പാവം റിസ്വാനുര്‍ റഹ്‌മാനെ കൊല്‍ക്കത്ത പോലീസ് എന്തിന് കൊന്നു ?

തിരുവനന്തപുരത്തുള്ള എന്റെ ഓര്‍ക്കുട്ട് സുഹൃത്ത് പ്രമോദ് കിരണ്‍ എന്റെ സ്ക്രാപ്പ് ബുക്കിലെഴുതി ‘‘ കൊല്‍ക്കത്തയില്‍ പോലീസ് ഒരു പാവത്തെ കൊന്ന് റെയില്‍‌വേ ട്രാക്കില്‍ വലിച്ചെറിഞ്ഞതിനെ പറ്റി നിങ്ങള്‍ എന്തു പറയുന്നു ? ’’ അവന്‍ തന്നെയാണ് വാര്‍ത്തയുടെ ലിങ്കും എനിക്ക് നല്‍കിയത് . ഇടപ്പാളിലെ മൃഗീയസംഭത്തെക്കുറിച്ചും അവന്‍ എന്റെ അഭിപ്രായം ആരാഞ്ഞിരുന്നു . ആ സംഭവത്തെപ്പറ്റി ഒരു ബ്ലോഗില്‍ ഞാന്‍ എഴുതിയ കമന്റ് അവന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു . കൊല്‍ക്കത്ത സംഭവം ഇവിടെ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടോ അതോ തമസ്ക്കരിക്കപ്പെട്ടോ ? ബീഹാര്‍ സംഭവത്തില്‍ നാം വളരെ ശക്തിയായി പ്രതിക്ഷേധിക്കുകയുണ്ടായിട്ടുണ്ട് .

റിസ്വാനൂര്‍ റഹ്‌മാന്‍ (Rizwanur Rahman, 30 ) കൊല്‍ക്കത്തയില്‍ ഒരു കമ്പ്യൂട്ടര്‍ ഗ്രാഫിക് ടീച്ചര്‍ ആയിരുന്നു . അയാള്‍ പ്രിയങ്ക ടോഡി (Priyanka Todi) എന്ന ഒരു ഹിന്ദു യുവതിയെ പ്രണയിക്കുകയും , പിന്നീട് അവര്‍ (18/8/07) രഹസ്യവിവാഹം കഴിക്കുകയും ചെയ്തു . പ്രിയങ്കയുടെ പിതാവ് ഒരു ധനാഢ്യനായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ . തന്റെ മകളെ കാണ്മാനില്ല എന്ന് പിതാവ് പോലീസില്‍ ആദ്യം ഒരു പരാതിയും പിന്നീട് മകള്‍ തട്ടിക്കൊണ്ട് പോകപ്പെട്ടതായി രണ്ടാമതായി മറ്റൊരു പരാതിയും നല്‍കുന്നു .

പ്രിയങ്കയെ സ്വന്തം വീട്ടില്‍ രക്ഷിതാക്കളോടൊപ്പം പറഞ്ഞയക്കാന്‍ റിസ്വാനെ കൊല്‍ക്കത്ത പോലീസ് നിര്‍ബ്ബന്ധിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നു . എന്നാല്‍ താനിനി സ്വന്തം വീട്ടിലേക്കില്ല എന്ന് പ്രിയങ്ക ശഠിക്കുന്നു. ഒടുവില്‍ പോലീസ് തന്ത്രം മെനയുന്നു . അച്ഛന് കലശലായ അസുഖം ബാധിച്ചതായി പോലീസ് അവരെ ധരിപ്പിക്കുന്നു. ആ തന്ത്രം ഒരു മരണക്കെണിയാണെന്ന് മനസ്സിലാക്കാതെ 8/9/07 ന് റിസ്വാന്‍ പ്രിയങ്കയെ ഒരാഴ്ച താമസിക്കാന്‍ അവളുടെ വീട്ടില്‍ പറഞ്ഞയക്കുന്നു . പിന്നീട് വീട്ടുകാര്‍ പ്രിയങ്കയെ പുറത്തേക്ക് വിട്ടില്ല . തന്റെ ഭാര്യയെ ഇനി വിട്ടുകിട്ടില്ല എന്ന് മനസ്സിലാക്കിയ റിസ്വാന്‍ 16/9/07 ന് APDR (Association for Protection of Democratic Rights) എന്ന പൌരാവകാശ സംഘടനയുടെ സാഹയം തേടുന്നു .

എന്നാല്‍ 21/9/07 ന് റിസ്വാന്‍ റെയില്‍‌വേ ട്രാക്കില്‍ (between Dum Dum and Bidhannagar stations) മരിച്ചു കിടക്കുന്നതാണ് പിന്നീട് കാണുന്നത് . റിസ്വാന്‍ വണ്ടിക്ക് ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പതിവ് പോലെ പോലീസിന്റെ ഭാഷ്യം . ബംഗാളിലെ ഇടത് മുന്നണി കണ്‍‌വീനറും , സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവുമായ ബിമന്‍ ബോസ് പത്രക്കാരോട് പറഞ്ഞത് അവര്‍ വിവാഹിതരായിരുന്നു എന്ന കാര്യം പോലീസിനറിയില്ലായിരുന്നു എന്നാണ് . എന്നാല്‍ ഒരാഴ്ചക്കാലം പിതാവിന്റെ കൂടെ താമസിക്കാന്‍ പ്രിയങ്കയെ അയയ്ക്കണമെന്ന് റിസ്വാനെ പോലീസ് പ്രേരിപ്പിക്കുന്നതിന് പകരം , അവന്റെ കൈയില്‍ വിവാഹം കഴിഞ്ഞതിന്റെ രേഖയൊന്നുമില്ലായിരുന്നുവെങ്കില്‍ അവനെ അവര്‍ അറസ്റ്റ് ചെയ്യുമായിരുന്നു . പ്രത്യേകിച്ചും തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന ഒരു പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ !

ഏതായാലും ഒരാഴ്ചത്തെ മൌനത്തിന് ശേഷം ബംഗാള്‍ മുഖ്യമന്ത്രി ഒരു അന്വേഷണത്തിന് ഉത്തരവിട്ടുണ്ടത്രെ . ആ അന്വേഷണം കുറ്റവാളികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കാനോ അതോ അവരെ രക്ഷപ്പെടുത്താനോ എന്നത് കാത്തിരുന്ന് കാണാം .
ചില കുറ്റകൃത്യങ്ങള്‍ക്ക് നമ്മള്‍ വളരെ പ്രചാരം നല്‍കുമ്പോള്‍ മറ്റു ചിലത് സൌകര്യപൂര്‍വ്വം തമസ്ക്കരിക്കുന്ന ഒരു ഇരട്ടത്താപ്പ് നയം നമ്മളിലുണ്ടോ എന്ന് സംശയിക്കേണ്ടതില്ലേ ?

ഈ സംഭവത്തെക്കുറിച്ച് നടക്കുന്ന ചൂടേറിയ ചര്‍ച്ചകള്‍ ഇവിടെ വായിക്കുക :
http://www.indiatime.com/2007/09/28/why-did-kolkata-police-murder-rizwanur-rahman/

4 comments:

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

തിരുവനന്തപുരത്തുള്ള എന്റെ ഓര്‍ക്കുട്ട് സുഹൃത്ത് പ്രമോദ് കിരണ്‍ എന്റെ സ്ക്രാപ്പ് ബുക്കിലെഴുതി ‘‘ കൊല്‍ക്കത്തയില്‍ പോലീസ് ഒരു പാവത്തെ കൊന്ന് റെയില്‍‌വേ ട്രാക്കില്‍ വലിച്ചെറിഞ്ഞതിനെ പറ്റി നിങ്ങള്‍ എന്തു പറയുന്നു ? ’’ അവന്‍ തന്നെയാണ് വാര്‍ത്തയുടെ ലിങ്കും എനിക്ക് നല്‍കിയത് . ഇടപ്പാളിലെ മൃഗീയസംഭത്തെക്കുറിച്ചും അവന്‍ എന്റെ അഭിപ്രായം ആരാഞ്ഞിരുന്നു . ആ സംഭവത്തെപ്പറ്റി ഒരു ബ്ലോഗില്‍ ഞാന്‍ എഴുതിയ കമന്റ് അവന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു . കൊല്‍ക്കത്ത സംഭവം ഇവിടെ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടോ അതോ തമസ്ക്കരിക്കപ്പെട്ടോ ? ബീഹാര്‍ സംഭവത്തില്‍ നാം വളരെ ശക്തിയായി പ്രതിക്ഷേധിക്കുകയുണ്ടായിട്ടുണ്ട്

G.manu said...

എനിക്കീ നാടിനെക്കുറിച്ചൊരു പ്രതീക്ഷയും ഇല്ല സുകുവേട്ടാ..അതുകൊണ്ട്‌, കൊലപാതകങ്ങള്‍ ഇല്ലാത്ത പുലരികളെ വെറുക്കാന്‍ തുടങ്ങി....

ചിത്രകാരന്‍chithrakaran said...

സുകുമാരേട്ടാ നന്നായിരിക്കുന്നു.
മിശ്ര വിവാഹം നടത്തുന്നവര്‍ വ്യക്തമായ കാഴ്ച്ചപ്പാടും,തന്റേടവും,സാമൂഹ്യ ആചാരങ്ങ്ല്ക്കെതിരെ നീന്താന്‍ കഴിവുള്ളവരുമായിരിക്കണം.
അല്ലാത്തപക്ഷം പരംബരാഗതമായ സമൂഹം അവരെ പിച്ചിച്ചീന്തിയേക്കും.

pramod said...

Dear KPS, thanks.....
that growing double standards within us when it comes to human rights issues is a serious risk we are taking. When are we going to realize that we all are at equal risk?