Links

എന്താണ് ശബ്ദം?

ശബ്ദം എന്താണെന്നതിനെ പറ്റി അധികമാർക്കും ‍‍ഒരു ഐഡിയയും ഇല്ല. അതെന്താണെന്ന് ഞാൻ പറഞ്ഞു തരാം. വായിച്ചു തീരുമ്പോഴേക്കും നിങ്ങൾക്ക് ഒരു ഐഡിയ കിട്ടും. ആദ്യമായി മനസ്സിലാക്കേണ്ടത് ശബ്ദം എന്നത് നമ്മുടെ തലച്ചോറിൽ അനുഭവവേദ്യമാകുന്ന ഒരു പ്രതിഭാസം ആണെന്നാണ്. അപ്പോൾ മറ്റ് ജീവികൾക്കോ എന്ന് ചോദിക്കാം. തലച്ചോറുള്ള എല്ലാ ജീവികൾക്കും ആണ് പറഞ്ഞത്. പുറത്ത് അതായത് നമ്മുടെ ബാഹ്യപരിസരത്ത് ശബ്ദം എന്നൊരു സംഭവം ഇല്ല. ചെവി കേൾക്കാത്ത ഒരാൾക്ക് ഒരു ശബ്ദവും കേൾക്കാൻ കഴിയുന്നില്ല എന്ന് പറയാറില്ലേ, ശരിക്കും അത് തന്നെയാണ് പ്രകൃതിയിലെ അവസ്ഥ. ശബ്ദം എവിടെയും ഇല്ല. അപ്പോൾ നമ്മൾ കേൾക്കുന്നതോ?
ഒരാൾ കൈകൊട്ടി എന്ന് വിചാരിക്കുക. അപ്പോൾ എന്താണ് സംഭവിക്കുന്നത്? രണ്ട് കൈയും കൊട്ടി വായുവിൽ ഒരു കമ്പനം ഉണ്ടാക്കുകയാണ് അയാൾ ചെയ്യുന്നത്. കമ്പനം എന്ന് വെച്ചാൽ കൈയുടെ ചുറ്റും ഉള്ള വായു കണികകളിൽ ഒരു മർദ്ധം ഉണ്ടാക്കുന്നു. അപ്പോൾ ആ വായു കണികകൾ മുൻപോട്ട് പോയി തൊട്ടടുത്തുള്ള കണികകളെ ആഞ്ഞു തള്ളി പിറകോട്ട് തന്നെ വരുന്നു. മുൻപോട്ട് തള്ളപ്പെട്ട കണികകളും അതിന്റെ തൊട്ടടുത്തുള്ള കണികകളെ ആഞ്ഞു തള്ളി പിറകോട്ട് വരുന്നു. ഇത് ആവർത്തിക്കുമ്പോൾ ഒരു തരംഗം സഞ്ചരിക്കുന്നു. എന്നാൽ വായു കണികകൾ എങ്ങോട്ടും സഞ്ചരിക്കുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു എന്ന് മാത്രം. കൈകൊട്ടിയ ഇടം മുതൽ നമ്മുടെ കർണ്ണപുടം (Ear drum) വരെ അങ്ങനെ ഒരു തരംഗമാണ് സഞ്ചരിച്ചു വരുന്നത്.
കൈ കൊട്ടിയ ആൾ കൈ കൊട്ടുമ്പോൾ അതിനുള്ള ഊർജ്ജം ചെലവാക്കിയിട്ടുണ്ട്. ആ ഊർജ്ജം അടുത്തുള്ള വായു കണികകൾക്ക് പകർന്നു കൊടുക്കുന്നു. ആ ഊർജ്ജമാണ് ശബ്ദതരംഗത്തിന്റെ ഊർജ്ജം. ആ ഊർജ്ജമാണ് തരംഗരൂപത്തിൽ വന്ന് നമ്മുടെ ഈയർ ഡ്രമ്മിനെ (കർണ്ണപുടം) മർദ്ധിക്കുന്നത്. കർണ്ണപുടത്തിൽ പതിച്ച മർദ്ധം അതിന്റെ ആവൃത്തി (ഫ്രീക്വൻസി) ക്കനുസരിച്ച് തലച്ചോറിലേക്ക് സിഗ്നൽ അയയ്ക്കുന്നു. തലച്ചോറ് അതിന്റെ ആവൃത്തിക്കനുസരിച്ച് വ്യത്യസ്ത ശബ്ദങ്ങളായി മാറ്റുന്നു. നമ്മൾ കേൾക്കുന്നത് തലച്ചോറ് കൊണ്ടാണ്. ചെവി കൊണ്ടല്ല. കർണ്ണപുടങ്ങൾക്ക് ക്ഷതം അല്ലെങ്കിൽ ദ്വാരം സംഭവിച്ചാൽ ശബ്ദതരംഗങ്ങളെ സ്വീകരിക്കാനോ തലച്ചോറിലേക്ക് സിഗ്നൽ അയയ്ക്കാനോ കഴിയില്ല.
ഇപ്പോൾ സംഗതി മനസ്സിലായില്ലേ? പുറത്ത് നടക്കുന്നത് വായുവിലെ കണികകളുടെ ചലനം മാത്രമാണ്. അല്ലാതെ ഠോ എന്നോ ണിം എന്നോ ഉള്ള ശബ്ദങ്ങൾ ഒന്നും പുറത്ത് എവിടെയും ഇല്ല. നമ്മൾ സംസാരിക്കുമ്പോൾ അല്ലെങ്കിൽ പാടുമ്പോൾ സംഭവിക്കുന്നത് തൊണ്ടയിലെ സ്വനപേടകത്തിലെ തന്തുക്കൾ വായുവിൽ മർദ്ധം ഉണ്ടാക്കലാണ്. വിവിധ ആവൃത്തികളിലാണ് നാം ആ മർദ്ധം ഉണ്ടാക്കുന്നത്. അപ്പോൾ വായുവിലെ കണികകൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു. വിവിധ ആവൃത്തികളിൽ വായുവിലൂടെ തരംഗങ്ങൾ സഞ്ചരിക്കുന്നു. കേൾക്കുന്ന ആളിന്റെ ഈയർ ഡ്രമ്മിൽ ആ തരംഗങ്ങൾ മർദ്ധിക്കുന്നു. തലച്ചോറിലേക്ക് സിഗ്നൽ പായുന്നു. കേൾക്കുന്നു.
കടലിൽ തിരമാലകൾ ഉണ്ടാകുന്നതും ഇത് പോലെയാണ്. കാറ്റ് കടലിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു മർദ്ധം ഏല്പിക്കുന്നു. വായുവിലെ കണികകൾ വേഗത്തിൽ ഒരു ദിശയിലേക്ക് സഞ്ചരിക്കുന്നതാണ് ‍‍കാറ്റ് എന്ന് ഓർക്കുക. അങ്ങനെ കാറ്റ് മർദ്ധം ഏൽപ്പിക്കുമ്പോൾ ആ ഭാഗത്തെ ജലകകണികൾ താഴോട്ടും മേലോട്ടും ചലിക്കുന്നു. ഇങ്ങനെ താഴോട്ടും മേലോട്ടും ചലിക്കുന്ന ജലകണികകൾ തൊട്ടടുത്ത ജലകണികകളെയും താഴോട്ടും മേലോട്ടും ചലിപ്പിക്കുന്നു. ഈ പ്രക്രിയ കടലിന്റെ തീരം വരെ ആവർത്തിക്കുന്നു. അതാണ് തിരമാലകൾ. വെള്ളം സഞ്ചരിക്കുന്നില്ല. തിരകൾ സഞ്ചരിക്കുന്നു. നമ്മൾ ഇതിനെ ജലതരംഗം എന്ന് പറയുന്നു. ജലതരംഗത്തിൽ ജല കണികകൾ താഴോട്ടും മേലോട്ടും ചലിക്കുമ്പോൾ ശബ്ദതരംഗത്തിൽ വായു കണികകൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നു.
ഇനി എന്താണ് ഈ വായു കണികകൾ? മറ്റൊന്നുമല്ല, നമുക്ക് അറിയുന്നത് തന്നെ. നൈട്രജൻ, ഓക്സിജൻ, കാർബൺ ഡൈ‌ഓക്സൈഡ് തന്മാത്രകൾ , മറ്റ് പൊടിപടലങ്ങൾ ഇത്യാദി തന്നെ. വേറെന്ത്. അപ്പോൾ ശരിക്കും ഈ വായു എന്ന് പറഞ്ഞാൽ എന്താണ്? ഒന്നോടൊന്ന് ഒട്ടിപ്പിടിക്കാതെ സ്വതന്ത്രമായി തെന്നി നീങ്ങുന്ന തന്മാത്രകളെയാണ് വായു എന്ന് പറയുന്നത്. അങ്ങനെയെങ്കിൽ ജലം? ഒന്നോടൊന്ന് ഒട്ടിപ്പിടിച്ച് സ്വതന്ത്രമായി സഞ്ചരിക്കാത്ത തന്മാത്രകളാണ് ജലം.
നാം വായു കണികകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. തെന്നി നീങ്ങുന്ന അല്ലെങ്കിൽ ചലിക്കുന്ന വായു നമ്മുടെ ദേഹത്തോട്ട് ഒരു മർദ്ധം പ്രയോഗിക്കുന്നുണ്ട്. നമ്മൾ അതറിയാത്തത് നമ്മുടെ ശരീരത്തിനകത്തുള്ള വായു പുറത്തേക്കും ഒരു പ്രതിമർദ്ധം പ്രയോഗിക്കുന്നത് കൊണ്ടാണ്.