പിണറായിയും പി.ഡി.പി.യും പിന്നെ ലാവലിനും

ങ്ങനെ ഒടുവില്‍ പിണറായി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. താന്‍ അഴിമതിക്കേസില്‍ ഒരു പ്രതിയാണെന്നെങ്കിലും സമ്മതിക്കുകയായിരുന്നു അദ്ദേഹം ഈ നടപടിയിലൂടെ. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കോടതി ഒരാളെ കുറ്റവാളി എന്നു വിധിക്കുന്നത് വരെ പ്രതിപ്പട്ടികയിലുള്ള ഏതൊരാളും നിരപരാധിയാണ്. എന്നാല്‍ ഈ കേസില്‍ നിന്ന് തടി തപ്പാന്‍ പിണറായി ഇത് വരെ നടത്തിയിട്ടുള്ള വഴി വിട്ട ശ്രമങ്ങള്‍ വീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമാകുന്ന കാര്യം അദ്ദേഹം നിരപരാധിയല്ലെന്നാണ്. നിരപരാധി ആയിരുന്നെങ്കില്‍ ധൈര്യപൂര്‍വ്വം എത്രയും വേഗം നിയമനടപടികളുമായി സഹകരിച്ചു തന്റെ നിരപരാധിത്വം തെളിയിക്കാനായിരിക്കും അദ്ദേഹം ശ്രമിച്ചിരിക്കുക. ഇപ്പോള്‍ കേസ് എങ്ങനെ അനന്തമായി നീട്ടിക്കൊണ്ടുപോകാമെന്നാണ് കൌശലപൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ അദ്ദേഹം പറയുന്നത് ലാവലിന്‍ ഗൂഢാലോചന ആന്റണി സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തിയായിരുന്നു എന്നാണ്. ഈ പ്രസ്ഥാവനയോടെ ശരിക്കും വെട്ടില്‍ വീണിരിക്കുന്നത് ആരാണ്, ആന്റണിയോ അതോ പിണറായി തന്നെയോ? ഒന്നാമത്, ലാവലിനുമായ ഇടപാടില്‍ ഗൂഢാലോചന ഉണ്ടായിരുന്നു എന്ന് അദ്ദേഹം സമ്മതിക്കുന്നു. അങ്ങനെ ഒരു ഗൂഢാലോചന നടന്നിരുന്നു എന്ന് മനസ്സിലാ‍യെങ്കില്‍ ആ കരാര്‍ റദ്ധാക്കി ആന്റണിയെയും കാര്‍ത്തികേയനെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയായിരുന്നില്ലേ കമ്മ്യൂണിസ്റ്റുകാരനായ പിണറായി ചെയ്യേണ്ടിയിരുന്നത്. അപ്രകാരം ചെയ്യാതെ, ഗൂഢാലോചന പൂര്‍ത്തിയായ ഒരു കരാറുമായി മുന്നോട്ട് പോവുകയും, ഇപ്പോള്‍ ആന്റണിയെയും കാര്‍ത്തികേയനെയും കൂട്ടുപ്രതികളാക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്ന പിണറായി, താനും കുറ്റവാളി തന്നെയാണെന്ന് സമ്മതിക്കുകയല്ലെ ചെയ്യുന്നത്. അപ്പോള്‍ ഗൂഢാലോചന പൂര്‍ത്തിയായ ഒരു കരാറില്‍ സ്വാഭാവികമായും അഴിമതി നടന്നിട്ടുണ്ടാവുമല്ലൊ. ആ അഴിമതിയുടെ പങ്ക് പറ്റാന്‍ തന്നെയായിരിക്കുമല്ലൊ പിണറായിയും കരാറുമായി മുന്നോട്ട് പോയിരിക്കുക. എത്ര നല്ല അവസരമാണ് പിണറായി നഷ്ടപ്പെടുത്തിയത്? ആ ഗൂഢാലോചന അന്ന് വെളിപ്പെടുത്തിയിരുന്നുവെങ്കില്‍ ഇന്ന് ആന്റണിക്ക് കേന്ദ്രത്തില്‍ പ്രതിരോധമന്ത്രിയായിരിക്കാന്‍ കഴിയുമായിരുന്നോ?

ആന്റണി സര്‍ക്കാര്‍ ഗൂഢാലോചോന പൂര്‍ത്തീകരിച്ചതിന്റെയും അത് പിന്നീട് പിണറായി സാക്ഷാല്‍ക്കരിച്ചതിന്റെയും ഒരു സാമ്പിള്‍ ഇതാ: കാര്‍ത്തികേയന്‍ മന്ത്രിയായിരിക്കെ ഉണ്ടാക്കിയ കണ്‍‌സല്‍ട്ടന്‍സി കരാറില്‍ കെ.എസ്.ഇ.ബി. 1948ലെ ഇലക്‍ട്രിസിറ്റി സപ്ലൈ ആക്റ്റ് പ്രകാരം രൂപവല്‍ക്കരിക്കപ്പെട്ട സ്ഥാപനമാണ്. എന്നാല്‍ പിണറായിയുമായുണ്ടാക്കിയ സപ്ലൈ കരാറില്‍ കെ.എസ്.ഇ.ബി. എന്നത് 1965ലെ കമ്പനി ആക്റ്റ് പ്രകാരം രൂപവല്‍ക്കരിച്ച ഒരു കമ്പനിയാണ്. എന്തിനാണ് പിണറായി കെ.എസ്.ഇ.ബിയെ ഇല്ലാത്ത കമ്പനിയാക്കിയത്? പൂര്‍ത്തീ‍കൃതമായ ഗൂഢാലോചന സാക്ഷാല്‍ക്കരിക്കാനല്ലെങ്കില്‍ മറ്റെന്തിന്?

ആന്റണിയെയും സാക്ഷിയായി വിസ്തരിക്കണം എന്ന പിണറായിയുടെ ഹരജി, സി.ബി.ഐ.യുടെ സത്യവാങ്‌മൂലപ്രകാരം കോടതി തള്ളിയാല്‍ പിന്നെ പിണറായി, ഗൂഢാലോചന പൂര്‍ത്തിയാക്കിയവരെ കൂട്ടാളികളായി ലഭിക്കാതെ എത്രയോ കാലം കോടതി വരാന്ത കയറിയിറങ്ങണം. അത്രയും കാലത്തോളം അദ്ദേഹത്തിന് പാര്‍ട്ടി സെക്രട്ടരി സ്ഥാനത്ത് തുടരാന്‍ കഴിയുമെങ്കില്‍ സാരമില്ല. സില്‍ബന്ധികള്‍ കാര്യങ്ങള്‍ നോക്കിക്കൊള്ളുമല്ലൊ. ഒരു കാര്യം പൊതുസമൂഹത്തിന് വ്യക്തമായി. ലാവലിന്‍ കരാര്‍ സുതാര്യമല്ല. അതില്‍ ഗൂഢാലോചനയുണ്ട്. അപ്പോള്‍ അതില്‍ അഴിമതിയും ഉണ്ട് എന്ന് ന്യായമായും ഉറപ്പിക്കാം. ആ ഗൂഢാലോചന തക്ക സമയത്ത് പുറത്ത് കൊണ്ടുവരാതെ ആ കരാറുമായി മുന്നോട്ട് പോയത് പിണറായിക്കും അഴിമതിയില്‍ പങ്ക് പറ്റാന്‍ വേണ്ടി തന്നെയാണെന്ന്, ആളുകള്‍ ഉറപ്പിച്ചാല്‍ അത് തെറ്റെന്ന് പറയാന്‍ പറ്റില്ല.

അഴിമതിക്കേസ് കെട്ടുമായി ഇങ്ങനെ കോടതി കയറിയിറങ്ങുന്ന ഒരാളെ പാര്‍ട്ടി സെക്രട്ടരി സ്ഥാനത്തും പി.ബി.അംഗമായും എത്ര കാലം സി.പി.എമ്മിന് കൊണ്ടുനടക്കാന്‍ പറ്റും? പിണറായി നിരപരാധിയാണെന്നും അദ്ദേഹം വേട്ടയാടപ്പെടുകായെണെന്നും ഒരു കുട്ടി പോലും ഇന്ന് കരുതുകയില്ല. ലാവലിന്‍ ഇടപാടില്‍ ഗൂഢാലോചന ആന്റണി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി എന്ന പ്രസ്ഥാവനയോടെ, താനും ആ ഗൂഢാലോചനയുടെ പിന്‍‌തുടര്‍ച്ചാവകാശിയാണെന്ന് പിണറായി അസന്നിഗ്ദ്ധമായി സമ്മതിച്ചല്ലൊ. തീര്‍ച്ചയായും ആ‍ കരാറില്‍ കാര്‍ത്തികേയന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ ആ കരാര്‍ ഒഴിവാക്കി, സുതാര്യമായ മറ്റൊരു കരാറില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടി മന്ത്രിയെയായിരിക്കും മാര്‍ക്സിസ്റ്റുകാര്‍ അംഗീകരിക്കുക. ആ കരാറില്‍ നിന്ന് പിന്മാറാന്‍ പിണറായിക്ക് കഴിയുമായിരുന്നില്ല എന്നൊക്കെ ചില പിണറായി ഭക്ത്ന്മാര്‍ മുന്‍പ് തര്‍ക്കിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയായിരുന്നാല്‍ പോലും ഒരവിഹിത കരാറുമായി ശുദ്ധനാണെങ്കില്‍ പിണറായിക്ക് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയും? ചുരുക്കത്തില്‍, തെളിവുണ്ടെങ്കിലേ കോടതി പിണറായിയെ ശിക്ഷിക്കുകയുള്ളൂ. എന്നാല്‍ അദ്ദേഹത്തിന്റെ കൈകള്‍ ശുദ്ധമല്ല എന്ന് തന്റെ പ്രസ്ഥാവനകളിലൂടെയും, കേസിനെ നേരിടുന്ന രീതികളിലൂടെയും തെളിയിച്ചിരിക്കുന്നു. ഇത്തരം ഒരു കേസില്‍ അകപ്പെട്ട ആളെ, കേസ് കഴിയുന്ന വരെ പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്ന് മാറി നില്‍ക്കണം എന്ന് ആവശ്യപ്പെടാന്‍ കഴിയുന്നില്ല എന്നത്, മറ്റൊരു പാ‍ര്‍ട്ടിക്കും ഇത്ര വലിയൊരു ഗതികേട് ഇല്ല എന്നതിന്റെ തെളിവാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എത്ര മാറിപ്പോയി അല്ലേ?

പി.ഡി.പി.യുമായി വേദി പങ്കിട്ടത് തെറ്റായിപ്പോയെന്നും, അത്തരം തെറ്റുകള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും എം.കെ.പാന്ഥേ ഡല്‍ഹിയില്‍ പറഞ്ഞപ്പോള്‍ കോടിയേരി പ്രതികരിച്ചത് എന്താണ്? പാന്ഥേ പറഞ്ഞതില്‍ പുതുമയൊന്നുമില്ല എന്ന്. ഇരുവരും പി.ബി.അംഗങ്ങളാണ്. ഇപ്പോള്‍ പി.ഡി.പി. ബന്ധത്തെ കുറിച്ച് അതിലപ്പുറമോ പുതുതായോ അച്യുതാനന്ദന്‍ ഒന്നും പറഞ്ഞിട്ടില്ല. പി.ഡി.പി.യുമായി ഭാവിയില്‍ സഹകരിക്കുമോ ഇല്ലയോ എന്ന് പിണറായി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കാത്തത് കൊണ്ട്, അച്യുതാനന്ദന്‍ ഇനി ഒരിക്കലും പിഡിപിയുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടാകില്ല എന്ന് വ്യക്തമാക്കിയെന്നേയുള്ളൂ. അതാകട്ടെ പാന്ഥേ പറഞ്ഞതിന്റെ ബലത്തില്‍ അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു എന്ന് മാത്രം. ഭാവിയിലെ കാര്യങ്ങള്‍ പറയുന്നത് സംഘടനാശൈലിക്ക് നിരക്കുന്നതല്ല എന്നാണ് പാര്‍ട്ടി ഔദ്യോഗികപക്ഷം ഇപ്പോള്‍ പറയുന്നത്. പിണറായി ഒഴികെ മറ്റാരും ഇപ്പോള്‍ കേരള സി.പി.എമ്മില്‍ അഭിപ്രായം പറഞ്ഞുകൂട എന്നാണോ അവസ്ഥ? പി.ഡി.പി.യുമായി സി.പി.എമ്മിനുള്ള കെട്ടുപാടും ബാധ്യതയും സംശയിക്കേണ്ട അവസ്ഥയാണിപ്പോള്‍.

ജയിലില്‍ നിന്ന് വന്ന മദനി തീര്‍ത്തും മാറി എന്ന് സ്ഥാപിക്കാന്‍ സി.പി.എം. ഔദ്യോഗികവിഭാഗം കാണിക്കുന്ന വെപ്രാളം അരോചകമാണ്. താന്‍ മാറി എന്ന് വാക്കാല്‍ പറഞ്ഞാല്‍ മായുന്നതാണോ മദനിയുടെ ഭൂതകാല പ്രവര്‍ത്തനങ്ങള്‍? നിഗൂഢതകള്‍ ഇന്നും മദനിയെ ചുറ്റിപ്പറ്റിയുണ്ട്. കേരളത്തിലെ തീവ്രവാദ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി തുടരന്വേഷണം നടത്തുമ്പോള്‍ ഒരു പക്ഷെ മദനി വീണ്ടും പ്രതിയായിക്കൂടെന്നില്ല. അപ്പോള്‍ താന്‍ മാറിയെന്നും ആത്മീയ പാത സ്വീകരിച്ചെന്നും തന്റെ കാല് നഷ്ടപ്പെടുത്തിയവര്‍ക്ക് കോടതിയില്‍ പോയി മാപ്പ് കൊടുത്തെന്നും പറഞ്ഞാല്‍ മദനിയെ അവര്‍ ഒഴിവാക്കുമോ? മദനി മാപ്പ് കൊടുത്തത്കൊണ്ടല്ല ആ കേസിലെ പ്രതികള്‍ വെറുതെ വിടപ്പെട്ടത്. അങ്ങനെയൊരു കീഴ്വഴക്കമില്ല. കുറ്റം ആരോപിക്കപ്പെട്ട പ്രതികള്‍ക്കെതിരെ ഒരു തെളിവും ഇല്ലായിരുന്നു. എങ്ങനെയാണ് തന്റെ ഒരു കാല്‍ നഷ്ടപ്പെട്ടതെന്ന സത്യം മദനിക്കേ അറിയൂ. ചില ആളുകളുടെ പേരു പറഞ്ഞുകൊടുത്തു, പോലീസ് അവരെ പ്രതിയാക്കി കേസ് ചാര്‍ജ്ജ് ചെയ്തു, പ്രോസിക്യൂഷന് തെളിയിക്കാനാകാതെ പ്രതികളെ വെറുതെ വിട്ടു.

തടിയന്റവിട നസീര്‍ പിടിയിലായത് മുതല്‍ മദനിയുടെ നീക്കങ്ങള്‍ ദുരൂഹമായിരുന്നു. ചികിത്സയിലായിരുന്ന മദനി ഒളിച്ചു പോയത് അന്‍‌വാര്‍‌ശ്ശേരിയിലെ യത്തീംഖാനയിലേക്കാണ്. മൂന്ന് നാല് ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആ യത്തീംഖാനയുടെ ചുറ്റുമതില്‍ ഏത് സെന്‍‌ട്രല്‍ ജയിലിന്റെ മതിലിന്റേതിനേക്കാളും ഉയരം കൂടിയതാണ്. മദനി അവിടെ എത്തിയത് മുതല്‍ മണി എന്ന യൂസഫ് മട്ടനൂര്‍ കോടതിയില്‍ പി.ഡി.പി. നേതാക്കള്‍ക്കൊപ്പം കീഴടങ്ങിയത് വരെ എന്തെല്ലാം കാര്യങ്ങളാണ് സംഭവിച്ചത്. ഈ മദനിയെയും പി.ഡി.പി.യെയും തള്ളിപ്പറയുകയല്ലെ യഥാര്‍ഥത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത്. പി.ഡി.പി.എന്നത് മദനിയുടെ ഒരു രക്ഷാകവചം മാത്രമാണ്. മദനിയുടെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവാണ് പൂന്തുറ സിറാജ്. ആ സിറാജിന്റെ ബന്ധുവാണ് കൊല്ലം ജില്ലാ പ്രസിഡണ്ട് മൈലക്കാട് ഷാ എന്നയാള്‍. മദനിയെ രക്ഷിക്കാന്‍ നോക്കുക എന്നതല്ലാതെ എന്ത് രാഷ്ട്രീയ ദൌത്യമാണ് പി.ഡി.പി. എന്ന പാര്‍ട്ടിക്ക് കേരളത്തില്‍ നിര്‍വ്വഹിക്കാനുള്ളത്? പി.ഡി.പി.യെ സി.പി.എം. ഔദ്യോഗികപക്ഷം തള്ളാത്തതിന്റെ കാരണം വോട്ട് മാത്രമാകാന്‍ വഴിയില്ല. കാരണം ആ ബന്ധം ഉപേക്ഷിച്ചാലാണ് ഇടത് കക്ഷികള്‍ക്ക് മതേതരവോട്ടുകള്‍ കൂടുതല്‍ ലഭിക്കുക എന്ന് സുബോധമുള്ള ആരും പറയും.

പിണറായിയെയും പി.ഡി.പി.യെയും താങ്ങിക്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇനി എത്ര നാള്‍ മുന്നോട്ട് പോകാന്‍ കഴിയും എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കാലത്തിന് മാത്രമേ കഴിയൂ. കാരണം ഇവിടെ ഒരസാധരണ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. സാധാരണഗതിയിലാണെങ്കില്‍ പിണറായിയോട് തല്‍ക്കാലം മാറി നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് പാര്‍ട്ടിക്ക് ഈ പാപഭാരത്തില്‍ നിന്ന് മാറി നില്‍ക്കാം. എന്നിട്ട് പാര്‍ട്ടിക്ക് അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാം. ഇന്നത്തെ സാഹചര്യത്തില്‍ പിണറായിയോട് മാറി നില്‍ക്കാന്‍ പറയുന്നതിനെ കുറിച്ച് ദേശീയ നേതൃത്വത്തിന് ആലോചിക്കാന്‍ പോലും കഴിയില്ല. എന്തെന്നാല്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ ഒന്നടങ്കം പിണറായിയുടെ പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ്. നിഷ്കളങ്കരായ അണികള്‍ക്ക് പിന്നെ സ്ഥാനം അലങ്കരിക്കുന്ന നേതാക്കളെ ന്യായീകരിക്കുക എന്ന സംഗതിയേ അറിയാവൂ. ഇതൊക്കെ നോക്കുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് കൂട്ടായ രാഷ്ട്രീയപ്രവര്‍ത്തനമോ അതോ കൂട്ടുകച്ചവടമോ? കളങ്കിതമായ ധനം നേതാക്കളെ നിയന്ത്രിക്കുന്നു എന്ന് നമുക്ക് നിസ്സംശയം പറയാന്‍ കഴിയും.

14 comments:

Swasthika said...

""കേസ് കഴിയുന്നവരെ പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്ന് മാറി നില്‍ക്കണം എന്ന് ആവശ്യപ്പെടാന്‍ കഴിയുന്നില്ല എന്നത്, മറ്റൊരു പാ‍ര്‍ട്ടിക്കും ഇത്ര വലിയൊരു ഗതികേട് ഇല്ല എന്നതിന്റെ തെളിവാണ് """

ബോഫോര്സ് കേസില്‍ നിന്ന് മരണം വരെ രാജീവ് ഗാന്ധിക്ക് ഊരാന്‍ കഴിഞ്ഞോ. എന്നിട്ട് രാജീവിനെ ഗാന്ധിസം പറയുന്ന കൊണ്ഗ്രെസ്സ് പ്രസിഡണ്ട്‌ പദത്തില്‍ നിന്ന് ഒഴിവാക്കിയോ ? ഇപ്പൊ അടുത്ത കാലത്താണ് കൊത്രോച്ചിയെ സീ ബി ഐ ഊരിക്കൊടുത്തത്.ഇനിയും എത്രയോ ഉദാഹരണങ്ങള്‍ പറയാം. മാര്‍ക്സിസം പറയുന്ന സീപിഎം ഗാന്ധിസം പറയുന്ന സീ പിഎമ്മിനെക്കാ ള് നന്നാവണമെന്ന് കൊണ്ഗ്രെസ്സുകാരനായ സുകുമാരന്‍ സാറിനെന്താ ഇത്ര വെപ്രാളം. വിട്ടു പിടിച്ചൂടെ.ഇതൊക്കെ എത്ര കാലം ഓടിച്ചു, കളര്‍ പടം തേഞ്ഞു ബ്ളാക്ക് ‌ ആന്‍ഡ്‌ വൈറ്റ് ആയി.

Baiju Elikkattoor said...

"പിണറായിയെയും പി.ഡി.പി.യെയും താങ്ങിക്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇനി എത്ര നാള്‍ മുന്നോട്ട് പോകാന്‍ കഴിയും ......"

valare prasakthamaya chodiyam! nalla lekhana!!

കാക്കര - kaakkara said...

താന്‍ മാറി എന്ന് വാക്കാല്‍ പറഞ്ഞാല്‍ മായുന്നതാണോ മദനിയുടെ ഭൂതകാല പ്രവര്‍ത്തനങ്ങള്‍?

Baiju Elikkattoor said...

"മാര്‍ക്സിസം പറയുന്ന സീപിഎം ഗാന്ധിസം പറയുന്ന സീ പിഎമ്മിനെക്കാ ള് നന്നാവണമെന്ന് കൊണ്ഗ്രെസ്സുകാരനായ സുകുമാരന്‍ സാറിനെന്താ ഇത്ര വെപ്രാളം......."

ha ha ..... tharathammyam angu ishtappettu....!

congressinekkal vazhal alle ippozhathe pokku? nannavum ennu aarkkum pratheeksha onnum illa.

K.P.SUKUMARAN said...

ബോഫോര്‍സ് കേസില്‍ നിന്ന് മരണം വരെ രാജീവ് ഗാന്ധിക്ക് ഊരാന്‍ കഴിഞ്ഞോ. എന്നിട്ട് രാജീവിനെ ഗാന്ധിസം പറയുന്ന കൊണ്ഗ്രെസ്സ് പ്രസിഡണ്ട്‌ പദത്തില്‍ നിന്ന് ഒഴിവാക്കിയോ?

പിണറായിയെ സെക്രട്ടരി സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് ആരും പറയുന്നില്ല. അങ്ങനെ മറ്റാന്‍ കഴിയില്ല എന്ന് നിരീക്ഷിക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്.കാരണം മുന്നേ പറഞ്ഞിട്ടുണ്ട്.സി.പി.എം.എന്നാല്‍ കേവലമൊരു രാഷ്ട്രീയപാര്‍ട്ടി മാത്രമല്ല. ബിസിനസ്സ് സ്ഥാപനം കൂടിയാണത്.പകുതിക്ക് വെച്ച് ഇറങ്ങിപ്പോകാനല്ല ഇത്രയും സംരംഭങ്ങള്‍ കഷ്ടപ്പെട്ട് ഓടി നടന്ന് കെട്ടിപ്പടുത്തിട്ടുള്ളത്. പിന്നെ സി.പി.എം.നന്നാവണമെന്ന് അഭിപ്രായമില്ല. എന്നാല്‍ പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും എന്നെന്നും ജനം ചുമക്കണമെന്നില്ല.

എന്ത് പറയുമ്പോഴും കോണ്‍ഗ്രസ്സ്കാര്‍ അങ്ങനെ ചെയ്തില്ലേ എന്ന് ചോദിക്കുന്നതിന്റെ യുക്തി എന്താണ്? എന്നാല്‍ പിന്നെ ഇടത്പക്ഷത്തെ പിരിച്ചുവിട്ട് എല്ലാവരും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നാല്‍ പോരേ? ബോഫേര്‍സിനെ പറ്റി ഇന്നും പറയാമെങ്കില്‍ ലാവലിനെ പറ്റി ഇനിയും കുറെക്കാലം പറയാം.

V.B.Rajan said...

സുകുമാരേട്ടാ,

ശരിയായ നിരീക്ഷണങ്ങള്‍

രാഷ്ട്രീയക്കാരില്‍ ഇന്നു പൊതുവെ കാണുന്ന ഒരു പ്രതിഭാസമാണ് ഇത്. തന്റെ തെറ്റിന്റെ കാഠിന്യം കുറച്ചുകാണിക്കാന്‍ എതിര്‍ ഗ്രൂപ്പിലുള്ളവരും ഇതേ തെറ്റു ചെയ്തുവെന്നു സ്ഥാപിക്കുക. കഴിഞ്ഞ ദിവസം രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഒരു ഇന്റര്‍‌വ്യൂ കാണാനിടയായി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മിക്കവരും അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരാണ്. അവര്‍ക്ക് തനിക്കെതിരെ പറയാന്‍ അവകാശമില്ലപോലും.

എന്തായാലും ആരോപണ വിധേയനായ ആളെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി നിര്‍ത്തേണ്ടതായിരുന്നു. അവര്‍ക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ള നേതാക്കളുടെ അഭാവം മറ്റു പാര്‍ട്ടികളെപോലെ ഇല്ലല്ലോ.

K.P.SUKUMARAN said...

പ്രിയ രാജന്‍, മാര്‍ക്സിസ്റ്റ് പാര്‍ട്ടി നമ്മെ നിരാശപ്പെടുത്തുകയാണ്. പിണറായിയെ വിമര്‍ശിക്കുമ്പോള്‍ ചില ഞാഞ്ഞൂലുകള്‍ നിങ്ങളെന്തിനാ സി.പി.എമ്മിനെ നന്നാക്കാന്‍ ഇത്ര വെപ്രാളപ്പെടുന്നത് എന്നാണ് ചോദിക്കുന്നത്. ഈ ഞാഞ്ഞൂലുകള്‍ വിചാ‍രിക്കുന്നത് സി.പി.എം. എന്നാല്‍ തങ്ങളുടെയും പിണറായിയുടെയും സ്വകാര്യസ്വത്ത് ആണെന്നാണ്. ഏത് പൊതുസംഘടനയും പൊതുസമൂഹത്തിന്റെ പൊതുസ്വത്ത് ആണ്. ഈ ഞാഞ്ഞൂലുകളും പിണറായി വിജയന്‍ തന്നെയും നാളെ സി.പി.എമ്മില്‍ നിന്ന് പുറത്ത് പോകാം. അപ്പോഴും സി.പി.എം. അവിടെ ഉണ്ടാകും. അഥവാ ഉണ്ടാകണം എന്ന് ആര്‍ക്കും ആഗ്രഹിക്കാം. താന്‍ ഇപ്പോള്‍ അംഗമായിട്ടുള്ള അഥവാ നേതാവായിട്ടുള്ള അല്ലെങ്കില്‍ താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയപാര്‍ട്ടി തങ്ങളുടേതാണ് അതില്‍ മറ്റാര്‍ക്കും കാര്യമില്ല എന്നാണ് അല്പന്മാരായ ചില നേതാക്കളും അണികളും വിശ്വസിക്കുന്നത്. ഇതെല്ലാം ഇവിടെ കണ്ടുവരുന്ന പൊതുവായ പ്രതിഭാസം തന്നെ.

അച്യുതാനന്ദന് സീറ്റ് നിഷേധിച്ചത് മുതല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ സ്വതന്ത്രമായി മന്ത്രിസഭയെ നയിക്കാന്‍ അനുവദിക്കാതിരിക്കുന്നത് വരെ ഉള്ള കാര്യങ്ങള്‍ ഒറ്റ പിണറായി വിജയന്റെ താല്പര്യങ്ങളേ പാര്‍ട്ടിയില്‍ നടപ്പാക്കാന്‍ പാടുള്ളൂ എന്ന അജണ്ടയുടെ ഭാഗമാണ്. പിണറായിയ്ക്ക് ഇങ്ങനെ വ്യക്തിപരമായ താല്പര്യങ്ങള്‍ ഇല്ലാതെ പാര്‍ട്ടി കൂട്ടായി തീരുമാനങ്ങള്‍ എടുക്കുകയും വി.എസ്സിനെ സാധാരണ പോലെ ഭരിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നുവെങ്കില്‍ സി.പി.എമ്മിന്റെ മൂല്യം ഇന്ന് എത്രയോ കൂടിയതാകുമായിരുന്നു.

അവര്‍ക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ള നേതാക്കളുടെ അഭാവം കലശലായുണ്ട് എന്ന് തന്നെയാണ് സംഭവങ്ങളുടെ ഗതിവിഗതികള്‍ തെളിയിക്കുന്നത്. ഏറ്റവുമൊടുവില്‍ കേന്ദ്രനേതൃത്വം സൂചിപ്പിക്കുന്നത് ഭാവിയില്‍ ആരുമായി കൂട്ടുകൂടും അല്ലെങ്കില്‍ കൂട്ടുകൂടില്ല എന്ന് വര്‍ത്തമാനകാലത്ത് പറയാന്‍ പറ്റില്ല എന്നാണ്. അതായത് കേന്ദ്രനേതൃത്വം പിണറായിയ്ക്ക് കീഴടങ്ങുന്നു എന്ന സൂചന. പാര്‍ട്ടി നിലനിര്‍ത്താന്‍ പിണറായിയുടെ ധനസമ്പാദനമാര്‍ഗ്ഗങ്ങളാണ്,വി.എസ്സിന്റെ ആദര്‍ശങ്ങളേക്കാള്‍ ഗുണം ചെയ്യുക എന്ന് കേന്ദ്രനേതൃത്വം തിരിച്ചറിയുന്നു എന്നര്‍ത്ഥം.

സമാധാനിക്കാന്‍ ഒറ്റ വഴിയേയുള്ളൂ, സിപി.എമ്മിനേക്കാളും മോശപ്പെട്ട പാര്‍ട്ടികളും നേതാക്കളുമല്ലെ ഇവിടെയുള്ളത് എന്ന് അവര്‍ പറയുന്നത് അംഗീകരിക്കുക.

Swasthika said...

ഞാന്‍ ചോദിച്ച ചോദ്യം തലയില്‍ കയറിയില്ല എന്ന് തോന്നുന്നു. അല്ലെങ്കില്‍ അങ്ങനെ നടിക്കുന്നത് ആവാം."കൊണ്ഗ്രെസ്സുകാരനായ" സുകുമാരന്‍ സീപി എം നന്നാവണം എന്ന് എന്താണ് ആഗ്രഹം എന്നാണു ചോദിച്ചത്.താങ്കളുടെ മകന്‍ ക്ലാസ്സില്‍ മാര്‍ക്ക് വളരെ കുറവാണ് അമ്പതു പേരില്‍ നാല്പ്പതാമാനാണ് എന്ന് വെക്കുക. സാധാരണ തലയ്ക്കു സ്ഥിരതയുള്ള , കുരുട്ടു ബുദ്ധി ഇല്ലാത്ത ആരും ചെയ്യുക,പറയുക,സ്വന്തം മകനെ നന്നാക്കാന്‍ ആണ്.ക്ലാസ്സില്‍ അഞ്ചാം റാങ്ക് വാങ്ങുന്ന അയല്വാസിയു ടെ മകനെ പുലഭ്യം പറയലാണോ ? അതാണ്‌ "കൊണ്ഗ്രെസ്സുകാരന്‍" ആയ സുകുമാരന്‍ കൊണ്ഗ്രെസ്സിനെ "ഉദ്ധരിക്കാന്‍" ശ്രമിക്കുന്നതല്ലേ ഭംഗി എന്ന് ചോദിച്ചത്. അതാണ്‌ കരുണാകരന്റെ, സി.കെ ഗോവിന്ദന്‍ നമ്പ്യാരുടെ ഒക്കെ കൂടെ കൊണ്ഗ്രെസ്സ് ആയി വളര്‍ന്ന സുകുമാരനെക്കാള്‍ വലിയ കൊണ്ഗ്രെസ്സുകാരന്‍,സുകുമാര്‍ അഴീക്കോട് പറയുന്നത്.അതാണ്‌ ഇപ്പോള്‍ ടി.പദ്മനാഭനും പറഞ്ഞു തുടങ്ങിയത്.
പിന്നെ പാര്‍ട്ടിയെയും നേതാക്കളെയും എന്നും ജനം ചുമക്കണം എന്നില്ല എന്നതൊക്കെ പറയാന്‍ സുകുമാരന്‍ ജ്യോത്സ്യന്‍ ഒന്നുമല്ലല്ലോ, ജനം എന്നത് സുകുമാരന്റെ ഉള്ളം കയ്യിലുമല്ല. എന്തിനാണ് വെറുതെ ജനം,ജനം എന്ന് പറഞ്ഞു സ്വന്തം ആഗ്രഹം ജനത്തിനു മോളില്‍ കേട്ടിവേക്കുന്നത്.എനിക്കും അങ്ങനെ പല ആഗ്രഹങ്ങളുണ്ട്.വലതുപക്ഷം നശിക്കണം എന്ന് ആഗ്രഹമുണ്ട്. അതന്റെ ആഗ്രഹം, ഓര്‍ക്കുക "ജനത്തിന്റെ" അല്ല,അത് മനസ്സിലാക്കാനുള്ള വിവേകം എനിക്കുണ്ട്.അത് സുകുമാരനില്ല എന്നതില്‍ സഹതപിക്കുന്നു.
എന്റെ മോളിലെ കമെന്റു സുകുമാരനു കൊള്ളെന്ടിടത്തു കൊണ്ടു എന്ന് തോന്നുന്നു,അതാണ്‌ വികാരജീവി ആയ (ബ്ലോഗില്‍ നിന് അങ്ങനെ ആണ് മനസ്സിലായത്‌)സുകുമാരന്‍ ഞാഞ്ഞൂല്‍ എന്നൊക്കെ പറയുന്നത്. പിണറായി വിജയന്‍റെ എന്നല്ല ആരുടെയും താത്പര്യം സ്വന്തമായി നടപ്പാക്കാന്‍ സീപി എം പോലുള്ള പാര്ടിയില്‍ സാധ്യമല്ല. കൊണ്ഗ്രെസ്സില്‍ പറ്റും, കരുണാകരന്റെ കാലം ഒക്കെ ഓര്‍ക്കുക,ഗാന്ധി കുടുംബത്തിന്റെ കാര്യം പറയുകയും വേണ്ട. ഭൂരിപക്ഷത്തിന് ന്യൂനപക്ഷം കീഴടങ്ങി കൊണ്ടുളള താത്പര്യമാനത്.അങ്ങനെ ആണ് കംമ്യൂനിസ്ട്ടു പാര്‍ട്ടി പാറപ്രം സമ്മേളനത്തില്‍ പങ്കെടുത്ത മൊറാഴ സമര നായകന്‍ കെ.പി ആര്‍ ഗോപാലന്‍ പാര്‍ടിക്ക് പുറത്തു പോയത്.അത് അറുപതുകളില്‍ തന്നെ ആയിരുന്നു. അങ്ങനെ ആണ് എം.വി.രാഘവനെ വീയെസ് പുറത്താക്കിയത്. (വീയെസ് അല്ല പാര്‍ടി എം.വി ആറിനെ പുറത്താക്കിയത് ,ഞാന്‍ സുകുമാരന്റെ ഭാഷ്യം എഴുതിയതാണ് ).
പറയാന്‍ കാരണം, നാളെ വീയെസ് തന്നെ സെക്രട്ടറി ആയെന്നിരിക്കട്ടെ, പാലൊളിയോ,എസ്.രാമചന്ദ്രന്‍ പിള്ളയോ,പാര്‍ട്ടിക്ക് മുകളില്‍ താന്‍ എന്ന രീതിയില്‍, അതെന്തു പ്രശ്നവുമാകട്ടെ, പ്രവര്‍ത്തിച്ചാല്‍, പ്രതികരിച്ചാല്‍ വീയെസ് എന്ത് ചെയ്യും ? നാളെ S.ശര്‍മ പാര്‍ടി സെക്രട്ടറി ആയാല്‍ കോടിയേരി "എന്റെ അഭിപ്രായം ഇതാണ് (വ്യത്യസ്തമാണ്- മാധ്യമ പരിലാളന കിട്ടുന്ന ആദര്‍ശ പരതയാണിത് ) - പാര്‍ടി സെക്രട്ടറിയുടെ അഭിപ്രായം ശര്മയോടു ചോദിക്കൂ " എന്ന് കോടിയേരി പറഞ്ഞാല്‍ ശര്‍മ എന്ത് ചെയ്യും ?ഞാന്‍ വ്യക്തിപരമായി അപ്പോള്‍ ശര്‍മയെ അനുകൂലിച്ചു അഭിപ്രായം പറയും.നാളെ തങ്ങള്‍ക്കു മൈലെജു കിട്ടുമെന്നറിഞ്ഞാല്‍ ഇതേ കോടിയേരിയും ജയരാജനുമൊക്കെ മാധ്യമങ്ങളാല്‍ ആദര്‍ശധീരന്മാര്‍ ആകും എന്നത് മലയാള വലതു കുത്തക മാധ്യമ രംഗം ചെറിയതോതിലെങ്കിലും പഠിച്ച എല്ലാര്‍ക്കുമറിയാം.വീയെസ് ആരായിരുന്നു അഞ്ചെട്ടു വര്ഷം മുമ്പ് വരെ ?
ഇത് തന്നെ ആണ് തരൂരിനോടു s.m.കൃഷണ പറഞ്ഞതും ?വലതു വീക്ഷണകോണ്‍ അനുസരിച്ചു കൃഷ്ണയെക്കാള്‍ വലിയ യു.എന്‍ ബ്യൂരോക്രട്ടു പദവിയില്‍ ഇരുന്നു "ലോകം കണ്ട" ആളാണ്‌ തരൂര്‍. ആ തരൂരിനോടാനു ഞാന്‍ ഇരിക്കുമ്പോ തന്റെ വാല്‍ ആടണ്ട എന്ന് എസ.എം കൃഷ്ണ പറഞ്ഞത്.സുകുമാരന്‍ നാഴികക്ക് നാല്പതു വട്ടം പറയുന്ന ജനം,ഇതൊക്കെ കാണുന്നുണ്ട്. പിന്നെ സ്വാഭാവികമായും വലതു മാധ്യമ പ്രചാരണത്തിന്റെ കുത്തൊഴുക്കില്‍ ഈ ജനത്തില്‍ ചിലരില്‍ "പുകമറ' ആശയക്കുഴപ്പം ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്, അതും ജനം ഇപ്പോള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. മലയാള മുഖ്യധാരാ മാധയ്മ കങ്കാണി കച്ചവടത്തെ കുറിച്ചു സ്വതന്ത്ര, ചിലപ്പോള്‍ ഇടതു വിരുദ്ധ ബ്ലോഗര്‍മാരില്‍ നിന്ന് പോലും വരുന്ന അഭിപ്രായം അതാണ്‌ കാണിക്കുന്നത്. താങ്കള്‍ താങ്കളുടെ അഭിപ്രായം പറയണം, പക്ഷെ പ്ളീസ് അതെല്ലാം "ജനത്തിന്റെ" പുറത്തു വെച്ചു കെട്ടരുത്, അഭിവന്ദ്യ സുകുമാരനോടു ഇത്രയേ അടിയനു ഉണര്ത്തിക്കാനുള്ളു.

K.P.SUKUMARAN said...

ഞാഞ്ഞൂലുകള്‍ എന്ന ബഹുവചനമാണ് ഞാന്‍ ഉപയോഗിച്ചത്,ഏകവചനമല്ല.അത് മേലെ കമന്റ് എഴുതിയ അനോണിക്ക് മാത്രം ബാധകമാവും എന്ന് ഉദ്ദേശിച്ചിട്ടുമില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നന്നാക്കാനല്ല പ്രത്യുത ആ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഞാനും എന്റെ പങ്ക് നിര്‍വ്വഹിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഞാന്‍ ബ്ലോഗ് എഴുതുന്നത്. മാര്‍ക്സിസ്റ്റ്കാര്‍ മറ്റ് പാര്‍ട്ടികളെയും സംഘടനകളെയും വിമര്‍ശിച്ചു എഴുതുന്നത് അവയെയെല്ലാം നന്നാക്കിക്കളയാന്‍ വേണ്ടിയല്ലല്ലൊ.

മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നാല്‍ ഒരു കുത്തകബിസിനസ്സ് സ്ഥാപനമായിട്ടാണ് ഞാന്‍ നിരീക്ഷിക്കുന്നത്. സര്‍വ്വവിധ മാഫിയകളെയും കേരളത്തില്‍ സംരക്ഷിച്ചു വളര്‍ത്തുന്ന തിന്മകളുടെ കൂടാരമായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി അധ:പതിച്ചു വരുന്നു. ഇത് കേരളസമൂഹത്തിനും പുരോഗമനപ്രസ്ഥാനങ്ങള്‍ക്കും ഭീഷണിയായി ഞാന്‍ കാണുന്നു. അത് തുറന്ന് കാട്ടപ്പെടേണ്ടതുണ്ട്. ജനങ്ങളുടെ പേരില്‍ തന്നെയാണ് എല്ലാവരും സംസാരിക്കുന്നത്. മാര്‍ക്സിസ്റ്റ്പാര്‍ട്ടിയും സംസാരിക്കുന്നത് ജനങ്ങളുടെ പേരില്‍ തന്നെ. എന്ന് വെച്ചു ജനം മുഴുവന്‍ മാര്‍ക്സിസ്റ്റുകാര്‍ അല്ലല്ലൊ.

കേരളത്തില്‍ ഏറ്റവും അപകടകാരിയായ രാഷ്ട്രീയനേതാവ് ലാവലിന്‍ കേസില്‍ പ്രതിയായ പിണറായി ആണെന്ന് കരുതാനും അത് ബ്ലോഗില്‍ എഴുതാനും പൂര്‍ണ്ണസ്വാതന്ത്ര്യം എനിക്കുണ്ട്. അങ്ങനെ കരുതുന്നവര്‍ വേറെയും ധാരാളമുണ്ട്. ജനം എന്ന് പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നതും അവരെത്തന്നെ. ഈ ജനം തന്നെയാണ് അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പിണറായി നേതൃത്വം നല്‍കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ തറ പറ്റിക്കാനും പോകുന്നത്.

മദനിയുമായി വേദി പങ്കിട്ടാല്‍ ഐസായി പോകുമോ എന്നാണ് ഒരു മന്ത്രിപുംഗവന്‍ ഇന്ന് ഉരുവിട്ടത്. ഇതാണ് ഇന്നത്തെ പിണറായിഭക്തരുടെ നിലവാരം. പിണറായി ഇതേ പോലെ തുടരുന്നത് തന്നെയാണ് ജനാധിപത്യകേരളത്തിന് നല്ലത്. എന്തെന്നാല്‍ ലാവലിന്‍ കേസിന്റെ വിചാരണ അനന്തമായി നീളുമ്പോള്‍ അപഹാസ്യമാവുന്നതും, ധാര്‍മ്മികമായി രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാതിരിക്കാനാവാതെ വരുന്നതും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കായിരിക്കുമല്ലൊ. അതേ പോലെ മദനിക്ക് ജയഹോ പാടുന്നതും നല്ലത് തന്നെ.

യരലവ~yaraLava said...

>>>>>>അങ്ങനെ ഒരു ഗൂഢാലോചന നടന്നിരുന്നു എന്ന് മനസ്സിലാ‍യെങ്കില്‍ ആ കരാര്‍ റദ്ധാക്കി ആന്റണിയെയും കാര്‍ത്തികേയനെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയായിരുന്നില്ലേ കമ്മ്യൂണിസ്റ്റുകാരനായ പിണറായി ചെയ്യേണ്ടിയിരുന്നത്.>>>>>>>


ഈ സുകുമാര്‍ജിക്ക് കമ്മീഷന്‍ ഉറപ്പിക്കുന്നതിനെകുറിച്ചു വല്യപിടിപാടില്ല എന്ന് തോന്നുന്നു; ഒരു പാര്‍ട്ടിയെ കൊണ്ടു വന്ന് ഒരു ഡീല്‍ ഉറപ്പിക്കുമ്പോള്‍ തന്നെ ‘കിട്ടേണ്ടതിനെ’ കുറിച്ചു ഒരു തീരുമാനമാവും. ഈ കാരാരുമാ‍യി മുന്നോട്ട് പോയതിനു പിന്നീട് മന്ത്രിയായി വന്ന പിണറായിയോട് നന്ദി പറയുകയായിരുന്നു MoU ഒപ്പിട്ടവര്‍ ചെയ്യേണ്ടത്. ചുരുങ്ങിയത് കേസില്‍കുടുക്കാതെ മിണ്ടാതെയിരിക്കണമെങ്കിലും ചെയ്യുന്നതാണ് കാട്ടുനീതി. മാറി വരുന്ന വകുപ്പു മന്ത്രിക്ക് എന്തൊക്കെ ധാരണയിലായിരുന്നു കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടു എന്ന് മനസ്സിലാവുന്ന രീതിയില്‍ ധാരണപത്രം ഒപ്പിടണം എന്നാണ് സുകുമാര്‍ജി പറയുന്നത് അല്ലെ. മാഷെ ഒരു നല്ല നമസ്കരം. :)

ഒരാളെ കേസില്‍ പ്രതിയാക്കുക എന്നത് തന്നെ ഒരു ശിക്ഷയാണ്. അങ്ങിനെയൊരു പിടിവിട്ടുപോകുന്ന കളിയാ മേഡവും മേഡത്തിന്റെ പാര്‍ട്ടിയും ചെയ്യുന്നത്. താങ്കള്‍ക്കെതിരെ നാലഞ്ചു കേസുണ്ടാക്കിവെച്ചാല്‍ കോടതിവരാന്തയിലിരുന്നു നേരംകളയുന്ന നല്ലൊരു വിനോദമായിരിക്കുമത്.

( ഞാനൊരു സി. പി. എം. കാരനോ; ഇടതുപക്ഷ അനുഭാവിയോ പൊലും അല്ല)

K.P.SUKUMARAN said...

അങ്ങനെ ഒരു ഗൂഢാലോചന നടന്നിരുന്നു എന്ന് മനസ്സിലാ‍യെങ്കില്‍ എന്ന എന്റെ വാക്കുകള്‍ യരലവ ശ്രദ്ധിച്ചില്ലേ? ലാവലിന്‍ കരാറില്‍ ഗൂഢാലോചന ആന്റണി സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തീകരിച്ചിരുന്നു എന്ന പിണറായിയുടെ പ്രസ്ഥാവനയാണ് എന്റെ ആ പരാമര്‍ശത്തിന് കാരണം. കാര്‍ത്തികേയന്‍ ഗൂഢാലോചന നടത്തിയെന്ന് ഇത് വരെ ആരും തെളിയിച്ചിട്ടില്ല. ഇനി തെളിയിക്കുമോ എന്ന് പറയാനും കഴിയില്ല. പക്ഷെ കിട്ടിയേടത്തോളം വിവരങ്ങള്‍ വെച്ചു നോക്കുമ്പോള്‍ പിണറായിയുടെ കാലത്താണ് ഗൂഢാലോചന തുടങ്ങുന്നത് എന്ന് സംശയിക്കാം. കെ.എസ്.ഇ.ബി.ഒരു കമ്പനി ആണെന്ന് കരാറില്‍ പറയുന്നത് പിണറായിയുടെ കാലത്താണ്. ഇത്രയും പ്രധാനപ്പെട്ട ഒരു കരാറില്‍ വന്നുപെട്ടു പോയ ഒരു പിഴവല്ല അത്. വ്യക്തമായ ചില ഗൂഢാലോചനകള്‍ നിമിത്തമാണ് വൈദ്യുതബോര്‍ഡ് കമ്പനിയാക്കുന്നതിനെ നഖശിഖാന്തം എതിര്‍ക്കുന്ന സി.പി.എമ്മിന്റെ ഒരു മന്ത്രി തന്നെ കെ.എസ്.ഇ.ബി. ഒരു കമ്പനിയാണെന്ന് പറഞ്ഞ് കരാറില്‍ ഏര്‍പ്പെടുന്നത്.

ഈ കേസ് എങ്ങനെയായാലും ഒരു സ്വയകൃതാനര്‍ത്ഥമായേ കാണാന്‍ കഴിയൂ. സി.പി.എം.കാര്‍ പോലും പിണറായി നിരപരാധിയാണെന്ന് കരുതുന്നുണ്ടാവില്ല. പിന്നെങ്ങനെ
ഇടതുപക്ഷ അനുഭാവി പോലുമല്ലാത്ത യരലവയ്ക്ക് ഇതൊരു കെട്ടിച്ചമച്ച കേസാണെന്ന് തോന്നുന്നു എന്നാണെനിക്ക് ആശ്ചര്യം...

K.P.SUKUMARAN said...

ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ആന്റണിയെ സാക്ഷിയാക്കണം എന്ന് തുടങ്ങി 18 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പിണറായി നല്‍കിയ ഹരജി കോടതി തള്ളി.....

യരലവ~yaraLava said...

>>>>>സി.പി.എം.കാര്‍ പോലും പിണറായി നിരപരാധിയാണെന്ന് കരുതുന്നുണ്ടാവില്ല. <<<<<

താങ്കള്‍ കോടതിമുന്നേ ഈ കേസില്‍ വിധിപറയുകയാണോ; ഈ പോസ്റ്റിലൂടെ തെളിവും സാക്ഷിയും വാദിയും വിധിയും എല്ലാ താങ്കള്‍ തന്നെയാവുന്ന ദയനീയത താങ്കളെ ചെറുതാക്കുന്നതില്‍ താങ്കളെന്തേ ലജ്ജിക്കാത്തത്.

K.P.SUKUMARAN said...

കോടതിയില്‍ വിചാരണയിലിരിക്കുന്ന ഒരു കേസ് എന്നത് ഓര്‍ത്തുകൊണ്ട് അതിന്റെ പരിമിതിയില്‍ ഒതുങ്ങി നിന്ന് മാത്രമേ ഞാന്‍ ഈ പോസ്റ്റും ഇവിടെ കമന്റും എഴുതിയിട്ടുള്ളൂ. ഇതില്‍ ദയനീയതയുടെയും ചെറുതാവുന്നതിന്റെയും ലജ്ജയുടെയും പ്രശ്നം എവിടെയാണുള്ളത്? ഞാന്‍ എന്തെങ്കിലും അപകീര്‍ത്തികരമായി എഴുതിയോ, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമോ എന്ന് മാത്രം ശ്രദ്ധിച്ചാല്‍ പോരേ?