Links

കൊറോണ വൈറസ്സും ഊഷ്മാവും

നമ്മുടെ നാട്ടിൽ ഊഷ്മാവ് 30 ഡിഗ്രി സെൽഷ്യസിനു മേലെയാണ്. അതുകൊണ്ട് കൊറോണ ബാധിച്ച ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അയാളിൽ നിന്ന് പുറത്ത് വരുന്ന വൈറസ്സുകൾ മണ്ണിലോ മറ്റോ പതിച്ചാൽ ഇത്രയും ഊഷ്മാവിൽ അവ അതിജീവിയ്ക്കാൻ പ്രയാസമാണ്. അതുകൊണ്ട് കൊറോണ വൈറസ്സിന്റെ ലോക്കൽ ട്രാൻസ്മിഷൻ നടക്കാൻ സാധ്യത വിരളമാണ്. ഇതാണ് ടി.പി.സെൻ കുമാർ പറഞ്ഞിട്ടുള്ളത്. അത് ശരിയുമാണ്. എന്നാൽ കൊറോണ ബാധിച്ച ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ നമ്മൾ അയാളുടെ അടുത്ത് ഉണ്ടെങ്കിൽ ആ സമയത്ത് നമ്മുടെ മൂക്കിലോ കൈകളിലോ വസ്ത്രത്തിലോ പാറി പറ്റാൻ സാധ്യതയുണ്ട്. ആ കൈകൾ കൊണ്ട് കണ്ണ് തിരുമ്മിയാൽ കണ്ണിൽ കൂടി ശരീരത്തിനകത്ത് കടക്കും. കണ്ണ് മൂക്ക് എന്നിവയിൽ കൂടിയാണ് വൈറസ്സ് ശരീരത്തികത്ത് എളുപ്പത്തിൽ കടക്കുന്നത്.
ആൾക്കൂട്ടത്തിൽ നമ്മുടെ അടുത്ത് കൊറോണ ബാധിച്ച ഒരാൾ ഉണ്ടാകാനിട വന്നാൽ അത് നമ്മളെയും ബാധിക്കും. അതുകൊണ്ടാണ് ആൾക്കൂട്ടം ഒഴിവാക്കണം എന്ന് പറയുന്നത്. കൊറോണ വൈറസ് വായുവിൽ ഉണ്ടാവില്ല. ആളുകൾ ഒന്നും അടുത്തില്ലാത്ത പരിസ്ഥിതിയിൽ തൂറന്ന സ്ഥലത്ത് കൊറോണ ബാധിച്ച ഒരാൾ തുമ്മിയാലോ ചുമച്ചാലോ അയാളിൽ നിന്ന് പുറത്ത് വന്ന വൈറസ്സുകൾ ഈ ചൂടിൽ നശിച്ചു പോകും. എന്നാൽ രാത്രി അതല്ലല്ലൊ സ്ഥിതി. പുറത്ത് ആൾക്കൂട്ടം ഉള്ള സ്ഥലത്ത് പോയി വന്നാൽ കൈ കഴുകുന്നതും അപ്പോൾ ധരിച്ച വസ്ത്രങ്ങൾ അലക്കി ഉണക്കുന്നതും നല്ല മുൻ കരുതലാണ്.
കൊറോണ RNA വൈറസ് ആണ്. RNA എന്നാൽ നമ്മുടെ എല്ലാം കോശങ്ങളിൽ DNA-യും RNA -യും ഉണ്ട്. വൈറസ്സുകളിലും DNA വൈറസ് , RNA വൈറസ് എന്നിങ്ങനെ രണ്ട് വിധം വൈറസ്സുകൾ ഉണ്ട്. വെറും RNA-യും അതിനെ പൊതിഞ്ഞ പ്രോട്ടീൻ ആവരണവും. ഇതാണ് കൊറോണ വൈറസ്. വെറും RNA-യ്ക്ക് ആഹാരം ഉൾക്കൊണ്ട് ഉപാപചയ പ്രവർത്തനങ്ങൾ നടത്താനോ പെറ്റ് പെരുകാനോ കഴിയില്ല. അങ്ങനെയുള്ള ഒരു സാധനത്തിനു, അതായത് വൈറസ്സിനു ജീവൻ ഇല്ല എന്ന് പറയേണ്ടി വരും. ഇവിടെ എന്താണ് ജീവൻ എന്ന് വിശദമാക്കേണ്ടതുണ്ട്. പലരും ധരിക്കുന്നത് പോലെ ജീവൻ എന്നത് ശരീരത്തിൽ സ്വതന്ത്രമായി നിൽക്കുന്ന പദാർഥമോ പ്രതിഭാസമോ അല്ല. അങ്ങനെ ധരിക്കുന്നത് കൊണ്ടാണ് മരണപ്പെടുമ്പോൾ ജീവൻ പോയി എന്ന് പറയുന്നത്.
ശരീരത്തിനകത്ത് നടക്കുന്ന പ്രവർത്തനങ്ങളാണ് ജീവൻ. മരണപ്പെടുക എന്ന് പറഞ്ഞാൽ ആ പ്രവർത്തനങ്ങൾ നിലയ്ക്കുക എന്നാണ്. കോശങ്ങളിൽ സദാ ഊർജ്ജോല്പാദനം നടക്കുന്നു, ഉപാപചയം നടക്കുന്നു, രക്തചംക്രമണം നടക്കുന്നു. ഇങ്ങനെ ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നു. ആ പ്രവർത്തനങ്ങളുടെ ആകെത്തുകയെ ആണ് നമ്മൾ ജീവൻ എന്ന് പറയുന്നത്. പ്രവർത്തനങ്ങൾ നിന്നുപോകുന്നതിനെ മരണം എന്ന് പറയുന്നു. ആത്മാവ് എന്ന് പറയുന്ന ഒരു സാധനം ശരീരത്തിൽ എവിടെയും ഇല്ല. അതുകൊണ്ട് മരണത്തോടെ പ്രവർത്തനം നിലയ്ക്കുന്ന ശരീരത്തിൽ നിന്ന് ഒന്നും പുറത്തേക്ക് പോകുന്നില്ല.
വൈറസ് ശരിക്ക് പറഞ്ഞാൽ ജീവൻ ഇല്ല എന്നോ ഉണ്ട് എന്നോ പറയാൻ പറ്റാത്ത ഒരു സാധനം ആണ്. കാരണം പുറത്ത് തനിയെ നിൽക്കുമ്പോൾ അതിൽ ഒരു ജൈവപ്രവർത്തനവും നടക്കുന്നില്ല. എന്നാൽ ജീവനുള്ള ഒരു ബോഡിയിൽ പ്രവേശിച്ചാൽ അതിൽ ജൈവപ്രവർത്തനങ്ങൾ നടക്കുന്നു. പ്രവേശിക്കാൻ ഒരു ശരീരം കിട്ടാത്ത വൈറസ് എത്ര കാലം നിലനിൽക്കും എന്ന് ചോദിച്ചാൽ അത് ഓരോ വൈറസ്സിനെയും പരിസ്ഥിതിയെയും ആശ്രയിച്ചിരിക്കുന്നു. പരിസ്ഥിതി എന്ന് പറയുമ്പോൾ ഊഷ്മാവ് ഒരു ഘടകമാണ്. 27 ഡിഗ്രി സെൽഷ്യസ് ആണ് പഥ്യം. HIV വൈറസ്സിനു ഏതാനും മണിക്കൂറുകൾ മാത്രമാണ് ആയുസ്സ് എങ്കിൽ ചിക്കൻപോക്സ് ഉണ്ടാക്കുന്ന വാരിയോള വൈറസ് രണ്ട് വർഷം വരെ അതേ നിലയിൽ നിൽക്കും.
കൊറോണ എന്നല്ല ഏത് വൈറസ്സും മൂക്കിലൂടെയോ കണ്ണിലൂടെയോ അകത്ത് കടന്നാൽ നമ്മുടെ കോശം തുളച്ച് കയറി നമ്മുടെ കോശത്തിന്റെ RNA യുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. എന്നിട്ട് കൂടുതൽ പ്രോട്ടീൻ സംശ്ലേഷണം ചെയ്യാൻ ആജ്ഞാപിക്കുന്നു. അങ്ങനെ ആ പ്രോട്ടീൻ ആവരണത്തിനായി ഉപയോഗിച്ചുകൊണ്ട് വൈറസ്സിന്റെ അതേ RNA പതിപ്പുകൾ ഉണ്ടാക്കി പെരുകുന്നു. ഇതിനെയാണ് നമ്മൾ വൈറൽ ബാധ അല്ലെങ്കിൽ കൊറോണ ബാധ എന്ന് പറയുന്നത്. വൈറസ് ഇങ്ങനെ പെരുകുമ്പോൾ നമ്മുടെ ശരീരം വെറുതെ ഇരിക്കുന്നില്ല. ആ സ്പെസിഫിക്ക് വൈറസ്സുകൾക്കെതിരെ ആന്റിബോഡികൾ നിർമ്മിച്ച് അങ്ങോട്ട് അയയ്ക്കുന്നു. ആ ആന്റിബോഡികൾ വൈറസ്സിനെ ഒന്നു പോലും ബാക്കി വയ്ക്കാതെ നശിപ്പിക്കുന്നു.
ഇപ്രകാരം ശരീരം ആന്റിബോഡികൾ നിർമ്മിച്ച് വൈറസ്സുകളെ നശിപ്പിക്കുന്ന പ്രവർത്തനത്തെയാണ് നമ്മൾ പ്രതിരോധ ശേഷി എന്ന് പറയുന്നത്. ഈ പോയന്റ് പ്രത്യേകം ശ്രദ്ധിക്കണം. അതായത് ആന്റിബോഡികൾ നിർമ്മിക്കാൻ ശരീരം ഉപയോഗപ്പെടുത്തുന്നത് ഓൾറെഡി കോശങ്ങളിൽ ഉള്ള പോഷകപദാർത്ഥങ്ങളെയാണ്. ആ പോഷകങ്ങൾ കോശങ്ങളിൽ എത്തിയത് നാം കഴിച്ച ആഹാരങ്ങൾ ദഹിച്ചിട്ടാണ്. അതിനാൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന ഹോമിയോ,ആയുർവേദ , സിദ്ധ,യുനാനി ആയുഷുകൾക്ക് ആന്റിബോഡി നിർമ്മാണത്തിൽ ഒരു റോളും ഇല്ല. ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ എത് അന്യപദാർഥം കടന്നാലും അപ്പോൾ തന്നെ ആന്റിബോഡികൾ ഒട്ടോമെറ്റിക്കായി ശരീരം നിർമ്മിക്കും. അങ്ങനെയാണ് അസംഖ്യം രോഗാണുക്കൾ നിറഞ്ഞ ഈ ഭൂമിയിൽ നാം ആരോഗ്യത്തോടെ ജീവിയ്ക്കുന്നത്. ആരോഗ്യത്തിനു അവശ്യം വേണ്ടത് സമീകൃതാഹാരം ആണെന്നത് മറക്കരുത്.

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ ആരോഗ്യത്തിനും രോഗ
പ്രതിരോധത്തിനും  അവശ്യം വേണ്ടത്
സമീകൃതാഹാരം തന്നെയാണ്

Manikandan said...

പടർന്നുപിടിക്കുന്ന കൊറോണ എന്ന ഈ മഹാമാരിയെ വൈദ്യശാസ്ത്രത്തിന്റെ വഴികളിലൂടെ നേരിടാനും അതിജീവിക്കാനും നമുക്ക് സാധിക്കട്ടെ.

Suresh pottayil said...

👌