ടി വി പ്രോഗ്രാം റെക്കോര്‍ഡ് ചെയ്യാം

അവിചാരിതമായാണ് കൈരളി ചാനലില്‍ ഒരു ടോക്ക് ഷോയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയത്. എന്റെ ഒരു സുഹൃത്ത് മുഹമ്മദ് ഖാന്‍ ആണ് കൈരളിയിലെ അവതാരകന്‍ അരുണിനോട് എന്റെ പേര് നിര്‍ദ്ദേശിച്ചത്. കേള്‍ക്കൂ കേള്‍പ്പിക്കൂ പരിപാടിയില്‍ മൈദയെ കുറിച്ചായിരുന്നു സംവാദം. ടിവിയില്‍ ആ പരിപാടി സം‌പ്രേക്ഷണം ചെയ്യുമ്പോള്‍ അത് റെക്കോര്‍ഡ് ചെയ്യണം എന്ന് ചില സ്നേഹിതന്മാര്‍ ആവശ്യപ്പെടുകയുണ്ടായി. അത്കൊണ്ട് ഒരു ട്യൂണര്‍ കാര്‍ഡിന് വേണ്ടി നെറ്റില്‍ തപ്പിനോക്കി.  അങ്ങനെയാണ് ചിത്രത്തില്‍ കാണുന്ന യു എസ് ബി ടിവി സ്റ്റിക്ക് വാങ്ങാന്‍ തീരുമാനിക്കുകയും  ഫ്ലിപ്കാര്‍ട്ടില്‍  ഓര്‍ഡര്‍ ചെയ്യുകയും ചെയ്യുന്നത്.ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഇപ്പോള്‍ വളരെ എളുപ്പമാണ്.  ഇതിനെ കുറിച്ച് ഞാന്‍ എഴുതിയ പോസ്റ്റ് ഇവിടെ വായിക്കാം.  ഓര്‍ഡര്‍ ചെയ്ത് ഒരാഴ്ചയ്ക്കകം സാധനം വീട്ടിലെത്തി. 3762രൂപയാണ് ഇതിന്റെ ഓണ്‍‌ലൈന്‍ വില. പുറത്ത് ഷോപ്പില്‍ പോയി വാങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും ഇതിനേക്കാളും അധികമായിരിക്കും വില എന്ന് പറയേണ്ടതില്ലല്ലൊ. മാത്രമല്ല ഇത് ലഭിക്കുന്ന ഷോപ്പ് കണ്ടെത്തുകയും എളുപ്പമല്ലല്ലൊ. ഈ ടിവി സ്റ്റിക്ക് കൊണ്ട് ഞാന്‍ റെക്കോര്‍ഡ് ചെയ്ത പ്രോഗ്രാം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത് താഴെ കാണാം. 

ഈ വീഡിയോ നിങ്ങളുടെ സിസ്റ്റത്തില്‍ ഡൌണ്‍‌ലോഡ് ചെയ്തിട്ട് കാണുന്നതായിരിക്കും നല്ലത്. അല്ല്ലാതെ നിര്‍ത്തി നിര്‍ത്തി ലോഡ് ആയി വന്ന് കാണുന്നത് ഒരു സുഖവും ഉണ്ടാവില്ല. കണ്ടു കഴിഞ്ഞ് ഡിലീറ്റ് ചെയ്താല്‍ മതിയല്ലൊ. ഇപ്പോള്‍ വീഡിയോകള്‍ ഡൌണ്‍‌ലോഡ് ചെയ്യാന്‍ യൂട്യൂബ്  തന്നെ അവസരം നല്‍കുന്നുണ്ട്. വീഡിയോയുടെ താഴെ ഡൌണ്‍‌ലോഡ് എന്നൊരു ബട്ടണ്‍ കാണാം. എന്തൊക്കെ സൌകര്യങ്ങളാണ് ഇപ്പോഴൊക്കെ ലഭിക്കുന്നത് അല്ലേ. എന്നിട്ടും ആളുകളൊക്കെ ഒരു തരം ഇല്ലാപ്പാട്ടുകളാണ് പാടി നടക്കുന്നത്. ഇതൊക്കെ ആസ്വദിക്കാനുള്ള സഹൃദയത്വം ഇല്ല്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

ഈ പരിപാടിയില്‍ മൈദ വര്‍ജ്ജിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാദിച്ച ശ്രീ.മോഹനന്‍ വൈദ്യരും ഗംഗാധരന്‍ വൈദ്യരും വളരെ അശാസ്ത്രീയമായ വാദഗതികളാണ് മുന്നോട്ട് വെച്ചത്. എഴുതുന്നത് പോലെ എളുപ്പമല്ല സംസാരിക്കുന്നത്. എന്നാലും ഞാന്‍ ഒരു വിധം കാര്യങ്ങള്‍ പറഞ്ഞ് ഒപ്പിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.  പറയേണ്ട സന്ദര്‍ഭത്തില്‍ പറയാന്‍ ആശയങ്ങളും വാക്കുകളും കിട്ടാതിരിക്കുകയും പിന്നീട്, അയ്യോ ഇതൊക്കെ പറയാമായിരുന്നില്ലേ എന്ന് തോന്നുകയും ചെയ്യുക പലര്‍ക്കുമുള്ള അനുഭവമായിരിക്കും.  ഇനി പരിപാടിയിലേക്ക് :

ഡൌണ്‍ലോഡ് ലിങ്ക്

13 comments:

റ്റോംസ്‌ || thattakam.com said...

പരിപാടി മുഴുവന്‍ കണ്ടു .ചിലപ്പോള്‍ അങ്ങനെയാണു പറയണം എന്ന് കരുതിയത്‌ പറയാന്‍ പറ്റാതെ വന്നേക്കാം. എന്നാലും മാഷിനു പറയാനുള്ളത് ബ്ലോഗിലൂടെ പറഞ്ഞു കഴിഞ്ഞല്ലോ.

സീഡിയൻ. said...

പ്രകൃതി അണ്ണന്മാരടേ അന്ധവിശ്വാസം തിരുത്താൻ ബ്രഹ്മാവിനുപോലും അഴിയില്ല.അവരൊരു സയൻസ് സ്വന്തായി ഉണ്ര്ടാക്കി ..പൊതുവേദിയിൽ അവതരിപ്പിക്കുന്നതിന് യാതൊരു മടിയുമില്ല.അസുഖം വരുന്നത് ആഹാരത്തിലൂടെ മാത്രമാണന്ന് ധരിച്ചു വെച്ചവരോട് എന്തു ചർച്ച.

Ananth said...

ചര്‍ച്ചകളിലൂടെ അതില്‍ പങ്കെടുക്കുന്ന ആളുകളുടെ കാഴ്ചപ്പാടുകളില്‍ മാറ്റം ഉണ്ടാക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല .....കാരണം സ്വന്തം കാഴ്ച്ചപ്പാടുകള്‍ക്കെതിരായ തെളിവുകള്‍ / ന്യായങ്ങള്‍ ശരിയാണെന്ന് കണ്ടാല്‍ അതിനെ അംഗീകരിച് കാഴ്ചപ്പാടുകള്‍ മാറ്റുവാനോ തിരുത്തുവാനോ തക്ക വിശാല മനസ്കര്‍ വളരെ വിരളമാണെന്നത് തന്നെ .....പിന്നെ tv യില്‍ കാണിക്കുന്ന ചര്‍ച്ചകളുടെ ലക്ഷ്യവും അതല്ലല്ലോ ഏതൊരു വിഷയത്തെ കുറിച്ചും വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകള്‍ / അറിവുകള്‍ പ്രേക്ഷകരില്‍ എത്തിക്കുകയും അവയെല്ലാം ഉള്‍കൊണ്ടു സ്വന്തമായ നിഗമനങ്ങളില്‍ എത്താന്‍ പ്രേക്ഷകരെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്‌ഷ്യം നേടാന്‍ കഴിഞ്ഞു എന്ന് പറയാം .

Ananth said...

post is dated april 3 whereas comments are appearing with april 2 timestamp....?!

ഞാന്‍ പുണ്യവാളന്‍ said...

ഞാനും മാഷിന്റെ പഴ ബ്ലോഗ്‌ അന്ന് ശ്രദ്ധയോടെ വായിച്ചിരുന്നു പക്ഷെ അഭിഒപ്രയം രേഖപ്പെടുത്താന്‍ അനുവധിചിരുന്നിലല്ലോ ?

അടുത്തത് ചാനലിലേക്ക് പൊക്കാം എന്താ നടന്നതെന്നറിയണമല്ലോ

c.v.thankappan said...

പരിപാടി കണ്ടു.അറിവ് പകരാന്‍
ഉപയുക്തമായ ചര്‍ച്ചയിലൂടെ കുറെയേറെ
സംശയങ്ങള്‍ ദുരീകരിക്കാന്‍ കഴിഞ്ഞു.
സുകുമാരന്‍ സാര്‍ കാര്യകാരണസഹിതം
അവതരിപ്പിച്ച വിവരണങ്ങള്‍ ഏറെ
ശ്രദ്ധേയമായിരുന്നു.
നമ്മുടെ ആഹാരം മൈദയും,ഗോതമ്പും
മാത്രമല്ലല്ലോ!
ആശംസകള്‍

Mohamedkutty മുഹമ്മദുകുട്ടി said...

താങ്കളുടെ ചര്‍ച്ചയുടെ വീഡിയോ ഫേസ് ബുക്കില്‍ കണ്ടിരുന്നു. മോഹനന്‍ വൈദ്യരുടെ കുറെ വീഡിയോകളും എന്റെ പക്കല്‍ സ്റ്റോക്കുണ്ട്. എല്ലം കൂടി മനസ്സിലാക്കി ഞാന്‍ ഒരു മീഡിയം ലെവല്‍ ഭക്ഷണമാണ് കഴിക്കാറ്. എന്നു വെച്ചാല്‍ പൊറാട്ടയും പഫ്സും കഴിക്കില്ല. എന്നാല്‍ ബിസ്ക്കറ്റും റൊട്ടിയും കഴിക്കും!....പിന്നെ റിക്കാര്‍ഡിങ്ങിന്റെ കാര്യം. ഈയിടെ എം.പെഗ്.4 റിസീവര്‍ എഹ്.ഡി വാങ്ങിയതിനാല്‍ അതിലുള്ള യു.എസ്.ബി പോര്‍ട്ടില്‍ പെന്‍ ഡ്രൈവോ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കോ വെച്ചാല്‍ റിക്കാര്‍ഡിങ്ങ് വളരെ എളുപ്പം.

ajith said...

നിത്യവിദ്യാര്‍ത്ഥി...അഭിനന്ദനങ്ങള്‍. പുതിയ വിദ്യകള്‍ പങ്കു വയ്ക്കുന്നതിന്

പ്രവാസി എന്ന പ്രയാസി said...

പരിപാടി കണ്ടിരുന്നു.. മാഷ്‌ പങ്കെടുത്തതില്‍ ഞങ്ങള്‍ ബ്ലോഗര്‍മാര്‍ക്കും അഭിമാനം. റെക്കോര്‍ഡ്‌ ചെയ്യാന്‍ pvr വിദ്യ ഉള്ള hd receiver ഇപ്പോള്‍ ലഭ്യമാണ്.. USB റെക്കോര്‍ഡ്‌ വളരെ എളുപ്പമാണ്.. PREMIUM X എന്ന receiver ആണ് ഞാന്‍ ഉപയോഗിക്കുന്നത്. പിന്നെ മാഷേ ഞാനും ഒരു പൊറോട്ട പ്രേമിയാണ്.. ധീരതയോടെ നയിച്ചോളൂ..

PANAMARAM said...

പ്രോഗ്രാം നന്നായി. ആ സ്റ്റിക്ക് വിപണിയില്‍ 1500 നു കിട്ടും. പിന്നെ യൂടൂബില്‍ സ്വന്തം വീഡിയോ ക്ക് മാത്രമേ ഡൌണ്‍ലോഡ് ലിങ്ക് ഉണ്ടാകൂ. ശിഥില ചിന്തകള്‍ നീണാള്‍ വാഴട്ടെ

Rahees K Kokkallur said...

ഈ usb stick 1500ലും താഴെയേ വില ഉള്ളു.. ... ഓണ്‍ലൈനില്‍ വില കുറവാണ് എന്നൊന്നും ഇല്ല.. ഇതൊക്കെ ഇപ്പൊ ഷോപ്പുകളില്‍ സുലഭമാണ് താനും.. eby യില്‍ പലതിനും വില കുറവായിട്ടു തോന്നിയിട്ടുണ്ട്..

SweetMAANU said...
This comment has been removed by the author.
SweetMAANU said...

പ്രോഗ്രാമിലെ തങ്ങൾക്കാവശ്യമുള്ളവ മാത്രം തിരഞ്ഞെടുത്ത്. മോഹനൻ വൈദ്യർ മൈദയുടെ ദൂഷ്യങ്ങൾ പറയുന്ന ഭാഗം എടുത്ത് മാറ്റി സംപ്രേക്ഷണം ചെയുമ്പോൽ കൈരളി ആയാലും മറ്റേത് ചാനലായാലും താല്പര്യങ്ങളുടെ പിന്നിലെന്ത് എന്ന് വ്യക്തമാണ്

തന്റെ മറുപടി കട്ട് ചെയ്താണ് സംപ്രേക്ഷണം ചെയ്തിരിക്കുന്നതെന്ന് മോഹനൻ വൈദ്യർ വ്യക്തമാക്കുന്നുണ്ട്. സംശയമുള്ളവർക്ക് അദ്ദേഹത്തെ വിളിച്ച് ചോദിക്കാവുന്നതാണ് 
http://www.mohananvaidyar.org/about

ചൈനയും യൂറോപ്യൻ യൂണിയനും മറ്റ് രാജ്യങ്ങൾക്കും മൈദയോടുള്ള നിലപാടൊന്ന് അൻവേഷിക്കുന്നത് നല്ലതായിരിക്കും. അവിടങ്ങൾ ഭരിക്കുന്നതും നിലപാടെടുക്കുന്നതുമെല്ലാം എന്തൊക്കെ അടിസ്ഥാനമാക്കിയാണെന്ന് ഒന്നു നോക്കിയാൽ മാത്രം മതി സത്യം മനസ്സിലാവാൻ