“ അങ്ങിനെ ആണവക്കരാര്‍ ഒരു വഴിക്കായി ’’ എന്ന എന്റെ പോസ്റ്റ് വായിച്ച് കമന്റിയ ഒരു അനോണിയ്ക്കാണീ മറുപടി . സാധാരണയായി ഞാന്‍ അനോണികളുടെ കമന്റ് ഡിലീറ്റ് ചെയ്യുകയാണ് പതിവ് . കാരണം കമന്റ് എഴുതാന്‍ അനോണികള്‍ക്ക് പല പല പേരുകളില്‍ അവതരിയ്ക്കാം . എന്നാല്‍ എന്റെ നിലപാടുകള്‍ കുറച്ചു കൂടി വ്യക്തമാക്കാന്‍ ഞാന്‍ ഈ പോസ്റ്റ് ഉപയോഗപ്പെടുത്തുകയാണ് . എന്റെ ഒരു ആത്മഗതം എന്ന മട്ടിലേ ആ പോസ്റ്റ് ഞാന്‍ ബ്ലോഗില്‍ ഇട്ടിട്ടുള്ളൂ . സൃഷ്ടിപരവും സജീവവുമായ സംവാദങ്ങള്‍ നമ്മുടെ കേരള സമൂഹത്തില്‍ വിരളമാണ് . അത് കൊണ്ട് തന്നെ മലയാളം ബ്ലോഗിലും അത്തരത്തിലുള്ള ഗഹനമായ ചര്‍ച്ച നാം പ്രതീക്ഷിച്ചു കൂട . ആയിരക്കണക്കിന് മലയാളം ബ്ലോഗ്ഗര്‍മാര്‍ ഉണ്ടങ്കിലും വിരലിലെണ്ണവുന്നവര്‍ മാത്രമേ നല്ല എഴുത്തുകാരായിട്ടുള്ളൂ . തങ്ങള്‍ വലിയ കേമന്മാരാണെന്ന് മേനി നടിക്കുന്നുണ്ടെങ്കിലും മാതൃഭൂമി , മാധ്യമം തുടങ്ങിയിട്ടുള്ള വാരികകളില്‍ വായനക്കാരുടെ കത്തുകള്‍ എന്ന പംക്തിയില്‍ എഴുതുന്നവരുടെ പോലും നിലവാരത്തിലെത്താന്‍ കഴിയുന്നവര്‍ ചുരുക്കമാണ് . അര്‍ത്ഥമുള്ള സംവാദങ്ങള്‍ക്ക് മലയാളം ബ്ലോഗ് അനുയോജ്യമായ വേദിയല്ല എന്ന് പറഞ്ഞു വരികയാണ് ഞാന്‍ . ആനുകാലികങ്ങളിലെ വായനക്കാരുടെ കത്തുകളാണ് ഇതിന് ഇന്നും ഏറ്റവും ഫലപ്രദമായ മാധ്യമം .
സി.പി.എം. പോലെയുള്ള ഇടത് പക്ഷപ്പാര്‍ട്ടികള്‍ പറയുന്നത് മാത്രമാണ് പുരോഗമനമെന്ന് ഒരു അന്ധവിശ്വാസം ഇന്ന് നിലവിലുണ്ട് . പുരോഗമനവാദി എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഏക അതോറിറ്റിയും അവരാണെന്ന ധാരണയുമുണ്ട് . മാത്രമല്ല അമേരിക്കയെ എത്രകണ്ട് ഭര്‍ത്സിക്കുന്നുവോ അത്രകണ്ട് പുരോഗമനം കൂടും എന്നൊരു മിഥ്യാധാരണയുമുണ്ട് . ഏറ്റവും പ്രധാനമായിട്ടുള്ള ഒരു അന്ധവിശ്വാസം സി.പി.എമ്മിന് വേണ്ടി പറയുകയും വാദിക്കുകയും ചെയ്യുന്ന , എന്നാല്‍ നിഷ്പക്ഷരെന്ന് ലേബല്‍ ഉള്ളവര്‍ മാത്രമാണ് കേരളത്തിലെ സാസ്കാരീക നായകര്‍ എന്നതാണത് . ഉദാഹരണത്തിന് മുന്‍പ് തായാട്ട് ശങ്കരന്‍ , എം.എന്‍.വിജയന്‍ മാഷ് തുടങ്ങിയവര്‍ ഇന്ന് സുകുമാര്‍ അഴീക്കോട് , വി.ആര്‍.കൃഷ്ണയ്യര്‍ മുതലായവര്‍ . ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ എം.വി.ദേവന്‍ തുടങ്ങിയവര്‍ക്ക് ഈ സാംസ്കാരീകപ്പട്ടം ചാര്‍ത്തിക്കൊടുക്കുകയില്ല എന്ന് മാത്രമല്ല അവരൊക്കെ പിന്തിരിപ്പന്‍ മൂരാച്ചികള്‍ എന്ന് മുദ്രകുത്തപ്പെടുകയും ചെയ്യും . മലയാളത്തിലെ എക്കാലത്തേക്കും വലിയ സ്വതന്ത്ര ചിന്തകനായിരുന്ന എം. ഗോവിന്ദന്‍ പരക്കെ അംഗീകരിക്കപ്പെടാതെ പോയതിന്റെ കാരണവും അദ്ദേഹം കമ്മ്യൂണിസത്തിന്റെ ഏകാധിപത്യപ്രവണത തുറന്ന് കാട്ടി എന്നതിന്റെ പേരിലായിരുന്നു . ചുരുക്കത്തില്‍ ഇടത് പക്ഷത്തോട് ചേര്‍ന്ന് നിന്ന് അവര്‍ക്ക് കുഴലൂത്ത് നടത്തിയാലേ ചിന്തിക്കുന്ന ആളാണെന്ന അംഗീകാരം പോലും കേരളത്തില്‍ കിട്ടുകയുയുള്ളൂ . ഇപ്പോള്‍ ഡല്‍ഹി വാസം മതിയാക്കി മയ്യഴിയില്‍ തിരിച്ചെത്തിയ എം . മുകുന്ദനാണ് സാംസ്കാരിക നായക സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത് . എന്ത് അക്രമ പ്രവര്‍ത്തനങ്ങളെയും ന്യൂനപക്ഷപ്രീണനത്തെയും ന്യായീകരിക്കുക എന്നതാണ് ഇതില്‍ ജയിച്ചു കയറാനുള്ള യോഗ്യത .
ശരിയായ രീതികളില്‍ ചിന്തിക്കുന്നവരെ കേരളം എങ്ങിനെ അവഗണിക്കുന്നു എന്നതിന്റെ ഒരു നല്ല ഉദാഹരണമാണ് കെ. വേണു . എന്ത് കൊണ്ടാണ് പിണറായി വിജയന്‍ ജനലക്ഷങ്ങള്‍ക്ക് നേതാവാവുകയും കെ.വേണുവിനെപ്പോലെയുള്ളവര്‍ അവര്‍ക്കൊക്കെ അനഭിമതനാവുകയും ചെയ്യുന്നത് . അണികളെ പ്രസംഗം കൊണ്ട് അക്രമോത്സുകരാക്കാന്‍ കഴിയുമെന്നല്ലാതെ , പിന്നെ മസില്‍ പവ്വറും എന്തിനും തയ്യാറുമുള്ള അണികള്‍ നാടെങ്ങുമുണ്ട് എന്നതല്ലാതെ മറ്റെന്ത് കഴിവാണ് പിണറായിക്കുള്ളത് ? മൌലീകമായ ഒരു ചിന്ത കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അവശ്യം ആവശ്യമായിട്ടുള്ളത് പിണറായിക്കെന്നല്ല ആ പാര്‍ട്ടിയില്‍ പെട്ട ആര്‍ക്കെങ്കിലുമുണ്ടോ ? 1964 ല്‍ പാര്‍ട്ടി പിളര്‍ന്ന് പുതിയ പാര്‍ട്ടി ഉണ്ടാക്കിയത് മുതല്‍ ഇന്നോളം ആ പാര്‍ട്ടിയില്‍ ഒരു സ്റ്റഡി ക്ലാസ് നടന്നിട്ടില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും . പിന്നെ അതെങ്ങിനെ ഒരു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാവും ? അവര്‍ക്കെങ്ങിനെ മാര്‍ക്സിസത്തെ കാലോചിതമായി വികസിപ്പികാനാവും ? മാര്‍ക്സിസം എന്ന പ്രത്യയ ശാസ്ത്രത്തില്‍ മാത്രം ആകൃഷ്ടനായ എനിക്കെങ്ങിനെ അവരുടെ സഹയാത്രികനാവാന്‍ കഴിയും ? മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നാല്‍ മാര്‍ക്സിസത്തിന്റെ മൊത്തം അവകാശികളും പിന്‍തുടര്‍ച്ചക്കാരുമാണ് എന്നത് മറ്റൊരു ഹിമാലയന്‍ അന്ധവിശ്വാസമാണ് . മാര്‍ക്സിസം അംഗീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന അനേകമനേകം ഗ്രൂപ്പുകളില്‍ ഒന്ന് മാത്രമാണ് സി.പി.എം. അതിലും ഇവിടത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പൂര്‍ണ്ണമായും മുഴുകിക്കഴിഞ്ഞ ഒരു പര്‍ട്ടിയെന്ന നിലയില്‍ മാര്‍ക്സിസവുമായി ഇന്ന് ആ പാര്‍ട്ടിക്കുള്ള ഏക ബന്ധം ബ്രായ്ക്കറ്റില്‍ മാര്‍ക്സിസം എന്നു എഴുതുന്നു എന്ന് മാത്രമാണ് . മാര്‍ക്സിസത്തിന്റെ അടിസ്ഥാന ദര്‍ശനങ്ങളെക്കുറിച്ച് അനുഭാവികള്‍ക്ക് പോകട്ടെ , മെംബര്‍മാര്‍ക്കെങ്കിലും ഒരിക്കല്‍ പോലും ഒരു ക്ലാസ് പോലും എടുക്കാത്ത ഒരു സംഘടനക്കെങ്ങിനെ ഞങ്ങള്‍ മാര്‍ക്സിസ്റ്റുകാരാണെന്ന് അവകാശപ്പെടാന്‍ കഴിയും ? മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ശക്തി നിലനില്‍ക്കുന്നത് മാര്‍ക്സിസം എന്ന സൈദ്ധാന്തികമായ അടിത്തറയിലല്ല . മറിച്ച് ഭീരുക്കളുടേതായ ഒരു സമൂഹത്തില്‍ നിരന്തരമായ ഭീതി മറ്റുള്ളവരില്‍ ജനിപ്പിച്ചു കൊണ്ടാണ് . അതെ മലയാളികള്‍ കേരളത്തില്‍ ജീവിയ്ക്കുന്നത് ഭയം എന്ന അദൃശ്യമായ ഒരു പുതപ്പിന് കീഴിലാണ് . സി.പി.എം. ജനങ്ങളുടെ മേല്‍ പുതപ്പിച്ചിരിക്കുന്ന മാരണപ്പുതപ്പ് . ഈ പോസ്റ്റ് നാലാള്‍ വായിക്കാനിടയാല്‍ എന്റെ നാട്ടിലെ വീട്ടിന്റെ ജനല്‍ച്ചില്ലുകളെങ്കിലും എറിഞ്ഞുടയ്ക്കപ്പെട്ടേയ്ക്കാം . അതാണ് നാട്ടിലെ അവസ്ഥ . അതാണ് പാര്‍ട്ടിയുടെ നിലനില്‍പ്പ് .
ഞാന്‍ അനോണിയുടെ ശ്രദ്ധ 21.10.07 ന്റെ മാതൃഭൂമി വാരികയില്‍ കെ.വേണു എഴുതിയ “ മാനവികവാദവും സ്റ്റാലിനിസവും ഒത്തു പോകുമോ ’’ എന്ന ലേഖനത്തിലെക്ക് ക്ഷണിക്കുന്നു . ഇങ്ങിനെ പത്രങ്ങളിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും വരുന്ന ലേഖനങ്ങളും വാര്‍ത്തകളും വായിച്ചട്ടല്ല ആളുകള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ എതിര്‍ച്ചേരിയില്‍ എത്തിപ്പെടുന്നത് . അങ്ങിനെ പറയുന്നത് ചിന്തിക്കാനും സ്വന്തമായി വിലയിരുത്താനുമുള്ള മനുഷ്യന്റെ വിവേകബുദ്ധിയെ പരിഹസിക്കലാണ് . നേതാക്കള്‍ പറയുന്നത് അന്ധമായി വിശ്വസിക്കാനും അതേറ്റ് പാടാനും , എതിര്‍ക്കുന്നവരെ ഏത് വിധേനയും അടിച്ചമര്‍ത്താനും തയ്യാറുള്ളവര്‍ മാത്രമേ ഇപ്പോള്‍ ആ പാര്‍ട്ടിയിലുള്ളൂ . ഞാന്‍ മുന്‍പൊക്കെ എന്റെ നാട്ടിലെ സഖാക്കളോട് പറയാറുണ്ടായിരുന്നു , നിങ്ങള്‍ ഈ ആക്രമസ്വഭാവം ഉപേക്ഷിക്കുകയാണെങ്കില്‍ കേരളത്തില്‍ വേറെ ഒരു പാര്‍ട്ടിയും ഉണ്ടാകുമായിരുന്നില്ല എന്ന് . ഇതൊന്നും നാട്ടില്‍ ആരും തുറന്ന് പറയാത്ത അപ്രിയ സത്യങ്ങളാണ് . എന്നാല്‍ സ്റ്റാലിനിസം രക്തത്തില്‍ ഏറ്റ് വാങ്ങിയ ഒരു സംഘടനക്ക് മറ്റൊന്ന് ആവാന്‍ കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം . ഇന്നിപ്പോള്‍ അയ്യഞ്ച് കൊല്ലം വീതം ഭരണം മാറി മാറി വീതം വയ്ക്കാവുന്ന ഒരു രാഷ്ട്രീയകാലവസ്ഥ നിലവിലുള്ളത് കൊണ്ട് സി.പി.എമ്മിന് അതിന്റെ പ്രവര്‍ത്തനശൈലിയില്‍ ഒരു മാറ്റം വരുത്തേണ്ടതായ ഭൌതികസാഹചര്യമില്ല .
ആണവക്കരാറിനെ എതിര്‍ക്കാന്‍ ഇടത് കക്ഷികള്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ അവരുടെ പതിവ് ശൈലിയില്‍ അമൂര്‍ത്തങ്ങളാണ് . ഏകപക്ഷീയം , പരമാധികാരം പണയം വെക്കല്‍ , കരാറുമായി ബുഷ് ഇങ്ങോട്ടു വരുന്നു , വ്യഗ്രത , യാചകവേഷം , അമേരിക്കയുടെ ആട്ടത്തിനൊത്ത് തുള്ളല്‍ , വാതില്‍ തുറന്ന് കൊടുക്കല്‍ ... ഇതൊക്കെ മാര്‍ക്സിസ്റ്റ് ശൈലിയാണെന്ന് മാത്രമെയുള്ളൂ . തെറ്റായ സാമ്പത്തിക നയം , ജനദ്രോഹനയം എന്നൊക്കെ പറയുമ്പോലെ . അതൊക്കെ വെറും വാക്കുകളാണ് . ഏതേത് എന്തൊക്കെ എന്ന് മൂര്‍ത്തമായി ഒന്നും ഒരിക്കലും പറയില്ല . എന്ത് വരുമ്പോഴും ആദ്യം എതിര്‍ക്കുന്നു എന്ന് പറയുന്നത് പത്രങ്ങള്‍ പെരുപ്പിച്ചു കാട്ടിയത് കൊണ്ടല്ല , എല്ലാ വില്ലേജുകളിലും വില്ലേജ് ആഫീസുകള്‍ ഉള്ളത് കൊണ്ടാണ് . തേങ്ങയ്ക്ക വിലകൂട്ടാന്‍ വേണ്ടി പോലും വില്ലേജ് ഓഫീസുകളുടെ പടിക്കല്‍ ഉപരോധം തീര്‍ക്കുന്ന നാടാണ് കേരളം . വില്ലേജ് ആഫീസുകളുടെ മുന്നില്‍ എതിര്‍പ്പ് പിക്കറ്റിങ്ങ് ആയി മാറാതെ പോയ ഒരു പുരോഗതിയും നാട്ടില്‍ ഉണ്ടായിട്ടില്ല . അത് കൊണ്ടാണ് ഇടത് പക്ഷം എന്തും അംഗീകരിക്കണമെങ്കില്‍ 15 വര്‍ഷമെങ്കിലും കഴിയണമെന്ന പ്രയോഗം നാട്ടില്‍ പ്രചാരത്തിലുള്ളത് . മാത്രമല്ല എന്ത് സംരംഭം തുടങ്ങിയാലും നാല് ദിവസത്തിനുള്ളില്‍ അവിടെ കൊടി പിടിച്ച് അത് പൂട്ടിക്കും എന്ന ശൈലിയും നാട്ടില്‍ പ്രചാരത്തിലുണ്ട് . ഇതൊന്നും പത്രങ്ങള്‍ നുണ പറയുന്നത് കൊണ്ട് തോന്നുന്നതല്ല . ആളുകള്‍ പരക്കെ തുറന്ന് പറയാന്‍ ഭയപ്പെടുന്ന അനുഭവസാക്ഷ്യങ്ങളാണ് .
എന്നെ ഇപ്പോള്‍ അമ്പരപ്പിക്കുന്ന ഒരു കാര്യം എന്തുകൊണ്ടാണ് സാര്‍വ്വദേശീയചിന്തയുടെ വക്താക്കളാകേണ്ടിയിരുന്ന കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ ഇടുങ്ങിയ ദേശീയതയുടെ മുഖം മൂടി അണിയുന്നത് എന്നാണ് . തങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍ എന്നാണ് അവര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് . കോണ്‍ഗ്രസ്സും പ്രത്യേകിച്ച് മന്‍മോഹന്‍ സിങ്ങും ആണവക്കരാറിന്റെ കാര്യത്തിലും മറ്റും രജ്യത്തെ ഒറ്റ് കൊടുക്കാന്‍ ശ്രമിക്കുന്നു എന്ന മട്ടിലാണ് അവര്‍ പ്രചരണം നടത്തുന്നത് . എന്നാല്‍ വരികള്‍ക്കിടയില്‍ വായിച്ചാല്‍ ചൈനയെക്കുറിച്ച് അഭിമാനം കൊള്ളുന്നതും കാണാം . പണ്ട് മധുരമനോജ്ഞചൈന എന്ന് പാടി നടന്ന പോലെ . അതങ്ങിനെയാവാനേ തരമുള്ളൂ . അതാണതിന്റെ ഒരു മന:ശാസ്ത്രം . യഥാര്‍ത്ഥത്തില്‍ ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരു ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ് . വര്‍ഗ്ഗസമരം എന്ന തീയറിയും പ്രാക്റ്റിക്കലും , തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ഭരണ രീതിയും ഇനി നടപ്പില്ല എന്ന് അവര്‍ക്ക് മനസ്സിലായി . എന്നാല്‍ അത് അംഗീകരിച്ച് കൊടുക്കാനോ ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് വരാനോ അവര്‍ക്ക് കഴിയുന്നുമില്ല . സോഷ്യലിസ്റ്റ് സമ്പദ്‌ഘടനയില്‍ ഉല്പാദനശക്തികള്‍ അന്യവല്‍ക്കരിക്കപ്പെടുകയും ഉല്‍പ്പാദനം മുരടിക്കുക വഴി സമൂഹം നിശ്ചലാമാവുകയും ചെയ്തത് കൊണ്ടാണ് ചൈനയ്ക്ക് വിദേശമൂലധനം സ്വീകരിക്കേണ്ടി വന്നതും സ്വകാര്യസ്വത്തവകാശം പുന:സ്ഥാപിക്കേണ്ടിവന്നതും . സോവ്യറ്റ് യൂനിയന്റെ തകര്‍ച്ചയിലെക്കൊന്നും ഞാന്‍ കടക്കുന്നില്ല . ഇത്തരം തുറന്ന ഒരു ചര്‍ച്ചയ്ക്ക് തയ്യാറാവാനുള്ള മാനസികാവസ്ഥ അലീനയെപ്പോലുള്ള ഇടത് പക്ഷ അനുഭാവികള്‍ക്ക് ഉണ്ടാവുകയില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ അത് ഒരു കുറ്റപ്പെടുത്തലായി കാണരുത് .
എന്നാല്‍ മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടൊന്നുമല്ല ഞാന്‍ ഇന്ന് സി.പി.എമ്മിനൊടും ഇടത് പക്ഷങ്ങളോടും വിയോജിപ്പ് വച്ചു പുലര്‍ത്തുന്നത് . അതും ഒരു പ്രത്യയശാസ്ത്രപ്രശ്നമാണ് . എന്ത് തന്നെ ദൂഷ്യങ്ങളുണ്ടെങ്കിലും പാര്‍ലമെന്ററി ജനാധിപത്യമാണ് ധാര്‍മ്മികമായി ശരിയായ ഭരണ സമ്പ്രദായം എന്ന് ഞാന്‍ വിശ്വസിക്കുന്നു . ലോകത്ത് മുക്കാല്‍ ഭാഗം ജനങ്ങളും ഇന്നും അധിവസിക്കുന്നത് ജനായത്ത സമ്പ്രദായത്തിന്റെ കീഴിലല്ല. ഈ ലോകത്തിന്റെയും ഇവിടെയുള്ള സമ്പത്തിന്റെയും അവകാശികള്‍ ജനങ്ങളാണ് . ജനങ്ങളാണ് എല്ലാറ്റിന്റേയും അധികാരികള്‍ . അല്ലാതെ ഒരു രാജാവോ , ഒരു പാര്‍ട്ടിയോ , ഒരു മതമോ അല്ല . അത് കൊണ്ട് തങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് വേണം . ജനങ്ങളെ സേവിക്കുന്നവരല്ലാതെ , ജനങ്ങളുടെ മേലെ ഒരു പരമാധികാരിയോ ഒരു രാജാവോ ഒരു നേതാവോ ഉണ്ടായിക്കൂട . ജനങ്ങളുടെയിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുക സ്വാഭാവികമായതിനാല്‍ ഭൂരിപക്ഷം ജനങ്ങളുടെ അഭിപ്രായത്തിനനുസരിച്ച് ഭരണ നിര്‍വ്വഹണം നടക്കണം . ഒരു പാര്‍ട്ടി മാത്രമായാല്‍ അത് ഏകാധിപത്യമാകുമെന്നതിനാല്‍ ബഹുകക്ഷിസമ്പ്രദായം തന്നെ വേണം . ഒന്നില്‍ കൂടുതല്‍ പാര്‍ട്ടികള്‍ ഉണ്ടാവുമ്പോള്‍ പരസ്പരം അംഗീകരിക്കണം . പൌരജനങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിക്കാരന്‍ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടാതെ സ്വതന്ത്രപൌരന്മാരായി നിലകൊള്ളണം . പാര്‍ട്ടികളുടെ നയപരിപാടികളും പ്രവര്‍ത്തനങ്ങളും വിലയിരുത്തി വോട്ട് ചെയ്യട്ടെ . ഇതൊക്കെയാണ് എന്റെ രാഷ്ട്രീയമായ കാഴ്ചപ്പാട് . അല്ലാതെ ഒരു തലയെഴുത്ത് പോലെ ഒരു പാര്‍ട്ടിയെ ന്യായീകരിക്കാനോ എതിര്‍ക്കാനോ ഉള്ള ബാധ്യത എനിക്കില്ല .
ഇങ്ങിനെയൊക്കെയാണെങ്കിലും നിത്യജീവിതത്തില്‍ , എന്റെ നാട്ടില്‍ എനിക്ക് എറ്റവും പ്രിയപ്പെട്ട ചങ്ങാതിമാര്‍ സി.പി.ഐ.ക്കാരും മാര്‍ക്സിസ്റ്റുകാരുമാണ് . കാരണം അവരിലാണ് ഏറ്റവും കൂടുതല്‍ സദാചാര നിലവാരവും സാമൂഹിക പ്രതിബദ്ധതയും ഞാന്‍ ദര്‍ശിക്കുന്നത് . അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് - എല്ലാവരെയുമല്ല ചുരുക്കം ചിലരെ - നേതൃത്വം ഇവരെ ഉപയോഗപ്പെടുത്താതിരിക്കുകയും , സമൂഹത്തില്‍ വളര്‍ന്നുവരുന്ന അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പൊരുതാന്‍ ഇവരെ സജ്ജമാക്കുകയും ചെയ്തിരുന്നുവെങ്കില്‍ അത് നാടിന്റെ ഭാവി ശോഭനമാക്കുമായിരുന്നുവല്ലോ എന്ന് എനിക്ക് തോന്നാറുണ്ട് .
എന്തിനെയെങ്കിലും ആരെയെങ്കിലും അന്ധമായി എതിര്‍ക്കുകയോ അനുകൂലിക്കുകയോ എന്റെ നയമല്ല . നമ്മള്‍ പറയുന്നതും അനുകൂലിക്കുന്നതും എല്ലാം മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ഭാവിയ്ക്ക് ഗുണകരമാവണം എന്ന് ഞാന്‍ കരുതുന്നു . അല്ലാതെ എന്റെ പാര്‍ട്ടിക്ക് , എന്റെ നാട്ടിന് മാത്രം എന്ന് ചിന്തിയ്കാന്‍ എനിക്ക് കഴിയുന്നില്ല. കാരണം മനുഷ്യരുടെയിടലുള്ള എല്ലാ വിഭജനങ്ങളും മന്‍ഷ്യനിര്‍മ്മിതമാണെന്ന് ഞാന്‍ കരുതുന്നു . ഏകാത്മകമായ ഒരു മാനവികതയിലാണ് എനിക്ക് താല്‍പ്പര്യം .
2 comments:
മാഷേ,
പലതും പലരും തുറന്നുപറയാറില്ല എന്നതു നേരു തന്നെ.
ചുരുക്കം ചില കാര്യങ്ങളില്‍ വിയോജിക്കുന്നുവെങ്കിലും മാഷിന്റെ പല നിരീക്ഷണങ്ങളോടും ഞാന്‍ യോജിക്കുന്നു..
മാധ്യമങ്ങളിലെ വായനക്കാരുടെ കത്തുകള്‍ നിലവാരമുള്ളതു തന്നെ..സംശയമില്ല. പക്ഷേ എത്ര കത്തുകളില്‍ നിന്നാണ് ചിലത് തെരഞ്ഞെടുത്ത് പ്രസിദ്ധീകരിയ്ക്കുന്നത്..അവരില്‍ പല പേരും ആവര്‍ത്തിക്കുന്നതായി കാണാം...അതില്‍ തന്നെ പലരും പ്രസ്തുത വിഷയങ്ങളില്‍ അവഗാഹമുള്ളവരും അധ്യാപകരും മാധ്യമപ്രവര്‍ത്തകരുമൊക്കെ കാണും. എന്നാല്‍ ബ്ലോഗിലെ സ്ഥിതി അതല്ല. ബ്ലോഗ് ചെയ്യുന്നവരില്‍ ഭൂരിഭാഗവും ടെക്നോളജി പഠിച്ചവരും വിദേശത്തുള്ളവരുമാണ്. പിന്നെ നേരമ്പോക്കിനു വേണ്ടി ബ്ലോഗുന്നവര്‍. ഗൗരവമുള്ള പോസ്റ്റുകള്‍ പലരും വായിക്കാറില്ല...കാരണം ബ്ലോഗ് വായിക്കാന്‍ വരുന്നതുതന്നെ നേരമ്പോക്കിനാണ്, പലരും. കടലാസ്സില്‍ വായിക്കുന്ന സുഖം സ്ക്രീനിലെ വായനക്കില്ലാത്തതുകൊണ്ട് ഗൗരവമുള്ള നീണ്ട ലേഖനം സൗകര്യപൂര്‍വം ഒഴിവാക്കപ്പെടുന്നു...
എന്റെകാര്യം പറഞ്ഞാല്‍ ഇവിടെ യു എസില്‍ വന്നതിനു ശേഷം മലയാളം പറയുന്നത് ഫോണില്‍ മാത്രവും വായിക്കുന്നത് ബ്ലോഗില്‍ മാത്രവുമാണ്. ഗൗരവമുള്ള മലയാളം വായനയ്ക്ക് അവസരമില്ല എന്നു തന്നെ പറയാം. പലരുടേയും അനുഭവം ഇതായിരിക്കും. വായനയല്ലേ ഭാഷയേയും ചിന്തയേയും രൂപപ്പെടുത്തുന്നത്...
അതുകൊണ്ട് മലയാളം ബ്ലോഗ് അര്‍ഥമുള്ള സംവാദങ്ങള്‍ക്ക് വേദിയായിട്ടില്ലായിരിക്കാം...പക്ഷേ ഇനി അങ്ങനെയാവാം. അല്ല എന്ന് തീര്‍ത്തുപറയുമ്പോള്‍ അംഗീകരിക്കാനാവില്ല.
സിപിഎമ്മിനെ കുറിച്ച് മാഷു പറഞ്ഞതിനോടു യോജിക്കുന്നു. ആണവക്കരാറിനെക്കുറിച്ച് മാഷ് എഴുതിയത് ഞാനും വായിച്ചിരുന്നു. കാതലുള്ളത് എന്നു തോന്നിയില്ല. ആണവോര്‍ജ്ജം തന്നെ ലളരെ ആശങ്കപ്പെടുത്തുന്ന ഒന്നല്ലേ...
പിന്നെ സിപിഎം ലേബലില്ലാത്തവരുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ തമസ്കരിക്കപ്പെടുന്നതിന് നല്ല ഉദാഹരണമായിരുന്നു മുരളീ മേനോന്‍ എന്ന ചലചിത്രപ്രവര്‍ത്തകന്‍. Canne പോലെയുള്ള വേദികളില്‍ അംഗീകരിക്കപ്പെട്ടിട്ടും കേരളത്തിലെ ഫിലിം ഫെസ്റ്റിവലില്‍ കൂക്കുവിളിയാണു കിട്ടിയത്...അടൂരിന്റെ മുഖാമുഖത്തിനു സംഭവിച്ചപോലെ...സിപിഎം ലേബലില്ലാഞ്ഞിട്ടും ആനന്ദ് ഒതുക്കപ്പെടാത്തത് അദ്ദേഹത്തെ വിമര്‍ശിക്കാനുള്ള വിവരം സിപിഎമ്മിന്റെ കൂലിയെഴുത്തുകാര്‍ക്കില്ലത്തതുകൊണ്ടു തന്നെ.
(ആണവോര്‍ജ്ജത്തെക്കുറിച്ച് ടി എന്‍ ശേഷന്‍, Degeneration of India എന്ന പുസ്തകത്തിലും ആനന്ദ് അദ്ദേഹത്തിന്റെ പ്രകൃതി, പരിസ്ഥിതി എന്ന പുസ്തകത്തിലും പിന്നെ മൂന്ന് മാസം മുന്‍പ് വിജ്യ് വി നായര്‍ മാധ്യമത്തിലും എഴുതിയത് വായിക്കണെമെന്നു അപേക്ഷിക്കുന്നു... )
റോബി , മലയാളം ബ്ലോഗ് അര്‍ത്ഥപൂര്‍വ്വമായ സംവാദങ്ങള്‍ക്ക് ഒരിക്കലും വേദിയാവുകയില്ല എന്ന് ഞാന്‍ തീര്‍ത്ത് പറഞ്ഞിട്ടില്ലല്ലോ . ഇന്നത്തെ സ്ഥിതിയാണ് പറഞ്ഞത് . വെറുതെ കുശലം പറയാന്‍ വേണ്ടി മാത്രം ഒരു ബ്ലോഗ് പ്രൊഫൈല്‍ ഉണ്ടാക്കിയിട്ട് ഉപരിപ്ലവങ്ങളായ കാര്യങ്ങള്‍ എഴുതുന്ന ബ്ലോഗുകളില്‍ പാഞ്ഞ് നടന്ന് തേങ്ങ ഉടക്കുന്ന ഒരു പ്രവണതയാണ് ഇന്ന് കണ്ട് വരുന്നത് . ഒരു പക്ഷെ ഗൌരവമായ സംവാദങ്ങള്‍ക്ക് ഭാവിയില്‍ ബ്ലോഗ് ഒരു നല്ല വേദിയായി മാറിയേക്കാം . കാരണം കമ്പ്യൂട്ടറും നെറ്റും കൂടുതല്‍ കൂടുതല്‍ സാര്‍വ്വത്രികമാവാനാണല്ലോ സാധ്യത . അപ്പോള്‍ സംവാദങ്ങള്‍ക്ക് ഏറ്റവും സാധ്യതയുള്ള മാധ്യമമായി നെറ്റ് മാറുമെന്നതില്‍ എനിക്കും സംശയം ഇല്ല .
കടലാസ്സില്‍ വായിക്കുന്ന സുഖം സ്ക്രീനിലെ വായനക്കില്ലാത്തതുകൊണ്ട് ഗൗരവമുള്ള നീണ്ട ലേഖനം സൗകര്യപൂര്‍വം ഒഴിവാക്കപ്പെടുന്നു
റോബിയുടെ ഈ പ്രസ്ഥാവന ബ്ലോഗ്ഗര്‍മാര്‍ എല്ലാവരും കണക്കിലെടുക്കേണ്ട ഒന്നാണ് എന്നാണ് എന്റെ അഭിപ്രായം . വായിക്കാന്‍ താല്‍പ്പര്യമുണ്ടായിട്ടും , അധികവായനയുടെ വിഷമം നിമിത്തം ഞാന്‍ തന്നെ പല പോസ്റ്റുകളും ഒന്നോടിച്ച് നോക്കിയിട്ട് ഒഴിവാക്കിയിട്ടുണ്ട് .
കേരളം അക്ഷരാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ മാഫിയയുടെ പിടിയിലാണ് . പക്ഷെ എല്ലാവര്‍ക്കും എന്തെങ്കിലും ചിലത് നഷ്ടപ്പെടാനുള്ളത് കൊണ്ട് ആരും വായ തുറക്കാറില്ല . അതിനിടയിലാണ് പതുക്കെയാണെങ്കിലും ജാതിമത വര്‍ഗ്ഗീയ ചിന്തകളും ശക്തി പ്രാപിച്ചു വരുന്നത് . എന്റെ ഒരു നിരീക്ഷണത്തില്‍ ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സിന്റെ ജനസ്വാധീനം കുറയുന്തോറും നാട്ടില്‍ അരാജകത്വം വളരാനാണിട . കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനാധിപത്യ സമ്പ്രദായം അംഗീകരിച്ച് കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷി ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട് .
ആണവക്കരാറിന്റെ കാര്യത്തില്‍ ആറ്റമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കാകോദ്കറുടെ വാദമുഖങ്ങളാണ് ഞാന്‍ മുഖവിലക്കെടുക്കുന്നത് . അദ്ദേഹത്തിന് രാഷ്ട്രീയതാല്പര്യങ്ങളൊന്നുമില്ലല്ലോ . ഇന്നത്തെ ഹിന്ദുവിലും അദ്ദേഹത്തിന്റെ പ്രസ്ഥാവന ഞാന്‍ വായിച്ചു . അതാണ് ശരിയെന്ന് എനിക്ക് തോന്നുന്നു. ആണവോര്‍ജ്ജത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടാവേണ്ട ഒരേ ഒരു കാര്യം ന്യൂക്ലിയര്‍ വേസ്റ്റ് എങ്ങിനെ കൈകാര്യം ചെയ്യും എന്നതാണ് . അതിനുള്ള മാര്‍ഗ്ഗം ബന്ധപെട്ടവര്‍ കണ്ടെത്തുമല്ലോ . പാരിസ്ഥിതികമായി നോക്കിയാല്‍ മറ്റൊരു ദൂഷ്യവും ഇല്ല താനും . നിലവില്‍ ഒരു ഊര്‍ജ്ജപ്രതിസന്ധി നമ്മുടെ മുന്നോട്ടുള്ള കുതിപ്പിന് വിഘാതമായി നില്‍ക്കുന്നുമുണ്ട് .
ടി.എന്‍.ശേഷനും , ആനന്ദും ഞാന്‍ ആരാധിക്കുന്ന ചിലരില്‍ രണ്ടു പേരാണ് . ആനന്ദിന്റെ ആള്‍ക്കൂട്ടം എന്ന കൃതി എനിക്കൊരു കാലത്ത് ബൈബിള്‍ പോലെയായിരുന്നു . എന്റെ ചിന്തകളെ വളരെ സ്വാധീനിച്ച ഒന്നാണത് . ഇപ്പോള്‍ ഇവിടെ വായനയ്ക്ക് പുസ്തകങ്ങള്‍ ലഭ്യവുമല്ല . അങ്ങിനെ ഏകാഗ്രമായി ഇപ്പോള്‍ വായിക്കാന്‍ കഴിയുന്നുമില്ല .
ഏതായാലും വായിച്ചതിനും കമന്റിനും വളരെ നന്ദി റോബീ , ഞാന്‍ എന്റെ ചിന്തകള്‍ പങ്ക് വയ്ക്കുന്നു എന്നല്ലാതെ ഞാന്‍ പറയുന്നതാണ് പൂര്‍ണ്ണമായും ശരി എന്ന്, എന്നിലെ ഞാന്‍ പോലും അംഗീകരിച്ചു തരില്ല.
Post a Comment