Links

എന്ത് കൊണ്ട് ബ്ലോഗ് എഴുതുന്നു ?

എന്ത്കൊണ്ട് ബ്ലോഗ് എഴുതുന്നു എന്ന് ചോദിച്ചാല്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ഉത്തരങ്ങളാണ് പറയാനുണ്ടാവുക എന്ന് തോന്നുന്നു. പൊതുവെ പറഞ്ഞാല്‍ എല്ലാവരും മറ്റുള്ളവരുടെ അംഗീകാരവും പരിഗണനയും സ്നേഹവും ഒക്കെ ആഗ്രഹിക്കുന്നുണ്ട്. ഈ ലോകത്തില്‍ ഒരു മനുഷ്യന്‍ ഒറ്റപ്പെട്ടുപോയി എന്ന് വയ്ക്കുക,അക്കാരണം കൊണ്ട് തന്നെ അയാള്‍ ഹൃദയം പൊട്ടി ചത്തുപോകും. അംഗീകാരം മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ ഒന്നാണെന്ന് ഡെയില്‍ കാര്‍ണഗി പറഞ്ഞിട്ടുണ്ട്. നമ്മള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും മറ്റുള്ളവരുടെ അംഗീകാരം പിടിച്ചു പറ്റാന്‍ വേണ്ടിയാണ്. എന്നെ മറ്റുള്ളവര്‍ സദാ വീക്ഷിക്കുന്നുണ്ട് എന്ന ജഗ്രതാബോധമാണ് ആളുകളെ സദാ നയിക്കുന്നത്. ഇത് ജീവിതത്തില്‍ ഒരു ബാഹ്യസമ്മര്‍ദ്ധം എല്ലാവരിലും എല്ലായ്പ്പോഴും അടിച്ചേല്‍പ്പിക്കുന്നുണ്ട്.

എനിക്ക് പറയാനുള്ളത് നാലാളെ കേള്‍പ്പിക്കുക എന്നത് തന്നെയായിരിക്കണം ആളുകളെ ബ്ലോഗ് എഴുതാന്‍ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. വെറുതെ എഴുതി പോസ്റ്റ് പബ്ലിഷ് ചെയ്താല്‍ മാത്രം തൃപ്തിവരണമെന്നില്ല. ആരെങ്കിലും വായിച്ചു കമന്റ് എഴുതിയാല്‍ മാത്രമേ ഒരു പോസ്റ്റ് അതിന്റെ സഫലത കൈവരിക്കുന്നുള്ളു. ആത്മാവിഷ്ക്കാരത്തിനുള്ള ഫലപ്രദമായ വേദികള്‍ അച്ചടി,ദൃശ്യമാധ്യമങ്ങള്‍ പോലുള്ളവയ്ക്ക് വളരെ കുറച്ചു പേരെ മാത്രമെ ഉള്‍ക്കൊള്ളാന്‍ കഴിയൂ. എല്ലാവര്‍ക്കും എല്ലാവരുടെയും അംഗീകാരം വേണമെങ്കിലും ചുരുക്കം പേര്‍ക്ക് മാത്രമേ അതിന് കഴിയൂ. ബ്ലോഗ് എഴുതുമ്പോള്‍ ഏതാനും പേരുടെ അംഗീകാരവും സൌഹൃദവും തീര്‍ച്ചയായും ലഭിക്കുന്നുണ്ട്. അത് തന്നെയാണ് ബ്ലോഗിന്റെ ആകര്‍ഷണീയതയും.

ബ്ലോഗ് എനിക്ക് കുറെ സുഹൃത്തുക്കളെ നേടിത്തന്നിട്ടുണ്ട്. ആശയപരമായ വിയോജിപ്പുകള്‍ നിമിത്തം പലരും എന്നോട് അകല്‍ച്ച പാലിക്കാന്‍ നിര്‍ബ്ബന്ധിതരായെങ്കിലും ആര്‍ക്കും എന്നോട് ശാശ്വതമായ വിരോധം തോന്നാനിടയില്ല. കേരളത്തിലെ എല്ല്ലാ പട്ടണങ്ങളിലും ഏതാനും നല്ല സൌഹൃദബന്ധങ്ങള്‍ ഈ പ്രായത്തില്‍ സമ്പാദിക്കാന്‍ കഴിഞ്ഞു എന്നത് എന്നെ സംബന്ധിച്ച് ചില്ലറക്കാര്യമല്ല. ആശയപരമായ സംഘട്ടനങ്ങളില്‍ നിന്ന് നൂതനമായ ആശയങ്ങള്‍ ജന്മം കൊള്ളേണ്ടതായിരുന്നു. അതിപ്പോള്‍ സമൂഹത്തിലും നടക്കുന്നില്ല, ബ്ലോഗിലും നടക്കുന്നില്ല. താന്താങ്ങളുടെ വിശ്വാസങ്ങള്‍ മുറുകെപ്പിടിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അത് കൊണ്ട് ബ്ലോഗിലെ ചര്‍ച്ചകളും എവിടെയും എത്തുന്നില്ല.

എന്നെ സംബന്ധിച്ചു ബ്ലോഗ്ഗിങ്ങ് നേരമ്പോക്കിന്റെ പ്രശ്നമാണ്. ജീവിതത്തിന്റെ പ്രാരബ്ധങ്ങളുമായി മല്ലടിച്ചു കഴിയുമ്പോള്‍ കരുതിയത് എപ്പോഴാണ് ഒന്നും ചെയ്യാതെ ഒന്ന് വിശ്രമിക്കാന്‍ കഴിയുക എന്നായിരുന്നു. കുടുംബജീവിതം എല്ലാം ശരിയായ പ്ലാന്‍ ചെയ്താണ് മുന്നോട്ട് നീക്കിയത്. അത്കൊണ്ട് അമ്പത്തഞ്ചാമത്തെ വയസ്സില്‍ തന്നെ ഞാന്‍ വാനപ്രസ്ഥത്തിനുള്ള യോഗ്യത നേടി. രണ്ട് മക്കള്‍ക്കും ജോലിയായി, വീട് പണി പൂര്‍ത്തിയാക്കി, മക്കള്‍ വിവാഹിതരുമായി. അപ്പോഴാണ് ആ സത്യം ഒരു ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കിയത്. ഒന്നും ചെയ്യാതിരിക്കലാണ് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതിനെക്കാളും ക്ലേശകരമെന്ന്. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ, അതാര്‍ക്കും താങ്ങാന്‍ കഴിയുകയില്ല. അങ്ങനെയാണ് ഇന്റര്‍നെറ്റ് വഴി ഓര്‍ക്കുട്ടിലും ബ്ലോഗിലും എത്തുന്നത്. ഭൌതികമായ സമ്പാദ്യങ്ങളല്ല യഥാര്‍ത്ഥത്തില്‍ നമുക്ക് ആനന്ദം നല്‍കുന്നത്, ആരുടെയെങ്കിലും പരിഗണനയോ അംഗീകാരമോ സ്നേഹമോ ഒക്കെയാണ്. പലപ്പോഴും ഇതാരും മനസ്സിലാക്കുന്നില്ല.

എന്ത്കൊണ്ടാണ് നമ്മളൊക്കെ ഇങ്ങനെയെന്തെങ്കിലും പറഞ്ഞും ചെയ്തും കൊണ്ടൊക്കെ ഇരിക്കേണ്ടി വരുന്നത് എന്നത് ഭ്രാന്തന്‍ ചോദ്യമായി കരുതിയേക്കാം. അതല്ലെ ജീവിതം! ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും ഒക്കെ ചോദ്യം ചെയ്യുന്നത് തന്നെ അര്‍ഥശൂന്യമാണെന്ന് തോന്നുന്നു. എന്ത് വന്നാലും ജീവിതം നമ്മള്‍ ജീവിച്ച് തീര്‍ത്തേ പറ്റൂ. നല്ല ജീവിതം മനുഷ്യര്‍ക്ക് പ്രദാനം ചെയ്യാനാണ് മഹാത്മാക്കള്‍ ചില ചിന്തകളും ദര്‍ശനങ്ങളും ഒക്കെ മനുഷ്യരാശിക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ ആ ചിന്തകളൊക്കെ ഉള്‍ക്കൊണ്ട് ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കാതെ അത് വിശ്വസിച്ച് ആ വിശ്വാസം സ്ഥാപിക്കാന്‍ ആയുധമെടുക്കുന്ന രീതി ഇന്ന് സമൂഹത്തില്‍ ഭീതിയും അരക്ഷിതാവസ്ഥയും കുറെയൊക്കെ സൃഷ്ടിക്കുന്നുണ്ട്. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് മനസ്സിനെ ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നു.

11 comments:

sHihab mOgraL said...

നല്ല ചിന്തകള്‍.. എഴുത്തും വായനയുമില്ലാത്തൊരു സമൂഹമോ വ്യക്തിയോ ജീവച്ഛവം തന്നെ. എന്നാല്‍ എഴുതാനോ വായിക്കാനോ സമയവും സൗകര്യവും ലഭിക്കാത്ത ജീവിത സാഹചര്യത്തിനിടയിലും ഈ ബ്ലോഗുലോകത്ത് ആശ്വാസം കണ്ടെത്താന്‍ സാധിക്കുന്നുവെന്ന് സമാധാനിക്കുന്നവനാണു ഞാന്‍. വായിക്കാം.. വായിച്ചു കൊണ്ടേയിരിക്കാം. എഴുതാം; എഴുതിക്കൊണ്ടേയിരിക്കാം. ആശംസകള്‍

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

മാഷ് പറഞ്ഞത് സത്യം. സത്യം പറയുന്നവരും ഉണ്ടാവണമല്ലോ... എവിടെയും.

yousufpa said...

മാഷേ..ഇതൊക്കെ തന്നെയാണ് ജീവിതം.ദൈവത്തിനോട് നന്ദി പറയുക. നേരമ്പോക്കാണെങ്കിലും ബ്ലോഗെഴുത്തിലൂടെ ഉള്ള ആനന്ദവും സൌഹൃദവും വേറെ എവിടെയാ കിട്ടുക.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

"നല്ല ജീവിതം മനുഷ്യര്‍ക്ക് പ്രദാനം ചെയ്യാനാണ് മഹാത്മാക്കള്‍ ചില ചിന്തകളും ദര്‍ശനങ്ങളും ഒക്കെ മനുഷ്യരാശിക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ ആ ചിന്തകളൊക്കെ ഉള്‍ക്കൊണ്ട് ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കാതെ അത് വിശ്വസിച്ച് ആ വിശ്വാസം സ്ഥാപിക്കാന്‍ ആയുധമെടുക്കുന്ന രീതി ഇന്ന് സമൂഹത്തില്‍ ഭീതിയും അരക്ഷിതാവസ്ഥയും കുറെയൊക്കെ സൃഷ്ടിക്കുന്നുണ്ട്."

Absolutely correct.
Good Post, food for thought.
Thanks

Unknown said...

പ്രിയമുള്ള ഷിഹാബ് മൊഗ്രാല്‍,ശിവപ്രസാദ്,യൂസുഫ്പ,പള്ളിക്കരയില്‍ എനിവരുടെ വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി...

Manikandan said...

സുകുമാരേട്ടന്റെ ജീവിതവും, വീക്ഷണങ്ങളും മാതൃകാപരമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ, തനിക്ക് പറയാനുള്ളത് സത്യസന്ധമായി പറയുന്ന അങ്ങയുടെ രീതിയെ വളരെ മാനിക്കുകയും ചെയ്യുന്നു. സുകുമാരേട്ടനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവട്ടെ.

മാവേലി കേരളം said...

മാഷിന്റെ അഭിപ്രായത്തോടു യോജിക്കുന്നു. ജീവിതത്തിന് പ്ലാനിംഗ് എപ്പോഴും ആവശ്യമാണ്. ഇന്‍ഫോര്‍മ്ഡ് പ്ലാനിംഗ്. റിട്ടയാര്‍ഡ് ചെയ്തു കഴിഞ്ഞാല്‍ പരമസുഖം എന്നു പൊതുവെ എല്ലാവരും ധരിക്കും. പക്ഷെ കഴിഞ്ഞതവണ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചു. ചുറ്റുപാടും മരിച്ചവരില്‍ ധാരാളം 55 നു ശേഷമുള്ളവരായിരുന്നു. റിട്ടയാര്‍ഡിനു ശേഷം. സൌത്താഫ്രിക്കയില്‍ ഈ വിഷയത്തെ കുറിച്ചു നടത്തിയ ഒരു രിസേര്‍ച്ചിന്റെ ഫലം; റിട്ടയാര്‍ഡ് ചെയ്തു കഴിയുമ്പോള്‍ ബ്രെയിനിന്റെ പ്രവര്‍ത്തന ആവേഗതയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം മരണത്തിനിടയാക്കുന്നു എന്നാണ്‍്.

ചുറ്റുക്കി പറഞ്ഞാല്‍ മനുഷ്യനു സ്വസ്ഥമാകുക, വിശ്രമിക്കുക ഇതിനു വേണ്ടിയല്ല മനുഷ്യന്‍ ചിന്തിക്കേണ്ടത്. എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരി‍ക്കണം. മാഷതിനു ബ്ലോഗെഴുത്തു തിരഞ്ഞെടുത്തു.

പിന്നെ അംഗീകാരം കിട്ടണം എന്നു പറയുന്നത് ഒരു പ്രതീക്ഷയാകരുത്. കാരണം പ്രതീക്ഷയായാല്‍ അതു കിട്ടിയില്ലെങ്കില്‍ നിരാശയാകും. എഴുതുക, താല്പര്യമുള്ളവര്‍ വായിക്കട്ടെ.

സസ്നേഹം മാവേലികേരളം

വീ.കെ.ബാല said...

"പിന്നെ അംഗീകാരം കിട്ടണം എന്നു പറയുന്നത് ഒരു പ്രതീക്ഷയാകരുത്. കാരണം പ്രതീക്ഷയായാല്‍ അതു കിട്ടിയില്ലെങ്കില്‍ നിരാശയാകും. എഴുതുക, താല്പര്യമുള്ളവര്‍ വായിക്കട്ടെ.
" പണ്ട് കൃഷ്ണേട്ടൻ പാർത്ഥനോട് പറഞ്ഞപോലെ :)“

Unknown said...

നന്ദി മണികണ്ഠന്‍ നല്ല വാക്കുകള്‍ക്ക് ...

മാവേലികേരളത്തിന് നന്ദി വായനയ്ക്കും നല്ല വാക്കുകള്‍ക്കും.. അംഗീകാരത്തിന്റെ കാര്യം ഞാന്‍ പൊതുവെ പറഞ്ഞതാണ്. നമുക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് അടയാളപ്പെടുത്തി വയ്ക്കുക എന്നതാണല്ലൊ ബ്ലോഗിന്റെ സാധ്യത...

വീ.കെ.ബാലയ്ക്കും നന്ദി ....

സജി കറ്റുവട്ടിപ്പണ said...

ഈയുള്ളവനു യുവത്വ പിന്നിട്ടിട്ടില്ല.എങ്കിലും കമ്പ്യൂട്ടറിനേയും, ഇന്റെർനെറ്റിനേയും, അതിനും ശേഷം ബ്ലോഗിനേയും അറിയാനും അത് ഉപയോഗിയ്ക്കാനും വൈകിപ്പോയല്ലോ എന്നൊരു നിരാശ ഉണ്ടായിരുന്നു. താങ്കളെപ്പോലെ പലരും എന്റെ പ്രായത്തിനും വളരെ മുകളിൽ എത്തിയിട്ടാണ് ഈ രംഗത്ത്‌ എത്തിപ്പെട്ടത്‌ എന്ന അറിവ്‌ എനിയ്ക്ക്‌ ആശ്വാസമായി.ആത്മ വിശ്വാസവും.

എഴുതാനും പറയാനും ആഗ്രഹിയ്ക്കുന്നവർക്ക്‌ അവ നിർവഹിയ്ക്കുവാനും, അതു ആരെങ്കിലുമൊക്കെ ശ്രദ്ധിയ്ക്കാനും അവസരം ലഭിച്ചില്ലെങ്കിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഒത്തിരി അനുഭവിച്ചിട്ടുണ്ട്‌, ഈ വിനീതൻ. ബ്ലോഗു കണ്ടെത്തിയപ്പൊൾ ഉണ്ടായ സന്തോഷാധിക്യം വിവരണാതീതമാണ്.

മറ്റൊന്ന്‌ ജീവിതം ഒരു പരിധിവരെ ടൂ വീലർ പോലെയാണ്. റണ്ണിംഗിൽ വീഴ്ച സംഭവിയ്ക്കില്ല. റണ്ണിംഗിനു പ്രതിബന്ധം ഉണ്ടാകുമ്പോൾ മാത്രമാണ് അവ മറിഞ്ഞ് അപകടമുണ്ടാകുന്നത്‌.എപ്പോഴും എന്തിലെങ്കിലും കർമ്മ നിരതമായാൽ വണ്ടി അങ്ങനെ ഓടിക്കൊണ്ടിരിയ്ക്കും.വീഴാതെ സൂക്ഷിയ്ക്കുകയും വേണം. നിറുത്തിയിട്ടിരുന്നാൽ തുരുമ്പെടുക്കും; മനസ്സും ശരീരവും.പിന്നെ പാങ്കിടയാകും.

അതുകൊണ്ടൊക്കെ മാഷേ, എഴുത്തിന്റെ രംഗത്തുതന്നെ കർമ്മ നിരതനായിക്കൊള്ളു. മസ്തിഷ്കം സജീവമായി പ്രവർത്തിച്ചുകൊണ്ടേയിരിയ്ക്കട്ടെ. മറ്റുള്ളവർ വായിക്കണം എന്നാഗ്രഹിയ്ക്കുക സ്വാഭാവികം. എന്നാൽ വാശി വേണ്ട. കാരണം എഴുത്ത്‌ ആത്മ സാക്ഷാൽക്കാരത്തിന്റ്റെയും അതുവഴിയുള്ള ആത്മ സംത്ര്‌പ്തിയുടേയുംകൂടി പ്രശ്നമാണ്.

മനുഷ്യ മനസ്സു നിറച്ചും ഭാഷകളല്ലേ? പ്രത്യേകിച്ചും മാത്ര്‌ ഭാഷ. അർത്ഥമുള്ളതും ഇല്ലാത്തതുമായ അനന്തം അക്ഷരങ്ങളും, വാക്കുകളും, വാക്യങ്ങളും സദാ ഉന്മാദന്ര്‌ത്തം വയ്ക്കുന്ന ഒരു കൂത്തരംഗാണ് മനസ്സ്‌. അതിന്റെ മേൽ നമുക്കു നിയന്ത്രണത്തിനു തന്നെ പരിധിയുണ്ട്‌. അവിടെ നിന്നും കുറെ വാക്കുകളെ സ്ഫുടം ചെയ്തെടുത്തു ഒരു ചുവരിൽ-അതു കടലാസോ, ഗൂഗിളിന്റെ ചുവരോ ആകട്ടെ-പകർത്തുമ്പോൾ എഴുത്തായി; ആത്മപ്രകാശനമായി.ആത്മ നിർവ്ര്‌തിയും.

അല്ലെങ്കിൽ ഒരു പ്രസംഗവേദി. അവിടെ കരുതിക്കൂട്ടി സ്ഫുടം ചെയ്തെടുക്കുന്ന വാക്കുകൾ കൊണ്ടൊരു ആത്മ സാക്ഷാൽക്കാരം.അതിന്റെ നിർവ്ര്‌തി. എഴുത്തും, പ്രസംഗവും ഏറെ ഇഷ്ടപ്പെടുന്ന ഒരു മനസ്സിന്റെ ആത്മാവിഷ്കാരമാണ് ഈ കമന്റ്‌.താങ്കളുടെ ബ്ലോഗിലിടുന്ന ആദ്യത്തെ കമന്റായതുകൊണ്ട്‌ ഇങ്ങനെ നീട്ടിപ്പരത്തി സംത്ര്‌ത്തനായി എന്നു മാത്രം.താങ്കൾക്കിതു ബോറായോ എന്തോ!

അപ്പോൾ മാഷേ ഇനിയും കാണാം. കാണണം.

Unknown said...

വളരെ നന്ദി സജീ നല്ല വാക്കുകള്‍ക്ക് ....