പുകയുല്പാദിപ്പിക്കുന്ന അടുപ്പുകള്‍ ..

ങ്ങളുടെ നാട്ടില്‍ ഇപ്പോള്‍ ഒരു തരം അടുപ്പുകള്‍ പ്രചരിച്ചു വരുന്നുണ്ട്. പുകയില്ലാത്ത അടുപ്പുകള്‍ എന്ന പേരില്‍ നിര്‍മ്മിക്കപ്പെടുന്ന പുക സമൃദ്ധമായി ഉല്പാദിപ്പിക്കുന്ന അടുപ്പുകളാണ് അവ. ഏത് വീട്ടില്‍ നോക്കിയാലും ഇമ്മാതിരി പുകയടുപ്പുകള്‍ കാണാം. കത്തിക്കാന്‍ തുടങ്ങിയാല്‍ അവരുടെ അടുക്കളയിലും , പുകക്കുഴലിലൂടെ പുറത്തേക്ക് വമിക്കുന്നതുമായി ധാരാളം പുക കാണാം. പുകയില്ലാത്ത അടുപ്പുകള്‍ എന്ന പേര് പറഞ്ഞ് ഇത്തരം അടുപ്പുകള്‍ ഉണ്ടാക്കിക്കൊടുക്കുന്നത് ചില അടുപ്പ് കമ്പനിക്കാരാണ്.  എളുപ്പത്തിന് വേണ്ടിയാണ് അവര്‍ അപ്രകാരം ചെയ്യുന്നത്. എന്നാല്‍ വീട്ടുകാരെ സംബന്ധിച്ച് ഇത് വലിയൊരു ചതിയാണ്.

പല വീടുകളിലും നല്ല ചിമ്മിണിയും പരമ്പരാഗതമായി പെരുതേരി (Mason) നിര്‍മ്മിച്ച അടുപ്പും നിലനില്‍ക്കെയാണ് ഈ അടുപ്പ് സ്ഥാപിക്കുന്നത്. ഇതിന് വേണ്ടി പഴയ അടുപ്പ് പൊളിക്കുകയും പുതിയത് സ്ഥാപിക്കുകയും ചെയ്യുന്നു. ചിമ്മിണി ഉപയോഗശൂന്യമായി നില്‍ക്കുകയും അതിന്റെ ഓരം ചേര്‍ന്ന് പുതിയ അടുപ്പിന്റെ പുകക്കുഴല്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. ശരിയായ രീതിയില്‍ പുകയില്ല്ലാത്ത അടുപ്പ് തന്നെയാണ് ഇങ്ങനെ നിര്‍മ്മിക്കുന്നതെങ്കില്‍ വളരെ നല്ലത് തന്നെ. എന്നാല്‍ വീട്ടുടമയുടെ അജ്ഞത മുതലെടുത്ത് തെറ്റായ രീതിയിലുള്ള അടുപ്പാണ് നിര്‍മ്മിച്ചുകിട്ടുന്നതെങ്കില്‍ അത് വല്ലാത്ത പൊല്ലാപ്പാണ്. അടുക്കളയിലും പരിസരത്തും സദാ പുകയായിരിക്കും. ഇങ്ങനെ കഷ്ടപ്പെടുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും സംഗതി പിടി കിട്ടിയിട്ടില്ല.  ചുരുക്കം വീടുകളില്‍ ശരിയായ അടുപ്പ് , പുക അശേഷം ഇല്ലാത്തത് ഉണ്ടാക്കികിട്ടിയവരും ഉണ്ട്.  എന്റെ അഞ്ചരക്കണ്ടിയിലെ വീട്ടില്‍ അപ്രകാരമുള്ള പുകയില്ലാത്ത അടുപ്പാണ് ഉള്ളത്. എന്നാല്‍ മകളുടെ പുതിയ വീട്ടില്‍ ഇപ്പറഞ്ഞ പുക ഉല്പാദിപ്പിക്കുന്ന അടുപ്പാണുള്ളത്.  അത്കൊണ്ട് മകളുടെ വീട്ടില്‍ ഇപ്പോള്‍ ഗ്യാസ് ആണ് പാചകത്തിന് ഉപയോഗിക്കുന്നത്.  ചിമ്മിണിയും പുകയടുപ്പും ചുമ്മാ കിടക്കുന്നു.

എന്താണ് ഈ അടുപ്പുകള്‍ തമ്മിലുള്ള വ്യത്യാസം എന്ന് മനസ്സിലാക്കുന്നതിന് മുന്‍പ് എന്ത്കൊണ്ടാണ് പുക ഉണ്ടാകുന്നത് എന്ന് നോക്കാം.  പുക എന്നാല്‍ കത്തിത്തീരാ‍ത്ത വിറകാണെന്ന്  ഒറ്റ വാക്കില്‍ പറയാം.  ഏത് ഇന്ധനവും കത്തുക എന്ന് പറഞ്ഞാല്‍  അന്തരീക്ഷത്തിലെ ഓക്സിജനും ആ ഇന്ധനത്തിലെ കാര്‍ബണും യോജിക്കുക എന്നാണ് അര്‍ത്ഥം. അങ്ങനെ യോജിക്കുമ്പോള്‍ താപോര്‍ജ്ജവും കാര്‍ബണ്‍ ഡൈയോക്സൈഡും ഉണ്ടാകുന്നു. കാര്‍ബണ്‍ ഡൈയോക്സൈഡ് എന്ന വാതകത്തിന് നിറമില്ല. അത്കൊണ്ടാണ് പൂര്‍ണ്ണമായി ഇന്ധനം കത്തുമ്പോള്‍ പുക ഇല്ലാത്തത്. എന്നാല്‍ ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ വരുമ്പോഴോ മറ്റ് കാരണങ്ങളാ‍ലോ ഇന്ധനം മുഴുവനും കത്താതിരിക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് ഉണ്ടാകുന്നു. അതാണ് പുക. പുക ഉണ്ടാവുമ്പോള്‍ നമുക്ക് ഇന്ധനനഷ്ടം ഉണ്ടാകുന്നു.

നമ്മള്‍ അടുപ്പില്‍ കത്തിക്കുന്ന വിറകിന് ഇഷ്ടാനുസരണം ഓക്സിജന്‍ ലഭ്യമാക്കിയാല്‍ പൂര്‍ണ്ണമായി കത്തുകയും പുക തീരെ ഇല്ലാതിരിക്കുകയും ചെയ്യും. വിറക് കുറച്ച് ഉപയോഗിച്ചാല്‍ മതിയാവുകയും ചെയ്യും.  കേരളത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്താണ് ഈ ആശയം മുന്നോട്ട് വെച്ചതും പുകയില്ലാത്ത അടുപ്പ് രൂപകല്പന ചെയ്തതും.  ഇമ്മാതിരി അടുപ്പുകള്‍ അക്കാലത്ത് എത്രയോ പേര്‍ക്ക് ഉപകാരപ്രദവും അനുഗ്രഹവുമായിട്ടുണ്ട്.  ക്രമേണ പരിഷത്ത് ജനങ്ങളില്‍ നിന്ന് അകലുകയും ഇപ്പോള്‍ തീരെ നിഷ്ക്രിയമാവുകയും ചെയ്തല്ലൊ.  എനിക്ക് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്ന ഒരു സംഘടനയായിരുന്നു പരിഷത്ത് എന്ന് നഷ്ടബോധത്തോടെ ഇവിടെ സ്മരിക്കട്ടെ.

Smokeless oven -1പിന്നീട് , പരിഷത്തിന്റെ അടുപ്പിന് മോടി കൂട്ടി ചില ചെറുകിട കമ്പനികള്‍ രംഗത്ത് വന്നു.  അത് നന്നായിരുന്നു താനും. കാണാനും നല്ല ചന്തം. പരിഷത്തിന്റെ സയന്‍സ് പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിട്ടാണ് അവര്‍ അടുപ്പ് ആധുനിക രൂ‍പത്തില്‍ നിര്‍മ്മിച്ച് ,  വീടുകളില്‍ സ്ഥാ‍പിച്ചുകൊടുത്തിരുന്നത്.  ഇക്കാണുന്നതാണ് ആ അടുപ്പ്. (ഫോട്ടോ ക്ലിക്ക് ചെയ്ത് വലിപ്പത്തില്‍ കാണുക) അടുപ്പില്‍ വിറക് വെക്കാന്‍ മേലെ ദ്വാരമുള്ളത് പോലെ , ഇഷ്ടം പോലെ ഓക്സിജന്‍ അടുപ്പില്‍ പ്രവേശിക്കാന്‍ താഴെയും ദ്വാരം ഉണ്ട് എന്നതാണ് ഈ അടുപ്പിന്റെ പ്രത്യേകതയും സയന്‍സും.  കത്തിത്തുടങ്ങിയാല്‍ പിന്നെ ഊതേണ്ടതായ ആവശ്യമില്ല. വിറക് തീരുന്നത് വരെ കത്തികൊണ്ടേയിരിക്കും. രണ്ട് ചീള് നേരിയ വിറക് മതി.  പുക തീരെ ഉണ്ടാവില്ല. താഴെയുള്ള ദ്വാരത്തിലൂടെ ഓക്സിജന്‍ ധാരാളമായി അടുപ്പില്‍ എത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അത്കൊണ്ട് പുകയില്ലാത്ത അടുപ്പ് നിങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ ഈ ഫോട്ടോയില്‍ ഉള്ളത് പോലെ അടുപ്പില്‍ വായു കടക്കാനുള്ള ദ്വാരം കൂടി ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം.

xxxxxxxxxx

അടുപ്പിന്റെ മുകള്‍ ഭാഗം ശ്രദ്ധിക്കുക. താഴെയുള്ള ദ്വാരത്തില്‍ നിന്നും ഓക്സിജന്‍ അടുപ്പില്‍ കടക്കാനും , വിറക് കത്തിത്തീരുമ്പോള്‍ ഉണ്ടാകുന്ന അല്പമാത്രമായ വെണ്ണീര് താഴെ വീഴാനുമുള്ള കവാടം കണ്ടോ. ഇങ്ങനെയാണ് പുകയില്ലാത്ത അടുപ്പ് നിര്‍മ്മിക്കേണ്ടത്. എന്നാല്‍ ഇക്കാര്യം പലര്‍ക്കും അറിയില്ല. ഫലമോ ,  നിര്‍മ്മാതാക്കള്‍ വന്ന് പുക ധാരാളമുണ്ടാക്കുന്ന അടുപ്പും നിര്‍മ്മിച്ച് കാശും വാങ്ങി പോകുന്നു. അടുക്കളയില്‍ പണിയെടുക്കുന്ന വീട്ടമ്മമാര്‍ കഷ്ടപ്പെടുകയും ചെയ്യുന്നു. ഇക്കാര്യം അടുപ്പ് പണിയുന്നവര്‍ക്ക് അറിയാ‍ത്തതല്ല.  എങ്ങനെയും പറ്റിച്ച് പണമുണ്ടാക്കുക എന്നതാ‍ണ് ഇപ്പോള്‍ നാട്ടുനടപ്പ്. ആര്‍ക്കും ആരോടും ഒന്നിനോടും ആത്മാര്‍ത്ഥതയില്ല. ചെയ്യുന്ന തൊഴിലില്‍ നീതി പുലര്‍ത്തണമെന്നോ , അതിനോട് കൂറ് വേണമെന്നോ ആര്‍ക്കുമില്ല.  ചുരുക്കം ചിലര്‍ക്ക് ഉണ്ടാവാം. അതല്ലല്ലൊ കാര്യം.

aduppu-1ഇതാണ് പുക ഉല്പാദിപ്പിക്കുന്ന ആ സാധനം. ഇമ്മാതിരി അടുപ്പുകളില്‍ നിന്ന്  യഥേഷ്ടം പുക ഉയരുമെന്ന് മേലെ വായിച്ച ആര്‍ക്കും മനസ്സിലാകുമല്ലൊ.  ഇത്തരത്തിലുള്ള തട്ടിപ്പ് അടുപ്പുകളാണ് ഇപ്പോള്‍ നാട്ടില്‍ സര്‍വ്വത്ര പണിഞ്ഞുകൊടുക്കപ്പെടുന്നത്. അടുപ്പ് ശ്രദ്ധിക്കുക. മേലെ പാത്രവും , താഴെയുള്ള ദ്വാരത്തില്‍ വിറകും വെച്ചാല്‍ ഓക്സിജന്‍ എങ്ങനെയാണ് അടുപ്പില്‍ കടക്കുക? ഇതിനേക്കാളും എത്രയോ ഭേദമാണ് നമ്മുടെ പഴയ അടുപ്പുകള്‍ .  അതിന് മൂന്ന് ഭാഗത്ത് വിടവുണ്ടാകുമല്ലൊ. ഒന്നില്‍ വിറക് കയറ്റി വെച്ചാലും ഓക്സിജന്‍ കടക്കാന്‍ പിന്നെയും രണ്ട് കണ്ണ് ബാക്കിയുണ്ട്. ഈ അടുപ്പ് എളുപ്പത്തില്‍ ഉണ്ടാക്കാം.  ആദ്യം പറഞ്ഞ അടുപ്പിനാവശ്യമായ സാമഗ്രികളും വേണ്ട.

aduppu-2

മേല്‍ ഭാഗം കണ്ടില്ലേ, ഓക്സിജന്‍ കടക്കാനും ചാരം വീഴാനും ഒന്നും ഇല്ല.  അഞ്ചരക്കണ്ടിയിലായാലും മകളുടെ വീട്ടിലായാലും ഉമ്മറത്ത് ഇരിക്കുമ്പോള്‍ അയല്‍പ്പക്കത്തെ വീടുകളില്‍ നിന്ന് ഉയരുന്ന കട്ട പിടിച്ച പുക കുറെയായി കാണുന്നത്കൊണ്ടാണ് ഇങ്ങനെയൊരു ലേഖനം എഴുതിയത്. ആരെങ്കിലും പുകയില്ലാത്ത അടുപ്പ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ,  അവര്‍ക്ക് ഈ പോസ്റ്റ് ഉപകാരപ്രദമായെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനാ‍യി.

30 comments:

ഇ.എ.സജിം തട്ടത്തുമല said...

അപ്പോൾ പുകയില്ലാത്ത അടുപ്പും പുകയും അല്ലേ? ഇവിടെ നമ്മുടെ വീടുകളിലൊന്നും പുകയില്ലാത്ത അടുപ്പുകളൊന്നും പണ്ടും സ്ഥാപിച്ചിരുന്നില്ല. മുമ്പ് ചിലരൊക്കെ പരിഷത്തടുപ്പുകൾ വച്ചിരുന്നു. ഇപ്പോൾ പിന്നെ ഗ്യാസ് വന്നതോടെ മറ്റെല്ലാത്തരം അടുപ്പുകളും ഉറക്കമായി. കല്ലടുപ്പ് കത്തിക്കാൻ പണ്ടത്തെ പോലെ വിറകും കിട്ടാനില്ലല്ലോ!

പിന്നെ നമ്മുടെ പരിഷത്തിന്റെ കാര്യം. അത് ജനങ്ങളിൽനിന്നകലാൻ പല കാരണങ്ങൾ ഉണ്ട്. അത് കൊണ്ടു നടക്കുന്ന മിഡിൽ ക്ലാസ്സ്- ബുദ്ധിജീവി ജാഡക്കാർ അവർക്ക് ഷൈൻ ചെയ്യാനുള്ള ഒരു ഉപാധിയാക്കി അതിനെ മാറ്റി. ഒരു വൈറ്റ് കോളേഴ്സ് കൂട്ടായ്മ! അവരിൽ ചിലർക്ക് “ബുദ്ധിജീവിപരമായ” ചില ദൌദ്യോഗിക അധികാരങ്ങൾ കൂടി ലഭിച്ചുതുടങ്ങിയതോടെ അവർ ജനങ്ങളുടെ വെട്ടത്ത് വരാതായി. മുഖത്താകട്ടെ “ബുദ്ധിഭാരം“ കൊണ്ട് വല്ലാത്ത മസിലും!

ആദ്യകാലത്ത് സി.പി.എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പരിഷത്തിന് എല്ലാവിധ പ്രോത്സാഹനങ്ങളും പരിരക്ഷയും നൽകി.പരിഷത്തിന്റെ പല പ്രവർത്തനങ്ങൾക്കും കോൺഗ്രസ്സുകാരുൾപ്പെടെ ഇടതുപക്ഷക്കാരല്ലാത്തവരും സഹായസഹകരണങ്ങൾ നൽകി.എന്നാൽ പിന്നെപ്പിന്നെ പരിഷത്തിനെ കൊണ്ടു നടക്കുന്നവർക്ക് എല്ലാ രാഷ്ട്രീയക്കാരോടും പുച്ഛമായി.

പുറമേയ്ക്ക് ഇടതുചായ്‌വും ഉള്ളിൽ അരാഷ്ട്രീയതയും പേറുന്ന ചില എൻ.ജി.ഓ മാരാണ് മിക്കയിടത്തും പരിഷത്ത് കൊണ്ടു നടക്കുന്നത്. അവർക്കകട്ടെ സാധാരണ ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. പരിഷത്ത് ഇപ്പോഴും ചില നല്ല കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടാകുമെങ്കിലും മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളെയൊക്കെ നിരാകരിച്ചും അവയെ അവമതിച്ചും കൊണ്ട് ഇത്തരം സംഘടനകൾക്കൊന്നും ദീർഘകാലം നിലനിൽക്കാനാകില്ല. പല പ്രധാനപ്പെട്ട സാമൂഹ്യപ്രശ്നങ്ങളോടും നിസംഗഭാവം പുലർത്തുന്നത് പരിഷത്തിനെ നിഷ്പ്രഭമാക്കുകയായിരുന്നു.

സംശയിക്കേണ്ട. ഞാനും മുമ്പ് നല്ലൊരു പരിഷത്ത് പ്രവർത്തകനായിരുന്നു. പരിഷത്തിന്റെ ശക്തിദുർഗ്ഗമായിരുന്ന നമ്മുടെ തട്ടത്തുമലയിൽ ഇപ്പോൾ എത്രയോ കാലമായി ഒരു യൂണിറ്റുപോലുമില്ല. ഇപ്പോഴും ചില എൻ.ജി.ഓമാരും മറ്റും പരിഷത്തിന്റെ നാമമാത്ര പ്രവർത്തനങ്ങളുമായി നടക്കുന്നുണ്ട്. വർഷം തോറും ഓരോ തെരുവ് നാടകവും, സ്കൂളുകളിൽ ഓരോ വിജ്ഞാനോത്സവവും നടത്തി ചില ശാസ്ത്രപ്രസിദ്ധീകരണങ്ങളുടെ ചില്ലറ കോപ്പികളുടിച്ചിറക്കി സാന്നിദ്ധ്യമറിയിക്കുന്നുവെന്നുമാത്രം!

പിന്നെ ഇതിന്റെ ബുദ്ധിഭാരം പേറുന്ന ചില നേതാക്കന്മാർ ഇടതുപക്ഷം ഭരിക്കുമ്പോൾ ഭരണതലപ്പത്ത് പാത്തും പതുങ്ങിയും ചെന്ന് ചില ദുരുപദേശങ്ങൾ നൽകി ഒരു വഴിക്കാക്കുകയും ചെയ്യും. പരിഷത്തുകാരെ കൊണ്ടു നടന്നാണല്ലോ അല്പം അറിവും നിറവുമൊക്കെയുള്ള നല്ലൊരു രാഷ്ട്രീയ നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന നമ്മുടെ എം.എ.ബേബി സഖാവിന് ഇക്കണ്ട പേരുദോഷമൊക്കെ അദ്ദേഹത്തിന്റെ മന്ത്രികാല ജീവിതത്തിൽ കേൾക്കേണ്ടിവന്നത്!

Lx* said...

പുകയില്ലാത്ത് ‘അടുപ്പു വിശേഷം’ വായിച്ചു. ഞാനും ആദ്യം ഉണ്ടാക്കിച്ചതു “പരിഷത്തു അടുപ്പു” തന്നെ ആയിരുന്നു. വളരെ ചെറിയ പൈസയേ അന്നു അതിനു വേണ്ടി വന്നിരുന്നുള്ളൂ എന്നതിനു പുറമെ, അതു വിശേഷപ്പെട്ട ഒരു ‘ടെക്നോളജി” ആണെന്നു ബോദ്ധ്യപ്പെടുകയും ചെയ്തു.

കാലാന്തരത്തിൽ, ആ അടുപ്പിനു സ്വാഭാവിക കേടുപാടുകൾവന്നതിനു ശേഷം പിന്നെ എന്തുകൊണ്ടൊ അതു നന്നാക്കാൻ പറ്റിയ ‘പരിഷത്തുകാരെ’ കിട്ടിയില്ല. അപ്പോഴേക്കും നാടുനീളേ അതെപോലെയുള്ള “പരിഷത്തു അടുപ്പു“ നിറ്മ്മാണ ‘കമ്പനികൾ’ ഉദയം ചെയ്തിരുന്നു. അവരിൽ ഒരു കൂട്ടരെ സമീപിച്ചു ഞാനും ആദ്യത്തേതു പോളിച്ചു നീക്കി പുതിയ സ്റ്റയിലിലു വേറൊന്നുണ്ടാക്കിച്ചു. നന്നായ ‘ലൂക്കും’ കര്യക്ഷമതയും. ശ്രി സുകുമാറ്ജി പറഞ്ഞതു പ്പോലെയുള്ള കുഴപ്പമൊന്നും കണ്ടില്ല; പക്ഷെ, കുറച്ചു അധികം വിറകു വേണ്ടിവരുന്നു എന്നു മാത്രം! അതു ഞങ്ങളത്ര പ്രശ്നമായി കണ്ടില്ല. കാരണം വളപ്പിൽഇഷ്ടം പൊലെ വിറകു കിടപ്പുണ്ടു. പോയി കൊത്തിപ്പെറുക്കി എടുക്കണമെന്നു മാത്രം.

പക്ഷെ, ക്രമേണ “ഗ്യാസു“ ഗ്രമങ്ങളിലും കോണ്ടുവന്നു ഇറക്കിത്തരാറായപ്പോൾപ്പിന്നെ വിറകിന്റെ ആവശ്യവും ഇല്ലാതയി. ഇപ്പോൾ ഗ്യാസു നിരന്തരം ഉപയോഗിക്കുന്നു. പക്ഷെ, ദൌറ്ഭാഗ്യമെന്നു പറ്യട്ടെ, അതിന്റെ വില ഇപ്പോൾ ‘ബാണം’ പോലെയല്ല, “റൊക്കറ്റു” പോലെയാണു ദിനേന ഉയറ്ന്നുകൊണ്ടേ ഇരിക്കുന്നതു!

ശ്രീ സുകുമാറ്ജി, കണ്മുന്നിലുള്ള തീപോലെ പൊള്ളുന്ന ഈ പ്രശ്നം കാണതെ, അടുപ്പു നിറ്മ്മാണത്തില വൈകല്യം/പിഴവു മത്രം ചൂണ്ടി കാണിച്ച്തു, ശരിയായില്ല എന്നല്ല, അതുകൂടി കാണേണ്ടിയിരുന്നു ഇങ്ങനെ ഒരു ലേഖനം എഴുത്തുമ്പോൾ എന്നു തോന്നി പോവുകയാണു!

Lx*
kvlxman@yahoo.com

Anonymous said...

സജീം പറഞ്ഞത് കറക്റ്റ്

എം എ ബേബിയുടെ പേര്‍സണല്‍ സ്റ്റാഫില്‍ കുറെ പഴയ പരിഷത് കാര്‍ ഉണ്ടായിരുന്നു തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല

ഒരു ഫയല്‍ കിട്ടിയാല്‍ എന്ത് എന്ന് പോലും വായിച്ചു നോക്കാന്‍ അറിയാതെ അതിനു മുകളില്‍ അടയിരി

ക്കും പാര്‍ട്ടിക്കാര്‍ക്ക് പോലും മന്ത്രിയെ കാണാന്‍ പറ്റില്ല

ഓ എം ശങ്കരന്‍ ഒക്കെ ആണ് മന്ത്രിയുടെ പല മണ്ടതരത്തിന്റെയും പിന്നില്‍

ഇതേ പരിഷത്ത് കാരാണ് ഇന്ന് സീ ബീ എസ് സി ഇത്ര പെരുകാന്‍ കാരണക്കരായതും

പുതിയ ടെക്സ്റ്റ് ബുക്കുകളില്‍ വിവാദം ഉണ്ടാക്കുന്നതും ഒക്കെ ഈ പരിഷത് കാര്‍ ആണ്

ക്രിസ്ത്യാനികളെ എല്‍ ഡീ എഫില്‍ നിന്നും പിന്തിരിപ്പിച്ച പല കാരണങ്ങളില്‍ ഒന്ന് ഈ ടെക്സ്റ്റു കളിലെ വിവാദ പരാമര്‍ശങ്ങള്‍ ആയിരുന്നല്ലോ

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

Sushil (ഈ പേര് മലയാളത്തിലാക്കാമോ) പറഞ്ഞത് പോലെ സജിം പറഞ്ഞതിനോട് ഞാനും യോജിക്കുന്നു ചില്ലറ വ്യത്യാസത്തോടെ. ഒരു സി.പി.എം. അനുഭാവിയുടെ പക്ഷത്ത് നിന്നാണ് സജിം പരിഷത്തിനെ വിമര്‍ശിച്ചത്. എനിക്കാണെങ്കില്‍ പരിഷത്ത് ക്രമേണ സി.പി.എമ്മിന്റെ വാലായി മാറി എന്നായിരുന്നു ആക്ഷേപം. എന്നെ പോലെ എത്രയോ പേര്‍ പരിഷത്തില്‍ നിന്ന് അകലാന്‍ അതായിരുന്നു കാരണം. സി.പി.എമ്മില്‍ പദവിയും മൈക്കും കിട്ടാത്തവര്‍ പരിഷത്തിനെ പോക്കറ്റിലാക്കി. പിന്നെപ്പിന്നെ സി.പി.എമ്മിനെയും കടത്തി വെട്ടി പരിഷത്ത് രാഷ്ട്രീയധര്‍ണ്ണകള്‍ പോലും നടത്തി. സി.പി.എമ്മിനാണെങ്കില്‍ അവരുടെ വര്‍ഗ്ഗസംഘടനകള്‍ ധാരാളം. ഏത് വര്‍ഗ്ഗസംഘടനയിലും സെക്രട്ടരി പാര്‍ട്ടി മെമ്പര്‍ ആകണം എന്ന് അവര്‍ക്ക് അലിഖിതനിയമമുണ്ട്. പാര്‍ട്ടിക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ അവരുടെ വരുതിയില്‍ അല്ലാത്ത ഒരു സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇതൊക്കെ ഗൂഢമായി പ്രാവര്‍ത്തികമാക്കാന്‍ അവരുടേതായ അടവുകളും ശൈലിയുമുണ്ട്. അതെല്ലാം കൂടി അവസാനം പരിഷത്ത് ഒരു വഴിക്കായി എന്ന് പറഞ്ഞാല്‍ മതിയല്ലൊ.

ആദ്യകാലത്ത് എന്റെ നാട്ടില്‍ എല്ലാ രാഷ്ട്രീയക്കാരും രാഷ്ട്രീയമില്ലാത്തവരും ഒക്കെ പരിഷത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. വളരെ ഊര്‍ജ്ജസ്വലമായിരുന്നു പ്രവര്‍ത്തനം. പിന്നീട് പരിഷത്ത് ധര്‍ണ്ണയിരിക്കാന്‍ പോയപ്പോള്‍ പലരും അകന്നു പോയി. കേരളത്തിലെ വിദ്യാഭ്യാസരംഗം ഇന്നത്തെ നിലയില്‍ അലങ്കോലമാകാന്‍ കാരണം പരിഷത്ത് ബുജികള്‍ വിദ്യാഭ്യാസ വകുപ്പില്‍ മേല്‍ക്കൈ നേടിയതിന് ശേഷം തന്നെയാണ്. ഡിപി‌ഇപി ആണ് അതിന്റെ തുടക്കം.

എന്തായാലും മാറി വന്ന സര്‍ക്കാര്‍ ശരിയായ ട്രാക്കിലേക്ക് സംഗതികള്‍ എത്തിക്കും എന്ന് പ്രത്യാശിക്കുന്നു. സജിമിനും എനിക്കുമിടയില്‍ കാഴ്ചപ്പാടിന്റെ വ്യത്യാസം ഉണ്ടെന്ന് ഞങ്ങള്‍ പരസ്പരം അംഗീകരിച്ചതാണ് . Sushil ഉം ഞാനുമാണെങ്കില്‍ വളരെ അഭിപ്രായൈക്യമുള്ളവരുമാണ്.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

Lx* എന്ന ലക്ഷ്മണേട്ടന്‍ പറഞ്ഞത് മനസ്സിലായി. ഗ്യാസിന് വിലകയറുന്നതിനെ പറ്റിയും എഴുതണമായിരുന്നു എന്ന്. ഇതാണ് ടിപ്പിക്കല്‍ മാര്‍ക്സിസ്റ്റ് അനുഭാവിയുടെ പ്രശ്നം. എന്തിനെയും സര്‍ക്കാരിനെ അടിക്കാനുള്ള വടിയാക്കി മാറ്റണം. അവരുടെ സര്‍ക്കാര്‍ വന്നാല്‍ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ശുഭം.

ഇവിടെ രണ്ട് തരത്തില്‍ അടുപ്പ് നിര്‍മ്മിച്ചുകൊടുക്കപ്പെടുന്നുണ്ട്. ഒന്ന് ശരിയായതും മറ്റേത് തെറ്റായതും. ഗ്യാസടുപ്പ് സാര്‍വ്വത്രികമായെങ്കിലും ഇപ്പോഴും ആളുകള്‍ പരമ്പരാഗത അടുപ്പ് ഉണ്ടാക്കുന്നുണ്ട്. തെറ്റായ അടുപ്പില്‍ നിന്ന് ധാരാളം പുകയുണ്ടാവും. വിറകും തോന വേണം. ശരിയായ അടുപ്പില്‍ വിറക് അല്പം മതി , തീ പിടിച്ചാല്‍ പിന്നെ പുക തീരെ ഉണ്ടാകില്ല. അതിനാണ് പുക ഇല്ലാത്ത അടുപ്പ് എന്ന് പറയുക.

പാപ്പിനിശ്ശേരിയില്‍ ഞാന്‍ ഇപ്പോഴുള്ള വീട്ടില്‍ വന്ന് ഒരു സുഹൃത്ത് ഈ പോസ്റ്റ് വായിച്ചിട്ട് പറഞ്ഞു, ഈ പ്രദേശത്ത് എല്ലാം ഇമ്മാതിരി തെറ്റായ അടുപ്പുകളാണ് ഉള്ളത് എന്ന്. ഈ തട്ടിപ്പാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. ഗ്യാസിന് റോക്കറ്റ് വേഗത്തില്‍ വില കയറുന്നതില്‍ ലക്ഷ്മണേട്ടന് ബേജാറ്. എന്നാല്‍ നാട്ടില്‍ വിറകിനോ ചകിരിക്കോ ചിരട്ടക്കോ എത്രയാ വില? തൊട്ടാല്‍ പൊള്ളും. ഇന്ന് ഏറ്റവും വില കുറഞ്ഞ പാചക ഇന്ധനമാണ് ഗ്യാസ്. സര്‍ക്കാ‍രിന്റെ സബ്‌സിഡി ഉള്ളത്കൊണ്ടാണ് അത്. പോട്ടെ ഒരു മെഴുകുതിരിക്ക് എന്താ വില? അപ്പോ ശരി ലക്ഷ്മണേട്ടാ :)

റഫീക്ക് കിഴാറ്റൂര്‍ said...

മലപ്പുറം ജില്ലയിലെ പരിഷത്ത് പ്രവര്‍ത്തകര്‍ വര്‍ഷത്തില്‍ ആയിരകണക്കിനു അടുപ്പുകള്‍ ഇപ്പോഴും നിര്‍മ്മിച്ച് കൊടുക്കുന്നുണ്ട്. സാധങ്ങള്‍ക്ക് ആയിരം രൂപയില്‍ താഴെ മാത്രമെ ചിലവു വരൂ. ഫിറ്റര്‍മാര്‍ക്ക് 300 രൂപയും. കുറച്ച് മണ്ണും,കുറച്ച് കരിയും ഉമിയും................തെറ്റായ രീതിയില്‍ മറ്റുള്ളവര്‍ നിര്‍മ്മിച്ച് കൊടുക്കുന്ന അടുപ്പുകളുടെ പേരുദോഷം മുഴുവനും പരിഷത്തിനു തന്നെയാണു താനും.

manoj said...

സി പി എമ്മിന്റെ പോഷക സന്ഖട്നയാക്കി പരിഷത്തിനെ മാറ്റാന്‍ വേണ്ടി നടത്തിയ ശ്രമങ്ങളും അതില്‍ സി പി എം വിജയിച്ചതുമാണ് പരിഷത്തിനെ നിര്ജീവമാകിയത് എന്ന് കരുതുന്നു

സങ്കല്‍പ്പങ്ങള്‍ said...

പുകയില്ലാത്ത അടുപ്പിനെപ്പറ്റി പറഞ്ഞ് പരിഷത്തിനെ കുറ്റവിചാരണചെയ്യുന്നതിലെക്കെത്തിയ ലേഖനം വായിച്ചു.
പുകയില്ലാത്ത ആലുവാ അടുപ്പെന്നപേരില്‍ പുക അടുപ്പ് ഉപയോഗിക്കുന്ന മലയാളിയാണു ഞാനും .പക്ഷെ പലരും പറയുന്നത് ആലുവാ അടുപ്പില്‍ പുകകുഴല്‍ ഉയര്‍ത്തി വച്ചാല്‍ പുക ഉണ്ടാവില്ലയെന്നാണ് .പുകവലിച്ച് കളയുമത്രെ.
ഏതായാലും വീട്ടിലെ അടുപ്പ് ഇപ്പഴും പുകയുന്നു.

ജനാര്‍ദ്ദനന്‍.സി.എം said...

അന്നും? ഇന്നും!

'അടുപ്പ് പുകയാത്ത'തായിരുന്നു
അന്നു പലര്‍ക്കും പ്രശ്നം
അടുപ്പ് 'പുക'യുന്നതായി
ഇന്നേവര്‍ക്കും പ്രശ്നം

തീയുള്ളിടത്ത് പുകയുണ്ടാവു-
മെന്നു തന്നെ പഴമൊഴി
പുകയുണ്ടെങ്കിലവിടെ
തീ വേണ്ടെന്നു പുതുമൊഴി

അടുപ്പ് പുകഞ്ഞീടേണോ
പുകയുള്ളത് നീക്കണോ?
അതിന്നാണല്ലൊ നാമിന്ന്
തല പുകച്ചു നടക്കുണു!

-ജനാര്‍ദ്ദനന്‍ -

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ സങ്കല്‍പ്പങ്ങള്‍ , ലേഖനത്തില്‍ പരിഷത്തിനെ കുറ്റവിചാരണ ചെയ്യുന്നില്ല. കമന്റുകളില്‍ വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് ചര്‍ച്ച നീണ്ടുപോകുന്നത് സാധാരണയാണ്,അത് ശരിയല്ലെങ്കിലും. പുകയില്ലാത്ത അടുപ്പ് ഉണ്ടാക്കണമെങ്കില്‍ അടുപ്പില്‍ വായു പ്രവേശിക്കാനുള്ള ദ്വാരം കൂടി ഉണ്ടാക്കാന്‍ പറയണം. പുക പോകലല്ല പ്രശ്നം,പുക ഇല്ലാതിരിക്കലാണ്. ഈ പോസ്റ്റിലെ ആദ്യത്തെ ഫോട്ടോ ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക.

ജനാര്‍ദ്ധനന്‍ മാഷിന്റെ കവിത നന്നായി :)

ChethuVasu said...

സുകുമാരേട്ടാ..

ഏറെ നാളായല്ലോ ബ്ലോഗില്‍ ..? ഇപ്പോള്‍ ഫേസ് ബുക്കില്‍ ആണല്ലേ ..? വാസു ആണങ്കില്‍ വിടെ ഇല്ല താനും - ( ഫേസ് ലെസ്സ് ആണ് )

എനിക്കും ഏറെ ബന്ധമുള്ള വിഷയമാണ് ഈ പോസ്റ്റ്‌ ..കാരണം എന്റെ ച്രുപ്പതിലെ ആണ് പരിഷദ് അടുപ്പുകലെപ്പറ്റി ശാത്ര സാഹിത്യ പരിഷദ് ശാസ്തര്‍ കേരളത്തിലും യുരീക്കയിലും ലേഖനഗല്‍ എഴുതുകയും അത് നിര്‍മ്ക്കേണ്ട വിധത്തെ പറ്റി വിസ്തരിക്കുകയും ചെയ്തത് .. അന്ന് വീട്ടില്‍ ഒരെണ്ണം വേണമെന്ന് എനിക്ക് ആഗ്രഹാമുണ്ടായെങ്കിലും.. പുതിയ സംവിധാനഗല്‍ ഒന്നും ശരിയാകില്ല .ഇപ്പോഴത്തെ അടുപ്പിനെന്താ കുഴപ്പം എന്നായിരുന്നു 'മുകളില്‍' നിന്നുള്ള വാക്ക് ..ആയതിനാല്‍ ആ പരിപാടി നടപ്പായില്ല ..പാവം അമ്മ ടീച്ചര്‍ പണിക്കൊപ്പം ഊതി കത്തിച്ചു തളര്‍ന്നത് മിച്ചം ..

ഒഅരഞ്ഞു വന്നത് ഈ പോസ്റ്റ്‌ ഏറെ ഉചിതമായി എന്നതിനെ കുറിച്ചാണ് .നമ്മുടെ നാട്ടിലെ അവസ്ഥകള്‍ കണ്ടാല്‍ ചിലപ്പോള്‍ തോന്നും ഈ പണിയൊക്കെ മതിയാക്കി അവിടെ എന്തെങ്കിലും പോതുജോപകാരപ്രദമായി ശാത്രത്തെ ഉപയോഗിച്ച് കൊണ്ട് എന്തെങ്കിലും ചെയ്‌താല്‍ കൊള്ളാം എന്ന് .

യഥാര്‍ത്ഥത്തില്‍ നല്ല ചിമ്മിനി ഉള്ള ആളുകള്‍ നിലവിലെ സാധാരണ അടുപ്പ് തന്നെ ഉപയോഗിക്കുന്നതാണ് നല്ലത് , അവര്‍ ചെയ്യേണ്ടത് രണ്ടു കാര്യങ്ങള്‍ മാത്രം
( 1 ) ചിമ്മിനിയുടെ ഏറ്റവും മുകള്‍ഭാഗത്ത് നല്ല രീതിയില്‍ ഗാപ്‌ ഇടുക . കഴിയുന്നതും നാലു സയിടിലും വലിയ ഗാപ്‌ (ഒരു അടി ഉയരത്തില്‍ )ഇട്ടു മൂലകളില്‍ മാത്രം ഗ്രില്‍ കൊണ്ട് കുകള്‍ ഭാഗം സപ്പോര്‍ട്ട് ചെയ്യുക
(2 ) അടുക്കളയില്‍ ഒരു ജനല്‍ തുറന്നിടുക , ഇത് ജൂണ മുതല്‍ ഓഗസ്റ്റ്‌ വരെ തെക്ക് വശത്തോ ,പടിഞ്ഞാറ് വശത്തോ ഉള്ളതാവട്ടെ , മറ്റു മാങ്ങളില്‍ കിഴക്ക് വശത്തോ വടക്ക് വശത്തോ ഉള്ളതാവട്ടെ .

ഇത്ര മാത്രം .. ഇനി നിങ്ങളുടെ അടുപ്പ് അതിശയകരമായി കത്തി തകര്‍ക്കുന്നത് അത്ഭുതത്തോടെ നോക്കി നിക്കുക
ഇനി കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് , അദുപ്പീനു ആഴം കൂട്ടി ഒരു പത്ത് സെന്റിമീറ്റര്‍ ഉയരത്തില്‍ ഒരു ഗ്രില്‍ വക്കവുന്നഹാനു (വിറകു ഗ്രില്ലിന് മുകളിലും വക്കണം , ചാരം താഴെ വീഴുകയും ചെയ്തു കൊള്ളും.

ChethuVasu said...

ഓ ടോ :

ഒരു വാക്ക് കൂടെ സുകുമാരേട്ട, ദയവായി ക്ഷമി ;-)

പരിഷത്തിന്റെ പഠന രീതിയും മറ്റും കുറ്റം പറയുന്നവര്‍ വാസുവിനോട് തര്‍ക്കിക്കാന്‍ വരരുത് .. കാരണം വാസു ജീവിച്ചിരിക്കുന്ന ഒരു തെളിവാണ് ..അതും പൂര്‍ണമായി ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു തെളിയിക്കപ്പെട്ടത് " :-) , കേരളത്തില്‍ മാത്രാല്ല , ഇന്ത്യയിലും ,പുറത്തും . പരിഷത്തിന് വാസുവിന്റെ കടപ്പാട് തീരാത്തതാണ് !!

നന്ദി പരിഷദ് !

പ്രിയ ബ്ലോഗ്‌ വായനക്കാരെ , നിങ്ങളുടെ കുട്ടികളെ ശാസ്ത്ര സാഹിത്യങ്ങള്‍ പരിചയപ്പെടുതുകയോ പറഞ്ഞു കൊടുക്കുകയോ ചെയ്യൂ ..പില്‍ക്കാലത്ത് അവര്‍ മത്സര പരീക്ഷകള്‍ പുല്ലു പോലെ പാസാകും ..ഉറപ്പു ..!!

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ വാസു , ഞാന്‍ ഇപ്പോള്‍ അധികവും ഫേസ്‌ബുക്കില്‍ തന്നെയാണ്. ഫേസ്‌ബുക്കിന്റെ പ്രലോഭനത്തെ തടുക്കാന്‍ കഴിയുന്നില്ല. പെട്ടെന്നുള്ള ഇന്ററാക്‍ഷന്‍സ് ഫേസ്‌ബുക്കില്‍ സാധ്യമാകുന്നു എന്നതാണ് കാരണം:)

പിന്നെ അടുപ്പിന്റെ കാര്യം പറഞ്ഞാല്‍ , ശരിയായ രീതിയില്‍ നിര്‍മ്മിക്കുന്ന പുകയില്ലാത്ത അടുപ്പ് തന്നെയാണ് പലത്കൊണ്ടും നല്ലത്. കുറച്ചു വിറക്, വിറക് കത്തിത്തുടങ്ങിയാല്‍ തീരെ പുകയില്ല എന്നത് പരിസ്ഥിതിക്ക് കൂടി നല്ലതാണ്. ഇപ്പോള്‍ തെറ്റായ അടുപ്പുകള്‍ പണിത് കൊടുത്തു കാശ് വാങ്ങി പോകുന്ന വ്യാ‍ജന്മാരെ പറ്റിയാണ് ഈ പോസ്റ്റ് മുന്നറിയിപ്പ് നല്‍കുന്നത്.

ജയന്‍ നീലേശ്വരം said...

നന്ദി!

ഇ.എ.സജിം തട്ടത്തുമല said...

ആ കണ്ണൂ‍ർ മീറ്റിനെക്കുറിച്ചുള്ള പോസ്റ്റിൽ കമന്റിടാൻ ശ്രമിച്ചു. അപ്പോൾ സംഗതി ബ്ലോക്കാണ്! പ്രതീക്ഷിച്ചതുപോലെ ആളില്ലായിരുന്നുവെന്നും, എങ്കിലും മീറ്റ് വിജയമായിരുന്നു എന്നുമാണ് ഞാനെന്റെ മീറ്റ്പോസ്റ്റിൽ എഴുതിയത്! ഈ പോസ്റ്റിനു താഴെ ഈ കമന്റിട്ടതിലെ അനൌചിത്യം ക്ഷമിക്കുക. വയിച്ചാൽ ഒരു ചെറുകമന്റെങ്കിലും വഴി വായന അടയാളപ്പെടുത്താതിരിക്കുക പതിവല്ല! പ്രത്യേകിച്ചും ചില ബ്ലോഗുകൾ!

ajith said...

എന്റെ വീട്ടില്‍ ഇതുപോലൊരെണ്ണം പണിതു. അടുക്കള നിറയെ പുകയോ പുക. അടിയിലെ ദ്വാരം ഇട്ടിട്ടില്ല...സംഗതി ഇപ്പോഴല്ലേ മനസ്സിലായത്.

Mohamedkutty മുഹമ്മദുകുട്ടി said...

ഇപ്പോഴെനിക്കൊരു സംശയം? പുകയില്ലാത്ത അടുപ്പ് എന്നുദ്ദേശിക്കുന്നത് പുക അളുക്കളയില്‍ നിറഞ്ഞു നില്‍ക്കാതെ പുകക്കുഴല്‍ വഴി മുകളിലേക്ക് പോകുന്ന അടുപ്പാണോ അതോ ഒട്ടും തന്നെ പുക പുറത്തു വരാത്ത അടുപ്പാണോ?. ഇവിടെ പലരുടെയും അനുഭവങ്ങള്‍ എഴുതി കണ്ടു.ഞാന്‍ മനസ്സിലാക്കിയത് വിറക് കത്തുമ്പോള്‍ ഉണ്ടാവുന്ന പുക നേരെ മുകളിലേക്കുയരുകയും പകരം പുതിയ വായു അടുപ്പിലേക്ക് കയറി വിറകു കത്താന്‍ സഹായിക്കും എന്നുമായിരുന്നു. എന്റെ അടുപ്പു കത്തുന്നതും അങ്ങിനെ തന്നെ.പക്ഷെ ഇവിടെ വിവരിച്ചു കണ്ടത് പുക ഒട്ടും തന്നെ ഉണ്ടാവാതെ അടുപ്പ് കത്തുമെന്നാണ്. അപ്പോള്‍ പിന്നെ പുകക്കുഴലിന്റെ പേര്‍ മാറ്റേണ്ടി വരില്ലെ?. എന്റെ കമന്റില്‍ ഞാനും ഒട്ടും രാഷ്ട്രീയം കലര്‍ത്തുന്നില്ല. ഇനി ഇതും കെ.പി എസ്സ് ഡിലീറ്റു ചെയ്യുമോ?. (ഇവിടെ അടുപ്പിന്റെ ശാസ്ത്രീയതയേക്കാള്‍ രാഷ്ട്രീയ ചര്‍ച്ചക്ക് പ്രാധാന്യം കൊടുത്തു കണ്ടു.)

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പുകയില്ലാത്ത അടുപ്പ് എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് പുകയില്ലാത്ത അടുപ്പ് എന്ന് തന്നെയാണ്. വിറക് തീ പിടിക്കുന്ന ആദ്യഘട്ടത്തില്‍ അല്പസ്വല്പം പുകയുണ്ടാവും. ഗ്യാസ് അല്ലല്ലൊ കത്തിക്കുന്നത്,വിറകല്ലെ. വിറക് കത്താന്‍ തുടങ്ങിയാല്‍ പിന്നെ പുകയുണ്ടാവില്ല. കത്തല്‍ തുടങ്ങിയാല്‍ പുകയുണ്ടാവില്ല എന്നത്കൊണ്ടാണ് പുകയില്ലാത്ത അടുപ്പുകള്‍ക്ക് പ്രസക്തി തന്നെ.

വിറക് ലാഭിക്കുക, പുക കഴിയുന്നതും ഒഴിവാക്കി അന്തരീക്ഷമലിനീകരണം അത്രയെങ്കിലും കുറക്കുക എന്ന ഉദ്ദേശവും പുകയില്ലാത്ത അടുപ്പുകള്‍ക്ക് ഉണ്ട്. ശാസ്ത്ര സാഹിത്യപരിഷത്താണ് ഇത്തരം അടുപ്പുകളുമായി രംഗത്ത് വന്നത്. ഒട്ടേറെ അടുപ്പുകള്‍ കേരളത്തിലുടനീളം പരിഷത്ത് യൂനിറ്റുകള്‍ സ്ഥാപിക്കുകയുണ്ടായി. പിന്നീട് ഈ രംഗത്ത് സ്വകാര്യ യൂനിറ്റുകള്‍ പ്രവേശിച്ചു. അവര്‍ അടുപ്പ് പരിഷ്ക്കരിച്ചു മോടി കൂട്ടി. അത്തരത്തില്‍ ഒരടുപ്പാണ് എന്റെ വീട്ടില്‍ സ്ഥാപിച്ചത് ചിത്രത്തില്‍ കാണുന്നത്.

പിന്നീട് ഈ രംഗത്ത് കള്ളനാണയങ്ങള്‍ ആധിപത്യം നേടി. ആലുവ അടുപ്പ് എന്ന പേരില്‍ എവിടെയും ചെറു യൂനിറ്റുകള്‍ കാണാം. അവര്‍ എങ്ങനെയുള്ള അടുപ്പാണ് ഉണ്ടാക്കുന്നത് എന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല. എന്റെ അടുപ്പ് ഉണ്ടാക്കിയത് അവരല്ല. വിറക് വെക്കാന്‍ മാത്രം ഒരു തുളയുണ്ടാക്കിയിട്ടാണ് ഈ വ്യാജ അടുപ്പുകാര്‍ വീട്ടുകാരെ പറ്റിക്കുന്നത്. ഈ അടുപ്പു കൊണ്ട് എന്താണ് പ്രയോജനം? ചിമ്മിണിയിലൂടെ പോകുന്ന പുക സിമന്റ് കുഴലിലൂടെ പോകുന്നു എന്ന് മാത്രം. ചിമ്മിണിയുടെ ഉള്ളിലും ഇമ്മാതിരി വ്യാജ അടുപ്പ് സ്ഥാപിച്ചവരുണ്ട്. അവരുടെ കാര്യമാണ് കഷ്ടം.

എന്ത്കൊണ്ടാണ് പുകയുണ്ടാവുന്നത്? പുക എന്ന് പറഞ്ഞാല്‍ പൂര്‍ണ്ണമായി കത്താത ഇന്ധനമാണ്. ഇന്ധനം എന്ന് പറഞ്ഞാല്‍ പദാര്‍ത്ഥത്തിലെ (ഇവിടെ വിറക്) കാര്‍ബണ്‍ ആറ്റമാണ്. കത്തുക എന്ന് പറഞ്ഞാല്‍ ഇന്ധനത്തിലെ കാര്‍ബണും അന്തരീക്ഷത്തിലെ ഓക്സിജനും യോജിച്ച് താപോര്‍ജ്ജവും കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകവും ഉണ്ടാവുന്ന പ്രക്രിയയാണ്. കാര്‍ബണ്‍ ഡൈഓക്സൈഡ് കണ്ണ് കൊണ്ട് കാണാന്‍ കഴിയാത്ത വാതകമാണ്. പുക എന്ന് പറഞ്ഞാന്‍ ഇന്ധനം ശരിക്ക് കത്താതിരിക്കുകയും തല്‍ഫലമായി ഉണ്ടാകുന്ന കാര്‍ബണ്‍ മോണോ ഓക്സൈഡ് എന്ന വാതകമാണ്. കാര്‍ബണ്‍ മോണോക്സൈഡ് നമുക്ക് കാണാന്‍ സാധിക്കും. അത്കൊണ്ടാണ് നമ്മള്‍ പുക കാണുന്നത്. കര്‍ബണ്‍ മോണോക്സൈഡ് അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന വാതകമാണ്.

അപ്പോള്‍ അടുപ്പിലെ വിറകിന് യഥേഷ്ടം ഓക്സിജന്‍ ലഭ്യമാക്കിയാല്‍ അത് പൂര്‍ണ്ണമായി കത്തുകയും കാര്‍ബണ്‍ മോണോക്സൈഡ് അതായത് പുക ഇല്ലാതിരിക്കുകയും ചെയ്യും. ഇങ്ങനെ ഓക്സിജന്‍ യഥേഷ്ടം ലഭിക്കാന്‍ വേണ്ടിയാണ് പുകയില്ലാത്ത അടുപ്പ് സ്ഥാപിക്കുമ്പോള്‍ അടിയിലും തുള വെക്കേണ്ടത്. അടിയിലുള്ള തുളയിലൂടെ വായു ഒഴുകി വിറകില്‍ എത്തി , വിറക് നല്ല ജ്വാലയോടെ പൂ‍ര്‍ണ്ണമായും കത്തിത്തീരുകയാണ് ചെയ്യുന്നത്. ഒരു കഷണം കരിക്കട്ട പോലും അവശേഷിപ്പിക്കില്ല.

എളുപ്പത്തിന് വേണ്ടിയാണ് വ്യാജ അടുപ്പുകാര്‍ മേലെ വിറക് വെക്കാന്‍ മാത്രം ദ്വാരമുണ്ടാക്കി അടുപ്പ് നിര്‍മ്മിക്കുന്നത്. ഇത് പുകയില്ലാത്ത അടുപ്പ് അല്ല. ചിലര്‍ക്ക് ഞാന്‍ പറഞ്ഞത് പോലെയുള്ള പുകയില്ലാത്ത അടുപ്പ് ഉണ്ടാക്കാന്‍ അരിയില്ലാ‍യിരിക്കാം. അല്ലെങ്കില്‍ അതിനാവശ്യമായ പാര്‍ട്ട്സ് കിട്ടുന്നില്ലായിരിക്കാം. എന്തായാലും, പുകയില്ലാത്ത അടുപ്പ് നിര്‍മ്മിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ഞാന്‍ ചൂണ്ടിക്കാട്ടിയ പോലെ ഇരട്ടത്തുളയുള്ള അടുപ്പ് തന്നെ ഉണ്ടാക്കിക്കണം. പലര്‍ക്കും ഇത് അറിയില്ല. അതാണ് ഈ പോസ്റ്റിനാധാരം.

കുര്യച്ചന്‍ said...

എന്റെ വീട്ടിലും ഇതേ അടുപ്പാണ് വെച്ചിരിക്കുന്നത് പക്ഷേ അതിന്റെ അടിയില്‍ വായു കടക്കാനുള്ള വിടവ് ഇല്ല എന്നു മാത്രം..... പുക ഇല്ലങ്കിലും താങ്കള്‍ പറഞ്ഞപോലെ ഇന്ധന നഷ്ടം ഉണ്ടാകാം...

Mohamedkutty മുഹമ്മദുകുട്ടി said...

കെ.പി.എസ്സിന്റെ വിശദീകരണം നന്നായി.ചുരുക്കി പറഞ്ഞാല്‍ ഇപ്പോള്‍ നിലവില്‍ കാണുന്ന എല്ലാ അടുപ്പുകളും പുകയുന്ന ,ചിമ്മിനിക്കു പകരം കുഴല്‍ വെച്ച അടുപ്പുകള്‍ തന്നെയാണ്.ഇന്ധനം മുഴുവനും കത്താതെ പോകുന്നത് ആരും ശ്രദ്ധിക്കുന്നില്ലെന്നു മാത്രം.പിന്നെ ഇപ്പോള്‍ അടുപ്പിന്റെ ഉപയോഗം പഴയതു പോലെ പലര്‍ക്കും നടക്കില്ലല്ലോ?. വിറകു കാശു കൊടുത്തു വാങ്ങുന്നവന്‍ പലപ്പോഴും ഇത്തിരി കാശ് കൂടി ചിലവായാലും ഗ്യാസും ഇന്‍ഡക് ഷന്‍ സ്റ്റവ്വും ഉപയോഗിക്കുന്നു. എന്നെപ്പോലെ നാട്ടിന്‍ പുറത്തുള്ളവര്‍ മാത്രം പറമ്പിലെ മടലും ചകിരിയും കത്തിക്കുന്നു.എന്റെ വീട്ടില്‍ വേനല്‍ കാലമായാല്‍ പിന്നെ പുറത്ത് മൂന്ന് കല്ലിലാ മിക്ക പാചകവും നടക്കുന്നത്. ഏത് തൊണ്ടും അവിടെ ഇന്ധനമായി ചിലവാകും. ചാരം പറമ്പില്‍ ഉപയോഗിക്കുകയും ചെയ്യാം. അത്യാവശ്യത്തിനു മാത്രം ഗ്യാസുപയോഗിക്കുകയും ചെയ്യും.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വളരെ കാര്യമാത്രപ്രസക്തമായ ലേഖനം.ഇതില്‍ എഴുതിയപോലെ പുക ധാരാളം വരുന്ന (രണ്ടാമത്തെ അടുപ്പാണ്) ആലുവ അടുപ്പെന്ന പേരില്‍ ഇന്ന് പുകപോലെ എല്ലായിടത്തും പ്രചരിച്ചു കൊണ്ടിരിക്കുന്നത്.പ്രസ്തുത അടുപ്പില്‍ താഴെ കാറ്റ് കടക്കാനുള്ള ദ്വാരങ്ങളുമില്ല.ആറായിരം രൂപയാണ് ഇപ്പോള്‍ അതിന് വസൂല്‍ ചെയ്യുന്നത്.മലപ്പുറം,തൃശ്ശൂര്‍ ,പാലക്കാട്‌ ജില്ലകളില്‍ മുഴത്തിനു മുഴത്തിനു അതിന്റെ ഏജന്‍റുമാരും ഉണ്ട്..

viswan said...

കാര്‍ബണ്‍ മോണോക്സൈഡിന്‌ നിറമോ മണമോ ഇല്ല. ( അതാണ്‌ അതിനെ കൂടുതല്‍ മാരകമാക്കുന്നത് എന്നും പറയാം.) സംശയത്തിനു വേണമെങ്കില്‍ വിക്കി നോക്കുക: "Carbon monoxide (CO), also called carbonous oxide, is a colorless, odorless, and tasteless gas that is slightly lighter than air"- http://en.wikipedia.org/wiki/Carbon_monoxide
നല്ല ഒരു ലേഖനത്തില്‍ ഈ ഒരു കല്ലുകടി കണ്ടത് സൂചിപ്പിച്ചു എന്നു മാത്രം

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ശരി വിശ്വന്‍ , ആ ഭാഗം പരിശോധിച്ച് തിരുത്താം :)

younasbabu said...

aarkengilum palakkadile pukayila aduppu(sheriyaya rethiyil) undakkuna vendor address tharamo.. pls...

Younus Baabu

Rafeeq Edapal / റഫീഖ്‌ എടപ്പാള്‍ said...

സുകുമാര്‍ജി..,
വിശദ വിവരങ്ങള്‍ക്ക് നന്ദി.
ഞങ്ങളുടെ പുതിയ വീട്ടില്‍ ഒരു അടുപ്പ് നിര്‍മിക്കാന്‍ പോകുകയാണ്. അതിലേക്കായി വിവരങ്ങള്‍ ശേഖരിക്കവെയാണ് താങ്കളുടെ ലേഖനം കണ്ടത്.
വളരെ ഉപകാരപ്രദം.
ഒരിക്കല്‍ കൂടി നന്ദി പറയുന്നു.

ajith vs said...

entye vetilum pukea ellathea adipue stapihu pakesh adipu katikubol muzvan puka veliotevrum adukal kakthe atu muzuvan nirum epol atukonde katikunthe nirthi

Divya said...

Thank u sir. Sir paranjapolathe nalla aduppukalkku areyanu contact cheyyendath. Ente veetil paniyikkan vendiyanu.

K.P. Sukumaran said...

@ Divya, ആരെയാണ് കോൺടാക്റ്റ് ചെയ്യേണ്ടത് എന്ന് പറഞ്ഞ് തരാൻ കഴിയില്ലല്ലൊ. ആരാണ് അവിടെ പുകയില്ലാത്ത അടുപ്പ് നിർമ്മിച്ചുകൊടുക്കുന്നത്, അവരെ സമീപിക്കുക. എന്നിട്ട് ഈ പോസ്റ്റിൽ പറഞ്ഞ പ്രകാരം വിറക് വയ്ക്കാനുള്ള ദ്വാരം പോലെ തന്നെ അടിയിൽ വായു കടക്കാനും , കത്തിത്തീരുന്ന ചാരം വാരാനും കഴിയുന്ന തരത്തിൽ ദ്വാരം വയ്ക്കാൻ പറയുക. അതായത് വിറക് കത്തുന്നതിന്റെ അടിയിൽ അറ വേണം. ആ അറയും വിറക് വയ്ക്കുന്ന പ്രതലവും ഗ്രിൽ കൊണ്ട് വേർ തിരിക്കണം. അതിലൂടെ ചാരം താഴെ വീഴും. ഈ പോസ്റ്റിലെ ഫോട്ടോ പ്രിന്റ് എടുത്ത് അടുപ്പ് നിർമ്മിക്കുന്ന ആളെ കാണിക്കുക. പോസ്റ്റിന്റെയും പ്രിന്റ് എടുത്ത് കൈയിൽ വെച്ചാൽ പറഞ്ഞുകൊടുക്കാൻ സാധിക്കും.

Prasad Np said...

പക്ഷേ എന്റെ വീട്ടിൽ ആലുവ പുകയില്ലാത്ത അട്ടപ്പാണ്.വളരെ കുറച്ചു വിറക് മതി . അരിക്ക് വെള്ളം തളച്ചാൽ പിന്നെ വിറക് വേണ്ടേ വേണ്ട. മാത്രമല്ല ഒരു തുള്ളി പുക അടുക്കളയിൽ ഉണ്ടാകില്ല. എന്നാൽ ഞാൻ പുറത്തുള്ള പുക കുഴലിനു ചുറ്റും അലുമിനിയത്തിന്റെ ഓരു ചെറിയ ടാങ്ക് പൊതിഞ്ഞ് വച്ച് അതിൽ പൈപ്പ് കണക്ട് ചെയ്‌ത് ചൂടു വെള്ളത്തിന്റെ ടാപ്പുമായി കണക്ട് ചെയ്ത് ചൂടുവെള്ളവും എടുക്കുന്നു. വീട്ടിൽ 2 നേരവും പകയില്ലാ അടപ്പ് ഉപയോഗിക്കുന്നു. ഒപ്പം കളിക്കാനും പാത്രം കഴുകാനും ചൂടു വെള്ളം കിട്ടുന്നു. എന്റെ അടുപ്പിൽ കൃത്യമായി പുക കഴലിലു °

Aneesh Kumar said...

വളരെ വിലപ്പെട്ട അറിവാണ് അങ്ങ് തന്നത്. യഥാർത്ഥ അടുപ്പ് ആരെ ബന്ധപ്പെടണം വിളിക്കുക 8943081102