ഡീസലിന്റെ വിലനിയന്ത്രണം സര്‍ക്കാര്‍ ഭാഗികമായി എടുത്തുകളഞ്ഞിരിക്കുന്നു. അത്കൊണ്ട് ഡീസലിന് മാസം തോറും ലിറ്ററിന് 50 പൈസയോ മറ്റോ വര്‍ദ്ധിക്കും. ഡീസലിനും പെട്രോളിനും വില വര്‍ദ്ധിപ്പിക്കുമ്പോള്‍ വന്‍പിച്ച ഒച്ചപ്പാടാണ് ഉണ്ടാക്കുന്നത്. മുതലാളിമാര്‍ക്ക് വേണ്ടിയാണ് വില വര്‍ദ്ധിപ്പിക്കുന്നത് എന്നാണ് വാദം. എന്നാല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതും സംസ്ക്കരിക്കുന്നതും വില്‍ക്കുന്നതും എല്ലാം ചെയ്യുന്നത് സര്‍ക്കാര്‍ കമ്പനികളാണ്. ഈ രംഗത്ത് സ്വകാര്യകമ്പനികളുടെ പങ്ക് ചെറുതാണ്. സര്‍ക്കാരിന്റെ നഷ്ടം നികത്താനാണ് വില വര്‍ദ്ധിപ്പിക്കുന്നത്. ആ വിലവര്‍ദ്ധനവിന്റെ ഗുണം സ്വകാര്യകമ്പനികള്‍ക്കും ലഭിക്കും എന്നത്കൊണ്ട് സര്‍ക്കാര്‍ നഷ്ടം സഹിച്ചോളണം എന്ന് പറയുന്നത് ശരിയല്ല. ഒരു ഭാഗത്ത് സര്‍ക്കാരിന് ലാഭം കുറഞ്ഞുപോയി എന്ന് വിലപിക്കുന്നവര്‍ തന്നെയാണ് മറുഭാഗത്ത് സര്‍ക്കാര്‍ നഷ്ടം നികത്തരുത് എന്നും ഒച്ച വെക്കുന്നത്.
സബ്‌സിഡി എന്നത് ധനികര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരേ പോലെ ലഭിക്കണം എന്നതും എക്കാലത്തേക്കും സബ്‌സിഡികള്‍ തുടരണം എന്ന് പറയുന്നതും ശരിയല്ല. സബ്‌സിഡികള്‍ വിവേചനം ഇല്ലാതെ കൊടുക്കുന്നത്കൊണ്ട് ധനക്കമ്മി ഉണ്ടാകുന്നുണ്ട്. ആ കമ്മി വര്‍ദ്ധിച്ചുവരികയുമാണ്. സര്‍ക്കാരിന്റെ വരവിനെക്കാളും ചെലവ് കൂടുമ്പോഴാണ് ധനക്കമ്മി ഉണ്ടാകുന്നത്. ധനക്കമ്മി നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിന് അധികം കറന്‍സി അച്ചടിക്കേണ്ടി വരും. റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണം ഉണ്ടെങ്കിലും ചിലപ്പോള്‍ അധികം നോട്ടുകള്‍ അച്ചടിക്കും. അപ്പോള്‍ പണപ്പെരുപ്പം ഉണ്ടാകും. വിപണിയില്‍ ചരക്ക് കുറവും പ്രചാരത്തിലുള്ള കറന്‍സി അധികവും എന്ന അവസ്ഥയാണ് അതുണ്ടാക്കുക. അപ്പോള്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഇതൊക്കെ ഒന്നോടൊന്ന് ബന്ധപ്പെട്ട് കിടക്കുന്ന സങ്കീര്‍ണ്ണമായ പ്രതിഭാസങ്ങളാണ്. സര്‍ക്കാരിന് എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കേണ്ടതുണ്ട്. ഒരു മന്ത്രിയോ ഉദ്യോഗസ്ഥനോ അല്ല ഇതൊന്നും തീരുമാനിക്കുന്നത്.
ഇവിടെ എതിര്‍പ്പും വിവാദവും സമരവും ബന്ദും ഒക്കെ ഉണ്ടാക്കുന്നത് രാഷ്ട്രീയമായ കാരണങ്ങള്‍ കൊണ്ടാണ്. വിലക്കയറ്റവും പാവങ്ങളുടെ പേരും ഒക്കെ പറഞ്ഞ് ഭരിക്കുന്ന സര്‍ക്കാരിനെതിരെ വിരുദ്ധവികാരം സൃഷ്ടിച്ച് വോട്ടുകള്‍ സമാഹരിച്ച് തന്റെ പാര്‍ട്ടിയെയും നേതാവിനെയും അധികാരത്തില്‍ എത്തിക്കാന്‍ കഴിയുമോ എന്ന ചിന്തയാണ് എല്ലാ എതിര്‍പ്പുകള്‍ക്കും പിന്നിൽ. എന്നിട്ട് , തന്റെ നേതാവിന് അധികാരം കിട്ടിയാല്‍ അത് വരെ ഒച്ച വെച്ചവന്‍ പിന്നെ മിണ്ടാതിരിക്കും. അപ്പോള്‍ അധികാരമില്ലാത്ത നേതാവിന്റെ അനുയായികള്‍ ഒച്ച വെച്ചോളും. ഇതൊക്കെ ജനാധിപത്യത്തില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്. കക്ഷിരാഷ്ട്രീയതിമിരം ബാധിക്കാത്തവര്‍ നിഷ്പക്ഷമായും വസ്തുനിഷ്ഠമായും കാര്യങ്ങള്‍ വിലയിരുത്തുകയാണ് വേണ്ടത്.
എല്ലാറ്റിനും വില കയറുന്ന ഒരു ചലനാത്മകമായ വര്‍ത്തമാനകാലമാണ് നിലവിലുള്ളത്. ചരക്കുകള്‍ക്ക് മാത്രമല്ല വില കയറുന്നത്. ചരക്കുകള്‍ ഉല്പാദിപ്പിക്കുന്ന അധ്വാനത്തിനും സേവനങ്ങള്‍ക്കും എല്ലാം വില വര്‍ദ്ധിക്കുന്നുണ്ട്. കൂലിയും ശമ്പളവും വര്‍ദ്ധിക്കുമ്പോള്‍ ഉല്പാദനച്ചെലവ് കൂടി ചരക്കുകള്‍ക്കും വില കൂടും. സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവും കൂടും. ഇതില്‍ ഏതെങ്കിലും ഒന്ന് മരവിപ്പിച്ച് പിടിച്ച് നിര്‍ത്താന്‍ കഴിയില്ല. ഏറ്റക്കുറച്ചിലോടെ വര്‍ദ്ധനവ് എല്ലാ മേഖലയിലും എപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഒട്ടുമൊത്തം നോക്കിയാല്‍ പൌരന്മാരുടെ ജീവിതനിലവാരം ഉയരുന്നുണ്ട് എന്നും കാണാം. പണ്ട് പാചകവാതകം അതായത് ഗ്യാസ് ഉപയോഗിച്ചിരുന്നവര്‍ പണക്കാര്‍ മാത്രമായിരുന്നു. ഇന്ന് ഗ്യാസിന് വില വര്‍ദ്ധിപ്പിക്കുമ്പോള്‍ പാവങ്ങള്‍ക്ക് ബുദ്ധിമുട്ട് എന്നാണല്ലൊ പറയുന്നത്. ഇന്ന് ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ നടത്തം ഒഴിവാക്കി 20രൂപ കൊടുത്ത് ഓട്ടോറിക്ഷയിലാണ് പോകുന്നത്. പണ്ടൊക്കെ ഇരുപതും ഇരുപത്തഞ്ചും മൈലുകള്‍ നടക്കുന്നത് ഒരു വിഷയമേ അല്ലായിരുന്നു.
എല്ലാ എതിര്‍പ്പുകളും സംവാദങ്ങളും കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഉയരുന്നത്കൊണ്ട് പൊതുവെ ഒന്നിന്റെയും സത്യാവസ്ഥ മനസ്സിലാക്കാന്‍ ആളുകള്‍ക്ക് കഴിയുന്നില്ല. ജാതിയും മതവും പോലെ തന്നെ ഞാന്‍ ഇന്ന പാര്‍ട്ടിയാണെന്ന ബോധത്തിലാണ് ആളുകളുടെ അഭിപ്രായം രൂപപ്പെടുന്നത്. അത്കൊണ്ട് എതിര്‍പ്പുകളും ഒച്ചയും ബഹളവും ഒക്കെ എല്ലായ്പോഴും ഉണ്ടാകും. ആരു ഭരിച്ചാലും സര്‍ക്കാര്‍ എന്ന സംവിധാനം നിലനില്‍ക്കുകയും അതിന് മുന്നിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയും വേണം. ഭരിക്കാത്ത പാര്‍ട്ടിക്കാരെ ഒരിക്കലും തൃപ്തിപ്പെടുത്തി അവരെ ശാന്തരാക്കാന്‍ കഴിയില്ല. എന്തെന്നാല്‍ അവരുടെ ആവശ്യം ജനങ്ങളുടെ ചെലവില്‍ സ്വന്തമെന്ന് കരുതുന്ന നേതാവിനെ അധികാരത്തില്‍ വാഴിക്കലാണ്. മറ്റൊന്നുകൊണ്ടും അവര്‍ തൃപ്തരാവുകയില്ല. അത്കൊണ്ട് ഒച്ചയും ബഹളവും എന്നും തുടരും. സാര്‍ത്ഥവാഹകസംഘം മുന്നോട്ട് !