ഫെയ്‌സ്‌ബുക്കും ഞാനും !


ഫെയ്‌സ്‌‌ബുക്കിനെ പറ്റി ആരോ എഴുതിയത്  പത്രത്തില്‍  വായിച്ചു. ഇപ്പോഴൊക്കെ നിറയെ ചവറുകള്‍ പത്രങ്ങളില്‍ അച്ചടിച്ചു വരുന്നുണ്ട്. കോതയ്ക്ക് വായയില്‍ വരുന്നത് ചാനലില്‍ ബ്രേക്കിങ്ങ് ന്യൂസ് ആകുന്ന കാലമാണല്ലൊ ഇത്.

ഫെയ്‌സ്‌ ബുക്ക് കൊണ്ടൊന്നുമല്ല ആളുകള്‍ ജീവിയ്ക്കുന്നത്. എന്നാല്‍ എനിക്ക് ഫെയ്‌സ്‌ബുക്ക് ഇല്ലാതെ ജീവിയ്ക്കാന്‍ പറ്റില്ല എന്നായിട്ടുണ്ട്. വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ നാല് സുഹൃത്തുക്കള്‍ അടുത്ത് ഇല്ലാത്ത ഇക്കാലത്ത് എത്രയെത്ര സുഹൃത്തുക്കളെയാണ് എഫ് ബി ഒരോ നിമിഷവും എന്റെ അടുത്തെത്തിക്കുന്നത്. നാലാളുകള്‍ എന്ത് പറയുന്നു എന്നറിയുന്നതും നമ്മള്‍ പറയുന്നത് നാലാള്‍ കേള്‍ക്കുന്നതും എന്ത് രസമുള്ള കാര്യമാണ്. സ്റ്റാറ്റസ്സ് ഇട്ടുകഴിഞ്ഞാല്‍ ആ നിമിഷം തന്നെ ആരെങ്കിലും അത് ലൈക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന ആനന്ദം അളവറ്റതാണ്. ലൈക്ക് ചെയ്ത സുഹൃത്തിന്റെ പ്രൊഫൈല്‍ ഞാന്‍ അപ്പോള്‍ തന്നെ നോക്കാറുണ്ട്. എവിടെയോ ഇരിക്കുന്ന ആ സുഹൃത്തിനെയും എന്നെയും ബന്ധിപ്പിച്ച ഫെയ്‌സ്‌ബുക്കിനോട് ഞാന്‍ എങ്ങനെയാണ് നന്ദി പറയുക!

ഫെയ്‌സ്‌ബുക്കിലൂടെ ഞാന്‍ ഇന്നും പുതിയ ഓരോ കാര്യങ്ങള്‍ പഠിക്കുന്നു. എത്രയെത്ര സുഹൃത്തുക്കളുടെ മനോഗതങ്ങള്‍ എനിക്കറിയാന്‍ കഴിയുന്നു. അതെന്റെ അനുഭവങ്ങളുടെ ചക്രവാളം വികസ്വരമാക്കുന്നു. റോഡില്‍ സഞ്ചരിക്കുമ്പോള്‍ ആളുകളെ കാണുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്, അയാള്‍ എങ്ങനെയൊക്കെയായിരിക്കും അയാളുടെ വീട്ടില്‍ കഴിഞ്ഞുകൂടുന്നതും പെരുമാറുന്നതും എല്ലാം എന്ന്. എനിക്കയാളെക്കുറിച്ച് കൂടുതല്‍ അറിയണമായിരുന്നു. വീട്ടില്‍ ആരൊക്കെയുണ്ട്? എങ്ങനെയാണ് പരസ്പരം ഇടപഴകുന്നത്? അങ്ങനെ ഒരുപാ‍ട് കാര്യങ്ങള്‍. എന്നാല്‍ ഞാന്‍ നോക്കിനില്‍ക്കെ തന്നെ അയാള്‍ എനിക്കൊരവസരവും തരാതെ ധൃതിയില്‍ നടന്നുപോവുകയായി. ഇനി വീണ്ടും ഒരിക്കല്‍ കൂടി എനിക്കയാളെ കാണാന്‍ കഴിയില്ല എന്ന സത്യം എന്നില്‍ നേരിയ ദു:ഖം സൃഷ്ടിക്കാറുണ്ട്. മനുഷ്യര്‍ തമ്മില്‍ അപരിചിതത്വം ഇല്ലായിരുന്നെങ്കില്‍ എത്ര നന്നായെനേ എന്ന് ഞാന്‍ പണ്ടൊക്കെ ആഗ്രഹിക്കാറുണ്ടായിരുന്നു.

ഫെയ്‌സ്‌ബുക്ക് ഒട്ടേറെ അപരിചിതരെ സുഹൃത്തുക്കളാക്കി എനിക്ക് നല്‍കി. ഞാന്‍ അവരെയും അവര്‍ എന്നെയും വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ ആണെങ്കിലും യഥാര്‍ഥ ലോകത്തില്‍ നേരില്‍ കാണുന്നവരേക്കാളും അടുത്തറിയുന്നു. രാവിലെ ഉണര്‍ന്നെഴുനേറ്റ് ആദ്യം ചെയ്യുന്നത് ഫെയ്‌സ്‌ബുക്ക് നോക്കലാണ്. തീര്‍ച്ചയായും കുറെ നോട്ടിഫിക്കേഷനുകള്‍ എന്നെ കാത്തിരിക്കുന്നുണ്ടാവും. രാത്രി ഉറക്കം വന്നില്ല്ലെങ്കില്‍ പാതിരാത്രിയില്‍ പോലും ഒരു മൌസ് ക്ലിക്കിന്റെ അകലത്തില്‍ ആരെങ്കിലും സുഹൃത്തുക്കളായി ഉണ്ടാകും എന്നത് എത്ര സന്തോഷപ്രദമാണ്.

ഫെയ്‌സ്‌ബുക്ക് ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ മറ്റെന്തെങ്കിലും പോംവഴി കണ്ടെത്തുമായിരുന്നു. പക്ഷെ നമുക്ക് ഇന്ന് ഫെയ്‌സ് ബുക്ക് ഉണ്ടല്ലൊ. അത്കൊണ്ട് എല്ലാവരും ഫെയ്‌സ്‌ബുക്ക് ശീലമാക്കുക എന്നേ ഞാന്‍ പറയൂ. നന്ദി, നന്ദി ഫെയ്‌സ്‌ബുക്കിന് ഒരുപാട് നന്ദി!

2 comments:

ജ്വാല said...

അതില്‍ ഗുണവുമുണ്ട് ഒപ്പം ദോഷവും

Cv Thankappan said...

സുകുമാരന്‍ സാറിന്‍റെ ലേഖനം ശ്രദ്ധേയമായി.
ഫേസ്ബുക്കുമായി നല്ല സൌഹൃദങ്ങള്‍
സ്ഥാപിക്കാന്‍ കഴിയുന്നു എന്നുള്ളത്
നല്ല കാര്യമാണ്.അതൊടൊപ്പം അങ്ങനെ ബന്ധപ്പെടുന്നവരില്‍ ചിലര്‍ ഇതില്‍നിന്ന്പലതും മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നതും സത്യമാണ്. ഇതുസംബന്ധമായ വാര്‍ത്തകള്‍ നിത്യേനെയെന്നോണം കാണാറുണ്ട്. എല്ലാം ശ്രദ്ധിച്ചു കൈകാര്യം ചെയ്താല്‍ ദുഃഖിക്കേണ്ടല്ലോ?!!അല്ലേ മാഷെ!
സ്നേഹം നടിച്ച്‌ അടുത്തുകൂടുന്ന
പരിചിതരെയും,അപരിചിതരെയും
നമ്മള്‍ സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കാറ്.കാര്യസാധ്യത്തിനായാണ്
അവര്‍ അടുത്തുകൂടുന്നതാണെന്ന ധാരണ.ചിലതൊക്കെ അത്തരത്തില്‍
തന്നെയാണ് കലാശിക്കാറ്.
ആ ചിന്തയില്‍ നമ്മളും അപരരുമായി
സൌഹൃദം പങ്കിടാന്‍ വൈമുഖ്യം
കാണിക്കുന്നു!!!
ആശംസകള്‍