Links

കൃഷ്ണയ്യര്‍ വടി കൊടുക്കേണ്ടായിരുന്നു

ചില ആളുകളെ നമ്മള്‍ വലിയവര്‍,ആദരണീയര്‍ എന്നൊക്കെ കരുതാനുള്ള കാരണം അവര്‍ മാധ്യമങ്ങളിലൂടെ പ്രശസ്തരാവുന്നു എന്നത്കൊണ്ട് മാത്രമാണ്. അറിയപ്പെടുക എന്നത് വലിയ ആളാകാനുള്ള ഒരു കുറുക്കുവഴിയാണ്. അത്കൊണ്ട് ചിലര്‍ ബോധപൂര്‍വ്വം മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. ഇടത് സഹയാത്രികനാവുക, ഇടക്കൊക്കെ സി.പി.എമ്മിനെയും വിമര്‍ശിക്കുക, കോണ്‍ഗ്രസ്സിനെ നിരന്തരം കുറ്റം പറയുക, വിവാദപ്രസ്ഥാവനകള്‍ നടത്തുക, മധ്യസ്ഥന്റെ റോളില്‍ ആ‍വശ്യപ്പെടാതെ തന്നെ സൌജന്യമായി ഉപദേശങ്ങള്‍ നല്‍കുക, നിനച്ചിരിക്കാത്ത നേരത്ത് എന്തിലെങ്കിലും കയറി ഇടപെടുക ഇതൊക്കെയാണ് മാധ്യമശ്രദ്ധ പിടിച്ചു പറ്റി പ്രശസ്തി കെടാതെ നിലനിര്‍ത്താനുള്ള ചൊട്ടുവിദ്യകള്‍. എത്രയോ ജഡ്ജിമാര്‍ സുപ്രീം കോടതിയില്‍ നിന്നും മറ്റ് കോടതികളില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നു. എന്നാല്‍ വി.ആര്‍.കൃഷ്ണയ്യരെ പോലെ മാധ്യമങ്ങളില്‍ സ്ഥിരമായി ഇടം പിടിക്കുന്ന വേറെ ആരാണുള്ളത്. നമ്മള്‍ വലിയ ആളെന്ന് കരുതുന്ന ചിലരുടെ ചിലപ്പോഴത്തെ പ്രസ്ഥാവനകള്‍ അവരോട് നമുക്ക് മതിപ്പ് കുറയാന്‍ ഇടയാക്കാറുണ്ട്. അപ്പോഴാണ് അവരുടെ തനിസ്വഭാവം അറിയാതെയാണല്ലോ അവരില്‍ നമ്മള്‍ മഹത്വം ആരോപിച്ചത് എന്ന് തോന്നുക.

പറഞ്ഞ് വന്നത് ഗൌരിയമ്മ ശ്രീ കൃഷ്ണയ്യരെ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നു എന്ന് ആക്ഷേപിക്കാനുണ്ടായ സാഹചര്യത്തെപറ്റിയാണ്. ഗൌരിയമ്മ സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെടാനുള്ള കാരണം ആ പാര്‍ട്ടിയുടെ യാന്ത്രികമായ സംഘടനസെറ്റപ്പ് നിമിത്തമാണ്. ആ സെറ്റപ്പിന്റെ രക്തസാക്ഷിയാണ് ആത്മഹത്യ ചെയ്ത W.R.വരദരാജന്‍ എന്ന നേതാവ്. ഗൌരിയമ്മ മാധ്യമപ്രശസ്തിയ്ക്ക് വേണ്ടിയുള്ള കുറുക്ക് വഴികള്‍ തേടാറില്ല. ആത്മാര്‍ത്ഥത ഒരിക്കലും അവര്‍ പണയം വെക്കാറുമില്ല.

ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ “ഞാനാണ് ഭൂപരിഷ്ക്കരണ നിയമം തയ്യാറാക്കിയത്. 24മണിക്കൂര്‍ കൊണ്ടാണ് അതെഴുതി തീര്‍ത്തത്. ഗൌരിയമ്മയെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഒന്നും നടക്കില്ലായിരുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ എളുപ്പമല്ലെന്നാണ് ഗൌരിയമ്മ പറഞ്ഞത്. റവന്യു മന്ത്രി എന്ന നിലയില്‍ അസംബ്ലിയില്‍ നിയമം അവതരിപ്പിച്ച ബന്ധമേ അവര്‍ക്കുള്ളൂ” ഇങ്ങനെ പോകുന്നു കൃഷ്ണയ്യരുടെ അവകാശവാദങ്ങള്‍. കൂടാതെ സ്വന്തം പേരിലും ഭര്‍ത്താവ് ടി.വി.യുടെ പേരിലും രണ്ട് എമ്മെല്ലെ പെന്‍ഷന്‍ ഗൌരിയമ്മ വാങ്ങുന്നതിനെയും അദ്ദേഹം പരിഹസിക്കുന്നു പോലും.

കൃഷ്ണയ്യര്‍ക്ക് ഗൌരിയമ്മ ചുട്ട മറുപടി കൊടുത്തതായാണ് ഒരു പത്രത്തില്‍ വായിക്കാന്‍ കഴിഞ്ഞത്. ഒരു നിയമം 24 മണിക്കൂര്‍ കൊണ്ട് എഴുതി എന്ന് പറഞ്ഞാല്‍ തന്നെ ആരാണ് വിശ്വസിക്കുക. മലബാറിന്റെ പ്രതിനിധി എന്ന നിലയില്‍ മദിരാശി നിയമസഭയില്‍ അവതരിപ്പിച്ച ഒരു ഭൂപരിഷ്ക്കരണനിയമത്തിന്റെ പകര്‍പ്പ് ഹാജരാക്കി എന്നല്ലാതെ 1959ജൂണ്‍ 30ന് അവതരിപ്പിച്ച കാര്‍ഷികപരിഷ്ക്കരണനിയമത്തിന് അന്ന് നിയമവും കൈകാര്യം ചെയ്തിരുന്ന കൃഷ്ണയ്യര്‍ക്ക് ഒരു ബന്ധവുമില്ല എന്നാണ് ഗൌരിയമ്മ പറയുന്നത്. എന്നാല്‍ തന്റെ നേതൃത്വത്തില്‍ നിയമവകുപ്പ് സെക്രട്ടരിയടക്കം പലരും മാസങ്ങളോളം ചര്‍ച്ച ചെയ്തിട്ടാണ് ആ നിയമത്തിന്റെ കരട് നിയമവകുപ്പ് തയ്യാറാക്കിയത് എന്ന് ഗൌരിയമ്മ പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കൃഷ്ണയ്യര്‍ അന്ന് ആഭ്യന്തരം,ജയില്‍,ജലസേചനം തുടങ്ങിയ വകുപ്പുകളും കൈയ്യാളിയിരുന്നുവത്രെ. ആഭ്യന്തരം പിന്നീട് അദ്ദേഹത്തില്‍ നിന്ന് എടുത്ത് മാറ്റി അച്യുതമേനോന് നല്‍കിയത് കൃഷ്ണയ്യരുടെ കഴിവ് കൊണ്ടാണോ എന്നും ഗൌരിയമ്മ ചോദിക്കുന്നു. കാര്‍ഷികപരിഷ്ക്കരണനിയമം എന്നത് ഭൂപരിഷ്ക്കരണനിയമം എന്ന് തെറ്റായി കൃഷ്ണയ്യര്‍ പറഞ്ഞതായും ഗൌരിയമ്മ പരിഹസിക്കുന്നു.

കുറിക്ക് കൊള്ളുന്ന മറുപടിയാണ് ഗൌരിയമ്മ കൃഷ്ണയ്യര്‍ക്ക് നല്‍കുന്നത്. താന്‍ ഭര്‍ത്താവിന്റെയും പെന്‍ഷന്‍ വാങ്ങുന്നതിനെ പരിഹസിക്കുന്ന കൃഷ്ണയ്യര്‍ സുപ്രീം കോടതി ജഡ്ജി എന്ന നിലയിലുള്ള പെന്‍ഷന്‍ വാങ്ങുമ്പോള്‍ തന്നെ എം.എല്‍.എ. പെന്‍ഷനും പാട്പെട്ട് തരപ്പെടുത്തി പോലും. കൃഷ്ണയ്യര്‍ എത്ര കാലം എമ്മെല്ലെ ആയിരുന്നിട്ടുണ്ട്?

ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ മഹത്വം ഉല്‍ഘോഷിക്കുമ്പോള്‍ എടുത്ത് പറയാറുള്ളതാണ് അന്ന് ഗൌരിയമ്മ പാസ്സാക്കിയ കാര്‍ഷികപരിഷ്ക്കരണനിയമം. എന്നാല്‍ ആ നിയമം കേന്ദ്രം അംഗീകരിക്കാത്തതിനാല്‍ അത് ലാപ്സായിപ്പോയ കാര്യം ആരും മിണ്ടാറില്ല. ചുരുക്കത്തില്‍ അന്നത്തെ ഇ.എം.എസ്സ്. മന്ത്രിസഭയുടേതായി കാര്‍ഷികപരിഷ്ക്കരണം എന്നൊരു നിയമം നിലവില്‍ ഉണ്ടായിട്ടില്ല. പിന്നെ പട്ടം മന്ത്രിസഭ ഭേദഗതികളോടെ കാര്‍ഷികപരിഷ്ക്കരണനിയമം കൊണ്ടുവന്നത് അംഗീകരിച്ചെങ്കിലും ഭൂവുടമകള്‍ കോടതിയെ സമീപിച്ച് ആ നിയമവും റദ്ധാക്കിച്ചു. പിന്നീട് വീണ്ടും 67ലെ ഇ.എം.എസ്സ്. മന്ത്രിസഭയില്‍ റവന്യു മന്ത്രി ആയിരുന്ന ഗൌരിയമ്മ പ്രസ്തുതനിയമം കൊണ്ടു വന്ന് പാസ്സാക്കിയെങ്കിലും ആ മന്ത്രിസഭയും അധികകാലം നിലനിന്നില്ല. ഒടുവില്‍ അച്യുതമേനോന്‍ നേതൃത്വം നല്‍കിയ ഗവണ്മേണ്ടാണ് ഭൂപരിഷ്ക്കരണം നടപ്പാക്കിയത് എന്നാണെന്റെ ഓര്‍മ്മ.

ഗൌരിയമ്മയ്ക്ക് അപാരമായ കഴിവൊന്നും ഇല്ലെന്നും കൃഷ്ണയ്യര്‍ പറഞ്ഞതായും പത്രറിപ്പോര്‍ട്ടില്‍ കാണുന്നു. ജനപക്ഷത്ത് നിന്ന്കൊണ്ട് ധീരമായ നിലപാടുകള്‍ എടുക്കുകയും സ്വന്തം മന:സാക്ഷിയെ വഞ്ചിക്കാതിരിക്കുകയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ട്ടിവേലിക്കെട്ടുകള്‍ക്ക് പുറത്ത് വന്ന് മുഴുവന്‍ ജനങ്ങളുടെയും യഥാര്‍ത്ഥ പ്രതിനിധിയാവുക തുടങ്ങിയ കഴിവുകളാണ് രാഷ്ട്രീയക്കാരില്‍ നിന്ന് പൊതുജനം പ്രതീക്ഷിക്കുന്നത്. കൃഷ്ണയ്യര്‍ പറയുന്ന കഴിവ് എന്താണെന്ന് അറിയില്ല. എന്തായാലും വിവാദങ്ങള്‍ക്ക് തിരക്കൊഴിയാത്ത ഇക്കാലത്ത് കൃഷ്ണയ്യര്‍ ഗൌരിയമ്മയ്ക്ക് വടി കൊടുത്ത് അടി വാങ്ങേണ്ടിയിരുന്നില്ല.

1 comment:

Anonymous said...

ക്രിഷ്ണയ്യര്‍ പ്രേതത്തെ കണ്ടതായും പ്രേതവുമായി ബന്ധം പുലര്‍ത്തിയതായും പറഞ്ഞു, പിന്നെ ഈയിടെ ഒരു സത്യവും പ്രഞ്ഞു കോടതിയില്‍ പോകുന്നത്‌ മിനക്കേടാണെന്നും സമയ നഷടം മാനഹാനി മാത്രമേ അവിടെ നിന്നും കിട്ടികയുള്ളു എന്നും വയസ്സാകുമ്പോള്‍ ആള്‍ക്കാര്‍ക്കു മാനസിക നില തെറ്റുന്നു എല്ലാം സീ പീടെ കാലത്തായിരുന്നു നല്ലതെന്നും അമ്പടാ ഞാനേ എന്നും തോന്നുന്നു ഇതുകൊണ്ട്‌ നമ്മള്‍ക്കു പല രഹസ്യങ്ങളും മനസ്സിലാകുന്നു എന്നു ഒരു ഗുണം ഉണ്ട്‌ പ്രകാശ്‌ കാരാട്ട്‌ ഇപ്പഴെ പറഞ്ഞില്ലേ ബംഗാളില്‍ ഇടതു പക്ഷം തോല്‍ക്കാന്‍ പോകുകയാണെന്നു ചുരുക്കത്തില്‍ നമ്മള്‍ സീ പീ രാമസ്വാമി അയ്യറ്‍ക്കു ശേഷം അചുതമേനോന്‍ മാത്രമാണു കേരളത്തിനു വേണ്ടി എന്തെങ്കിലും ചെയ്തതെന്നും മനസ്സിലാക്കുന്നു