Links

കമ്പ്യൂട്ടറും സാധാരണ ജനങ്ങളും

മ്പ്യൂട്ടറും ഇന്റര്‍നെറ്റും ബ്ലോഗും എല്ലാം കൈകാര്യം ചെയ്യുന്ന മലയാളികള്‍ മിക്കവരും പ്രവാസി മലയാളികളാണ്. നാട്ടിലെ സാധാരണക്കാര്‍ ഇതൊക്കെ തങ്ങള്‍ക്ക് ബാധകമല്ലാത്ത മേഖലയാണ് എന്നാണ് കരുതുന്നത്.  പൊതുവെ എല്ലാവരും ഇന്ന് മദ്യത്തിന്റെ പിറകെയാണ്. ലോകകുടിയന്മാര്‍ എന്നാണ് ഇന്ന് മലയാളികള്‍ അറിയപ്പെടുന്നത്. ലോട്ടറിയും മദ്യവും ഇല്ലെങ്കില്‍ കേരള സര്‍ക്കാരിന് നിലനില്പില്ല.  പൌരജനങ്ങളെ വ്യാമോഹത്തില്‍ തളച്ചിട്ടും ലഹരിയില്‍ മയക്കിക്കിടത്തിയുമാണ് ഭരണകൂടം നിലനില്‍ക്കുന്നത് എന്നര്‍ത്ഥം. ഇടത്-വലതുകള്‍ക്ക് ഒന്നും ഇതില്‍ അധാര്‍മ്മികത തോന്നുന്നില്ല. ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഖജനാവില്‍ പണം വരുന്നത് ഈ ചൂതാട്ടത്തില്‍ നിന്നാണല്ലൊ.  എന്ത്കൊണ്ടാണ് ആളുകള്‍ ഇങ്ങനെ മദ്യത്തിന് അടിമകളായിപ്പോയത്? മറ്റൊന്നും ചെയ്യാനും പറയാനും ഇല്ല അത് തന്നെ.  കലാ-സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ പാടെ നിലച്ചു. രാഷ്ട്രീയപ്രവര്‍ത്തനം പാര്‍ട്ടിതൊഴിലാളികള്‍ കുത്തകയാക്കി.  ചെറുപ്പക്കാരുടെ മനസ്സില്‍ കണ്ടന്റ് ഒന്നുമില്ല. വര്‍ത്തമാനം മൊബൈല്‍ ഫോണില്‍ കൂടി ചില ചപ്ലിചിപ്ലി പറച്ചില്‍ മാത്രം. മൊബൈല്‍ വന്നതോടുകൂടി കണ്ണെതിരെ കാണുന്നവരോട്
ലോഹ്യം പോലും നിര്‍ത്തി. വൈകുന്നേരമായാല്‍ അവര്‍ ചാരായമോ മറ്റെന്തിങ്കിലുമോ കുടിക്കാതെ എന്ത് ചെയ്യും. എന്തെങ്കിലും ആക്റ്റിവിറ്റീസ് വേണ്ടേ? ഭക്തിയാണ് ആകെ നാട്ടിലുള്ള വ്യവസായവും സാമൂഹ്യപ്രവര്‍ത്തനങ്ങളുമെല്ലാം.  അതൊന്നും ഭക്തിയല്ല ഒരു തരം പ്രാന്ത് എന്നാണ് എന്റെ നിഗമനം. ഭക്തിയുണ്ടാവാന്‍ മനസ്സിന് അല്പമെങ്കിലും ആഴം വേണ്ടേ? പിന്നെന്ത് കമ്പ്യൂട്ടര്‍ , ഇന്റര്‍നെറ്റ്?  ഞാന്‍ കണ്ണൂര്‍ ജില്ലയുടെ വെബ് പോര്‍ട്ടല്‍ നോക്കി. അവിടെയുള്ള ഫോറത്തില്‍ കാര്യമായി ആരും ഒന്നും എഴുതിയിട്ടില്ല.  അത്കൊണ്ട് വെറുതെ അവിടെ ഞാന്‍ ഒരു ലേഖനം കുറിച്ചിട്ടു. അതിവിടെയും പോസ്റ്റ് ചെയ്യുന്നു.

കമ്പ്യൂട്ടര്‍ എല്ലാവരും പ്രത്യക്ഷത്തില്‍ ഉപയോഗിക്കുന്നില്ലെങ്കിലും ഇന്ന് കമ്പ്യൂട്ടര്‍ എല്ലാവരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. കമ്പ്യൂട്ടര്‍ ഇല്ലാതെ ഇക്കാലത്ത് ആര്‍ക്കും ജീവിയ്ക്കാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും തന്നെ അതിശയോക്തിയില്ല.  നമ്മള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോഴോ ടിവി കാണുമ്പോഴോ പത്രം വായിക്കുമ്പോഴോ ഒക്കെ അത് സാധ്യമാക്കുന്നത് കമ്പ്യൂട്ടറാണ്.  എന്തിനേറെ പറയുന്നു കമ്പ്യൂട്ടര്‍ ഇല്ലെങ്കില്‍ ഇന്ന് ഒരു ഇടപാടും നടക്കുകയില്ല.  മനുഷ്യന്‍ ഇത:പര്യന്തം കണ്ടുപിടിച്ച കണ്ടുപിടുത്തങ്ങളെയെല്ലാം കവച്ചു വയ്ക്കുന്നതാണ് കമ്പ്യൂട്ടറിന്റെ കണ്ടുപിടുത്തം.  കമ്പ്യൂട്ടര്‍ ഇന്ന് ഒരു ആഡംബരവസ്തു അല്ല.  സാധാരണക്കാര്‍ക്ക് പോലും വാങ്ങാന്‍ കഴിയുമാറ് കമ്പ്യൂട്ടറിന്റെ വില ദിവസം തോറും കുറഞ്ഞു വരുന്നുമുണ്ട്.  കമ്പ്യൂട്ടര്‍ എല്ലാ വീടുകളിലും എത്തിപ്പെടുന്ന സാഹചര്യം അത്ര വിദൂരമല്ല എന്ന് പറയാം.  അത്കൊണ്ട് എന്താണ് കമ്പ്യൂട്ടര്‍ എങ്ങനെയാണ് അത് പ്രവര്‍ത്തിക്കുന്നത് എന്ന ഒരു ഏകദേശ ധാരണ എല്ലാവര്‍ക്കും നല്ലതാണ്.

നാം കാണുന്ന കമ്പ്യൂട്ടര്‍ അതായത് മോണിട്ടര്‍ , സി.പി.യു.വില്‍ ഉള്ള മദര്‍ബോര്‍ഡ്, പ്രോസസ്സസ്സര്‍ ,  ഹാര്‍ഡ് ഡിസ്ക് അങ്ങനെ എല്ലാ ഭാഗങ്ങളെയും ചേര്‍ത്ത് ഹാര്‍ഡ്‌വേര്‍ എന്ന് പറയുന്നു.  കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് നിര്‍ദ്ദേശം കൊടുക്കണം. അങ്ങനെ കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് പ്രോഗ്രാം എന്ന് പറയുന്നു. പ്രോഗ്രാമുകളെയാണ് സോഫ്റ്റ്‌വേര്‍ എന്ന് പറയുന്നത്. ഇന്ന് ലക്ഷക്കണക്കിന് സോഫ്റ്റ്‌വേറുകള്‍ ഉണ്ട്.  ഈ സോഫ്റ്റ്‌വേറുകള്‍ പ്രവര്‍ത്തിക്കണമെങ്കിലും കമ്പ്യൂട്ടറില്‍ ഒരു പ്രോഗ്രാം അഥവാ സോഫ്റ്റ്‌വേര്‍ വേണം അതിന് ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന് പറയുന്നു.  മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് പിന്നെ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ആയ ലിനക്സ് ഇവ രണ്ടുമാണ് ഇന്ന് പ്രചാരത്തിലുള്ള രണ്ട് പ്രധാന ഓപ്പറേറ്റിങ്ങ് സിസ്റ്റം. മറ്റുള്ള ചിലതിനെ കുറിച്ച് ഇന്ന് പരാമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല.  നമ്മള്‍ ഒരു ബ്രാന്റഡ് കമ്പ്യൂട്ടര്‍ വാങ്ങുകയാണെങ്കില്‍ വിന്‍ഡോസ് എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം അതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവും.  അസംബിള്‍ ചെയ്തത് വാങ്ങുകയാണെങ്കില്‍ അത് നമുക്ക് തരുന്നവര്‍ തന്നെ ഓപ്പറേറ്റിങ്ങ് സിസ്റ്റവും (OS) ഇന്‍സ്റ്റാള്‍ ചെയ്ത് തരും. ആവശ്യമാണെങ്കില്‍ സൌജന്യമായി ലഭിക്കുന്ന ലിനക്സ് എന്ന ഒപ്പറേറ്റിങ്ങ് സിസ്റ്റം നമുക്ക് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഓ.എസ്സ്. കൂടാതെ അടിസ്ഥാനപരമായി കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനാവശ്യമായ എല്ലാ അനുബന്ധ സോഫ്റ്റ്‌വേറുകളും നമ്മള്‍ വാങ്ങുന്ന കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവും. പിന്നെയും വേണമെങ്കില്‍ നൂറ് കണക്കിന് സോഫ്റ്റ്‌വേറുകള്‍ നമുക്ക് ഇന്റര്‍നെറ്റില്‍ നിന്ന് ഡൌണ്‍‌ലോഡ് ചെയ്യാ‍ന്‍ സൌജന്യമായി ലഭിക്കും. മിനിറ്റുകള്‍ കൊണ്ട് അത് നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.

കമ്പ്യൂട്ടറിന് നമ്മള്‍ ചെലവാക്കുന്ന പണത്തെക്കാള്‍ എത്രയോ സൌകര്യങ്ങള്‍ നെറ്റില്‍ നിന്ന് ഒരു കാശും മുടക്കാതെ ലഭിക്കും എന്ന് മനസ്സിലാക്കേണ്ടതുണ്ട്.  വാ‍ങ്ങുമ്പോള്‍ ഒറ്റ തവണയാണ് നാം കമ്പ്യൂട്ടറിന് വേണ്ടി പണം ചെലവാക്കുന്നത്. പിന്നെ ഇന്റര്‍നെറ്റ് കണക്‍ഷന്‍ നമുക്ക് ഇടതടവില്ലാതെ ലഭിക്കാന്‍ അത് നമ്മുടെ കമ്പ്യൂട്ടറിലേക്ക് എത്തിച്ചു തരുന്ന സര്‍വീസ് പ്രൊവൈഡര്‍ക്കും (ISP) മാസാമാസം ഒരു നിശ്ചിത തുക നല്‍കേണ്ടതുണ്ട്. ഓര്‍ക്കുക അത് നാം ഇന്റര്‍നെറ്റിന് നല്‍കുന്ന  വിലയല്ല. ഇന്റര്‍നെറ്റ് എന്നത് തികച്ചും സൌജന്യമായ ഒരേര്‍പ്പാടാണ്. നമുക്ക്  ഇന്റര്‍നെറ്റ് എത്തിച്ചു തരുന്ന പ്രധാന സര്‍വീസ് പ്രൊവൈഡര്‍ ബി.എസ്.എന്‍.എല്‍ ആണ്. സ്വകാര്യമേഖലയില്‍ മറ്റ് പ്രൊവൈഡര്‍മാരുമുണ്ട്. ഇന്റര്‍നെറ്റുമായി നമ്മുടെ കമ്പ്യൂട്ടറിനെ ബന്ധിപ്പിക്കാന്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കേണ്ടതുണ്ട്. അതിനുള്ള ചെലവാണ് അവര്‍ നമ്മളില്‍ നിന്ന് ഈടാക്കുന്നത്. ഇന്റര്‍നെറ്റിന് ഒരു ഉടമസ്ഥനോ ആസ്ഥാനമോ നേതൃത്വമോ ഇല്ല. ഇന്റര്‍നെറ്റ് ആരുടേതാണ് എന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുളൂ അത് ഇന്റര്‍നെറ്റ് നമ്മുടെയെല്ലാമാണ് എന്നാണ്.  ഇന്റര്‍നെറ്റ് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ചില ആഗോള സംവിധാനങ്ങളും ക്രമീകരണങ്ങളും നിയമങ്ങളും ( പ്രോട്ടോകോള്‍ ) ഒക്കെ ഉണ്ട്. എന്നാല്‍ അതൊന്നും ഇന്റര്‍നെറ്റിന്റെ അധികാര കേന്ദ്രങ്ങളോ അവകാശസ്ഥാപനങ്ങളോ അല്ല.  അത്തരം സംവിധാനങ്ങള്‍ ലോകമാസകലമുള്ള കമ്പ്യൂട്ടറുകളെ ഒരു നെറ്റ്‌വര്‍ക്കില്‍ ബന്ധിപ്പിക്കാനും തടസ്സങ്ങളില്ലാതെ വിവരങ്ങള്‍ (ഡാറ്റ) കൈമാറാനും സഹായിക്കുന്നു.  കമ്പ്യൂട്ടര്‍ കൊണ്ട് നമുക്കുള്ള പ്രയോജനങ്ങള്‍ നിരവധിയാണ്.  അതില്‍ ഏറ്റവും പ്രധാനം ഇന്റര്‍നെറ്റ് തന്നെ.

എന്താണ് ഇന്റര്‍നെറ്റ് എന്ന് പറഞ്ഞാല്‍ ?  ഇന്റര്‍നെറ്റിനെ നെറ്റ്‌വര്‍ക്കുകളുടെ നെറ്റ് വര്‍ക്ക് എന്ന് പറയാം.  ഉദാഹരണത്തിന് ഒരു ബാങ്കിലോ സര്‍ക്കാര്‍ ഓഫീസിലോ കുറെ കമ്പ്യൂട്ടറുകള്‍ നെറ്റ്‌വര്‍ക്കായി ബന്ധിപ്പിച്ചു പ്രവര്‍ത്തിക്കുന്നു. അത്തരം  നെറ്റ്‌വര്‍ക്കുകളെ ലോക്കല്‍ ഏരിയാ നെറ്റ്‌വര്‍ക്ക് അഥാവാ LAN എന്ന് പറയുന്നു.  അനേകം പേര്‍ ഒരൊറ്റ പേഴ്സണല്‍ കമ്പ്യൂട്ടര്‍ മാത്രം ഉപയോഗിക്കുന്നു. നമ്മുടെ കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്യുമ്പോള്‍ അങ്ങനെ കണക്റ്റ് ചെയ്യപ്പെട്ട എല്ലാ നെറ്റ്‌വര്‍ക്കുകളുമായും പേഴ്സണല്‍ കമ്പ്യൂട്ടറുകളുമായും നമ്മുടെ കമ്പ്യൂട്ടറും കണക്റ്റ് ചെയ്യപ്പെടുന്നു. ഏത് കമ്പ്യൂട്ടറുകളില്‍ നിന്നും നമ്മുടെ കമ്പ്യൂട്ടറിലേക്ക് വിവരങ്ങള്‍ ( ഡാറ്റകള്‍ ) ടെക്സ്റ്റ്, ഇമേജ്, ശബ്ദം, വീഡിയോ ഇങ്ങനെ പല രൂപത്തില്‍ ശേഖരിക്കാനും നമ്മുടെ കമ്പ്യൂട്ടറില്‍ നിന്ന് മറ്റ് കമ്പ്യൂട്ടറിലേക്ക് എത്തിക്കാനും കഴിയുന്നു.

ലോകത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേയ്ക്ക് ഇപ്രകാരം വിവരങ്ങള്‍ എത്തിക്കാന്‍ ഒരു സെക്കന്റിന്റെ എത്രയോ കുറവ് സമയം മാത്രമേ വേണ്ടി വരുന്നുള്ളൂ.  അതായത് നാം കമ്പ്യൂട്ടറില്‍ മൌസ് കൊണ്ട് ഒന്ന് ക്ലിക്ക് ചെയ്യുമ്പോഴേക്കും അമേരിക്കയിലുള്ള ഒരു സര്‍വ്വര്‍ കമ്പ്യൂട്ടറില്‍ നിന്നും വിവരങ്ങള്‍ നമ്മുടെ കമ്പ്യൂട്ടറിന്റെ മോണിട്ടറില്‍ തെളിയുന്നു. നാം ഒരു ഇ-മെയില്‍ സന്ദേശം തയ്യാറാക്കി സെന്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത അതേ നിമിഷം ആര്‍ക്കാണോ അയച്ചത്, അയാള്‍ ലോകത്തിന്റെ ഏത് മൂലയിലായാലും അയാള്‍ക്ക് വായിക്കാന്‍ കഴിയുന്നു.  ഇന്റര്‍നെറ്റും കമ്പ്യൂട്ടറും കൈകാര്യം ചെയ്യാന്‍ ഇംഗ്ലീഷ് അറിഞ്ഞിരിക്കണം  എന്നത് ഇന്ന് പഴങ്കഥയാണ്.  കീബോര്‍ഡിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ വായിക്കാന്‍ മാത്രം അറിയുന്ന ആര്‍ക്കും ഇന്ന് ഇന്റര്‍നെറ്റ് നോക്കാനും മനസ്സിലാക്കാനും കഴിയും. മലയാളത്തില്‍ സന്ദേശങ്ങള്‍ എഴുതി അയക്കാനും നിരവധി മലയാളം ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ വായിക്കാനും ഇന്റര്‍നെറ്റില്‍ കഴിയും. ഇതിനെല്ലാമുപരി നമുക്ക് ലോകത്തോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കഥയോ ലേഖനമോ മറ്റെന്ത് സൃഷ്ടിയായാലും മലയാളത്തില്‍ എഴുതി ഒരു പൈസ ചെലവില്ലാതെ പ്രസിദ്ധീകരിക്കാന്‍ കഴിയും.

ഇങ്ങനെ എഴുതുന്നതിനെ ബ്ലോഗ് എന്ന് പറയുന്നു.  മലയാളത്തിലും ഇംഗ്ലീഷ്  കൂടാതെ ലോകത്തുള്ള മറ്റെല്ലാ പ്രാദേശികഭാഷകളിലും കമ്പ്യൂട്ടറില്‍ എഴുതാനും വായിക്കാനും കഴിയുന്നത് യൂനിക്കോഡ് എന്‍‌കോഡിങ്ങ് എന്നൊരു സംഭവം  നിലവില്‍ വന്നതോടുകൂടിയാണ്. ഏത് ഭാഷയിലെയും ഒരക്ഷരത്തിന് ഒരു കോഡ് നമ്പര്‍ എന്നതാണ് യൂനിക്കോഡ് രീതി. മലയാളത്തിലെ എല്ലാ അക്ഷരങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം കോഡ് നമ്പറുകളുണ്ട്.  ഇതിന്റെയൊക്കെ സാങ്കേതികത ഇവിടെ വിവരിക്കുന്നില്ല. സാമാന്യമായ ഒരു ധാരണ ഉണ്ടാകാന്‍ വേണ്ടി പരാമര്‍ശിക്കുന്നു എന്ന് മാത്രം.  എങ്ങനെയാണ് നാം നമ്മുടെ കമ്പ്യൂട്ടറില്‍ എഴുതുന്ന ബ്ലോഗ് ലോകത്തെവിടെയോ ഉള്ള ഒരാള്‍ക്ക് തന്റെ കമ്പ്യൂട്ടറില്‍ നിന്ന് വായിക്കാന്‍ കഴിയുന്നത്? കമ്പ്യൂട്ടറുകളെ പൊതുവെ രണ്ട് തരമായി വേര്‍തിരിക്കാം.  അനേകമനേകം ഡാറ്റകള്‍ ശേഖരിച്ചു വയ്ക്കാനും അവയുടെ പ്രോസസ്സിങ്ങ് നടത്താനും  ശേഷിയുള്ള കമ്പ്യൂട്ടറുകളെ സര്‍വര്‍ (SERVER) കമ്പ്യൂട്ടറുകള്‍ എന്ന് പറയുന്നു. ഇത്തരം സര്‍വര്‍ കമ്പ്യൂട്ടറുകളില്‍ നിന്ന് വിവരങ്ങള്‍ വരുത്തി വായിക്കുന്ന നമ്മുടെ പേഴ്സണല്‍ കമ്പ്യൂട്ടറിനെ ക്ലയന്റ് (CLIENT) കമ്പ്യൂട്ടര്‍ എന്ന് പറയുന്നു. നമ്മള്‍ ഇന്റര്‍നെറ്റില്‍ മാതൃഭൂമി പത്രം വായിക്കുമ്പോള്‍ മാതൃഭൂമിയുടെ സര്‍വര്‍ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.  സര്‍വ്വര്‍ കമ്പ്യൂട്ടറുകളുടെ വിവരസംഭരണശേഷി പല തട്ടിലായിരിക്കും എന്ന് പറയേണ്ടതില്ലല്ലൊ.  ഗൂഗിള്‍ പോലൊരു കമ്പനിയുടെ സര്‍വ്വര്‍ കമ്പ്യൂട്ടറിന്റെ കപ്പാസിറ്റി നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.  സര്‍വ്വറുകള്‍ നമുക്ക് വാടകയ്ക്കോ സൌജന്യമായോ ലഭിക്കും.  ഇപ്രകാരം മറ്റുള്ളവരുടെ വിവരങ്ങള്‍ തങ്ങളുടെ സര്‍വ്വറില്‍ സൂക്ഷിച്ച് ആവശ്യമുള്ളവര്‍ക്ക് നല്‍കുന്നതിനെ ഹോസ്റ്റ് (HOST) ചെയ്യുക എന്ന് പറയും.  നമ്മുടെ ബ്ലോഗുകള്‍ , വീഡിയോകള്‍ , ഫോട്ടോകള്‍ , പാട്ടുകള്‍ , മറ്റ് ഫയലുകള്‍ സൌജന്യമായി ഹോസ്റ്റ് ചെയ്തു തരുന്ന അനേകം കമ്പനികളുണ്ട്.  ബ്ലോഗുകള്‍ ഹോസ്റ്റ് ചെയ്യുന്ന ഒരു പ്രധാനപ്പെട്ട ഒരു പ്ലാറ്റ് ഫോം  ഗൂഗിളിന്റെ തന്നെ ബ്ലോഗര്‍ ഡോട്ട് കോം ആണ്.  www.blogger.com -ല്‍  ഒരു അക്കൌണ്ട് റജിസ്റ്റര്‍ ചെയ്ത് ആര്‍ക്കും  ബ്ലോഗ് എഴുതി പ്രസിദ്ധീകരിക്കാം. നമ്മള്‍ ബ്ലോഗ് എഴുതി പബ്ലിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോഴേക്കും  അത് ലോകത്ത് ആര്‍ക്കും വായിക്കാന്‍ ലഭ്യമാകും.  ദിനേന ഇന്ന് നിരവധി ബ്ലോഗുകള്‍ എഴുതപ്പെടുന്നുണ്ട്.

എങ്ങനെയാണ്  ഇംഗ്ലീഷ് കീബോര്‍ഡ് ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുക എന്നും അത് മലയാളത്തില്‍ വായിക്കുക എന്നും നോക്കാം.  മലയാളത്തില്‍ വായിക്കാന്‍ അഞ്ജലിഓള്‍ഡ്ലിപി (AnjaliOldLipi) എന്ന യൂനിക്കോഡ് ഫോണ്ട് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. എഴുതാന്‍ മൊഴികീമാപ്പ് (Mozhi Keymap) എന്നൊരു സോഫ്റ്റ്‌വേറും  ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ഇത് നെറ്റില്‍ നിന്ന് സൌജന്യമായി ലഭിക്കും. ഗൂഗിള്‍ സൈറ്റ് തുറന്ന് സെര്‍ച്ച് ചെയ്താല്‍ യഥേഷ്ടം വിവരങ്ങളും ലിങ്കുകളും ലഭിക്കും.  ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ എന്നത് വിവരാന്വേഷകര്‍ക്ക് ഒരു വരദാനം തന്നെയാണ്.  ഇന്റര്‍നെറ്റ്നെറ്റ് സാക്ഷരത എന്നത് എല്ലാവര്‍ക്കും അനിവാര്യമാണ്.  നമ്മുടെ ഗ്രാമത്തിന്റെ വെബ്‌സൈറ്റ് വായിക്കാനും നമ്മുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അവിടെ രേഖപ്പെടുത്താനും നമ്മള്‍ തന്നെയല്ലെ മുന്നോട്ട് വരേണ്ടത്.  മാത്രമല്ല സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായും സാധാരണക്കാര്‍ക്ക് ബന്ധപ്പെടാന്‍ ഇന്ന് ഇന്റര്‍നെറ്റ് വഴിയൊരുക്കുന്നുണ്ട്.  കമ്പ്യൂട്ടര്‍ എന്നത് ഒരു വിനോദോപാധി അല്ലെന്നും അത് സാമൂഹികപുരോഗതിക്കും, ഭരണസുതാര്യതയ്ക്കും, ജനാധിപത്യശാക്തീകരണത്തിനും, വിജ്ഞാനവിനിമയത്തിനും, വിദ്യാഭ്യാസത്തിനും ഒക്കെ ഉപയുക്തമായ ശക്തിയുള്ള ഉപകരണമാണെന്ന് തിരിച്ചറിഞ്ഞ് കമ്പ്യൂട്ടര്‍ സാക്ഷരതയുടെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ നാം ഇനിയും അമാന്തിച്ചു കൂട.

4 comments:

chithrakaran:ചിത്രകാരന്‍ said...

വളരെ ലളിതമായും സ്പഷ്ടമായും കംബ്യൂട്ടറിന്റെയും ഇന്റെര്‍നെറ്റിന്റേയും സാങ്കേതികതയെക്കുറിച്ച് എഴുതിയിരിക്കുന്നല്ലോ !!!
ഈ വിഷയത്തില്‍ ഉറച്ചു നിന്ന് തുടര്‍ന്നും എഴുതുകയാണെങ്കില്‍ സുകുമാരേട്ടന്റെ കംബ്യൂട്ടര്‍-ഇന്റെര്‍നെറ്റ് പാഠങ്ങള്‍ എന്നൊരു ജനോപകാരപ്രദമായ പുസ്തകം തന്നെ ജന്മമെടുക്കാനുള്ള സാധ്യത കാണുന്നു.

Pottichiri Paramu said...

വളരെ നന്നായിട്ടുണ്ട് സര്‍...കമ്പ്യൂട്ടര്‍ സാക്ഷരതയിലും നമ്മുടെ കേരളത്തെ നമുക്ക് ഒന്നമതാക്കാന്‍ ശ്രമിക്കാം ...

Joker said...

ലേഖനത്തിന്റെ ആദ്യഭാഗത്ത് പറഞ്ഞ കാര്യങ്ങള്‍ ഒട്ടും പതിരില്ല തന്നെ.നാടിന്റെ അവസ്ഥ വളരെ ആശങ്കാ ജനകമാണിന്ന്.നമ്മുടെ നാട്ടില്‍ ഇന്റര്‍ നെറ്റ് ഇനിയും ഒരുപാട് പ്രചാരം നേടേണ്ടിയിരിക്കുന്നു.ഇന്റര്‍ നെറ്റും കമ്പ്യൂട്ടറും അറിയുന്നവര്‍ക്ക് തന്നെ ബ്ലോഗ് പോലെയുള്ള സംവിധാനങ്ങളെ കുറിച്ചറിയില്ല എന്നതും സത്യം.

സത്യാന്വേഷി said...

ലളിതം മനോഹരം. അഭിനന്ദനങ്ങള്‍