Links

ദുരവസ്ഥയ്ക്ക് കാരണം

എനിക്ക് മനസ്സിലായി. ശരിയായി ചിന്തിക്കുന്നവര്‍ , ഭാവനയുള്ളവര്‍ , ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ഉള്ളവര്‍ എല്ലാ മേഖലകളിലുമുണ്ട്. രാഷ്ട്രീയത്തില്‍ എല്ലാ പാര്‍ട്ടികളിലും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ , മാധ്യമങ്ങളില്‍ , വിദ്യാഭ്യാസരംഗത്ത്, പോലീസില്‍ , അങ്ങനെ എന്തിന് എല്ലാം പേരെടുത്ത് പറയണം സമൂഹത്തിന്റെ സമസ്ത മേഖലയിലും നല്ലവരുണ്ട്. പക്ഷെ അവര്‍ക്കൊന്നും ഒരിക്കലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ എത്താന്‍ കഴിയുന്നില്ല. കാരണം നല്ലവരായവര്‍ ഒരിക്കലും കുതന്ത്രങ്ങള്‍ മെനയുന്നില്ല,പാരകള്‍ പണിയുന്നില്ല, തന്നെ പറ്റി മാത്രം ചിന്തിക്കുന്നില്ല. ഇതെല്ലാം വളരെ കൌശലപൂര്‍വ്വം,നീചമായി ചെയ്യുന്നവരാണ് അധികവും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളും പദവികളും പിടിച്ചു പറ്റുന്നത്. നല്ലവരായവര്‍ യാദൃച്ഛികമായി എങ്ങനെയോ എവിടെയൊക്കെയോ എത്തിപ്പെട്ടാലായി. ചുരുക്കത്തില്‍ , കള്ളനാണയങ്ങള്‍ എവിടെയും മേധാവിത്വം ഉറപ്പിക്കുന്നു. പിന്നെ എങ്ങനെ കാര്യങ്ങള്‍ നേരെയാവും? ഇല്ല നോ ചാന്‍സ്!

തെറ്റ് തിരുത്തല്‍

കമന്റിലൂടെയും മെയിലിലൂടെയും ചിലര്‍ എന്നെക്കുറിച്ച് ആക്ഷേപം പ്രകടിപ്പിക്കുന്നുണ്ട്. നിങ്ങളോടുള്ള ബഹുമാനം കുറയുന്നു,നിങ്ങള്‍ വില സ്വയം കുറക്കുന്നു,അധ:പതിക്കുന്നു എന്നൊക്കെയാണ് ആക്ഷേപങ്ങള്‍ . ഇടത് പക്ഷ അനുഭാവികളായ സുഹൃത്തുക്കളാണ് ഇങ്ങനെ ആക്ഷേപിക്കുന്നത്. നിങ്ങളുടെ ബഹുമാനം എനിക്ക് ആവശ്യമില്ല എന്നൊന്നും ഞാന്‍ പറയില്ല. ആരുടെ ബഹുമാനവും സ്നേഹവും എനിക്ക് വിലപ്പെട്ടതാണ്. എന്നാല്‍ ബഹുമാനം നിലനിര്‍ത്താന്‍ വേണ്ടി ശ്രദ്ധയില്‍ പെടുന്ന ചില കാര്യങ്ങള്‍ പറയാതിരിക്കാനും കഴിയില്ല. ആക്ഷേപം ഉന്നയിച്ചവരുടെ കൂട്ടത്തില്‍ ഖത്തറില്‍ നിന്നും സുഹൃത്ത് കെ.വി.മനോഹറിന്റെ വാക്കുകള്‍ എന്നെ സ്പര്‍ശിക്കുകയുണ്ടായി. താങ്കളുടെ പതനം കണ്ട് സഹതപിക്കുന്നു എന്നാണ് മനോഹറിന്റെ കമന്റിലെ ഒരു വാചകം. എനിക്കത്ഭുതം തോന്നുന്നത്, അവരുടെ പാര്‍ട്ടിയിലെ നേതാക്കളുടെ തെറ്റ് അല്പം ചൂണ്ടിക്കാട്ടുമ്പോഴേക്കും എന്നോട് ബഹുമാനം കുറയുമ്പോള്‍ നേതാക്കള്‍ ചെയ്യുന്ന തെറ്റുകളുടെ ഗൌരവം വര്‍ദ്ധിക്കുന്തോറും അവരോട് ആരാധന കൂടുന്നല്ലോ എന്നാണ്.

ഈ ആരാധന കമ്മ്യൂണിസത്തിന്റെയോ,സോഷ്യലിസത്തിന്റെയോ, മാര്‍ക്സിസത്തിന്റെയോ പേരില്‍ ഒന്നുമല്ല. ആശയങ്ങളോടാണ് ആഭിമുഖ്യമെങ്കില്‍ ഇക്കൂട്ടര്‍ക്ക് മാവോയിസ്റ്റുകളോടും എന്തെങ്കിലും അനുഭാവം ഉണ്ടാകേണ്ടതാണ്. കമ്മ്യൂണിസത്തിന്റെ ആഗോളകുത്തക സി.പി.എമ്മിന് പതിച്ചുകിട്ടിയിട്ടില്ലല്ലൊ. എന്റെ സംഘടന എന്ന തികച്ചും വൈയക്തികമായ ആത്മബോധത്തില്‍ നിന്നോ സ്വാര്‍ത്ഥചിന്തയില്‍ നിന്നോ ആണ് ഈ ബഹുമാനക്കുറവും അസഹിഷ്ണുതയും ഉണ്ടാവുന്നത്, എന്ത് നെറികേട് കാട്ടിയും പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിക്കുന്ന നേതാക്കളോട് വീരാരാധന ഉണ്ടാകുന്നത്. പാര്‍ട്ടിയും നേതാക്കളും നിരന്തരം തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്നതിന് തെളിവല്ലേ 1996ന് ശേഷം വീണ്ടും ഇപ്പോള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച തെറ്റ് തിരുത്തല്‍ രേഖ. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നു പോകുന്നു എന്ന തിരിച്ചറിവല്ലേ ഇപ്പോള്‍ വീണ്ടും ഇങ്ങനെയൊരു രേഖ അംഗീകരിക്കാന്‍ കാരണം?

എന്നാല്‍ ഈ രേഖയ്ക്കും 1996ലെ പോലെ വെറും കടലാസിന്റെ വിലയേ ഉണ്ടാകൂ. ഒരു ചുക്കും നടക്കാന്‍ പോകുന്നില്ല. ഏറിയാല്‍ ജനറല്‍ സിക്രട്ടരി മുതല്‍ ബ്രാഞ്ച് സെക്രട്ടരി വരെയുള്ളവരുടെ കാലാവധി മൂന്ന് തവണയാക്കും പിന്നെ പതിനഞ്ച് കൊല്ലം കഴിഞ്ഞാല്‍ വീണ്ടുമൊരു രേഖയുണ്ടാക്കും. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിലേക്ക് പരിപ്പ് വട ജയരാജന്മാര്‍ക്ക് മടങ്ങിപ്പോകാന്‍ കഴിയില്ല. ഈ രേഖ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് ബാധകമല്ല എന്നും കേന്ദ്രക്കമ്മറ്റി അംഗങ്ങള്‍ മുതലാണ് ബാധകമാവുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അപ്പോള്‍ പിണറായിക്ക് പേടിക്കേണ്ട, ഒന്‍പത് വര്‍ഷം സ്ഥാനത്തിരുന്നത് കൊണ്ട് സെക്രട്ടരി പദവി മറ്റൊരു ബിനാമിയെ ഏല്‍പ്പിച്ച് പി.ബി.യില്‍ തുടര്‍ന്ന് കൊണ്ട് കേരളത്തിലെ പാര്‍ട്ടി ബിസിനസ്സുകള്‍ മാനേജ് ചെയ്യാം. വി.എസ്സിന് ഈ ടേം പൂര്‍ത്തിയാക്കി ഇപ്പോഴത്തെ കരുണാകരനെ പോലെ മൂലയ്ക്കിരിക്കുകയും ചെയ്യാം. ഒരു മുഖം മിനുക്കല്‍ നടപടിക്കപ്പുറം ഈ തെറ്റ് തിരുത്തലിന് ഒരു പ്രസക്തിയും ഞാന്‍ കാണുന്നില്ല.

പണ്ടൊക്കെ പാവപ്പെട്ടവരും, പണിയെടുക്കുന്നവരും ഒക്കെയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തങ്ങളുടെ പ്രസ്ഥാനം എന്ന് കരുതി നെഞ്ചിലേറ്റി കൊണ്ടുനടന്നിരുന്നത്. ഇന്ന് വന്‍ ബിസിനസ്സുകാരുടെയും, ഗസറ്റഡ് ഓഫീസര്‍മാരുടെയും, പോലീസ് മേധാവികളുടെയും, പണക്കാരുടെയും ഒക്കെ പാര്‍ട്ടിയാണ് സി.പി.എം. ഇന്നും പാവപ്പെട്ടവരും പണിയെടുക്കുന്നവരും നാട്ടിലുണ്ട്. ഒരു കാലത്ത് വര്‍ഗ്ഗശത്രുക്കള്‍ എന്ന് കരുതപ്പെട്ടിരുന്നവരുടെ സ്വന്തം പാര്‍ട്ടിയാണ് ഇന്ന് സി.പി.എം എന്ന് വേദനയോടെ അവര്‍ തിരിച്ചറിയുന്നു. കേരളത്തില്‍ ഇടത്തരക്കാര്‍ ഭൂരിപക്ഷമായത് കൊണ്ട് മാത്രമാണ് സി.പി.എം. ഒരു പോറലുമില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നത്. മനസ്സില്‍ അമര്‍ഷം പുകയുമ്പോഴും ഒരു ശീലം നിമിത്തം അവര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യുന്നു,ചങ്ങലകളില്‍ കണ്ണി ചേരുന്നു. അത് പാര്‍ട്ടി നേതാക്കളെ തെറ്റ് തിരുത്തലിന് നിര്‍ബ്ബന്ധമാക്കാത്ത സാഹചര്യം നിലനിര്‍ത്തുകയും ജീര്‍ണ്ണത വളര്‍ത്തുകയും ചെയ്യുന്നു.

ജീര്‍ണ്ണതയുടെ ഒരു സാമ്പിള്‍ കേട്ടിട്ട് ഞാന്‍ ഞെട്ടിപ്പോയി. പാര്‍ട്ടി അനുഭാവികള്‍ തന്നെയാണ് പറഞ്ഞത്. സാക്ഷാല്‍ പിണറായിയുടെ സ്വന്തം നാട്ടില്‍ പല സ്ഥാനമാനങ്ങളും വഹിക്കുന്ന ഭാരവാഹി, പ്രാദേശിക നേതാവ് വൈകുന്നേരം ഓലയമ്പലം ബസാറിലൂടെ കൈയില്‍ പോളിത്തീന്‍ സഞ്ചിയുമായി നടന്ന് പച്ചക്കറി കടകളിലും മറ്റും കയറി തനിക്കാവശ്യമുള്ളത് എടുത്ത് കൊണ്ടു പോകുന്നു. പണം കൊടുക്കാതെ പരസ്യമായി തന്നെ. ചില പോലീസുകാര്‍ ഇങ്ങനെ എടുത്തുകൊണ്ടു പോകുന്നത് പതിവാണ്. പക്ഷെ ഒരു ലോക്കല്‍ നേതാവ്? എന്നോട് തെളിവൊന്നും ചോദിക്കരുത്. ഞാന്‍ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ഓലയമ്പലം ബസാറില്‍ ആരോട് സ്വകാര്യം ചോദിച്ചാലും പറഞ്ഞു തരും. പ്രാദേശീക നേതാക്കള്‍ക്ക് ഇന്ന് അവിഹിതമായി പണം സമ്പാദിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. പാര്‍ട്ടിക്ക് വേതനം പറ്റുന്ന മുഴുവന്‍ സമയ ഭാരവാഹികളുണ്ട്. എന്തിനാണ് ഇപ്പോഴും ഈ ഏര്‍പ്പാട്. ആ വേതനം മാത്രമാണോ അവരുടെ ഇന്നത്തെ വരുമാനം. വേതനം പറ്റുന്നവര്‍ മറ്റുള്ളവരോട് ആജ്ഞാപിച്ച് പാര്‍ട്ടിയുടെ പണികള്‍ ചെയ്യിക്കുകയാണ് ചെയ്യുന്നത്.

ഞായറാഴ്ച അവധി വേതനം ലഭിക്കാത്ത ഫാക്ടറി തൊഴിലാളികളെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? പിണറായിയുടെ സ്വന്തം ആള്‍ ചെയര്‍മാനായ റബ്‌കോയിലെ തൊഴിലാളികള്‍ക്ക് ഞായറാഴ്ച വേതനം ഒരു സ്വപ്നം പോലും അല്ല. കാരണം അവിടെ സി.ഐ.ടി.യു. എന്ന ഒറ്റ യൂനിയന്‍ മാത്രമേയുള്ളൂ. ചൈനയില്‍ അടിമപ്പണിയാണ് തൊഴിലാളികള്‍ ചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍ റബ്‌കോയിലെ ഒരു തൊഴിലാളിയെ സ്വകാര്യം കണ്ട് ചോദിച്ചാല്‍ മതി. ആരും ഒന്നും തുറന്ന് പറയില്ല. ജനാധിപത്യം ഉണ്ടായിട്ടും ഇതാണ് സ്ഥിതിയെങ്കില്‍ ഇവിടെ വിപ്ലവം നടന്ന് കമ്മ്യൂണിസ്റ്റ് ഭരണം വന്നിരുന്നെങ്കിലോ?

എന്നോട് ഒരു സുഹൃത്ത് പറഞ്ഞു, ഇന്ത്യയില്‍ ജനാധിപത്യം ഏറ്റവും സമര്‍ത്ഥമായി ചൂഷണം ചെയ്യുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. ഏത് പദ്ധതിയും സി.പി.എം. കാര്‍ക്ക് പണം സമ്പാദിക്കാനുള്ള ഒരു സാധ്യതയായി തുറന്നു വരും. ഞാന്‍ നേരില്‍ കണ്ടതല്ല, നാട്ടില്‍ ചെന്നപ്പോള്‍ പറഞ്ഞുകേട്ടതാണ്; എന്റെ വീട്ടിനടുത്തുള്ള റോഡരികില്‍ പഴശ്ശികനാലിന്റെ പുറമ്പോക്ക് സ്ഥലത്ത് ഒരു ദിവസം രണ്ട് പേര്‍ വന്ന് മണ്ണ് നിരപ്പാക്കി കുഴികള്‍ കുഴിച്ച് എന്തോ ചെടികള്‍ നട്ടു. വൈകുന്നേരം ആ സ്ഥലത്ത് നാട്ടിയ ബോര്‍ഡ് കണ്ടു ആളുകള്‍ മൂക്കത്ത് വിരല്‍ വെച്ചുപോയത്രെ. സാമൂഹ്യവനവല്‍ക്കരണം, ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി, സംഖ്യ: 17500.00. ഇതായിരുന്നു ബോര്‍ഡിലെ അറിയിപ്പ്. ഏതായാലും ബോര്‍ഡ് രാവിലേയ്ക്ക് അപ്രത്യക്ഷമായിരുന്നു പോലും. പണം ഉണ്ടാക്കാന്‍ ദുരയും കൌശലവും ഉള്ളവര്‍ക്ക് കറവപ്പശു ആണ് ഇന്ന് പാര്‍ട്ടി. മറ്റ് പാര്‍ട്ടികള്‍ വ്യത്യസ്തമാണെന്നല്ല പറയുന്നത്. തങ്ങള്‍ ഇടത് പക്ഷമാണെന്നും, ഇടത് പക്ഷമെന്നാല്‍ എന്തോ പരിപാവനമായ ഒന്നാണെന്നും അവകാശപ്പെടുമ്പോള്‍ മറ്റ് പാര്‍ട്ടികളേക്കാളും ചിലകാര്യങ്ങളില്‍ നിങ്ങള്‍ തീരെ മോശമാണെന്നും ഒരു മേന്മയും നിങ്ങള്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടേണ്ടി വരുന്നു.

അത് കൊണ്ട് എന്നോട് ബഹുമാനം കുറയ്ക്കുകയല്ല എന്റെ ഇടത് സുഹൃത്തുക്കള്‍ ചെയ്യേണ്ടത്, ഇപ്പോള്‍ പാര്‍ട്ടി അംഗീകരിച്ച തെറ്റ് തിരുത്തല്‍ രേഖ അതിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് ശുദ്ധീകരണപ്രക്രിയ ആത്മാര്‍ത്ഥമായി നടപ്പാക്കുവാന്‍ ശക്തിയായി ആവശ്യപ്പെടുകയാണ് വേണ്ടത്.

ഇത് ബൂത്ത് പിടുത്തമോ സ്വത്ത് പിടുത്തമോ?

ഉപതെരഞ്ഞെടുപ്പോടനുബന്ധിച്ച് കണ്ണൂരില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് താഴെ കൊടുക്കുന്നു.

കണ്ണൂര്‍: താമസക്കാരായി വോട്ടര്‍പട്ടികയില്‍ കാണിച്ചിരിക്കുന്നവര്‍ തങ്ങളുടെ കെട്ടിടത്തില്‍ താമസമില്ലെന്ന് കാണിച്ച് ഉടമകള്‍ പരാതിയുമായി രംഗത്ത്. ആരും താമസമില്ലാത്തിടത്ത്ആറും ഏഴും പേര്‍ താമസിക്കുന്നതായി കാണിച്ചിരിക്കുന്ന വോട്ടര്‍പട്ടിക അംഗീകരിച്ചാല്‍ പട്ടികയില്‍ പറയുന്നവര്‍ പിന്നീട് സ്ഥലത്തിന്റെ അവകാശവുമായി രംഗത്തെത്തുമോ എന്നതാണ് ഉടമകളുടെ ആശങ്ക.

ഇടിഞ്ഞുവീഴല്‍ ഭീഷണിയെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തിലധികമായി അടച്ചിട്ടിരിക്കുന്ന ചേക്ക് ലൈന്‍ മുറിയില്‍ താമസമുണ്ടെന്നു വോട്ടര്‍പട്ടികയില്‍ പറയുന്നവര്‍ യഥാര്‍ഥത്തില്‍ ഇവിടെ താമസമില്ലെന്ന് കാണിച്ച് സ്ഥലം ഉടമ കണിയറക്കല്‍ സുലൈഖ കലക്ടര്‍ക്ക് പരാതി നല്‍കി. 3/87, 3/87 (എ) നമ്പറുകളിലുള്ള ചേക്ക് ലൈന്‍ മുറികള്‍ താന്‍ കൈവശം വച്ചുപോരുന്നതാണെന്നും മറ്റാര്‍ക്കും അതില്‍ അവകാശമില്ലെന്നും പരാതിയില്‍ വ്യക്തമാക്കി. പ്രസ്തുത വോട്ടര്‍മാരെ തന്റെ പേരിലുള്ള കെട്ടിടത്തിലെ താമസക്കാരാക്കിയത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരേ കെട്ടിട നമ്പറിന് പലതരം വീട്ടുപേരുകള്‍ എന്ന പരാതി വീണ്ടും പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എളയാവൂര്‍ പഞ്ചായത്ത് 11ആം വാര്‍ഡിലെ 11/75(എ) കെട്ടിടത്തിന് രാജന്‍സ് ക്വാര്‍ട്ടേഴ്സ്, നജ്മ ബില്‍ഡിങ്, സിഎച്ച് ബില്‍ഡിങ് എന്നിങ്ങനെ പേരുകള്‍ നല്‍കിയിരിക്കുന്നു. മറ്റു മണ്ഡലങ്ങളില്‍ നിന്ന് കണ്ണൂരിലേക്ക് വോട്ട് മാറ്റിച്ചേര്‍ത്തവര്‍ പഴയ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലും ഇപ്പോള്‍ വോട്ടര്‍മാരായി തുടരുകയാണ്. അടുത്ത തിരഞ്ഞെടുപ്പിനു മുന്‍പ് പഴയ പട്ടികയില്‍ നിന്ന് ഇവരുടെ പേരുകള്‍ സ്വാഭാവികമായി നീക്കം ചെയ്യപ്പെടുമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഏപ്രില്‍ 16ന് നടന്ന തിരഞ്ഞെടുപ്പില്‍ മറ്റു മണ്ഡലങ്ങളില്‍ വോട്ട് ചെയ്തവര്‍ ഈ മണ്ഡലത്തില്‍ ആറുമാസം തികച്ചതിന്റെ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ തരപ്പെടുത്തി എന്ന ചോദ്യം ബാക്കിയാവുന്നു.

(ആധാരം :വിവിധ പത്രങ്ങള്‍)

കോണ്‍ഗ്രസ്സിന്റെ മുന്നേറ്റം ആശ്വാസകരം


മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മൂന്നിലും കോണ്‍ഗ്രസ്സ് നേടിയ വ്യക്തമായ മേല്‍‌ക്കൈ ജനാധിപത്യ-മതേതരവാദികള്‍ക്ക് ആശ്വാസവും ആഹ്ലാദവും നല്‍കുന്നതാണ്. ഈ വിജയത്തെ സുതാര്യമെന്നും മഹത്തരവുമെന്നുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ജനാധിപത്യം പക്വത ആര്‍ജ്ജിച്ചു വരുന്നതിന്റെ ലക്ഷണം കൂടിയാണിത്. രാജ്യത്തെ ശരിയായ പാതയിലൂടെ നയിക്കാന്‍ കെല്പുള്ള രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സ് മാത്രമാണെന്നും,കോണ്‍ഗ്രസ്സിന് പകരം വയ്ക്കാന്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് മാത്രമേയുള്ളൂ എന്നും ഗ്രാമീണരായ വോട്ടര്‍മാര്‍ തിരിച്ചറിയുന്നു. 2011ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മാര്‍ക്സിസ്റ്റ് ഭരണക്കുത്തക തകര്‍ക്കപ്പെടുക തന്നെ ചെയ്യും. ബര്‍ലിന്‍ മതില്‍ തകരുന്നതിനും സോവിയറ്റ് സാമ്രാജ്യം ചിന്നിച്ചിതറി സ്വതന്ത്രരാഷ്ട്രങ്ങളാകുന്നതിനും ചരിത്രം സാക്ഷ്യം വഹിച്ചതാണല്ലൊ. ജനങ്ങളുടെ ഒരു പ്രശ്നങ്ങള്‍ക്കും കമ്മ്യൂണിസമെന്ന വരട്ടുസിദ്ധാന്തം പരിഹാരമാര്‍ഗ്ഗമല്ല.

കോണ്‍ഗ്രസ്സ് പാര്‍ട്ടി തകര്‍ന്നു പോയിരുന്നുവെങ്കില്‍ ഇന്ത്യാമഹാരാജ്യം തന്നെ ഛിഹ്നഭിന്നമായി പോകുമായിരുന്നു. ഇത്രയധികം വൈവിധ്യങ്ങളുള്ള ഈ രാജ്യത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് മാത്രമേ കഴിയൂ. കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇവിടെ മേല്‍ക്കോയ്മ ലഭിക്കുകയാണെങ്കില്‍ അവര്‍ ഈ നാട് ചൈനയ്ക്ക് അടിയറ വെച്ചേനേ. ചൈനയുടെ വളര്‍ച്ചയിലും ശക്തിയിലുമാണ് ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോഴും അഭിമാനം കൊള്ളുന്നത്. ഇന്ത്യ ഒന്നിനും കൊള്ളാത്ത നാടാണെന്നവര്‍ സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം പറയുന്നുണ്ട്. ഇന്ത്യയുടെ പുരോഗതിയെ തടഞ്ഞു നിര്‍ത്താന്‍ ചൈന പ്രത്യക്ഷമായും പരോക്ഷമായും കുത്തിത്തിരുപ്പുകള്‍ ചെയ്യുന്നുണ്ട്. ഇവിടത്തെ കമ്മ്യൂണിസ്റ്റുകള്‍ എല്ലാറ്റിനെയും എതിര്‍ക്കുന്നത് യാദൃച്ഛികമല്ല. ആ എതിര്‍പ്പുകളെല്ലാം ചൈനയുടെ താല്പര്യങ്ങളുമായി ഒത്തുപോകുന്നുണ്ട്. ഇതില്‍ അസ്വാഭാവികതയൊന്നുമില്ല. കമ്മ്യൂണിസം എന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്, ആ സിദ്ധാന്തത്തിന്റെ ശേഷിക്കുന്ന അപ്പോസ്തലന്മാര്‍ ഭരിക്കുന്ന ചൈനയോട് കൂറില്ലാതെ, കണ്ട ബൂര്‍ഷ്വാ മൂരാച്ചികള്‍ ഭരിക്കുന്ന ഇന്ത്യയോടാണ് കൂറെങ്കില്‍ അതാണ് സ്വാഭാവികമല്ലാത്തത്.

ജനാധിപത്യത്തിന്റെ ബാലാരിഷ്ടതകള്‍ അതിജീവിയ്ക്കണമെങ്കിലും, അത് പക്വത പ്രാപിക്കണമെങ്കിലും ശക്തവും കെട്ടുറപ്പുള്ളതുമായ ഭരണകക്ഷിയും പ്രതിപക്ഷ കക്ഷിയും കൂടിയേ തീരൂ. ബി.ജെ.പി. എന്ന പാര്‍ട്ടിയ്ക്ക് കോണ്‍ഗ്രസ്സിന് ബദല്‍ ആകാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ മതവര്‍ഗ്ഗീയതയോട് ആ പാര്‍ട്ടി ചാഞ്ചാട്ടപരമായ നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടി വളര്‍ത്താന്‍ തീവ്രഹിന്ദുത്വത്തിന്റെ അദ്വാനിമുഖവും ഭരണത്തില്‍ എത്താന്‍ വാജ്‌പൈയുടെ മിതവാദമുഖവും മാറിമാറി അണിയുക എന്ന തന്ത്രം ആ പാര്‍ട്ടിയുടെ വിശ്വാസ്യത നശിപ്പിച്ചു. മതവര്‍ഗ്ഗീയത ഇന്ത്യയില്‍ വേരു പിടിക്കില്ല എന്നറിയാമായിരുന്നിട്ടും ആ പാര്‍ട്ടിക്ക് മതേതരശൈലി സ്വായത്തമാക്കാനായില്ല. അദ്വാനിയുടെ തീവ്രഹിന്ദുത്വരാഷ്ട്രീയം ഇവിടെ വിജയിച്ചിരുന്നുവെങ്കില്‍ ഇന്ത്യ മറ്റൊരു പാക്കിസ്ഥാന്‍ ആയി മാറുമായിരുന്നു. ഇപ്പോള്‍ അദ്വാനി രാഷ്ട്രീയം മതിയാക്കാനുള്ള സാഹചര്യമാണുള്ളത്. വാജ്‌പൈ ആണെങ്കില്‍ പൂര്‍ണ്ണമായി വിരമിക്കുകയും ചെയ്തു. ബി.ജെ.പി.യിലെ രണ്ടാം നിര നേതാക്കള്‍ക്ക് ഇന്ത്യയെ ഒന്നായി കാണാന്‍ കഴിയുകയുമില്ല. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ്സോ അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന മുന്നണിയോ അധികാരത്തില്‍ വന്നാലേ സാധിക്കുകയുള്ളൂ എന്ന് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും മനസ്സിലാക്കി വരുന്നതിന്റെ തെളിവുകളാണ് സമീപകാലത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ .

ദ്വികക്ഷിസമ്പ്രദായത്തിന് പകരം ദേശീയതലത്തില്‍ കോണ്‍ഗ്രസ്സും സംസ്ഥാനങ്ങളില്‍ ഡി.എം.കെ.പോലുള്ള പ്രാദേശിക മതേതര പാര്‍ട്ടികളും ചേര്‍ന്നുള്ള മുന്നണി സംവിധാനമാണ് ഇവിടെ രൂപപ്പെട്ടു വന്നുകാണുന്നത്. ഇത് നമ്മുടെ ഫെഡറല്‍ സംവിധാനത്തിനും ജനാധിപത്യ-മതേതര അടിത്തറ ഉറപ്പിക്കുന്നതിനും ശക്തി പകരും എന്നതില്‍ സംശയമില്ല. രാജ്യത്തിന്റെ അഖണ്ഡതയും നിലനില്പും ഉറപ്പാക്കുന്നതിന് കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനം നിലനില്‍ക്കേണ്ടതുണ്ട്. ആ പാര്‍ട്ടിയുടെ സംഘടനാപരമായ ദൌര്‍ബ്ബല്യങ്ങള്‍ പരിഹരിക്കാനും വിദ്യാര്‍ഥി-യുവജനവിഭാഗങ്ങളെ വീണ്ടും കര്‍മ്മനിരതരാക്കാനും രാഹുല്‍ ഗാന്ധി നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ കോണ്‍ഗ്രസ്സിനെ പിരാകിയും ശപിച്ചും, അപകീര്‍ത്തിപ്പെടുത്തിയും ചെളി വാരിയെറിഞ്ഞും രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയവരുടെയും അവരുടെ പാര്‍ട്ടികളുടെയും അവസ്ഥ ഇന്ന് ശോചനീയമാണ്. കോണ്‍ഗ്രസ്സിനെ കുറ്റം പറയുക എന്നല്ലാതെ അവര്‍ക്ക് ക്രിയാത്മക പരിപാടികള്‍ ഒന്നുമില്ല.

ഈ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഞാന്‍ അഭിമാനപൂര്‍വ്വം ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സിനെ അനുമോദിക്കുന്നു!

തലക്കെട്ട് വേണ്ടാത്തത്

തലക്കെട്ട് വേണ്ടാത്തത് എന്ന തലക്കെട്ടില്‍ മയൂര എന്ന ബ്ലോഗ്ഗര്‍ ഒരു കവിത തന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട് ഇതിന് മുന്‍പ്. എനിക്കെന്തെങ്കിലും ഇപ്പോള്‍ എഴുതണമായിരുന്നു. ഇതിന് യഥാര്‍ഥത്തില്‍ ഒരു തലക്കെട്ട് ആവശ്യമില്ല. ഒന്നാമത് ആരെങ്കിലും ഇത് വായിക്കണം എന്ന് എനിക്ക് നിര്‍ബന്ധമില്ല. മറ്റൊന്ന് ഇതൊരു വിഷയമല്ല. വെറുതെ എന്ന് വെച്ചാല്‍ വെറും വെറുതെ ഒരു കുത്തിക്കുറിക്കല്‍. പിന്നെന്തിന് ഒരു തലക്കെട്ട്. എന്നാല്‍ പിന്നെ ഇങ്ങനെ ഒരു തലക്കെട്ട് നില്‍ക്കട്ടെ എന്ന് വെച്ചപ്പോഴാണ് മയൂരയില്‍ നിന്ന് എനിക്ക് ഈ തലക്കെട്ട് കടം വാങ്ങേണ്ടി വന്നത്. ഒന്നോര്‍ത്താല്‍ ഈ ജീവിതത്തില്‍ നമുക്ക് സ്വന്തമായി എന്താണുള്ളത്? എല്ലാം ആരില്‍ നിന്നെങ്കിലും കടം വാങ്ങുന്നതല്ലേ? തീര്‍ച്ചയായും ജീവിയ്ക്കുക എന്നത് തന്നെ നിരന്തരമായ ഒരു കടം വാങ്ങലാണ്. ഒരിക്കലും തിരിച്ചു കൊടുക്കാത്ത കടങ്ങള്‍.

ബ്ലോഗ് എന്നത് ഒരു നല്ല സുഹൃത്താണെന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. അതങ്ങനെയാണ്, മനസ്സിലാക്കലിന് അവസാനമില്ല. ഓരോ ദിവസവും നാം ഓരോന്ന് പുതുതായി മനസ്സിലാക്കൊണ്ടിരിക്കുന്നു. മറ്റാരെങ്കിലും വായിച്ച് മനസ്സിലാക്കേണ്ടതും കമന്റ് എഴ്തേണ്ടതുമായ ഒന്നാണ് ബ്ലോഗ് എന്നായിരുന്നു എന്റെ ധാരണ. അത്കൊണ്ട് പലപ്പോഴും ഞാന്‍ ബ്ലോഗിനെ പ്രണയിക്കുകയും, പലപ്പോഴും ബ്ലോഗോട് കലഹിക്കുകയും ചെയ്തു വന്നു. ബ്ലോഗ് ഡിലീറ്റ് ചെയ്താലോ എന്ന് പലവട്ടം ആലോചിച്ചതാണ്. പക്ഷെ ഇപ്പോള്‍ മനസ്സിലാക്കുന്നു, എനിക്ക് ആരോടെങ്കിലും പറഞ്ഞേ തീരൂ എന്ന കാര്യങ്ങള്‍ ബ്ലോഗോട് പറയാം. എല്ലാം ക്ഷമയോടെ കേള്‍ക്കുന്ന ഒരു ഉത്തമ സുഹൃത്താണ് ബ്ലോഗ്.

ജിവിതത്തിന് എത്രയെത്ര നിര്‍വ്വചനങ്ങള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു. അതൊക്കെ തെറ്റാണെന്ന് പറയണമെങ്കില്‍ അസാമാന്യമായ ചിന്താശൂന്യത വേണം. ആനയെ കുരുടന്‍ കണ്ടത് പോലെയാണ് പലരും ജീവിതത്തെ കണ്ടത് എന്ന് ചിലപ്പോഴൊക്കെ എന്റെ ചെറിയ ബുദ്ധിക്ക് തോന്നാറുണ്ട്. ഓരോ ആളും എന്താണ് സദാ ചുമക്കുന്നത് എന്ന് ഞാന്‍ പലപ്പോഴും ആലോചിട്ടുണ്ട്. നോക്കുമ്പോള്‍ അവനവനെ തന്നെയാണ് എല്ലാവരും ചുമക്കുന്നത്. ഇതൊരു പുതിയ കണ്ടുപിടുത്തമല്ല. സ്വന്തം അറിവുകളുടെ ഭാണ്ഡക്കെട്ടും ചുമന്നുകൊണ്ടാണ് മനുഷ്യന്‍ മുടന്തുന്നത് എന്ന മട്ടില്‍ ജിദ്ദു കൃഷ്ണമൂര്‍ത്തി പറഞ്ഞിട്ടുണ്ട്. ആ ചുമട് ഉപേക്ഷിച്ച് വര്‍ത്തമാനകാലം അഘോഷിക്കാനാണ് അദ്ദേഹം നമ്മോട് പറഞ്ഞത്. പറയാന്‍ എന്തെളുപ്പം. അനുസരിക്കാന്‍ നോക്കിയാല്‍ വിവരം അറിയും. ഉപേക്ഷിക്കാന്‍ പോയിട്ട് ഒരു നിമിഷം ഒന്നിറക്കി വെക്കാന്‍ പോലും നമുക്കാവില്ല. കാരണം ആ ഭാരം തന്നെയാണ് നമ്മള്‍. കൃഷ്ണമൂര്‍ത്തി ഇറക്കിവെച്ചിട്ടുണ്ടാവുമോ? ഓഷോ അനുയായികളോട് ആഹ്വാനം ചെയ്തത് സ്വയം അനുഭവിച്ചിട്ടുണ്ടാകുമോ? എനിക്ക് സംശയിക്കാം. അല്ലെങ്കില്‍ ഞാനെന്തിനിങ്ങനെ എഴുതണം. പറയുന്നതല്ല നമ്മള്‍. നാം പറയുന്നത് നാം പ്രസരിപ്പിക്കുന്ന ഗന്ധമാണ്. അത് സുഗന്ധമോ ദുര്‍ഗന്ധമോ ആകാം. അതിന് ഭാരമില്ല. ഭാരത്തിന് സ്വയം ഭാരമല്ലാത്താകാന്‍ കഴിയാത്തത്കൊണ്ട് ഒന്നും ഇറക്കി വെക്കാന്‍ പറ്റില്ല.

എന്റെ ചിന്തകള്‍, ആശയങ്ങള്‍,അറിവുകള്‍,വിശ്വാസങ്ങള്‍ ഇങ്ങനെ എന്നെ സംബന്ധിക്കുന്ന എല്ലാം ഞാനാണ്. ഞാന്‍ എന്ന ഭാരമാണ്. ഞാന്‍ തന്നെ സ്വയം ഒരു ഭാരമായത്കൊണ്ടാണ് ഭാരം എനിക്ക് ഫീല്‍ ചെയ്യാത്തത്. അപ്പോള്‍ എന്നില്‍ നിന്ന് എനിക്ക് ഒന്നും മൈനസ് ചെയ്യാന്‍ പറ്റില്ല. അത് തന്നെയാണ് എല്ലാവരുടെയും പ്രശ്നം. ഹ ഹ ഹ ഞാന്‍ അല്പം ചിരിക്കട്ടെ. ഏറ്റുമുട്ടല്‍, സംഘര്‍ഷം ഉണ്ടാകുന്നത് ഇവിടെയാണ്. സംഘര്‍ഷം ഇല്ലാത്ത ഒരു സ്പേസ് എവിടെയുമില്ലെന്നാണ് മാര്‍ക്സ് നിരീക്ഷിച്ചത്. അവനവനിലും സംഘര്‍ഷമുണ്ട്. അതാണ് ആത്മസംഘര്‍ഷം. കേള്‍ക്കാന്‍ എത്ര നല്ല വാക്ക്. എന്നാല്‍ അനുഭവിക്കാനോ? നമ്മള്‍ മറ്റാരോടെങ്കിലും സംഘര്‍ഷിക്കുമ്പോള്‍ നമ്മുടെ ആത്മാവില്‍ സംഘര്‍ഷമില്ല. ഒരേ സമയം ഒന്നേ നമുക്ക് ഫീല്‍ ചെയ്യൂ. അത്കൊണ്ട് കലഹിക്കുക എന്നത് ആത്മസംഘര്‍ഷം ലഘൂകരിക്കാന്‍ നല്ല മാര്‍ഗ്ഗമാണ്. കലഹത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പേര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു എന്നതാണ് കലഹങ്ങളുടെ പ്രത്യേകത. ആത്മസംഘര്‍ഷം വിസ്മൃതമാകുന്ന അപൂര്‍വ്വാവസരങ്ങളാണ് കലഹവേളകള്‍! അത്കൊണ്ട് നമ്മുടെ മനസ്സ് സദാ കലഹസാധ്യതകള്‍ ആരായുന്നു.

പ്രായം മനുഷ്യനില്‍ പല മാറ്റങ്ങളും വരുത്തിവെക്കുന്നുണ്ട്. പുതിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുമുണ്ട്. മക്കള്‍ വലുതാകുന്നു എന്നതാണ് പ്രധാനപ്പെട്ട സംഗതി. മക്കള്‍ വലുതാവുക മാത്രമല്ല ചെയ്യുന്നത്,അവര്‍ വലിയ ഒരു ഭാരമായി സ്വയം പരിണമിക്കുന്നുമുണ്ട്. അപ്പോള്‍ നമുക്കവരെ വഴി നടത്താന്‍ പണ്ടേ പോലെ പറ്റില്ല. അത് ഉള്‍ക്കൊള്ളുക എന്നത് വയസ്സാകലിലെ വലിയൊരു വെല്ലുവിളിയാണ്. ഞാന്‍ മക്കളെ മലയാളം മീഡിയത്തിലാണ് പഠിപ്പിച്ചത്. എന്ന് വെച്ച് അവരുടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തിലല്ലാതെ അവര്‍ക്ക് പഠിപ്പിക്കാന്‍ പറ്റുമോ? മലയാളം മീഡിയത്തില്‍ മക്കളെ അയയ്ക്കുക എന്നതില്‍ പരം ഒരു നാണക്കേട് ഇന്നത്തെ അച്ഛനമ്മമാര്‍ക്ക് ഉണ്ടാകാനില്ല. എന്റെ മക്കളായി പോയി എന്ന് വെച്ച് അവര്‍ക്ക് അവരുടെ മക്കളുടെ അച്ഛനമ്മമാര്‍ ആകാതിരിക്കാന്‍ കഴിയുമോ? ഇംഗ്ലീഷ് മീഡിയം എന്നത് സമകാലിക ഭാരങ്ങളില്‍ ഒഴിവാക്കാനാകാത്തതാണ്.

മാതൃഭാഷയിലേ അധ്യയനം നടത്താവൂ എന്നത് ഒരു പഴഞ്ചന്‍ വാക്കാണു. അത്കൊണ്ട് ഇന്നത്തെ യു.കെ.ജി. കുട്ടി ഒരേ സമയം ഇംഗ്ലീഷും മലയാളവും പഠിക്കണം. ഇംഗ്ലീഷും പഠിപ്പിക്കുന്നത് മലയാളത്തിലാണ് എന്നതാണ് പഠിപ്പിക്കലിലെ ഒരു വിരോധാഭാസം. സി-ഏ-ടി ക്യാറ്റ് ,ക്യാറ്റ് എന്നാല്‍ പൂച്ച എന്ന മാതിരി ഒരു ശൈലി. കുട്ടി ആദ്യം തന്നെ പൂച്ച എന്നാല്‍ എന്തെന്ന് പഠിച്ചു കഴിഞ്ഞിരുന്നു. ആദ്യം തന്നെ ക്യാറ്റ് എന്നാല്‍ ക്യാറ്റ് ആണെന്നും പൂ-ച്ച സമം പൂച്ച, പൂച്ച എന്നാല്‍ ക്യാറ്റ് എന്നാണെന്നും പഠിക്കുന്ന കുട്ടിയെ ആയിരുന്നു സത്യത്തില്‍ ഇംഗ്ലീഷ് മീഡിയം എല്‍.കെ.ജി,യു.കെ.ജി സ്കൂളുകള്‍ക്ക് ആവശ്യം. ക്യാറ്റ് എന്നാല്‍ പൂച്ച എന്ന് ഉരുവിടുന്ന കുട്ടിക്ക് മലയാളം മീഡിയമാണ് അഭികാമ്യം. പക്ഷെ ഇന്ന് യൂനിഫോം, സ്കൂള്‍ വാന്‍, കനം തൂങ്ങുന്ന ബാഗ് എന്നിവയൊക്കെ ഞാന്‍ നടേ പറഞ്ഞ ഭാരത്തിന്റെ ഭാഗമാകുമ്പോള്‍ ആ‍ര്‍ക്ക് അതൊക്കെ ഇറക്കി വെച്ച് സ്വയം ഇല്ലാത്താവാന്‍ കഴിയും?

ചെങ്ങറ ഭൂസമരം; ഭാഗികവിജയം!



അങ്ങനെ 2007 ആഗസ്റ്റ് നാലാം തീയ്യതി മുതല്‍ ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ സാധുജനവിമോചനമുന്നണി നടത്തിവന്നിരുന്ന ചെങ്ങറഭൂസമരം ഒത്തുതീര്‍ന്നു. ഇത്രയും കാലം ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ നടത്തിവന്ന ഈ സമരം എന്തുകൊണ്ടും സമരങ്ങളുടെ ചരിത്രത്തില്‍ ഐതിഹാസികം തന്നെയാണ്. ശരിക്ക് പറഞ്ഞാല്‍ സമരങ്ങള്‍ക്ക് മാതൃകയാണ് ഈ സമരം. ഇക്കാലത്ത് രാഷ്ട്രീയപ്രൊഫഷണലുകളും ട്രേഡ് യൂനിയന്‍ മധ്യവര്‍ത്തികളും ജനകീയസമരങ്ങളെ ഹൈജായ്ക്ക് ചെയ്തുകൊണ്ടു പോയിട്ടുണ്ട്. ഒരു ജനകീയ സമര നേതാവ് എങ്ങനെയിരിക്കണം എന്നതിന് നമുക്ക്
ളാഹ ഗോപാലനെ ചൂണ്ടിക്കാണിക്കാന്‍ പറ്റും. ജനങ്ങളോടൊപ്പം അന്തിയുറങ്ങാന്‍ കഴിയുന്നവനായിരിക്കണം ജനനേതാവ്. നേതാവ് എന്നത് ഒരു ബഹുമതിയോ,പദവിയോ,സ്ഥാനമോ അല്ല. സ്വാതന്ത്ര്യസമരകാലത്ത് ഈ ഒരു സങ്കല്പം നിലനിന്നിരുന്നു. ഇന്നിപ്പോള്‍ നേതാവ് എന്നാല്‍ ജനങ്ങളുടെ യജമാനന്‍ എന്നാണ് സങ്കല്പം. ഇവിടെയാണ് ളാഹ ഗോപാലന്റെ പ്രസക്തി.

ചെങ്ങറ സമരം ഒരു ഫ്ലാഷ്‌ ബായ്ക്ക്


ളാഹ ഗോപാലന്‍ ചെങ്ങറ സമരത്തെക്കുറിച്ച് മാധ്യമത്തോട് സംസാരിച്ചത് 2008 ആഗസ്റ്റ് 8ന്റെ ലക്കത്തില്‍ നിന്ന്:

ചെങ്ങറയില്‍ തോട്ടം തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി നടത്തുന്ന ഉപരോധസമരത്തിനുമുന്നില്‍ മുട്ടുമടക്കില്ലെന്ന് സാധുജനവിമോചന സംയുക്തവേദി പ്രസിഡന്റ ളാഹ ഗോപാലന്‍. ഉപരോധം ഭൂരഹിതരായ പാവങ്ങളെ സമരരംഗത്ത് ശക്തമായി ഉറച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നും പട്ടിണികിടന്ന് മരിക്കാന്‍ സമരക്കാര്‍ സന്നദ്ധരാണെന്നും ഗോപാലന്‍ 'മാധ്യമ'ത്തോടുപറഞ്ഞു. സമരക്കാരെ പ്രകോപിപ്പിച്ച് ചെങ്ങറയില്‍ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാനും തോട്ടം തൊഴിലാളികള്‍ക്കിടയില്‍ നിന്ന് രക്തസാക്ഷികളെ സൃഷ്ടിച്ചെടുക്കാനുമാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഉപരോധം ആരംഭിച്ചശേഷം ഇതുവരെ 250ഓളം സാധാരണക്കാര്‍ അക്രമത്തിനിരയായി. ചികിത്സക്കായി പുറത്തേക്കുവന്ന വൃദ്ധകളെയടക്കം മര്‍ദിച്ചു. എന്ത് പ്രകോപനമുണ്ടായാലും സമാധാനപരമായ സമരത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവശനിലയില്‍ കഴിയുന്ന ആരെയും ഇനി സമിതി ആശുപത്രിയില്‍ കൊണ്ടുപോകില്ല. സര്‍ക്കാറിനുവേണമെങ്കില്‍ ചെയ്യാം.

2006 ജൂണില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൊടുമണ്‍^ ചന്ദനപ്പള്ളി എസ്റേറ്റിലാണ് സാധുജനവിമോചന സംയുക്തവേദി ആദ്യം ഭൂമിക്കുവേണ്ടി സമരം ആരംഭിച്ചത്. തിരുവനന്തപുരത്ത് മന്ത്രി കെ. പി രാജേന്ദ്രനുമായി നടത്തിയ ചര്‍ച്ചയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചുദിവസത്തിനുശേഷം സമരം പിന്‍വലിച്ചു.അടിസ്ഥാന വര്‍ഗ കുടുംബങ്ങള്‍ക്ക് ദാരിദ്യ്രരേഖക്ക് മുകളില്‍ എത്താനുള്ള കൃഷിഭൂമി നല്‍കുക, കൃഷിയിറക്കുന്നതിന് 50,000 രൂപ വീതം നല്‍കുക, പട്ടികജാതി ^വര്‍ഗ വിഭാഗ കുടുംബത്തില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന യു ഡി എഫ് സര്‍ക്കാറിന്റെ പ്രഖ്യാപനം നടപ്പാക്കുക, അവശക്രൈസ്തവരെ പട്ടികജാതിയില്‍പെടുത്തുക, അംബേദ്കര്‍ ചരമദിനവും അയ്യങ്കാളി ജന്മ^ചരമ ദിനങ്ങളും പൊതു അവധിയായി പ്രഖ്യാപിക്കുക, കല്ലേലി അപ്പൂപ്പന്‍ കാവ് വികസനത്തിന് 5ഏക്കര്‍ ഭൂമി പതിച്ചു നല്‍കുക തുടങ്ങിയ 22 ആവശ്യങ്ങളാണ് സമരത്തിനാധാരമായി ഉന്നയിച്ചിരുന്നത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിതരണം ചെയ്തതുപോലെയോ അല്ലെങ്കില്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ കരുണാനിധി സര്‍ക്കാര്‍ നടപ്പാക്കുന്നതുപോലെയോ പട്ടികജാതിക്കാര്‍ക്ക് വിതരണം ചെയ്യാമെന്നാണ് ഉറപ്പ് നല്‍കിയത്.

ഒരുവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതിനാലാണ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കുമ്പഴ തോട്ടത്തില്‍ കടന്നുകയറി സമരമാരംഭിച്ചത്.പ്രതികൂല സാഹചര്യങ്ങളെല്ലാം അതിജീവിച്ച് ഒരുവര്‍ഷം പിന്നിട്ട സമരം അടിച്ചമര്‍ത്താന്‍ ഇപ്പോള്‍ നടക്കുന്ന നീക്കം തൊഴിലാളികള്‍ക്ക് വേണ്ടിയല്ലെന്ന് ഗോപാലന്‍ പറഞ്ഞു . സമരം നടക്കുന്ന സ്ഥലത്ത് റബര്‍മരങ്ങള്‍ വെട്ടുന്നതിന്റെ കാലാവധി കഴിഞ്ഞതും മുറിച്ചുമാറ്റാന്‍ നിര്‍ത്തിയിട്ടുള്ളതുമാണ്. ഇതില്‍ നിന്ന് ചെറിയതോതില്‍ സമരക്കാര്‍ കറയെടുക്കുന്നുണ്ട്. ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതുകൊണ്ടാണിത.് സമരം ഒത്തുതീര്‍ക്കാന്‍ പരമാവധി വിട്ടുവീഴ്ചക്ക് സമരസമിതി സന്നദ്ധത അറിയിച്ചിട്ടുള്ളതാണ് . ആവശ്യം ഒരേക്കര്‍ ഭൂമിയില്‍ പരിമിതപ്പെടുത്താനും സന്നദ്ധമാണ്. 50,000 രൂപ വായ്പയായി നല്‍കിയാലും മതി. സമരക്കാരില്‍ അര്‍ഹതയുള്ളവരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടം നല്‍കിയ ചോദ്യാവലി പൂരിപ്പിച്ച് കൊടുക്കാന്‍ തീരുമാനിച്ചതിന്റെ തലേന്നാണ് തൊഴിലാളികള്‍ ഉപരോധവുമായി രംഗത്ത് വന്നതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗോപാലന്‍ ആരോപിച്ചു. അപേക്ഷകളിലെ വിവരം പുറത്തുവന്നാല്‍ സമരക്കാര്‍ കൂടുതലും സ്വന്തമായി ഭൂമിയുള്ളവരാണെന്നും മറ്റുമുള്ള ആരോപണം പൊളിയും. ആറായിരത്തോളം അപേക്ഷകളാണ് തയാറായിരിക്കുന്നത്. ഇതില്‍ ആയിര ത്തോളം പേര്‍ വാടകവീടുകളില്‍ താമസിക്കുന്നവരാണ്. ഇവര്‍ക്കൊന്നും ഇനി മടങ്ങാനാകില്ല. എന്തെങ്കിലും ഒരുറപ്പിന്റെ പേരില്‍ സമരം അവസാനിപ്പിക്കുന്ന പ്രശ്നമില്ലെന്നും ഗോപാലന്‍ പറഞ്ഞു.

ഭൂമി ചെങ്ങറയില്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. വാഗ്ദാനം ചെയ്യുന്ന ഭൂമി എവിടെയാണെങ്കിലും അത് ലഭിക്കുന്നതുവരെ സമരക്കാര്‍ ചെങ്ങറയില്‍ തുടരും. സമരക്കാരില്‍ അര്‍ഹത ബോധ്യപ്പെടുന്നവര്‍ക്കു മാത്രം സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ മതി. സര്‍ക്കാറിനു ഹാരിസന്റെ തോട്ടം ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ലഭ്യമായ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് തോട്ടം വാങ്ങി ഭൂമി നല്‍കാവുന്നതേയുള്ളൂ. പക്ഷേ, കഴിഞ്ഞ പഞ്ചവത്സരപദ്ധതിയില്‍ പട്ടികജാതിക്ഷേമത്തിനുള്ള 133 കോടി ലാപ്സാക്കിയവര്‍ക്ക് ഇക്കാര്യങ്ങളൊന്നും ഉള്‍ക്കൊള്ളാനാവില്ല. ഭൂമിയൊക്കെ വ്യവസായികളെ ഏല്‍പിക്കാന്‍ തോമസ് ഐസക്കും എളമരം കരീമുമൊക്കെ വ്യഗ്രത കാട്ടുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ആവശ്യം നേടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ പാവങ്ങള്‍ക്ക് തരാന്‍ ഭൂമിയില്ലാത്ത അവസ്ഥയുണ്ടാകുമെന്നും ളാഹ ഗോപാലന്‍ പറഞ്ഞു. തന്റെ കഴിവോ വലുപ്പമോ കണ്ടല്ല ചെങ്ങറയില്‍ ഇത്രയധികം ആളുകള്‍ സമരത്തിനെത്തിയത്. പട്ടികജാതിക്കാര്‍ അനുഭവിക്കുന്ന ദുരിതവും ഗതികേടും കൊണ്ടാണ്. ഈ സാഹചര്യം മനസ്സിലാക്കാന്‍ സി.പി.എം ഇപ്പോഴും തയാറാകുന്നില്ല. എറണാകുളത്തെ പട്ടികജാതിക്കാരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത പിണറായി വിജയന്റെ പ്രസംഗത്തിന് കൈയടി ലഭിക്കാതെ പോയതും അച്യുതാനന്ദന്റെ പ്രസംഗം ജനക്കൂട്ടം കരഘോഷത്തോടെ സ്വീകരിച്ചതും എന്തുകൊണ്ടാണെന്ന് സി.പി.എം നേതൃത്വം ചിന്തിക്കണമെന്നും ളാഹ ഗോപാലന്‍ പറഞ്ഞു.

ചെങ്ങറ ഫോട്ടോ ഗ്യാലറി


ചെങ്ങറയുടെ സന്ദേശം



കെണികള്‍

പലതരം കെണികളുണ്ട്. നമ്മളെല്ലാം ഏതെങ്കിലും ഒരു കെണിയില്‍ തീര്‍ച്ചയായും അകപ്പെട്ടിരിക്കും. മുഖ്യമന്ത്രി പറഞ്ഞത് കേട്ടില്ലെ, ആഡംബരവീടുകള്‍ നിര്‍മ്മിക്കുന്നത് മൂലമാണ് ആളുകള്‍ കടക്കെണിയില്‍ ആകുന്നതെന്ന്. അതൊരു വല്ലാത്ത കെണിയാണ്. അകപ്പെട്ടാല്‍ പിന്നെ മോചനമില്ല. ആഡംബരം വീടുനിര്‍മ്മാണത്തില്‍ മാത്രമല്ല. ആഡംബരം ഇന്ന് മലയാളിയുടെ മുഖമുദ്രയാണ്. നൂറ് വേണ്ടിടത്ത് ആയിരം ചെലവാക്കുക. അതാണ് ജീവിതശൈലി. അപ്പോള്‍ അ(നാ)വശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ആളുകള്‍ക്ക് കടല്‍ കടക്കേണ്ടി വരുന്നു. അതാണ് മറ്റൊരു കെണി. വിദേശത്ത് ജോലിയ്ക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും നാട്ടില്‍ തിരിച്ച് എന്തെങ്കിലും ഏര്‍പ്പാട് ആക്കി കുടുംബജീവിതം നയിക്കാന്‍ കഴിയില്ല. അപ്പോഴേക്കും ഭാര്യയും മക്കളും പ്രവാസിമലയാളിയുടെ ഭാര്യയും മക്കളുമായി ജീവിതം കരുപ്പിടിപ്പിച്ചിട്ടുണ്ടാവും. നാടന്‍ ജീവിതം പിന്നെയവര്‍ക്ക് കഴിയുകയില്ല. ഇപ്പോഴൊക്കെ വീടുകളേ വേണ്ടൂ. അതിന്റെ ആഡംബരങ്ങള്‍ക്ക് പരിധിയില്ല. കടക്കെണിയില്‍ നിന്ന് ആയുഷ്ക്കാലത്തിനിടയില്‍ രക്ഷപ്പെടരുത് എന്നേ നോട്ടമുള്ളൂ.

മണ്ണില്‍ നട്ട് നനച്ചു ഒന്നും ഉണ്ടാക്കി കഴിക്കരുത് എന്ന് മിക്കവര്‍ക്കും നിര്‍ബ്ബന്ധമുണ്ട്. അതാണ് മറ്റൊരു കെണി. എല്ലാം മാര്‍ക്കറ്റില്‍ പോയി വില കൊടുത്ത് വാങ്ങണം. പുരയിടത്തിലെ പ്ലാവില്‍ ചക്കയോ മറ്റോ ഉണ്ടായി അത് പഴുത്ത് വീണാലും തിരിഞ്ഞ് നോക്കരുത്. ചക്കച്ചുള മാത്രമാണ് ഇന്ന് കേരളത്തില്‍ ചില്ലറയായി വില്പനയ്ക്ക് വയ്ക്കാത്തത്. ബാംഗ്ലൂരില്‍ ഒരു മുഴുവന്‍ പഴുത്ത വരിക്കച്ചക്കയ്ക്ക് നൂറ് രുപയോളം വിലയുണ്ട്. കേരളീയര്‍ക്ക് നാട്ടിലെ പ്ലാവുകള്‍ മുഴുവന്‍ നശിച്ചാലേ ചക്കച്ചുളകള്‍ വില കൊടുത്ത് വാങ്ങിത്തിന്നാനുള്ള ഭാഗ്യമുണ്ടാവൂ. കണ്‍‌സ്യൂമര്‍ സൊസൈറ്റിയിലെ അംഗങ്ങളാണ് തങ്ങള്‍ എന്ന് എല്ലാവര്‍ക്കും ഇന്ന് പരമാവധി ബോധമുണ്ട്. അത് കൊണ്ട് മണ്ണില്‍ കൈ കുത്തുക എന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലും വയ്യ.

ആരോഗ്യമുള്ള കാലത്ത് മക്കളെ വളര്‍ത്തി ഉദ്യോഗമോ ജോലിയോ സമ്പാദിച്ചു കൊടുത്ത് വീടും നിര്‍മ്മിച്ച് പ്രായമാകുന്നവരെ കാത്തിരിക്കുന്ന കെണിയാണ് ഏകാന്തത. മക്കള്‍ക്ക് ഒരിക്കലും നാട്ടില്‍ ജീവിയ്ക്കാന്‍ കഴിയില്ല. അങ്ങനെ പ്രായമായ ദമ്പതികള്‍ ഏകാന്തത എന്ന ഈ കെണിയില്‍ പെട്ടവര്‍ ധാരാളം. മുന്‍പത്തെ പോലെ ചായപ്പീടികയിലോ, മറ്റ് പീടികകളിലോ പോയി സൊറ പറയുന്ന പതിവും ഇപ്പോഴില്ല. ഇങ്ങനെ കെണികള്‍ പലവിധം!

എന്റെ രാഷ്ട്രീയം

മനൂ, തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മ്മെന്റിന് എന്ത് പോക്കിരിത്തരവും കാണിക്കാം എന്ന് ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമുണ്ടോ? അങ്ങനെ പോക്കിരിത്തരം കാണിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പ് വരെയേ അതിന് സാധിക്കൂ. അടിയന്തിരാവസ്ഥയ്ക്ക് ശേഷം അത് ഇന്ത്യന്‍ ജനത കാണിച്ചുകൊടുത്തിട്ടുണ്ട്. ഇവിടെ ജനാധിപത്യസമ്പ്രദായമായത് കൊണ്ട് ഭൂരിപക്ഷം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ എന്റെയും സര്‍ക്കാര്‍ ആണ്. ആ സര്‍ക്കാര്‍ ഒപ്പ് വെക്കുന്ന ഏത് ഉടമ്പടിയും എനിക്ക് സമ്മതമാണ് എന്നാണ് ഞാന്‍ പറഞ്ഞത്. ഭൂരിപക്ഷം വരുന്ന വോട്ടര്‍മാരെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയെയല്ല. ഇതാണ് എന്റെ ജനാധിപത്യബോധം. ഇതാണെന്റെ ഉത്തരാവിദിത്വബോധം.

അഞ്ച് കൊല്ലം ഭരണം ജനങ്ങള്‍ ഏല്‍പ്പിച്ചാല്‍ ആ ഭരണത്തെ അനുകൂലിക്കുകയെന്നത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു. ആ അഞ്ച്കൊല്ലവും എല്ലാറ്റിനെയും ജനദ്രോഹം,പരമാധികാരം പണയെപ്പെടുത്തല്‍ എന്നൊക്കെ തൊണ്ട കീറി എതിര്‍ക്കുന്നതിനെ സങ്കുചിതകക്ഷിരാഷ്ട്രീയമെന്നും നിരുത്തരവാദിത്വമെന്നും ഞാന്‍ കരുതുന്നു. അഞ്ച് കൊല്ലം കഴിഞ്ഞ് തെരഞ്ഞെടുപ്പ് വരുമ്പോള്‍ ആ ഭരണത്തെയും മറ്റ് പാര്‍ട്ടികളുടെ പ്രകടനപത്രികയും വിലയിരുത്തി വോട്ട് ചെയ്യും. ഞാന്‍ ഏത് പാര്‍ട്ടിക്ക് അല്ലെങ്കില്‍ മുന്നണിക്ക് വോട്ട് ചെയ്തുവോ ആ പാര്‍ട്ടിയോ മുന്നണിയോ പരാജയപ്പെട്ടാലും ഭൂരിപക്ഷഹിതമനുസരിച്ചു അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ എന്റെയും ഈ രാജ്യത്തിന്റെയും സര്‍ക്കാരാണെന്നും ഈ രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്പര്യങ്ങള്‍ക്ക് വേണ്ടി ആ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും ഞാന്‍ കരുതും. ഇങ്ങനെയാണ് ഏതൊരു ജനാധിപത്യവാദിയായ പൌരനും ചിന്തിക്കേണ്ടത് എന്നുമാണ് എന്റെ സുചിന്തിതമായ അഭിപ്രായം.

എന്നാല്‍ എന്റെ ഈ അഭിപ്രായം കമ്മ്യുണിസ്റ്റുകാര്‍ക്ക് ബാധകമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവരുടെ പാര്‍ട്ടി പരിപാടിയെ ആസ്പദമാക്കി ഒരിക്കലും ഇന്ത്യാമഹാരാജ്യത്ത് വിപ്ലവം നടത്തി ഭരണം പിടിച്ചടക്കാന്‍ സാധിക്കുകയില്ല എന്നത്കൊണ്ട് അവരെ പറ്റി കൂടുതല്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. അവര്‍ക്ക് അവരുടെ പരിപാടി പ്രചരിപ്പിക്കാനും വിപ്ലവം നടത്താനും വരെ ഇവിടെ ജനാധിപത്യസ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് ജനപിന്തുണ കൂടുന്നുണ്ടോ കുറയുന്നുണ്ടോ എന്നത് അവരുടെ കാര്യം. എന്നാല്‍ അവര്‍ക്ക് വിപ്ലവം നടത്താന്‍ കഴിഞ്ഞാല്‍ അവരുടെ പരിപാടി പ്രകാരം ഈ രാജ്യത്ത് ജനാധിപത്യസമ്പ്രദായം തകര്‍ക്കപ്പെട്ട് ഏകകക്ഷിഭരണം സ്ഥാപിക്കുമല്ലോ എന്ന ഭയത്താല്‍ ജനാധിപത്യവാദികളോടൊപ്പം ചേര്‍ന്ന് ശബ്ദമുയര്‍ത്തുക എന്നത് എന്റെ പൌരാവകാശത്തിന്റെ പ്രശ്നമായി ഞാന്‍ കാണുന്നു,ഒന്നും വിചാരിക്കരുത്.



(ഡിസ്ക്ലൈമര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നാല്‍ സി.പി.എം. മാത്രമല്ല,മാവോയിസ്റ്റുകള്‍ വരെയുള്ള മുഴുവന്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ഗ്രൂപ്പുകള്‍ ആണ് ഉദ്ദേശിക്കുന്നത്)

ഹാ കഷ്ടം !

തേക്കടി ബോട്ടപകടത്തിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ കാണാന്‍ സഹിച്ചില്ല. ഈയ്യിടെയായി പത്രങ്ങളിലെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമാകുന്നു. ഭീതിയോടുകൂടി മാത്രമേ രാവിലെ പത്രം കൈയ്യിലെടുക്കാന്‍ കഴിയുന്നുള്ളൂ. മോഷ്ടാക്കളോ,ഗുണ്ടകളോ,ക്വട്ടേഷന്‍‌കാരോ അടുത്തെത്തിപ്പോയോ എന്ന ഭീതി. പത്രങ്ങളോ ടിവിയോ ഒഴിവാക്കാനും കഴിയുന്നില്ല. ഈ അടുത്ത കാലത്ത് പത്രങ്ങളില്‍ വായിച്ച ചുരുക്കം ചില നല്ല വാര്‍ത്തകളില്‍ പ്രധാനപ്പെട്ടത് നമ്മുടെ ആഭ്യന്തരമന്ത്രി ഡല്‍ഹിയില്‍ പോയി അവാര്‍ഡ് വാങ്ങിയതാണ്. എന്നാലും ഈ ഇന്ത്യാടുഡേക്കാരനെ സമ്മതിക്കണം. ഒരു സംസ്ഥാനത്ത് ജനതയാകെ ഭയചകിതരായി കഴിയുന്ന വേളയില്‍ തന്നെയാണ്, ക്രമസമാധാനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെ ക്ഷണിച്ചു വരുത്തി അവാര്‍ഡ് നല്‍കുന്നത്. കൈക്കൂലി കൊടുത്താല്‍ പോലും ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെയൊരു അവാര്‍ഡ് നല്‍കാന്‍ ഒരു സംഘടനയും ഒരു മാധ്യമവും ധൈര്യപ്പെടുകയില്ല. അവാര്‍ഡുകളുടെ ചരിത്രത്തില്‍ തന്നെ ഒരവാര്‍ഡ് സ്വയം ലജ്ജിക്കുന്ന ഈ സംഭവം ആദ്യമായിരിക്കും.

മന്ത്രിയുടെ മകളുടെ വീട്ടില്‍ കള്ളന്‍ കയറി കൊച്ചുമകളുടെ കഴുത്തില്‍ കത്തി വെച്ച് സ്വര്‍ണ്ണം പിടിച്ച് വാങ്ങി. പത്ത് വയസ്സുള്ള കുട്ടിയുടെ കഴുത്തില്‍ അഞ്ച് പവന്റെ സ്വര്‍ണ്ണമാല എന്തിനണിയിച്ചു എന്ന ചോദ്യം അസൂയാലുക്കളുടേതാണെങ്കിലും അതില്‍ കാര്യമില്ലാതില്ല. സ്വര്‍ണം ഇന്ന് ആളെക്കൊല്ലിയായിരിക്കുന്നു എല്ലാ അര്‍ത്ഥത്തിലും. എന്നിട്ടും ആളുകള്‍ക്ക് ഈ സ്വര്‍ണ്ണഭ്രമം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചു വരുന്നതിന് എന്താണു പേര് പറയുക. ഇത്തിരിയെങ്കിലും സ്വര്‍ണ്ണം കൈവശം വെക്കുന്നവര്‍ക്ക് നേരാംവണ്ണം ഉറങ്ങാന്‍ കഴിയുന്നില്ല. ഇല്ലാത്ത കാശ് കൊടുത്ത് സ്വര്‍ണ്ണം വാങ്ങി ബാങ്ക് ലോക്കറുകള്‍ക്ക് വാടക നല്‍കുന്നതെന്തിന്. സ്വര്‍ണ്ണക്കള്ളന്മാര്‍ ഇപ്പോള്‍ വെറും കള്ളന്മാരല്ല,ഹൈടെക്ക് മോഷ്ടാക്കളാണ്. ഏത് ലോക്കറും സുരക്ഷിതമാകണമെന്നില്ല ഇനിയങ്ങോട്ട്.

കേരളത്തില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച് കോടീശ്വരന്മാരായവരുടെ ഒരു ഗ്രാമമുണ്ട് തമിഴ് നാട്ടില്‍ പനവടലി, അക്ഷരാര്‍ഥത്തില്‍ ഇന്നൊരു കോടീശ്വരഗ്രാമമാണത്. തിരുനെല്‍‌വേലിയില്‍ നിന്ന് ശങ്കരന്‍ കോവിലിലേക്ക് പോകുന്ന വഴിയിലാണത്രെ ഈ പനവടലി എന്ന സ്ഥലം. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ആ ഗ്രാമത്തില്‍ ചേരികളേ ഉണ്ടായിരുന്നുള്ളൂ പോലും. ഇന്ന് ബംഗ്ലാവുകള്‍ , കാറുകള്‍ , ട്രാക്ടറുകള്‍ എല്ലാവര്‍ക്കുമുണ്ട്. മോഷണത്തിലൂടെ ധനികരായ ആ ഗ്രാമവാസികള്‍ ഇപ്പോള്‍ കളവ് മതിയാക്കി ഇനി സ്വസ്ഥജീവിതം നയിക്കാന്‍ തീരുമാനിച്ചിരിക്കുന്നു പോലും. എന്നാലും കേരളത്തില്‍ മോഷണം പെരുകുകയേയുള്ളൂ. ആ പനവടലിയല്ലെങ്കില്‍ മറ്റെത്രയോ പനവടലികള്‍.  ജീവനില്‍ കൊതിയുള്ളവര്‍ സ്വര്‍ണ്ണം ധരിക്കാത്ത ഒരു കാലം എന്തായാലും വരും.  സൌന്ദര്യത്തിനാണെങ്കില്‍ സ്വര്‍ണ്ണത്തിന്റെ നിറവും ആകൃതിയുമുള്ള വില കുറഞ്ഞ മറ്റെന്തെങ്കിലും അണിഞ്ഞാല്‍ പോരേ?

കേരളത്തില്‍ കൊലപാതകം എന്നത് നായനാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ചായ കുടി പോലെയായി. മുത്തൂറ്റ് പോള്‍ കൊലപാതകത്തോടെ, കൊലപാതകം എന്നത് ഇവിടെ ദേശസാല്‍ക്കരിച്ച പോലെയായി. ഇടത് പക്ഷം അധികാരത്തില്‍ വന്നാല്‍ എപ്പോഴും ഇതാണ് സ്ഥിതി. പോലീസിനെ അവര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നു. പാര്‍ട്ടി ഏമാന്മരുടെ ഉത്തരവുകളേ പോലീസുകാര്‍ക്ക് അനുസരിക്കാന്‍ കഴിയൂ. കഴിഞ്ഞ തവണ യു.ഡി.എഫ്. ഭരിക്കുമ്പോള്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലീസിന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയിരുന്നത് കൊണ്ട് അതിന്റെ ഗുണം കാണാനുണ്ടായിരുന്നു. അന്ന് ഇന്ത്യാടുഡേക്കാരന്‍ വിളിച്ചൊരവാര്‍ഡ് കൊടുക്കാഞ്ഞത് നന്നായി. അങ്ങനെ കൊടുത്തിരുന്നുവെങ്കില്‍ ഇന്നത്തെ അവാര്‍ഡ് നാണിക്കുന്നതിന് പകരം അഹങ്കരിക്കുമായിരുന്നു.

ഈ ഭരണം കൊണ്ട് എല്ലാവരും എന്ത് നേടി? കേരളചരിത്രത്തില്‍ 42 മാസം വേസ്റ്റ് ആയി. ഇനിയും 18 മാസം കൂടി വേസ്റ്റ് ആകും അത്ര തന്നെ. മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം വി.എസ്സിനു പൂവണിഞ്ഞു എന്നത് മാത്രമാണ് എടുത്ത് പറയാവുന്ന ഒരേയൊരു നേട്ടം. ഇനിയിപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കേരള ജനത സഹിക്കണം. അടുത്ത ഭരണം യു.ഡി.എഫ്.ഏറ്റെടുത്താല്‍ ഇന്ന് വിലസുന്ന ഈ ഗുണ്ടകളും പുത്രന്മാരും ക്വട്ടേഷന്‍ ടീമുകളും എല്ലാം അടങ്ങിയിരിക്കേണ്ടി വരും തീര്‍ച്ച. അത് മാത്രമല്ല  അയ്യഞ്ച് കൊല്ലം ഇടവിട്ട് ആവര്‍ത്തിക്കുന്ന ഈ പൊറാട്ട് നാടകം അവസാനിപ്പിക്കാനും കേരളത്തിന്റെ ജനാധിപത്യമനസ്സ് ശപഥമെടുത്തിട്ടുണ്ടാവും ഉറപ്പ്!