Links

വലത്പക്ഷമാണ് ശരി ..


ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞ കണക്കാണു ഈ പുരോഗമനക്കാരുടെയും മനുഷ്യസ്നേഹികളുടെയും ഇടത്പക്ഷക്കാരുടെയും എല്ലാം ഒരു കാര്യം. അവരൊക്കെ ശുദ്ധന്മാരാണു. മനുഷ്യനു നല്ലത് വരണം എന്നത് കൊണ്ടാണു ഓരോ അഭിപ്രായങ്ങളും പറയുന്നത്. എന്നാൽ അത്തരം പറച്ചിലുകളിൽ പലതും ദുഷ്ടന്റെ ഫലം ചെയ്യുന്നതാണു.  ആ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്കൊണ്ടാണു ഞാൻ വലത്പക്ഷക്കാരനാകുന്നത്.  എനിക്കും ഏറെ ഇഷ്ടം വലത്പക്ഷമാകുന്നതാണു. ഞാൻ പറയുന്നത് ദുഷ്ടത്തരമായി ശുദ്ധന്മാർക്ക് തോന്നിയാലും പ്രായോഗികമായി മനുഷ്യന്റെ നിലനില്പിലാണു എന്റെ ശ്രദ്ധയും ഗൗനവും.

ജന്മിത്വം എന്നത് പിന്തിരിപ്പൻ ആശയമാണു ശുദ്ധന്മാർക്ക്. അവർക്ക് ഭൂപരിഷ്ക്കരണമാണു പുരോഗമനം. അതായത് ഭൂമി എല്ലാവർക്കും വീതിച്ച് നൽകുക. കേരളത്തിൽ നടപ്പാക്കി എന്ന് പറയുന്ന ഭൂപരിഷ്ക്കരണം വളരെ പുരോഗമനമാണു ശുദ്ധന്മാർക്ക്. ഇന്ത്യ മൊത്തം ഭൂപരിഷ്ക്കരണം നടപ്പാക്കാത്തതിൽ, അതായത് ഉള്ള ഭൂമി എല്ലാവർക്കുമായി വീതിച്ചു നൽകാത്തതിൽ ഈ ശുദ്ധന്മാർ ഖിന്നരും അസംതൃപ്തരുമാണു.

എന്നാൽ എന്റെ നിരീക്ഷണത്തിൽ ഇന്ത്യ മൊത്തം ഭൂപരിഷ്ക്കരണം നടപ്പാക്കിയാൽ എന്ത് സംഭവിക്കുമെന്നോ? ഇന്ത്യ ഒരു കേരളമാകും. അതായത്, അവനവനു കിട്ടിയ സ്ഥലത്തിന്റെ നടുക്ക് ഒരു വീടും വെച്ച്  വിശാലമായ മുറ്റവും ഒരുക്കി ബാക്കിയുള്ള സ്ഥലത്ത് അവനു ഇഷ്ടമുള്ളത് നടുകയോ നടാതിരിക്കുകയോ ചെയ്യും. എല്ലാവർക്കും ഭൂമി കിട്ടി, എല്ലാവരും കൃഷി ചെയ്ത് , എല്ലാവർക്കും ആവശ്യമായ ഭക്ഷ്യപദാർത്ഥങ്ങൾ ഉല്പാദിപ്പിക്കപ്പെടും എന്ന് ശുദ്ധന്മാർ സ്വപ്നം കണ്ടാലും അത് അപ്രായോഗികമാണു.

സംഗതി പുരോഗമനക്കാർക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിലും,  നൂറു കണക്കിനു ഏക്കർ കൃഷിസ്ഥലം ജന്മിയുടെ കൈവശം ഇരിക്കുകയും അതിൽ തൊഴിലാളികൾ പണി എടുക്കുകയും ചെയ്യുന്ന സമ്പ്രദായം കേരളത്തിനു പുറത്ത് നിലനിൽക്കുന്നത് കൊണ്ടാണു മലയാളി മൂന്ന് നേരവും ആഹാരം കഴിക്കുന്നത്. പറയുമ്പോൾ ഈ സിസ്റ്റം പിന്തിരിപ്പൻ ആയി തോന്നും. ഭൂപരിഷ്ക്കരണം പുരോഗമനം എന്നും തോന്നും. കാർഷികതൊഴിലാളികളെ വെച്ച് പണി എടുപ്പിച്ച് കൃഷി ചെയ്യുന്ന സമ്പ്രദായത്തിൽ മാത്രമേ എല്ലാവർക്കും ആവശ്യമുള്ള ഭക്ഷ്യപദാർത്ഥങ്ങളുടെ ഉല്പാദനം നടക്കൂ. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ചിന്തിച്ചാൽ ഇത് മനസ്സിലാകേണ്ടതാണു.

ഭൂമി എന്നത് കൃഷി ചെയ്യാൻ മാത്രമുള്ളതാണു. താമസിക്കാൻ വീട് മാത്രം മതി. കേന്ദ്രീകൃതവും വ്യാവസായിക അടിസ്ഥാനത്തിലുള്ളതുമായ കൃഷി സമ്പ്രദായം ഇല്ലാതാക്കി ഭൂമി വീതം വെച്ചാൽ ഭക്ഷ്യക്ഷാമമായിരിക്കും ഫലം. ജന്മിത്വം എന്ന സമ്പ്രദായത്തിൽ, കേന്ദ്രീകൃത കൃഷി നടന്ന് എല്ലാവർക്കും ഭക്ഷണം എന്ന ആവശ്യം നിറവേറപ്പെടുന്നുണ്ട്. അത്പോലെ തന്നെ മൂലധനം ഒരിടത്ത് കേന്ദ്രീകരിക്കുന്നത്കൊണ്ട് മനുഷ്യന്റെ അധ്വാനശക്തി എല്ലാവരുടെയും ആവശ്യങ്ങൾ നിർവ്വഹിക്കപ്പെടാൻ വേണ്ടി പ്രചോദിപ്പിക്കപ്പെടുന്നുണ്ട്. ഭൂമിയും മൂലധനവും വികേന്ദ്രീകരിക്കപ്പെട്ടാൽ സമൂഹം നിലനിൽക്കില്ല. ഇപ്പോൾ നടപ്പിൽ ഉള്ള രീതിയാണു പ്രായോഗികം എന്നാണു എന്റെ വലത്പക്ഷ ബുദ്ധിക്ക് തോന്നുന്നത്.

6 comments:

ഞാന്‍ പുണ്യവാളന്‍ said...

ഹ ഹ ഹ ഹ ഹ എന്താ കഥ .....കൂള്‍
പുതുവല്‍സര ആശംസകളോടെ സ്വന്തം പുണ്യവാളന്‍

@ njaan punyavaalan

ഷാജു അത്താണിക്കല്‍ said...

എഴുത്തിൽ വലിയ ജീവിക്കാനുള്ള ഒരു സമരവിളിയാണ്.
പ്രത്യേഗ രാഷ്ട്രീയം പറഞ്ഞെങ്കിലും രാഷ്ട്രബോധം മറച്ചു വെക്കുന്നുമില്ല..........

ആശംസകൾ

സുശീല്‍ കുമാര്‍ said...

സ്വാതന്ത്ര്യമനുഭവിക്കുന്നവന് അടിമയുടെ വ്യഥകൾ മനസ്സിലാകണമെന്നില്ല. ഒരു ജന്മിയുടെ കീഴിൽ കുടിയാനായി പുലരന്തിയോളം ജോലിചെയ്യുന്നവന് ഇത്തരം ചിന്തകൾ പങ്കുവെക്കാൻ ഇന്റർനെറ്റും കമ്പ്യൂട്ടറും കാണില്ലല്ലോ? നമുക്ക് ചോറുവെക്കാൻ അരിയുണ്ടാക്കാൻ മറ്റവൻ എന്നും നരകിക്കട്ടെ. നമുക്ക് കുശാലായാൽ മതിയല്ലോ?

ajith said...

ഞാന്‍ സമദൂരമാണ്

Saha said...

ആദ്യമായി, സുകുമാരൻ മാഷിനു പുതുവത്സരാശംസകൾ!
പക്ഷം ഏതുമാകട്ടെ, താങ്കൾ പറഞ്ഞത് ചില പച്ചയായ വസ്തുതകൾ തന്നെ.

അനിവാര്യത പലതിനും വഴിമരുന്നിടും, മാഷേ.
കാര്യങ്ങൾ ശരിയാണെങ്കിലും കേരളത്തിൽ ചില അനിവാര്യതകൾ ഉരുത്തിരിഞ്ഞുവരുന്നുണ്ട്.
ഇപ്പോൾ, ഫ്ലാറ്റ് സംസ്കാരം മധ്യവർഗത്തിന്റേതായിട്ടാണ് കാണുന്നത്.
അധികം വൈകാതെ, ജനകീയകൂട്ടായ്മയിലൊക്കെ ഫ്ലാറ്റുകൾ ഉണ്ടായേ മതിയാകൂ.
അത്, ഒരല്പം നേരത്തേ നടന്നാൽ, നമുക്കു കൃഷിഭൂമിയോ (ഹൈ-ടെക് ഫാമിങ്ങും, വിപണനവും കൂടെ വ്യാപകമാക്കിയാൽ നല്ലതുതന്നെ)വിശാലമായ മറ്റിടങ്ങളോ ഒക്കെ കുറെക്കാലത്തേയ്ക്കുകൂടി ഉണ്ടാകും.
(സിംഗപ്പൂരിലും മറ്റും സർക്കാർ അഴിമതിരഹിതമായി ഫ്ലാറ്റുബിസിനസ് നടത്തുന്നത് അവിടത്തുകാർക്ക് വലിയൊരു ആശ്വാസമാണ്. ജനസാന്ദ്രത കൂടിയിട്ടും വിശാലമായ ഇടങ്ങൾ അവർ പരിരക്ഷിച്ചത്, ഭൂമിക്കു താഴേയ്ക്കും മുകളിലേയ്ക്കും പലതും പണിഞ്ഞാണ്)
അതുനടന്നില്ലെങ്കിൽ വരാൻപോകുന്ന അനിവാര്യത, അന്യന്റെ വീടിനുമുകളിൽ നിലകൾ കെട്ടുന്ന ബിസിനസ്സാകും.
നമ്മുടെ സഹകരണമേഖല കുട്ടിച്ചോറാക്കിയില്ലായിരുന്നെങ്കിൽ, കോ-ഓപ്പറേറ്റിവ് മേഖലയിൽ ഇന്നുള്ളതിന്റെ പത്തിലൊന്നുവിലയിൽ സാധാരണക്കാരനു ഫ്ലാറ്റുകൾ കിട്ടിയേനെ.
Value and Budget Housing Corporation (VBHC), ടാറ്റാ ഹൌസിങ് ഇവരൊക്കെ ഈ മേഖലയിൽ പ്രതീക്ഷയുണർത്തുന്നവരാണ്.
ഇവരുടെ മാതൃകയിൽ, ചെറുകിട-സഹകരണ മേഖലകളിൽ വിലകുറഞ്ഞ പാർപ്പിടസമുച്ചയങ്ങൾ തന്നെയാകും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്ക് ഭാവിയിൽ ആശ്രയം.
അല്ലെങ്കിൽ, ചേരിസമാനമായ അവസ്ഥ എമ്പാടുമുണ്ടാവും.

Manoj മനോജ് said...

കേരളത്തിൽ വലതന്മാർ ടോർപ്പിടോ വെച്ചത് കൊണ്ടാണു ഭൂപരിഷ്കരണം ഇത് പോലെ എങ്ങുമെത്താതെ പോയത്... ബംഗാളിൽ എന്താണു നടന്നത് എന്ന് ഒന്ന് നോക്കുന്നത് നല്ലതാണു...