ചില്ലറവില്പന രംഗത്ത് 51% വിദേശനിക്ഷേപം അനുവദിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയ സര്‍ക്കാരിന് അഭിവാദനങ്ങള്‍! ഒരു സര്‍ക്കാര്‍ എന്നാല്‍ നയങ്ങള്‍ തീരുമാനിക്കാനും അത് നടപ്പിലാക്കാനും ഭരിക്കാനുമാണ്. ആളുകള്‍ക്ക് പല അഭിപ്രായങ്ങളും കാണും. സര്‍വ്വവിധ സ്വാതന്ത്ര്യവുമുള്ള ജനാധിപത്യത്തില്‍ അതൊക്കെ പ്രകടിപ്പിക്കപ്പെടുകയും ചെയ്യും. എന്നാല്‍ വ്യത്യസ്തങ്ങളും വൈരുധ്യമാര്‍ന്നതുമായ എല്ലാ അഭിപ്രായങ്ങളും ഒരേ സമയം കണക്കിലെടുക്കാന്‍ സര്‍ക്കാറിന് കഴിയുകയില്ല. ഇന്ത്യയില്‍ പൊതുവെ എതിര്‍പ്പുകള്‍ ഉയരാറുള്ളത് തങ്ങളുടെ പാര്‍ട്ടിയല്ല ഭരിക്കുന്നത് എന്നത്കൊണ്ടാണ്. അല്ലാതെ ഒരു നയം ശരിയാണോ പ്രായോഗികമാണോ എന്ന് നോക്കിയിട്ടല്ല. തന്റെ പാര്‍ട്ടിയല്ലെങ്കില്‍ മറ്റേത് പാര്‍ട്ടിയും അങ്ങനെ സുഖിച്ച് ഭരിക്കണ്ട എന്നൊരു വികലമനോഭാവം പേറുന്ന രാഷ്ട്രീയവിശ്വാസികളാണ് ഇന്ത്യയില്‍ അധികവും ഉള്ളത്. അത്കൊണ്ട്, തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന രീതിയില്‍ ഭരിക്കുകയും പറ്റില്ലെങ്കില്‍ ഇറങ്ങിവരികയുമാണ് സര്‍ക്കാറിന് കരണീയം. വിദേശനിക്ഷേപ കാര്യത്തില്‍ ഉറച്ച നിലപാടെടുത്ത ഡോ. മന്‍മോഹന്‍ സിങ്ങും പി.ചിദംബരവും അഭിനന്ദനം അര്‍ഹിക്കുന്നു.
ഇന്ത്യയുടെ ഇന്നത്തെ മഹത്വം മനസ്സിലാകണമെങ്കില്‍ ഒരമ്പത് കൊല്ലം മുന്‍പത്തെ ഇന്ത്യയുടെ അവസ്ഥ മനസ്സിലാക്കണം. ഇന്നത്തേതിന്റെ മൂന്നിലൊന്ന് ജനസംഖ്യ മാത്രം ഉള്ള അക്കാലത്ത് ജനങ്ങളുടെ ജീവിതനിലവാരം അത്യന്തം ശോചനീയമായിരുന്നു. ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങളില്ല, തുണിയില്ല, റോഡുകളില്ല അങ്ങനെയങ്ങനെ ഒന്നുമില്ല. ഇന്ന് നോക്കുമ്പോള്‍ സര്‍വ്വത്ര സുഭിക്ഷം. ഈ കാലഘട്ടത്തില്‍ ജീവിക്കാനവസരം ലഭിച്ച തലമുറ എന്ത്കൊണ്ടും ഭാഗ്യവാന്മാര്‍ എന്ന് തോന്നിപ്പോകുന്നു.
ചിലര്‍ ഇപ്പോഴും പട്ടിണിപ്പാട്ട് പാടുന്നുണ്ട്. സ്വന്തം ജീവിതം മെച്ചപ്പെടുത്താനുള്ള മത്സരയോട്ടത്തില്‍ പലരെയും കൌശലം പ്രയോഗിച്ച് പിന്നിലാക്കി ഇനിയും പോര എന്ന ആര്‍ത്തിയിലും ദുരയിലും കഴിയുന്നവരും പാവപ്പെട്ടവര്‍ ആരെങ്കിലും സമീപിച്ചാല്‍ തന്റെ സമ്പാദ്യത്തിന്റെ ഒരംശം പോലും പങ്ക് വെക്കാന്‍ സന്മനസ്സ് ഇല്ലാത്തവരുമാണ് ഇങ്ങനെ പട്ടിണിപ്പാട്ട് പാടുക. അവര്‍ക്കൊരു സ്ഥിരം ശൈലിയുണ്ട് ദാരിദ്ര്യരേഖ, 20രൂപ കൂലി , സര്‍ക്കാര്‍ ജനജീവിതം നരകതുല്യമാക്കി എന്നൊക്കെ. അതൊക്കെ ഒരു മാനസികപ്രശ്നമാണ്. തന്റെ നേതാവ് അല്ലല്ലൊ ഭരിക്കുന്നത് എന്ന വെപ്രാളത്തില്‍ നിന്ന് ഉണ്ടാകുന്ന മാനസികാവസ്ഥ. അതിന് ചികിത്സയില്ല.
ജനങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി അസമത്വങ്ങളുണ്ട്. അതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല. എല്ലാ പൌരന്മാരെയും തട്ടിനിരപ്പാക്കി ഒരേ ലവലില്‍ എത്തിക്കുക എന്നത് സര്‍ക്കാരിന് സാധ്യമല്ല. സമൂഹം നിലനില്‍ക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും വേണം. തെരുവ് തൂത്ത്‌വാരി മാലിന്യം അകറ്റുന്ന ജോലിക്കാരും ചുമട്ടുതൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും സാഹസികമായി പണി എടുക്കുന്ന കെട്ടിടനിര്‍മ്മാണത്തൊഴിലാളികളും അദ്ധ്യാപകരും ഡോക്ടര്‍മാരും ശാസ്ത്രജ്ഞന്മാരും മൂലധനം സ്വരൂപിക്കുന്ന മുതലാളികളും രാഷ്ട്രീയക്കാരും അങ്ങനെ പലപല വിഭാഗക്കാരും ചേര്‍ന്നാണ് സമൂഹം നിലനില്‍ക്കുന്നത്. പ്രകൃത്യാ തന്നെ ജനങ്ങളുടെ കഴിവും വാസനകളും എല്ലാം വിഭിന്നമാണ്. ഓരോരുത്തരും ഓരോ മേഖലകളില്‍ എത്തിപ്പെടുന്നു. സ്വാഭാവികമായും വരുമാനവും ജീവിതനിലവാരവും വ്യത്യസ്തമായിരിക്കും.
സര്‍ക്കാരിന്റെ നയം മൂലം രാജ്യത്ത് ഒട്ടുമൊത്ത വളര്‍ച്ചയും പുരോഗതിയും ഉണ്ടായോ എന്നാണ് നോക്കേണ്ടത്. അല്ലാതെ ഏറ്റവും അടിത്തട്ടില്‍ ഉള്ള ഭിക്ഷക്കാരന്‍ മുകേഷ് അംബാനിയുടെ ലവലില്‍ എത്തിയോ അതല്ല്ല അംബാനി ഭിക്ഷക്കാരനായോ അതുമല്ല സമസ്തജനതയും ഇതിനിടയിലുള്ള ഏതെങ്കിലും ഒരു ശ്രേണിയില്‍ ഒരേ പോലെ ആയോ എന്നല്ല. അതൊന്നും സര്‍ക്കാരിന്റെ പണിയല്ല. രാജ്യത്തിന്റെ വികസനവും പുരോഗതിയും വിലയിരുത്തുമ്പോള്‍ ഇന്ത്യ അനുസ്യൂതം വളരുകയായിരുന്നു എന്ന് കാണാം. ആ പുരോഗതി സര്‍വ്വരെയും ആശ്ലേഷിച്ചിട്ടുണ്ട്. അപ്പോഴും അംബാനിമാരുടെ ആസ്തിയെത്ര പിച്ചക്കാരന്റെ ആസ്തിയെത്ര എന്ന് ചോദിച്ചാല്‍ ആനുപാതികമായി വര്‍ദ്ധിച്ചിട്ടുണ്ട് എന്നേ പറയാന്‍ പറ്റൂ. ഏതെങ്കിലും ഒരു പാര്‍ട്ടിയോ നേതാവോ ഭരിച്ചാല്‍ പിച്ചക്കാരെയും അംബാനിമാരെയും ഒരേ ലവലില്‍ ആക്കാന്‍ പറ്റുമോ എന്ന് പട്ടിണിപ്പാട്ടുകാരായ പുരോഗമന-ബുജികളാണ് പറയേണ്ടത്.
പുരോഗമനക്കാര്‍ക്ക് മുതലാളിമാരോട് ഭയങ്കര ശത്രുതയാണ്. എന്നാല്‍ സമുഹം ചലിക്കണമെങ്കില്‍ മൂലധനം കൂടിയേ തീരൂ. മൂലധനം സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും മുതലാളിമാരും ഉണ്ടായേ പറ്റൂ. പുരോഗമനക്കാര്‍ക്ക് ഇഷ്ടമല്ല എന്ന് വെച്ചു വേറെ വഴിയില്ല. കമ്മ്യൂണിസ്റ്റുകാര്‍ ഇതിന് മറ്റൊരു മാര്‍ഗ്ഗം കണ്ടുപിടിച്ചു. അതാണ് മൂലധനം എല്ലാം സര്‍ക്കാരിന്റെതാക്കുന്ന സമ്പ്രദായം. ആ സമ്പ്രദായത്തിന്റെ വ്യത്യാസം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളും മൂലധനത്തിന്റെ ഉടമകള്‍ ആയി എന്നത് മാത്രമാണ്. ജനങ്ങള്‍ എല്ലാറ്റില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ടു. അങ്ങനെയാണ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയില്‍ സമൂഹസ്തംഭനം സംജാതമാവുകയും ആ സിസ്റ്റം തകരുകയും ചെയ്തത്. ഇപ്പോള്‍ മൂലധനം മുഴുവനും സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള ഒരു രാജ്യവും നിലവില്‍ ലോകത്ത് ഇല്ല. മൂലധനം മുതലാളിമാര്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുകയും അധ്വാനശക്തി കെട്ടഴിച്ചു വിട്ടുകൊണ്ട് സമൂഹത്തെ ചലനാത്മകമാക്കുകയും ചെയ്യുമ്പോള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പാര്‍ട്ടി നേതാക്കളും തങ്ങളുടെ മുതല്‍ അല്ലല്ലൊ എന്ന ആലസ്യത്തിലാണ്ട് നിഷ്ക്രിയരായിരിക്കുകയും ലഭ്യമായ വിഭവങ്ങള്‍ ഭോഗിച്ച് ആര്‍മ്മാദിക്കുകയുമാണു ചെയ്യുക. അത്കൊണ്ടാണ് ഒരു പൊതുമേഖലയും അഭിവൃദ്ധിപ്പെടാത്തത്. ഉല്പാദനം നടക്കണമെങ്കില്‍ അധ്വാനവും, അധ്വാനത്തെ പ്രചോദിപ്പിക്കണമെങ്കില്‍ മൂലധനവും മൂലധനസമാഹരണവും നടക്കണം. എന്നാല്‍ മാത്രമേ സമൂഹം ഓരോ നിമിഷവും നിലനില്‍ക്കുകയുള്ളൂ.
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷം ഇക്കാണുന്ന നിലയില്‍ ഇന്ന് എത്തിയിട്ടുണ്ടെങ്കില്‍ അതിന് കാരണം കോണ്‍ഗ്രസ്സ് പാര്‍ട്ടി അതാത് കാലങ്ങളില്‍ സ്വീകരിച്ച നയങ്ങളും പരിപാടികളും ആണെന്ന് കാണാന്‍ കഴിയും. ഇതിനിടയില്‍ ഭരിച്ച ബി.ജെ.പി. എന്ത് വ്യത്യസ്ത നയമാണ് ഇവിടെ നടപ്പാക്കിയത്? അല്ലെങ്കില്‍ തന്നെ വ്യത്യസ്തമായി എന്ത് നയമാണുള്ളത്. കോണ്‍ഗ്രസ്സിനെ തിരുത്തിക്കാന്‍ സദാ മുറവിളി കൂട്ടുന്ന സി.പി.എമ്മിന് എന്ത് നയമാണുള്ളത്? ആഗോളവല്‍ക്കരണം, ഉദാരീകരണം, വിദേശമൂലധനം എന്നിങ്ങനെ പേരെടുത്ത് പറഞ്ഞ്, ഇന്ത്യയെ വില്‍ക്കുന്നു പണയപ്പെടുത്തുന്നു എന്നൊക്കെ വെറുതെ അധരവ്യായാമം നടത്തുന്നു എന്നല്ലാതെ എന്ത് പുരോഗമനനയമാണ് അവര്‍ക്കുള്ളത്. ഏറിയാല്‍ എല്ലാം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വേണം എന്ന് പറയും. എന്തിന്? മേല്‍പ്പറഞ്ഞ പോലെ സര്‍ക്കാരിലെ വകുപ്പ് മേധാവികള്‍ എന്ന താപ്പാനകള്‍ക്ക് തിന്നു കൊഴുത്ത് ആര്‍മ്മാദിക്കാന്‍. മറ്റെന്ത്?
ഇന്ത്യയിലെ ഖജനാവ് കാലിയായി, കരുതല്‍ ശേഖരത്തിലുള്ള സ്വര്‍ണ്ണം വിദേശത്ത് പണയം വെച്ച് ഭരണം നടത്തേണ്ടി വന്ന ഒരു സാഹചര്യം ഇടയ്ക്ക് നമുക്ക് നേരിടേണ്ടി വന്നിരുന്നു. ജവഹര്‍ലാല്‍ നെഹൃ തുടങ്ങി വെച്ചതും ഇന്ദിരാഗാന്ധിയിലൂടെയും രാജീവ് ഗാന്ധിയിലൂടെയും തുടര്‍ന്നു വന്നതുമായ നയങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കാത്തത് മൂലം ഉണ്ടായൊരു സ്തംഭനമായിരുന്നു അതിന് കാരണം. അപ്പോഴാണ് പിന്നീട് അധികാരത്തില്‍ വന്ന പ്രധാനമന്ത്രി നരസിംഹറാവു , പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. മന്‍മോഹന്‍ സിങ്ങിനെ ധനകാര്യമന്ത്രിയാക്കി രാജ്യത്തെ മുരടിപ്പില്‍ നിന്ന് കര കയറ്റാനുള്ള ഭാരിച്ച ഉത്തരവാദിത്വം ഏല്‍പ്പിച്ചത്. രാജ്യത്തെ ഗ്രസിച്ച രോഗം ലൈസന്‍സ് രാജ് ആണെന്ന് മന്‍മോഹന്‍ സിങ്ങ് കണ്ടെത്തി. സാമ്പത്തികരംഗം വരിഞ്ഞുമുറുക്കപ്പെട്ട അവസ്ഥയിലായിരുന്നു ലൈസന്‍സ്‌രാജ് എന്ന സമ്പ്രദായത്തില്‍. അത് തളര്‍ത്തുക എന്ന ഉദ്ദേശത്തിലാണ് ഉദാരവല്‍ക്കരണം നടപ്പാക്കിയത്. വേണ്ടത്ര മൂലധനത്തിന്റെ അഭാവമായിരുന്നു അടുത്ത പ്രശ്നം. അതിനാണ് ആഗോളവല്‍ക്കരണത്തിന്റെ വാതില്‍ തുറന്നുവെച്ചത്. നമുക്ക് മുന്നെ ഇതൊക്കെ ചൈന വിജയകരമായി നടപ്പാക്കിയ അനുഭവവും നമ്മുടെ മുന്നില്‍ ഉണ്ടായിരുന്നു.
കൂട്ടുകക്ഷിഭരണത്തിന്റെ പരാധീനതകള്‍ കാരണം, മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ തടയപ്പെടുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. അങ്ങനെ മുടന്തിക്കൊണ്ട് പോകുന്ന സര്‍ക്കാരാണ് ഇപ്പോള്‍ നിലവിലുള്ളത്. രാജ്യത്തിന്റെ ഭാവി എന്താകുമെന്ന് പറയാന്‍ കഴിയില്ല. മന്‍മോഹന്‍ സിങ്ങിന്റെ നയങ്ങള്‍ മൂലം രാജ്യത്ത് വന്‍കുതിപ്പ് ഏര്‍പ്പെട്ടിരുന്നു. അത് മൂലം ഖജനാവില്‍ കോടാനുകോടികളാണ് നികുതികളായി ഒഴുകിയെത്തുന്നത്. അത്കൊണ്ടാണ് ഒരുപാട് ജനക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിയുന്നത്. എന്നാലും ഇനിയും പരാധീനതകള്‍ ഏറെയുണ്ട്. സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ അഭംഗുരം നടക്കേണ്ടിയിരുന്നു. കോണ്‍ഗ്രസ്സിന് മാത്രമേ അത് നടപ്പാക്കാന്‍ കഴിയൂ. ബി.ജെ.പി.ക്കും മാര്‍ക്സിസ്റ്റുകള്‍ക്കും വാചാടോപങ്ങള്‍ മാത്രമേയുള്ളൂ.
ജനങ്ങള്‍ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ വസ്തുനിഷ്ടമായി വിശകലനം ചെയ്യാനുള്ള മാനസിക പക്വതയുള്ളവരല്ല. വികാരപരമായ പ്രസംഗങ്ങള്‍ കൊണ്ട് ജനങ്ങളെ എളുപ്പം തെറ്റ്ധരിപ്പിക്കാനും സര്‍ക്കാരിനെതിരാക്കാനും നിക്ഷിപ്തതാല്പര്യക്കാരായ പ്രതിപക്ഷക്കാര്‍ക്ക് എളുപ്പം കഴിയുന്നു. അത്കൊണ്ട് ഭാവിയില്‍ നാടിന്റെ പോക്ക് എങ്ങോട്ടേക്കെന്ന് പ്രവചിക്കുക കഠിനം. എന്നാലും ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ കൈവിടുകയില്ല എന്ന് ഞാന്‍ ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുക തന്നെ ചെയ്യുന്നു.
7 comments:
ലേഖനം മുഴുവന്‍ വായിച്ചു.
സ്വകാര്യവല്‍ക്കരണത്തിലൂടെ അല്ലാതെ വികസനം ഏറെക്കുറെ അസാധ്യവുമാണ്. ആ അര്‍ത്ഥത്തില്‍ ലേഖനം വളരെ പ്രസക്തവുമാണ്.
പക്ഷേ സുകുമാരേട്ടന്‍ സ്വകാര്യ വല്‍ക്കരണത്തിലെ ഗുണങ്ങള്‍ മാത്രമേ കാണുന്നുള്ളൂ. ദോഷങ്ങള്‍ ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടില്ല.
പണ്ട് ഇതുപോലെ കച്ചവടത്തിനായി ബ്രട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നപ്പോഴും ഒരുപാട് ഗുണങ്ങള്‍ ഇന്ത്യക്ക് കിട്ടിയിരുന്നു.
പല നാടുരാജ്യങ്ങള്‍ ആയി കിടന്നു പരസ്പ്പരം പോരടിച്ചുകൊണ്ടിരുന്ന ഇന്ത്യ ഒരൊറ്റ രാജ്യമായി മാറി.
റെയില്‍വേ, പോസ്റ്റ് ഓഫീസ്, ബാങ്കിംഗ്, ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങി അനേകം പ്രയോജനങ്ങള്‍.
പക്ഷേ അവര്‍ ഇവിടെ വന്നത് നമ്മളെ രക്ഷപെടുത്താന്‍ അല്ല. മറിച്ച് അടിമകള്‍ ആക്കി ഭരിക്കാന്‍ തന്നെ ആയിരുന്നു.
പിന്നെ അവരെ ഒന്നോടിക്കാന്‍ പെട്ട പാടും നമുക്കറിയാമല്ലോ. ഏതാണ്ട് മുന്നൂറു വര്‍ഷം ഒരുപാട് ജീവനുകള്‍ നഷ്ട്ടപ്പെടുത്തിയിട്ടാണ് അവര്‍ ഒന്ന് പോയ്‌കിട്ടിയത്.
സ്വാകാര്യവല്‍ക്കരണത്തെ കണ്ണുമടച്ച് സ്വീകരിച്ചാല്‍ ഇതുപോലെ സമാനമായ പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാം. അതുകൊണ്ടാണ് ഗുണ ദോഷങ്ങളെക്കുറിച്ച് നന്നായി ചിന്തിച്ചു വേണം തീരുമാനമെടുക്കാന്‍ എന്നുപറയുന്നത് അല്ലാതെ കണ്ണടച്ച് എതിര്‍ക്കുന്നതല്ല.
ചെറുമീനുകള്‍ മാത്രം പോര വമ്പന്‍ സ്രാവുകളെയും പിടിക്കണം എന്നൊക്കെ പറഞ്ഞിരുന്നവര്‍ ഇനി ആരായിരുന്നു ഈ ടീ പീ എന്നൊക്കെ ചോദിക്കുന്ന കാലവും വരാം .....ഇതൊക്കെ ചില ചില്ലറ വ്യാപാരങ്ങളും മുലായം സിംഗ് മായാവതി എന്നിവരുമൊക്കെ ആയി മൊത്ത വ്യാപാരങ്ങളും ഒക്കെ നടത്തുന്നത് വികസന വിപ്ലവം കൊണ്ടുവരാനുള്ള വിട്ടുവീഴ്ചകള്‍ മാത്രം .....എവിടെ കിളിച്ചാലെന്താ ആല്‍മരം കൊണ്ടു തണല് കിട്ടിയാല്‍ പോരേ.....
[url=http://scoopindia.com/showNews.php?news_id=26437]മുല്ലപ്പളളിയുടെ മലക്കംമറിച്ചിലിനു പിന്നില്‍ യുപിഎ പ്രതിസന്ധി?[/url]
> "ജനങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി അസമത്വങ്ങളുണ്ട്. അതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല."
എങ്കില്‍ പിന്നെ നമുക്ക് ബ്യുറോക്രസി മാത്രം പോരേ?
>> എന്നാലും ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ കൈവിടുകയില്ല എന്ന് ഞാന്‍ ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുക തന്നെ ചെയ്യുന്നു. <<
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം "ഇക്കാണുന്ന നിലയില്‍" ഇന്ത്യയെ എത്തിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ഒന്നാം ലോകസഭ തിരഞ്ഞെടുപ്പ് മുതല്‍ ലഭിച്ച സീറ്റിന്റെയും വോട്ടിന്റെയും കണക്ക് ഇങ്ങനെ:
(വര്‍ഷം, മത്സരിച്ച സീറ്റുകളുടെ എണ്ണം, വിജയിച്ച സീറ്റുകളുടെ എണ്ണം, ആകെ ലഭിച്ച വോട്ടിന്റെ ശതമാനം എന്ന ക്രമത്തില്‍)
1951 - 479 - 364 - 44.99%
1957 - 490 - 371 - 47.78%
1962 - 488 - 361 - 44.72%
1967 - 516 - 283 - 40.78%
1971 - 441 - 352 - 43.68%
1977 - 492 - 154 - 34.52%
1980 - 492 - 353 - 42.69%
1984 - 491 - 404 - 49.10%
1989 - 510 - 197 - 39.53%
1991 - 487 - 232 - 36.26%
1996 - 529 - 140 - 28.80%
1998 - 477 - 141 - 25.82%
1999 - 453 - 114 - 28.30%
2004 - 417 - 145 - 26.53%
2009 - 440 - 206 - 28.55%
നമ്മുടെ രാജ്യത്തിനു ഇത്രയും "വളര്‍ച്ചയും പുരോഗതിയും" ഉണ്ടാക്കിയിട്ടും കഴിഞ്ഞ 25 വര്‍ഷമായി കോണ്‍ഗ്രസ്സ് പാര്‍ട്ടി വോട്ടിന്റെയും സീറ്റിന്റെയും കാര്യത്തില്‍ തഴോട്ടാണല്ലോ - 1984 ല്‍ 404 സീറ്റ് 49.10 % വോട്ട്, 2009 ല്‍ 206 സീറ്റ് 28.55 % വോട്ട് !!!
കോണ്‍ഗ്രസ്സ് പാര്‍ട്ടി രാജ്യത്തിനു വരുത്തുന്ന "വളര്‍ച്ചയും പുരോഗതിയും"
ഈ നാട്ടിലെ ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ?
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ജനങ്ങളില്‍ 70% കൂടുതല്‍ പേര്‍ക്കും കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ വിശ്വാസമില്ല... :(
"എന്നാലും ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ കൈവിടുകയില്ല എന്ന് ഞാന്‍ ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുക തന്നെ ചെയ്യുന്നു." അപ്പൊ തങ്ങളുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി യോ? കൊറച്ച് ഉളുപ്പ് വേണം സുകുവേട്ടാ ഇങ്ങനെ വായിക്കു തോന്നിയത് തോന്നുമ്പോ വിളിച്ചു പറയാന്‍ . ഇതിനെ കുറിച്ച കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://www.kpsukumaran.com/2012/09/blog-post.html
ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ മന്മോഹനും ചിദംബരവും ചെയ്യുന്നത് നല്ലത് തന്നെ. കൊണ്ഗ്രെസ്സിന്റെ പതനം ഇന്ദിര ഗാന്ധിയുടെ കാലം തൊട്ടു തുടങ്ങി. സോണിയ കഴിയുന്നതും ജനാധിപത്യ മാതൃക ആണ് പിന്തുടരുന്നത് . അല്ലെങ്കില്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രി ആയേനെ. മന്‍മോഹന്‍ നരസിംഹ റാവുവിനെ പോലെ കാര്യം നടത്തും. പിന്നെ ഒരു കാര്യം. കമ്മുനിസ്റ്റ്‌കാര്‍ ഒഴികെ മിക്ക പാര്‍ട്ടികളും കൊണ്ഗ്രെസ്സില്‍ നിന്ന് തന്നെ ഉണ്ടായതാണ് . പ്രതി പക്ഷം വെറുതെ ഒച്ച വയ്കാതെ വേറെ പോളിസി വല്ലതും ഉണ്ടെങ്കില്‍ ജന സമക്ഷം വയ്ക്കട്ടെ.
കൊള്ളാം വീക്ഷണം@ PUNYAVAALAN
Post a Comment