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത് . പോലീസ് നടപടി അല്ല ഇപ്പോള്‍ വേണ്ടത്. ഉണ്ടായ നഷ്ടകഷ്ടങ്ങള്‍ക്ക് കണക്കു ഉണ്ടാക്കി തെളിവ് സഹിതം സമരക്കാര്‍ക്കെതിരെ , സിവില്‍ കേസ് ഫയല്‍ ചെയ്യുക. നഷ്ടം നികത്തി കിട്ടാന്‍ ഉള്ള വിധി സമ്പാദിക്കുക.. അങ്ങനെ കിട്ടിയ വിധിയില്‍ കൂടി ഓരോ സമര്‍ക്കര്‍ക്കും എതിരെ ജപ്തി ഉള്‍പ്പടെ ഉള്ള നടപടികലേക്ക് നീങ്ങുക.. അപ്പോള്‍ കാണാം എന്ത് സംഭവിക്കും എന്ന് . സര്‍ക്കാരിനോ പൊതുജനത്തിനൊ നഷ്ടം ഉണ്ടാക്കി ഒരു സമരവും നടത്താന്‍ പിന്നെ അവര്‍ തയ്യാറാവില്ല. ഇതിനു ഫാസ്റ്റ് ട്രാക്ക് കോടതി പോലും തുടങ്ങവുന്നത് ആണ്.

സിപിഎമ്മിന്റെ ഈയിടെയുള്ള സമര പരമ്പരകള്‍ കാണുമ്പോള്‍ തോന്നുന്നത്, ഈ പാര്‍ട്ടി കോണ്‍ഗ്രസുമായി ഒരു രഹസ്യ ഉടമ്പടി ഉണ്ടാക്കിയിടുണ്ട് എന്നാണ് . കേരളത്തിലും കേന്ദ്രത്തിലും ജനപിന്തുണ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്‌ ഇപ്പോഴത്തെ സമരം കൊണ്ട് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് ഏവര്‍ക്കും മനസ്സിലാകും. കേരളത്തില്‍ UDF തകര്‍ന്നു ഭരണം തന്നെ നഷ്ടപെടാന്‍ പോകുന്നു എന്ന അവസ്ഥയില്‍ ഇയിടെ കാര്യങ്ങള്‍ എത്തിയതായിരുന്നു. അതിനിടയില്‍ ആണ് കോണ്‍ഗ്രസ്സ് ഭാരവാഹി പട്ടിക തീരുമാനിച്ചതുമായി ബന്ധപെട്ട അടിപിടികൾ. ഇതൊന്നും കൂടാതെ റെയില്‍വേ യാത്രാകൂലി തൊട്ടു വരാന്‍ പോകുന്ന പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റവും. ജനങ്ങളുടെ ശ്രദ്ധ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് തിരിച്ചു വിടാന്‍ കോണ്‍ഗ്രസ്സ് തീര്‍ച്ചയായും ആഗ്രഹിക്കുന്ന വേളയില്‍ ആണ് , നാമമാത്രമായ ആളുകളെ മാത്രം ഉദ്ദേശിച്ചുള്ള സമര പരമ്പരയും ആയി സിപിഎം രംഗത്ത് വരുന്നത്. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നവും അവഗണിച്ചു ശ്രദ്ധ തിരിച്ചു വിടാന്‍ ഇത്തരം സമരവും ആയി ഇറങ്ങി കോണ്‍ഗ്രസിന്‌ കൈയടി നേടിക്കൊടുക്കാന്‍ സിപിഎം തയ്യറായി എങ്കില്‍ അതിനു പിന്നില്‍ രഹസ്യ ധാരണ തീര്‍ച്ചയായും സംശയിക്കേണ്ടി ഇരിക്കുന്നു. ഏതായാലും ജനങ്ങളെ പറ്റിക്കുന്ന കാര്യത്തില്‍ എല്ലാവരും തുല്യന്മാര്‍ ആണല്ലോ ?

Abdul Rauf said...

ഇത്രയും നാറിയ ഒരു പ്രതിപക്ഷം ലോകത്ത് എവിടേയും കാണാന്‍ കിട്ടില്ല. ഒരു ദിവസം കിടന്നു പോയാല്‍ അന്ന് പട്ടിണി കിടക്കെണ്ടിവരുന്ന ചുമട്ടു തൊഴിലാളികളോട് സമരം വിജയിപ്പിക്കുവാന്‍ രംഗത്ത്‌ ഇറങ്ങുവാന്‍ ആഹ്വാനം ചെയ്ത നേതാക്കന്മാരെ തല്ലാന്‍ ഇവിടെ ആളില്ലെ? ഇത്രയും തൊലിക്കട്ടിയുള്ള ഒരു വര്‍ഗം വേറെ എവിടേയും കാണില്ല.

V B Rajan said...

കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഇത്രമാത്രം വികാസം പ്രാപിച്ച ഇക്കാലത്ത് സര്‍ക്കാര്‍ സം‌വിധാനത്തില്‍ ഇത്രമാത്രം ഉദ്യോഗസ്ഥന്‍മാരുടെ ആവശ്യം ഇല്ല. ഉദ്യോഗസ്ഥരുടെ ആധിക്യം സര്‍ക്കാര്‍ സം‌വിധാനത്തിന്റെ കാര്യക്ഷമത കുറയ്ക്കുവാനും, ചെലവു വര്‍ദ്ധിപ്പിക്കുവാനും, പൊതുജനങ്ങളുടെ പ്രയാസം വര്‍ദ്ധിപ്പിക്കുവാനും മാത്രമേ സഹായിക്കൂ. എത്രയും പെട്ടന്ന് സര്‍ക്കാര്‍ സം‌വിധാനം ഇ ഗവേര്‍ണന്‍സിലേക്ക് മാറി കേരളം മറ്റു സ്റ്റേറ്റുകള്‍ക്ക് മാതൃക കാട്ടണം.

Salim Edakuni said...

ബ്യൂറോക്രസി ഒരിക്കലും അധ്വാനിക്കുന്ന വന്റെയും ചൂഷണം ചെയ്യപ്പെടുന്നവന്റെയും ഭാഗം അല്ല. മറിച്ചു ഒന്നാംതരം ചൂഷകന്മാര്‍ ആണ്. ആ നിലക്ക് അവര്‍ ഒരു ഇസത്തെയും പ്രതിനിധീകരിക്കുന്നില്ല.‍ അധികാര വര്‍ഗ്ഗത്തിന്റെ ദല്ലാളന്മാര്‍ മാത്രം ആണ് ഇത്തരക്കാര്‍ (എല്ലാവരും ഇല്ല) . അതിനാല്‍ തന്നെയാണ് അവര്‍ മന്ത്രിമാരും എം എല്‍ എ മാരും ഒക്കെ അടിച്ച് മാറ്റുന്ന വമ്പന്‍ പെന്‍ഷന്‍ തുകയുമായി തങ്ങളുടെ പെന്ഷനിനെ താരതമ്യം ചെയ്യുന്നത്.

Vijayakumar said...

ഇപ്പോള്‍ സമരം വിജയിച്ചാലും ഇനി ഇടതുപക്ഷം വന്നാല്‍ ആദ്യം ചെയ്യുക പങ്കാളിത പെന്‍ഷന്‍ ആകും....ലോക ബാങ്ക് സമരം കരി ഓയില്‍ വിപ്ലവം ഒക്ക് എത്ര പെട്ടന്ന് മലയാളി മറന്നു ...പങ്കാളിത പെന്‍ഷനില്‍ ജോലി വേണ്ടാത്തവന്‍ സര്‍ക്കാര്‍ ജോലിക്ക് കയറണ്ട.....എല്ലാവരും ആ ജോലി അല്ലല്ലോ ചെയ്യുന്നത് ....ബാങ്ക് കാര്‍ പങ്കാളിത പെന്‍ഷന്‍ വാങ്ങി ഇപ്പോള്‍ ഈ സമരത്തിന്‌ പിന്തുണ കൊടുക്കുന്ന തമാശയും ഇന്നലെ കണ്ടു ...

Sarath said...

പങ്കാളിത്ത പെൻഷനെതിരെ സമരം-നല്ലത്‌.
സമരത്തിൽ പങ്കെടുക്കാതെ ജോലിക്കെത്തിയവരെ അടിച്ചൊടിച്ചു,
ദേഹത്ത്‌ കരി ഓയിൽ ഒഴിച്ചു,
ഓഫിസ്‌ ഉപകരണങ്ങൾ തകർത്തു,
ഗർഭിണിയായ അധ്യാപികയടക്കമുള്ളവരുടെ നേരെ കല്ലെറിഞ്ഞു,
ഓഫീസ്‌ ഫയലുകളിൽ ചാണകവെള്ളം തളിച്ചു.....
ഇതൊക്കെ ചെയാൻ ഈ --- മക്കൾക്ക്‌ ആരാണ്‌ അധികാരം കൊടുത്തത്‌?

Tajudheen said...

ഇതാണ് മാഷേ സാമൂഹ്യ പ്രതിബദ്ധത! അടുത്ത വര്ഷം ജോലി കിട്ടുന്നവര്‍ക്ക് മുപ്പതു വര്ഷം കഴിഞ്ഞു ലഭിക്കുന്ന പെന്ഷനെ പറ്റി പോലും നമ്മുടെ സംഘടനകള്‍ക്ക് വേവലാതിയുണ്ട്. (പക്ഷെ സ്വന്തം അംഗങ്ങള്‍ പൊതുജനത്തില്‍ നിന്നും കൈക്കൂലി വാങ്ങിക്കുന്നത് തടയില്ല. കാറിനും പെട്രോളിനും ഒക്കെ എന്താ വില? നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ എന്താ ഫീസ്‌? സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ലാവിഷായി ജീവിക്കണ്ടേ?)

Shaji Mathew said...

With in a year we can see CPM strike for contributory pension . This CP is a novel idea. This will become the right of a labour like bonus. Every section of labours will going to benefit from this. Now KSRTC employees have government pension, but none of the 99 % transport employees have. In the future labour agreements, we can see contributory pension for these workers also. It takes time commies to digest. They must be people to innovate and lead than be a hindrance to change.

msntekurippukal said...

http://www.doolnews.com/ak-ramesh-about-govt-employees-strike-234.html

ajith said...

സമരാഭാസം

Manoj മനോജ് said...

സമരങ്ങളുടെ പേരിൽ അക്രമം നടത്തുന്നതിനെ ശക്തമായി തന്നെ എതിർക്കണം..

പിന്നെ കോണ്ട്രി-ഷെയർ മാർക്കറ്റ് പെൻഷൻ പദ്ധതി സർക്കാർ ഉദ്യോഗസ്ഥരെ മാത്രമേ ബാധിക്കൂ മറ്റുള്ളവരെ ബാധിക്കില്ല എന്ന് പറയുന്നവർ നെല്ല് ഏത് പതിരു ഏതെന്ന് തിരിച്ചറിയുവാൻ കഴിയാത്തവരാണെന്ന് പറയുന്നതിൽ ക്ഷമിക്കുക... കോണ്ട്രി പെൻഷൻ ഷെയർ മാർക്കറ്റിലിട്ട് കളിച്ച് കാലിയാക്കിയ യൂറോപ്പും അമേരിക്കയും മുന്നിൽ നിൽക്കുന്നു.. അമേരിക്കയിൽ പെൻഷൻ ഓഫീസ് പാപ്പർ ഹർജി ഫയൽ ചെയ്യാതിരിക്കുവാൻ ടാക്സും മറ്റ് നികുതികളും കൂട്ടുന്നത് കാണുവാനുള്ള കണ്ണില്ലാത്തവരാണു ഈ സമരം സാധാരണക്കാരെ ബാധിക്കില്ല എന്ന് പറയുന്നത്... അത്തരക്കാരെ ഓർത്താണു ലജ്ജിക്കേണ്ടത്..

പണ്ട് ഇത് പോലെ സമരം നടത്തിയവർ നേടി തന്ന സൌകര്യങ്ങൾ ആസ്വദിച്ച് ഇപ്പോൾ ഇരുന്ന് സമരത്തെ കുറ്റം പറയുന്ന ജന മനസ്ഥിതിയെ നമിക്കണം.. അന്ന് അവർ സമരം ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന് നിങ്ങൾ അനുഭവിക്കുന്ന സൌകര്യങ്ങൾ ഉണ്ടാകുമായിരുന്നോ എന്ന് ഒന്ന് ചിന്തിച്ച് നോക്കുവാൻ ഇടയ്ക്ക് സമയം കണ്ടെത്തുന്നത് നല്ലതാണു...

ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, പൊതുവിതരണം, ബാങ്കിങ്ങ്, ടെലിക്കോം തുടങ്ങി എല്ലാ മേഖലയിലും നിന്നും സർക്കാർ പിൻ‌വാങ്ങുന്ന കാഴ്ചയ്ക്ക് ഒരു ഉദാഹരണമാണു കോണ്ട്രിബ്യൂട്ടറി പെൻഷൻ. ഇപ്പോൾ അത് നന്ന് എന്ന് കരുതുമെങ്കിലും വരും കാലഘട്ടത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് അമേരിക്ക തന്നെ തെളിവായി മുന്നിൽ നിൽക്കുന്നു. ഇനി പെൻഷൻ ഷെയർ മാർക്കറ്റിൽ ഇട്ട് കൂടുതൽ ലാഭം ഉണ്ടാക്കും എന്ന് ജനങ്ങളെ തെറ്റ്ധരിപ്പിച്ച് സ്വകാര്യ ബിസിനസ്സിനെ പരിപോഷിക്കുവാൻ സർക്കാർ നടത്തുന്ന നീക്കം ഏറ്റവും അപകടം നിറഞ്ഞതാണെന്ന് 2007ലെ സാമ്പത്തിക മാന്ദ്യത്തിനെ തുടർന്ന് അമേരിക്കൻ പെൻഷൻ ഓഫീസുകൾ ലോകത്തിനു കാട്ടി തന്നു. അവിടെ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള ഈ ഓഫീസുകൾ നടത്തിയ ചൂത് കളിയെ തുടർന്ന് പലതും പാപ്പർ ഹർജി ഫയൽ ചെയ്യുവാനുള്ള ചർച്ചകളിലാണു.. എന്തിനും അമേരിക്കയിലേയ്ക്ക് നോക്കുന്ന മന്മോഹൻ സർക്കാർ പക്ഷേ ഇത് പോലെയുള്ള നെഗറ്റീവ് ഫലങ്ങൾ കാണില്ല എന്നത് ഇന്ത്യയുടെ ഗതികേടാണൂ!!!

മറ്റുള്ള സംസ്ഥാനങ്ങളിൽ ഭരണ കൈയ്യൂക്ക് കൊണ്ട് ഇത് നടപ്പിലാക്കിയെന്നു കരുതി കേരളത്തിൽ നടപ്പിലാക്കണം എന്ന് പറയുന്നതിനെ എന്ത് പേരിട്ടാണു വിളിക്കേണ്ടത്?

vettathan said...

ആലുവാ പുഴയില്‍ പാലം കെട്ടുന്നതിനെതിരെ വള്ളക്കാര്‍ നടത്തിയ സമരമാണ് ഓര്മ്മ വരുന്നത്. വണ്ടിക്ക് പുറകില്‍ കുതിരയെ കെട്ടുന്ന പണിയെ സി.പി.എമ്മിന് അറിയൂ

Muralee Mukundan , ബിലാത്തിപട്ടണം said...

കേരളത്തിലെ ജനസംഖ്യ മൂന്നേകാൽ കോടി. സർക്കാർ ജീവനക്കാർ വെറും 10 ലക്ഷം. ഈ പത്ത് ലക്ഷം ജീവനക്കാർക്ക് വേണ്ടി റവന്യൂ വരുമാനത്തിന്റെ 80.61 ശതമാനവും ചെലവാക്കുന്നു. ബാക്കി വരുന്ന 3കോടി 15ലക്ഷം പേർക്ക് ചലവാക്കാൻ സർക്കാരിന്റെ ഖജനാവിൽ ബാക്കിയാകുന്നത് റവന്യു വരുമാനത്തിന്റെ 19.39% മാത്രമാണു. സർക്കാർ ജീവനക്കാർക്ക് വേണ്ടി ഗവണ്മേന്റ് ചെലവാക്കുന്ന തുകയുടെ എത്രയോ ഇരട്ടി കൈക്കൂലിയായി ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്നുമുണ്ട്. പല ഉദ്യോഗസ്ഥർക്കും ശമ്പളത്തിന്റെ എത്രയോ ഇരട്ടി കിമ്പളം കിട്ടും. കിമ്പളം കൊടുത്തില്ലെങ്കിൽ പൊതുജനത്തിനു എത്രയോ സേവനങ്ങൾ സർക്കാരാഫീസുകളിൽ നിന്ന് കിട്ടുകയില്ല.

സത്യം...!