പൊങ്കാല ; വിചാരവും വിവാദവും

ജീവിതം യുക്തിക്ക് വഴങ്ങാത്ത ഒരു സംഗതിയാണ്. അത്കൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും യുക്തിയുടെ അളവ്കോല്‍ വെച്ചുകൊണ്ട് നിര്‍വ്വചിക്കുന്നത് ശരിയാവുമെന്ന് തോന്നുന്നില്ല. പലര്‍ക്കും പല തരത്തിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും നിലവിലുണ്ട്. അതൊക്കെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണെന്ന് കരുതുന്ന യുക്തിവാദികളുമുണ്ട്.  ആചാരങ്ങളെയും വിശ്വാസങ്ങളെയും യുക്തികൊണ്ട് ഖണ്ഡിക്കുക എളുപ്പമാണ്. എന്നാല്‍ വിശ്വസിക്കുന്നവര്‍ക്കും ആചാരങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്കും അത് ഒഴിവാക്കാനോ സ്വന്തം യുക്തി ഉപയോഗിച്ച് പരിശോധിക്കാനോ പരിമിതികള്‍ ഉണ്ട് താനും.

യുക്തി എന്നത് യുക്തിവാദികള്‍ മാത്രം ആശ്രയിക്കുന്ന ഒരു മാനദണ്ഡമല്ല. വിശ്വാസികളും യുക്തി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് ഹിന്ദുക്കളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മുസല്‍മാനും കൃസ്ത്യാനിയും അവരവരുടെ യുക്തി ഉപയോഗിച്ച് പരിശോധിക്കുകയും അതൊക്കെ തെറ്റാണെന്ന നിഗമനത്തില്‍ എത്തുന്നുണ്ട്. ഉദാഹരണത്തിന് നിലവിളക്ക് കൊളുത്തുക, പൊട്ട് ചാര്‍ത്തുക എന്നതൊക്കെ മുസല്‍മാന് ഹറാമാണ്. ഇത്പോലെ തന്നെ മുസല്‍മാന്റെയും കൃസ്ത്യാനിയുടെയും വിശ്വാസങ്ങളെയും ഹിന്ദു തന്റെ യുക്തി ഉപയോഗിച്ച് പരിശോധിക്കുകയും അതൊന്നും അനുകരണീയമല്ല എന്ന നിഗമനത്തില്‍ എത്തുകയും ചെയ്യുന്നുണ്ട്. അത്കൊണ്ട് യുക്തി എന്നത് യുക്തിവാദികള്‍ക്ക് മാത്രമുള്ള സവിശേഷതയല്ല എന്നും എല്ലാ മനുഷ്യര്‍ക്കുമുള്ള ആറാമത്തെ ഇന്ദ്രിയമാണ് അതെന്നും കാണാന്‍ കഴിയും.

അന്യമതങ്ങളില്‍ മാത്രമല്ല സ്വന്തം മതങ്ങളിലും ഉള്ള വിശ്വാസങ്ങളെയും ആചാരങ്ങളെയും യുക്തി ഉപയോഗിച്ച് ചിലത് തള്ളിക്കളയാനും ആളുകള്‍ തയ്യാറാവാറുണ്ട്. ഉദാഹരണത്തിന് ദൈവത്തെ പ്രീതിപ്പെടുത്താന്‍ നരബലി ഒരു കാലത്ത് സാധാരണമായിരുന്നു. ഇന്ന് അത് തിരുത്തിയിട്ടുണ്ട്.  ഭക്തിയും ആരാധനയും വിശ്വാസവും ഒക്കെ ആളുകളുടെ സ്വകാര്യതകളാണ്. എന്നിരുന്നാലും കൂട്ടമായി ആരാധിക്കാനും പ്രാര്‍ത്ഥിക്കാനും ഒക്കെ സൌകര്യങ്ങളുണ്ടാക്കുന്ന ഏര്‍പ്പാടുമുണ്ട്. അങ്ങനെയാണ് അമ്പലങ്ങളും പള്ളികളും ഒക്കെ പടുത്തുയര്‍ത്തപ്പെടുന്നത്. ഇതൊന്നും നൂറ് ശതമാനം പേരുടെയും യുക്തിക്ക് നിരക്കണമെന്നില്ല. മറ്റുള്ളവര്‍ക്ക് ദോഷം ഒന്നുമില്ലെങ്കില്‍ ആളുകള്‍ പ്രാര്‍ത്ഥിക്കുന്നതിലും വിവിധ രീതികളിലുള്ള ആരാധനകള്‍ ചെയ്യുന്നതിലും തെറ്റ് പറയാന്‍ കഴിയില്ല.

ഇതിലൊന്നും വിശ്വസിക്കാത്ത യുക്തിവാദികള്‍ ഈ മാതിരിയുള്ള മനുഷ്യന്റെ സ്വകാര്യതകളില്‍ കയറി ആളുകള്‍ക്ക് അലോസരം ഉണ്ടാക്കേണ്ട എന്നാണ് എന്റെ അഭിപ്രായം. സമൂഹത്തില്‍ നിരവധി അശാസ്ത്രീയധാരണകള്‍ ഇന്ന് പ്രചരിക്കുന്നുണ്ട്. അവയ്ക്കൊക്കെ എതിരായി ശരിയായ ശാസ്ത്രീയ വീക്ഷണം സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ യുക്തിവാദികള്‍ക്ക് മുന്നോട്ട് വരാമായിരുന്നു. അതിനൊന്നും അവര്‍ തയ്യാറാവുന്നില്ല. ചില കാര്യങ്ങളില്‍ യുക്തിവാദികള്‍ പോലും അന്ധവിശ്വാസികളാണോ എന്നെനിക്ക് സംശയമുണ്ട്. ഉദാഹരണത്തിന് ആരോഗ്യരംഗമെടുക്കാം. ചികിത്സ എന്നാല്‍ ശാസ്ത്രീയമായത് മോഡേണ്‍ മെഡിസിന്‍ മാത്രമാണ്. ബാക്കിയെല്ലാം അശാസ്ത്രീയമോ തട്ടിപ്പുകളോ ആണ്. ആളുകളാണെങ്കില്‍ ഒന്നാം തരം തട്ടിപ്പായ ഹോമിയോപ്പതിയിലാണ് കൂടുതല്‍ വിശ്വസിക്കുന്നത്. യുക്തിവാദികളും ഹോമിയോപ്പതിയില്‍ വിശ്വസിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. യുക്തിവാദികള്‍ ഹോമിയോപ്പതിയെ എതിര്‍ക്കുന്നത് കണ്ടിട്ടില്ല. രാസവളം, ജി.എം. വിത്ത് തുടങ്ങിയ കാര്യങ്ങളിലും യുക്തിവാദികളുടെ നിലപാട് അറിയില്ല. ഇതൊക്കെ സമൂഹത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. മതത്തെയും ദൈവത്തെയും മാത്രം എതിര്‍ക്കുക എന്ന യാന്ത്രികയുക്തിവാദമാണ് ഇവിടെയുള്ളത്. 

പറഞ്ഞ് വന്നത് ആചാരങ്ങളെയും വിശ്വാസങ്ങളെയും പറ്റിയാണല്ലൊ. ചില ആചാരാനുഷ്ഠാനങ്ങള്‍ സമൂഹത്തിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമ്പോള്‍ അത് ഒരു വിവാദമാകുന്നു. അങ്ങനെ വിവാദമായ ഒരാചാരമാണ് പൊങ്കാല. കഴിഞ്ഞ ഒരു പത്ത് പതിനഞ്ച് വര്‍ഷമായിട്ടാണ് പൊങ്കാലയ്ക്ക് ഇങ്ങനെ പ്രചാരം കിട്ടുന്നത്. ടിവി ചാനലുകളാണ് മറ്റെല്ലാമെന്ന പോലെ പൊങ്കാലയെയും പൊലിപ്പിച്ചെടുത്തത്. ചിലപ്പതികാരത്തിലെ കണ്ണകി എന്ന കഥാപാത്രമാണ് പൊങ്കാല എന്ന ആചാരത്തിന് പിന്നില്‍. എന്തോ ആയിക്കോട്ടെ, ക്ഷേത്രത്തിലോ അമ്പലത്തിലോ അടുപ്പുകള്‍ കൂട്ടി പൊങ്കാല വേവിച്ച് കണ്ണകിക്ക് നിവേദിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുകള്‍ ഉണ്ടാകാന്‍ വഴിയില്ല. എന്നാല്‍ അത് ഇങ്ങ് നടുറോട്ടില്‍ വന്ന് ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ റോഡിന്റെ ഇരുവശവും അടുപ്പ് കൂട്ടുകയും ആ സമയം വളണ്ടിയര്‍മാര്‍ ആ റോഡിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം തടയുകയും ചെയ്യുന്നു എന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് ആസ്പദമായിട്ടുള്ളത്.

ആരായാലും പൌരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത് കാടത്തമാണ്. പൊങ്കാലക്കാര്‍ തടയുന്നില്ലേ അത്കൊണ്ട് ഞങ്ങളും തടഞ്ഞോട്ടെ എന്നു പറയുന്ന രാഷ്ട്രീയക്കാരും,  മറ്റുള്ളവര്‍ ബന്ദും ഹര്‍ത്താലും പ്രകടനങ്ങളും നടത്തി തടയുന്നില്ലേ അത്കൊണ്ട് ഞങ്ങളും തടഞ്ഞോട്ടെ എന്നു പൊങ്കാലക്കാരും പറയുന്ന ന്യായം പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല.  രാഷ്ട്രീയക്കാരും മറ്റ് സംഘടനക്കാരും പൊതുയോഗം കൂടാനും , പൊങ്കാലക്കാര്‍ അടുപ്പ് കൂട്ടാനും ആളുകള്‍ക്ക് അസൌകര്യമുണ്ടാക്കാത്ത തരത്തില്‍ മൈതാനങ്ങളോ സ്റ്റേഡിയമോ മറ്റോ കണ്ടെത്തുകയാണ് വേണ്ടത്. സഞ്ചരിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും അവരുടെ വികാരങ്ങളും മാനിക്കപ്പെടുകയും വേണം.

കൈരളി ചാനലില്‍ ഒരു ടോക്ക് ഷോയില്‍ പങ്കെടുത്തുകൊണ്ട് എന്റെ സുഹൃത്ത് കൂടിയായ രവിചന്ദ്രന്‍ സി. ഇക്കാ‍ര്യത്തെ കുറിച്ചു സംസാരിക്കുന്നത് കേള്‍ക്കുക:10 comments:

V.B.Rajan said...

സുകുമാരേട്ടാ,

എന്നാല്‍ വിശ്വസിക്കുന്നവര്‍ക്കും ആചാരങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്കും അത് ഒഴിവാക്കാനോ സ്വന്തം യുക്തി ഉപയോഗിച്ച് പരിശോധിക്കാനോ പരിമിതികള്‍ ഉണ്ട് താനും.

പരിമിതികള്‍ ഉള്ളപ്പോള്‍തന്നെ പല അന്ധവിശ്വാസങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് സതി, ബാലവിവാഹം, ക്ഷേത്രങ്ങള്‍ക്ക് സമീപത്തുള്ള വഴികളില്‍ ഹരിജനങ്ങള്‍ക്കുള്ള നിരോധനം, താങ്കള്‍ ചൂണ്ടിക്കാട്ടിയ നരബലി തുടങ്ങിപലതും. ഇതിനുപിന്നില്‍ പുരോഗമനചിന്താഗതിക്കാരുടെ നിരന്തര പരിശ്രമം ഉണ്ടായിരുന്നു. ഇവിടെ യുക്തിവാദികള്‍ മിണ്ടാതിരിക്കണം എന്ന താങ്കളുടെ അഭിപ്രായം പിന്തിരിപ്പനാണെന്നു പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു. നിരന്തരമായ ആശയപ്രചരണത്തിലൂടെ മാത്രമേ ഇവയെ ഒഴിവാക്കുവാന്‍ സാധിക്കു.

Anonymous said...

പണ്ട് ആറ്റുകാല്‍ മാത്രം പൊങ്കാല ഉണ്ടായിരുന്നു അതും ഇത്ര വലിയതൊന്നും ആയിരുന്നില്ല , ടീ വീ വന്നതോടെ ആണ് എന്നതും ശരിയല്ല ഈ ഒരു അഞ്ചു വര്‍ഷത്തില്‍ ആണ് ഈ പൊങ്കാല ഇത്ര പരസ്യം നേടിയത് അത് പിന്നെ പടര്‍ന്നു എല്ലാ ദേവീ ക്ഷേത്രത്തിലേക്കും ആയി ഏതാണ്ട് ആലപ്പുഴ വരെ ആയിട്ടുണ്ട് , ഇതിനു പിന്നില്‍ കച്ചവട താല്‍പ്പര്യം , ക്ഷേത്ര സംരക്ഷണ സമിതികള്‍ , സ്ത്രീകള്‍ക്കിടയില്‍ ഭര്‍ത്താക്കന്മാരുടെ മദ്യപാനം മൂലം ഉണ്ടാകുന്ന അസ്വാരസ്യങ്ങള്‍ ഇതു ദേവിയെ ഭാജിച്ചെങ്കിലും മദ്യപാനം ഒന്ന് നില്‍ക്കണേ എന്നാ അഭിവാന്ശ്ച ഇതൊക്കെ ആണ് , ഇതില്‍ ആറ്റുകാല്‍ മാത്രമാണ് റോഡ്‌ ബ്ലോക്ക് ഉണ്ടാക്കുന്നത് , ഒരു ദിവസം മൊത്തം തലസ്ഥാനനഗരം എന്നാ പദവി കൂടി മാനിക്കാതെ സ്തംഭിപ്പിക്കല്‍ ആയി തീര്‍ന്നിരിക്കുന്നു ഈ പൊങ്കാല , പൊങ്കാല പണ്ട് എട്ടു മണിക്കൊക്കെ ആയിരുന്നു തുടങ്ങുന്നത് ഇന്ന് അത് പത്ത് മണിക്കേ തുടങ്ങുന്നുള്ള്, നിവേദിക്കാന്‍ നാല് മണി ആകുന്നു , ഇത് മാത്രം മാറിയാല്‍ മാറി പ്രശനം തീരും അത് ചെയ്യില്ല മുഹൂര്‍ത്തം ഒക്കെ പറഞ്ഞു ഇത് എത്ര നേരം ഒരു പോയിട്ട് കടക്കാന്‍ പാര്‍ടികള്‍ എടുത്തു എന്നപോലെ എത്ര ദൂരെ വരെ പൊങ്കാല പോയി എന്നാ ഒരു മത്സരം ആയി തീര്‍ന്നു ഈ മത്സരം ചാനലുകള്‍ ഉണ്ടാക്കുന്നതാണ് അല്ലാതെ നഗരത്തില്‍ ഒരു പാട് സ്ഥലം കാലി ആയി കിടക്കുന്നു ഇവര്‍ കവര്‍ ചെയ്യുമ്പോള്‍ വലിയ ക്രൌഡ് ആയി തോന്നുകയാണ് , ദൂരെ നിന്നും വരുന്നവര്‍ വന്ന വഴി കണ്ടിടത്ത് ഇരുന്നു പൊങ്കാല ഇടുന്നു എന്നിട്ട പറയുന്നു പൊങ്കാല ആറ്റിങ്ങല്‍ വരെ എത്തി രാവിലെ എട്ടു മണിക്ക് പൊങ്കാല തുടങ്ങി അത് പത്തിന് നിവേദിച്ചു തീര്‍ത്താല്‍ ആര്‍ക്കും വലിയ പ്രശ്നമല്ല അതിനു കോടതി വിചാരിച്ചാലേ നടക്കുകയുള്ളു

ഞാന്‍ പുണ്യവാളന്‍ said...

മണ്‍കലം ഭൂമിയായും അരിയും മറ്റു സാധനങ്ങളും വായു , ജലം , ആകാശം അഗ്നി എന്നിവയായി സങ്കല്‍പ്പിച്ചാല്‍ അത് കൂടി ചേരുമ്പോള്‍ കിട്ടുന്ന ആനന്ദമാണ് പൊങ്കാലയുടെ നിര്‍വൃതി. ഈറന്‍ വസ്ത്രത്തോടെ സൂര്യന് അഭിമുഖമായി നിന്ന് ഭക്തിയില്‍ സ്വയം മറന്നു നില്‍ക്കുമ്പോള്‍ സ്വന്തം ആത്മാവിലും ശരീരത്തിലും അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ പോലും മാറികിട്ടും അത് ശാസ്ത്രം !!


ആറ്റുകാല്‍ പൊങ്കാലയുടെ കാണാമാറയതൂടെ ഒരു യാത്ര

കാണാനാവുന്നതും കാണാതെ പോകുന്ന ചിലതും

ajith said...

വേസ്റ്റ്....കംപ്ലീറ്റ്ലി

Manoj മനോജ് said...

"ചികിത്സ എന്നാല്‍ ശാസ്ത്രീയമായത് മോഡേണ്‍ മെഡിസിന്‍ മാത്രമാണ്. ബാക്കിയെല്ലാം അശാസ്ത്രീയമോ തട്ടിപ്പുകളോ ആണ്."
ഏറ്റവും വലിയ തട്ടീപ്പാണു മോഡേൺ മെഡിസിൻ എന്ന് അതിന്റെ ഉള്ള് കള്ളി അറിയുന്നവർക്കറിയാം ;))

പൊങ്കാല എന്ന് കേൾക്കുമ്പോൾ എന്റെ ഓർമ്മയിൽ വരിക എന്റെ അപ്പുപ്പനെയാണു... അദ്ദേഹത്തിന്റെ പറമ്പിന്റെ മൂലയിൽ ഒരു കല്ല് ഉണ്ടായിരുന്നു... അയൽക്കാരിൽ ആരോ സ്വപ്നം കണ്ടു ആ കല്ലിൽ “ശക്തി”യുണ്ടെന്ന്.. ആദ്യ വർഷം 2-3 പേർ ആ കല്ലിനടുത്ത് അടുപ്പെല്ലാം കൂട്ടി പൊങ്കാലയിട്ടു... പിറ്റേ കൊല്ലമായപ്പോൾ “ശക്തി”യുടെ ശക്തി അറിഞ്ഞ് ആളുകളുടെ എണ്ണം കൂടി... ചൂടടിച്ച് പറമ്പിലെ തെങ്ങുകൾ പ്രശ്നങ്ങൾ കണിച്ചപ്പോൾ അപ്പൂപ്പൻ ആ കല്ല് പിഴുത് വഴിയിലേയ്ക്ക് ഒറ്റ ഏറ്... സ്വപ്നദർശനം ലഭിച്ച വീട്ടുകാർ അതെടുത്ത് കൊണ്ട് പോയെങ്കിലും “ശക്തി”ക്ക് ശക്തി പോരാഞ്ഞതു കൊണ്ടോ എന്തോ പൊങ്കാല അധിക കാലം നീണ്ടില്ല... വർഷങ്ങൾക്കിപ്പുറം ആ കല്ല് ഇപ്പോൾ വിഗ്രഹമായി, ഒരു ക്ഷേത്രവും ആയി!!!! ചെറായിയിലെ ജനത സ്റ്റോപ്പിലുള്ള പുതിയ ക്ഷേത്രത്തെ പറ്റി ചെറായി ബ്ലോഗേഴ്സിനോടു ചോദിച്ചാൽ അറിയാം ;)

വിശ്വാസം അതല്ലേ എല്ലാം ;))

ഈ ആറ്റുകാലു പ്രസിദ്ധമാകുന്നതിനു മുൻപേ തന്നെ തിരുവനന്തപുരം നിവാസികൾക്ക് പൊങ്കാല ജീവിതത്തിന്റെ ഭാഗം തന്നെയല്ലേ!!! വീട്ടിൽ നല്ല കാര്യങ്ങൾ നടക്കുമ്പോൾ പൊങ്കാല ഇടുന്നത് ഒരു പതിവല്ലേ!!!

ആറ്റുകാലും ഒരു തരംഗമായി... മീഡിയയെ ഉപയോഗിച്ചു അവർ നല്ല ബിസിനസ്സ് നടത്തുന്നു!!!

പൊതുവഴി തടയുന്നവർക്കെതിരെ കേസ് എടുക്കുവാൻ കോടതി പണ്ടേ ഉത്തരവിട്ടുണ്ട്. അതിനാൽ തന്നെ ഇതിനെതിരെ കേസ് എടുക്കുന്നതിൽ നിയമപരമായി തടസ്സം ഒന്നും ഉണ്ടാകില്ല എന്ന് തോന്നുന്നു...

ഇനി ഒരു സംശയം.... ദൈവത്തെ അടുത്തറിയുന്ന പുരോഹിതരിൽ ചിലർ കൊച്ചു കുട്ടികളെ പ്രകൃതി വിരുദ്ധ നടപടിക്ക് വിധേയരാക്കിയിട്ടും വർഷങ്ങൾ വീണ്ടും ദൈവത്തെ സേവിച്ചും കഴിഞ്ഞതൊക്കെ പുറത്ത് വരുന്നു.. എന്നിട്ടും ദൈവത്തിനു അടുത്തു നിന്നു പ്രവർത്തിച്ച ആ നീചന്മാർക്ക് ശിക്ഷയൊന്നും ലഭിക്കാതെ സുഖമായി ജീവിച്ച് സമാധാനപരമായി മരിച്ച് പോകുന്നതും തലതൊട്ടപ്പന്മാർ അവരെ സംരക്ഷിച്ച് വലിയ സ്ഥാനങ്ങളിൽ എത്തുന്നതും ഒക്കെ കാണുമ്പോൾ എങ്ങിനെയാനു ദൈവം ഉണ്ടെന്ന് വിശ്വസിക്കുക ;)) ദൈവത്തിനടുത്ത് നിൽക്കുന്ന മതപുരോഹിതരിൽ പലരും (ഒരു പ്രത്യേക മതവിഭാഗം മാത്രമല്ല) ദൈവത്തിനെതിരെ പ്രവർത്തിച്ചിട്ടും ഒന്നും സംഭവിക്കാതെ സുഖമായി ജീവിച്ച് മരിക്കുന്നത് മുന്നിൽ കാണുമ്പോൾ ദൈവത്തിന്റെ വില തന്നെയല്ലേ കുറയുന്നത് ;)

ChethuVasu said...

മനുഷ്യരില്‍ യുക്തി ചിന്ത ഉണ്ടെന്നു അവരെ പറഞ്ഞു മനസ്സിലാക്കുന്നത് എങ്ങനെ എന്ന് ആലോചിച്ചു ഒരു അതും പടിയും കിട്ടുന്നില്ല ...!

വിശ്വാസം നില നില്‍ക്കുന്നതിനു സാമൂഹ്യമായ അടിസ്ഥാനം ഉണ്ട് .. അത് ഉല്‍കൃഷ്ടമാണ് എന്നുള്ള ബോധം.. ഉല്‍കൃഷ്ടമായതിനെ അനുകര്രിക്കുക എന്നതാണ് മനുഷ്യന്റെ രീതി .
വിശ്വാസത്തിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍ സമൂഹത്തില്‍ ഏറ്റവും ഉല്‍കൃഷ്ടര്‍ ആണ് എന്നാ ധാരണയില്‍ നിന്നാണ് അവരുടെ രീതികളെ അനുകരിക്കുക വഴി വിശാസം വളരുന്നത്‌ .

അങ്ങനെ ഒരു ഉല്‍കൃഷ്ട വിഭാഗങ്ങള്‍ ഇല്ല എന്ന് സമൂഹം മനസ്സില്ലക്കാത്ത ഇടതോളം ഇത്തരം കാര്യങ്ങള്‍ സംഭവിക്കും .

Som Menon said...

മുപ്പത്തി അഞ്ചു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന ഒരു ഉത്സവം ആ നാടിന്റെ തന്നെ ഉത്സവം ആയി കണക്കാക്കണം. അതില്‍ പങ്കെടുക്കാത്ത മറ്റാളുകള്‍ മുഴുവനും അതിനോട് യോജിപ്പില്ലാത്തവര്‍ ആണെന്ന് കണക്കാക്കാന്‍ പറ്റില്ല. അങ്ങിനെയിരിക്കെ ആ നാടിന്റെ ഉത്സവം കുറച്ചു ആളുകള്‍ക്ക് അതിനോട് യോജിപ്പ് ഇല്ലെങ്കില്‍ കൂടി ഭൂരിപക്ഷം യോജിപ്പ് ഉള്ളവരെ മാനിച്ചു അവരോടൊപ്പം സഹകരിച്ചു അത് ഭംഗിയാക്കുകയാണ് വേണ്ടത്. അതായിരിക്കണം നമ്മള്‍ ഉതുഘോഷിക്കുന്ന മത സൌഹാര്‍ദം അല്ലെങ്കില്‍ സാഹോദര്യം. അല്ലാതെ ഇതുമൂലം ഓഫീസില്‍ എത്താന്‍ ഇരുപതു മിനുട്ട് വൈകി തുടങ്ങിയ ന്യായങ്ങള്‍ പറയുകയല്ല വേണ്ടത്. വഴിയില്‍ ഒരു അപകടം ഉണ്ടായാല്‍ റോഡു ബ്ലോക്ക്‌ ആയി ഓഫീസില്‍ എത്താന്‍ ലേറ്റ് ആകില്ലേ? റോഡു പണി നടക്കുമ്പോള്‍ അല്ലെങ്കില്‍ പാലം പണി നടക്കുമ്പോള്‍ ലേറ്റ് ആകാറിലെ?

മതപരമായ ആഖോഷങ്ങള്‍ രാഷ്ട്രീയ സമ്മേളനങ്ങളുമായി താരതംമ്യം ചെയ്യാന്‍ കഴിയില്ല. രാഷ്ട്രീയ സമ്മേളനങ്ങള്‍ മാസത്തില്‍ മുപ്പതു ദിവസവും നടക്കുന്ന ഒരു ചടങ്ങാണ്. ജനം എങ്ങോട്ട് ഇറങ്ങിയാലും അവിടെ ഒക്കെ ഏതെന്കിലും രാഷ്ട്രീയക്കാരുടെ സമ്മേളനമോ കവല പ്രസംഗമോ വഴി തടയാലോ ഹര്‍ത്താലോ ബന്ദോ എന്തെങ്കിലും ഒക്കെ കാണും. ഇതൊക്കെ ജനങ്ങള്‍ക്ക്‌ മടുത്തു. ഇതു ജനങ്ങളുടെ സഞ്ചാര സ്വതന്ത്രത്തെ ഹനിക്കുന്നത് തന്നെ ആണ്. അതാണ്‌ ഹൈക്കോടതി പറഞ്ഞതും. നേരെ മറിച്ച് മതപരമായ ആഖോഷങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു പ്രത്യേക ദിവസം പ്രത്യേക സമയത്ത് നടക്കുന്ന ചടങ്ങാണ്. അതിനു ജന പിന്തുണ കൂടിയത് കൊണ്ടാണ് ക്ഷേത്രത്തില്‍ നിന്ന് റോഡിലേക്ക് ഇറങ്ങേണ്ടി വന്നത്. ഇതേ പോലുള്ള ആഖോഷങ്ങള്‍ രാഷ്ട്രീയ സമ്മേളനംഗല്‍ പോലെ ഇട തടവില്ലാതെ നടക്കുന്ന ഒന്നായിരുന്നെങ്കില്‍ തീര്‍ച്ചയായും അത് ജനങളുടെ സഞ്ചാരത്തെ ഹനിക്കുന്നതാണ് അത് തടയേണ്ടത് ആവശ്യവും ആണ്‌. അതുപോലെ തന്നെ രാഷ്ട്രീയ പൊതുയോഗങ്ങളും സമ്മേളനങ്ങളും വര്‍ഷത്തില്‍ ഒരിക്കല്‍ വളരെ അധികം ജന പിന്തുണയോടെ നടക്കുന്ന ഒന്നാണെങ്കില്‍ തീര്‍ച്ചയായും ജനങ്ങള്‍ക്കോ കോടതിക്കോ എതിര്‍പ്പ് ഉണ്ടാകുമായിരുന്നെന്നു തോന്നുന്നില്ല.

പാതയോരത്ത് പൊതുയോഗം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നപ്പോള്‍ തന്നെ സിപിഎം ചോദിച്ചത് അപ്പോള്‍ ആറ്റുകാല്‍ പൊങ്കാല എന്ത് ചെയ്യും എന്നാണ്. അന്ന് മുതല്‍ ഇതു ലക്ഷ്യംമാക്കി ഇരുന്നു എന്നുവേണം മനസ്സിലാക്കാന്‍. സിപിഎം നു വോട്ട് പോകുമോ എന്ന് പേടി ഉള്ളതുകൊണ്ട് അനുബന്ധ സംഖടന ആയ യുക്തിവാദി സന്ഖത്തെ കൊണ്ട് പറയിച്ചു എന്നെ ഉള്ളൂ. ആറ്റുകാല്‍ പൊങ്കാല സംഭവത്തിന്റെ കൂട്ടുപിടിച്ച് ജനപിന്തുനയോടു കൂടി ഹൈക്കോടതി വിധിയെ അപ്രായോഗികം എന്ന് വിളിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് അവസരമായി. അത് തന്നെയായിരുന്നു ഈ വിവാദത്തിന്റെ ലക്ഷ്യവും എന്നുവേണം മനസ്സിലാക്കാന്‍.

nandu nandanam said...

കഷ്ടം തന്നെ ഹിന്ദു സമൂഹത്തിന്‍റെ അവസ്ഥ പൗരോഹിത്യം നല്‍കുന്ന കെട്ടു കഥകളെ അവര്‍ ഈശ്വര വിശ്വാസമായി തെറ്റിദ്ധരിക്കുന്നു..കല്ലും മണ്ണൂം പകൃതി പ്രതിഭാസവുമെല്ലാം അവര്‍ക്ക് ദൈവമാണ.പരബ്രഹ്മമായ ദൈവത്തെ മൂലയില്‍ തള്ളി മാറ്റി പകരം നിരവധി പ്രാദേശിക മൂര്‍ത്തികളേയും കരിങ്കല്ലിനേയും പൂജിച്ച് യഥാര്‍ത്ഥ ഈശ്വരനില്‍ നിന്ന് സാധാരണക്കാരെ അകറ്റുന്നു.സതി അനുഷ്ഠിച്ച കെട്ട കാലത്തെ പൗരോഹിത്യത്തിന് പ്രാകൃതമായ ആ ആചാരവൂം ദൈവപ്രീതി ഉണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലായിരുന്നു..മാനവസേവ മാധവസേവ എന്നതിന് പകരം പൂജാരി സേവ മാധവസേവ എന്നാക്കി മാറ്റി.ഹിന്ദുക്കള്‍ക്ക് ഭഗവാന്‍ കൃഷ്ണന്‍ പുനരവതരിക്കേണ്ട സമയമായി

nandu nandanam said...

കുംഭമേളയെന്ന പേരില്‍ നടക്കുന്ന ആ ആചാരത്തില്‍ സംപ്രീതനാകുന്ന ദൈവം എന്തൊരു ദൈവമായിരിക്കും..നാവില്‍ ശൂലം കുത്തി തറയിലുരുണ്ടും കലത്തില്‍ കഞ്ഞി തിളപ്പിച്ചും പ്രസാദിപ്പിക്കാവുന്ന ദൈവം

nandu nandanam said...

ഭഗവദ് ഗീത ഒരിക്കല്‍ പോലും വായിച്ചിട്ടില്ലാത്ത ഭക്തജനങ്ങളേ,..പൗരോഹിത്യത്തിന് മൃഷ്ടാന്ന ഭോജ്യമൊരുക്കുന്ന നിങ്ങള്‍ നിങ്ങളുടെ ചുറ്റുവട്ടത്തുള്ള പാമരരെ സേവിക്കൂ..അതാണ് ഈശ്വരപൂജ..