Links

രണ്ടാം തലമുറ ബ്ലോഗ്

ബ്ലോഗറില്‍ ഇപ്പോള്‍ ടെമ്പ്ലേറ്റ് നമുക്ക് തന്നെ സ്വയം ഡിസൈന്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പരിഷ്ക്കാരങ്ങള്‍ വരുത്തിയത് കാരണം വളരെയധികം സൌകര്യങ്ങളാണ് ബ്ലോഗര്‍മാര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ നിലവിലുള്ള ബ്ലോഗര്‍മാരില്‍ അധികമാരും തങ്ങളുടെ ബ്ലോഗില്‍ ഈ മാറ്റങ്ങള്‍ വരുത്തിയതായി കാണുന്നില്ല. ഇന്ന് ബ്ലോഗ് എഴുതിക്കൊണ്ടിരിക്കുന്ന ഒന്നാം തലമുറയില്‍ പെട്ട ബ്ലോഗെഴുത്തുകാര്‍ക്ക് പൊതുവെ ബ്ലോഗിങ്ങില്‍ ഒരു വിരസത അനുഭവപ്പെടുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. എന്തൊക്കെ പറഞ്ഞാലും, ബ്ലോഗില്‍ കമന്റുകള്‍ കിട്ടുന്നില്ലെങ്കില്‍  ക്രമേണ ബ്ലോഗിങ്ങില്‍ ആര്‍ക്കും മടുപ്പ് അനുഭവപ്പെടും.

ബ്ലോഗ് എഴുതുന്നതിന്റെ ഉദ്ദേശ്യം തന്നെ ആരെങ്കിലുമായി സൌഹൃദമോ ബന്ധമോ സ്ഥാപിക്കാന്‍ വേണ്ടി തന്നെയാണ്. പുറമേക്ക്, എന്റെ ബ്ലോഗ് വേണമെങ്കില്‍ വായിച്ചാല്‍ മതി എന്ന് പ്രഖ്യാപിക്കുമെങ്കിലും തുടരെത്തുടരെ പോസ്റ്റുകള്‍ എഴുതി അത് നാലാളുകള്‍ വായിക്കുന്നില്ലെങ്കില്‍ ഏത് ബെര്‍ളി തോമസും ബ്ലോഗ് പൂട്ടും. ഇന്ന് മലയാളം ബ്ലോഗര്‍മാരില്‍ വിശാലമനസ്ക്കത തീരെ കുറഞ്ഞുപോയി. ബൂലോഗകൂടപ്പിറപ്പ് എന്ന വികാരം ബ്ലോഗര്‍മാര്‍ക്ക് കൈമോശം വന്നുപോയി.  ഒരോ ബ്ലോഗര്‍ക്കും പത്തോ ഇരുപതോ ഫേന്‍സ് എന്ന നിലയില്‍ ഗ്രൂപ്പുകളാണ് ഇപ്പോഴുള്ളത്. മറ്റുള്ള ബ്ലോഗുകള്‍ ഇക്കൂട്ടര്‍ കണ്ട ഭാവം നടിക്കുകയില്ല.  അവഗണിച്ച് ബ്ലോഗില്‍ നിന്ന് തുരത്തുക എന്ന തന്ത്രമാണ് ഇപ്പോള്‍ പയറ്റുന്നത്. ഇത് ബ്ലോഗിനെ സംബന്ധിച്ച് ആത്മഹത്യാപരമാണ് എന്നിവര്‍ മനസ്സിലാക്കുന്നില്ല.

ബ്ലോഗിലെ ഈ ഒന്നാം തലമുറ ഒരു ഉപരി വര്‍ഗ്ഗമാണെന്നാണ് എന്റെ നിരീക്ഷണം. അത്കൊണ്ട് ബ്ലോഗില്‍ ഒരു രണ്ടാം തലമുറയുടെ വരവ് അത്യന്താപേക്ഷിതമാണ്. നാട്ടിലുള്ള ആളുകള്‍ ബ്ലോഗ് എഴുതാനും ബ്ലോഗ് വായിക്കാനും മുന്നോട്ട് വരണം.  ബ്ലോഗ് വായന നാട്ടില്‍ ഒരു ശീലമാകണം. അതിന് വേണ്ടിയുള്ള ജനകീയപ്രചാരണം നടക്കണം. ഇന്ന്, കമ്പ്യൂട്ടര്‍ എന്നാല്‍ കുട്ടികള്‍ക്ക് ഗെയിം കളിക്കാനും യുവാക്കള്‍ക്ക് അശ്ലീല സൈറ്റുകള്‍ കാണാനും വേണ്ടി മാത്രമുള്ള ഒരു ഉപകരണമാണെന്നാണ് പൊതുവെയുള്ള ധാരണ. ഇത് തിരുത്തിക്കുറിക്കാന്‍ ബ്ലോഗ് പ്രചാരണവും രണ്ടാം തലമുറ ബ്ലോഗിന്റെ ആവിര്‍ഭാവവും കൂടിയേ തീരൂ.

രണ്ടാം തലമുറയില്‍ പെടുന്ന ബ്ലോഗര്‍മാര്‍ക്ക് വേണ്ടി വിപുലമായ സൌകര്യങ്ങളാണ് ഇന്ന് ബ്ലോഗിങ്ങില്‍ സജ്ജമായിക്കൊണ്ടിരിക്കുന്നത്.  അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിന്‍ഡോസിന്റെ ലൈവ് റൈറ്റര്‍ (WLW).   ഇതൊരു സോഫ്റ്റ്‌വേര്‍ ആണ്. നമുക്കിത് വിന്‍ഡോസ് സൌജന്യമായി തരുന്നു. ഓഫ്‌ലൈനായി ബ്ലോഗെഴുതി ഇതിലൂടെ ബ്ലോഗറില്‍ പോസ്റ്റ് ചെയ്യാം. ബ്ലോഗറിന്റെ എഡിറ്ററില്‍ ലഭ്യമല്ലാത്ത കുറെ സൌകര്യങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു.

1) HTML കോഡ് ഇല്ലാതെ പട്ടിക ഉണ്ടാക്കാം. പട്ടികയില്‍ ചിത്രങ്ങള്‍ നിരയും വരിയുമായി ചേര്‍ക്കാം.  ചിത്രങ്ങള്‍ക്ക് ലിങ്ക് കൊടുക്കാം.
2) ഫോട്ടോ ആല്‍ബം പോസ്റ്റ് ചെയ്യാം. ഇവിടെ നോക്കുക.
3) മാപ്പ്, വീഡിയോ, എന്നിവ പോസ്റ്റ് ചെയ്യാം. ( വിന്‍ഡോസിന്റെ മൂവി മേക്കര്‍ ഉപയോഗിച്ച് നമുക്ക് വീഡിയോകള്‍ ഉണ്ടാക്കാമല്ലൊ)
4) നമ്മുടെ പോസ്റ്റുകള്‍ പിങ്ങ് ചെയ്യാം.
5) പ്ലഗ്-ഇന്നുകള്‍ ചേര്‍ക്കാം.

(കൂടുതല്‍ കാര്യങ്ങള്‍ വിന്‍ഡോസ് ലൈവ് റൈറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മനസ്സിലാകും.  ഡൌണ്‍‌ലോഡ്  ചെയ്യുന്നതിന്: ലിങ്ക്.

ബ്ലോഗ് പ്രചാരണത്തിന് നാട്ടില്‍ നിന്ന് തന്നെ ആളുകള്‍ മുന്നോട്ട് വരണം.  ഞാന്‍ എന്റെ നാട്ടില്‍ അത്തരം പ്രചാരണം സംഘടിപ്പിക്കാന്‍ പരിപാടി തയ്യാറാക്കി വരുന്നു.

ഡോട്ട് കോമിന് പ്രായം 25

മുക്ക് സ്വന്തമായി ഒരു ഡൊമൈന്‍ ഉണ്ടായാല്‍ അതിന്റെ ഒരു ഗരിമ വേറെ തന്നെയാണ്. സ്വന്തം പേരിന്റെ കൂടെ ഡോട്ട് കോം  ചേര്‍ത്ത് ഒരു URL വിലാസം  ആരാണ് ആഗ്രഹിക്കാത്തത്. അതിനെ പറ്റിയാണ് നമ്മുടെ മുള്ളൂക്കാരന്‍ ഇവിടെ പറയുന്നത്.  ആരെയും പ്രലോഭിക്കുന്ന ഈ ഡോട്ട് കോം അഡ്രസ്സിന് ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചിന്  25 വയസ്സ് പൂര്‍ത്തിയായി. 1985 മാര്‍ച്ച് 15ന് ആദ്യമായി റജിസ്റ്റര്‍ ചെയ്ത ആ സൈറ്റ് symbolics.com ആണ്.

കമ്പ്യൂട്ടറും സാധാരണ ജനങ്ങളും

മ്പ്യൂട്ടറും ഇന്റര്‍നെറ്റും ബ്ലോഗും എല്ലാം കൈകാര്യം ചെയ്യുന്ന മലയാളികള്‍ മിക്കവരും പ്രവാസി മലയാളികളാണ്. നാട്ടിലെ സാധാരണക്കാര്‍ ഇതൊക്കെ തങ്ങള്‍ക്ക് ബാധകമല്ലാത്ത മേഖലയാണ് എന്നാണ് കരുതുന്നത്.  പൊതുവെ എല്ലാവരും ഇന്ന് മദ്യത്തിന്റെ പിറകെയാണ്. ലോകകുടിയന്മാര്‍ എന്നാണ് ഇന്ന് മലയാളികള്‍ അറിയപ്പെടുന്നത്. ലോട്ടറിയും മദ്യവും ഇല്ലെങ്കില്‍ കേരള സര്‍ക്കാരിന് നിലനില്പില്ല.  പൌരജനങ്ങളെ വ്യാമോഹത്തില്‍ തളച്ചിട്ടും ലഹരിയില്‍ മയക്കിക്കിടത്തിയുമാണ് ഭരണകൂടം നിലനില്‍ക്കുന്നത് എന്നര്‍ത്ഥം. ഇടത്-വലതുകള്‍ക്ക് ഒന്നും ഇതില്‍ അധാര്‍മ്മികത തോന്നുന്നില്ല. ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഖജനാവില്‍ പണം വരുന്നത് ഈ ചൂതാട്ടത്തില്‍ നിന്നാണല്ലൊ.  എന്ത്കൊണ്ടാണ് ആളുകള്‍ ഇങ്ങനെ മദ്യത്തിന് അടിമകളായിപ്പോയത്? മറ്റൊന്നും ചെയ്യാനും പറയാനും ഇല്ല അത് തന്നെ.  കലാ-സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ പാടെ നിലച്ചു. രാഷ്ട്രീയപ്രവര്‍ത്തനം പാര്‍ട്ടിതൊഴിലാളികള്‍ കുത്തകയാക്കി.  ചെറുപ്പക്കാരുടെ മനസ്സില്‍ കണ്ടന്റ് ഒന്നുമില്ല. വര്‍ത്തമാനം മൊബൈല്‍ ഫോണില്‍ കൂടി ചില ചപ്ലിചിപ്ലി പറച്ചില്‍ മാത്രം. മൊബൈല്‍ വന്നതോടുകൂടി കണ്ണെതിരെ കാണുന്നവരോട്
ലോഹ്യം പോലും നിര്‍ത്തി. വൈകുന്നേരമായാല്‍ അവര്‍ ചാരായമോ മറ്റെന്തിങ്കിലുമോ കുടിക്കാതെ എന്ത് ചെയ്യും. എന്തെങ്കിലും ആക്റ്റിവിറ്റീസ് വേണ്ടേ? ഭക്തിയാണ് ആകെ നാട്ടിലുള്ള വ്യവസായവും സാമൂഹ്യപ്രവര്‍ത്തനങ്ങളുമെല്ലാം.  അതൊന്നും ഭക്തിയല്ല ഒരു തരം പ്രാന്ത് എന്നാണ് എന്റെ നിഗമനം. ഭക്തിയുണ്ടാവാന്‍ മനസ്സിന് അല്പമെങ്കിലും ആഴം വേണ്ടേ? പിന്നെന്ത് കമ്പ്യൂട്ടര്‍ , ഇന്റര്‍നെറ്റ്?  ഞാന്‍ കണ്ണൂര്‍ ജില്ലയുടെ വെബ് പോര്‍ട്ടല്‍ നോക്കി. അവിടെയുള്ള ഫോറത്തില്‍ കാര്യമായി ആരും ഒന്നും എഴുതിയിട്ടില്ല.  അത്കൊണ്ട് വെറുതെ അവിടെ ഞാന്‍ ഒരു ലേഖനം കുറിച്ചിട്ടു. അതിവിടെയും പോസ്റ്റ് ചെയ്യുന്നു.

സോഷ്യല്‍ ഐഡന്റിറ്റി

ലയാളികളില്‍ ഇന്ന് ഏറിയ പങ്കും പ്രവാസികളാണ്. വിദേശങ്ങളില്‍ മാത്രമല്ല ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലും ധാരാളം മലയാളി കുടുംബങ്ങള്‍ ജീവിച്ചു വരുന്നുണ്ട്. അത്കൊണ്ട് സോഷ്യല്‍ ഐഡന്റിറ്റിയുടെ പ്രാധാന്യം മലയാളികളെ സംബന്ധിച്ച് വളരെ പ്രസക്തമാണ്. മനുഷ്യന് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും പോലെ തന്നെ ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാനാവശ്യമാണ് സോഷ്യല്‍ ഐഡന്റിറ്റി അഥവാ സാമൂഹികാസ്തിത്വം.  നാട്ടില്‍ ജീവിയ്ക്കുന്നവര്‍ക്ക് അത് സ്വമേധയാ ലഭിക്കുന്നത് കൊണ്ട് തങ്ങള്‍ക്ക് ഇങ്ങനെയൊരാവശ്യം ഉണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അല്ലെങ്കിലും എന്താണ് തന്റെ ആവശ്യങ്ങള്‍ എന്ന് അധികമാരും ആലോചിക്കാറില്ല.  സമൂഹത്തിന്റെ ഒഴുക്കില്‍ അങ്ങനെ ഒഴുകിപ്പോകുന്നു എന്ന് മാത്രം. അത്കൊണ്ടാണ് പല അനാവശ്യങ്ങളും ആവശ്യങ്ങളായി കരുതി ആളുകള്‍ പാട് പെടുന്നത്. എന്താണോ തനിക്ക് സംതൃപ്തി തരുന്നത് അതാണ് ഒരാളുടെ ആവശ്യം. എന്നാല്‍ മറ്റുള്ളവര്‍ക്കുള്ളത് ഒക്കെ അതിലധികം തനിക്കും വേണം എന്ന വെപ്രാളത്തില്‍ ഒന്നും മുഴുവനും നേടാനാകാതെയും സംതൃപ്തി കണ്ടെത്താനാകാതെയും ഉഴറുകയാണ് ആളുകള്‍ ഇന്ന്.

ഒരു വീഡിയോ ചാറ്റ് അനുഭവം

ഞാന്‍ എന്റെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ആകപ്പാടെ ഒന്ന് മാറ്റി. ഇന്‍ഫ്യൂഷന്‍ രാഹുലിന്റെ ബ്ലോഗ് പോസ്റ്റാണ് എനിക്കതിന് പ്രചോദനം നല്‍കിയത്. ഇപ്പോള്‍ ആകപ്പാടെ ഒരു പ്രൊഫഷനല്‍ ലുക്ക് ഉണ്ട് ബ്ലോഗിന്. ബ്ലോഗര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഒരു വലിയ സൌകര്യം നമുക്ക് ബ്ലോഗില്‍ പേജുകള്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയുന്നു എന്നതാണ്. മുന്‍പ് വേര്‍ഡ്പ്രസ്സില്‍ മാത്രമേ ഈ സൌകര്യം ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഞാന്‍ പേജുകള്‍ സെറ്റ് ചെയ്തപ്പോള്‍ ഒരു പേജില്‍ ചാറ്റ് റൂം സൌകര്യം ഏര്‍പ്പെടുത്തി. ഊവൂ ഡോട്ട് കോം ആണ് നമുക്ക് സൌജന്യമായി ഈ സേവനം നല്‍കുന്നത്.

സക്കറിയ പ്രസംഗിച്ചതും പയ്യന്നൂരില്‍ നടന്നതും

                                          പയ്യന്നൂരില്‍ വെച്ച് സക്കറിയ പ്രസംഗിച്ചതിന്റെ പൂര്‍ണ്ണരൂപം 
                                                പ്രസംഗാനന്തരം പയ്യന്നൂരില്‍ നടന്നത്
                           (കടപ്പാട്: പച്ചക്കുതിര എന്ന മാസിക ,DC BOOKS പ്രസിദ്ധീകരിക്കുന്നത്)




*

ഇന്റര്‍നെറ്റ് ഈ ലോകത്തേക്കാള്‍ വലുതോ ?


ഇന്റര്‍നെറ്റ് ഓരോ സെക്കന്‍ഡിലും വളരുകയും വ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
എന്നാലും നാട്ടില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ തീരെ കുറവാണ്. ഞാന്‍ ചിലപ്പോള്‍ വിചാരിക്കാറുണ്ട് നാട്ടില്‍ ഇന്റര്‍നെറ്റ് പ്രചരിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന്. ആളുകള്‍ക്ക് പുതിയത് ഉള്‍ക്കൊള്ളാന്‍ എന്ത് വൈമനസ്യമാണ്. ഇതിനപ്പുറം മനസ്സിലാക്കാനോ ഗ്രഹിക്കാനോ ഒന്നുമില്ല എന്നാണ് ആളുകളുടെ ധാരണ. ഇന്റര്‍നെറ്റ് എന്നത് എത്ര വലുതാണ് എന്ന് ചിന്തിച്ചാല്‍ നമ്മള്‍ അമ്പരന്നു പോകും. ഇന്റര്‍നെറ്റ് വളര്‍ന്ന് ഇന്നത് ഈ ലോകത്തേക്കാളും
വലുതായിക്കഴിഞ്ഞിരിക്കുന്നു. എങ്ങനെ?

ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ഇന്ന് ലോകത്തില്‍ ആകെ എത്ര വെബ്‌സൈറ്റുകള്‍ ഉണ്ടെന്ന്
മനസ്സിലാകും. ഓരോ സെക്കന്‍ഡിലും സൃഷ്ടിക്കപ്പെടുന്ന വെബ്‌സൈറ്റുകളുടെ എണ്ണം ഗൂഗിള്‍
മാത്രമല്ല മൈക്രോസോഫ്റ്റിന്റെ ബിങ്ങ് പോലുള്ള മറ്റ് സെര്‍ച്ച് എഞ്ചിനുകളും ശേഖരിക്കുന്നുണ്ട്.
ഇന്ന് വെബ്‌സൈറ്റുകളുടെ എണ്ണം ഒരു ലക്ഷം കോടി കവിഞ്ഞുവെന്നാണ് കണക്കുകള്‍
സൂചിപ്പിക്കുന്നത്. ഇത് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും വലിയ സംഖ്യയാണ്. ലോകത്ത്
ഇന്നത്തെ ജനസംഖ്യ ഏകദേശം 670 കോടിയാണ്. അതായത് ലോകജനസംഖ്യയുടെ എത്രയോ
ഇരട്ടി സൈറ്റുകള്‍ നിലവിലുണ്ട്. ശരിക്ക് പറഞ്ഞാല്‍ ശരാശരി ഓരോ ആള്‍ക്കും 150 വീതം
വെബ്‌സൈറ്റുകള്‍ ഇതിനകം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതെഴുതുമ്പോഴും പുതിയ
സൈറ്റുകള്‍ വന്നുകൊണ്ടിരിക്കുന്നു.

ഈ വെബ്‌സൈറ്റുകളുടെ ബ്രഹ്മാണ്ഡമായ എണ്ണം മനസ്സിലാകണമെങ്കില്‍ ഈ കണക്ക് നോക്കിയാല്‍മതി. ഓരോ വെബ്‌സൈറ്റും ഒരു മിനിറ്റ് വീതം മുഴുവന്‍ സൈറ്റുകളും വായിച്ചു
തീര്‍ക്കണമെങ്കില്‍ ഒരാള്‍ക്ക് മുപ്പത്തിയൊന്നായിരം വര്‍ഷങ്ങള്‍ വേണ്ടി വരും. 600 ആയിരം
ദശാബ്ദങ്ങള്‍ കൊണ്ട് മാത്രമേ ഈ സൈറ്റുകള്‍ മുഴുവനും ഒരാള്‍ക്ക് വായിച്ചു തീര്‍ക്കാന്‍
പറ്റുകയുള്ളൂ. അപ്പോള്‍ ഇന്റര്‍നെറ്റ് എന്നത് ഈ ലോകത്തേക്കാള്‍ എത്രയോ വലുതല്ലേ. ഈ
വിവരങ്ങള്‍ ഒന്നും എന്റെ നാട്ടിലെ ആളുകളെ അതിശയിപ്പിക്കുന്നേയില്ല.

ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം മുന്‍‌വര്‍ഷങ്ങളേക്കാള്‍ 16 ശതമാനം വര്‍ദ്ധിച്ചതായി ഇന്റര്‍നെറ്റ് വേള്‍ഡ്സ്റ്റാറ്റ്സ് ഡോട്ട്കോം എന്ന സൈറ്റ് കാണിക്കുന്നു.ആ സൈറ്റ് പ്രകാരം ചൈനയാണ് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള രാജ്യം. അമേരിക്കയും ഇന്ത്യയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. ഒരു കണക്ക് പ്രകാരം
അമേരിക്കയിലെ ജനസംഖ്യയേക്കാള്‍ അധികം വരും ചൈനയിലെ ഇന്റര്‍നെറ്റ്
ഉപയോക്താക്കളുടെ എണ്ണം. അധികം താമസിയാതെ നമ്മുടെ രാജ്യവും ഈ സ്ഥാനത്ത്
എത്തിയേക്കാം. അത് കൂടാതെ മൊബൈല്‍ ഫോണിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ
എണ്ണം ഭാവിയില്‍ വളരെയധികം വര്‍ദ്ധിക്കും.

ലോകത്തുള്ള മുഴുവന്‍ പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഒരു കാലം എന്നെങ്കിലും വരുമോ?
പറയാന്‍ കഴിയില്ല. പക്ഷെ ഡിജിറ്റല്‍ ഗ്യാപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ വിടവ് ഗണ്യമായി
കുറഞ്ഞുവരുന്നു, ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയോടൊപ്പം തന്നെ.

Link:
http://www.internetworldstats.com/

*

ആള്‍ദൈവങ്ങളെ കല്ലെറിയുക !

 Sidhilachinthakalള്‍ ദൈവങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയെന്നത് ഒരു അതിശയമായി തോന്നുന്നു. പ്രത്യേകിച്ച് ഒരു ഇന്‍സ്റ്റിറ്റ്യൂഷന്റെയും പിന്തുണയില്ലാതെ പൊടുന്നനെയാണ് ചില വ്യക്തികള്‍ ദൈവങ്ങളായിഭീമാകാരം പൂണ്ട് ലോകമാസകലം ആശ്രമങ്ങളും ഭക്തന്മാരും കണക്കിലടങ്ങാത്ത സമ്പത്തും ഒക്കെയായി വിലസുന്നത്. എന്തെങ്കിലും പ്രശ്നത്തില്‍ പിടിക്കപ്പെടുമ്പോഴാണ് ചില സ്വാമികളെ കുറിച്ച് നമ്മള്‍ അറിയുന്നത് തന്നെ. ഇപ്പോള്‍ രാജ്യത്തിനകത്തും പുറത്തും ധാരാളം ആശ്രമങ്ങളും കേന്ദ്രങ്ങളും അനുയായികളും ഒക്കെയുള്ള നിത്യാനന്ദ പരമ(നാറി)ഹംസ എന്ന സ്വാമിയുടെ കിടപ്പറ രംഗങ്ങള്‍ സണ്‍ടിവിയും നക്കീരന്‍ വാരിക  sidhilachinthakal യും പുറത്ത് വിട്ടതോടുകൂടി സ്വാമി ഒളിവില്‍ പോയിരിക്കുന്നു എന്നാണ് ഒടുവിലത്തെ വാര്‍ത്തകള്‍ . നിത്യാനന്ദപീഠം അധികൃതര്‍ പതിവ് പോലെ ഇത് മോര്‍ഫ് ചെയ്യപ്പെട്ട വീഡിയോ ആണെന്നും സ്വാമിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമുള്ള നിഷേധപ്രസ്ഥാവനയുമായി രംഗത്തുണ്ടെങ്കിലും ഭക്തന്മാര്‍ തന്നെ പല ആശ്രമങ്ങളിലും പ്രതിഷേധം നടത്തുന്നത് അക്രമാസക്തമായിട്ടുണ്ട്. പല കേന്ദ്രങ്ങളിലും ഹിന്ദു സംഘടനകള്‍ തന്നെയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നത് വിചിത്രമായി തോന്നുന്നു. വിശ്വാസങ്ങളുടെ പേരില്‍ എന്ത് തെണ്ടിത്തരങ്ങള്‍ കാണിക്കാനും ഇപ്പറഞ്ഞ ഹിന്ദുസംഘടനകള്‍ തന്നെയല്ലെ മുന്നില്‍ നില്‍ക്കുന്നത്? ഈ സംഘടനകള്‍ ഹിന്ദുക്കളെ എങ്ങോട്ടാണ് നയിക്കുന്നത്? ഒരു ആത്മീയനവോത്ഥാനം ആവശ്യമാണെന്ന് ഇക്കൂട്ടര്‍ക്ക് തോന്നുന്നില്ലല്ലൊ. ഭക്തിയുടെ പേരില്‍ എന്തെന്ത് വൈകൃതങ്ങളാണ് ഇപ്പോള്‍ നാടാകെ ആചരിച്ചും പ്രചരിച്ചും വരുന്നത്.


സന്തോഷ് മാധവന്റെ കാര്യം നമുക്കറിയാം. സണ്‍ ടിവിയിലെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഈ നിത്യാനന്ദ എന്ന ആസാമി എത്ര മാത്രം സാധാരണ മനുഷ്യനാണെന്ന് നമുക്ക് ബോധ്യമാവും. ഈയാളെയല്ലെ പഠിപ്പും പദവിയും ഒക്കെയുള്ള ലക്ഷക്കണക്കിന് മാന്യന്മാര്‍ എന്തോ അമാനുഷികസിദ്ധിയുള്ള ആളെന്ന് കരുതി ആരാധിക്കുന്നത്. ആള്‍ദൈവങ്ങള്‍ എന്നാല്‍ എല്ലാ ആസാമികളും പെരുങ്കള്ളന്മാര്‍ തന്നെയാണെന്ന് എന്നിട്ടും ആളുകള്‍ക്ക് മനസ്സിലാകുന്നില്ലല്ലൊ. എത്രയെത്ര ആള്‍ദൈവങ്ങള്‍ പിടിക്കപ്പെട്ടു. പെണ്ണ്പിടുത്തം, കൊലപാതകം, കള്ളക്കടത്ത്, മയക്ക്മരുന്ന് കച്ചവടം, ബിനാമി സ്വത്ത് സമ്പാദനം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളുടെ പേരിലാണ് പല സ്വാമിമാരും പിടിക്കപ്പെടുന്നത്. കാഷായവസ്ത്രവും നീട്ടിവളര്‍ത്തിയ താടിയും മുടിയും ഉണ്ടെങ്കില്‍ ഏത് ചെറ്റയ്ക്കും ഇന്നാട്ടില്‍ ആള്‍ദൈവമാകാം. ഉടനെ കുറച്ച് മദാമ്മമാരും സായ്പന്മാരും ശിഷ്യഗണങ്ങളായി എത്തിക്കോളും. പിന്നെ വെച്ചടി വെച്ചടി കേറ്റമായി.


പ്രിയപ്പെട്ടവരെ, ഏതൊരു മനുഷ്യനും നമ്മളെ പോലെ തന്നെയാണ്. നമ്മള്‍ക്കുള്ളതേ അവര്‍ക്കുമുള്ളൂ, അല്ലെങ്കില്‍ നമ്മള്‍ക്കുള്ളതെല്ലാം അവര്‍ക്കുമുണ്ട്. നമ്മളെ മനസ്സിലാക്കിയാല്‍ അവരെയും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. നമ്മളെപോലെ തന്നെയാണ് അവരുടെ വിചാരവികാരങ്ങള്‍ എല്ലാം. നമ്മള്‍ ആള്‍ദൈവവേഷം കെട്ടിയില്ല എന്നേയുള്ളൂ. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കഴിവുകളുണ്ട്. ചിലര്‍ നന്നായി പ്രസംഗിക്കും,ചിലര്‍ എഴുതും, നടിക്കും, പാടും അങ്ങനെ ഓരോ കഴിവുകള്‍ . അമാനുഷികത ആര്‍ക്കുമില്ല. മനുഷ്യനായി പിറന്ന ആരെയായാലും ആരാധിക്കുന്നതോ പൂജിക്കുന്നതോ മാടത്തരമാണ് സുഹൃത്തുക്കളെ. കുറഞ്ഞപക്ഷം ആ ആള്‍ദൈവത്തിനെങ്കിലും അറിയാം നിങ്ങള്‍ ശുദ്ധമാടനാണെന്ന്. കാരണം അയാള്‍ക്കറിയാമല്ലൊ താനാരാണെന്നും തന്റെ ട്രിക്കുകളിലൂടെ ആള്‍ദൈവമാകുന്നതും.


ചിലര്‍ പറയും ആള്‍ദൈവങ്ങള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നില്ലേ, ആസ്പത്രികള്‍ കെട്ടുന്നില്ലേ, സൌജന്യചികിത്സ നല്‍കുന്നില്ലെ, പാവങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കുന്നില്ലേ എന്നൊക്കെ. ആയിക്കോട്ടെ, അതൊക്കെ പറ്റിച്ചിട്ടല്ലെ, തെറ്റിദ്ധരിപ്പിച്ചിട്ടല്ലെ, നിങ്ങളെ മാടനാക്കിയിട്ടല്ലെ, അവിഹിതമായി സമ്പാദിക്കുന്നതിന്റെ തുച്ഛമായ ഭാഗമല്ലെ? നല്ല കാര്യം ചെയ്യുന്നതിന്റെ പേരിലാണെങ്കില്‍ അവരെ നല്ല ആളുകളായി മാത്രം കണ്ടാല്‍ പോരേ, മഹാത്മാ ഗാന്ധിജിയെ പോലെയോ, മദര്‍ തെരേസയെയോ ഒക്കെ പോലെ? പിന്നാലെ പോയി കാലില്‍ വീഴുന്നതും അനുഗ്രഹം ചോദിക്കുന്നതും എന്തിന്? അപ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതിലല്ല കാര്യം. ഒരു പരമമാടന്‍ ആക്കപ്പെടുന്നതിന്റെ സായൂജ്യം അനുഭവിക്കുകയാണ് ആള്‍ദൈവങ്ങളെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നത്.


സുഹൃത്തേ, ജീവിതത്തില്‍ നമുക്ക് ധാരാളം പ്രശ്നങ്ങളുണ്ട്, കാത്തിരിക്കുന്ന ദുരന്തങ്ങളും അപകടങ്ങളും, രോഗങ്ങളും ഒക്കെയുണ്ട് ശരിയാണ്. ദൈവത്തില്‍ വിശ്വസിക്കൂ, അമ്പലങ്ങളിലോ കാവുകളിലോ വേറെ എവിടെയായാലും പോയി പ്രാര്‍ത്ഥിക്കൂ. അല്ലെങ്കില്‍ സ്വന്തം വീടുകളിലും ഇപ്പോഴൊക്കെ പൂജാമുറി ഉണ്ടല്ലൊ. വീട്ടില്‍ വെച്ചും പ്രാര്‍ത്ഥിക്കാം. ഒക്കെ ഒരു മന:ശാന്തി തരും. ദൈവമെന്നാല്‍ ഒരു പ്രപഞ്ചശക്തിയെന്നല്ലേ നിങ്ങള്‍ക്ക് പറയാന്‍ കഴിയൂ. ആ ശക്തി മനുഷ്യരൂപത്തില്‍ ഇന്നെവിടെയുമില്ല. പ്രാര്‍ത്ഥിക്കുമ്പോള്‍ അത് ക്ഷേത്രങ്ങളില്‍ വെച്ചായാലും സ്വന്തം പൂജാമുറിയില്‍ വെച്ചായാലും ആ ശക്തിയെയല്ലെ നിങ്ങള്‍ സങ്കല്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത്. അത്രമാത്രം പോരേ? ഈ കള്ളപ്പെരുച്ചാഴികളുടെ അടുത്ത് പോയി അവരെ ദൈവങ്ങളാക്കുന്നത് ലജ്ജാവഹമല്ലെ? അങ്ങനെ ചെയ്യുന്നത് ആ പ്രപഞ്ചശക്തിയെ തന്നെ പരിഹസിക്കലല്ലെ? ദൈവം ഒന്നേയുള്ളൂ, പ്രപഞ്ചശക്തി ഒന്നേയുള്ളൂ എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കിക്കൂടേ?


അനാവശ്യമായ ആക്രാന്തങ്ങളും അപരിമിതമായ ആഗ്രങ്ങളും മനസ്സില്‍ കയറ്റി വെച്ച് നേട്ടോട്ടമോടിയാല്‍ ആയിരം ആള്‍ദൈവങ്ങളുടെ കാല് നക്കിയാലും ആയിരം പ്രാവശ്യം ഇരുമുടിക്കെട്ട് പേറിയാലും ഒരു സമാധാനവും കിട്ടില്ല എന്നതാണ് സത്യം. മനസ്സ് ശുദ്ധമായാല്‍ ദൈവം അടുത്ത് തന്നെയുണ്ട് മനുഷ്യാ. അതില്ലാതെ ലോകം മുഴുക്കെ തെണ്ടി നടന്നാലും നിനക്ക് ദൈവത്തെ കാണാന്‍ കഴിയില്ല. ജീവിതം എന്താണെന്ന് നമുക്കെല്ലാം അറിയാം. ആ അറിവ് അംഗീകരിക്കാന്‍ ആര്‍ക്കും മനസ്സില്ല. ഇതൊക്കെ മരിക്കുമ്പോള്‍ കൊണ്ടുപോകുമോ എന്ന് ഭംഗിവാക്ക് പറയും. എന്നാല്‍ ആയിരമായിരം വര്‍ഷത്തേക്കുള്ളത് സമ്പാദിച്ചുവെക്കാനുള്ള അത്യാര്‍ത്ഥിയാണിന്ന് എല്ലാവരുടെയും മനസമാധാനം കെടുത്തുന്നത്. ആള്‍ദൈവങ്ങള്‍ പാലു പോലത്തെ നല്ല നല്ല വാക്കുകള്‍ മൊഴിയും. അതൊക്കെ കണ്ണില്‍ വെള്ളം ചുരത്തിക്കൊണ്ട് കേട്ടിരിക്കും. എന്നിട്ട് അതൊക്കെ ഉരുവിട്ട സ്വാമി(നി)യും കേട്ടിരുന്ന ഭക്തന്മാരും ചെയ്യുന്നതോ? തനിക്ക് ആവശ്യമുള്ളതേ വേണ്ടൂ, അനാവശ്യമായത് ഒന്നും വേണ്ട എന്ന് തീരുമാനിച്ചാല്‍ ദൈവം സ്വന്തം മനസ്സില്‍ കുടിയിരിക്കും. പിന്നെ എവിടെയും അലയണ്ട.


ഭക്തിയുടെ പേരില്‍ , വിശ്വാസങ്ങളുടെ പേരില്‍ എന്തെന്ത് പേക്കൂത്തുകളാണ് കാട്ടിക്കൂട്ടുന്നത്? ചിലപ്പതികാരം എന്ന തമിഴ് കാവ്യത്തിലെ ഒരു കഥാപാത്രമാണ് കണ്ണകി. ആ കണ്ണകിയാണ് ആറ്റുകാല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയത്രെ. കണ്ണകിക്ക് പൊങ്കല്‍ നിവേദിക്കുന്നത് അവിടത്തെ ഒരു ചടങ്ങും. ഇപ്പോള്‍ പൊങ്കാല എവിടെ വരെയെത്തി? ഇതാ വന്ന് വന്ന് എന്റെ നാട് വരെയെത്തി. എങ്ങ് നോക്കിയാലും പൊങ്കാല. ഇത് ഭക്തിയല്ല സുഹൃത്തുക്കളെ, മിതമായി പറഞ്ഞാല്‍ മേക്കപ്പിട്ട് മിനുക്കിയ പിരാന്ത്. അല്ലാതെന്ത്? കണ്ണകി ഏത് വകുപ്പില്‍ പെടുന്ന ദൈവമാണ് അല്ലെങ്കില്‍ ശക്തിയാണ്? ഇന്നത്തെ ജീവിതസാഹചര്യങ്ങളാണ് ആളുകളെ ഇങ്ങനെ പിരാന്തന്മാരും പിരാന്തത്തികളും ആക്കുന്നത്. ആര്‍ക്കും ഒന്നും പോര. എന്തൊക്കെയാണ് വേണ്ടതെന്ന് ആര്‍ക്കും ഒരു തിട്ടവുമില്ല. ഒന്ന് കിട്ടുമ്പോള്‍ കിട്ടാന്‍ ഇനിയും എന്തൊക്കെയോ ബാക്കി. എന്ന് തീരും ഈ ആസക്തി.? അന്ന് കാണും നിങ്ങള്‍ ദൈവത്തെ. അന്ന് അനുഭവിക്കും മനസമാധാനം. അന്ന് നിങ്ങള്‍ ആള്‍ദൈവങ്ങളെ കല്ലെറിയും!

കൃഷ്ണയ്യര്‍ വടി കൊടുക്കേണ്ടായിരുന്നു

ചില ആളുകളെ നമ്മള്‍ വലിയവര്‍,ആദരണീയര്‍ എന്നൊക്കെ കരുതാനുള്ള കാരണം അവര്‍ മാധ്യമങ്ങളിലൂടെ പ്രശസ്തരാവുന്നു എന്നത്കൊണ്ട് മാത്രമാണ്. അറിയപ്പെടുക എന്നത് വലിയ ആളാകാനുള്ള ഒരു കുറുക്കുവഴിയാണ്. അത്കൊണ്ട് ചിലര്‍ ബോധപൂര്‍വ്വം മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. ഇടത് സഹയാത്രികനാവുക, ഇടക്കൊക്കെ സി.പി.എമ്മിനെയും വിമര്‍ശിക്കുക, കോണ്‍ഗ്രസ്സിനെ നിരന്തരം കുറ്റം പറയുക, വിവാദപ്രസ്ഥാവനകള്‍ നടത്തുക, മധ്യസ്ഥന്റെ റോളില്‍ ആ‍വശ്യപ്പെടാതെ തന്നെ സൌജന്യമായി ഉപദേശങ്ങള്‍ നല്‍കുക, നിനച്ചിരിക്കാത്ത നേരത്ത് എന്തിലെങ്കിലും കയറി ഇടപെടുക ഇതൊക്കെയാണ് മാധ്യമശ്രദ്ധ പിടിച്ചു പറ്റി പ്രശസ്തി കെടാതെ നിലനിര്‍ത്താനുള്ള ചൊട്ടുവിദ്യകള്‍. എത്രയോ ജഡ്ജിമാര്‍ സുപ്രീം കോടതിയില്‍ നിന്നും മറ്റ് കോടതികളില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നു. എന്നാല്‍ വി.ആര്‍.കൃഷ്ണയ്യരെ പോലെ മാധ്യമങ്ങളില്‍ സ്ഥിരമായി ഇടം പിടിക്കുന്ന വേറെ ആരാണുള്ളത്. നമ്മള്‍ വലിയ ആളെന്ന് കരുതുന്ന ചിലരുടെ ചിലപ്പോഴത്തെ പ്രസ്ഥാവനകള്‍ അവരോട് നമുക്ക് മതിപ്പ് കുറയാന്‍ ഇടയാക്കാറുണ്ട്. അപ്പോഴാണ് അവരുടെ തനിസ്വഭാവം അറിയാതെയാണല്ലോ അവരില്‍ നമ്മള്‍ മഹത്വം ആരോപിച്ചത് എന്ന് തോന്നുക.

പറഞ്ഞ് വന്നത് ഗൌരിയമ്മ ശ്രീ കൃഷ്ണയ്യരെ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നു എന്ന് ആക്ഷേപിക്കാനുണ്ടായ സാഹചര്യത്തെപറ്റിയാണ്. ഗൌരിയമ്മ സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെടാനുള്ള കാരണം ആ പാര്‍ട്ടിയുടെ യാന്ത്രികമായ സംഘടനസെറ്റപ്പ് നിമിത്തമാണ്. ആ സെറ്റപ്പിന്റെ രക്തസാക്ഷിയാണ് ആത്മഹത്യ ചെയ്ത W.R.വരദരാജന്‍ എന്ന നേതാവ്. ഗൌരിയമ്മ മാധ്യമപ്രശസ്തിയ്ക്ക് വേണ്ടിയുള്ള കുറുക്ക് വഴികള്‍ തേടാറില്ല. ആത്മാര്‍ത്ഥത ഒരിക്കലും അവര്‍ പണയം വെക്കാറുമില്ല.

ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ “ഞാനാണ് ഭൂപരിഷ്ക്കരണ നിയമം തയ്യാറാക്കിയത്. 24മണിക്കൂര്‍ കൊണ്ടാണ് അതെഴുതി തീര്‍ത്തത്. ഗൌരിയമ്മയെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഒന്നും നടക്കില്ലായിരുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ എളുപ്പമല്ലെന്നാണ് ഗൌരിയമ്മ പറഞ്ഞത്. റവന്യു മന്ത്രി എന്ന നിലയില്‍ അസംബ്ലിയില്‍ നിയമം അവതരിപ്പിച്ച ബന്ധമേ അവര്‍ക്കുള്ളൂ” ഇങ്ങനെ പോകുന്നു കൃഷ്ണയ്യരുടെ അവകാശവാദങ്ങള്‍. കൂടാതെ സ്വന്തം പേരിലും ഭര്‍ത്താവ് ടി.വി.യുടെ പേരിലും രണ്ട് എമ്മെല്ലെ പെന്‍ഷന്‍ ഗൌരിയമ്മ വാങ്ങുന്നതിനെയും അദ്ദേഹം പരിഹസിക്കുന്നു പോലും.

കൃഷ്ണയ്യര്‍ക്ക് ഗൌരിയമ്മ ചുട്ട മറുപടി കൊടുത്തതായാണ് ഒരു പത്രത്തില്‍ വായിക്കാന്‍ കഴിഞ്ഞത്. ഒരു നിയമം 24 മണിക്കൂര്‍ കൊണ്ട് എഴുതി എന്ന് പറഞ്ഞാല്‍ തന്നെ ആരാണ് വിശ്വസിക്കുക. മലബാറിന്റെ പ്രതിനിധി എന്ന നിലയില്‍ മദിരാശി നിയമസഭയില്‍ അവതരിപ്പിച്ച ഒരു ഭൂപരിഷ്ക്കരണനിയമത്തിന്റെ പകര്‍പ്പ് ഹാജരാക്കി എന്നല്ലാതെ 1959ജൂണ്‍ 30ന് അവതരിപ്പിച്ച കാര്‍ഷികപരിഷ്ക്കരണനിയമത്തിന് അന്ന് നിയമവും കൈകാര്യം ചെയ്തിരുന്ന കൃഷ്ണയ്യര്‍ക്ക് ഒരു ബന്ധവുമില്ല എന്നാണ് ഗൌരിയമ്മ പറയുന്നത്. എന്നാല്‍ തന്റെ നേതൃത്വത്തില്‍ നിയമവകുപ്പ് സെക്രട്ടരിയടക്കം പലരും മാസങ്ങളോളം ചര്‍ച്ച ചെയ്തിട്ടാണ് ആ നിയമത്തിന്റെ കരട് നിയമവകുപ്പ് തയ്യാറാക്കിയത് എന്ന് ഗൌരിയമ്മ പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കൃഷ്ണയ്യര്‍ അന്ന് ആഭ്യന്തരം,ജയില്‍,ജലസേചനം തുടങ്ങിയ വകുപ്പുകളും കൈയ്യാളിയിരുന്നുവത്രെ. ആഭ്യന്തരം പിന്നീട് അദ്ദേഹത്തില്‍ നിന്ന് എടുത്ത് മാറ്റി അച്യുതമേനോന് നല്‍കിയത് കൃഷ്ണയ്യരുടെ കഴിവ് കൊണ്ടാണോ എന്നും ഗൌരിയമ്മ ചോദിക്കുന്നു. കാര്‍ഷികപരിഷ്ക്കരണനിയമം എന്നത് ഭൂപരിഷ്ക്കരണനിയമം എന്ന് തെറ്റായി കൃഷ്ണയ്യര്‍ പറഞ്ഞതായും ഗൌരിയമ്മ പരിഹസിക്കുന്നു.

കുറിക്ക് കൊള്ളുന്ന മറുപടിയാണ് ഗൌരിയമ്മ കൃഷ്ണയ്യര്‍ക്ക് നല്‍കുന്നത്. താന്‍ ഭര്‍ത്താവിന്റെയും പെന്‍ഷന്‍ വാങ്ങുന്നതിനെ പരിഹസിക്കുന്ന കൃഷ്ണയ്യര്‍ സുപ്രീം കോടതി ജഡ്ജി എന്ന നിലയിലുള്ള പെന്‍ഷന്‍ വാങ്ങുമ്പോള്‍ തന്നെ എം.എല്‍.എ. പെന്‍ഷനും പാട്പെട്ട് തരപ്പെടുത്തി പോലും. കൃഷ്ണയ്യര്‍ എത്ര കാലം എമ്മെല്ലെ ആയിരുന്നിട്ടുണ്ട്?

ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ മഹത്വം ഉല്‍ഘോഷിക്കുമ്പോള്‍ എടുത്ത് പറയാറുള്ളതാണ് അന്ന് ഗൌരിയമ്മ പാസ്സാക്കിയ കാര്‍ഷികപരിഷ്ക്കരണനിയമം. എന്നാല്‍ ആ നിയമം കേന്ദ്രം അംഗീകരിക്കാത്തതിനാല്‍ അത് ലാപ്സായിപ്പോയ കാര്യം ആരും മിണ്ടാറില്ല. ചുരുക്കത്തില്‍ അന്നത്തെ ഇ.എം.എസ്സ്. മന്ത്രിസഭയുടേതായി കാര്‍ഷികപരിഷ്ക്കരണം എന്നൊരു നിയമം നിലവില്‍ ഉണ്ടായിട്ടില്ല. പിന്നെ പട്ടം മന്ത്രിസഭ ഭേദഗതികളോടെ കാര്‍ഷികപരിഷ്ക്കരണനിയമം കൊണ്ടുവന്നത് അംഗീകരിച്ചെങ്കിലും ഭൂവുടമകള്‍ കോടതിയെ സമീപിച്ച് ആ നിയമവും റദ്ധാക്കിച്ചു. പിന്നീട് വീണ്ടും 67ലെ ഇ.എം.എസ്സ്. മന്ത്രിസഭയില്‍ റവന്യു മന്ത്രി ആയിരുന്ന ഗൌരിയമ്മ പ്രസ്തുതനിയമം കൊണ്ടു വന്ന് പാസ്സാക്കിയെങ്കിലും ആ മന്ത്രിസഭയും അധികകാലം നിലനിന്നില്ല. ഒടുവില്‍ അച്യുതമേനോന്‍ നേതൃത്വം നല്‍കിയ ഗവണ്മേണ്ടാണ് ഭൂപരിഷ്ക്കരണം നടപ്പാക്കിയത് എന്നാണെന്റെ ഓര്‍മ്മ.

ഗൌരിയമ്മയ്ക്ക് അപാരമായ കഴിവൊന്നും ഇല്ലെന്നും കൃഷ്ണയ്യര്‍ പറഞ്ഞതായും പത്രറിപ്പോര്‍ട്ടില്‍ കാണുന്നു. ജനപക്ഷത്ത് നിന്ന്കൊണ്ട് ധീരമായ നിലപാടുകള്‍ എടുക്കുകയും സ്വന്തം മന:സാക്ഷിയെ വഞ്ചിക്കാതിരിക്കുകയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ട്ടിവേലിക്കെട്ടുകള്‍ക്ക് പുറത്ത് വന്ന് മുഴുവന്‍ ജനങ്ങളുടെയും യഥാര്‍ത്ഥ പ്രതിനിധിയാവുക തുടങ്ങിയ കഴിവുകളാണ് രാഷ്ട്രീയക്കാരില്‍ നിന്ന് പൊതുജനം പ്രതീക്ഷിക്കുന്നത്. കൃഷ്ണയ്യര്‍ പറയുന്ന കഴിവ് എന്താണെന്ന് അറിയില്ല. എന്തായാലും വിവാദങ്ങള്‍ക്ക് തിരക്കൊഴിയാത്ത ഇക്കാലത്ത് കൃഷ്ണയ്യര്‍ ഗൌരിയമ്മയ്ക്ക് വടി കൊടുത്ത് അടി വാങ്ങേണ്ടിയിരുന്നില്ല.

കെ.വേണുവിന്റെ ജനാധിപത്യ പരീക്ഷണങ്ങള്‍ -1

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മതങ്ങളും കമ്മ്യൂണിസം ഒരു മതവിശ്വാസവും ആയിക്കഴിഞ്ഞ സാഹചര്യത്തില്‍ ഇനി ആ വിശ്വാസികളോട് സംവദിച്ചിട്ട് കാര്യമില്ല. ആ മതം ഇനി വളരുമോ ക്ഷയിക്കുമോ എന്നേ അറിയാനുള്ളൂ. എന്നാല്‍ ജനാധിപത്യം ശക്തി പ്രാപിക്കുന്ന മുറയ്ക്ക്, ഹിംസയിലും സ്വേച്ഛാധിപത്യത്തിലും അധിഷ്ഠിതമായ ആ മതസംവിധാനം തകരുക തന്നെ ചെയ്യും. മാത്രമല്ല കേവലഭൌതികവാദത്തില്‍ മാത്രം കെട്ടിപ്പടുത്ത ആ യാന്ത്രികസ്ഥാപനത്തിന് ഇനിയാരെയും ആകര്‍ഷിക്കാനും കഴിയില്ല.

ഇത്തരുണത്തിലാണ് മുന്‍‌കമ്മ്യൂണിസ്റ്റ് ആയ കെ.വേണുവിന്റെ ജനാധിപത്യത്തിനായുള്ള ആശയസമരം എന്ന ലേഖനപരമ്പര പ്രസക്തമാകുന്നത്. ജനാധിപത്യം എങ്ങനെയാണ് ആധുനികകാലത്ത് വികാസപരിണാമങ്ങള്‍ക്ക് വിധേയമായി നാളെയുടെ പ്രതീക്ഷയായി മാറുന്നത് എന്ന് തന്റെ മൌലികമായ നിരീക്ഷണങ്ങളിലൂടെ വേണു സമര്‍ത്ഥിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ലക്കം 49 (2010ഫെബ്രവരി14-20)മുതലാണ് ഇത് തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു വരുന്നത്. ഇടത്പക്ഷം,സോഷ്യലിസം ഇത്യാദി ആശയങ്ങള്‍ പിന്തിരിപ്പനും കാലഹരണപ്പെട്ടതുമാണെന്ന് വേണു തന്റെ ദീര്‍ഘസംഭാഷണത്തില്‍ കാര്യകാരണസഹിതം വ്യക്തമാക്കുന്നുണ്ട്.

പ്രസ്തുത ലേഖനം മുഴുവന്‍ ജനാധിപത്യവിശ്വാസികളും വായിക്കേണ്ടതാണ്. സോവിയറ്റ് യൂനിയന്‍ തകര്‍ത്തത് ഗോര്‍ബച്ചേവ് ആണെന്ന് വിശ്വസിക്കുന്ന മാര്‍ക്സിസ്റ്റ് മതവിശ്വാസികള്‍ക്ക് ഈ ലേഖനത്തില്‍ നിന്ന് മനസ്സിലാക്കാന്‍ ഒന്നുമില്ല. എന്നാല്‍ മാര്‍ക്സിസ്റ്റ് പദാവലികള്‍ അറിയാതെ വിശ്വസിച്ചുപോയിട്ടുള്ള ജനാധിപത്യവാദികള്‍ ഇത് വായിച്ചേ പറ്റൂ. പ്രസ്തുത ലേഖനത്തിന്റെ ഒന്നാം ഭാഗം സ്കാന്‍ ചെയ്ത് ഇവിടെ പബ്ലിഷ് ചെയ്യുന്നു. പന്ത്രണ്ട് പേജുകളുണ്ട്. ഇമേജ് സേവ് ചെയ്താല്‍ സൌകര്യം പോലെ വായിക്കാം. ബാക്കി ഭാഗങ്ങള്‍ തുടര്‍ന്ന് ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.

( ഇമേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് open link in new tab/window സെലക്റ്റ് ചെയ്താല്‍ ഓരോ പേജും വലുപ്പത്തില്‍ വായിച്ച് ക്ലോസ് ചെയ്യാം. ബേക്ക് അടിക്കേണ്ട ആവശ്യമില്ലല്ലോ)












(തുടരും)