Links

കുടുംബശ്രീയും ജനശ്രീയും പിന്നെ ചില പ്രതികരണങ്ങളും..


കുടുംബശ്രീ എന്നത് കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗ്ഗബഹുജന സംഘടന പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്കാണ് കുടുംബശ്രീയില്‍ അംഗത്വം കിട്ടുക. സ്വാഭാവികമായും സ്ത്രീകള്‍ തന്നെയായിരിക്കും കുടുംബശ്രീയില്‍ ഭാരവാഹികളും. എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രാ‍ദേശികനേതാക്കളുടെ അദൃശ്യഹസ്തങ്ങള്‍ കുടുംബശ്രീ യൂനിറ്റുകളെ നിയന്ത്രിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. കേന്ദ്ര സര്‍ക്കാര്‍ എന്ത് ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയാലും അതൊക്കെ തങ്ങളുടേതാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ മാ‍ര്‍ക്സിസ്റ്റുകളുടെ മിടുക്ക് ഒന്ന് വേറെ തന്നെയാണ്. തൊഴിലുറപ്പ് പദ്ധതി വന്നപ്പോള്‍ അവര്‍ ഒരു യൂനിയന്‍ തന്നെ ഉണ്ടാക്കിക്കളഞ്ഞു. തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍. ചുരുക്കി പറഞ്ഞാല്‍ കുടുംബശ്രീ കേരളത്തില്‍ സി.പി.എമ്മിന്റെ പോഷകസംഘടന പോലെയാണിന്ന്.

ജനശ്രീ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാണ്. പ്രാ‍യപൂര്‍ത്തിയായ ആര്‍ക്കും സ്ത്രീ-പുരുഷ ഭേദമെന്യേ അതില്‍ അംഗമാകാം. ഏത് ചാരിറ്റബിള്‍ സൊസൈറ്റിക്കും സര്‍ക്കാര്‍ സഹായത്തിന് അപേക്ഷിക്കുകയും സഹായം സ്വീകരിക്കുകയും ചെയ്യാം. കേരളത്തില്‍ ഏത് സര്‍ക്കാര്‍ ഭരിക്കുമ്പോഴും, ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ പണമായോ ഭൂമിയായോ സര്‍ക്കാരില്‍ നിന്ന് വാങ്ങാറുള്ളത് സി.പി.എം. ഭരിക്കുന്നതോ നിയന്ത്രിക്കുന്നതോ ആയ സംഘടനകളാണ്. അതൊക്കെ അവരുടെ സാമര്‍ഥ്യം. അസൂയപ്പെട്ടിട്ട് കാര്യമില്ല.

എന്നാല്‍ ഇപ്പോള്‍ ജനശ്രീ എന്ന ചാരിറ്റബിള്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയപ്പോള്‍ അത് കുടുംബശ്രീയെ തകര്‍ക്കാനാണ് എന്നാണ് പ്രചരണം. കുടുംബശ്രീയുടെ വളര്‍ച്ചയില്‍ കണ്ണ് കടി കൊണ്ടാണ് ജനശ്രീക്ക് സഹായം നല്‍കുന്നത് എന്നാണ് അച്യുതാനന്ദന്‍ പറയുന്നത്. കുടുംബശ്രീക്കാര്‍ ഇതിനെതിരെ സമരവും നടത്തുന്നു. സാമൂഹ്യപ്രവര്‍ത്തനം എന്നത് ആരുടെയും കുത്തകയല്ല. കോണ്‍ഗ്രസ്സുകാര്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റികള്‍ ആരംഭിക്കാനും സര്‍ക്കാര്‍ ഫണ്ട് സ്വീകരിക്കാനും എല്ലാം അവകാശമുണ്ട്. ജനശ്രീ പ്രവര്‍ത്തിക്കുന്നത്കൊണ്ട് കുടുംബശ്രീ തകരും എന്ന് പറഞ്ഞ് സമരാഭാസം നടത്തുന്നത് വിചിത്രമാണ്. മാര്‍ക്സിസ്റ്റുകാരുടെ സാമര്‍ഥ്യവും മിടുക്കും സംഘാടന വൈഭവവും പണം ഉണ്ടാക്കാനുള്ള കൌശലവും അടവ്നയങ്ങളും തന്ത്രങ്ങളും മറ്റൊരു സംഘടനക്കും ഉണ്ടാവുകയില്ല. എന്നാല്‍ തന്നെയും ആ പാര്‍ട്ടി പടര്‍ന്ന് പന്തലിച്ച് ഇന്ത്യ മൊത്തം വ്യാപിക്കുകയില്ലല്ലോ എന്നും പടവലങ്ങ പോലെ കുത്തോട്ടേക്കല്ലേ വളരൂ എന്നതും മാത്രമാണ് ആശ്വാസം.

ജനശ്രീയെ ദയവായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ എന്ന് കുടുംബശ്രീക്കാരോട് എന്തായാലും പറയുന്നില്ല. കാരണം, ആരെതിര്‍ത്താലും ജനശ്രീക്ക് ധനസഹായം നല്‍കും എന്ന് മന്ത്രി പറഞ്ഞുട്ടുണ്ടല്ലൊ. മന്ത്രിയുടെ ധീരതയെ വാഴ്ത്തുന്നു!

19 comments:

Ravindranath TK said...

കോണ്ഗ്രസ്സുകാര്‍ പോലും പറയാന്‍ മടിക്കുന്ന
വാദങ്ങളാണ് സുകുമാരന്‍ കൊണ്ട്‌ വരുന്നത്.
കുടുംബശ്രീ മിഷന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു
വന്ന ഒരു പദ്ധതിയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥന്‍
മാരാണ് അതിന്റെ തലപ്പത്തിരുന്നു നിയന്ത്രിക്കുന്നത്‌.
ഹസ്സന്റെ ജനശ്രീ പോലെയുള്ള ഒരു ചാരിറ്റബിള്‍
സൊസൈറ്റിയല്ല അത്‌. സ്ത്രീശാക്തീകരണം
ഉദ്ദേശിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് കുടുംബശ്രീ.
ഈ കുടുംബശ്രീയുടെ പ്രവര്‍ത്തനത്തെ ശ്ലാഘിച്ച
ആളാണ്‌ കേന്ദ്രഗ്രാമവികസനമന്ത്രി ജയറാം
രമേശ്‌. അത്‌ കാരണം ഇവിടത്തെ കോണ്ഗ്രസ്സുകാര്‍
രമേശിനെതിരെ സോണിയാഗാന്ധിക്ക് പരാതി
നല്‍കുകയുണ്ടായി. ഒരു ജനോപകാരപ്രദമായ
പദ്ധതി വെറും കടലാസ് പദ്ധതിയാക്കാതെ
ജനങ്ങള്‍ക്ക്‌ അതിന്റെ ഗുണം ഉണ്ടാക്കി കൊടുക്കാന്‍
ശ്രമിച്ച സി.പി.എമ്മിനെ പ്രശംസിക്കുകയാണ്
വേണ്ടത്.

Edwin Nettar said...

കുടുംബശ്രീ എന്ന പദത്തിനു കടപ്പാടുന്ടെങ്കില്‍ കൂടി കുടുംബ ശ്രീയുടെ പിതൃത്വം ഇടതു പക്ഷത്തിനു മാത്രമല്ല എന്നോര്‍ക്കണം . സ്ത്രീകളിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനം ചെയ്യാന്‍ കേന്ദ്രത്തിന്റെ സഹകരണത്തോടെ ആരെമ്പിച്ച ഈ പദ്ധതി കെ കരുണാകരന്റെ കാലത്ത് ആലപ്പുഴയിലും പിന്നീട് കാസര്‍കോടും ആണ് കൂടുതല്‍ സ്ഥലങ്ങളില്‍ പരീക്ഷിച്ചത് . അതുകൊണ്ട് തന്നെ ഈ പദ്ധതിക്ക് ആലപ്പുഴ മോഡല്‍ എന്ന പേര്‍ കൂടി ഉണ്ട് . ആന്റണി യുടെ കാലത്ത് ഇത് സാര്‍വത്രികമായി വ്യാപിച്ചു .മാത്രവുമല്ല കേരള മുനിസിപല്‍ നിയമങ്ങളില്‍ മാറ്റം വരുത്തി ഇതിനു നിയമ സംരെക്ഷണം നല്കിയതും എ കെ ആന്റണി ആണ് .മാത്രവുമല്ല 1995 ഇല്‍ എ കെ ആന്റണി യുടെ കാലത്ത് ഐക്യ രാഷ്ട്ര സഭയുടെ അവാര്‍ഡും ലഭിച്ചു. .

ശെരിയാണ് കുടുംബശ്രീ എന്ന പേരില്‍ തുടങ്ങിയത് നായനാര്‍ മുഖ്യ മന്ത്രി ആയിരുന്ന കാലത്താണ് . പക്ഷെ അന്ന് ഇത് ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി വാജ്പൈ ആണ് . കേന്ദ്ര സഹകരണ പദ്ധതി ആയതു കൊണ്ട് അവര്‍ക്കും അവകാശപ്പെടാം . ആര് അവകാശപ്പെട്ടലും ശെരിക്കും ഇതിന്റെ ക്രെഡിറ്റ്‌ പോകേണ്ടത് ഐ എ എസ് കാരായ ടി കെ ജോസിനും , ശാരദ മുരളീധരനും ആണ് . അവരാണ് ഇത് വിപുലീകരിച്ചത് . മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അവരുടെ സമ്മേളനങ്ങള്‍ക്കും കുടുംബ യോഗങ്ങള്‍ കൂട്ടുന്നതിനും ഈ പ്രസ്ഥാനത്തെ ഉപയോഗിച്ച് എന്നത് ഈ പ്രസ്ഥാനത്തെ അറിയാവുന്ന ആര്‍ക്കും അറിയാം . ഇത് നിഷേധിച്ചാല്‍ കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യം . അതാണ്‌ ജേണ ശ്രീയുടെ വളര്‍ച്ചയില്‍ ഇടതു പക്ഷം ഭയപ്പെടുന്നത് .അവരെ സംബന്ധിച്ചിടത്തോളം ലോക്കല്‍ കമ്മിറ്റി പോലെ ഒരു സംഘടിത സമൂഹമാണ് കുടുംബശ്രീ .എല്ലാ പാര്‍ട്ടിയിലും ഉള്ളവര്‍ കുടുംബ ശ്രീയില്‍ ഉണ്ട് .അതുകൊണ്ടാണ് ഇത് ഇടതു പക്ഷത്തിന്റെതല്ല മറിച്ച് സര്‍ക്കാരിന്റെതാണ് എന്ന് പറയുന്നത് .എങ്കിലും പാര്‍ട്ടിയുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ ഒത്തിരി കുടുംബ ശ്രീയില്‍ ഉണ്ട് .അവര്‍ വഴി പാര്‍ട്ടി പ്രചരണം നടത്തുന്നുമുണ്ട് .അത് പോലെ തന്നെ ജെനശ്രീയിലും ധാരാളം ഇടതു പക്ഷക്കാരും ഉണ്ട് .ആനുകൂല്യങ്ങള്‍ വാങ്ങുന്നതിന് പാര്‍ട്ടി വ്യത്യാസം ഒന്നുമില്ല .പക്ഷെ കുടുംബ ശ്രീ തങ്ങളുടെതാണ് എന്ന രീതിയില്‍ ഉള്ള സമീപനം തെറ്റാണ്. മാത്രവുമല്ല ജേണ ശ്രീ യുടെ തുടക്കം മുതലേ തോമസ്‌ ഐസക്‌ ഇതിനെ എതിര്ത്തിരുന്നത് പച്ചയായ ഒരു വസ്തുതയാണ് .ഇല്ലെന്നു ആരെങ്കിലും പറയുമോ ?

Edwin Nettar said...

ഒരു വനിതാ പ്രസ്ഥാനം മതി എന്ന് അഭിപ്രായം ഉള്ളവര്‍ക്ക് ഒരു പാര്‍ട്ടി മതി എന്ന അഭിപ്രായവും ഉണ്ടോ . എങ്കില്‍ ആദ്യം ഇടതു പക്ഷ കക്ഷികള്‍ ഒന്നിക്കട്ടെ . ജെന ശ്രീ ഒരു സ്വകാര്യ കൂട്ടായ്മയുടെ പ്രസ്ഥാനവും കുടുംബ ശ്രീ സര്‍ക്കാര്‍ ബജറ്റിന്റെ സഹായത്തോടെ , കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ആണ് . ഇത് പോലെ എസ് എന്‍ ഡി പി ക്കും അവരുടെ യോഗം വഴി സാമ്പത്തിക സഹായ പദ്ധതികള്‍ നടപ്പിലാക്കുന്ന മൈക്രോ ഫിനാന്‍സ് പദ്ധതികള്‍ ഉണ്ട്. എന്തെ അതിനെ എര്തിര്‍ക്കാത്ത്തത് .ബാങ്ക് ഉണ്ട് എന്ന് പറഞ്ഞു ഒഴിയരുതോ . ഇവിടെ പ്രശ്നം കുടുംബ ശ്രീയോട് ജെനശ്രീയ്ക്ക് അല്ല മറിച്ച് ഇടതു നേതാക്കള്‍ക്ക് ജെന ശ്രീയോട് ആണെന്ന് മാത്രം .അതുകൊണ്ടാണല്ലോ കുടുംബ ശ്രീയുടെ വളര്‍ച്ചയില്‍ കോണ്‍ഗ്രസിന്‌ കണ്ണ് കടിയാണെന്ന് വി എസ്. പറഞ്ഞത് .കോണ്‍ഗ്രസ്‌ അല്ലല്ലോ പറഞ്ഞത്. സര്‍ക്കാര്‍ കുടുംബ ശ്രീയ്ക്ക് എതിരായി ഒന്നും പ്രവര്‍ത്തിച്ചില്ല .ജെന ശ്രീയ്ക്ക് വായ്പ നിയമ വിധേയ രീതിയില്‍ അനുവദിച്ചതിനാണ് ഈ കോലാഹലങ്ങള്‍ .അല്ല എന്ന് ആര് പറയും .സര്‍ക്കാരിന് ഒത്തിരി പദ്ധതികള്‍ ഉണ്ട് . അതെല്ലാം കുടുംബ ശ്രീയുടെതാണ് എന്ന് പറയുന്നതാണ് മടയത്തരം .കുടുംബ ശ്രീയ്ക്കുള്ള ഏതു പദ്ധതി വിഹിതം ആണ് വെട്ടി കുറച്ചത് എന്ന് പറഞ്ഞാല്‍ തെറ്റാണെന്ന് സമ്മതിക്കാം .അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണല്ലോ .കുടുംബ ശ്രീയല്ല പ്രശ്നം ജെന ശ്രീ ആണ് പ്രശ്നം .ആര്‍ക്കു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് .അത് തന്നെയാണ് ഇവിടെ ചൂണ്ടി കാട്ടിയതും

Sherly Benny said...

കുടുംബ ശ്രീ കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കുത്തക എന്ന് ഞാന്‍ പറയുന്നില്ല എങ്കിലും എവിടെയും ഗുണ്ടായിസം കാണിക്കാനും ...വളഞ്ഞ വഴിയില്‍ കു‌ടി പലരെയും വശത്താക്കാനും കഴിവുള്ള മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ...കുടുംബ ശ്രീ യിലും കുറെ സ്ത്രി കളെ ഒപ്പിച്ചെടുത്തു ..കോണ്‍ഗ്രെസു കാരെ സംബന്ധിച്ച് അവര്‍ നേരായ വഴി തിരഞ്ഞെടുക്കുകയും അവര്‍ക്കുള്ള അണികള്‍ ആ പാര്‍ട്ടിയില്‍ അടിയുറച്ചു നില്‍ക്കുകയും ചെയ്യും ..അത് കൊണ്ട് തന്നെ ആണ് ഇന്നും കോണ്‍ഗ്രെസ് പാര്‍ട്ടിക്ക് എവിടെയും തല ഉയര്‍ത്തി നില്ക്കാന്‍ സാധിക്കുന്നത്‌ ..എന്തായാലും ...ജനശ്രീ...നല്ലൊരു നല്ലൊരു വിജയമാകട്ടെ എന്ന് ആശംസിക്കുന്നു .......

V B Rajan said...

കുടുംബശ്രീ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കുത്തകയാണെങ്കില്‍ ജനശ്രീ കോണ്‍ഗ്രസ്സിന്റെ കുത്തകയാണ്. ഏം.എം.ഹസ്സനാണ് തലപ്പത്ത്. അതിന്റെ പ്രാദേശിക നേതാക്കളെല്ലാം കോണ്‍ഗ്രസ്സിന്റെ അറിയപ്പെടുന്ന പ്രവര്‍ത്തകര്‍ തന്നെയാണ്. ജനശ്രീയെ സഹായിക്കാനുള്ള കേരളത്തിലെ കോണ്‍ഗ്രസ്സ് മന്ത്രിമാരുടെ വ്യഗ്രത കാണുമ്പോള്‍ കാര്യങ്ങള്‍ ഏതു കൊച്ചുകുട്ടിക്കും മനസ്സിലാകും. ജനശ്രീയോടുള്ള ഉദാരമനസ്കത മറ്റ് ചാരിറ്റബിള്‍ സൊസൈറ്റിയോട് എന്തുകൊണ്ട് സര്‍ക്കാര്‍ കാണിക്കുന്നില്ല? മാത്രമല്ല കുടുംബശ്രീ മാതൃകയില്‍ മറ്റു സംസ്ഥാനങ്ങളില്‍ ക്ഷേമപ്രവര്‍ത്തനം നടത്തുമെന്ന് പ്രഖ്യാപിച്ച കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ ആദ്യം രംഗത്ത് വന്നത് മന്ത്രി കെ.സി.ജോസഫാണ്. കേരളത്തില്‍ നിന്ന് പരിശീലനത്തിനുവേണ്ട് കുടുംബശ്രീ പ്രവര്‍ത്തകരെ മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കുന്നതിനേയും മന്ത്രി എതിര്‍ത്തിരുന്നു. ക്ഷേമപ്രവര്‍ത്തനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന പണം ഇത്തരം തട്ടിക്കൂട്ടു സംഘടനകള്‍ വഴി മത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കയ്യടക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

K.P.Sukumaran said...

ജനശ്രീ ഹസ്സന്റെ നേതൃത്വത്തില്‍ നടക്കുന്ന കോണ്‍ഗ്രസ്സിന്റെ ചാരിറ്റബിള്‍ സൊസൈറ്റി തന്നെയാണ്. കുടുംബശ്രീ മാര്‍ക്സിസ്റ്റുകാര്‍ കൈയ്യടക്കിയപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് വേറെ വഴിയില്ല. എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് നാട്ടില്‍ ഒരു ക്ലബ്ബ് തുടങ്ങിയാലും അത് സി.പി.എം. പിടിച്ചെടുക്കും. പത്ത് പേര്‍ ചേര്‍ന്ന് എന്ത് തുടങ്ങിയാലും അതില്‍ കക്ഷിരാഷ്ട്രീയം വരും. മാര്‍ക്സിസ്റ്റുകള്‍ നടത്തുന്ന എന്തിനും സി.പി.എം. ഭരിക്കുമ്പോള്‍ അനര്‍ഹമായി പോലും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കും. റബ്‌കോ കണ്ണൂരില്‍ അത്യാധുനിക ഓഡിറ്റോറിയം നിര്‍മ്മിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് അടുക്കാന്‍ പറ്റില്ല. ആ റബ്‌കോ എന്ന സഹകരണസംഘത്തിന് സി.പി.എം. ഭരിക്കുമ്പോള്‍ എത്ര കോടിയാണ് വാരിക്കോരി കൊടുത്തത്. യു.ഡി.എഫ്. ഭരിക്കുമ്പോഴും അവര്‍ മിടുക്ക് കൊണ്ട് വാങ്ങും. ജനശ്രീ എന്ന കോണ്‍ഗ്രസ്സ് സംരംഭത്തിന് ഇപ്പോഴത്തെ സര്‍ക്കാ‍ര്‍ പണം കൊടുക്കട്ടെ. കോണ്‍ഗ്രസ്സുകാരും ചില്ലറ വാങ്ങട്ട് ...

അനില്‍ഫില്‍ (തോമാ) said...

ഹസ്സന്റെ സ്വകാര്യ ബ്ലേഡ് കമ്പനിയായ ജനശ്രീക്കു മാത്രമല്ല, മുഖ്യമന്ത്രിയുടെ മരുമകന്റെ മുത്തൂറ്റ് ഫിനാന്‍സിനും സര്‍ക്കാര്‍ സഹായം നല്‍കണം. അതിനുവേണ്ടി വേണ്ടിവന്നാല്‍ കുടുംബശ്രീക്ക് ആപ്പുവെയ്ക്കുന്നത് പോലെ KSFE ക്കും KFC ക്കും ആപ്പുവെച്ച് തകര്‍ക്കണം.

ജനശ്രീ ആര്‍ക്ക് എന്തു ശാക്തീകരണമാണു നടപ്പിലാക്കുന്നതെന്നു കൂടി പറയുവാനുള്ള ബാധ്യത ഹസ്സനില്ലെങ്കിലും അഴിമതിക്കും സ്വജന പക്ഷപാതത്തിനും ഈ ന്യായീകരണ പോസ്റ്റിട്ട സുകുമാരന്‍ സാറിനുണ്ടെന്നു മറക്കരുത്.

ജനശബ്ദം said...

താങ്കള്‍ കെപിസിസി വക്താവ് എം എം ഹസന്റെ വക്താവ് ആണല്ലൊ ഇതിന്റെ മറുപടിയും പറഞ്ഞുകൊള്ളുക......
ജനശ്രീക്ക് എതിരായ ആക്ഷേപങ്ങള്‍ അന്വേഷിക്കണം: ഐസക്

തിരു: കെപിസിസി വക്താവ് എം എം ഹസന്‍ ചെയര്‍മാനായ ജനശ്രീ സുസ്ഥിര വികസന മിഷനെകുറിച്ച് ഉയര്‍ന്നുവന്നിട്ടുള്ള ആക്ഷേപങ്ങളെകുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ ആവശ്യപ്പെട്ടു.

ഹസനും ജനശ്രീ മിഷനുമെതിരായ ഉയര്‍ന്നിട്ടുള്ള സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള ആക്ഷേപങ്ങള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. ഒരു ജഡ്ജിയേയോ കമ്പനി ലാ സെക്രട്ടറിയെപോലെ ഈ രംഗത്ത് പരിചിതരായവരെയോ ഇതിനായി ചുമതലപ്പെടുത്തണം. ജനശ്രീക്ക് നിയമവിരുദ്ധമായി പണം അനുവദിച്ച നടപടി സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ സമരം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്നും സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരവേദിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തോമസ് ഐസക് അറിയിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ജനശ്രീയുടെ രക്ഷാധികാരി എന്ന നിലയില്‍ എ കെ. ആന്റണി ഈ വിഷയത്തില്‍ പ്രതികരിക്കണം. കുടുംബശ്രീയെ തകര്‍ക്കുകയും ജനശ്രീയെ വഴിവിട്ടു സഹായിക്കുകയും ചെയ്യുന്ന നിലപാടിനെതിരെ സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും ഐസക് പറഞ്ഞു. ആത്മാഭിമാനം ഉണ്ടെങ്കില്‍ ജനശ്രീക്കെതിരായ ആരോപണം തെളിയിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെല്ലുവിളിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ തട്ടിപ്പിനെ സംബന്ധിച്ച എല്ലാ രേഖകളും പുറത്തുവന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കണം. ജനശ്രീ മൈക്രോഫിനാന്‍സ് കമ്പനി ഇന്‍കോര്‍പ്പറേറ്റ് ചെയ്തപ്പോള്‍ ചെയര്‍മാന്‍ ഹസന് 19,94,000 ഓഹരികള്‍ ഉണ്ടായിരുന്നു. മറ്റ് ആറുപേര്‍ക്ക് 1000 രൂപയുടെ വീതം ഓഹരികളാണുള്ളത്. എന്നാല്‍ ഇത്രയും ഓഹരികള്‍ തന്റെ പേരിലുള്ളത് തികച്ചും സാങ്കേതികമാണെന്നും മറ്റുള്ളവരുടെ ഓഹരിയാണിതെന്നുമാണ് ഹസന്‍ പറഞ്ഞത്. ബിനാമി പേരില്‍ ഓഹരികള്‍ വാങ്ങുന്നത് ക്രിമനല്‍കുറ്റമാണ്. ഇക്കാര്യത്തില്‍ അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്. പൊതുതാല്‍പര്യ ഹര്‍ജി നല്‍കുന്നതും പരിഗണിക്കും. ജനശ്രീ രൂപീകരിച്ച സമയത്ത് രണ്ട് കോടിരൂപ ഹസനാണ് നിക്ഷേപിച്ചത്. ഈ തുക പൊതുപ്രവര്‍ത്തകനായ ഹസന് എവിടെനിന്നു ലഭിച്ചുവെന്നും വ്യക്തമാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

Sunil Alakkat said...

കുടുംബശ്രീ പോലെ ജനശ്രീയും വരട്ടെ നിങ്ങളെന്തിനാ സഖാക്കളെ ബേജാര്‍ ആവുന്നത് ആരാണ് നല്ലവണ്ണം പ്രവര്‍ത്തിക്കുന്നത് അവര്‍ നിലനിന്നുപോകും ഇപ്പോള്‍ ജനശ്രീ അതുപോലെ കുടുംബശ്രീയും ധാരാളം സഹായങ്ങള്‍ ഗവണ്മെന്റില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്‌ അതെല്ലാം എല്‍ ഡി എഫിന്റെ നേട്ടംഎന്ന് മാത്രമാക്കി അതിലെ ആള്‍ക്കാര്‍ക്ക് കൈമാറിയിട്ടും ഉണ്ട് അധിക സ്ഥലത്തും സി പി എമ്മിന്റെ പോഷക സംഘടന പോലെയാണ് അത് പ്രവര്‍ത്തിക്കുന്നതും അതിലെ അംഗങ്ങള്‍ക്ക് കിട്ടുന്ന സഹായങ്ങള്‍ ഗവന്മേനുവക ആണ് എന്നാല്‍ സാധാരണക്കാരായ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചു സി പി എം പാര്‍ട്ടി വളര്‍ത്താനുള്ള ഒരു വേദി മാത്രമായി കുടുംബ ശ്രീയെ മാറ്റിയിരിക്കുന്നു പിന്നെ സഖാക്കള്‍ക്ക് ഇതിനെയൊക്കെ എതിര്‍ക്കാന്‍ എന്താണ് അവകാശം പരിയാരത്ത് മെഡിക്കല്‍ കോളേജു തുടങ്ങുമ്പോള്‍ അതിനെ എങ്ങിനെയെല്ലാം നശിപ്പിക്കാം എന്നുനോക്കിയിട്ടു ഇപ്പോള്‍ യാതൊരു ഉളുപ്പും ഇല്ലാതെ അതിന്റെ അമരത്ത് ഇരിക്കുന്നതും അവര്‍തന്നെ ചിലര്‍ ഇവിടെ ചോദിക്കുന്നത് കേട്ടു എന്തുകൊണ്ട് കുടുംബശ്രീ എന്നാ ആശയം നേരത്തെ കൊണ്ടുവരാന്‍ പറ്റിയില്ല എന്ന് ഇതിനൊക്കെ എന്ത് മറുപടി ആണ് അര്‍ഹിക്കുന്നത് അത് ചോദിച്ച മഹാന്‍ എന്തുകൊണ്ട് കുറച്ചു വര്ഷം മുന്‍പ് ജനിച്ചില്ല എന്ന് ചോദിച്ചാല്‍ എന്താണോ മറുപടി അതുതന്നെ അതിന്റെയും മറുപടി കുടുംബശ്രീ സി പി എമ്മുകാര്‍ തറവാട്ടു സ്വത്തു ആക്കിയതുപോലെ അല്ല ജനശ്രീയുടെ പ്രവര്‍ത്തനം എന്നാണു ഇപ്പോള്‍ മനസിലാക്കിയിരിക്കുന്നത് രണ്ടും പരസ്പരം മത്സരിച്ചു നാടിനു വല്ല ഗുണവും നാട്ടുകാര്‍ക്ക് വല്ല ഗുണവും ഉണ്ടെങ്കില്‍ പിന്നെ നിങ്ങളെന്തിനാ സഖാക്കളെ പേടിക്കുന്നത് ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പോലും ഗുണം കൈയ്യടക്കിയത് നിങ്ങള്‍ അല്ലെ ? ..

Noushad said...

കുടുംബശ്രീ തൊഴില്‍ ഉറപ്പു പദ്ധതികള്‍ സി പി എമ്മിന്റെ കഴുകന്‍ കണ്ണുകളുടെ ഇരകളാണ് ... എന്ത് വില കൊടുത്തും അവര്‍ അത് പിടിച്ചെടുക്കുകയും ചെയ്യും .. അക്കാര്യത്തെ കുറിച്ച് യു ഡി എഫിന് അറിയാം എങ്കിലും കുടുംബശ്രീയുടെ രാഷ്ട്രീയ അടിമത്തം അവസാനിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല ..താഴെ തട്ട് വരെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ അവര്‍ ശ്രമിക്കാത്തത് കൊണ്ട് മാത്രമാണ് സി പി എം കേരളത്തില്‍ ജീവിച്ചു പോകുന്നത് .. അല്ലെങ്കില്‍ വല്ല ത്രിപുരയും കൊണ്ട് ആശ്വസിചേനെ

സന്തോഷ്‌ said...

@ കെ.പി.എസ്,

<> ജനശ്രീ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാണ്. പ്രാ‍യപൂര്‍ത്തിയായ ആര്‍ക്കും സ്ത്രീ-പുരുഷ ഭേദമെന്യേ അതില്‍ അംഗമാകാം. ഏത് ചാരിറ്റബിള്‍ സൊസൈറ്റിക്കും സര്‍ക്കാര്‍ സഹായത്തിന് അപേക്ഷിക്കുകയും സഹായം സ്വീകരിക്കുകയും ചെയ്യാം. <>


ശുദ്ധ വിവരക്കേടാണ് മുകളില്‍ എഴുതിയിരിക്കുന്നത്. ജനശ്രീ ചാരിറ്റബിള്‍ സൊസൈറ്റി അല്ല. ഔദ്യോഗിക രേഖകള്‍ പ്രകാരം "ജനശ്രീ മൈക്രോഫിന്‍" എന്ന സ്ഥാപനം ഒരു എന്‍.ബി.എഫ്.സി (നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി) ആണ്. ആര്‍.ബി.ഐ യുടെ സൈറ്റില്‍ നിന്നും ഉള്ളതാണ് ഈ ലിങ്ക്. ഈ ലിസ്റ്റിലെ ഇരുപത്തി ഏഴാമത്തെ സ്ഥാപനം ആണ് ജനശ്രീ. ഇതിലും കൂടുതല്‍ വിവരങ്ങള്‍ ഈ "കമ്പനി"യെക്കുറിച്ച് (കമ്പനി എന്നാല്‍ ചാരിറ്റബിള്‍ സൊസൈറ്റി അല്ല) അറിയണം എങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ministry of corporate affairs website ല്‍ സേര്‍ച്ച്‌ ചെയ്തു നോക്കിയാല്‍ മതി.

സന്തോഷ്‌ said...

<>കുടുംബശ്രീ എന്നത് കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗ്ഗബഹുജന സംഘടന പോലെയാണ് പ്രവര്‍ത്തിക്കുന്നത്.... എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രാ‍ദേശികനേതാക്കളുടെ അദൃശ്യഹസ്തങ്ങള്‍ കുടുംബശ്രീ യൂനിറ്റുകളെ നിയന്ത്രിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം...ചുരുക്കി പറഞ്ഞാല്‍ കുടുംബശ്രീ കേരളത്തില്‍ സി.പി.എമ്മിന്റെ പോഷകസംഘടന പോലെയാണിന്ന് <>

കുടുംബശ്രീ എന്നത് കേരള സര്‍ക്കാരിന്റെയും നബാര്‍ഡിന്റെയും സംയുക്ത സംരംഭം ആണ്. പഞ്ചായത്ത്-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയാണ് അതിന്റെ ചെയര്‍മാന്‍ (നിലവിലെ ചെയര്‍മാന്‍ ഡോ.എം.കെ.മുനീര്‍). എല്ലാ പാര്‍ട്ടികളുടെയും അനുഭാവികളും പ്രവര്‍ത്തകരും ഒക്കെ ഉള്‍ക്കൊള്ളുന്ന ഒരു കൂട്ടായ്മയാണ് ഈ സംരംഭം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാര്‍ / അനുഭാവികള്‍ മാത്രമുള്ള സ്ഥലങ്ങളില്‍ കുടുംബശ്രീയിലും പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ മാത്രം ആയിരിക്കും. മറ്റു പാര്‍ട്ടികള്‍ക്ക് സ്വാധീനം ഉള്ള മേഖലകളില്‍ അവരുടെ പ്രവര്‍ത്തകര്‍ക്കായിരിക്കും കുടുംബശ്രീയിലും മുന്‍‌തൂക്കം. മലപ്പുറത്തും കോട്ടയത്തുമൊക്കെ കുടുംബശ്രീ എന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗ്ഗബഹുജന സംഘടന പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറയുവാന്‍ കഴിയില്ല. കെ.പി.എസിന്റെ കേരളം എന്നാല്‍ കണ്ണൂരിലെ ഏതോ പാര്‍ട്ടി ഗ്രാമം മാത്രമായി ചുരുങ്ങുന്നതിന്റെ കുഴപ്പമാണ് ഇത്തരം വാചകങ്ങള്‍.

ബഹാഉദ്ധീന്‍ കോക്കാടന്‍ പൂനെ. said...

ഞങ്ങളെ കക്കാന്‍ അനുവദിക്കൂ പ്ലീസ്..!

ഹസന്‍ കുറച്ചു ആള്‍ക്കാരേം കൂട്ടി തട്ടിക്കൂട്ടിയ ഒരു ബ്ലേഡ് കമ്പനിയാണ് ജനശ്രീ..!!കേരളത്തില്‍ ജാതി മത രാഷ്ട്രീയത്തിനൊക്കെ അധീതമായി എല്ലാ വിഭാഗം സ്ത്രീകളും അംഗങ്ങള്‍ ആയ സര്‍ക്കാര്‍ സ്ഥാപനമാണ്‌ കുടുംബശ്രീ..!

കുടുംബശ്രീ തകര്‍ത്ത് ഹസനും കൂട്ടര്‍ക്കും കക്കാനുള്ള അവസരം ഒരുക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു..!!

ഒന്ന് കക്കാനുള്ള സ്വതന്ത്രം പോലും കേരളത്തില്‍ കൊണ്ഗ്രെസ്സിനു ഈ സഖാക്കള്‍ കൊടുക്കുന്നില്ലാല്ലോ ന്ടെ റബ്ബേ..!!



wElcOme tO mY wOrLd!

Anonymous said...

ജനശ്രീയെ എതിര്‍ക്കുന്നതെന്തിന്?
എം.എം. ഹസ്സന്‍ (ചെയര്‍മാന്‍, ജനശ്രീമിഷന്‍)
********************
ജനശ്രീ സുസ്ഥിര വികസന മിഷന്‍ എന്ന സര്‍ക്കാറിതര സാമൂഹികസംഘടന അഞ്ചുവര്‍ഷം മുമ്പ് രൂപംകൊണ്ടപ്പോള്‍ത്തന്നെ അതിനെ കഴുത്തുഞെരിച്ച് കൊല്ലാനുള്ള ശ്രമം ആരംഭിച്ചിരുന്നു. കേന്ദ്രധനമന്ത്രി പി. ചിദംബരം കൊച്ചിയില്‍ ജനശ്രീയുടെ ഉദ്ഘാടനം ചെയ്ത അതേദിവസം കേരളത്തിലെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് പ്രവചിച്ചു -ജനശ്രീ ജന്മംകൊണ്ടത് കുടുംബശ്രീയെ കുളംതോണ്ടാനാണെന്ന്. അതേപല്ലവി ഇപ്പോഴും തുടരുകയാണ്. എല്‍.ഡി.എഫ്. ഭരണത്തില്‍ കുടുംബശ്രീയെ കൈയടക്കിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യു.ഡി.എഫ്. ഭരണത്തില്‍ കുടുംബശ്രീയില്‍ പിടിമുറുക്കാന്‍ നടത്തുന്ന ശ്രമം ഈ എതിര്‍പ്പിന്റെ പശ്ചാത്തലമായി കാണാതിരിക്കാനാവില്ല.

ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിച്ചുകൊണ്ട് സുസ്ഥിര വികസനം ലക്ഷ്യമാക്കി ജന്മമെടുത്ത ജനശ്രീ ഒരു കുടുംബ കൂട്ടായ്മയാണ്. ഗാന്ധിയന്‍ ആശയങ്ങള്‍ പ്രവൃത്തിതലത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു സാമൂഹികസേവന പ്രസ്ഥാനമാണ് ജനശ്രീമിഷന്‍. ജനശ്രീ കുടുംബശ്രീക്ക് എതിരോ ബദലോ ആയി രൂപംകൊണ്ടതല്ല. സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീക്ക് കൂടുതല്‍ സഹായധനം നല്‍കുന്നതിനോട് ജനശ്രീക്ക് യാതൊരെതിര്‍പ്പുമില്ല. കുടുംബശ്രീയുടെ പ്രാധാന്യം കുറയ്ക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നുമില്ല. കുടുംബശ്രീക്ക് സര്‍ക്കാര്‍ സഹായധനവും പ്രാധാന്യവും ഇനിയും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. കുടുംബശ്രീയെ രാഷ്ട്രീയവത്കരിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങളെ മാത്രമേ ഞങ്ങള്‍ എതിര്‍ത്തിട്ടുള്ളൂ. ജനശ്രീയെ ഇവര്‍ എതിര്‍ക്കുന്നത് എന്തിനാണ് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ഇതിന് നേതൃത്വം നല്‍കുന്നവര്‍ പലരും കോണ്‍ഗ്രസ്സുകാരായിപ്പോയി എന്നതുതന്നെ.

ജനശ്രീമിഷന് കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കുന്ന രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍ (ആര്‍.കെ.വി.വൈ.) ഒരു പദ്ധതി അനുവദിച്ചുകിട്ടിയതോടെ സി.പി.എം. കലിയിളകിത്തുള്ളുകയാണ്. രാജ്യത്ത് കാര്‍ഷികസമ്പത്ത് വര്‍ധിപ്പിക്കാന്‍ ആരംഭിച്ച ആര്‍.കെ.വി.വൈ. പദ്ധതിയുടെ മാര്‍ഗരേഖയില്‍ പദ്ധതിക്ക് എന്‍.ജി.ഒ.കള്‍ക്കും സ്വയംസഹായസംഘങ്ങള്‍ക്കും സ്വകാര്യസംഘടനകള്‍ക്കും പദ്ധതി സമര്‍പ്പിക്കാന്‍ അവകാശം നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ ഭരണകാലത്ത് വയനാട്ടിലെ ബ്രഹ്മഗിരി പദ്ധതി ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രഹ്മഗിരി എന്ന എന്‍.ജി.ഒ.യ്ക്ക് നേതൃത്വം നല്‍കുന്നത് സി.പി.എം. നേതാവായ മുന്‍ എം.എല്‍.എ. കൃഷ്ണപ്രസാദ് ആണ്. ഇക്കൊല്ലം ജനശ്രീമിഷന്‍ ഉള്‍പ്പെടെ പതിന്നാലു സംഘടനകള്‍ക്കാണ് ആര്‍.കെ.വി.വൈ. പദ്ധതിയില്‍ പ്രോജക്ട് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 14 കോടി രൂപയുടെ പദ്ധതി നല്‍കിയതിന് ജനശ്രീയെമാത്രം ഒറ്റപ്പെടുത്തി സി.പി.എം. നേതാക്കള്‍ എതിര്‍ക്കുന്നതിന്റെ ന്യായം അവര്‍ക്ക് വിശദീകരിക്കാന്‍ കഴിയുമോ? ജനശ്രീമിഷന് പദ്ധതി നല്‍കിയത് രാഷ്ട്രീയ അഴിമതിയായി പ്രഖ്യാപിക്കുന്നവര്‍ കൃഷ്ണപ്രസാദിന്റെ ബ്രഹ്മഗിരിക്ക് പദ്ധതി അനുവദിച്ചതില്‍ ഒരു അപാകവും കാണുന്നില്ല. ഒരു സര്‍ക്കാറിതര സംഘടനയ്ക്ക് അവകാശപ്പെട്ടതും അര്‍ഹതയുള്ളതും മാത്രമാണ് ജനശ്രീ മിഷന് ലഭിച്ചിട്ടുള്ളത്. രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍ കുടുംബശ്രീ ഇതുവരെ ഒരു പദ്ധതിയും സമര്‍പ്പിച്ചിട്ടില്ല. എന്നിട്ടും കുടുംബശ്രീക്ക് കിട്ടേണ്ട പദ്ധതി ജനശ്രീ തട്ടിയെടുത്തുഎന്നാരോപിക്കുന്ന സി.പി.എം. നേതാക്കള്‍ ആടിനെ പട്ടിയാക്കുന്ന പ്രചാരണതന്ത്രമാണ് പ്രയോഗിക്കുന്നത്.

ജനശ്രീമിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. മാതൃസംഘടനയായ ജനശ്രീമിഷന്‍ മുന്‍കൈ എടുത്ത് രൂപവത്കരിച്ച ഒരു സഹോദരസ്ഥാപനമാണ് 'ജനശ്രീ മൈക്രോഫിന്‍' എന്നുപേരുള്ള നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനി. മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനത്തിന് മാത്രമായി ആരംഭിച്ച ഈ കമ്പനിയെയും ജനശ്രീമിഷന്‍ എന്ന എന്‍.ജി.ഒ.യെയും തമ്മില്‍ കൂട്ടിക്കുഴച്ച് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് സി.പി.എം. നേതാക്കള്‍ ശ്രമിക്കുന്നത്. റിസര്‍വ് ബാങ്ക് മൈക്രോഫിനാന്‍സ് വായ്പയ്ക്ക് അനുവദിച്ച 26 ശതമാനം പലിശനിരക്കിനേക്കാള്‍കുറഞ്ഞ പലിശ ഈടാക്കുന്ന ഈ നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനിയെ 'ബ്ലേഡ് കമ്പനി'യായിട്ടാണ് സി.പി.എം. ചിത്രീകരിക്കുന്നത്. ആര്‍.കെ.വി.വൈ. പദ്ധതിക്ക് അപേക്ഷിച്ചതും അനുവദിച്ചതും ജനശ്രീമിഷന്‍ എന്ന സര്‍ക്കാറിതര സംഘടനയാണ് (എന്‍.ജി.ഒ.). എന്നാല്‍, ജനശ്രീ മൈക്രോഫിന്‍ കമ്പനിക്ക് ഈ പദ്ധതിയുമായി യാതൊരു ബന്ധവുമില്ല. ആര്‍.കെ.വി.വൈ. പദ്ധതി മൈക്രോഫിനാന്‍സ് കമ്പനിക്ക് അനുവദിച്ചുവെന്ന് സി.പി.എം. നേതാക്കള്‍ പറയുന്നത് വസ്തുതാവിരുദ്ധമാണ്.

Anonymous said...

ജനശ്രീ മൈക്രോഫിന്‍ കമ്പനിയില്‍ ചീഫ് പ്രൊമോട്ടറായ എനിക്ക് ഒരു കോടി തൊണ്ണൂറ്റിഒമ്പത് ലക്ഷത്തിലധികം രൂപയുടെ ഓഹരിയുണ്ടെന്നും കമ്പനി എന്റെ സ്വകാര്യ കമ്പനിയാണെന്നുമാണ് ആദ്യം ആരോപിച്ചത്. കമ്പനി രൂപവത്കരിക്കാന്‍ കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ അപേക്ഷയില്‍ 65,000 രൂപ മാത്രം നിക്ഷേപിച്ചശേഷം രണ്ടുകോടി രൂപയുടെ ഷെയര്‍ കൊണ്ടുവരും (സബ്‌സ്‌ക്രൈബ് ചെയ്യും) എന്ന് വാഗ്ദാനം ചെയ്യുകയാണുണ്ടായത്. ആയതിന് ഭൂരിപക്ഷം ഷെയറുകള്‍ ചീഫ് പ്രൊമോട്ടറുടെ പേരിലാണ് രേഖപ്പെടുത്തിയത്. കമ്പനി ഇന്‍കോര്‍പ്പറേറ്റ് ചെയ്തത് 2010 മാര്‍ച്ച് 16-നാണ്. ആ ഘട്ടത്തില്‍ ഓഹരി പിരിച്ചെടുക്കുകയോ കമ്പനിയുടെ ഷെയറുകള്‍ അലോട്ട് ചെയ്യുകയോ ചെയ്തിരുന്നില്ല.

കമ്പനി രജിസ്റ്റര്‍ ചെയ്ത് അഞ്ചുമാസം കഴിഞ്ഞപ്പോഴാണ് ഷെയറുകള്‍ സംഭരിച്ച് രണ്ടുകോടിയിലധികം രൂപ നിക്ഷേപിച്ച് ഷെയര്‍ അലോട്ട്‌മെന്റ് നടത്തിയത്. ആദ്യത്തെ ഷെയര്‍ അലോട്ട്‌മെന്റ് നടത്തിയത് 2010 ആഗസ്ത് 14-നാണ്. ഈ സമയത്ത് എം.എം. ഹസ്സന് 50,000 രൂപയുടെ 5000 ഷെയറുകളും മറ്റു പ്രൊമോട്ടര്‍മാര്‍ക്ക് 15,000 രൂപയുടെ ഷെയറും നല്‍കി. ഭൂരിപക്ഷം ഷെയറുകളും ജനശ്രീസംഘങ്ങളുടെ ജില്ലാതല ഫെഡറേഷനുകള്‍ക്ക് അലോട്ട് ചെയ്തുകൊടുത്തു. മൊത്തം ഷെയറിന്റെ 0.9 ശതമാനം (ഒരു ശതമാനത്തില്‍ കുറവ്) മാത്രമാണ് തുടക്കത്തിലും ഇപ്പോഴും എം.എം. ഹസ്സന്റെ പേരിലുള്ളത്. രജിസ്‌ട്രേഷന്‍ സമയത്ത് കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചരേഖ ഉയര്‍ത്തിക്കാണിച്ചാണ് തോമസ് ഐസക് എനിക്ക് 99 ശതമാനം ഷെയറുണ്ടെന്ന് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നത്. അന്‍പതിനായിരം രൂപയില്‍ കൂടുതല്‍ ഒരു രൂപയെങ്കിലും ഇന്നലെയോ ഇന്നോ എന്റെ പേരില്‍ ജനശ്രീ മൈക്രോഫിന്‍ കമ്പനിയില്‍ ഷെയറുണ്ടെന്ന് തെളിയിച്ചാല്‍ ഞാന്‍ രാഷ്ട്രീയരംഗത്തുനിന്ന് പിന്മാറാനും സി.പി.എം. വിധിക്കുന്ന വധശിക്ഷ ഒഴികെയുള്ള ഏതു ശിക്ഷയും സ്വീകരിക്കാനും തയ്യാറാണ്. പക്ഷേ, ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തോമസ് ഐസക് ഇതുവരെ തയ്യാറായിട്ടില്ല.

സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി ജനശ്രീക്കെതിരെ സമരാഹ്വാനം നടത്തിയിരിക്കുന്നു. ജനശ്രീമിഷന് ഇടതുമുന്നണി കല്പിക്കുന്ന പ്രാധാന്യത്തില്‍ അഭിമാനം തോന്നുന്നുണ്ടെങ്കിലും എല്‍.ഡി.എഫിന്റെ രാഷ്ട്രീയ ഗതികേടിനോട് സഹതപിക്കാതിരിക്കാനാവില്ല. ഒരു സര്‍ക്കാറിതര സംഘടന എന്നനിലയില്‍ പ്രവര്‍ത്തിക്കാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിക്കുന്ന പദ്ധതികള്‍ ഏറ്റെടുത്തുനടത്താനും ജനശ്രീമിഷന് ജനാധിപത്യ രാജ്യത്തുള്ള അവകാശത്തെ ആരെതിര്‍ത്താലും അത് അംഗീകരിക്കാനാവില്ല. ജനശ്രീമിഷനില്‍ അംഗങ്ങളായി അണിനിരന്നിട്ടുള്ള പത്തുലക്ഷത്തിലധികം സ്ത്രീ, പുരുഷന്മാര്‍ കേരളത്തിലെ ജനങ്ങളാണെന്നകാര്യം സി.പി.എം. നേതാക്കള്‍ വിസ്മരിക്കുന്നതുപോലെ തോന്നുന്നു.

ഫസല്‍ ബിനാലി.. said...

സി പി എമ്മിന് ഇപ്പോള്‍ തൊഴിലില്ലായ്മയാണ്, അതുകൊണ്ടാണ് ഒന്നും ചെയ്യാനില്ലാതായപ്പോള്‍ ജനശ്രീക്കെതിരെ തിരിഞ്ഞിരിക്കുന്നത്. കുടുംബശ്രീക്കെതിരെ സര്‍ക്കാരോ കൊണ്ഗ്രസ്സോ ജനശ്രീയോ ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല എന്നതിനാലും സര്‍ക്കാര്‍, കുടുംബശ്രീ ഒരു സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ തുടര്‍ന്നും അതിനെ സംരക്ഷിക്കും എന്ന് പ്രഖ്യാപിചിരിക്കുന്നതിനാലും സി പി എമ്മിന് ജനശ്രീയോടാണ് ശത്രുത എന്ന് മനസ്സിലാകുന്നു, അതായത് ലക്ഷക്കണക്കിന്‌ കേരളീയരോട് (ജനശ്രീയില്‍ ഉള്ളവരെല്ലാം കേരളീയരാണല്ലോ) ശത്രുത എന്നര്‍ത്ഥം. യു ഡി എഫ് സര്‍ക്കാര്‍ ധീരതയോടെ ജനശ്രീക്കും കുടുംബശ്രീക്കും ഒരു പൂര്‍ണ്ണ പിന്തുണ നല്‍കണം, കാരണം ഈ രണ്ടു പദ്ധതികളിലും ജാതി മത രാഷ്ട്രീയത്തിന് അതീതരായുള്ള പാവപ്പെട്ട ജനങ്ങളാണ് അംഗങ്ങളായിട്ടുള്ളത്. സി പി എമ്മിനെ പോലെ സ്വജന പക്ഷാപാതം യു ഡി എഫിനില്ലാത്തതിനാല്‍ സി പി എമ്മിന്റെ ഇപ്പോഴത്തെ ഈ പ്രതിഷേധത്തില്‍ നിലപാടില്‍ മാറ്റം വരുത്തിയാല്‍ യു ഡി എഫിന് കാലം മാപ്പ് തരില്ല. ധീരതോയെ ജനങ്ങളുടെ പക്ഷത്ത് നിന്ന് കൂടുതല്‍ മുന്നോട്ടു പോകണം.

ഇ.എ.സജിം തട്ടത്തുമല said...

കുടുംബശ്രീകളിൽ സി.പി.എം അനുഭാവികൾക്ക് അല്പം മേൽകൈ ഉണ്ടെന്നു പറഞ്ഞാൽ അത് ശരിയായിരിക്കാം.പക്ഷെ കുടുംബശ്രീയേ സി.പി.ഐ.എം ആണ് എന്നൊക്കെ പറയുന്നത് മാഷുടെ സഹജമായ മാർക്സിസ്റ്റ് വിരോധം കൊണ്ടാണ്. കുടുംബശ്രീ ഭാരവാഹികളെ തികച്ചും ജനാധിപത്യപരമായ രീതിയിലാണ് തെരഞ്ഞെടുക്കുന്നതെന്ന് എല്ലാവർക്കും അറിയാം.അതിൽ കൂടുതലും മാർക്സിസ്റ്റ് അനുഭാവികൾ ജയിച്ചു വരുന്നത് സി.പി.എമ്മിനു കേരളത്തിൽ ജനകീയാടിത്തറ ( മാഷ് അത് നിഷേധിച്ചാലും)ഉള്ളതുകൊണ്ടാണ്. അതിൽ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ഇവിടെ എന്റെ വാർഡടക്കം എത്രയോ സ്ഥലത്ത് കോൺഗ്രസ്സ് അനുഭാവികൾ കുടുംബശ്രീ ഭാരവാഹികളാകുന്നുണ്ട്. എന്റെ വാർഡിലെ കുടുംബശ്രീ ഭാരവാഹി എന്റെ സ്ഥാപനത്തിലെ തന്നെ സഹപ്രവർത്തകയായ കോൺഗ്രസ്സ് അനുഭാവിയായ ഒരു ടീച്ചറാണ്.കുടുംബശ്രീ ഇലക്ഷനിൽ സി.പി.എം അനുഭാവിയായ സ്ത്രീയെ ജയിപ്പിക്കാൻ നമ്മൾ പാർട്ടിക്കാർ കിണഞ്ഞ് ശ്രമിച്ചിട്ടും നടന്നില്ല.കാരണം ഈ ടീച്ചർക്കായിരുന്നു കൂടുതൽ ജനസമ്മതി. സി.പി.എം അനുഭാവികളായ സ്ത്രീകൾ പോലും ഇവർക്ക് വോട്ട് ചെയ്തു. അങ്ങനെ കേരളത്തിൽ എത്രയോ സ്ഥലത്ത് രാഷ്ട്രീയവും സൗഹൃദവും കലർന്ന മത്സരം നടക്കുന്നു. എത്രയോ കുടുംബശ്രീകളിൽ കോൺഗ്രസ്സുകാർക്ക് മേൽകോയ്മ തന്നെയുണ്ട്. മത്സരം വരുമ്പോൾ ഇടതുപക്ഷവും വലതുപക്ഷവും മുന്നണിയായി നിന്നുതന്നെ തങ്ങളുടെ അനുഭാവികളെ ജയിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എവിടെയും അതിൽ സി.പി.എമ്മിനു മാത്രമായി ഏകപക്ഷീയ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല. കേരളത്തിൽ മുഴുവൻ നിങ്ങളൊക്കെ ആരോപിക്കുന്നതുപോലുള്ള കണ്ണൂർ മോഡൽ പാർട്ടി ഗ്രാമങ്ങൾ ഇല്ലല്ലോ. ഒരു ഇടതു- വലത് മിശ്രണമാണ് കേരളീയ സമൂഹം. മാഷ് പറഞ്ഞതുപോലെ ചാരിറ്റബിൾ സൊസൈറ്റിയൊക്കെ ആർക്കും തുടങ്ങാം. പക്ഷെ അതിന്റെ പേരും പറഞ്ഞ് അന്യായമായി സർക്കാർ പണം തട്ടിയെടുത്ത് ഏതാനും 'ബുദ്ധിമാൻ'മാരുടെ കീശ നിറയ്ക്കുന്ന ഏർപ്പാട് അംഗീകരിക്കുവാനാകുമോ? കുടുംബശ്രീ ആരുടെയും കുടുംബ സ്വത്തല്ല. എന്നാൽ ജനശ്രീ ആരുടെ കുടുംബ സ്വത്താണെന്ന് ഇതിനകം ഏതാണ്ട് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. ഒരു തട്ടിക്കൂട്ട് പരിപാടിയ്ക്ക് പണം വാരി കോരി നൽകി അതും കുടുംബശ്രീയും ഒരുപോലെയാണെന്ന് വരുത്താനുള്ള ശ്രമം കോൺഗ്രസ്സുകാർ പോലും നല്ലൊരു പങ്കും അംഗീകരിക്കുന്നില്ല. അതുകൊണ്ടാണല്ലോ കോൺഗ്രസ്സ് അനുഭാവികളടക്കം ഇപ്പോഴും ജനശ്രീയെ അവഗണിച്ച് കുടുംബശ്രീകളിൽ ഉറച്ചു നിൽക്കുന്നത്. എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലത്തെ ഏർപ്പാടാണ് ഇപ്പോൾ യു.ഡി.എഫ് സർക്കാർ ചെയ്യുന്നത്. കുടുംബശ്രീകളിൽ സി.പി.എം അനുഭാവികൾക്ക് ഭൂരിപക്ഷം ലഭിക്കുന്നതുകൊണ്ട് കുടുംബശ്രീ തന്നെ തകർക്കാമെന്ന്! ഇക്കണക്കിനു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഇടതുപക്ഷം ജയിക്കുമ്പോൾ പഞ്ചായത്തുകൾ തന്നെ വേണ്ടെന്നു വയ്ക്കുമല്ലോ കോൺഗ്രസ്സുകാർ.കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിച്ചാൽ നാളെ സമാന്തര 'ചാരിറ്റബിൾ" സംസ്ഥാന മുണ്ടാക്കുമോ എം.എം ഹസ്സൻജി?

Manoj മനോജ് said...

പോസ്റ്റിനുള്ള മറുപടി സന്തോഷും സജീമും നൽകി കഴിഞ്ഞതിനാൽ കെ.പി.എസ്സ്.ന്റെ സ്ഥിരം ശൈലിയിലേയ്ക്ക് ഒരു എത്തി നോട്ടം മാത്രം...

കെ.പി.എസ്സ്.നെ വായിക്കുമ്പോൾ മനസ്സിലാകുക എല്ലാം അങ്ങ് അടിച്ച് മാറ്റുന്നത് ഇടതന്മാരും കോൺഗ്രസ്സുകാർ പാവങ്ങൾ എല്ലാം നിയമം അനുസരിച്ചാണെന്നുമാണു.

കെ.പി.എസ്സ്.നെ ഞാൻ വെല്ലു വിളിക്കുന്നു. മത്സ്യ തൊഴിലാളികളുടെ കുടുംബത്തിലെ സ്ത്രീകൾക്ക് ചെറുകിട ഗ്രൂപ്പ് ബിസിനസ്സ് തുടങ്ങാൻ അനുവദിച്ച ഫണ്ടിൽ മത്സ്യതൊഴിലാളികളല്ലാത്ത, കോൺഗ്രസ്സുകാരായ സ്ത്രീകൾക്ക് അതും മത്സ്യം കൈ കൊണ്ട് തൊടുവാൻ പോലും അറയ്ക്കുന്ന സ്ത്രീകൾക്ക് ലഭിച്ചിട്ടില്ല എന്ന് തെളിയിക്കുവാൻ കഴിയുമോ. ഇത് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയുടെ അയൽ‌വാസികളല്ല എന്നും തെളിയിക്കണം.

kaalidaasan said...

പരിസ്ഥിതി തീവ്രവാദം തുലയട്ടേ എന്ന പോസ്റ്റിന്റെ കമന്റ് ബോക്സ് സുകുമാരന്‍ അടച്ചു. ബാക്കിയുള്ള എന്റെ പ്രതികരണങ്ങള്‍ ഇവിടെ വായിക്കാം.