Links

ഹോമിയോ തട്ടിപ്പ് വീണ്ടും

ഹോമിയോ തട്ടിപ്പും കൊണ്ട് ഒരു വിദ്വാൻ ഇറങ്ങിയിട്ടുണ്ട്. ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് മൂപ്പർ ഒരു തുറന്ന കത്ത് തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ഏത് വൈറൽ രോഗവും പകർച്ചവ്യാധിയായി പടരുമ്പോൾ തങ്ങളുടെ പക്കൽ പ്രതിരോധമരുന്ന് ഉണ്ട് എന്ന് ആയുഷുകാർ പ്രത്യേകിച്ച് ഹോമിയോക്കാർ ഇറങ്ങാറുണ്ട്. എന്നാൽ ഇപ്പോഴത്തെ കൊറോണക്കാലത്ത് ആരോഗ്യമന്ത്രി ഈ ആയുഷ്‌കാരെയും ഹോമിയോക്കാരെയും പിടിച്ചു കെട്ടി. തൽക്കാലം നിങ്ങൾ ഇതിൽ ഇടപെടണ്ട ഇതിനൊക്കെ മോഡേൺ മെഡിസിൻ മതി എന്ന് മന്ത്രി വാക്കാൽ ഉത്തരവ് നൽകി. ആ നിരാശയിലാണ് ഹോമിയോ വിദ്വാന്റെ തുറന്ന കത്ത്.

ആ കത്തിൽ പുള്ളി അവകാശപ്പെടുന്നത് ആഴ്‌സനിക്കം ആൽബം 30 എന്ന ഈ മരുന്ന് ശ്വാസകോശത്തിന്റെ ഉപരിഭാഗത്ത് (Upper respiratory tract) ഉണ്ടാകുന്ന ഏതുതരം വൈറസ് രോഗങ്ങളെയും പ്രതിരോധിക്കാൻ വളരെ ഫലപ്രദമാണ് എന്നാണ്. ഇത് ആര് കണ്ടുപിടിച്ചു? ഹോമിയോക്കാർ ഇങ്ങനെ അവകാശപ്പെട്ടാൽ മതിയോ?

മോഡേൺ മെഡിസിനിൽ വൈറൽ രോഗങ്ങൾക്ക് മരുന്നില്ല എന്നാണല്ലൊ ആക്ഷേപം. ചിക്കൻപോക്സ് പോലുള്ള വൈറൽ രോഗത്തിനു മരുന്നുണ്ട്. ക്യാൻസറിനു മരുന്ന് കണ്ടുപിടിക്കുന്നു. എന്നാൽ ആന്റിബയോട്ടിക്ക് മരുന്നുകൾ പോലെ എല്ലാ വൈറസ്സുകൾക്കുമെതിരെ ആന്റിവൈറൽ മരുന്നുകൾ ഇനിയും കണ്ടുപിടിക്കാനായിട്ടില്ല. അതിനു കാരണം വൈറസ്സിന്റെ ഘടനയാണ്. ഏത് ബാക്റ്റീരിയക്കും എതിരെ മോഡേൺ മെഡിസിൻ മരുന്ന് ഉണ്ട്. കാരണം ബാക്റ്റീരിയ ഒരു ഏകകോശ ജീവിയാണ്. ആ കോശത്തിൽ കടന്നു കയറി അതിനെ നശിപ്പിക്കാൻ ആന്റിബയോട്ടിക്ക് മരുന്നുകൾക്കാകും. എന്നാൽ വൈറസ് ഒരു കോശം അല്ല. അതുകൊണ്ട് അതിനെ നശിപ്പിക്കാനുള്ള മരുന്ന് കണ്ടെത്തുക എളുപ്പമല്ല. വൈറസ്സിനെതിരെ ഇപ്പോൾ മോഡേൺ മെഡിസിന്റെ അസ്ത്രം എന്ന് പറയുന്നത് വാക്സിനേഷൻ എന്ന പ്രതിരോധമാർഗ്ഗം മാത്രമാണ്.

ഇത്രയും സജ്ജീകരണങ്ങളും ഗവേഷണങ്ങളും ലാബുകളും ശാസ്ത്രജ്ഞന്മാരും ഒക്കെയുണ്ടായിട്ടും മോഡേൺ മെഡിസിനു സാധിക്കാത്തത് ആയുഷിനും ഹോമിയോക്കാരനും സാധിക്കും എന്ന് പറഞ്ഞാൽ ബുദ്ധിക്ക് സ്ഥിരതയുള്ള ആരെങ്കിലും അത് വിശ്വസിക്കുമോ? ഈ ആഴ്‌സനിക്കം ആൽബം 30 ആര് കണ്ടെത്തി? ആരൊക്കെയാണതിന്റെ പിന്നിലുള്ള ശാസ്ത്രജ്ഞന്മാർ എന്ന് പറയാൻ പറ്റുമോ? വൈറസ്സിനെ നശിപ്പിക്കാൻ ഹോമിയോയിൽ മരുന്ന് ഉണ്ട് എന്ന് പറയില്ല. പ്രതിരോധമരുന്ന് എന്നാണ് പറയുക. അതാണതിലെ തട്ടിപ്പ്. ഈ തട്ടിപ്പ് സാധാരണക്കാർക്ക് മനസ്സിലാവില്ല. അതാണ് ഹോമിയോ തട്ടിപ്പുകാരുടെ വിജയം.

പ്രതിരോധത്തിനു മരുന്നില്ല. വാക്സിനേഷൻ മാത്രമേയുള്ളൂ. ഒരുപാട് വൈറസ്സുകൾക്കെതിരെ മോഡേൺ മെഡിസിൻ വാക്സിൻ കണ്ടുപിടിച്ചു. ആ ഗവേഷണം തുടരുകയാണ്. കൊറോണയ്ക്ക് എതിരെയും വാക്സിൻ കണ്ടുപിടിക്കും. ഇതൊന്നും എന്ന് പറഞ്ഞാൽ ഗവേഷണമോ ലാബുകളോ പരീഷണങ്ങളോ ശാസ്ത്രജ്ഞന്മാരോ ഒന്നുമില്ലാത്ത ഹോമിയോക്കാരൻ യാതൊരു ഉളുപ്പും ഇല്ലാതെ തട്ടി വിടുകയാണ് ഞങ്ങളുടെ കൈയിൽ ഏതുതരം വൈറസ് രോഗങ്ങളെയും പ്രതിരോധിക്കാൻ വളരെ ഫലപ്രദമായ ആഴ്‌സനിക്കം ആൽബം 30 ഉണ്ട് എന്ന്. വിശ്വസിക്കാൻ നിരവധി വിഡ്ഡികൾ ഉണ്ട് എന്ന ധൈര്യത്തിലാണ് തട്ടി വിടുന്നത്.

ഇത് മാത്രമല്ല തട്ടിപ്പ്. ഹോമിയോ തിയറിയിൽ രോഗം ഉണ്ടാക്കുന്ന സൂക്ഷ്മജീവികൾ ബാക്റ്റീരിയകളോ വൈറസ്സുകളോ ഒന്നുമില്ല, രോഗം തന്നെയില്ല. രോഗലക്ഷണങ്ങളാണുള്ളത്. ഒരു ലക്ഷണത്തിനു അതേ ലക്ഷണം ഉണ്ടാക്കുന്ന മരുന്ന് കൊടുത്ത് ലക്ഷണത്തെ ഇല്ലാതാക്കാക്കുക എന്നതാണ് ഹോമിയോ ചികിത്സയുടെ തീയറി. വൈറസ്സിനെ അംഗീകരിക്കാത്ത ഹോമിയോക്കാരനു എങ്ങനെയാണ് വൈറസ്സിനെ പ്രതിരോധിക്കാൻ മരുന്ന് കൊടുക്കാൻ കഴിയുക? പ്രതിരോധം എന്ന ഏർപ്പാട് തന്നെ ഹോമിയോയിൽ ഇല്ല. ഉഷ്ണം ഉഷ്ണേനേ ശാന്തതേ എന്ന് പറയുന്നത് പോലെ ലക്ഷണത്തെ ലക്ഷണം കൊണ്ട് ശാന്തമാക്കുക എന്നതാണ് ഹോമിയോ. അല്ലെങ്കിൽ പിന്നെ മോഡേൺ മെഡിസിൻ പോരേ , എന്തിനാണ് ഹോമിയോപ്പതി? ഹോമിയോക്കാരന്റെ ഇന്ത്യൻ മോഡൽ തട്ടിപ്പാണ് ഈ പ്രതിരോധവും കൊണ്ട് ഇറങ്ങൽ.

പ്രതിരോധം എന്നത് മനുഷ്യന്റെ ശരീരത്തിൽ അന്തർലീനമാണ്. നമുക്ക് നിത്യവും വൈറൽ രോഗം വരാതിരിക്കുന്നത് നമ്മുടെ ശരീരത്തിലുള്ള ഇമ്മ്യൂണിറ്റി എന്ന കഴിവ് കൊണ്ടാണ്. മാരകവൈറസ്സുകൾ അപായപ്പെടുത്തുന്നത് തടയാനാണ് കൃത്രിമമായി വാക്സിനേഷനിലൂടെയും ഇമ്മ്യൂണി ഉണ്ടാക്കുന്നത്. കൊറോണയ്ക്ക് എതിരെയും മനുഷ്യൻ ഇമ്മ്യൂണിറ്റി ആർജ്ജിക്കും. അപ്പോൾ അതും ജലദോഷം പോലെ വന്നങ്ങ് പോകും. ഇപ്പോഴും കൊറോണ ബാധിതർ ഐസൊലേഷൻ വാർഡുകളിൽ നിന്ന് രോഗം ഭേദമായി പോകുന്നത് ശരീരത്തിന്റെ ഇമ്മ്യൂണിറ്റി കൊണ്ടാണ്. അല്ലാതെ പ്രതിരോധത്തിനു മരുന്ന് കൊടുത്തിട്ടല്ല. ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പ്രവർത്തിക്കാനുള്ള സപ്പോർട്ട് ആണു ഐസൊലേഷൻ വാർഡുകളിൽ നൽകുന്നത്. അത് വീടുകളിലും ചെയ്യാവുന്നതാണ്. ഇത്രയും കാര്യങ്ങൾ മുൻവിധി ഇല്ലാതെ മനസ്സിലാക്കിയാൽ ഹോമിയോ തട്ടിപ്പ് നിങ്ങൾക്ക് മനസ്സിലാകും. പക്ഷെ മുൻവിധി ഉപേക്ഷിക്കുമോ? അതാണ് പ്രശ്നം.

ഓർക്കുക, മോഡേൺ മെഡിസിനിൽ വൈറൽ രോഗം തടയാൻ വാക്സിനേഷൻ എന്ന പ്രതിരോധ മാർഗ്ഗം മാത്രമേയുള്ളൂ. മനുഷ്യസാധ്യമായ എല്ലാം ചെയ്യാൻ മോഡേൺ മെഡിസിൻ സജ്ജമാണ്. പോരാത്തതിനു ഗവേഷണങ്ങൾ ലോകമാകെ നടക്കുന്നു. പിന്നെ എന്തിനാണ് ഈ ആയുഷ് എന്ന ആഭാസവും ഹോമിയോ തട്ടിപ്പുകളും എന്ന് ചിന്തിക്കുക.

No comments: