Links

വിമോചനസമരവും ജനാധിപത്യവും

1959ല്‍ നടന്ന വിമോചനസമരം അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനകീയ മുന്നേറ്റമായിരുന്നു. ലോകത്തില്‍ ആദ്യമായി അധികാരത്തില്‍ എത്തിയ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ രീതികള്‍ ജനാധിപത്യപക്രിയകള്‍ക്ക് യോജിച്ചതായിരുന്നില്ല. പാര്‍ട്ടി ഏകാധിപത്യപ്രവണതയിലേക്ക് പോകുന്നതിന്‌ തടയിടാന്‍ സമരത്തിന്‌ കഴിഞ്ഞു. ഇന്ന് കമ്മ്യൂണിസ്റ്റ്‌ ഭരണം ജനാധിപത്യസ്വഭാവത്തിലേക്ക് വന്നിട്ടുണ്ടെങ്കില്‍ അത്‌ വിമോചനസമരഫലമാണ്‌.പാര്‍ട്ടി തീരുമാനിക്കും പോലെ ജീവിക്കേണ്ട ഗതികേട് പലസ്ഥലങ്ങളിലും ജനം ഇന്നും അനുഭവിക്കുന്നുണ്ട്. ആദ്യമായി ഭരണം കൈവന്നപ്പോള്‍ ഈ ഗതികേട് കൂടുതല്‍ രൂക്ഷമായിരുന്നു. ജനാധിപത്യം എന്നു വെറുതെ നൂറ് തവണ പറഞ്ഞുകൊണ്ടിരുന്നാല്‍ അത് ജനാധിപത്യമാകില്ല. ഒരു ഗവണ്മെന്റിനെ പുറത്താക്കാന്‍ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഒറ്റക്കെട്ടായി ശ്രമിക്കുകയും, അതു നേടിയതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പുറത്താക്കിയതിനെ ശരിവെക്കുന്ന തരത്തില്‍ ഒരു വിധിയെഴുത്ത് നടത്തുകയും ചെയ്തതല്ലേ ജനാധിപത്യം? അതു ജനാധിപത്യവിരുദ്ധമാകുന്നതു എങ്ങനെയാണ്? വിമോചനസമരം നടന്നില്ലെങ്കില്‍ കേരളത്തില്‍ ജനാധിപത്യം എന്നൊന്ന് ഉണ്ടാകുമായിരുന്നില്ല.കമ്മ്യൂണിസ്റ്റുകാര്‍ പറയുന്ന ജനാധിപത്യം കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമുള്ളതാണു,എല്ലാവര്‍ക്കുമുള്ളതല്ല.കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ച പല രാജ്യങ്ങള്‍ ഭൂപടത്തിലേ ഇന്നില്ല.ജനങ്ങള്‍ പിഴുതെറിഞ്ഞു.അതിലും വലുതല്ല വിമോചനസമരം.സെല്‍ ഭരണം നടത്താന്‍ ഇന്ന് കമ്മ്യൂണിസ്റ്റുകള്‍ ഭയപ്പെടും.അത് വിമോചനസമരത്തിന്റെ നേട്ടമാണ്.


പാര്‍ലമെന്ററി സമ്പ്രദായത്തിലൂടെ അധികാരത്തില്‍ വന്നാലും കമ്മ്യൂണിസ്റ്റുകളുടെ ഉള്ളിലിരുപ്പ് എന്താണ്? അന്നാണെങ്കില്‍ സായുധവിപ്ലവത്തില്‍ കലശലായി വിശ്വസിച്ചിരുന്ന കാലവും. പോകട്ടെ, ഇന്നെങ്കിലും കമ്മ്യൂണിസ്റ്റുകാരുടെ ഉദ്ദേശം എന്താണ്? തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ആശയം ഉപേക്ഷിച്ചിട്ടില്ലല്ലൊ ഇനിയും. അത് ഉപേക്ഷിക്കാത്ത കാലത്തോളം കമ്മ്യൂണിസ്റ്റുകാരുടെ ജനാധിപത്യപ്രേമം സംശയാസ്പദവും ഭയജനകവുമാണ്. മറ്റുള്ള എല്ലാ പാര്‍ട്ടികളും അനുവദിച്ചു തരുന്ന ജനാധിപത്യസ്വാതന്ത്ര്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇവിടെ അനുഭവിക്കുന്നത്. അതേ സ്വാതന്ത്ര്യം മറ്റുള്ള പാര്‍ട്ടികള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അനുവദിച്ചുകൊടുക്കുമെന്ന് എങ്ങനെ വിശ്വസിക്കും? ഇത് ചിന്തിക്കുന്നവന്റെ ഭയമാണ്. ഈ ഭയമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഇന്നത്തെ സ്ഥിതിയില്‍ തളച്ചിടാന്‍ കാരണം. ഈ ഭയം അകറ്റപ്പെടുന്നത് വരെ കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യപ്രേമം വേശ്യയുടെ ചാരിത്യപ്രസംഗം പോലെയല്ലേ?


എന്റെ ചോദ്യത്തിനുത്തരം ഇനിയും ലഭിച്ചില്ല. നിങ്ങളുടെ യഥാര്‍ഥ ഉള്ളിലിരുപ്പ് എന്താണ്? വിമോചനസമരം എന്ന് പിച്ചും പേയും പറയുന്ന നിങ്ങള്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള സമീപനം എന്താണ്? ജനകീയജനാധിപത്യവിപ്ലവം പൂര്‍ത്തീകരിച്ച് ഇന്ത്യയില്‍ ഏകകഷിഭരണം നടപ്പാക്കാനാണോ പരിപാടി? അതോ ഇന്നത്തെ പോലെ ബഹുകക്ഷിജനാധിപത്യം തുടരുമോ? അഥവാ ഇതിനൊന്നും നിങ്ങള്‍ക്ക് പരിപാടിയില്ലേ? ഇതേ പോലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഒതുങ്ങി പ്രവര്‍ത്തിക്കാനാണെങ്കില്‍ ആളുകളെ പേടിപ്പിക്കുന്ന ഈ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം നടപ്പാക്കും എന്ന പരിപാടി ഇനിയും മാറ്റാത്തതെന്ത്?


അമ്പത് വര്‍ഷത്തിന് ശേഷവും വിമോചനസമരത്തെയും,അന്ന് സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടതിനെതിരെയും കുറിച്ചു നിങ്ങള്‍ വിലപിക്കുന്നു. 48ല്‍ സായുധവിപ്ലവത്തിന് ആഹ്വാനം നല്‍കിയ പാര്‍ട്ടിയാണ് 57ല്‍ ഭരണത്തില്‍ എത്തിയത്. കല്‍ക്കത്ത തീസീസ് തള്ളപ്പറഞ്ഞെങ്കിലും സായുധവിപ്ലവം ഉപേക്ഷിച്ചിരുന്നില്ല.ചൈനീസ് മോഡലില്‍ ഭരണം പിടിച്ചടക്കി ഏകകക്ഷിസര്‍വ്വാധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യവും പാര്‍ട്ടി ഒളിച്ചു വെച്ചിട്ടില്ല. അന്ന് ഇന്ത്യയില്‍ പ്രബലമായ പാര്‍ട്ടിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.അധികാരം ലഭിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് ശൈലിയില്‍ പാര്‍ട്ടിഭരണം നടത്താന്‍ തുനിഞ്ഞതാണ് വിമോചനസമരത്തിന് ഹേതുവായത്. നിയമവാഴ്ച പൂര്‍ണ്ണമായും തകര്‍ന്ന അന്ന് പിരിച്ചുവിടപ്പെടാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ല. ജനങ്ങള്‍ സംഘടിച്ചാല്‍ സാമ്രാജ്യം പോലും തകരും എന്നതിന് ഉദാഹരണങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ച രാജ്യങ്ങള്‍ തന്നെയാണ്.ഇതില്‍ നിന്നൊന്നും പാഠം ഉള്‍ക്കൊള്ളാതെ ഇന്നും വിമോചനസമരം എന്ന് മാറത്തടിച്ച് വിലപിക്കുന്നതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. ഇവിടെ നിങ്ങള്‍ക്ക് പിന്നെയും ഭരണത്തില്‍ വരാന്‍ കഴിയുന്നുണ്ടല്ലൊ. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണം രാജ്യത്ത് സംസ്ഥാപിതമായാല്‍ മറ്റ് പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല എന്നതാണ് തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. അത് മാറ്റാത്ത കാലത്തോളം ജനാധിപത്യത്തെക്കുറിച്ച് വിലപിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം? തങ്ങള്‍ക്ക് ജനാധിപത്യാവകാശം വേണം,അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് ധ്വംസിക്കപ്പെട്ടു എന്ന് മുറവിളി കൂട്ടുകയും എന്നാല്‍ തങ്ങളുടെ ഭരണത്തില്‍ മറ്റുള്ളവര്‍ക്ക് ജനാധിപത്യം അനുവദിക്കുകയില്ല എന്ന പരിപാടിയില്‍ ഉറച്ചു നില്‍ക്കുക ഇതിലൊക്കെ ഒരു വഞ്ചനയില്ലെ?


ഇന്നും ശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മറ്റുള്ള പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ഭരണത്തില്‍ വരാന്‍ കഴിയില്ലല്ലൊ. ഈ ഭയം ഇവിടത്തെ കമ്മ്യൂണിസ്റ്റല്ലാത്തവര്‍ക്കുണ്ട്. തൊളിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ആശയം ഉപേക്ഷിച്ച് ബഹുകക്ഷിസമ്പ്രദായം അംഗീകരിക്കാത്ത കാലത്തോളം നിങ്ങള്‍ പറയുന്ന ജനാധിപത്യം കാപട്യമാണ്. മാത്രമല്ല 57 മോഡല്‍ ഭരണം നടത്തിയാല്‍ ഇനിയും വിമോചനസമരങ്ങളും ഉണ്ടാകും. ഇവിടെ ജനങ്ങളാണ് പരമാധികാരികള്‍,പാര്‍ട്ടികളല്ല. കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ പാര്‍ട്ടിക്കാണ് പരമാധികാരം,ജനങ്ങള്‍ക്കല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ ഭരണത്തില്‍ വരും എന്ന് സങ്കല്‍പ്പിച്ചാല്‍ നിങ്ങള്‍ മറ്റ് പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമോ? ഇതാണെന്റെ ചോദ്യം. അനുവദിക്കുമെങ്കില്‍ എന്ത്കൊണ്ട് തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം ഉപേക്ഷിക്കുന്നില്ല?


എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടാവുകയില്ല എന്നറിയാം.കാരണം കഥയറിയാതെ ആട്ടം കാണുന്നവരാണ് താങ്കളെപ്പോലെയുള്ളവര്‍. കാലം ഒരുപാട് മാറി.ഒപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും എത്രയോ മാറി. പാര്‍ട്ടി കോണ്‍ഗ്രസ്സിലും കേന്ദ്രക്കമ്മറ്റികളിലും നടക്കുന്ന ചര്‍ച്ചകളും, മാറ്റപ്പെടുന്ന നയപരിപാടികളും ഒന്നും അണികള്‍ അറിയാറോ ശ്രദ്ധിക്കാറോ ഇല്ല. ഇന്ന് പാര്‍ലമെന്ററി ജനാധിപത്യപ്രക്രിയകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സക്രിയമായി ഇടപെടുന്നു. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യവും ബഹുകക്ഷിജനാധിപത്യവും അംഗീകരിച്ചുകൊണ്ട് പാര്‍ട്ടി പരിപാടി മാറ്റിയിട്ടുമില്ല. കാരണം തൊളിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം ഉപേക്ഷിച്ചാല്‍ തങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി പോകുമോ എന്ന് നേതൃത്വം ഭയപ്പെടുന്നു. അണികളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്ന ആശങ്കയുമുണ്ടാവാം. അതായത് പരിപൂര്‍ണ്ണമായി ജനാധിപത്യമാര്‍ഗ്ഗം സ്വീകരിക്കേണ്ടതായ കാലത്തിന്റെ നിര്‍ബ്ബന്ധം ഒരു വശത്ത്, അത് പ്രവര്‍ത്തിയില്‍ സ്വീകരിച്ചിട്ടും തത്വത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത ഒരു പ്രതിസന്ധി മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ട്. ഇതെല്ലാം അണികളില്‍ നിന്ന് മറച്ചു വയ്ക്കപ്പെടുകയാണ്.


മാറിയ പരിസ്ഥിതിയില്‍ കമ്മ്യൂണിസം എങ്ങനെ പുനര്‍നിര്‍വ്വചിക്കപ്പെടാം എന്ന് കൂടി ആലോചിച്ചാലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രസക്തിയുണ്ടാകൂ. അല്ലാതെ അമ്പത് വര്‍ഷം മുന്‍പത്തെ വിമോചനസമരം ഇന്നും ഉരുവിടുന്നതില്‍ കാര്യമില്ല. അതിന് ശേഷവും എത്ര പിരിച്ചുവിടലുകള്‍ ഇവിടെ നടന്നു. എന്നിട്ടും ഇവിടെ ജനാധിപത്യം അഭംഗുരം പുലരുന്നില്ലേ? ഈ ഒരു ജനാധിപത്യസമ്പ്രദായം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ അതാണ് കാതലായ ചോദ്യം. ഇല്ല എന്നേ ഇന്നത്തെ നിലയ്ക്ക് ഏത് കമ്മ്യൂണിസ്റ്റുകാരനും പറയാന്‍ കഴിയൂ. അംഗീകരിക്കുന്നു എന്ന് പറയണമെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് അതംഗീകരിക്കണം. അത്കൊണ്ട് ജനാധിപത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒഴുക്കുന്ന കണ്ണീര്‍ മുതലയുടേതിന് സമാനമാണ്.

പാര്‍ലമെന്ററി ഡിമോക്രസി സിസ്റ്റത്തില്‍ നിന്ന് കൊണ്ടാണ് സി.പി.എം. പ്രവര്‍ത്തിക്കുന്നത്.അതില്‍ നിന്ന് ഇനിയവര്‍ക്ക് തിരിച്ചു പോകാനും കഴിയുകയില്ല. അത് പോരല്ലോ. ലെനിനിസ്റ്റ് സംഘടനാതത്വങ്ങളല്ലെ പാര്‍ട്ടി മുറുകെ പിടിക്കുന്നത്. തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിക്കും എന്ന പാര്‍ട്ടി പരിപാടിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇന്നും രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത്. ആ പരിപാടി ഇന്നും പാര്‍ട്ടിയുടെ നയങ്ങളുടെ ആധാരശിലയായത്കൊണ്ട് ജനാധിപത്യ പ്രക്രിയകളില്‍ പൂര്‍ണ്ണമായും ഇടപെടാന്‍ പാര്‍ട്ടിക്ക് കഴിയാതെ പോകുന്നത്. പ്രധാനമന്ത്രിസ്ഥാനം സ്വീകരിക്കാന്‍ കഴിയാതെ പോയത് ഒരുദാഹരണം. പ്രാദേശികമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ അസഹിഷ്ണുത മറ്റുള്ളവരില്‍ വെറുപ്പ് സൃഷ്ടിക്കുന്നത് തെളിവ് നല്‍കാന്‍ കഴിയില്ലെങ്കിലും യാഥാര്‍ഥ്യം. സോമനാഥ് ചാറ്റര്‍ജി മുതല്‍ വി.എസ്. പ്രശ്നം വരെ ഈ ലെനിനിസ്റ്റ് സംഘടനാതത്വങ്ങളുടെ സൃഷ്ടിയാണ്. ജനാധിപത്യസമൂഹത്തില്‍ ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിക്ക് യാതൊരു സംഭാവനയും ചെയ്യാന്‍ കഴിയില്ല. ചുരുക്കത്തില്‍ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രവര്‍ത്തനത്തില്‍ ഒന്നാന്തരം പാര്‍ലമെന്ററി പാര്‍ട്ടികള്‍. എന്നാല്‍ സംഘടനാപരമായി സി.പി.എം. ഇന്നും ഒന്നാന്തരം സ്റ്റാലിനിസ്റ്റ് പാര്‍ട്ടി. ഈ കാപട്യം എന്തിന് തുടരണം? ഉത്തരമില്ല അല്ലേ?

വിമോചനസമരത്തെ സ്ഥാനത്തും അസ്ഥാനത്തും ഇന്നും എടുത്ത് പറയുന്നുണ്ട്. അമ്പത് വര്‍ഷങ്ങള്‍ക്കകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സംഭവിച്ച പരിണാമങ്ങളെ കണ്ടില്ലെന്ന് നടിച്ച് താല്‍ക്കാലിക തിരിച്ചടിയെന്ന് മാത്രം ലളിതവല്‍ക്കരിക്കപ്പെടുന്നതെന്ത്കൊണ്ട്? കാറല്‍ മാര്‍ക്സ് വിഭാവനം ചെയ്ത തൊളിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം ലെനിന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍വ്വാധിപത്യമാക്കി പരിമിതപ്പെടുത്തി. ആ ആശയമാണ് ഇന്നും ഇവിടെ പിന്‍‌പറ്റുന്നത്. ഇനിയിവിടെ വിമോചനസമരം നടക്കുകയില്ല എന്ന് പറയുന്നതിനേക്കാളും ശരി അത്തരമൊരു സമരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ക്ഷണിച്ചുവരുത്തുകയില്ല എന്നാണ്. ഇവിടെ വിജയിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യമാണ്. കല്‍ക്കത്താതീസ്സീസില്‍ നിന്നുള്ള ഈ ദൂരം കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ പരാജയം കൂടിയാണ് അടയാളപ്പെടുത്തുന്നത്.


കേരളജനത അന്നത്തെ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ നടത്തിയ ഐതിഹാസികമായ ബഹുജജനമുന്നേറ്റമാണ് വിമോചനസമരം. ഇതാണ് ജനാധിപത്യവിശ്വസികളുടെ അന്നുമിന്നുമുള്ള അഭിപ്രായം. ഒരു ജനാധിപത്യവാദിയും അന്നും ഇന്നും വിമോചനസമരത്തെ തള്ളിപ്പറഞ്ഞിട്ടില്ല. മറിച്ചുള്ള താങ്കളുടെ വാദം ജനാധിപത്യവിശ്വാസികള്‍ ആരും മുഖവിലയ്ക്കെടുക്കുകയില്ല. ആ സമരത്തെ മറ്റാരോ സ്പോണ്‍സര്‍ ചെയ്ത സമരാഭാസം എന്നൊക്കെ വ്യാഖ്യാനിച്ച് കേരളജനതയെയും അവരുടെ സമരവീര്യത്തെയും അപമാനിക്കാന്‍ താങ്കള്‍ക്ക് ഇവിടത്തെ ജനാധിപത്യം അവകാശം നല്‍കുന്നുണ്ട്. സമരം ചെയ്യാനുള്ള അവകാശം തങ്ങള്‍ക്ക് മാത്രമാണെന്നും തങ്ങള്‍ക്കെതിരെ ആരും സമരം ചെയ്തുകൂടെന്നുമുള്ള ശാഠ്യത്തില്‍ നിന്നാണ് ഈ തരത്തിലുള്ള വാദങ്ങള്‍ ഉയര്‍ന്ന് വരുന്നത്. ടിയാനന്‍മെന്‍ സ്ക്വയര്‍ സമരത്തെ ചൈനീസ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള പ്രതിവിപ്ലവം എന്നാണ് ഇ.എം.എസ്സ്. പോലും പറഞ്ഞിരുന്നത്. ഇ.എം.എസ്. അങ്ങനെ പറഞ്ഞത്കൊണ്ട് ആ സമരം പ്രതിവിപ്ലവമാണെന്ന് ഒരു ജനാധിപത്യവാദിയും കരുതുകയില്ല. അത്പോലെയാണ് വിമോചനസമരവും. കമ്മ്യൂണിസ്റ്റുകളുടെ ശരികള്‍ ജനാധിപത്യവാദികള്‍ക്ക് ശരിയല്ല,തെറ്റുകള്‍ തെറ്റുമല്ല. ഇവിടെ കേരളത്തിലും ജനാധിപത്യവാദികള്‍ ആണ് ഭൂരിപക്ഷം എന്ന് മനസ്സിലാക്കണം. മറ്റാരും സ്പോണ്‍സര്‍ ചെയ്യാതെ സമരം നടത്താനുള്ള ശേഷി ഇവിടത്തെ ജനാധിപത്യശക്തികള്‍ക്ക് അന്നുമിന്നുമുണ്ട്. അത് തിരിച്ചറിയുന്നത്കൊണ്ടാണു സി.പി.എം.നേതാക്കള്‍ പള്ളികളും അരമനകളും കയറിയിറങ്ങുന്നത്. റഷ്യയിലെയും മറ്റ് കി.യൂറോപ്പിലേയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നതും ബഹുജനമുന്നേറ്റം കൊണ്ടാണെന്നും മറ്റാരും സ്പോണ്‍സര്‍ ചെയ്തിട്ടല്ലെന്നും സാധിക്കുമെങ്കില്‍ മനസ്സിലാക്കുക.


എത്ര പാടി പുകഴ്ത്തിയാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകാധിപത്യപ്രവണതകള്‍ മൂലം അത് ഇന്ന് നാശോന്മുഖമാണെന്നും തിരിച്ചറിയുക. ഇത് ജനാധിപത്യയുഗമാണ്. കമ്മ്യൂണിസ്റ്റുകള്‍ ജനാധിപത്യവാദികളല്ല. അവര്‍ പാര്‍ട്ടി ഏകാധിപത്യവാദികളാണ്. തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യവും ലെനിനിസ്റ്റ് സംഘടനാതത്വങ്ങളും പാര്‍ട്ടി പരിപാടിയുടെ ഭാഗമാണ്. അത് ഉപേക്ഷിച്ചിട്ടില്ല.സംശയമുണ്ടെങ്കില്‍ ഏതെങ്കിലും പാര്‍ട്ടി അംഗത്തോട് ചോദിച്ച് സംശയം ദൂരീകരിക്കുക. തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന പേരില്‍ പാര്‍ട്ടി ഏകാധിപത്യം സ്ഥാപിക്കുമെന്ന ഭീതി കൊണ്ടാണ് ജനാധിപത്യവാദികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ അകറ്റി നിര്‍ത്തുന്നത് തന്നെ. സായുധവിപ്ലവം ഇവിടെ രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ സി.പി.ഐ.പൂര്‍ണ്ണമായും സി.പി.എം. ഏറെക്കുറെയും ഉപേക്ഷിച്ചിട്ടുണ്ട്. അത് പക്ഷെ അവരുടെ ഔദാര്യമൊന്നുമല്ല. സാധിക്കുകയില്ല അതാണ് വസ്തുത. ഇത്രനേരവും പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇതാണ്: മറ്റുള്ളവര്‍ക്ക് ജനാധിപത്യസ്വാതന്ത്ര്യം അനുവദിക്കാത്ത കമ്മ്യൂണിസ്റ്റുകള്‍ക്ക് ജനാധിപത്യത്തെക്കുറിച്ച് മിണ്ടാന്‍ അവകാശമില്ല. അവര്‍ക്ക് അധികാരം ലഭിച്ചാല്‍ അവര്‍ മറ്റാര്‍ക്കും ജനാധിപത്യ പൌരാവകാശങ്ങള്‍ അനുവദിക്കുകയില്ല. അതും പക്ഷെ ഇനി നടക്കാന്‍ പ്രയാസമാണെന്നാണ് നേപ്പാളില്‍ പ്രചണ്ഡ സ്ഥാനത്യാഗം ചെയ്യേണ്ടിവന്നതില്‍ നിന്നും മനസ്സിലാകുന്നത്.

അമേരിക്കന്‍ അംബാസഡറുടെ പരാമര്‍ശങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വേദവാക്യമാകുന്നത് വിചിത്രം തന്നെ. ജവഹര്‍ലാല്‍ നെഹ്രു മുതല്‍ ആന്റണി വരെ വിമോചനസമരത്തെ തള്ളിപ്പറഞ്ഞു എന്നതും വിചിത്രമായിരിക്കുന്നു. എന്നാലും സര്‍ക്കാരിനെതിരെ ബഹുജനമുന്നേറ്റം നടന്നു എന്നതും സര്‍ക്കാരിനെ പിരിച്ചുവിടും വിധം സാമൂഹ്യാന്തരീക്ഷം കലുഷിതമായി എന്നതും തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ജയിച്ചുവരാനായില്ല എന്നതും ചരിത്രവസ്തുതയാണ്. ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍ ഡിലീറ്റ് ചെയ്യാവുന്നതല്ല ആ ചരിത്രമുഹൂര്‍ത്തങ്ങള്‍. അത്കൊണ്ട് തന്നെ കേരളത്തിലെ ജനാധിപത്യവിശ്വാസികളുടെ മഗ്നാകാര്‍ട്ടയാണ് അന്നത്തെ വിമോചനസമരം. അത്കൊണ്ടാണ് കേരളം ബംഗാളാകാതിരുന്നത്. അതിനുശേഷം ജനാധിപത്യവിശ്വാസികളുടെ വോട്ട് കൂടി ആവശ്യമായി വന്നു കമ്മ്യൂണിസ്റ്റുകള്‍ക്ക് അധികാരത്തില്‍ വരാന്‍. വിമോചനസമരം നടന്നില്ലായിരുന്നുവെങ്കില്‍ കേരളത്തെ മോചിപ്പിച്ചു ക്യൂബ പോലെയോ മറ്റോ പാര്‍ട്ടിഏകാധിപത്യരാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുമായിരുന്നു. അതൊന്നും നടക്കാതെ പോയ നൈരാശ്യം ഇപ്പോഴും കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്നുണ്ട് എന്ന് തോന്നുന്നു.

പിന്നെ ചാരപ്പണം,ഒറ്റുകാശ് എന്നൊക്കെ പറയാമെങ്കില്‍ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകാരാണ് ചാരപ്പണി ചെയ്തതും ഒറ്റുകാശ് കൈപ്പറ്റിയതും.ചൈന നമ്മെ ആക്രമിച്ച കാലത്ത് നമ്മുടെ സൈന്യത്തിന് ഭക്ഷണങ്ങളും ആയുധങ്ങളും കൊണ്ടുപോകുന്ന പട്ടാളവണ്ടികളെ തടയാന്‍ ബന്ദ് നടത്തിയ കഥകളൊക്കെ ബ്ലോഗുകളില്‍ തന്നെയുണ്ട്. ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തദാനം ചെയ്യാന്‍ പാടില്ല എന്ന് അന്ന് പാര്‍ട്ടി തീരുമാനിച്ചതും ചാരപ്പണിക്ക് തുല്യമാണ്. സോവിയറ്റ് യൂനിയനില്‍ നിന്ന് ഇന്ത്യന്‍ ഭാഷകളില്‍ പുസ്തകങ്ങള്‍ അച്ചടിച്ച് സൌജന്യമായി ഇവിടത്തെ പാര്‍ട്ടിക്ക് അയച്ചുകൊടുക്കാറുണ്ടായിരുന്നു. ആ പുസ്തകങ്ങള്‍ വിറ്റുകിട്ടുന്ന കാശ് കൊണ്ടാണ് ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ പ്രവര്‍ത്തിച്ചത്. അത് ഒറ്റുകാശ് ആണ് എന്ന് പറയാം. പൊതുവെ കമ്മ്യൂണിസ്റ്റുകള്‍ ചെയ്യുന്ന തിന്മകളാണ് മറ്റുള്ളവരുടെ മേല്‍ ആരോപിക്കാറ്. അത് കൊണ്ടാണ് പറയുന്നത്, കമ്മ്യൂണിസ്റ്റുകാരുടെ ഭാഷയും ശൈലിയും വാദങ്ങളുമൊന്നും ജനാധിപത്യവിശ്വാസികള്‍ക്ക് ബാധകമല്ല. കേരളത്തില്‍ ദേശാഭിമാനിയേക്കാളും കൂടുതല്‍ മറ്റ് പത്രങ്ങള്‍ ചെലവാകുന്നതിന്റെ കാരണവും അതാണ്.

ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും ഇനി വിപ്ലവം നടക്കില്ല എന്ന് എല്ലാ കമ്മ്യൂണിസ്റ്റുകാര്‍ക്കും അറിയാം. ലോകം മൊത്തത്തില്‍ വിപ്ലവം നടന്ന് ഒരു ആഗോളകമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി നിലവില്‍ വരും എന്നാണല്ലൊ മാര്‍ക്സ് കണ്ടെത്തിയത്.അത് അസാധ്യമാണെന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല. ഈ യാഥാര്‍ഥ്യങ്ങളുമായുള്ള പൊരുത്തപ്പെടലാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ വിപ്ലവം ഉപേക്ഷിക്കലിലേക്ക് എത്തിച്ചത്. അല്ലാതെ ഏതെങ്കിലും നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കൊണ്ടല്ല.അപ്പോള്‍ തീര്‍ത്തും അസാധ്യമായ വിപ്ലവം തങ്ങള്‍ നടത്തും എന്ന പരിപാടി പാര്‍ട്ടിപ്പുസ്തകത്തില്‍ നിന്ന് മാറ്റിക്കൂടേ എന്നാണു എന്റെ ചോദ്യം. കാരണം അതില്‍ ഒരു വഞ്ചന ഒളിഞ്ഞിരിപ്പുണ്ട്. ഞങ്ങള്‍ വിപ്ലവം നടത്തിയിരിക്കും എന്ന് കിത്താബില്‍ എഴുതും,എന്നാല്‍ ഞങ്ങളത് പണ്ടേ ഉപേക്ഷിച്ചിരിക്കുന്നു എന്നാണ് ന്യായം പറയുന്നതെങ്കില്‍ മറുവാക്കില്ല.

ജനാധിപത്യം എന്ന് പറയുമ്പോള്‍ ഇന്ത്യയിലെ ഭരണസമ്പ്രദായത്തെ, ഇവിടത്തെ സാമൂഹ്യവ്യവസ്ഥിതിയെ,ജനങ്ങള്‍ക്ക് തങ്ങളുടെ ഭരണസാരഥികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.അതിനെയാണ് പാടിപ്പുകഴ്ത്തുന്നത്. ഇവിടത്തെ പാര്‍ട്ടികളോ നേതാക്കളോ ഈ സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതിന്റെയൊക്കെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നത് ജനങ്ങളാണ്. പാര്‍ട്ടികളോ നേതാക്കളോ ദുഷിച്ചാല്‍ ഇതോ ജനാധിപത്യത്തിന്റെ മേന്മ എന്ന് ചോദിക്കരുത്. ജനാധിപത്യം അവിടെയുണ്ടോ എന്നതാണ് പ്രശ്നം. അടിയന്തിരാവസ്ഥയെ നമ്മുടെ ജനാധിപത്യം അതിജീവിച്ചില്ലേ? ഈ ഒരു ജനാധിപത്യം ജനങ്ങള്‍ക്ക് നിഷേധിക്കുന്ന രാഷ്ട്രീയപ്രസ്ഥാനം ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രമാണ്. അത് ലോകത്ത് നിന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുന്നു എന്നത് ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് ആവേശം നല്‍കുന്ന കാര്യമാണ്.

കമ്മ്യൂണിസ്റ്റ്കാരുടെ ഭരണവും,സാമ്പത്തികനടപടികളും,മനുഷ്യക്കശാപ്പുകളും,തകര്‍ച്ചകളും ഒക്കെ ലോകം കണ്ടു. കമ്മ്യൂണിസം തകര്‍ന്ന റഷ്യ പോലെയുള്ള രാജ്യങ്ങളില്‍ മുന്‍‌കമ്മ്യൂണിസ്റ്റുകള്‍,വിപ്ലവവും തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യവും ഉപേക്ഷിച്ച് ബഹുകക്ഷിസമ്പ്രദായവും മാര്‍ക്കറ്റ് എക്കണോമിയും സ്വീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന കാഴ്ചയും നാം കാണുന്നു.

No comments: