Links

ഇനി ആന്‍ഡ്രോയ്‌ഡ് വിപ്ലവം

എസ് എം എസിന് (Short Message Service) 20 വയസ്സായത്രെ. കൃത്യമായി പറഞ്ഞാല്‍ 1992 ഡിസംബര്‍ മൂന്നിനാണ് ആദ്യത്തെ എസ് എം എസ് ‘ Merry Christmas ‘ എന്ന വാചകം ഒരു പഴ്‌സണല്‍ കമ്പ്യൂട്ടറില്‍ നിന്ന് മൊബൈല്‍ ഫോണിലേക്ക് പറന്നത്. ബ്രിട്ടനിലായിരുന്നു സംഭവം. ഇന്ന് നമ്മള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഫോണ്‍ ചെയ്യാനോ എസ് എം എസ്സുകള്‍ അയക്കാനോ മാത്രമല്ല. ഒരു പഴ്‌സണല്‍ കമ്പ്യൂട്ടറില്‍ ചെയ്യാവുന്നതും അതിനപ്പുറവും മൊബൈല്‍ ഫോണ്‍ കൊണ്ട് ചെയ്യാന്‍ കഴിയും. ഇത്തരം ഫോണുകളെ നമ്മള്‍ സ്മാര്‍ട്ട് ഫോണുകള്‍ എന്നു പറയുന്നു. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് അത്ഭുതകരമായ വളര്‍ച്ചയാണ് മൊബൈല്‍ ഫോണ്‍ രംഗത്ത് ഉണ്ടായിട്ടുള്ളത്.

നിരവധി സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമായതിനാല്‍ ഈ ഫോണുകളെ കുറിച്ച് ഒരു സാമാന്യധാരണ നമുക്ക് ഉണ്ടാകണം. ഏത് സ്മാര്‍ട്ട് ഫോണും ഏതെങ്കിലും ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് (OS) പ്രവര്‍ത്തിക്കുന്നത്. ആ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ അതിന്റെ പ്ലാറ്റ്ഫോം എന്നു പറയുന്നു. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനും ഇങ്ങനെ ഒരു പ്ലാറ്റ്ഫോം വേണം. നിലവില്‍ വിന്‍ഡോസ് , ലിനക്സ് , മാക് എന്നിവയാണ് പ്രചാരത്തിലുള്ള കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍. ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന് പറയുന്നതും ഒരു സോഫ്റ്റ്‌വേര്‍ അഥവാ പ്രോഗ്രാം ആണ്.

ഒരു മൊബൈല്‍ ഫോണ്‍ ഏത് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മുമ്പൊക്കെ ആരും അത്ര ആലോചിക്കാറില്ലായിരുന്നു. ഉദാഹരണത്തിന് ഒരു നോക്കിയ ഫോണ്‍ വാങ്ങുമ്പോള്‍ അതിന്റെ ഓ.എസ്. സിംബ്യന്‍ ആണെന്ന് അധികമാരും അറിയാന്‍ വഴിയില്ല. എന്നാല്‍ ഇന്ന് ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ക്ക് പ്രചുരപ്രചാരം സിദ്ധിച്ചതോടുകൂടി മൊബൈല്‍ പ്ലാറ്റ്ഫോമുകളെ കുറിച്ച് മനസ്സിലാക്കിയേ പറ്റൂ എന്നായിട്ടുണ്ട്.

കുറെ മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും അവയില്‍ പ്രധാനപ്പെട്ട അഞ്ചെണ്ണത്തിനെ പരിചയപ്പെടുത്താം:

1) Symbian: നോക്കിയ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ഈ പ്ലാറ്റ്ഫോമിലാണ്. Samsung, Sharp, Sony Ericsson മുതലായ പ്രബല കമ്പനികളും സിംബ്യന്‍ പ്ലാറ്റ്ഫോമില്‍ മൊബൈല്‍  നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ നോക്കിയ ഇപ്പോള്‍ വിന്‍ഡോസ് പ്ലാ‍റ്റ്ഫോമിലേക്ക് മാറാന്‍ മൈക്രോസോഫ്റ്റുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. സാംസങ്ങ് ആണെങ്കില്‍ ആന്‍ഡ്രോയിഡിലാണ് ഇപ്പോള്‍ ഫോണുകള്‍ ഇറക്കുന്നത്.

2) BlackBerry RIM: ബ്ലാക്ക്ബെറി ഫോണുകള്‍ക്ക് അവരുടെ സ്വന്തം ഓപ്പറേറ്റിങ്ങ് സിസ്റ്റമാണുള്ളത്.

3) Windows Mobile OS: കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലെ അതികായനായ മൈക്രോസോഫ്റ്റ് അവരുടെ മൊബൈല്‍ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് മൊബൈലുകള്‍ മാര്‍ക്കറ്റില്‍ ഇറക്കിയിട്ടുണ്ട്.

4) Apple iOS: ആപ്പിളിന്റെ iPhone, iPad,  iPod എന്നിവ പ്രവര്‍ത്തിക്കുന്നത് അവരുടെ  iOS എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ്.

5) Android OS: ആന്‍ഡ്രോയ്‌ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലുകളെയാണ് നമ്മള്‍ ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ എന്ന് പറയുന്നത്. ആന്‍ഡ്രോയ്‌ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഒരു സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ആണ്.  ഓപ്പന്‍ സോഫ്റ്റ്‌വേര്‍ എന്ന് പറയും. ആ സോഫ്റ്റ്വേറിന്റെ സോഴ്സ് കോഡ് ആര്‍ക്കും ലഭ്യമാണ്. ആര്‍ക്കും വികസിപ്പിക്കാവുന്നതും പരിഷ്ക്കരിക്കാവുന്നതുമായ പ്രോഗ്രാമുകളെയാണ് ഓപ്പന്‍ സോഫ്റ്റ്വേര്‍ എന്ന് പറയുന്നത്.  ആന്‍ഡ്രോയ്‌ഡും സ്വകാര്യ സോഫ്റ്റ്വേര്‍ ആയിരുന്നു. 2003 ല്‍ Android Incorporation എന്ന അമേരിക്കന്‍ കമ്പനിയാണ് ഈ സോഫ്റ്റ്വേര്‍ വികസിപ്പിച്ചത്. പിന്നീട് 2005ല്‍ ഗൂഗിള്‍ ആന്‍ഡ്രോയ്‌ഡ് കമ്പനിയെ വിലക്ക് വാങ്ങി.  ഗൂഗിള്‍ എന്നാല്‍ തികച്ചും ഒരു സോഫ്റ്റ്വേര്‍ അധിഷ്ഠിത കമ്പനിയാണ്.  അവര്‍ ഹാര്‍ഡ്‌വേര്‍ ഒന്നും നിര്‍മ്മിക്കുന്നില്ല. എന്നാല്‍ ആന്‍ഡ്രോയ്‌ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിച്ചുകൊണ്ട് ഗൂഗിള്‍ നെക്സസ് എന്ന പേരില്‍ മൊബൈല്‍ ഫോണ്‍ പുറത്തിറക്കി.  ആ ഫോണ്‍ പക്ഷെ നിര്‍മ്മിച്ചത് ഗൂഗിളിന് വേണ്ടി HTC എന്ന കമ്പനിയാണ്.  ആന്‍ഡ്രോയ്‌ഡ് കമ്പനിയെ  വാങ്ങിയെങ്കിലും ആ സോഫ്റ്റ്‌വേര്‍ പബ്ലിക്ക് ലൈസന്‍സ് പ്രകാരം ആര്‍ക്കും ഉപയോഗിക്കാന്‍ ഗൂഗിള്‍ അനുവദിക്കുകയായിരുന്നു. അതിന്റെ ഫലമായി എത്രയോ കമ്പനികള്‍ ഇന്ന് ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ നിര്‍മ്മിക്കുന്നു.

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ ജാവ പ്രോഗ്രാം ഉപയോഗിച്ച് പല തരത്തിലുള്ള ആപ്ലിക്കേഷനുകളും ഗെയിമുകളും രൂപകല്പന ചെയ്യാന്‍ പറ്റും. അങ്ങനെ ഇന്ന് ലക്ഷക്കണക്കിന് ആന്‍ഡ്രോയ്‌ഡ് ആപ്ലിക്കേഷനുകള്‍ ഉണ്ട്.  ആന്‍ഡ്രോയ്‌ഡ് ഫോണ്‍ കൈവശമുള്ള ആള്‍ക്ക് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ചില ആപ്ലിക്കേഷനുകള്‍ക്ക് നാമമാത്രമായ വില കൊടുക്കേണ്ടി വരും എന്ന് മാത്രം. ഗൂഗിള്‍ ആക്കൌണ്ട് ഉള്ള ആര്‍ക്കും ഇങ്ങനെ ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്ന് ആപ്പ്സ് ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. അത് കൂടാതെ നിരവധി തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഫ്രീയായി ലഭിക്കും.

ആന്‍ഡ്രോയ്‌ഡ് സോഫ്റ്റ്‌വേറിന്റെ ഏറ്റവും ലേറ്റസ്റ്റ് വെര്‍ഷന്‍ 4.2 ആണ്. നാലാമത്തെ സീരീസില്‍  4.1.1 വെര്‍ഷന്‍ (Jelly Bean) ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. സാംസങ്ങിന്റെ ഗ്യാ‍ലക്സി S III ഫോണ്‍ ഓട്ടോമെറ്റിക്ക് ആയി Jelly Bean 4.1.1 ലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നുണ്ട്.  ഇങ്ങനെ ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ Jelly Bean 4.1.1 ലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുമ്പോള്‍ അത് വളരെയധികം സ്മാര്‍ട്ട് ആവുകയാണ്. ഏറ്റവും വലിയ പ്രത്യേകത സ്വിച്ച് ചെയ്യാവുന്ന കീബോര്‍ഡ് ആണ്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നിങ്ങനെയുള്ള ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുന്ന 45ഓളം ഡിഫോള്‍ട്ട് കീബോര്‍ഡുകളാണ് ഇതില്‍ ഉള്ളത്. ഡെഡിക്കേറ്റഡ് കീബോര്‍ഡില്‍ നിന്ന് 45 ഭാഷകളില്‍ സ്വിച്ച് ചെയ്ത് ഒരേ സമയം ടൈപ്പ് ചെയ്തുപോകാമെന്ന് സാരം. കമ്പ്യൂട്ടറില്‍ നിലവില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്തതാണ് ഈ സൌകര്യം എന്നോര്‍ക്കുമ്പോള്‍ ആന്‍ഡ്രോയ്‌ഡ് ഫോണ്‍ കമ്പ്യൂട്ടറിനെയും മറികടക്കുകയാണ്. യൂനികോഡ് സപ്പോര്‍ട്ട് ചെയ്യുന്നത്കൊണ്ട് ഏത് പ്രാദേശിക ഭാഷകളിലും വായിക്കാനും കഴിയും.

ചുരുക്കത്തില്‍ ഒരു ആന്‍ഡ്രോയ്‌ഡ് ഫോണും അതില്‍ 3ജി സിം കാര്‍ഡും ആവശ്യത്തിന് ഡാറ്റ ബാലന്‍സും ഉണ്ടെങ്കില്‍ നമുക്ക് കഴിയാത്തത് ഒന്നുമില്ല.

5 comments:

കാഡ് ഉപയോക്താവ് said...

സാംസങ്ങിന്റെ ഗ്യാ‍ലക്സി S III ഫോണ്‍ വാങ്ങിയതിനു ശേഷം ആദ്യം വായിക്കുന്ന ബ്ലോഗ് താങ്കളുടേതായതില്‍ സന്തോഷം. Varamozhi transliteration എന്ന app - Samsung Play Store - ല്‍ , ലഭ്യമാണ്. എന്നാലും മലയാളം ബ്ലോഗ് വായിക്കുമ്പോള്‍, ‘ചില്ല്’പ്രശ്നം ഉണ്ട് എന്ന പോരായ്മ ആന്‍ഡ്രോയിഡില്‍ പരിഹരിച്ചിട്ടില്ല. ഇതേക്കുറിച്ച് ആര്‍ക്കെങ്കിലും അറിയുമെങ്കില്‍, ഒരു പരിഹാരം നിര്‍ദ്ദേശിക്കണേ...
നന്ദി സാര്‍.

K.P.Sukumaran said...

@ കാഡ് ഉപയോക്താവ്, ഗ്യാ‍ലക്സി S III ഫോണില്‍ Varamozhi transliteration എന്ന app എന്തിനാണ്? ഞാന്‍ അത് അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്തു. 4.1.1 ലേക്ക് അപ്‌ഗ്രേഡ് ചെയ്താല്‍ മലയാളം കീബോര്‍ഡ് അതില്‍ ഡിഫോള്‍ട്ടായി തന്നെ ഉണ്ട്. അത് പറയാന്‍ വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് എഴുതിയത് തന്നെ. ചില്ല് പ്രശ്നം യുനികോഡുമായി ബന്ധപ്പെട്ടതാണ്. ആന്‍ഡ്രോയിഡില്‍ മാത്രമായി അത് പരിഹരിക്കപ്പെടാന്‍ കഴിയില്ല എന്ന് തോന്നുന്നു :)

കാഡ് ഉപയോക്താവ് said...

I shall Try.

Thank you sir.

ajith said...

വളരെ നന്നായി
ഈ പോസ്റ്റ് എനിക്കും ഉപകാരപ്പെട്ടു

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വളരെ പ്രയോജനകരമായ പോസ്റ്റ്‌. .ആശംസകള്‍