Links

സി.പി.എമ്മിനെതിരെ വൈകി വന്ന പരാതി

സി.പി.എം. എന്ന പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാന്‍ അവകാശമില്ല. ആ പാര്‍ട്ടി കാലാകാലങ്ങളായി ജനങ്ങളെ പറ്റിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ ജനാധിപത്യപാര്‍ട്ടി ആണെന്നും ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നുമാണ് ആ പാര്‍ട്ടി പറയുന്നത്. അപ്പറയുന്നത് വഞ്ചനയാണ്. ഇക്കഴിഞ്ഞ സി.പി.എം.പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പോലും അവര്‍ വ്യക്തമാക്കിയത്, തങ്ങള്‍ ജനകീയ ജനാധിപത്യ വിപ്ലവം നടത്താനുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു എന്നാണ്. എന്തിനാണ് ജനകീയ ജനാധിപത്യ വിപ്ലവം നടത്തുന്നത്? വിപ്ലവം നടത്തി, നിലവിലെ ഭരണഘടന അട്ടിമറിച്ച് പകരം അവരുടെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാന്‍ വേണ്ടി. സി.പി.എമ്മിന്റെ പരിപാടിയില്‍ പാര്‍ട്ടിയുടെ ലക്ഷ്യമായി ഇന്നും പറയുന്നത് ഈ സര്‍വ്വാധിപത്യസംസ്ഥാപനമാണ്.

അപ്പോള്‍ , നിലവിലെ ഭരണഘടനയും ഭരണഘടനസ്ഥാപനങ്ങളും അട്ടിമറിച്ചുകൊണ്ട് തങ്ങളുടെ ഏകാധിപത്യം സ്ഥാപിക്കും എന്ന് പാര്‍ട്ടിപരിപാടിയില്‍ പറയുന്ന ഒരു സംഘടനയ്ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ നിയമപരമായി അവകാശമുണ്ടോ? ഇക്കാര്യം ഇത് വരെ ആരും ഗൌരവമായി ആലോചിച്ചില്ല. എന്നാല്‍ ഇപ്പോള്‍ കര്‍ണ്ണാടകയിലെ മാണ്ഡ്യ ബാര്‍ അസോസിയേഷന്‍ സെക്രട്ടരി അഡ്വ: ഹരീഷ് ഇക്കാര്യം ഉന്നയിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി അയച്ചിരിക്കുകയാണ്. തങ്ങള്‍ ജനകീയ ജനാധിപത്യ വിപവം നടത്തും എന്ന് പാര്‍ട്ടി പരിപാടിയില്‍ എഴുതി വെക്കുന്നത് രാജ്യത്തോട് യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്നും   അത്കൊണ്ട് ജനപ്രാതിനിധ്യ നിയമപ്രകാരം സി.പി.എമ്മിന്റെ റജിസ്ട്രേഷന്‍ റദ്ധാക്കണമെന്നുമാണ് ഹരീഷിന്റെ ആവശ്യം.

സി.പി.എം. നമ്മുടെ ഭരണഘടനയും ബഹുകക്ഷി പാര്‍ലമെന്ററി സിസ്റ്റവും അംഗീകരിക്കുന്നുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടിയുടെ ഭരണഘടനയും പരിപാടിയും ഭേദഗതി ചെയ്ത്  അംഗീകരിക്കണമെന്നും, അക്കാര്യം പൊതുസമൂഹത്തെ അറിയിക്കണമെന്നും അല്ലാത്ത പക്ഷം സി.പി.എം. ജനാധിപത്യപാര്‍ട്ടിയാവുകയില്ലെന്നും ഞാന്‍ നിരന്തരമായി എഴുതിവരുന്നത് സാധൂകരിക്കുകയാണ് ഹരീഷിന്റെ ഹരജി. യഥാര്‍ത്ഥത്തില്‍ , തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഇപ്പോഴും സപ്നം കാണുകയും അതേ സമയം പാര്‍ലമെന്ററി സമ്പ്രദായത്തില്‍ പൂര്‍ണ്ണമായി മുഴുകി പ്രവര്‍ത്തിക്കേണ്ടി വരികയും ചെയ്യുന്ന ആശയപ്രതിസന്ധിയിലാണ് സി.പി.എം. വിപ്ലവം കാലഹരണപ്പെട്ടെന്ന് തിരിച്ചറിഞ്ഞ്  ജനാധിപത്യപാര്‍ട്ടിയായി മാറി, പാര്‍ലമെന്ററി ജനാധിപത്യത്തെ പുഷ്ടിപ്പെടുത്താനുള്ള ആര്‍ജ്ജവമായിരുന്നു സി.പി.എം.കാര്‍ക്ക് ഉണ്ടാകേണ്ടിയിരുന്നത്.  ആ സത്യസന്ധത സി.പി.എമ്മില്‍ നിന്ന് പ്രതീക്ഷിക്കാന്‍ വയ്യ. 

റഫറന്‍സ് : മനോരമ

3 comments:

Saha said...

സുകുമാരൻ മാഷെ,
ഏട്ടിലെ പശു പുല്ലു തിന്നില്ലല്ലോ?
അത്രേ ഉള്ളൂ, ഇവരുടെ വിപ്ലവാഭിമുഖ്യം.
പക്ഷേ, ഇവരുടെ ഈ “വൈരുധ്യാത്മകത“ കേസാക്കാൻ സിപീഎം മരുന്നിനുമാത്രമുള്ള ഒരു കർണാടകത്തിലെ ഒരാൾ വേണ്ടിവന്നുവെന്നത്, കേരളത്തിലെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പൊതുപ്രവർത്തകർക്കാകെ നാണക്കേടാണ്.
ഇവരുടെ കൊലപാതകങ്ങൾ വിപ്ലവാഭിമുഖ്യത്തിൽനിന്നാണെന്ന് നമ്മൾ അനുമാനിക്കുമ്പോഴും പറയുമ്പോഴും, സദാചാര ഞരമ്പുരോഗികളെ “സദാചാരപൊലീസ്” എന്നുവിളിച്ച് ഒരുതരം മാന്യതകൊടുക്കുമ്പോലെയുള്ള ഒരു പരോക്ഷ അംഗീകാരമായി വരില്ലേ? മറിച്ച് ഈ സംഘത്തിലെ ക്രിമിനൽ നേതാക്കളുടെ ദുരയും മൃഗീയത(ഈ പ്രയോഗം മൃഗങ്ങൾ ക്ഷമിക്കട്ടെ) യും മൂലമാണെന്ന് അനുമാനിക്കുകയല്ലേ നന്ന്?

കാരണം, ഇന്നും “വിപ്ലവം“ മൂലം എന്തോ ഇമ്മിണി വല്യ നന്മയോ അവസരസമത്വമോ മറ്റോ ഒക്കെ കൈവരും എന്നു കരുതി അതിനെ പ്രതീക്ഷയോടെ കാണുന്ന, കുറെ പാവങ്ങളിവിടെയുണ്ട്!
നല്ല കുറച്ചു നേതാക്കൾക്ക്, ഏതു ജനാധിപത്യപാർട്ടിയിൽനിന്നും ചെയ്യാവുന്ന നന്മകൾക്കപ്പുറം ഒന്നും സിപിഎമ്മിൽനിന്ന് നിന്ന് പ്രതീക്ഷിക്കേണ്ടെന്ന യാഥാർത്ഥ്യം ഇവർക്ക് ഇന്നും അറിയില്ലല്ലോ?

അധികാരം നേടാനും നിലനിർത്താനും കൂടെ അഴിമതി (പാർട്ടിതലത്തിലും സ്വകാര്യമായും) നടത്താനും, ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധമായും എന്തും ചെയ്യാമെന്ന ഒരു നയം സിപീഎമ്മിനുണ്ട്.
അതും ഈ ഏട്ടിലെ വിപ്ലവവുമായി കടലും കടലാടിയുമായുള്ള ബന്ധമല്ലേ ഉള്ളൂ?!

K.P.Sukumaran said...

1947 ആഗസ്റ്റ് 15ന് കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. എന്നിട്ട് അന്ന് കരിദിനം ആചരിച്ചു. 1948ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തു. അണികള്‍ വാരിക്കുന്തവുമായി തെരുവില്‍ ഇറങ്ങി. സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചു. കലാപം അടിച്ചമര്‍ത്തി. നേതാക്കള്‍ ഒളിവില്‍ പോയി.

പിന്നീട് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സര്‍ക്കാരിന് എഴുതിക്കൊടുത്തു, ഞങ്ങള്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിച്ചോളാമേ എന്ന്. നിരോധനം പിന്‍‌വലിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖ്യധാരയില്‍ എത്തി. എന്നിട്ടും പരിപാടിയില്‍ വിപ്ലവം ഉപേക്ഷിച്ചില്ല. 64 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു. എപ്പോഴോ സി.പി.ഐ. വിപ്ലവം ഉപേക്ഷിച്ചു. സമാധാനപരമായി സോഷ്യലിസം സ്ഥാപിക്കാമെന്ന് അവര്‍ സിദ്ധാന്തിച്ചു. സി.പി.എം. ഒഴുക്കന്‍ മട്ടില്‍ സായുധവിപ്ലവം മാത്രം ഉപേക്ഷിച്ചു. ബൂര്‍ഷ്വാസി ആയുധമെടുത്താല്‍ മാത്രം സായുധവിപ്ലവം എന്ന് പറഞ്ഞുവെച്ചു. ഇവിടെയുള്ളത് ബൂര്‍ഷ്വാ ഭരണവും ബൂര്‍ഷ്വാവ്യവസ്ഥിതിയും ആണ് എന്ന് പറഞ്ഞ് തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന പരിപാടി ഇരു പാര്‍ട്ടികളും ഉപേക്ഷിച്ചില്ല.

തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നാല്‍ ഒറ്റപ്പാര്‍ട്ടി ഭരണമാണ്. അത് ജനാധിപത്യമല്ല. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കും എന്ന് പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞാല്‍ അതിനര്‍ത്ഥം ഇവിടെ നിലവിലുള്ള ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കും എന്നാണ്. അങ്ങനെയുള്ള പാര്‍ട്ടി നിരോധിക്കപ്പെടേണ്ടതാണ്. അല്ലെങ്കില്‍ പരിപാടി മാറ്റണം.

പരിപാടി മാറ്റാതെ, മാറ്റിയതായി 1989 ജൂണ്‍ 29ന് അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടരി സ:ഇ.എം.എസ്. തെരഞ്ഞെടുപ്പ് കമ്മീഷന് കള്ള സത്യവാങ്മൂലം നല്‍കി എന്നാണ് ഹരീഷ് ആരോപിക്കുന്നത്. ഭരണഘടനയോട് കൂറ് പ്രഖ്യാപിക്കുന്നതായി രാഷ്ട്രീയപാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന് 1989 ജൂണ്‍ 15ന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തിയത്കൊണ്ട് എല്ലാ പാര്‍ട്ടികളും റജിസ്ട്രേഷന് പുതിയ അപേക്ഷ നല്‍കേണ്ടി വന്നപ്പോഴാണ് ഇ.എം.എസ്. ഇങ്ങനെയൊരു കടലാസ് തിരുകി വെച്ചത് എന്ന് ഹരീഷ് പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാത്തിരുന്നു കാണാം. ചരിത്രം എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്.

Manoj മനോജ് said...

ബുഹഹഹഹ...

കെ.പി.എസ്സ്.ന്റെ അവസരവാദ മനസ്സ് കാണണമെങ്കിൽ രണ്ട് കൊല്ലം പുറകിലേയ്ക്ക് പോയി പണ്ട് ഒരു സമുദായിക “രാഷ്ട്രീയ” സംഘടനയെ അനുകൂലിച്ച് എഴുതിയ കെ.പി.എസ്സ്.ന്റെ പഴയ പോസ്റ്റുകൾ (2010ലെ) ഒന്ന് കൂടി വായിച്ചാൽ മതി...

“ചരിത്രം എല്ലാവരും മനസ്സിലാക്കേണ്ടതുണ്ടല്ലോ” ;))