Links

ബ്ലോഗ് , ബ്ലോഗ്ഗര്‍ , ബ്ലോഗ്ഗിങ്ങ്


തമിഴ് ബ്ലോഗ്ഗര്‍മാരെ മലയാളം ബ്ലോഗ് വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്നൊരു ശ്രമം തുടങ്ങിവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആദ്യമായി “ഹായ് നലമാ ” എന്ന ബ്ലോഗ് എഴുതുന്ന ഡോക്ടര്‍ എം.കെ. മുരുകാനന്ദന്‍ (61 വയസ്) അവര്‍കളെ പരിചയപ്പെടുത്തട്ടെ. ശ്രീലങ്കയില്‍ യാഴ്‌പ്പാണം പരുത്തിത്തുറൈയില്‍ ജനിച്ച ഇദ്ദേഹം കഴിഞ്ഞ 12 വര്‍ഷമായി കൊളമ്പോയിലാണ് താമസിക്കുന്നത്. വൈദ്യശാസ്ത്രത്തിന് പുറമെ സാഹിത്യം,സിനിമ,നാടകം,ശില്പകല,ഫോട്ടോഗ്രാഫി എന്നിവയിലൊക്കെ താല്പര്യമുള്ള ഇദ്ദേഹം ഇപ്പോഴും മനസ്സില്‍ 26വയസ്സിന്റെ യൌവ്വനം കാത്ത് സൂക്ഷിക്കുന്നതായി അവകാശപ്പെടുന്നു. തന്റെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുന്നതില്‍ കിട്ടുന്ന ആത്മസുഖം അവര്‍ണ്ണനീയം എന്ന് അദ്ദേഹം പറയുന്നു. അച്ചടി മാധ്യമങ്ങള്‍,റേഡിയോ,ടിവി എന്നിവയിലൊക്കെ ഇടപെട്ട തനിക്ക് ഇന്റര്‍നെറ്റിലാണ് പൂര്‍ണ്ണസംതൃപ്തി ലഭിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു. 12ഓളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇലങ്കൈ ദേശീയ സാഹിത്യ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

അദ്ദേഹം തന്റെ ബ്ലോഗില്‍ എഴുതിയ “ബ്ലോഗ്ഗിങ്ങ് ചില ചിന്തകളും അനുഭവങ്ങളും” എന്ന പോസ്റ്റ് എന്റെ പരിമിതമായ ഭാഷാപാണ്ഡിത്യം വെച്ച് ഞാന്‍ വിവര്‍ത്തനം ചെയ്യട്ടെ.

നിങ്ങള്‍ എന്തുകൊണ്ട് ബ്ലോഗ് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ ഓരോരുത്തരും അവരവരുടേതായ ഉത്തരങ്ങളായിരിക്കും പറയുക. അങ്ങനെ ആയിരക്കണക്കിന് ഉത്തരങ്ങള്‍ ലഭിച്ചേക്കാം. എന്നാല്‍ നമ്മില്‍ പലരും ഏതോ ഒരു വിധത്തില്‍ തങ്ങളുടെ സന്തോഷത്തിനും സ്വയതൃപ്തിക്കും വേണ്ടിയാണ് എഴുതുന്നത്. സുഹൃദ്ബന്ധങ്ങള്‍ ലഭിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും എഴുതുന്നതുണ്ട്. താന്‍ മനസ്സിലാക്കിയ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശത്തിലും എഴുതാം. ശാസ്ത്രം,സാങ്കേതികവിദ്യ,സാഹിത്യം,സിനിമ,നാടകം, തുടങ്ങി പല മേഖലകളിലെ അനുഭവങ്ങളെയും അറിവുകളെയും പങ്ക് വെക്കുന്നതും സാധാരണം. തങ്ങളുടെ ആദര്‍ശങ്ങള്‍,ആശയങ്ങള്‍,അഭിപ്രായങ്ങള്‍ എന്നിവ പ്രചരിപ്പിക്കാനും ബ്ലോഗുകള്‍ ഉപയോഗപ്പെടുത്തുന്നു. ഇതൊന്നും കൂടാതെ തങ്ങളുടെ പ്രശസ്തി വളര്‍ത്താനും ചിലര്‍ ബ്ലോഗ്ഗിങ്ങ് ഉപയോഗപ്പെടുത്തുന്നു. ഇവയെല്ലാം തങ്ങളുടെ സ്വയ അടയാളങ്ങളെ സംരക്ഷിക്കാനോ അല്ലെങ്കില്‍ തന്നില്‍ ഉള്ള ഞാന്‍ എന്ന ബോധത്തെ തൃപ്തിപ്പെടുത്താന്‍ ചെയ്യുന്ന പേര്‍സണല്‍ ബ്ലോഗ്ഗിങ്ങ് ആണെന്ന് പറയാം.

ഇത് കൂടാതെ തങ്ങളുടെ സംരംഭങ്ങളെ പ്രമോട്ട് ചെയ്യാനും ചിലര്‍ ബ്ലോഗ് ചെയ്യുന്നുണ്ട്. തങ്ങളുടെ ഉല്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനും പലരും ബ്ലോഗിനെ ഉപയോഗപെടുത്തുന്നതായി കാണാം. അങ്ങനെ ചെയ്യുന്നവര്‍ സ്പഷ്ടമായും സത്യസന്ധമായും കാര്യങ്ങള്‍ ബ്ലോഗില്‍ വെളിപ്പെടുത്തുന്നത് നല്ലത്. വായനക്കാരെ ശരിയായ തീരുമനങ്ങളിലേക്ക് നയിക്കാന്‍ അത് സഹായകമാവുമല്ലൊ.

ഏറെക്കുറെ എണ്‍പതുകളുടെ മധ്യത്തോടെ ബ്ലോഗ്ഗിങ്ങിന് തുടക്കം കുറിക്കപ്പെട്ടതായി മനസ്സിലാക്കുന്നു. അന്ന് വെറുമൊരു ഡയറി മാത്രമായി സ്വന്തം കാര്യങ്ങള്‍ മാത്രമാണ് ബ്ലോഗില്‍ എഴുതപ്പെട്ടത്. ഇന്ന് പക്ഷെ ബ്ലോഗില്‍ എഴുതപ്പെടുന്ന ഉള്ളടക്കങ്ങളുടെ ആഴവും പരപ്പും വിശാലമാണ്.

കാരണങ്ങള്‍ എന്തായാലും ബ്ലോഗ് എഴുതാന്‍ തുടങ്ങുന്നതിന് മുന്‍പ്, എന്താണ് എഴുതാന്‍ പോകുന്നത്,എങ്ങനെയാണ് എഴുതാന്‍ പോകുന്നത്, എന്നൊക്കെ വ്യക്തമായ ഒരു ധാരണ ഉണ്ടാകുന്നത് നല്ലതാണ്. ചിലര്‍ പോസ്റ്റിന്റെ തുടക്കത്തില്‍ ഇന്നെന്താണ് എഴുതേണ്ടത് എന്നറിയില്ല എന്നൊക്കെ പറഞ്ഞ് തുടങ്ങുന്നത് കാണാം. ഇത് തറ്റായ സമീപനമാണെന്ന് ഞാന്‍ കരുതുന്നു. ഒരു നാള്‍ ഒന്നുമെഴുതിയില്ലെങ്കിലും ഒന്നും സംഭവിക്കില്ലല്ലൊ, വായനക്കാരും എന്താ വിഷമിച്ചു പോകുമോ? എന്ന് വെച്ച് സീരിയസ്സായ വിഷയങ്ങളേ എഴുതാവൂ എന്നില്ല. റിലാക്സായി വായനക്കാരുമായി വര്‍ത്തമാനം പറയുന്നത് പോലെയും എഴുതാം.

എല്ലാവര്‍ക്കും എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയുന്ന വിധത്തില്‍ വിവിധ വിഷയങ്ങള്‍ ആഴത്തിലും എന്നാല്‍ സരളമായും എഴുതിയാല്‍ വായനക്കാരെ ആകര്‍ഷിക്കാനും, വായനക്കാരുടെ എണ്ണം കൂട്ടാനും കഴിയും. വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റാന്‍ മത്രമല്ല ലോകത്തിന്റെ മുക്കിലും മൂലയിലും നിന്ന് പോലും വയനക്കാരെ കണ്ടെത്താനും സാധിക്കും. അപ്പോള്‍ സ്വന്തം മതിപ്പ് നിലനിര്‍ത്താന്‍ ശ്രമിക്കുകയും അത് വഴി പോസ്റ്റുകളുടെ നിലവാരം ഉയരുകയും ചെയ്യും.

എന്നാലും എല്ലാറ്റിനും ഒരു പരിധി ഉണ്ടല്ലൊ. തന്റെ പേര് നിലനിര്‍ത്താന്‍ അല്ലെങ്കില്‍ താന്‍ ബ്ലോഗില്‍ സജീവമായുണ്ട് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി തുടര്‍ന്ന് അല്ലെങ്കില്‍ ദിനവും ബ്ലോഗ് എഴുതിയേ പറ്റൂ എന്ന സ്ഥിതിവിശേഷം ഉണ്ടാക്കുന്നത് ആപത്താണ്. അപ്പോള്‍ എഴുതുന്നതിന്റെ നിലവാരം കുറഞ്ഞ് ചിലപ്പോള്‍ ചവറ് എന്ന് വായനക്കാര്‍ക്ക് തോന്നുന്ന തരത്തില്‍ എഴുതിപ്പോയേക്കാം. വായനക്കാരുടെ പ്രതീക്ഷകള്‍ നിറവേറ്റാനാകാതെ അവരാല്‍ അവഗണിക്കപ്പെടുന്ന അവസ്ഥയും ഉണ്ടായേക്കാം. ആത്മസംതൃപ്തിക്ക് വേണ്ടി തുടങ്ങി അവസാനം നൈരാശ്യത്തില്‍ എത്തിച്ചേര്‍ന്നേക്കാം. ഇത് ഒഴിവാക്കാന്‍ ശ്രമിക്കണം.

ബ്ലോഗ്ഗിങ്ങില്‍ ചില പ്രയാസങ്ങള്‍ ഇന്നുണ്ട്. അതില്‍ പ്രധാനം വിഷയദാരിദ്ര്യമാണ്. ധരാളം പേര്‍ ബ്ലോഗില്‍ കടന്നു വരുന്നു,എഴുതുന്നു. അത്കൊണ്ട് എഴുതാന്‍ പലര്‍ക്കും പുതിയ വിഷയങ്ങള്‍ കിട്ടുന്നില്ല. ഒരേ വിഷയത്തെ പറ്റി പലരും ഇതിന് മുന്‍പേ എഴുതിയിരിക്കാം. അത്കൊണ്ട് നവം നവങ്ങളായ വിഷയങ്ങള്‍ തേടി പിടിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു.

ഉള്ളടക്കങ്ങള്‍ പുതിയതും സവിശേഷമായതും മനോഹരമായും ഇരിക്കാന്‍ വേണ്ടി നാം നെറ്റില്‍ നിന്ന് പരതി പലതും എടുക്കേണ്ടി വരും. അങ്ങനെ നാം വിവരങ്ങളോ, ഫോട്ടോകളോ നെറ്റില്‍ നിന്ന് എടുക്കുമ്പോള്‍ അതിന്റെ വിശ്വാസ്യത ഉറപ്പാക്കേണ്ടതുണ്ട്. ഇത് വളരെ ശ്രമകരമാണ്. എന്തെന്നാല്‍, ഇന്റര്‍നെറ്റ് എന്നത് അപരിമിതമായ സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. ആര്‍ക്കും എന്തും നെറ്റില്‍ എഴുതാം, കൂട്ടിച്ചേര്‍ക്കാം. ആരും തടയില്ല. ആര്‍ക്കും ആരെയും പൂര്‍ണ്ണമായി തടയാനോ നിയന്ത്രിക്കാനോ നെറ്റില്‍ സാധ്യമല്ല. അത്കൊണ്ട് സ്വയനിയന്ത്രണവും ഉത്തരവാദിത്വബോധവും ഓരോ ബ്ലോഗര്‍ക്കുമുണ്ടാവേണ്ടതാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള ബ്ലോഗ്ഗര്‍മാര്‍ക്ക് മാത്രമേ മറ്റുള്ളവരുടെ ആദരവ് പിടിച്ചു പറ്റാന്‍ കഴിയൂ. മറ്റ് വെബ് പേജുകളില്‍ നിന്ന് വിവരങ്ങളോ ചിത്രങ്ങളോ എടുക്കുകയാണെങ്കില്‍ അതിന്റെ സോഴ്സ് അല്ലെങ്കില്‍ ലിങ്ക് തന്റെ പോസ്റ്റില്‍ കാണിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ന് ബ്ലോഗ്ഗര്‍മാര്‍ മാത്രമല്ല പല മാധ്യമങ്ങളും ഇന്റര്‍നെറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ചിലര്‍ മാത്രമേ ആ വിവരങ്ങള്‍ക്ക് കടപ്പാട് രേഖപ്പെടുത്താറുള്ളൂ. ഏത് പോസ്റ്റില്‍ നിന്ന് അല്ലെങ്കില്‍ ഏത് വെബ് പേജില്‍ നിന്ന് ലഭിച്ചു എന്ന വിവരം പൂര്‍ണ്ണമായി രേഖപ്പെടുത്തുന്നതാണ് പരിഷ്കൃതവും ന്യായവുമായ രീതി. നിയമപരമായും അത്തരമൊരു ബാധ്യത എല്ലാവര്‍ക്കുമുണ്ട്.

ബ്ലോഗില്‍ ഒരാള്‍ തെറ്റായോ വസ്തുതാവിരുദ്ധമായോ എഴുതിയാല്‍ വായനക്കാര്‍ക്ക് ഉടനെ തന്നെ അതിനെ ചോദ്യം ചെയ്യാനോ മറുകുറിപ്പ് എഴുതാനോ സാധിക്കും എന്നത് മറ്റ് മാധ്യമങ്ങള്‍ക്ക് ഇല്ലാത്തതും ബ്ലോഗിന് മാത്രമുള്ളതുമായ ഒരു ബലമാണെന്ന് പറയാം. അത് പോലെ തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടാല്‍ ഉടനെ തന്നെ ക്ഷമാപണം നടത്താനോ, പോസ്റ്റ് തിരുത്താനോ അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യാനോ ബ്ലോഗ്ഗര്‍ക്ക് കഴിയുന്നു എന്നതും മറ്റ് മാധ്യമങ്ങളെ അപേക്ഷിച്ച് ബ്ലോഗിന്റെ പ്രത്യേകതയാണ്.

താരതമ്യം ചെയ്താല്‍ ബ്ലോഗ് വായനക്കാരുടെ എണ്ണം തുലോം കുറവ് തന്നെയാണ്. പ്രിന്റ് മീഡിയയില്‍ അത് ലക്ഷക്കണക്കിനാണെങ്കില്‍ ബ്ലോഗില്‍ മിക്കവാറും നൂറ് കണക്കിന് മാത്രമേ വരൂ. എന്നിട്ടും അച്ചടിമാധ്യമത്തില്‍ എഴുതിയാല്‍ കിട്ടുന്നതിനേക്കാളും തൃപ്തി ബ്ലോഗിലാണ് ലഭിക്കുന്നത്. ഇതിന്റെ കാരണം പോസ്റ്റ് എഴുതുമ്പോഴുള്ള മാനസികാവസ്ഥ മാറുന്നതിന് മുന്‍പേ തന്നെ തന്റെ സൃഷ്ടി വായനക്കാരുടെ മുന്നിലേക്ക് എത്തിക്കാനും അവരുടെ പ്രതികരണം പെട്ടെന്ന് മനസ്സിലാക്കാനും കഴിയുന്നത് കൊണ്ടാണ്. പ്രതികരണങ്ങള്‍ എപ്പോഴും പ്രശംസകളോ അനുകൂലങ്ങളോ ആകണമെന്നില്ല. പ്രതികൂലമായും വരാം. എങ്ങനെ വന്നാലും അത് ബ്ലോഗ്ഗര്‍ക്കുള്ള അംഗീകാരമാണെന്നതാണ് നേര്. താന്‍ എഴുതുന്നതിന് കിട്ടുന്ന അംഗീകാരത്തേക്കാളും ഒരു ബ്ലോഗ്ഗര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റെന്താണുള്ളത്?

ഇങ്ങനെയുള്ള കാരണങ്ങളാല്‍ ബ്ലോഗ് ചെയ്യുന്ന ഒരാളിന്റെ സൃഷ്ടിപരമായ കഴിവുകള്‍ കൂ‍ടുതല്‍ തിളങ്ങിവരും എന്നത് യാഥാര്‍ഥ്യമാണ്. ഇന്റര്‍നെറ്റിനെ പറ്റിയ അറിവുകളും അനുഭവങ്ങളും വര്‍ദ്ധിക്കുന്നു. മാത്രമല്ല ടൈപ്പ് ചെയ്യുന്നതിന്റെ വേഗതയും വര്‍ദ്ധിക്കും എന്നും പറയേണ്ടതുണ്ട്. എന്നെ സംബന്ധിച്ചു പറഞ്ഞാല്‍ ഞാന്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി കമ്പ്യൂട്ടര്‍(തമിഴില്‍ ഗണിനി)ഉപയോഗിക്കുന്നുണ്ട്. എന്നാലും ബ്ലോഗ്ഗിങ്ങ് തുടങ്ങിയിട്ട് രണ്ടര വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ബ്ലോഗില്‍ ധാരാളം സൌഹൃദങ്ങളും, മധുരതരവും ഉപയോഗപ്രദവുമായ അനുഭവങ്ങളും കിട്ടി. തമിഴ് മണം , യാഴ്‌ദേവി എന്നീ അഗ്രിഗേറ്ററുകള്‍ എന്നെ ഒരേ സമയം നക്ഷത്ര ബ്ലോഗ്ഗറായി പരിചയപ്പെടുത്തിയത് അളവറ്റ സന്തോഷവും അഭിമാനവും നല്‍കി.

സന്തോഷത്തിന് പുറമെ മറ്റൊരു വിധത്തില്‍ ആശ്വാസവുമുണ്ട്. എന്തെന്നാല്‍ ദിവസവും പോസ്റ്റുകള്‍ എഴുതുക എന്നത് എന്നെ സംബന്ധിച്ചു ശ്രമകരവും ഭാരവുമാണ്. എന്നാലും പല ബ്ലോഗ് സുഹൃത്തുക്കളുടെയും നിര്‍ദ്ദേശങ്ങള്‍ ഉത്സാഹം നല്‍കിക്കൊണ്ടിരുന്നു. കമ്പ്യൂട്ടറിന്റെ സാങ്കേതികവിദ്യ ഒട്ടും അറിയാതെ കേവലം സാങ്കല്പിക ലോകത്ത് വിഹരിച്ചിരുന്ന എനിക്ക് ഇത്രയെങ്കിലും പ്രയോജനം
ബ്ലോഗില്‍ ലഭിച്ചത് വളരെ സന്തുഷ്ടി നല്‍കുന്നു.

7 comments:

chithrakaran:ചിത്രകാരന്‍ said...

വളരെ പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണിത്.മറ്റു ഭാഷകളെ ,പ്രത്യേകിച്ചും മലയാളത്തോട് ഏറ്റവും കൂടുതല്‍ രക്തബന്ധം പുലര്‍ത്തുന്ന തമിഴ് ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന ദൌത്യം മലയാള ബൂലോകത്തിന്റെ വികാസ ചരിത്രത്തില്‍ മഹനീയ സംരഭമാണ്. ഡോ.മുരുകാനന്ദനെ പരിചയപ്പെടുത്തിയ സുകുമാരേട്ടനോട് നന്ദി അറിയിക്കട്ടെ !!!

poor-me/പാവം-ഞാന്‍ said...

I read on a Tamil poem (Tamil blog)in one of your blogs where is it?
That tamil blogger wants to contact you pl contact him.Today I failed to see that poem in ur blog!

Unknown said...

Dear poor-me/പാവം-ഞാന്‍, കവിത എന്ന ലേബലില്‍ ആ പോസ്റ്റ് കാണാം. പ്രസ്തുത തമിഴ് ബ്ലോഗ്ഗര്‍ അവിടെ കമന്റും എഴുതിയിട്ടുണ്ട്. എന്നെ ആ ബ്ലോഗ്ഗറുടെ ബ്ലോഗില്‍ പരിചയപ്പെടുത്തിക്കൊണ്ട് കമന്റ് എഴുതിയതില്‍ നന്ദിയുണ്ട്.

മറ്റൊന്ന്, പാല പട്ടറൈ എന്ന ആ ബ്ലോഗ്ഗര്‍ എന്നെ പറ്റി തന്റെ ബ്ലോഗില്‍ ഒരു പോസ്റ്റും എഴുതിയിരിക്കുന്നു. ഒരു മലയാളം ബ്ലോഗ്ഗറുടെ കമന്റിലൂടെയാണ് ഞാന്‍ കെ.പി.എസ്സിന്റെ ബ്ലോഗ് കാണാനിടയായ്ത് എന്നും ആ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നല്ല തുടക്കം സുകുമാരന്‍ ചേട്ടാ..

അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം മാത്രം അടിസ്ഥാനമാക്കി എഴുതുന്ന സ്ഥിരം പോസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തരം നല്ല സംരഭങ്ങള്‍ താങ്കളില്‍ നിന്നു പ്രതീക്ഷിക്കുന്നു,

ആശംസകള്‍!

Muruganandan M.K. said...

Thanks K.P.Sukumaran for introducing me to Malayalam readers.

Though I couldn't understand Malayalam I enjoyed seeing the page.

Unknown said...

ചിത്രകാരന്‍,സുനില്‍ നന്ദി!

പോസ്റ്റ് തര്‍ജ്ജമ ചെയ്യാന്‍ അനുവാദം തരികയും ഈ പോസ്റ്റില്‍ കമന്റ് രേഖപ്പെടുത്തുകയും ചെയ്ത ഡോ.മുരുകാനന്ദം അവര്‍കള്‍ക്കും നന്ദി!

ചാണക്യന്‍ said...

ശ്ലാഘനീയം മാഷെ ഈ സംരംഭം...
തുടരൂ,,ഇനിയും അനേകരെ പരിചയപ്പെടുത്തൂ...
അഭിനന്ദനങ്ങൾ...