Links

ഒരു എത്തിസ്റ്റിന്റെ ജീവിതം.

ഒരു എത്തിസ്റ്റ് ജീവിതത്തെ മുഖാമുഖം കണ്ട് ജീവിയ്ക്കുകയാണ്. ജീവിതത്തെ ധീരമായി നേരിടുകയാണ്. തന്റെ ഈ ജീവിതം താൻ തന്നെ വഴി നടത്തണം. എല്ലാം അഭിമുഖീകരിക്കണം. സഹായത്തിനു ആരെങ്കിലും മനുഷ്യർ ഉണ്ടെങ്കിൽ അവർ മാത്രമേ സഹായത്തിനുള്ളൂ. ജീവിയ്ക്കാൻ പണം വേണം. അതിനു ജോലിയോ ബിസിനസ്സോ ചെയ്യണം. പോരാതെ വരുമ്പോൾ വായ്പ വാങ്ങണം. വേറെ വഴിയില്ല. രോഗം വന്നാൽ ചികിത്സിക്കണം. വേറെ വഴിയില്ല. എന്ത് കാര്യവും താൻ തന്നെ ചെയ്യണം. ജീവിതം മരണം വരെ പ്ലാൻ ചെയ്യണം. മരണത്തെ അംഗീകരിക്കണം.
എന്തും ശ്രദ്ധിച്ച് ചെയ്യണം. അപകടം എവിടേയും പതിയിരിപ്പുണ്ട്. അതുകൊണ്ട് അപകടത്തിൽ പെടാതിരിക്കാൻ ഓരോ ചുവടും ശ്രദ്ധയോടെ വെക്കണം. വ്യാജമായ മന:സമാധാനം വേണ്ട. യാഥാർഥ്യം മനസ്സിലാക്കിയിട്ടുള്ള സമാധാനം മതി. അങ്ങോട്ട് സ്നേഹിച്ചാൽ ആരും ഇങ്ങോട്ട് സ്നേഹിക്കും. മതമോ പുരോഹിതന്മാരോ എന്തോ ഒരു ശക്തി എന്നെ സദാ ശ്രദ്ധിക്കുന്നുണ്ട്, എനിക്ക് എന്തൊക്കെയോ ചെയ്ത് തരും എന്ന വിശ്വാസമോ ആവശ്യമില്ല. എനിക്ക് ഞാനും ഞാൻ സ്നേഹിക്കുന്നത് കൊണ്ട് ഇങ്ങോട്ടും സ്നേഹിക്കുന്നവരും മാത്രമേ എനിക്ക് ഉള്ളൂ.
ഉള്ളതിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂ. എന്തൊക്കെയോ ഉണ്ട് എന്ന വിശ്വാസം ഇല്ല. പ്രപഞ്ചം എന്നാൽ ഈ പ്രപഞ്ചം മാത്രം. പ്രപഞ്ചത്തിനു പുറത്ത് എന്തോ ഉണ്ട് എന്നത് ഭാവന മാത്രമാണ്. അങ്ങനെ ഭാവനയിൽ വിശ്വസിക്കേണ്ട ആവശ്യം ഇല്ല. പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കാൻ പറ്റും. ഒരു പാട് കണ്ടെത്തലുകൾ ശാസ്ത്രം നടത്തിയിട്ടുണ്ട്. അതാണ് വായിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത്. മറ്റുള്ളവർ വിശ്വസിക്കുന്നത് പ്രപഞ്ചത്തെ കുറിച്ച് മനസ്സിലാക്കുന്നതിനു മുൻപുള്ള അനുമാനങ്ങളാണ്. ശരിയായ അറിവുകൾ കണ്ടെത്തിയ ഇക്കാലത്ത് പണ്ടത്തെ അനുമാനങ്ങളിൽ വിശ്വസിച്ച് അറിവുകൾക്ക് നേരെ കണ്ണടക്കേണ്ടതില്ല.
വിശ്വസിക്കുമ്പോൾ മന:സമാധാനം കിട്ടും എന്ന് പറയുന്നത് ഭയത്തിൽ നിന്ന് ഉണ്ടാകുന്ന ഒരു വ്യാജ മന:സമാധാനം ആണ്. എന്തിനാണ് ഭയപ്പെടേണ്ടത്. ഭയത്തെ അതിജീവിയ്ക്കുകയാണ് വേണ്ടത്. ജീവിതത്തിൽ ഞാൻ ഒറ്റയ്ക്കാണ് പോരാടേണ്ടത്. എന്തെങ്കിലും പ്രവർത്തിച്ചാൽ മാത്രമേ എനിക്ക് എന്തെങ്കിലും കിട്ടുകയുള്ളൂ. പ്രവർത്തിച്ചില്ലെങ്കിൽ എനിക്ക് ഒന്നും കിട്ടുകയില്ല. നിരന്തരം പ്രവർത്തിച്ചാൽ മാത്രമേ ഫലം കിട്ടുകയുള്ളൂ. പ്രാർഥിച്ചാൽ ഫലം കിട്ടും എന്നത് വ്യാമോഹം മാത്രമാണ്. എന്തെങ്കിലും ഫലം കിട്ടുന്നെങ്കിൽ അത് പ്രവർത്തിച്ചതിന്റെ മാത്രം ഫലമാണ്.
മന:സമാധാനം എന്നത് നാം സ്നേഹിക്കുകയും നമ്മൾ സ്നേഹിക്കപ്പെടുകയും ചെയ്യുന്നവരോടൊപ്പം കഴിയുമ്പോൾ കിട്ടുന്നതാണ്. വിശ്വസിച്ചാൽ, പ്രാർത്ഥിച്ചാൽ മന:സമാധാനം കിട്ടും എന്ന് പറയുന്നത് മദ്യപിച്ചാൽ സുഖം കിട്ടും എന്ന് പറയുന്നത് പോലെയാണ്. രണ്ടും വ്യാജസമാധാനവും വ്യാജസുഖവും ആണ്. ഏറ്റവും ആവശ്യം സ്നേഹമാണ്. സ്നേഹം കിട്ടുന്നില്ലെങ്കിൽ എന്ത് വിശ്വസിച്ചാലും പ്രാർഥിച്ചാലും സമാധാനമോ സുഖമോ കിട്ടില്ല. സ്നേഹം കിട്ടാൻ വേണ്ടിയാണ് കുടുംബം എന്ന സ്ഥാപനം ഉണ്ടാക്കുന്നത്. സ്നേഹമുള്ള ഭാര്യ അല്ലെങ്കിൽ ഭർത്താവ് സ്നേഹമുള്ള മക്കൾ ഒപ്പം ഉണ്ടാകുമ്പോൾ അതിനോളം സമാധാനം , സുഖം വേറെ ഇല്ല. വിശ്വസിക്കുന്നവർ ഈ സുഖവും സമാധാനവും മനസ്സിലാക്കാതെ വ്യാജ സമാധാനത്തിനോ വ്യാജസുഖത്തിനോ വേണ്ടി എവിടെയോ പോയി പ്രാർഥിക്കുന്നു, മദ്യം സേവിക്കുന്നു.
കുടുംബത്തിന്റെ‍ കൂടെ നിർവ്യാജമായ സൌഹൃദബന്ധങ്ങൾ കൂടി ഉണ്ടെങ്കിൽ - അതിനു നമ്മൾ ആദ്യം അങ്ങോട്ട് നിർവ്യാജമായി സ്നേഹിക്കണം- അത് അഡീഷനൽ ആയി കിട്ടുന്ന സുഖവും സമാധാനവും ആണ്. എനിക്ക് ആരിൽ നിന്നെങ്കിലും രക്ഷ കിട്ടുമെങ്കിൽ അത് സമൂഹത്തിൽ നിന്ന് മറ്റുള്ള മനുഷ്യരിൽ നിന്ന് മാത്രമാണ്. വഴിയിൽ ഒരു അപകടം വന്നാൽ എന്നെ സഹായിക്കാൻ ആരെങ്കിലും തീർച്ചയായും ഉണ്ടാകും. അതാണ് എന്റെ ജീവിതത്തിന്റെ ഉറപ്പ്, ഗ്യാരണ്ടി. കൈവിട്ട അപകടം ആണെങ്കിൽ ആ വിധിയെ അഭിമുഖീകരിച്ചേ പറ്റൂ. വേറെ വഴിയില്ല. പ്രാർത്ഥനയും വിശ്വാസവും ഫലം ചെയ്യില്ല.
മനുഷ്യരിൽ മതം കാണാൻ എത്തിസ്റ്റിനു കഴിയില്ല. എല്ലാവരും മനുഷ്യർ മാത്രമാണ്. ആളുകളുടെ മനസ്സിൽ മതം ഉണ്ടെങ്കിൽ അതൊക്കെ വ്യാജവിശ്വാസങ്ങളാണ്. ബുദ്ധിയില്ലാത്ത പ്രായത്തിൽ തലയിൽ അടിച്ചു കയറ്റപ്പെടുന്നതാണ് മതം എന്ന വ്യാജവിശ്വാസം. ജീവിതത്തിനു തടസ്സങ്ങൾ മാത്രമേ മതങ്ങളും വിശ്വാസങ്ങളും സൃഷ്ടിക്കുന്നുള്ളൂ. ജീവിതത്തെ കഴിയുന്നതും മനോഹരമായ അനുഭവങ്ങളാക്കി മാറ്റാൻ എത്തിസ്റ്റുകൾക്ക് സാധിക്കുന്നു. കാരണം സ്വന്തം യുക്തിക്ക് നിരക്കാത്ത ഒരു വിശ്വാസവും സിദ്ധാന്തവും എത്തിസ്റ്റ് പേറുന്നില്ല. ജീവിതം എല്ലാവർക്കും ഒരു പോലെയാണ്. അതുകൊണ്ട് ഞാനും ജീവിയ്ക്കാം മറ്റുള്ളവരും എന്നെ പോലെ ജീവിയ്ക്കട്ടെ എന്ന് എത്തിസ്റ്റ് കരുതുന്നു. അസൂയയില്ല, ആരോടും വൈരാഗ്യം ഇല്ല. ജീവിതത്തിന്റെ ക്ഷണികത മനസ്സിലാക്കുന്നു, അംഗീകരിക്കുന്നു. സുഖം, സമാധാനം!

4 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

മന:സമാധാനം എന്നത് നാം സ്നേഹിക്കുകയും
നമ്മൾ സ്നേഹിക്കപ്പെടുകയും ചെയ്യുന്നവരോടൊപ്പം
കഴിയുമ്പോൾ കിട്ടുന്നതാണ്

Manikandan said...

ഓരോരുത്തർക്കും അവരവരുടെ തീരുമാനങ്ങൾ. ഞാൻ ഈശ്വരവിശ്വാസി ആണ്. താൻ പാതി ദൈവം പാതി എന്ന് കരുതി ജീവിക്കുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ ആ ശക്തി സഹായിക്കും എന്ന് കരുതുന്നു. പ്രതിസന്ധികൾ ഒഴിവായില്ലെങ്കിലും ആ പ്രതിസന്ധിയുടെ കാഠിന്യം കുറയ്ക്കാനെങ്കിലും ആ ശക്തിയ്ക്ക് സാധിക്കും എന്ന് കരുതുന്നു. അങ്ങനെ സമാധാനം കണ്ടെത്തുന്നു.

Rajagopalan said...

All organised religions are a hoax, especially the Semitic religions. Hinduism is not a religion; in essence, it is a culture and philosophy born out of intuitive findings of sages, codified in the Vedas and other works in metaphysics and various spheres of knowledge, many of which relate to later theories in quantum physics. An illustrative example is the Vedic tenet that the physical world is an illusion created by the senses, which is very much in consonance with quantum physics stipulating that everything breaks down to the invisible minutiae of waves as per wave theory of matter. In other words, what really exists is apparently empty space. At its core, Vedic thought is basically agnostic. The entire body of knowledge under Sanatana Dharma must be preserved and disseminated, not as religious studies, but as India’s cultural legacy. Semitic religions are dismissive of atheists whereas the Vedic philosophy is accommodative of atheism and agnosticism.

Unknown said...

ഏറെക്കുറെ ഞാനും ചിന്തിക്കുന്ന കാര്യങ്ങൾ.. നല്ലെഴുത്ത്.. ആശംസകൾ