ജൻ ഔഷധിയിലെ മരുന്നുകൾ ഒന്നിനും കൊള്ളില്ലെന്നും തീരെ നിലവാരം ഇല്ലാത്തതാണെന്നും ആരും വാങ്ങരുത് എന്ന് ഒരു പക്ഷവും , അതല്ല ജൻ ഔഷധിയിലെ എല്ലാ മരുന്നുകളും പരിശോധനയിൽ ഗുണനിലവാരം ഉറപ്പാക്കിയതാണ് എന്ന് മറുപക്ഷവും വാദിക്കുന്ന ചർച്ച എന്റെ ശ്രദ്ധയിലും പെട്ടിരുന്നു. ഒരു സുഹൃത്ത് ഇതിൽ എന്റെ അഭിപ്രായവും ആരാഞ്ഞിരുന്നു.
ജൻ ഔഷധിയിൽ നല്ല മരുന്നുകൾ ഉണ്ട്. പ്രശസ്ത കമ്പനികളുടെ മരുന്നുകളും അവിടെയുണ്ട്. ഉദാഹരണത്തിന് CIPLA. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ സ്വന്തം നിലയിൽ മരുന്ന് വാങ്ങുമ്പോൾ ഞാൻ CIPLA യുടെ മരുന്നുകൾ വാങ്ങാൻ ശ്രദ്ധിക്കാറുണ്ട്. ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ഞാൻ ബി.പി.ക്ക് CILACAR 10mg എന്ന മരുന്ന് കഴിഞ്ഞ നാല് വർഷമായി കഴിച്ചു വരികയായിരുന്നു. ഒരു ടാബ്‌ലറ്റിന് 12 രൂപയാണ് വില. ആ മരുന്നിന്റെ കെമിക്കൽ അഥവാ ജനറിക് പേര് Cilnidipine എന്നാണ്. മുന്ന് മാസം മുൻപ് ഞാൻ നാട്ടിലെ ജൻ ഔഷധിയിൽ പോയി Cilnidipine (10mg) ഉണ്ടോ എന്ന് ചോദിച്ചു. അവർ എനിക്ക് CIPLA യുടെ CILOGARD 10mg എടുത്ത് തന്നു. വില 2 രൂപ മാത്രം. 10 രൂപ ലാഭം. രണ്ടിനും ഒരേ ഫലമാണ് എനിക്ക് കിട്ടുന്നത്. ബി.പി സ്റ്റേബിൾ ആയി മെയിന്റൈൻ ചെയ്യുന്നു.
J B CHEMICALS AND PHARM കമ്പനിയാണ് CILACAR നിർമ്മിക്കുന്നത്. അവരുടെ മരുന്നിന് 12 രൂപ വിലയുള്ളപ്പോൾ CIPLA യുടെ CILOGARD 10mg ന് രണ്ട് രൂപ നിരക്കിൽ ജൻ ഔഷധിയിൽ നിന്ന് ലഭിക്കുന്നു. രണ്ടിലും മരുന്ന് Cilnidipine തന്നെയാണ്. CILACAR എന്നതും CILOGARD എന്നതും ബ്രാൻഡ് പേരുകളാണ്. ഇനിയും പല കമ്പനികൾ നിർമ്മിച്ച് പല ബ്രാൻഡ് പേരുകളിൽ ഇതേ മരുന്ന് ലഭ്യമാണ്. എന്നാൽ എല്ലാറ്റിനും ഗുണനിലവാരവും ഫലപ്രാപ്തിയും ഉണ്ടാകും എന്ന് പറയാനും പറ്റില്ല. അതുകൊണ്ട് എനിക്ക് പറയാനുള്ളത് ജൻ ഔഷധിയിൽ ആയാലും മറ്റ് മെഡിക്കൽ സ്റ്റോറുകളിൽ ആയാലും ഡോക്ടർ കുറിച്ചു തരുന്നത് ആയാലും എല്ലാ മരുന്നുകളും ഗുണനിലവാരം ഉള്ളതോ ഇല്ലാത്തതോ അല്ല. രണ്ടും മിക്സ് ആണ്. അതുകൊണ്ടാണല്ലോ ഡോക്ടർക്ക് തന്നെ മരുന്ന് മാറ്റി കുറിച്ചു തരേണ്ടി വരുന്നത്. ജൻ ഔഷധിയിൽ നല്ല കമ്പനികളുടെ നല്ല മരുന്നുകളും ഉണ്ട്. പൊതുവേ മരുന്ന് വിപണിയിൽ ഉള്ളത് പോലെ ചാത്തൻ മരുന്നുകളും അവിടെയുണ്ട്.
നിലവിൽ ഇന്ത്യയിൽ കുടിൽ വ്യവസായം പോലെ മരുന്നുകൾ നിർമ്മിച്ച് മാർക്കറ്റ് ചെയ്യുന്ന അനേകം ചെറുകിട കമ്പനികൾ ഉണ്ട്. അത്തരം എല്ലാ കമ്പനികളുടെയും എല്ലാ ബാച്ച് മരുന്നുകളും ക്വാളിറ്റി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുന്ന സംവിധാനം ഇന്ത്യയിൽ ഇല്ല. നമ്മുടേത് പോലത്തെ ഇത്രയും വിശാലമായ രാജ്യത്ത് അതും സ്വതന്ത്ര ജനാധിപത്യം ഒരു നിയന്ത്രണവും ഇല്ലാതെ പുലരുന്ന നമ്മുടെ നാട്ടിൽ അത്തരം സംവിധാനം അസാധ്യമാണ്. സർക്കാരിനെ കുറ്റം പറയുന്നതിൽ അർത്ഥമില്ല. ഇങ്ങനെയാണ് സ്വാതന്ത്ര്യം കിട്ടിയത് മുതൽ തുടർന്ന് വരുന്നത്. അതുകൊണ്ട് തന്നെ പൊതു മെഡിക്കൽ ഷോപ്പുകളിൽ എന്ന പോലെ ജൻ ഔഷധിയിലും ചാത്തൻ മരുന്നുകളും ഉണ്ടാകും. ചേരി തിരിഞ്ഞ് ന്യായീകരിക്കുന്നതിൽ രാഷ്ടീയവും ഉണ്ടാകും. ആളുകൾ വിലക്കുറവിന്റെ പേരിൽ ജൻ ഔഷധിയിൽ നിന്ന് മരുന്നുകൾ വാങ്ങുന്നു. അവർക്ക് ഫലം കിട്ടുന്നെങ്കിൽ തുടർന്ന് വാങ്ങും. ഇല്ലെങ്കിൽ ഡോക്ടറെ കണ്ട് വേറെ മരുന്ന് വേറെ ഷോപ്പിൽ നിന്ന് വാങ്ങും. അതാണ് നടന്ന് വരുന്നത്. അങ്ങനെ നടന്നോട്ടെ.
ഈ ചർച്ചയ്ക്ക് തുടക്കമിട്ട ബദരി നാരായണന്റെ മൂല പോസ്റ്റ് ഞാൻ വായിച്ചിരുന്നു. ഒരു ഉത്തരവാദിത്തവും ഇല്ലാതെ മിനിക്കഥ പോലെ മെനഞ്ഞ ഒരു പോസ്റ്റായിട്ടാണ് എനിക്ക് ആ എഴുത്തിനെ പറ്റി തോന്നിയത്. തന്റെ സുഹൃത്തിന്റെ അച്ഛന് ജൻ ഔഷധിയിലെ മരുന്ന് കഴിച്ച് ഫലം കിട്ടാത്തത് കൊണ്ട് രണ്ടാമത്തെ പ്രാവശ്യം വീണ്ടും സ്ട്രോക്ക് വന്ന് പരിയാരത്ത് രക്ഷ കിട്ടാതെ മംഗലാപുരത്ത് അഡ്‌മിറ്റായ സംഭവമാണ് പോസ്റ്റിൽ ഒരു ആധികാരികതയും ഇല്ലാതെ എഴുതിയിരിക്കുന്നത്. പോസ്റ്റിന്റെ കൂടെ മരുന്നുന്റെ ചിത്രവും കൊടുത്തിട്ടുണ്ട്. ആ മരുന്ന് Atorwal AS 10mg/75mg എന്ന് ബ്രാൻഡ് പേരുള്ള ഒരു കോമ്പിനേഷൻ മരുന്നാണ്. Wallace Pharmaceuticals Pvt Ltd കമ്പനിയാണ് അത് മാർക്കറ്റ് ചെയ്യുന്നത്. Atorvastatin (10mg) പിന്നെ Aspirin (75mg) എന്നീ രണ്ട് ജനറിക് മരുന്നുകൾ ആണ് അതിൽ ഉള്ളത്. ഇത് ജൻ ഔഷധിക്കായി മാത്രം നിർമ്മിച്ച മരുന്ന് അല്ല. പുറത്തും കിട്ടും അത് പോലെ ജൻ ഔഷധിയിലും കിട്ടുന്നു എന്ന് മാത്രമല്ലേയുള്ളൂ. അങ്ങനെയുള്ള ഒരു നിരുത്തരവാദ പോസ്റ്റിന്റെ പേരിൽ ജൻ ഔഷധിക്കെതിരെ പ്രചാരണം നടത്തുന്നത്, അവിടെ നിന്ന് മരുന്ന് വാങ്ങി ഫലം അനുഭവിക്കുന്ന നിരവധി പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന പരിപാടിയാണ്. അത് ചെയ്യരുത്.
പിന്നെ എനിക്ക് പറയാനുള്ളത് മരുന്നിന്റെ കാര്യത്തിൽ ഡോക്ടർമാരെയാണ് നമ്മൾ നൂറ് ശതമാനവും വിശ്വസിക്കേണ്ടത് എന്നാണ്. കാരണം ഏത് ഡോക്ടറെ സംബന്ധിച്ചും രോഗികൾക്ക് ഏറ്റവും ഫലം ചെയ്യുന്ന മരുന്ന് മാത്രമേ അനുഭവത്തിൽ കൂടി അവർ പ്രിസ്ക്രൈബ് ചെയ്യുകയുള്ളൂ. എങ്കിൽ മാത്രമേ അവർക്ക് പിടിച്ചു നിൽക്കാൻ പറ്റൂ. മരുന്ന് കമ്പനിയുടെ കമ്മീഷനും പാരിതോഷികവും കിട്ടാൻ വേണ്ടി ചാത്തൻ മരുന്ന് കുറിച്ചുകൊടുത്താൽ, അങ്ങനെ രോഗികൾക്ക് രോഗം മാറാതെ വന്നാൽ ആ ഡോക്ടർ ഫീൽഡിൽ നിന്ന് ഔട്ട് ആയിപ്പോകും. ആരും പിന്നെ ആ ഡോക്ടറെ സമീപിക്കില്ലല്ലോ. അത് ഏത് ഡോക്ടർക്കും അറിയാമല്ലോ? അതുകൊണ്ട് മരുന്ന് കമ്പനിയുടെ പ്രതിഫലത്തിന് വേണ്ടി ഒരു ഡോക്ടറും തന്റെ പേഷ്യന്റിനെ ഒറ്റിക്കൊടുക്കില്ല. അഥവാ ഒരു കമ്പനിയുടെ മരുന്ന് കൊണ്ട് രോഗിയുടെ രോഗവും മാറുന്നു അത് എഴുതിക്കൊടുത്തത് കൊണ്ട് ഡോക്ടർക്ക് കമ്പനി പാരിതോഷികവും നൽകുന്നു എങ്കിൽ അതിൽ നമുക്ക് എന്താണ് ചേതം. ഒരേ മരുന്ന് പല കമ്പനികൾ ഒരേ ഗുണനിലവാരത്തിൽ നിർമ്മിക്കുമ്പോൾ വിപണി മത്സരത്തിന്റെ പേരിൽ ഡോക്ടർക്ക് പാരിതോഷികം കൊടുക്കുന്നത് സ്വാഭാവികമാണ് എന്ന് കരുതിയാൽ മതി. നമുക്ക് രോഗം മാറിയാൽ പോരേ?
മറ്റൊരു കാര്യം, രോഗികൾക്ക് മരുന്നുകളുടെ ജനറിക് പേര് മാത്രം പ്രിസ്ക്രിപ്ഷനിൽ എഴുതി കൊടുക്കാൻ ഡോക്ടർമാരെ നിർബ്ബന്ധിക്കരുത്. അങ്ങനെ വന്നാൽ ചികിത്സ ഡോക്ടർമാരുടെ കൈയിൽ നിന്ന് വിട്ടുപോകും. മരുന്ന് ഷോപ്പിൽ മരുന്ന് എടുത്തു കൊടുക്കുന്ന ആളായിരിക്കും പിന്നെ ചികിത്സ തീരുമാനിക്കുക. ഡോക്ടർമാർ അപ്പോൾ വെറും നോക്കുകുത്തികൾ ആയിപ്പോകും. അത് നമ്മുടെ ആരോഗ്യരംഗം താറുമാറാക്കും. നിലവിൽ ഡോക്ടർക്ക് വിശ്വാസമുള്ള ബ്രാൻഡുകളുടെ മരുന്ന് കുറിച്ചു തരുന്ന രീതിയാണ് എല്ലാവർക്കും നല്ലത്.
വാൽക്കഷണം: ഇപ്പോൾ പക്ഷെ ഡോക്ടർമാർ അനാവശ്യമായി കുറെ മരുന്നുകൾ എഴുതിക്കൊടുത്ത് രോഗികൾക്കും രോഗം ഉണ്ടെന്ന് അനുമാനിക്കുന്നവർക്കും കടുത്ത സാമ്പത്തിക പ്രശ്നം ഉണ്ടാക്കുന്ന പ്രവണതയും ഉണ്ട്. അതിനെ പറ്റി അടുത്ത പോസ്റ്റിൽ എഴുതാം.