Links
ജനവിധി - 2009
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ ഇന്ത്യ വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. ഫലം അറിയാന്‍ മെയ് 16 വരെ കാത്തിരിക്കേണ്ടതുണ്ട്. ഒറ്റക്കക്ഷിഭരണം ഏതാണ്ട് അവസാനിച്ച പോലെയാണ്. ഇനി മുന്നണി ഭരണം മാത്രമേ ഇവിടെ സാധ്യമാവൂ എന്ന് എല്ലാവരും ഉറപ്പിച്ചു കഴിഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചു 60 വര്‍ഷം കഴിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ ജനാധിപത്യത്തിന് പ്രായപൂര്‍ത്തി വന്നിട്ടില്ല എന്ന് മാത്രമല്ല ശൈശവം പോലും പിന്നിട്ടിട്ടില്ല എന്നാണ് ഇത് കാണിക്കുന്നത്. വോട്ടര്‍മാരെല്ലാം പലപല കക്ഷിരാഷ്ട്രീയക്കാരാല്‍ വിഭജിക്കപ്പെട്ട് അതാത് രാഷ്ട്രീയപ്പാര്‍ട്ടികളോട് വിധേയത്വം പുലര്‍ത്തുന്നവര്‍ മാത്രമായിരിക്കുന്നു. അവനവന്റെ പാര്‍ട്ടി,അതിന്റെ കൊടി, ചിഹ്നം അത് മാത്രമാണ് വോട്ടര്‍മാരെ ആവേശം കൊള്ളിക്കുന്നത്. പാര്‍ട്ടിചിഹ്നത്തില്‍ ഒരു പ്രതിമയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പോലും പാര്‍ട്ടിവിധേയര്‍ ആ പ്രതിമയ്ക്ക് വോട്ട് ചെയ്യും. അത് കൊണ്ട് തന്നെ ഒരു പാര്‍ട്ടിയോടും വിധേയത്വമില്ലാത്തവര്‍ ഇപ്പോള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ താല്പര്യം കാട്ടുന്നില്ല. പെട്ടെന്നൊന്നും സംഭവിക്കുകയില്ലെങ്കിലും സമീപഭാവിയില്‍ നമ്മുടെ ജനാധിപത്യം താറുമാറാകാനുള്ള സാധ്യതയാണ് ഇത് മൂലം ഉണ്ടാവുക. കക്ഷിരാഷ്ട്രീയതാല്പര്യങ്ങള്‍ക്കപ്പുറം രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അവരുടെ അടിമകളായ അണികള്‍ക്കും ഉണ്ടാവാനുള്ള ലക്ഷണമൊന്നും കാണാനില്ല.
ഇവിടെ നേതാക്കള്‍ ജനങ്ങളെ നയിക്കുകയാണോ അതോ ജനങ്ങള്‍ നേതാക്കളെ നയിക്കുകയാണോ എന്ന് ചോദിച്ചാല്‍ ജനങ്ങളാണ് നേതാക്കളെ നയിക്കുന്നത് എന്ന് പറയേണ്ടി വരും. ജനങ്ങളുടെ വോട്ട് നഷ്ടപ്പെടാതിരിക്കുക എന്ന ഒറ്റക്കാര്യത്തില്‍ മാത്രം ബദ്ധശ്രദ്ധരായ നേതാക്കള്‍ക്ക് എങ്ങനെ ജനങ്ങളെ നയിക്കാന്‍ കഴിയും? തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഒരു തമിഴ് വികാരം ആഞ്ഞുവീശുകയാണ്. ശ്രീലങ്കന്‍ പ്രശ്നമാണ് അതിനാധാരം. ശ്രീലങ്കയില്‍ തമിഴര്‍ വംശഹത്യയ്ക്ക് വിധേയരാവുന്നു എന്ന വ്യാജപ്രചാരണമാണ് തമിഴ്‌നാട്ടില്‍ അലയടിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍, തമിഴ് വികാരം കൂടുതല്‍ ശക്തമായി ആര് ആളിക്കത്തിക്കുന്നുവോ അവര്‍ക്ക് വോട്ട് കൂടുതല്‍ ലഭിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. തമിഴ്‌പുലികള്‍ക്ക് എതിരായി എന്നും ശബ്ദിച്ചുകൊണ്ടിരുന്ന ജയലളിത ഇന്നലെ ഉപവാസം അനുഷ്ടിച്ചു, തമിഴരെ കൂട്ടക്കൊല ചെയ്യുന്നു എന്നാരോപിച്ചുകൊണ്ട്. കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ തമിഴരെ രക്ഷിക്കാന്‍ ഒന്നും ചെയ്യുന്നില്ല എന്നും അവര്‍ പ്രസ്ഥാവിച്ചു. അങ്ങനെ ജയലളിത അവരുടെ വോട്ട് വിഹിതം ഉറപ്പിച്ച ഇന്നലെ തന്നെയാണ് ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ.യില്‍ പ്രഭാകരന്‍ കഴിഞ്ഞാല്‍ രണ്ടാമനായിരുന്ന കേണല്‍ കരുണ, മഹീന്ദ രാജപക്സേ മന്ത്രിസഭയില്‍ ദേശീയോത്‌ഗ്രഥനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
എന്ത് തന്നെയായാലും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സുസ്ഥിരമായ ഭരണം നടത്താനും ജനോപകാരപ്രദമായ ഒട്ടേറെ നിയമനിര്‍മ്മാണങ്ങള്‍ നടത്താനും കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു.പി.ഏ.സര്‍ക്കാരിന് കഴിഞ്ഞിരുന്നു. അത്കൊണ്ടൊന്നും കോണ്‍ഗ്രസ്സിന് വോട്ട് വര്‍ദ്ധിക്കാന്‍ പോകുന്നില്ല. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും കേരളത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ഭരണത്തില്‍ കോണ്‍ഗ്രസ്സ് ഉണ്ടെങ്കില്‍ മാത്രമേ ക്രിയാത്മകമായ ഭരണനിര്‍വ്വഹണം നടക്കാറുള്ളൂ എന്നത് അനിഷേധ്യമായ വസ്തുതയാണ്. എല്ലാ പാര്‍ട്ടികളും കോണ്‍ഗ്രസ്സിനെ കുറ്റം പറയാറുണ്ടെങ്കിലും അത്തരം കുറ്റങ്ങളില്‍ നിന്ന് വിമുക്തമായ അല്ലെങ്കില്‍ കോണ്‍ഗ്രസ്സിനേക്കാളും മെച്ചപ്പെട്ട ഒരു പാര്‍ട്ടിയും ഇന്ന് ഇന്ത്യയിലില്ല.
അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു തൂക്ക് പാര്‍ലമെന്റ് നിലവില്‍ വരികയും അങ്ങനെ സര്‍ക്കാരിന്റെ സ്റ്റാബിലിറ്റി അനിശ്ചിത്വത്തില്‍ ആവുകയും ചെയ്യുമല്ലൊ എന്ന ആശങ്ക ഞാന്‍ എന്റെ ഒരു ഓര്‍ക്കുട്ട് സുഹൃത്തിനോട് പങ്ക് വെച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്നെ ആശ്ചര്യപ്പെടുത്തി. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍:
“സര്‍ക്കാരിന്റെ സ്റ്റബലിറ്റിയെക്കുറിച്ച് അതിന്റെ നടത്തിപ്പില്‍ മാത്രം താല്പര്യമുള്ളവര്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ലോകമെമ്പാടും ഗവണ്മന്റുകളുടെ സ്വാധീനം കുറഞ്ഞ് വരുന്ന ഒരു കാലഘട്ടത്തിലാണു നാം ഇപ്പോള്‍. *അത് ഗവണ്‍മ്മെന്റുകള്‍ ആവശ്യമില്ല എന്ന ഒരു തലത്തിലേക്ക് നീങ്ങീക്കൊണ്ടിരിക്കുകയാണു. അമേരിക്കയില്‍ കമ്പനികളുടെ ഒരു സബ്ബ് ഓഫീസ് മാത്രമാണു സര്‍ക്കാര്‍. ഇന്ത്യയില്‍ കുറച്ചു കൂടി ഭേദമാണു സ്ഥിതി. ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ്റുകള്‍ വളരെ ശക്തമാണു. ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ പരസ്യമായി മത-ജാതി പരമായി വോട്ട് ചെയ്യാന്‍ പോകുന്നു എന്നതാണു. ഇതു ഭൂരിപക്ഷ ഹിന്ദുത്ത്വത്തിനു ഗുണകരമായിരിക്കും. ബി.ജെ.പിക്കല്ല. കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയവ മരണ ശയ്യയിലാകും. മിക്കവാറും പുതിയ ഒരു നേതൃത്വവും രാഷ്ട്രീയവും ഉടലെടുത്തേക്കും. ”
*സര്‍ക്കാര്‍ എന്ന ഒരു സംവിധാനം ഇല്ല്ലാത്ത കാലത്തെക്കുറിച്ച് വിഭാവനം ചെയ്ത ഒരേയൊരു ചിന്തകന്‍ കാറല്‍ മാര്‍ക്സ് മാത്രമാണ്. ജനങ്ങളുടെ ഉയര്‍ന്ന സാമൂഹ്യബോധത്തിന്റെ ഫലമായി സിവില്‍ സമൂഹം സ്വയം നയിക്കപ്പെടുമെന്നും ഭരണകൂടം താനേ കൊഴിഞ്ഞുപോകുമെന്നുമാണ് അദ്ദേഹം പ്രവചിച്ചത്. എന്നാല്‍ ആ പ്രവചനം ഒരിക്കലും മൂര്‍ത്തയാഥാര്‍ഥ്യമാകാന്‍ പോകുന്നില്ല. അത്തരം ഒരു മാനസികവളര്‍ച്ചയിലേക്ക് ഒരിക്കലും മാനവകുലം പരിണമിക്കാന്‍ സാധ്യതയില്ല. സര്‍ക്കാര്‍ എന്ന ഭരണകൂടം ലോകാവസാനം വരെ നിലനില്‍ക്കും. സര്‍ക്കാര്‍ എന്നാല്‍ ജനാധിപത്യമോ പാര്‍ലമെന്റോ മന്ത്രിസഭയോ മാത്രമല്ല. അദൃശ്യവും എന്നാല്‍ അജയ്യവുമായ മറ്റൊന്നുണ്ട്. അതാണ് പട്ടാളം. ഇവിടെ ജനാധിപത്യം ശക്തമായത് കൊണ്ടാണ് പട്ടാളത്തിന്റെ അധികാരം നമ്മുടെ ശ്രദ്ധയില്‍ പെടാത്തത്. പട്ടാളമാണ് രാഷ്ട്രത്തെയും സര്‍ക്കാരിനെയും നിലനിര്‍ത്തുന്നത്.
എന്റെ സുഹൃത്ത് ഈ വസ്തുത കാണുന്നില്ല. ജനാധിപത്യം ശിഥിലമായാല്‍ പട്ടാളം സര്‍ക്കാരിന്റെ സ്ഥാനം ഏറ്റെടുക്കും. സര്‍ക്കാര്‍ എന്ന സംവിധാനം ഇല്ലാതെ രാഷ്ട്രം ഒരു നിമിഷം പോലും നിലനില്‍ക്കുകയില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മുന്നണികളുടെയും ശൈഥില്യം ജനാധിപത്യത്തിന്റെ തകര്‍ച്ചയിലേക്കും ആത്യന്തികമായി പട്ടാളഭരണത്തിലേക്കുമാണ് ചെന്നെത്തുക. അത്കൊണ്ട് പാര്‍ട്ടികളോടുള്ള നമ്മുടെ വെറുപ്പും വിധേയത്വവും ക്രിയാത്മകവും വസ്തുനിഷ്ടവും ആയിരിക്കണം.
എന്റെ സുഹൃത്ത്, അമേരിക്കയില്‍ കമ്പനികളുടെ ഒരു സബ്ബ് ഓഫീസ് മാത്രമാണു സര്‍ക്കാര്‍ എന്ന് പറയുന്നുണ്ട്. അമേരിക്കയില്‍ സംരംഭങ്ങളെല്ലാം സ്വകാര്യമേഖലയിലാണ്. അത്കൊണ്ടാണ് അങ്ങനെ പറയാന്‍ കാരണം. സര്‍ക്കാര്‍ എന്നാല്‍ എന്ത് , എന്തിന് വേണ്ടി എന്നൊരു ചര്‍ച്ച നടക്കേണ്ടതാണ് വാസ്തവത്തില്‍. പൌരന്മാരുടെ നികുതിപ്പണത്തെ മാത്രം ആശ്രയിച്ചു നിലനില്‍ക്കുന്ന ഒരു സംവിധാനമാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ജനങ്ങളെ സൃഷ്ടിക്കുകയല്ല, ജനങ്ങള്‍ സര്‍ക്കാരിനെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ചര്‍ച്ചകളും വാദപ്രതിവാദങ്ങളും അനന്തമായി അങ്ങനെ തുടരും. എല്ലാം പരിഹരിച്ചു കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ ഈ ജീവിതം കൊണ്ട് എന്ത് ചെയ്യും ?
Subscribe to:
Post Comments (Atom)
17 comments:
Kollam Vasthu nishtamaya chinthayil ninnudledutha oru blog........ Congress enna prasthanathe kurachu pukazhthi ennathozhichal mattoru kuravumilla........
താങ്കളുമായി ഓര്‍കൂട്ടില്‍ അഭിപ്രായം പറഞ്ഞ വ്യക്തിയുടെ അഭിപ്രായവുമായി യോജിക്കാനാണ് എനിക്ക് തോന്നുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ ഏതെങ്കിലും ഒരുത്തനെ നിര്‍ത്തിയല്‍ ജയിക്കും എന്ന രീതിയിലുള്ള പ്രസ്ഥാവന അല്പം കടന്ന് പോയില്ലേ എന്ന് എനിക്ക് സംശയം. കാരണം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പു ഫലം അതിന് മുമ്പത്തേതിലും ഏറെ വ്യത്യസ്ഥമായിരുന്നു എന്നതാണ് അതിന് കാരണം. ഈ തിരഞ്ഞെടുപ്പാകട്ടെ ഇടതു പക്ഷ ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും എന്ന് പലരും ഇപ്പോള്‍ തന്നെ അഭിപ്രായപ്പെടുന്നു.
ബാലറ്റുകളിലൂടെ എന്നും ഒരേ രാഷ്ട്രീയ പാര്‍ട്ടി തന്നെ അധികാരത്തില്‍ വരികയാണെങ്കില്‍ പിന്നെ ഈ തെരെഞ്ഞെടുപ്പ് പ്രക്രിയക്ക് തന്നെ എന്ത് പ്രാധാന്യമാണുള്ളത്. താങ്കളുടെ അഭിപ്രായത്തില്‍ കോണ്‍ഗ്രസ്സ് ഒറ്റകക്ഷിയായി വരണം എന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നതെന്ന് വരികളില്‍ കൂടി വ്യക്തമാവുന്നു. സ്വതന്ത്ര ഇന്ത്യ കൂടുതല്‍ ഭരിച്ച പാര്‍ട്ടി കോണ്‍ഗ്രസ്സാണെന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. (നേട്ടവും കോട്ടവും ഇവിടെ പറയുന്നില്ല) എല്ലാ പാര്‍ട്ടികളും വരട്ടെ ജന വിധി പരീക്ഷിക്കട്ടെ. ബാബരി മജിദ് തകര്‍ച്ച വരെ കോണ്‍ഗ്രസ്സ് ശക്തമായ നിലയില്‍ തന്നെയായിരുന്നു. തുടര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസ്സിലുള്ള വിശ്വാസം നഷ്ടപ്പെടുകയോ.ആ താപ്പില്‍ ബി.ജെ.പി ശക്തമായ ധ്രുവീകരണത്തിലൂടെ അധികാരത്തിലേറുകയും ചെയ്തു. ചുരുക്കി പറഞ്ഞാല്‍ എല്ലാവരും ഇന്ത്യാ മഹാരാജ്യം ഭരിച്ചു കഴിഞ്ഞു. എല്ലാ പാര്‍ട്ടികളെയും ജനങ്ങള്‍ തിരിച്ചറിഞ്ഞും കഴിഞ്ഞു.
ഇന്ന് നാം കാണുന്ന രാഷ്റ്റ്രീയ ജൂര്‍ണതക്കുള്ള കാരണം രാഷ്ട്രീയ പ്രക്രിയകളില്‍ എല്ലായിടത്തും അടിഞ്ഞു കൂടിയ ചീത കോര്‍പറെറ്റ് സ്വാധീനങ്ങളാണ്. പണവും മറ്റും കൊടുത്ത് കാര്യങ്ങള്‍ നേടിയെടുക്കുന്ന പ്രവണതകള്‍ കൂടിയിരിക്കുന്നു. ഇതിനെതിരെ പ്രതിരോധിക്കാനുള്ള ആശയ പ്രതിബദ്ധത എല്ലാവരിലും ചോര്‍ന്നും പോയിരിക്കുന്നു.
ഇക്കഴിഞ്ഞ ആണവകരാര്‍ പാര്‍ലമന്റ് വിശ്വാസ വോട്ടെടുപ്പില്‍ അമര്‍ സിംഗ് അടക്കമുള്‍ല ബിസിനസുകാര്‍ കാണിക്കുന്ന രാഷ്ട്രീയ വ്യഭിജാരങ്ങള്‍ക്ക് നാം വേദനയോടെ സാക്ഷിയാവേണ്ട അവസ്ഥയാണിന്ന്. കോര്‍പറേറ്റുകളുടെ ബ്രാഞ്ച് ഓഫീസുകളായി മന്ത്രിമാരുടെ ഓഫീസുകള്‍ മാറുന്ന ഈ പുതിയ പ്രവണതക്ക് ‘ കോണ്‍ഗ്രസ്സിനാണ് ‘ എല്ലാ ക്രെഡിറ്റും എന്നും കൂടി പറഞ്ഞോട്ടെ.
നമ്മൂടെ രാജ്യത്ത് ഏതായാലും ജനാധിപത്യം അവശനിലയിലൊന്നും ആയിട്ടില്ല. പലതിന്റെയും കൂലം കുത്തിയൊഴുക്കില്‍ വഞ്ചി അല്പം ഉലയുന്നുണ്ട്. പക്ഷെ ഇനിയും നല്ല ഉദയങ്ങള്‍ ഉണ്ടാകും. കാറ്റുംകോളുമടങ്ങും. അത് ഈ ലോകത്തിന്റെ പ്രത്യേകതയാണ്.
‘മാറ്റ‘ ത്തിനായ് കാതോര്‍ക്കാം.
ആദ്യം തന്നെ താങ്കളുടെ പല അഭിപ്രായങ്ങളോടും ഞാന്‍ വിയോജിക്കുന്നു എന്ന് അറിയിക്കട്ടെ .യു പി യെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അത്ര അധികം വരും എന്ന് കരുതുന്ന ഒരു പക്ഷത്തില്‍ ഞാന്‍ ഇല്ല. വരേണ്യ വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തിയ ഒരു സര്‍ക്കാര്‍ എന്ന് മാത്രം ചരിത്രം വിധിയെഴുതും . ഇടതു പക്ഷത്തിന്റെ ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ രാജ്യത്തിന്റെ സ്ഥിതി എന്താകുമായിരുന്നു .നമ്മുടെ ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഘല വിദേശ കുത്തകകള്‍ക്ക് തുറന്നു കൊടുക്കാന്‍ ചിദംബരവും മന്‍മോഹന്‍ സിങ്ങും എത്ര ശ്രമങ്ങള്‍ നടത്തി . അത് നടന്നിരുന്നെന്കില്‍ ഇന്നു എന്താകുമായിരുന്നു അവസ്ഥ .ഭാഗ്യം .
Anarcho syndicalism എന്നും ഒരു സാധ്യത ആണ് . പല രാജ്യന്കളിലും ശ്രമന്കള്‍ നടക്കുന്നുട് .
Best Wishes...!!!
ജനാധിപത്യത്തിന്റെ കരുത്തു മനസ്സിലാക്കുവാന്‍ തൊട്ടടുത്ത പാക്കിസ്ധാനിലേക്കു നോക്കിയാല്‍ മാത്രം മതി.സ്റ്റേറ്റ് ഇല്ലാത്ത കാലത്തെക്കുറിച്ച് പറഞ്ഞത് മാര്‍ക്സ് അല്ല. ലെനിന്‍ ആണ്.രാഷ്ട്രീയ പാര്‍ട്ടികള്‍ വഴി പിഴച്ചു പോകുന്നതിനു നമ്മളൊക്കെ കുറ്റക്കാരാണ്. കഴിവുള്ളവര്‍ ആ രംഗത്തേക്കു നോക്കുന്നതെ ഇല്ലല്ലൊ..
സര്‍ പറഞ്ഞത് ശരിയാണ്. അതിനോട് പൂര്‍ണ്ണമായും ഞാന്‍ യോജിക്കുന്നു. അമേരിക്കയിലെ ഡെമോക്രസി നമ്മുടെതിനോട് താരതമ്യം ചെയ്യാന്‍ കഴിയില്ല..
നമുക്ക് സര്‍കാരിനെ തീരുമാനിക്കാനുള്ള അധികാരമുണ്ട്.. അവര്‍ ഇതു തന്നായാലും, കാര്യങ്ങള്‍ നടപ്പാക്കുന്നത് അവര്‍ക്കിടയിലുള്ള കുറെ ഉദ്യോഗസ്ഥരാണ്...
ഇന്നുള്ളതില്‍ നല്ലൊരു ശതമാനം പേരും കാര്യങ്ങള്‍ വളചോടിക്കുന്നതിനും, അവര്‍ക്കുള്ള പന്ക് നമ്മെലെല്ലാവരും പലവട്ടം അന്ഗീകകരിച്ചിട്ടുള്ള കാര്യമാണ്.. ഇതിന്റെ തോത് ഇന്ത്യയില്‍, അമേരിക്കയുടെ എത്രയോ ഇരട്ടിയാണ്.. അമേരികയില്‍ കമ്പനികള്‍ പരസ്പരം മല്‍സരിക്കുമ്പോള്‍, ഇന്ത്യയിലെ ജനാധിപത്യം ജനങ്ങളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്...
ഇനി ഭാവിയില്‍ നമ്മിടെ ജനാധിപത്യം ജനങ്ങളുടെ ഈ ആധിയെ കുറിച്ച് മനസ്സിലാക്കുമെന്ന് പ്രത്യാശിക്കുന്നു... :)
'മാറ്റ'ത്തിനായ് കാതോര്‍ക്കാം എന്ന ജോക്കറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു...
“വരേണ്യ വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ഭരണം, ഇടതു പക്ഷത്തിന്റെ ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ രാജ്യത്തിന്റെ സ്ഥിതി” തുടങ്ങിയ ഉല്ലാസിന്റെ വാക്കുകള്‍ ഇടത് ടിപ്പിക്കല്‍ ശൈലിയാണ്. താങ്കളുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് വിയോജിക്കുന്നു. പ്രത്യയശാസ്ത്രശാഠ്യം ഉപേക്ഷിക്കുകയാണെങ്കില്‍, ഇന്നത്തെ മുന്നണിരാഷ്ട്രീയകാലത്ത് കോണ്‍ഗ്രസ്സ്-ഇടത് സഖ്യം ഞാന്‍ ആഗ്രഹിക്കുമായിരുന്നു.
സുരേഷ് കുമാര്‍ പുഞ്ചയില്‍ ആശംസകള്‍ക്ക് നന്ദി!
യു.സുരേഷ് വായനയ്ക്കും കമന്റിനും നന്ദി!
പ്രിയ ധനേഷ്, കുറെക്കാലത്തിന് ശേഷം ഇവിടെ കാണുന്നു. സ്നേഹപൂര്‍വ്വം നന്ദി!
മാര്‍ക്സ് വിഭാവനം ചെയ്തപോലെയുള്ള ഭരണകൂടത്തിന്റെ കൊഴിഞ്ഞു പോക്കല്ല സംഭവിച്ചു കൊണ്ടിരിക്കുന്നത്. വിപണിക്ക് വിധേയമായി ഭരണകൂടങ്ങള്‍ ദിനംപ്രതി ദുര്‍ബ്ബലമാകുന്ന പ്രതിഭാസമാണിപ്പോള്‍ കാണുന്നത്. ചരിത്രം പരിശോധിച്ചാല്‍ എന്നും വണിക്കുകളുടെയും വൈശ്യന്മാരുടേയും കയ്യിലായിരുന്നു ഭരണകൂടങ്ങള്‍. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയെന്ന വണിക്ക് സംഘമാണു ഇന്ത്യന്‍ ജനാധിപത്യഭരണത്തിന്റെ ആദിമൂലം. ദുര്‍ബ്ബലരും അജിതേന്ദ്രിയരുമായ ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ ഇന്ന് പൂര്‍ണ്ണമായും വിപണിയുടെ കൈപ്പിടിക്കുള്ളിലാണു. മാര്‍ക്കെറ്റെന്ന പ്രതിഭാസത്തിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ഭരണയന്ത്രം തിരിക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണവര്‍. ജനാധിപത്യ ഫോര്‍മാറ്റില്‍ അതിനുള്ള ന്യായീകരങ്ങള്‍ നിരത്തുന്നതാണു അവരുടെ രാഷ്ട്രീയം.
ഇപ്പോഴും ഭൂരിപക്ഷമാളുകളും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന നാടാണു ഇന്ത്യ. പക്ഷെ ഇന്ത്യക്ക് സ്വന്തമായ ഒരു കാര്‍ഷിക നയമില്ല. വിദേശകാര്‍ഷിക വ്യവസായികളുടെ താല്‍പ്പര്യം നിറവേറ്റുന്നതിലാണു ഭരണകൂടങ്ങള്‍ക്ക് താല്‍പ്പര്യം.
ഭരണകൂടങ്ങളുടെ ഗൌരവം കുറയ്ക്കുക എന്നതാണു വിപണിയുടെ ആവശ്യകത. അത് അവര്‍ വിദഗ്ധമായി ചെയ്യുന്നുണ്ട്. Down sizing govt machinery അതിലൊന്നാണു. വിപണിയുടെ സംസ്കാരം പിന്തുടരുന്ന എം.ബി.എക്കാര്‍, ടെക്നോക്രാറ്റുകള്‍ തുടങ്ങിയവര്‍ ഭരണത്തിന്റെ മുന്‍പന്തിയിലേക്ക് എത്തിച്ചു. യഥാര്‍ത്ഥത്തില്‍ ഒരു ന്യൂനപക്ഷത്തേയാണു അവര്‍ പ്രതിനിധാനം ചെയ്യുന്നത്. അവര്‍ ഭൂരിപക്ഷത്തിനുമേല്‍ ഭരണം നടത്തുന്നു. അവരെ മാതൃകയാക്കിയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മുന്തിയ വേഷഭൂഷകളും ബ്യൂട്ടീപാര്‍ലര്‍ സൌന്ദര്യവുമായി ജനത്തിന്റെ കണ്ണില്‍ മണ്ണിടാമെന്ന് വിചാരിച്ച് നടക്കുന്നു. ഇത് ജനത, എന്ന് വച്ചാല്‍ എല്ലാവരും കഴുതയെന്ന് വിളിക്കുന്ന വര്‍ഗ്ഗം കാണുന്നുണ്ട്. നല്ലൊരു ചോയിസ്സ് ഇല്ലാത്തതു കൊണ്ട് അവര്‍ അടങ്ങിയിരിക്കുകയാണു. ഈ കളിയുടെ അവസാനരംഗത്ത് ഭരണകൂടം ഒരു മറുപിള്ള പോലെ തൂങ്ങിക്കിടക്കും.
പിന്നെ ഇന്ത്യയില്‍ ജനാധിപത്യം സായിപ്പ് ഉദ്ദേശിച്ച അര്‍ത്ഥത്തിലുണ്ടോ? സംശയമാണു. രാഷ്ട്രീയപ്പാര്‍ട്ടികളെ സുസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഒരു കാര്യം മനസിലാകും. ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ ജനാധിപത്യ ഫോര്‍മാറ്റില്‍ പഴയ രാജവാഴ്ച തന്നെയാണു പിന്തുടരുന്നത്. എല്ലാ രാഷ്ട്രീയ കക്ഷികളും ഒരു വ്യക്തിയില്‍ കേന്ദ്രീകൃതമായിരിക്കും. അയാളുടെ നേര്‍ പിന്തുടര്‍ച്ചക്കാരോ പിണിയാളുകളോ തുടര്‍ച്ചയായി വരുന്നു. ഇതിലെവിടെ സായ്പ് വിഭാവനം ചെയ്ത ജനാധിപത്യം? ഇത് ഏകാധിപത്യത്തിന്റെ ആധുനിക രൂപമാണു. അതിന്റെ ഒരു മെച്ചപ്പെട്ട ഒരു പതിപ്പ് കാത്തിരിപ്പുണ്ടോ എന്ന് ആലോചിച്ചാല്‍ മതി!
അര്‍ത്ഥവത്തായ ചിന്തയും നിരീക്ഷണങ്ങളും ഇവിടെ പങ്ക് വെച്ചതിന് അശോക് കര്‍ത്തായോട് ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള യഥാര്‍ഥജനായത്തഭരണം ഒരു സ്വപ്നമായി ഒടുങ്ങുകയേയുള്ളൂ എന്നെനിക്ക് തോന്നുന്നത് ഞാന്‍ ദോഷൈകദൃക്ക് ആയത്കൊണ്ടോ?
മാഷേ,
ജനാധിപത്യം നില നില്‍ക്കണമെന്നും നാം അതിന്‍റെ ബാല്യ ദിശയിലാണെന്നും അത് പൂര്‍ണതയിലാക്കാന്‍ ഇതേ വ്യവസ്ഥിതിയുടെ ഫലഭൂയിഷ്ടത അനിവാര്യവുമാണെന്നും വിശ്വസിക്കുന്നു.
പിന്നെ രാഷ്ട്രീയക്കാര് വഴിപിഴയ്ക്കുന്നതും വ്യവസ്ഥിതിയുടെ പൊളിച്ചെഴുത്താവശ്യപ്പെടുന്നു. ആര്‍ പൊളിച്ചെഴുതും.?
തിരഞ്ഞെടുപ്പിലൂടെ പൊളിച്ചെഴുതുക..
അവിടെയാണു് അടി തെറ്റുന്നത്. ആനയും(ജനവും) വീഴുന്നത്. ബ്രാണ്ട് പാര്‍ട്ടികളുടെ സ്ഥാനാര്ഥികള്‍ക്ക് മാത്രം വിജയം സുനിശ്ച്ചിതമാകുന്നത് അതിനാലാണു്. കോഴകൊടുത്തു് പാര്‍ട്ടികളുടെ സീറ്റു വാങ്ങി മത്സരിക്കുന്ന നേതാക്കാളെ ജനം അറിയാത്തതല്ല.
ശ്രീ.ഉല്ലാസ്സ് പറഞ്ഞത് ശരി തന്നെ.
രാഷ്ട്രീയ പാര്‍ട്ടികള്‍ വഴി പിഴച്ചു പോകുന്നതിനു നമ്മളൊക്കെ കുറ്റക്കാരാണ്. കഴിവുള്ളവര്‍ ആ രംഗത്തേക്കു നോക്കുന്നതെ ഇല്ലല്ലൊ..
പക്ഷേ കഴിവുള്ളവര്‍ നോക്കുന്നു. അവര്‍ മത്സരത്തില്‍ പങ്കെടുത്തു. കെട്ടി വച്ച കാശും നഷ്ടപ്പെട്ടവരുടെ ചരിത്രം നമുക്ക് മുന്നില്‍ ഉണ്ട്. ഈ ഇലക്ഷനിലും അതു തുടരും.
ശ്രീ.അശോക്കര്‍ത്താ പറഞ്ഞതിനു് അനുഭവങ്ങളുടെ വെളിച്ചത്തില്‍ അടിവര ഇടുന്നു.“രാഷ്ട്രീയപ്പാര്‍ട്ടികളെ സുസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഒരു കാര്യം മനസിലാകും. ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ ജനാധിപത്യ ഫോര്‍മാറ്റില്‍ പഴയ രാജവാഴ്ച തന്നെയാണു പിന്തുടരുന്നത്.”
ജനങ്ങള്‍ സര്‍ക്കാരിനെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ചര്‍ച്ചകളും വാദപ്രതിവാദങ്ങളും അനന്തമായി അങ്ങനെ തുടരും. എല്ലാം പരിഹരിച്ചു കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ ഈ ജീവിതം കൊണ്ട് എന്ത് ചെയ്യും ?
അങ്ങനെ അവസാനിപ്പിച്ച് ദോഷൈക ദ്രുക്കാകേണ്ട മാഷേ.
നമ്മുടെ ജനാധിപത്യം ജന മനസ്സാക്ഷിയുടെ ഈ ആധിയും ഉത്ക്ക്ണ്ടയും ഉള്‍ക്കൊണ്ട് ഒരു പുന സൃഷ്ടിയ്ക്ക് തയ്യാറാകും എന്ന് കരുതാം.
പാകിസ്ഥാനില്‍ ഒരാഴ്ചയ്ക്ക് ശേഷം പട്ടാള ഭരണം വരുന്നു എന്ന വാര്ത്തയുള്ള പത്രം എന്‍റെ മുന്നില്‍ തുറന്നിരിക്കുന്നു.
ഇടതു പക്ഷ ചിന്ത തലയ്ക്കു പിടിച്ചത് കൊണ്ടൊന്നുമല്ല അങ്ങിനെ എഴുതിയത് . സത്യം അതായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു . പുകഴ്ത്തപ്പെടുന്ന വികസന മാതൃക ബഹു ബഹുഭൂരിപക്ഷത്തിന് പ്രയോജന പ്പെട്ടോ എന്ന് മാത്രം ചിന്തിച്ചാല്‍ മതി . തെരുവോരങ്ങളിലും ,ചേരികളിലും മനുഷ്യന്‍ പുഴുക്കളെ പ്പോലെ ജീവിക്കുമ്പോള്‍ മാളുകളും ,മെട്രോകളും ,എക്സ്പ്രസ് ഹൈവേകളും ചുണ്ടിക്കാടി നാമെല്ലാം നേടി എന്ന് മേനി നടിക്കുന്നതില്‍ എന്താണ് അര്‍ഥം . ആരോഗ്യകരമായ ഒരു ചര്‍ച്ച തുടര്‍ന്നും നടക്കട്ടെ .
വേണൂ വായനയ്ക്കും അഭിപ്രായത്തിനും നന്ദി... പിന്നെ, “രാഷ്ട്രീയ പാര്‍ട്ടികള്‍ വഴി പിഴച്ചു പോകുന്നതിനു നമ്മളൊക്കെ കുറ്റക്കാരാണ്. കഴിവുള്ളവര്‍ ആ രംഗത്തേക്കു നോക്കുന്നതെ ഇല്ലല്ലൊ” എന്ന് പറഞ്ഞത് ഉല്ലാസ് മാഷ് അല്ല യു.സുരേഷ് ആയിരുന്നു. സുരേഷ് പറഞ്ഞതില്‍ ഒരു പിശകുണ്ട്. സ്റ്റേറ്റ് കൊഴിഞ്ഞു പോകുമെന്ന് സൈന്താന്തികമായി സമര്‍ത്ഥിച്ചത് മാര്‍ക്സ് ആണ്. ലെനിന്‍ എന്നാണ് സുരേഷ് പറഞ്ഞത്.ലെനിന്‍ ഒരു സൈദ്ധാന്തികനല്ല. മാര്‍ക്സിസത്തിന്റെ റഷ്യന്‍ വ്യാഖ്യാതാവ് എന്ന് വേണമെങ്കില്‍ പറയാം.
ഉല്ലാസ് മാഷേ, "തെരുവോരങ്ങളിലും ,ചേരികളിലും മനുഷ്യന്‍ പുഴുക്കളെപ്പോലെ ജീവിക്കുമ്പോള്‍....." എന്ന പ്രയോഗം അത് കോണ്‍ഗ്രസ്സ് സര്‍ക്കാറുകളുടെ നയവൈകല്യമോ ഭരണപരാജയമോ ആയി ചിത്രീകരിക്കുമ്പോഴാണ് അത് ടിപ്പിക്കല്‍ ഇടത് വിമര്‍ശനമായി മാറുന്നത്.
ഇന്ത്യന്‍തെരുവോരങ്ങളിലും,ചേരികളിലും മനുഷ്യന്‍ ഇപ്പോഴും പുഴുക്കളെപ്പോലെ ജീവിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഈ അവസ്ഥയ്ക്ക് സര്‍ക്കാര്‍ മാത്രമാണോ ഉത്തരവാദി? പലരും ഈ സാഹചര്യത്തിന് സര്‍ക്കാരിനെ കുറ്റം പറഞ്ഞുകൊണ്ട് പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. ഞാന്‍ തിരിച്ചങ്ങോട്ട് ഒന്ന് ചോദിക്കട്ടെ: ഈയൊരു അവസ്ഥയില്ലാതെ സര്‍വ്വരും സുഭിക്ഷരായി ജീവിയ്ക്കുന്ന ഒരു സമൂഹം സൃഷ്ടിച്ചെടുക്കാന്‍ എതെങ്കിലും സര്‍ക്കാരിന് എന്നെങ്കിലും കഴിയുമോ? ഞാന്‍ ഒരു കുതര്‍ക്കത്തിന് വേണ്ടി ചോദിച്ചതല്ല. താങ്കളുടെ ആലോചനയ്ക്ക് വിഷയമാകാന്‍ വേണ്ടി ചോദിക്കുന്നതാണ്. അത് സര്‍ക്കാരിന് മാത്രം സാധ്യമാകുമോ? തെരുവോരങ്ങളിലും ചേരികളിലും മനുഷ്യക്കുഞ്ഞുങ്ങള്‍ അനിയന്ത്രിതമായി പെറ്റുപെരുകുന്നു എന്ന യാഥാര്‍ഥ്യം ഓര്‍ത്തുകൊണ്ട് താങ്കള്‍ ആലോചിക്കണം.
കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ നയങ്ങള്‍ സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് ശേഷം ഇന്ത്യയെ പുരോഗതിയിലേയ്ക്ക് നയിച്ചു എന്ന് അവിതര്‍ക്കിതമായി പറയാന്‍ കഴിയും. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ജനസംഖ്യ 35കോടി. നാടെങ്ങും അക്ഷരാര്‍ത്ഥത്തില്‍ ക്ഷാമം,ദാരിദ്ര്യം,പട്ടിണി. സത്യത്തില്‍ ആ പട്ടിണിയും ദാരിദ്ര്യവും തന്നെയായിരുന്നു ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കിയിരുന്നത്. അരിയെവിടെ,തുണിയെവിടെ സര്‍ക്കാരേ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് അവര്‍ എല്ലായ്പ്പോഴും സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു. സര്‍ക്കാരോ പഞ്ചവത്സരപദ്ധതികളിലൂടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചുകൊണ്ടേയിരുന്നു.
ഇന്ന് പരിപ്പ് വടയും കട്ടന്‍ കാപ്പിയും മാര്‍ക്സിസ്റ്റ്കാര്‍ക്ക് ഉപേക്ഷിക്കാന്‍ അവരെ പ്രാപ്തരാക്കിയെങ്കില്‍ അതിന് കാരണം കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ വികസനനയം തന്നെയാണ്. ഇന്ന് കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ ഓരോ വീടുകളിലും തമിഴ്‌നാട്ടില്‍ നിന്നുള്ള യാചകര്‍ കയറിയിറങ്ങുന്നു.നമുക്കവരെ കാണുമ്പോള്‍ അറപ്പ് തോന്നും.പക്ഷെ അവരോരുത്തരും ദിനംപ്രതി കുറഞ്ഞത് ശരാശരി 250രൂപയെങ്കിലും നിഷ്പ്രയാസം സമ്പാദിക്കുന്നു. എന്ത്കൊണ്ടിങ്ങനെ? സര്‍ക്കാരിന് എന്ത് ചെയ്യാന്‍ പറ്റും? തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ജനസംഖ്യ നിയന്ത്രണ വിധേയമല്ല.
താങ്കള്‍ ചോദിക്കുന്നു: തെരുവോരങ്ങളിലും,ചേരികളിലും മനുഷ്യന്‍ പുഴുക്കളെപ്പോലെ ജീവിക്കുമ്പോള്‍ മാളുകളും,മെട്രോകളും,എക്സ്പ്രസ് ഹൈവേകളും ചുണ്ടിക്കാടി നാമെല്ലാം നേടി എന്ന് മേനി നടിക്കുന്നതില്‍ എന്താണ് അര്‍ഥം? എന്ന്. അപ്പോള്‍ എന്തായിരുന്നു സര്‍ സര്‍ക്കാര്‍ വേണ്ടിയിരുന്നത്? ഇപ്പറഞ്ഞ മാളുകളും,മെട്രോകളും,എക്സ്പ്രസ്സ് ഹൈവേകളും ഒന്നുമില്ലാത്ത സര്‍വ്വമനുഷ്യരും പുഴുക്കളെപ്പോലെ ജീവിയ്ക്കുന്ന ഒരു സമത്വമായിരുന്നോ സൃഷ്ടിക്കേണ്ടിയിരുന്നത്? ഒന്നുകില്‍ എല്ലാവരും പുഴുക്കള്‍ അല്ലെങ്കില്‍ എല്ലാവരും മാളിനും മെട്രോകള്‍ക്കും ഉടമകള്‍ അതാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? സര്‍ അത് പ്രായോഗികമാണോ? ഇക്കാണുന്ന പുരോഗതിയൊന്നും നമുക്ക് വേണ്ടിയിരുന്നില്ലേ ഇന്നും ചേരികളിലും തെരുവോരങ്ങളിലും എത്രയോ മനുഷ്യര്‍ പുഴുക്കളെപ്പോലെ ജീവിയ്ക്കുന്നു എന്ന കാരണത്താല്‍?
സര്‍ താങ്കള്‍ ഉദ്ദേശിക്കുന്നത് എന്തെന്ന് എനിക്ക് മനസ്സിലാവുന്നില്ല. താങ്കള്‍ക്കറിയാമോ എന്നറിയില്ല ഒരു കാലത്ത് തിരുവനന്തപുരം നഗരം യാചകനിരോധനമേഖലയായിരുന്നു. യാചകരെ പോലീസ് പിടിച്ചു അഭയകേന്ദ്രങ്ങളിലാക്കും. യാചകര്‍ അവിടെ നിന്ന് ഒളിച്ചോടും. യാചകര്‍ ഭിക്ഷാടനത്തിലാണ് സന്തോഷവും സ്വാതന്ത്രവും കണ്ടെത്തിയത്. ഇന്ന് യാചകരുടെ പറുദീസയാണ് കേരളം. ഞാന്‍ പറഞ്ഞുവരുന്നത് ചേരികളിലും തെരുവോരങ്ങളിലും കുഞ്ഞുങ്ങളെ അനിയന്ത്രിതമായി പെറ്റുപെരുക്കിക്കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ എന്ത് ചെയ്യും? എന്തും സര്‍ക്കാരിനെ അടിക്കാനുള്ള വടിയാക്കി പ്രചാരണം നടത്തുന്നത് രാഷ്ട്രീയക്കാരുടെ വോട്ട് ബാങ്ക് സൂക്ഷിക്കാനുള്ള അടവ് നയങ്ങള്‍ മാത്രമാണ്. അവര്‍ക്ക് അധികാരം കിട്ടിയാല്‍ ഇപ്പറഞ്ഞതൊക്കെ ശരിയാക്കിയെടുക്കാന്‍ അവരുടെ കൈയ്യില്‍ മാന്ത്രികവടിയുണ്ടോ സര്‍?
വികസന ചിന്തകളില്‍ നാം സമാന്തര രേഖകള്‍ പോലെ യാണ് . കമ്പോളത്തിന്റെ നിയന്ത്രണ ന്കള്‍ക്ക് ഒരു ജനതയെ മുഴുവന്‍ എറിഞ്ഞു കൊടുത്ത സര്‍ക്കാര്‍ നയങ്ങള്‍ തന്നെ യാണ് എന്റെ വിമര്‍ശന വിഷയങ്ങള്‍ . പെട്രോള്‍ ഡീസല്‍ വില കുറക്കാന്‍ വൈകിച്ചതിന്റെ പൊരുള്‍ ആര്‍ക്കാണറിയാത്തത് .
ഒരിക്കല്‍ കോട്ടയവും യാചക നിരോധിത മേഖല ആയിരുന്നു .
ജയ് ഹോ ഗാനം നാട്ടില്‍ മുഴങ്ങട്ടെ .
സോഷ്യലിസ്റ്റ് അടിസ്ഥാനത്തിലുള്ള സാമ്പത്തിക ഉല്പാദന-വിതരണ സമ്പ്രദായം പരാജയമടഞ്ഞത് നാം കണ്ടു. ഇതില്‍ നാം ആരെ കുറ്റം പറയും? മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നുവെങ്കില്‍ ചൈന സോഷ്യലിസ്റ്റ് എക്കണോമി വെടിഞ്ഞ് മാര്‍ക്കറ്റ്എക്കണോമി സ്വീകരിക്കുമായിരുന്നോ? കമ്പോളാടിസ്ഥാന സമ്പ്രദായമാണ് ലോകത്തെ മുന്‍പോട്ട് നയിക്കുന്നത് എന്ന് പറഞ്ഞാല്‍ ആ സമ്പ്രദായത്തെ നാം ഇഷ്ടപ്പെടുന്നില്ല എന്ന് വെച്ച് ബദല്‍ മാര്‍ഗ്ഗം?
ഇതില്‍ ഒരു ജനതയെ എറിഞ്ഞുകൊടുക്കുക എന്ന് പറഞ്ഞാല്‍, ആ പ്രസ്ഥാവന അതിശയോക്തിപരമാണ്. ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത്. റഷ്യയിലും ചൈനയിലും എന്ത്കൊണ്ട് ഇങ്ങനെ സ്വകാര്യ-വിദേശമൂലധനങ്ങള്‍ക്ക് ജനങ്ങളെ എറിഞ്ഞുകൊടുക്കേണ്ടി വന്നു? റഷ്യയെയും ചൈനയെയും ഉദാഹരണം പറയേണ്ടി വരുന്നത് അവിടെയായിരുന്നില്ലെ ഈ സോകോള്‍ഡ് സോഷ്യലിസ്റ്റ് സമത്വം കൈവരിക്കാന്‍ സാധ്യമായ ഭരണകൂടങ്ങള്‍ സ്ഥാപിതമായത് എന്നത് കൊണ്ടാണ്. അവിടെ പരാജയപ്പെട്ടത് ഇവിടെ കോണ്‍ഗ്രസ്സിന് വിജയിപ്പിക്കാന്‍ പറ്റുമായിരുന്നോ എന്ന് ചോദിക്കാനാണ്.
നാം സ്വയം ആലോചിക്കതെ നേതാക്കന്മാര്‍ പറയുന്നത് ഏറ്റുപറയുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കേണ്ടിവരുന്നത്. രാജ്യത്തിന്റെ പുരോഗതി ഓരോ പൌരനും ആസ്വദിക്കുന്നുണ്ട്. ഒരു രൂപ ചെലവാക്കി താങ്കള്‍ പുഴു എന്ന് പറഞ്ഞ ഏത് വ്യക്തിക്കും ഇന്ന് ഫോണ്‍ വിളിക്കാം. ഇതൊക്കെയേ ഏത് സര്‍ക്കാരിനും കഴിയൂ. ഇത്രയ്ക്കും ഇവിടെ പരമാവധി സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് അനുവദിച്ച് കൊണ്ടാണിത്. കമ്പോളത്തെ ജനങ്ങള്‍ക്ക് നിയന്ത്രിക്കാമായിരുന്നു. പരസ്പരം കുറ്റം പറഞ്ഞുകൊണ്ട് നാം ഊര്‍ജ്ജം ദുര്‍വ്യയം ചെയ്യുകയാണ്. രാഷ്ട്രീയത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി ആരോഗ്യകരമായ മത്സരമായിരുന്നു വേണ്ടിയിരുന്നത്. ഇവിടെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നത് തങ്ങളുടെ അധികാരം ഉറപ്പിക്കാന്‍ വേണ്ടിയാണ്. പൌരന്മാരുടെ ആലോചനാശക്തിയെ രാഷ്ട്രീയക്കാര്‍ വിഷലിപ്തമാക്കുന്നു.
അതിനുദാഹരണമാണ് “പെട്രോള്‍ ഡീസല്‍ വില കുറക്കാന്‍ വൈകിച്ചതിന്റെ പൊരുള്‍ ആര്‍ക്കാണറിയാത്തത്” എന്ന താങ്കളുടെ ചോദ്യം. കാലാകാലങ്ങളായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണ്. കനത്ത സബ്‌സിഡി നല്‍കിയാണ് പാചകവാതകവും മണ്ണെണ്ണയും ജനങ്ങള്‍ക്ക് നല്‍കുന്നത്. സബ്‌സിഡി എന്നത് ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം തന്നെയാണ്. അന്താരാഷ്ട്രവിപണിയില്‍ എണ്ണവില ഉയരുന്ന പതിവായിരുന്നു എല്ലായ്പ്പോഴും. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവിടെ പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്താറ്. അപ്പോഴൊക്കെ പ്രതിഷേധവും വാഹനബന്ദും നടത്താറുണ്ട്. സര്‍ക്കാറിന് നഷ്ടം വരുമ്പോള്‍ രണ്ട് മാര്‍ഗ്ഗമേയുള്ളു,ഒന്നുകില്‍ നികുതി വര്‍ദ്ധിപ്പിക്കുക അല്ലെങ്കില്‍ വില വര്‍ദ്ധിപ്പിക്കുക. വില വര്‍ദ്ധിപ്പിക്കുന്നതാണ് യുക്തിസഹം എന്ന് പ്രതിഷേധിക്കുന്നവര്‍ ഓര്‍ക്കാറില്ല. ഉയര്‍ന്ന എണ്ണവില താഴുന്ന പ്രതിഭാസം ഉണ്ടായത് ഇക്കഴിഞ്ഞ പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്തിയതിന് ശേഷം ആദ്യമായാണ്. അത് എണ്ണക്കമ്പനികളുടെ കാലാകാലമായി ഉണ്ടായിട്ടുള്ള നഷ്ടം അല്പം നികത്തുന്നതിന് സഹായകമായി. എന്നാലും ഗാര്‍ഹികപാചകവാതകവും മണ്ണെണ്ണയും സര്‍ക്കാര്‍ നഷ്ടം സഹിച്ചു തന്നെയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ആര് ഭരിച്ചാലും സര്‍ക്കാര്‍ നമ്മുടേതല്ലെ. സര്‍ക്കാരിന്റെ നഷ്ടം നമ്മുടെ നഷ്ടമല്ലെ. ആ നഷ്ടം നികുതിമൂലം നമ്മള്‍ നികത്തുന്നതിന് സമം തന്നെയല്ലെ പെട്രോളിനും ഡീസലിനും വില കൊടുക്കുന്നതും? ഇത്തരം രാഷ്ട്രീയവാദങ്ങള്‍ കൊണ്ട് പാര്‍ട്ടിക്ക് നാല് വോട്ട് കൂടുതല്‍ കിട്ടി നേതാക്കളും അവരുടെ പുത്രന്മാരും തടിച്ചുകൊഴുക്കും എന്നല്ലാതെ നാം എവിടെയുമെത്തുകയില്ല.
എനിക്ക് കോണ്‍ഗ്രസ്സിന് വേണ്ടി പ്രചാരവേല നടത്തേണ്ട ഒരു ആവശ്യവുമില്ല. പക്ഷെ ഒരു പൌരന്‍ എന്ന നിലയില്‍ സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് ശേഷം നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയവും പുരോഗതിയും വിലയിരുത്തുമ്പോഴും മറ്റ് രാജ്യങ്ങളുടെ അവസ്ഥ ചൈനയടക്കം താരതമ്യം ചെയ്യുമ്പോഴും കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക നയം നാട്ടിനെ പുഷ്ടിപ്പെടുത്തി എന്ന യാഥാര്‍ഥ്യം കാണാതിരിക്കാന്‍ കഴിയുന്നില്ല. കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലേ നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് രാഷ്ട്രീയം പറയാന്‍ കഴിയൂ,അതാണ് കാര്യം.
പിന്നെ ജയ് ഹോ മുഴക്കം, സില്ലി മേറ്റര്‍ വിട്ടുകള മാഷേ :)
ഞാന്‍ വിടുന്നു .കൊണ്ഗ്രെസ്സിന്റെ നയങ്ങള്‍ നാടിനു ഗുണകരം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല . നവ ലിബറല്‍ വാദങ്ങള്‍ പൊളിഞ്ഞു എന്നതിന് അമേരിക്ക തന്നെ ഉദാഹരണമല്ലേ . ഫോര്ച്ച്‌ുന്‍ മാസികയില്‍ പത്തു ഇന്ത്യാക്കാരുടെ പേര് കയറിക്കുടി എന്നത് അഭിമാനമായി ഞാന്‍ കാണുന്നില്ല . ജനക്ഷേമ പരിപാടികള്‍ നടപ്പാക്കാന്‍ ആര്‍ജവം വേണം .മധ്യ വര്‍ഗങ്ങളെ ഊട്ടി ഉറക്കാന്‍ മാത്രം ഉപകരിക്കുന്ന നയങ്ങള്‍ എങ്ങനെ ജനപക്ഷ മാകും .ജനകീയ പ്രതിരോധങ്ങള്‍ ഉറഞ്ഞു തുള്ളി വന്നു ഈ ബിംബങ്ങള്‍ അടിച്ചു തകര്‍ക്കും . അത് വരെ ശീതീകരിച്ച മുറിയില്‍ കിടന്നു ഉറക്കം നടിക്കാം
ഉല്ലാസ് മാഷിന് താല്പര്യമില്ലെങ്കില്‍ ഞാനും സംവാദം നീട്ടുന്നില്ല. അമേരിക്ക പൊളിഞ്ഞിട്ടൊന്നുമില്ല. ഒരു സന്തുലനം പുന:സ്ഥാപിക്കാന്‍ ഇപ്പോഴത്തെ സാമ്പത്തികമാന്ദ്യം അനിവാര്യമായിരുന്നു എന്നുമാത്രമല്ല ഗുണകരവും കൂടിയാണ് എന്ന് കരുതാനാനെനിക്കിഷ്ടം,അത് അമേരിക്കയിലായാലും കേരളത്തിലായാലും. അമേരിക്കയെ ഉദാഹരിക്കുന്ന താങ്കള്‍ ചൈനയില്‍ നടപ്പാക്കുന്നതും നവ ലിബറല്‍ നയങ്ങള്‍ തന്നെയാണെന്നും കേരളത്തില്‍ പോലും തോമസ്സ് ഐസക്ക് നവ ലിബറല്‍ വാദങ്ങള്‍ തന്നെയാണ് മുന്നോട്ട് വയ്ക്കുന്നതെന്നുമുള്ള സത്യം കാണാതെ പോകുന്നു. ഇതൊന്നും ചിലരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചല്ല മറിച്ച് ലോകം അങ്ങനെ മുന്നോട്ട് ചരിക്കുന്നു എന്ന യാഥാര്‍ഥ്യം അങ്ങയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നു. എനിക്കും സമത്വസുന്ദരലോകം തന്നെയാണ് പഥ്യം. പക്ഷെ എങ്ങനെ? ചെഷസ്ക്യൂമാര്‍ അതനുവദിക്കുമോ?
കേന്ദ്രം നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതികള്‍ പോലുള്ള ജനക്ഷേമപരിപാടികള്‍ നടപ്പാക്കാനുള്ള ആര്‍ജ്ജവം കേരളം കാണിക്കുന്നില്ല എന്നാക്ഷേപമുണ്ട്. ജനകീയ പ്രതിരോധങ്ങള്‍ ഉറഞ്ഞു തുള്ളി വന്നു ഈ ബിംബങ്ങള്‍ അടിച്ചു തകര്‍ക്കുക തന്നെയാണ് വേണ്ടത്. പക്ഷെ ഏതെല്ലാം ബിംബങ്ങള്‍? ഇടത് ഭാഗത്ത് ബിംബങ്ങള്‍ ഇല്ലല്ലൊ.
ഓക്കെ മാഷേ, ഇത്രയും സംവദിച്ചതിന് നന്ദി!
Post a Comment