കേരളത്തില്‍ മറ്റൊരു ഇടത് പാര്‍ട്ടി കൂടി പിറക്കുന്നു !

അധികം താമസിയാതെ കേരളത്തില്‍ മറ്റൊരു ഇടത് പക്ഷ പാര്‍ട്ടി കൂടി ജന്മം കൊള്ളുന്നതിന്റെ പശ്ചാത്തലം ഒരുങ്ങിക്കഴിഞ്ഞു. വി.എസ്സിനെ മുന്‍‌നിര്‍ത്തി എം.ആര്‍.മുരളിയും അപ്പുക്കുട്ടന്‍ വള്ളിക്കുന്നും പ്രസ്തുത പാര്‍ട്ടിയെ നയിക്കാനുള്ള സാധ്യതയാണ് കണുന്നത്. സ:വി.എസ്സ്. അച്യുതാനന്ദന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുമെന്നോ പുറത്താക്കപ്പെടുമെന്നോ ഏതാണ്ട് തീര്‍ച്ചപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തോടൊപ്പം മറ്റ് നേതാക്കള്‍ ആരും പാര്‍ട്ടി വിട്ടു പോകും എന്ന് തോന്നുന്നില്ല. എല്ലാവരും അവരവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നോക്കുമല്ലൊ. പാര്‍ട്ടി ഒന്നടങ്കം പിണറായിക്ക് പിന്‍‌തുണയുമായി രംഗത്തുണ്ട്. അത് കൊണ്ടാണ് വി.എസ്സ്. നവകേരളയാത്രയില്‍ പങ്കെടുക്കാത്തത് ഒരു പ്രശ്നമല്ല എന്ന് പിണറായി പറഞ്ഞത്. അച്യുതാനന്ദന്‍ പാര്‍ട്ടിക്ക് തന്നെ ഒരു പ്രശ്നമല്ല എന്നാണ് പിണറായി അപ്പറഞ്ഞതിന്റെ പച്ചമലയാളം.

എന്നാല്‍ കമ്മ്യൂണിസ്റ്റുകാരന്‍ അഴിമതിക്കാരനാവില്ല എന്നും സി.ബി.ഐ.അന്വേഷണം ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നടന്നതിനാല്‍ അത് രാഷ്ട്രീയപ്രേരിതമാണെന്ന് പറയുന്നത് കോടതിയെ വെല്ലുവിളിക്കലാണെന്നും താനതിനില്ല എന്നും വി.എസ്സ്. പറയുമ്പോള്‍ അതും ദല്‍ഹിയില്‍ വെച്ച്, അതിന് അര്‍ത്ഥതലങ്ങള്‍ ഏറെയുണ്ട്. പിണറായിയ്ക്ക് ഈ കേസില്‍ നിന്ന് അത്ര എളുപ്പത്തില്‍ തലയൂരാന്‍ കഴിയില്ല എന്നും ജനത്തിന് പിണറായി ഏറെത്താമസിയാതെ തന്നെ അനഭിമതനാവും എന്നും വി.എസ്സിന് ഉറപ്പുണ്ട്. പിണറായി അഴിമതിക്കാരന്‍ ആണെന്ന് കോടതിയില്‍ തെളിയിക്കപ്പെടും എന്നാണ് വി.എസ്സ്. പറഞ്ഞതിന്റെ പൊരുള്‍. ലാവലിന്‍ അഴിമതി അത്ര വലിയ അഴിമതിയൊന്നുമല്ല. ഇതെന്താ അഴിമതികള്‍ ഒന്നും ഇല്ലാത്ത സംശുദ്ധരാഷ്ട്രീയവും പ്രബുദ്ധജനാധിപത്യവും പുലരുന്ന ആധുനിക-പരിഷ്ക്കൃത രാജ്യമാണോ? കാലിത്തീറ്റ കുംഭകോണക്കേസില്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിപദം ഭാര്യക്ക് കൈമാറി അടുത്ത നാള്‍ കേന്ദ്രത്തില്‍ കേബിനറ്റ് മന്ത്രിയായില്ലെ? പക്ഷെ പിണറായിയുടെ കാര്യത്തില്‍ ശക്തമായ തെളിവുകള്‍ സി.ബി.ഐ.ക്ക് കിട്ടിയിട്ടുണ്ട് എന്ന് അനുമാനിക്കാവുന്നതാണ്.

എന്ത് കൊണ്ട് ഇങ്ങനെയൊരു പ്രതിസന്ധി കേരള സി.പി.എമ്മില്‍ ഉടലെടുത്തു? പിണറായി വി.എസ്സിനെ സി.പി.എം. കേരളഘടകത്തില്‍ ഒന്നാമനായി അംഗീകരിക്കുകയും അദ്ദേഹത്തിന്റെ സീനിയോറിറ്റി മാനിച്ച് രണ്ടാമനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ലാവലിനല്ല ലാവലിന്റെ അച്ഛനില്‍ നിന്നു പോലും വി.എസ്സ്. പിണറായിയെ രക്ഷപ്പെടുത്തുമായിരുന്നു. അല്പസ്വല്പം അഴിമതി കൂടാതെ പാര്‍ട്ടി തരുന്ന പ്രതിഫലം കൊണ്ട് മാത്രം ഇക്കാലത്ത് മാനം മര്യാദയ്ക്ക് ജീവിയ്ക്കാന്‍ ഒക്കത്തില്ല എന്ന് വി.എസ്സിന് അറിഞ്ഞുകൂടേ? പക്ഷെ വെട്ടിപ്പിടിച്ചു മാത്രമേ പിണറായിയ്ക്ക് ശീലമുള്ളൂ. അതാണ് അദ്ദേഹത്തിന് അത്രയും അഹന്തയും ധാര്‍ഷ്ട്യവും. എം.വി.ആറിനെ പുകച്ചു പുറത്താക്കിയത് ഈ ഗുരുവും ശിഷ്യനും ചേര്‍ന്നാണ്. അങ്ങനെയാണ് പിണറായി സി.പി.എമ്മില്‍ സംസ്ഥാനനേതാവായത്. അല്ലെങ്കില്‍ ഇന്നും വെറും ഒരു ജില്ലാനേതാവ് മാത്രമായിരിക്കും. ഇപ്പോള്‍ ഭസ്മാസുരന് വരം കൊടുത്ത പോലെയായി വി.എസ്സിന്റെ കാര്യം. അല്ലെങ്കില്‍ ഇതെല്ലാമോരോ നിമിത്തങ്ങള്‍ മാത്രമാവാം.

കമ്മ്യൂണിസ്റ്റുകാര്‍ പതിവായി പറയുന്ന ഒരു കാര്യമുണ്ട്. ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സ് ഇന്ന് എവിടെയെത്തി, എത്ര സംസ്ഥാനങ്ങളില്‍ ഇന്ന് ഭൂരിപക്ഷമുണ്ട് എന്ന്. ഇത് പറയുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എവിടെയാണുള്ളത് എന്ന് അവര്‍ അലോചിക്കാറേയില്ല. വി.എസ്സിനെ മുന്‍‌നിര്‍ത്തി പുതിയ ഒരു രാഷ്ട്രീയപ്പാര്‍ട്ടി രൂപം കൊള്ളുമ്പോള്‍ അത് എം.വി.ആറും ഗൌരിയമ്മയും രൂപീകരിച്ചത് പോലെയാവില്ല തീര്‍ച്ച. അപ്പോഴൊക്കെ എം.വി.ആറിന്റെയും ഗൌരിയമ്മയുടെയും വ്യക്തിപ്രഭാവം മൂലമാണ് ആളുകള്‍ അവരോടൊപ്പം പോയത്. ഇന്ന് ആശയപരമായി തന്നെ നിരവധി സാധാരണക്കാര്‍ വി.എസ്സിനോടൊപ്പമാണ്. പണക്കൊഴുപ്പിന്റെയും ആര്‍ഭാ‍ടത്തിന്റെയും പ്രതീകമാണ് പിണറായി,കോടിയേരി,ജയരാജന്മാര്‍ എങ്കില്‍ ലാളിത്യത്തിന്റെയും പാവപ്പെട്ടവന്റെയും പ്രതീകമാണ് വി.എസ്സ്. സാധാരണക്കാരായ ആളുകള്‍ക്ക്. അത് കൊണ്ട് വി.എസ്സിന്റെ തിരോധാനം സി.പി.എമ്മിന് ഉണ്ടാക്കാന്‍ പോകുന്ന ആഘാതം പ്രവചനാതീതമാണ്.

എന്ത് കൊണ്ട് ഇത്തരം ഒരു പ്രതിസന്ധി പാര്‍ട്ടിയില്‍ ഉണ്ടാക്കാന്‍ സി.പി.എമ്മിന്റെ ദേശീയ നേതൃത്വവും പി.ബി. യും തയ്യാറായി എന്നത് ദുരൂഹമാണ്. സാധാരണഗതിയില്‍ കേസില്‍ പ്രതിപ്പട്ടികയില്‍ പിണറായി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് വന്നാല്‍ സെക്രട്ടരി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ തല്‍ക്കാലത്തേക്കെങ്കിലും മാറ്റി നിര്‍ത്തിയിരുന്നുവെങ്കില്‍ കേസ് അതിന്റെ വഴിക്കും പാര്‍ട്ടി അതിന്റെ വഴിക്കും പോകുമായിരുന്നു. അതിന് പകരം സി.ബി.ഐ.യെ മ്ലേച്ഛമായ ഭാഷയില്‍ ഭര്‍ത്സിക്കാനാണ് സി.പി.എം. നേതാക്കള്‍ ഒരുമ്പെട്ടത്. ഒരു മന്ത്രിപുംഗവന്‍ മൊഴിഞ്ഞത് സി.ബി.ഐ. എന്നാല്‍ “മത്തിക്കൊട്ടയിലെ സാധനം” എന്നാണ്. അവരുടെ സംസ്ക്കാരത്തിന് ചേര്‍ന്ന പദപ്രയോഗം തന്നെ. ആത്യന്തികമായി ഇവരുടെ വിമര്‍ശനം ചെന്ന് തറയ്ക്കുന്നത് ഹൈക്കോടതിയുടെ മേലെയാണ്. കാരണം ഈ കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടതും ഇത്രാം തീയ്യതിക്കകം അന്വേഷണം പൂര്‍ത്തിയാക്കണം എന്ന് പറഞ്ഞതും ഹൈക്കോടതിയാണ്. തങ്ങള്‍ക്ക് ഒന്നും ബാധകമല്ല എന്നാണ് സി.പി.എം.നേതാക്കള്‍ ധരിച്ചു വെച്ചിരിക്കുന്നത്. ഒരു അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പിണറായിയെ സംരക്ഷിക്കാന്‍ കേസ് രാഷ്ട്രീയപ്രേരിതമെന്നും,ഇതില്‍ സാമ്രാജ്യത്വത്തിന്റെ പോലും ഗൂഢാലോചനയുണ്ടെന്നും പറയുമ്പോള്‍ സംശയത്തിന്റെ നിഴലില്‍ പാര്‍ട്ടി ഒന്നടങ്കം വരുന്നു. പിണറായി പറ്റിയതിന്റെ പങ്ക് പി.ബി.ക്കും പോയിട്ടുണ്ട് എന്ന് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്താന്‍ സൌകര്യം ചെയ്തുകൊടുക്കുകയാണ് ചെയ്യുന്നത്.

പുതിയ ഒരു രാഷ്ട്രീയപ്പാര്‍ട്ടി കൂടി വന്നാല്‍ അത് ആശയപരമാണെങ്കില്‍ പോലും കേരളത്തില്‍ ഗുണപരമായ എന്ത് മാറ്റമാണുണ്ടാക്കുക? ഒന്നും ഉണ്ടാക്കില്ല. പതിവ് പോലെ തന്നെ യു.ഡി.എഫും എല്‍.ഡി.എഫും മാറി മാറി ഭരിക്കും , വേറെന്ത് ? ഏതെങ്കിലും ഒരു മുന്നണിയില്‍ ചേരാതെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയായി കേരളത്തില്‍ നിലനില്‍ക്കാനാവില്ല. ഇപ്പോള്‍ എന്‍.സി.പി.യുടെ അവസ്ഥ കാണുന്നില്ലെ. അടിയന്തിരമായി സംഭവിക്കാന്‍ പോകുന്നത് പുതിയ പാര്‍ട്ടിയും സി.പി.എമ്മും നടക്കുന്ന ആക്രമണ പരമ്പരകളായിരിക്കും. ഭരണം കൈയിലുള്ളത് കൊണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പ്രതിയാകില്ല എന്നൊരു വ്യത്യാസമുണ്ടാകും. എന്നാലും പാണ്ഡന്‍ നായയുടെ പല്ലിന്റെ ശൌര്യം പണ്ടേ പോലെ ഫലിക്കണമെന്നില്ല. സി.പി.എമ്മിന്റെ ആക്രമണശേഷി അല്പം കുറഞ്ഞെങ്കിലായി. പക്ഷെ ഒരു കാര്യം സമതിക്കാതെ തരമില്ല, പിണറായി ആന്‍ഡ് കമ്പനിയുടെ രാഷ്ട്രീയത്തിന്റെ വാണിജ്യവല്‍ക്കരണം തടഞ്ഞേ പറ്റൂ. അതിന് വി.എസ്സിനും മുരളി പോലുള്ള വിമതര്‍ക്കും കഴിയുമെന്ന് തീര്‍ച്ചയായും കരുതാം.

8 comments:

**Manu** said...

എന്തെല്ലാം ആയിരുന്നു അധികാരത്തില്‍ വന്നപ്പോള്‍..മലപ്പുറം കത്തി , മെഷീന്‍ ഗണ്ണ്‍ , അവസാനം ----------- പിണമാകുമോ....കാത്തിരിക്കാം...എന്തൊക്കെ ആയാലും കേരളത്തിലെ സാധാരണക്കാര്‍ക്ക്‌ നല്ലതേ വരൂ..അത്രയ്ക്ക് പുണ്യം ചെയ്ത മഹാന്മാരല്ലേ നമുക്ക് ചുറ്റും...

കമ്മ്യൂണിസം അത് ഉടലെടുത്ത നാട്ടില്‍ എല്ലാം അവിടത്തെ പേരെടുത്ത കടലില്‍ അവര്‍ ഒഴുക്കി കളഞ്ഞിട്ട് കാലം കുറെ ആയി...നമ്മുടെ നാട്ടിലെ നേതാക്കള്‍ അങ്ങോട്ട്‌ ഒന്ന് നോക്കിയിരുന്നേല്‍ ഈ കണ്ട കോലാഹലത്തിന്റെ ഒന്നും അവശ്യം വരില്ലായിരുന്നു..നമ്മുടെ അറബികടലിനും ആഴം ഒട്ടും കുറവല്ല...

എന്തിനും ഏതിനും സി.ബി.ഐ യെ കൂട്ടുപിടിച്ചവര്‍ ഇപ്പോള്‍ അവരെ തള്ളി പറയുന്നത് സാറേ അമ്മാവന്‍ പത്തായത്തിലും ഇല്ല തട്ടിന്പുറത്തും ഇല്ല എന്ന് പറയുന്നത് പോലെ ആണെന്ന് നാട്ടിലെ കുട്ടികള്‍ക്ക് പോലും അറിയാം...
പിന്നെ ഇനി ഒരു രാഷ്ട്രീയ കക്ഷിയെ കൂടി താങ്ങാന്‍ ഉള്ള ശക്തി നമ്മുടെ നാടിനു ഉണ്ടാകണേ എന്നല്ലേ പ്രവാസികളായ ഞങ്ങള്‍ക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ പറ്റു..ഉണ്ടാകുമായിരിക്കും ....അത് കാലം തെളിയിക്കേണ്ട കാര്യമാണ്..നമുക്ക് കാത്തിരിക്കാം...

Vijayaraghavan said...

sukuvettaa blog vayichu.. orutharam araashtreeya vaadiyude kapadyamaaytitte eniku kaanaan pattunnu. c p m nte shathrukkala v s ne vaanathoolam pukazhthukayum, pinaraayi kallanennu parayukayum cheyyumpool athinte porul manassilaakkan ere kashtappedendathilla. pine swayam vigrahamaakaan shramikkunnavar oru puthiya oru prasthaanam koodi undaakkiyaal athu keralathinte shaapam aayirikkum..

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

നന്ദി വിജയേട്ടാ, രാഷ്ട്രീയം ഒരു മുടിഞ്ഞ ഏര്‍പ്പാടെന്നും ഒന്നും പറയരുതെന്നും തോന്നാറുണ്ട്. പിന്നെയും എഴുതിപ്പോവും. അരാഷ്ട്രീയത്തിന് വ്യത്യസ്തമായ കാഴ്ചപ്പാടാണെനിക്ക്. ഏതെങ്കിലും പാര്‍ട്ടിയുടെ അനുയായി ആവുന്നതിനെ രാഷ്ട്രീയമായി കാണുന്നില്ല. എന്നെ സംബന്ധിച്ച് പൌരബോധമാണ് രാഷ്ട്രീയം. പാര്‍ട്ടികളും പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തകരും ഉണ്ടാവട്ടെ. സിവില്‍ സമൂഹം രാഷ്ട്രത്തിന്റെ ദൈനംദിനകാര്യങ്ങളില്‍ ബോധവാന്മാരായി സ്വതന്ത്രന്മാരായിരിക്കട്ടെ എന്നാണ് എന്റെ രാഷ്ട്രീയം. അങ്ങനെയാവുമ്പോള്‍ രാഷ്ട്രീയവും രഷ്ട്രീയപ്പാര്‍ട്ടികളും നന്നാവും.

മനൂ, വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി..

JOHN said...

itz an excellent piece of observation of kerala politics

**Manu** said...

ഞാന്‍ സാര്‍ന്റെ ബ്ലോഗ് മിക്കവാറും സന്ദര്‍ശിക്കാറുണ്ട് ....സാര്‍ വസ്തുതകളെ വിശകലനം ചെയ്യുന്ന രീതിയെ എനിക്കിഷ്ടമാണ്..ഇനിയും പ്രതീക്ഷിക്കുന്നു..

Rajeesh Nbr said...

Pothujanam kazhuthakal aanenna dharana ellavarum mattiyal nannu..

ജയതി-jayathy said...

എന്നെ സംബന്ധിച്ച് പൌരബോധമാണ് രാഷ്ട്രീയം. പാര്‍ട്ടികളും പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തകരും ഉണ്ടാവട്ടെ. സിവില്‍ സമൂഹം രാഷ്ട്രത്തിന്റെ ദൈനംദിനകാര്യങ്ങളില്‍ ബോധവാന്മാരായി സ്വതന്ത്രന്മാരായിരിക്കട്ടെ
വളരെ ഇഷ്ടപ്പെട്ടു
ശ്രീമതി നായർ

shinal said...

ente sukhumaretta enthina vendatha panikku pokunnathu...