Links

സോഷ്യലിസം വെറും പിന്തിരിപ്പന്‍‌ ആശയം !

കാള്‍ മാര്‍ക്സ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയിട്ടില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഒന്നും സംഭവിക്കില്ല,ലോകം കറങ്ങിത്തിരിഞ്ഞ് ഇന്ന് കാണുന്ന അവസ്ഥയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ടായിരിക്കും. എങ്ങനെയാണോ സാധ്യമാവുക അങ്ങനെയാണ് ലോകത്തിന്റെ ഗതി. മുന്നോട്ട് പോയേ പറ്റൂ. എല്ലാം ചലനാത്മകമാണ്. സമൂഹത്തിനും മുന്നോട്ട് ചലിച്ചേ കഴിയൂ. അതിന്റെ വഴിയില്‍ തടസ്സം നില്‍ക്കുന്ന എന്തിനേയും അത് തട്ടി മാറ്റും. തീര്‍ച്ചയായും ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉയര്‍ന്നുവരികയും അത് എല്ലാം മാറ്റത്തിന്റെ പ്രേരകങ്ങളായി വര്‍ത്തിക്കുകയും ചെയ്യും. മാറ്റം എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്നു. എല്ലാം ചേര്‍ന്ന് മാറ്റത്തെ ഉണ്ടാക്കുന്നു. സമഗ്രമായി മാത്രമേ പ്രപഞ്ചവും സമൂഹവും ചലിക്കൂ. എന്റെ ആശയം അല്ലെങ്കില്‍ ഞാന്‍ മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രം അനുസരിച്ച് മാത്രമേ ലോകം മാറാവൂ എന്ന് ആരെങ്കിലും ശഠിച്ചാല്‍ ആ ശാഠ്യത്തോട് മാറ്റത്തിന് സഹതാപം തോന്നും. കാരണം മാറ്റം പ്രത്യേകിച്ച് ഒന്നിനെയും ആശ്രയിക്കുന്നില്ല.

സോഷ്യലിസം എന്ന ആശയം ആദ്യം അവതരിപ്പിച്ചത് 1516ല്‍ സര്‍ തോമസ് മൂര്‍ എഴുതിയ ഊട്ടോപ്യ എന്ന കൃതിയിലൂടെയാണ്. മാര്‍ക്സും ഏങ്കത്സും ചേര്‍ന്ന് 1848ല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ദീകരിച്ചതില്‍ പിന്നെ ഉട്ടോപ്യന്‍ സോഷ്യലിസം എന്ന വാക്ക് പ്രചാരത്തില്‍ വന്നത് അത് ഒരു സാങ്കല്പിക സോഷ്യലിസമാണെന്ന് പറഞ്ഞാണ്. തങ്ങളുടേത് ശാസ്ത്രീയസോഷ്യലിസമാണെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിച്ചത്. ശാസ്ത്രീയസോഷ്യലിസമെന്നാല്‍ സമൂഹത്തിന്റെ വളര്‍ച്ചയുടെയും നിലനില്പിന്റെയും മാറ്റത്തിന്റെയും നിയമം. അത് കണ്ടെത്തിയ സാമൂഹ്യശാസ്ത്രജ്ഞനായി കാള്‍ മാര്‍ക്സിനെ കമ്മ്യൂണിസ്റ്റുകാര്‍ കാണുന്നു. അന്തിമമായി ശാസ്ത്രീയകമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിലേക്ക് ലോകം മാറുമെന്ന് ലോകത്ത് ഇപ്പോള്‍ ബാക്കിയുള്ള കമ്മ്യൂണിസ്റ്റ്കാര്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഉട്ടോപ്യന്‍ സോഷ്യലിസം സാങ്കല്പികമാണെങ്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ പറയുന്ന ശാസ്ത്രീയസോഷ്യലിസം ഒരു അറുപിന്തിരിപ്പന്‍ ആശയമണെന്നാണ് എനിക്ക് പറയാനുള്ളത്. അത് പരിശോധിക്കുന്നതിന് മുന്‍പ് 1917മുതല്‍ 1989വരെ സോവിയറ്റ് യൂനിയനില്‍ നിലവിലിരുന്ന സോഷ്യലിസം ഏത് ഗണത്തില്‍ പെടുന്ന സോഷ്യലിസമായിരുന്നു എന്നും ഇപ്പോള്‍ ചൈന,വിയറ്റ്നാം,ക്യൂബ,ഉത്തരകൊറിയ എന്നീ ശിഷ്ട കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നടപ്പിലുള്ളത് എന്ത് സോഷ്യലിസമാണെന്നും കൂടി അറിയേണ്ടതുണ്ട്. സോവിയറ്റ് യൂനിയനിലേത് ഒരു കപടസോഷ്യലിസമായിരുന്നു എന്ന് അന്നും ഇന്നും പല കമ്മ്യൂണിസ്റ്റ് ചിന്തകന്മാര്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. Michael Batiukov എഴുതിയ ഒരു ലേഖനം മൂന്ന് ഭാഗങ്ങളായി ഇവിടെ വായിക്കുന്നത് നന്നായിരിക്കും ഒന്ന് , രണ്ട് , മൂന്ന് .

വ്യത്യസ്തമായ സാമ്പത്തിക ഘടനകളെക്കുറിച്ച് നാം പറയാറുണ്ട്. അതില്‍ പ്രധാനം സോഷ്യലിസവും ക്യാപിറ്റലിസവുമാണല്ലൊ. ഇവ രണ്ടും പ്രയോഗത്തില്‍ വിരുദ്ധധ്രുവങ്ങളില്‍ പെടുന്നതാണ്. സാമൂഹ്യസഹകരണത്തില്‍ അധിഷ്ഠിതമാണ് സോഷ്യലിസം. സാ‍മൂഹികമായ പരസ്പര മത്സരത്തില്‍ അധിഷ്ഠിതമായതാണ് ക്യാപിറ്റലിസം അഥവാ മുതലാളിത്വം. നിലവിലുള്ള സാമ്പത്തികവ്യവസ്ഥിതികളില്‍ ഇവ രണ്ടിന്റെയും സ്വാധീനമുണ്ടെങ്കിലും പൊതുവെ സ്വീകാര്യമായത് അല്ലെങ്കില്‍ പ്രായോഗികമായത് മുതലാളിത്വം അല്ലെങ്കില്‍ ക്യാപ്പിറ്റലിസം ആണെന്ന് കാണാം. സ്വകാര്യ-കുത്തക മൂലധനത്തില്‍ അധിഷ്ഠിതമായ ഉല്പാദന-വിതരണസമ്പ്രദായമാണ് മുതലാളിത്വം. എല്ലാ കാലത്തും നിലനിന്നിരുന്ന ഈ സമ്പ്രദായത്തിന് താത്വികമായ വിശദീകരണം നല്‍കിയത് 1776ല്‍ “The Wealth of Nations” എന്ന കൃതിയിലൂടെ ആഡം സ്മിത്ത് എന്ന ധനതത്വ ചിന്തകനായിരുന്നു. ഇന്നും സാമ്പത്തികശാസ്ത്രവിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് ആഡം സ്മിത്തിനെയാണ്. മുതലാളിത്വവ്യവസ്ഥിതിയെ അനുകൂലിക്കുന്നവര്‍ ഉല്പാദന-വിതരണ ഉപാധികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആകുന്നതിനെ അനുകൂലിക്കുന്നില്ല്ല. സ്വകാര്യസംരഭങ്ങളിലൂടെ മാത്രമേ ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങളും സേവനങ്ങളും ഇടതടവില്ലാതെ ലഭിക്കുകയുള്ളൂ എന്നും സമൂഹത്തിന്റെ ചലനാത്മകത മത്സരത്തില്‍ അധിഷ്ഠിതമാണെന്നും അവര്‍ വാദിക്കുന്നു. സമൂഹത്തിന്റെ ക്രമീകരണവും നീതിന്യായവ്യവസ്ഥയും നിയമവാഴ്ചയും ഉറപ്പാക്കലും മാത്രമാണ് സര്‍ക്കാരിന്റെ ചുമതലയെന്നും പറയുന്നു. കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലും വിശദീകരിക്കുന്നത് ഏതാണ്ട് ഇപ്രകാരം തന്നെയാണെന്ന് കാണാന്‍ കഴിയും.

ഉല്പാദന-വിതരണോപാധികള്‍ മുഴുവനും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയിരിക്കണമെന്നും സ്വകാര്യ ഉടമസ്ഥതയില്‍ ഒന്നും പാടില്ല എന്നും എല്ലാറ്റിന്റെയും ഉടമ എന്ന് പറയുന്നത് സമൂഹം മൊത്തത്തില്‍ ആണെന്നും ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് ഒന്നിലും ഉടമാവകാശം പാടില്ലെന്നുമാണല്ലൊ സോഷ്യലിസ്റ്റ് സങ്കല്പം. ഈ ആശയം അപ്രായോഗികവും പിന്തിരിപ്പനുമാണെന്ന് പറയുന്നത് വാസ്തവത്തില്‍ ഡെങ്ങ് സിയാവോ പിങ്ങ് മുതല്‍ ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങി തോമസ് ഐസക്ക് വരെയുള്ളവര്‍ തന്നെയാണ്. എന്ത് കൊണ്ട് ? ഉത്തരം ലളിതമാണ്. ഏത് സര്‍ക്കാറിനും മൂലധനം സ്വരൂപിക്കാന്‍ പറ്റില്ല എന്നത് തന്നെ. ഞാന്‍ ഉറപ്പിച്ചു പറയുന്നു, ഒരു സര്‍ക്കാറിന് എല്ലാ ഉല്പാദനോപാധികളും അതിന്റെ കുത്തകയിലും അധീനതയിലുമാണെങ്കില്‍ ആ സര്‍ക്കാറിന് ഒരിക്കലും മൂലധനം സമാഹരിക്കാന്‍ കഴിയില്ല. നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വിഭാവനം ചെയ്ത മിശ്രസാമ്പത്തികവ്യവസ്ഥിതിയുടെ പ്രാധാന്യവും പ്രസക്തിയും അതാണ്. അതിനെയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ തെറ്റായ സാമ്പത്തികനയം എന്ന് അന്നു മുതലേ യാന്ത്രികമായി എതിര്‍ത്തുവരുന്നത്. ആധുനിക ഇന്‍ഡ്യ ഇക്കാണുന്ന വളര്‍ച്ച നേടിയതും, ഇന്നത്തെ അഗോളസാമ്പത്തിക മാന്ദ്യത്തില്‍ ഉലയാതെ നില്‍ക്കുന്നതും ജവഹര്‍ലാല്‍ തുടക്കമിട്ട മിക്സ്ഡ് ഇക്കണോമി എന്ന സാമ്പത്തികസമ്പ്രദായത്തിന്റെ ഫലമായിട്ടാണ്.

എല്ലാം സര്‍ക്കാര്‍ ഉടമയില്‍ ആയിരുന്നെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ കോലം എന്തായിരിക്കും? അത് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ജനാധിപത്യസമ്പ്രദായവും പൊതു-സ്വകാര്യ ഉടമസ്ഥതയും അംഗീകരിച്ചു കൊണ്ട് തന്നെ നമുക്ക് ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ തീര്‍ച്ചയായും കഴിയും. എന്താണ് ജനാധിപത്യം ? വ്യത്യസ്തമായി ചിന്തിക്കുന്നവന്റെയും വിയോജിക്കുന്നവന്റെയും സ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കുന്നതാണ് അത്. കമ്യൂണിസ്റ്റുകാര്‍ക്ക് അത് മനസ്സിലാവില്ല. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യന്‍ ജനതയ്ക്ക് അത് ഉറപ്പാക്കിയതാണ് ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സിന്റെ മഹത്വം!

വാല്‍ക്കഷണം:

I disagree with anybody who can say that socialism (communism) has failed at the end of the 20th century. How something what never existed can ever fail? But I am sure that pseudo-socialism has failed big time. Why it is very important to know the difference between capitalism, socialism (communism) and pseudo-socialism in the 21st century? Because it can affect your future, it can affect your life, your freedoms and human rights. Capitalism still works. Socialism (communism) did never exist. Pseudo-socialism is based on terror, and always will fail sooner or later.

(Michael Alex Batiukov)

21 comments:

Unknown said...

കഴിഞ്ഞ പോസ്റ്റില്‍ കമന്റ് എഴുതിയ “വീ.കെ.ബാല”യ്ക്കും “കേള്‍ക്കാത്ത വാര്‍ത്തകള്‍”ക്കും മറുപടി എഴുതാന്‍ വേണ്ടിയാണ് ഈ പോസ്റ്റ് ഉദ്ദേശിച്ചിരുന്നത്. ടൈപ്പ് ചെയ്തു വന്നപ്പോള്‍ ഇങ്ങനെയായിപ്പോയി. ഇനിയും എഴുതാമല്ലൊ.

N.J Joju said...

നന്നായി എഴുതിയിട്ടൂണ്ട്.

ഡോ.വര്‍ഗ്ഗീസ് കുര്യന്റെ ‘എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നു’ എന്ന ആത്മകഥ വായിച്ചത് ഈയിടെയാണ്. കമ്യൂണിസത്തിന്റെ കാര്യശേഷിക്കുറവും മുതലാളിത്തത്തിന്റെ കുത്തക-ചൂഷണ സ്വഭാവവും പരാമര്‍ശവിധേയമാവുന്നുണ്ട് അതില്‍. പരിഹാരമായി പരിഗണിയ്ക്കപ്പെടുന്നത് അമുല്‍ മോഡല്‍ സഹകരണപ്രസ്ഥാനങ്ങളാണ്. സഹകരണപ്രസ്ഥാനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകത സ്വാതന്ത്യത്തിനും മുന്‍പേ ചര്‍ച്ചചെയ്യപ്പെട്ടിട്ടൂള്ളതാണ്.
മുതലാളിത്തരാജ്യങ്ങളില്‍ കാര്‍ഷികമേഖലയില്‍ സഹകരണമേഖല ശക്തവുമായിരുന്നു.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ സഹകരമേഖലയെ രാഷ്ട്രീയവത്കരിയ്ക്കുകയും പ്രയോജനരഹിതമാക്കുകയും സ്വര്‍ത്ഥലാഭത്തിനുവേണ്ടി ഉപയോഗിയ്ക്കുകയും ചെയ്യുന്ന കാഴ്ചയാണ് മിക്ക സംരംഭങ്ങളിലും കണ്ടിട്ടുള്ളത്.

Unknown said...

ജോജൂ, പൊതുമേഖലയും സ്വകാര്യമേഖലയും സഹകരണമേഖലയും ചേര്‍ന്ന് ഇതിനകം തന്നെ ഇവിടെ വികസിത-ക്ഷേമ രാഷ്ട്രം പടുത്തുയര്‍ത്താമായിരുന്നു. പൊതുവെയുള്ള ചര്‍ച്ചകളില്‍ സഹകരണപ്രസ്ഥാനത്തെപ്പറ്റി ആരും സംസാരിച്ചു കാണാറില്ല. സഹകരണ മേഖല ഇന്ന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ കറവപ്പശു ആണ്. ജനങ്ങള്‍ ആ മേഖലയില്‍ നിന്ന് അകറ്റപ്പെട്ടു. സഹകരണപ്രസ്ഥാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അട്ടിമറിക്കപ്പെട്ടു. ജനങ്ങളുടെ കാവല്‍ക്കാര്‍ എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയും അവരെ എന്നെന്നും കഴുതകളായി നിലനിര്‍ത്തുകയും ചെയ്യുന്നു. വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നത് അവര്‍ക്ക് ശക്തി പകരുന്നു. എന്നെങ്കിലും സ്ഥിതിഗതികള്‍ മാറുമെന്ന് പ്രതീക്ഷിക്കാനേ പറ്റൂ.

Manoj മനോജ് said...

“ആധുനിക ഇന്‍ഡ്യ ഇക്കാണുന്ന വളര്‍ച്ച നേടിയതും, ഇന്നത്തെ അഗോളസാമ്പത്തിക മാന്ദ്യത്തില്‍ ഉലയാതെ നില്‍ക്കുന്നതും ജവഹര്‍ലാല്‍ തുടക്കമിട്ട മിക്സ്ഡ് ഇക്കണോമി എന്ന സാമ്പത്തികസമ്പ്രദായത്തിന്റെ ഫലമായിട്ടാണ്.”

താങ്കള്‍ക്ക് തെറ്റ് പറ്റിയില്ലേ? ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ലെങ്കില്‍ പിന്നെയെന്തിനാണ് ഗവണ്മെന്റ് രക്ഷാപ്രവര്‍ത്തം എന്നപേരില്‍ ആയിരക്കണക്കിന് കോടികള്‍ ചെലവിടുന്നത്.
പിന്നെ നെഹ്രുവിന്റെ രക്ഷാ കവചം മന്മോഹനും, ചിദംബരവും വിദേശിയര്‍ക്ക് തീറെഴുതുന്നതിനെ കുറിച്ച് താങ്കള്‍ ഒന്നും പറയാത്തത് എന്തേ?

“വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നത് അവര്‍ക്ക് ശക്തി പകരുന്നു.”
ഇന്ന് ഇന്ത്യയുടെ ഭരണസിരകളിലുള്ളവരില്‍ എത്ര പേരാണ് വിദ്യാഭ്യാസമില്ലാത്തവരായുള്ളത്!!!!

N.J Joju said...

മനോജ്,

താങ്കള്‍ ഒന്നു വിശദമാക്കിയാല്‍ നന്നായിരുന്നു. എത്രകോടി രൂപാ ഗവര്‍മെന്റ് രക്ഷാ‍പ്രവര്‍ത്തനമായി ചിലവിട്ടു?
മന്മോഹനും ചിദമ്പരവവും എന്താണു തീറെഴുതിയത്?

Unknown said...

മനോജ്, ജന്മനാ ഒരു മതത്തിലോ ജാതിയിലോ ഉള്‍പ്പെട്ട് ആ മതത്തിനും ജാതിക്കും വേണ്ടി സംസാരിക്കുന്ന പോലെ ജന്മനാ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ അനുയായി ആയി പിന്നെ ആ പാര്‍ട്ടിയുടെ നേതാക്കാള്‍ എന്ത് പറയുന്നുവോ അതേറ്റു പറയുകയും ആ നേതാക്കളെ ആരാധ്യരായി കാണുകയും ചെയ്യുന്ന ഒരു രാഷ്ട്രീയശൈലിയാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. നേതാക്കളാകട്ടെ മീന്‍ ചന്തയിലെ വില്പനക്കാരെ പോലെ പരസ്പരം തെറി വിളിക്കുകയും ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കുകയും എന്നാല്‍ പരസ്പരം സഹായിച്ചും ബഹുമാനിച്ചുമാണ് അവരുടെ രാഷ്ട്രീയപ്പണി നടത്തിക്കൊണ്ടുപോകുന്നത്. അവര്‍ സ്റ്റേജില്‍ കയറി പ്രസംഗിക്കുന്നത് അണികളെ ആവേശം കൊള്ളിച്ച് തങ്ങളുടെ ജോലി സ്ഥിരത ഉറപ്പ് വരുത്താന്‍ വേണ്ടിയാണ്. മന്‍‌മോഹന്‍സിങ്ങും ചിദംബരവും നാട് വിദേശീയര്‍ക്ക് തീറെഴുതിക്കൊടുക്കുന്നു എന്ന് കാരാട്ടും യെച്ചൂരിയും പിണറായിയും തൊണ്ട പൊട്ടുമാറ് നിലവിളിക്കുന്നത് അവരുടെ പണിയുടെ ഭാഗമായിട്ടാണ്. മറ്റൊരു ജോലിയും അറിയില്ലല്ലൊ. കാരാട്ടാദി പ്രഭൃതികള്‍ അങ്ങനെ പറയുന്നത് തങ്ങളെ പോലെ തന്നെ സ്വന്തം ജോലിയുടെ ഭാഗമാണെന്ന് സോണിയാദി പ്രഭൃതികള്‍ക്ക് അറിയാമെന്നത് കൊണ്ട് അവരൊന്നും അത് കാര്യമാക്കുകയില്ല. മനോജിനെപ്പോലെയുള്ളവര്‍ തീറെഴുതിക്കൊടുത്തത് സത്യമാണെന്ന് വിശ്വസിച്ച് ഇങ്ങനെ ചോദിക്കുന്നത് കഷ്ടമാണ്. അങ്ങനെ ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തിന് തീറെഴുതിക്കൊടുക്കുന്ന അന്താരാഷ്ട്ര ഏര്‍പ്പാട് നിലവിലില്ല എന്ന് ദയവായി മനസ്സിലാക്കുക. പിന്നെ രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം കരാറിലേര്‍പ്പെടുന്ന പതിവുണ്ട്. ഇന്ത്യ ഒപ്പ് വെച്ച പോലെ എല്ലാ കരാറുകളും ചൈനയും ഒപ്പ് വെച്ചിട്ടുണ്ട്.

ജവഹര്‍ലാല്‍ വിഭാവനം ചെയ്ത മിശ്രസാമ്പത്തിക നയം ശരിയായിരുന്നു എന്ന് കഴിഞ്ഞ 60 വര്‍ഷത്തെ വളര്‍ച്ചയും പുരോഗതിയും തെളിയിക്കുന്നു എന്ന് പറയുകയായിരുന്നു ഞാന്‍. നമുക്കെവിടെയും തെറ്റ് പറ്റിയിരുന്നില്ല. എന്നാല്‍ തെറ്റായ നയം എന്ന് ഇടതുകള്‍ സദാ ഉരുവിടുന്നുമുണ്ട്. അതാണ് തെറ്റ്. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണ് ഇന്ത്യയുടെ ഭരണാധികാരം കിട്ടിയിരുന്നതെങ്കില്‍ അവരുടെ നയം മൂലം ഇന്ത്യന്‍ ജനത തെണ്ടിയേനേ. രണ്ട് കൊല്ലം മുന്‍പ് വരെ കല്‍ക്കത്തയില്‍ പോയവര്‍ക്ക് അത് ബോധ്യമാവും. ഇപ്പോഴും അവിടെ സ്ഥിതി അത്ര നല്ലതൊന്നുമല്ല. ഞാന്‍ വീണ്ടും പറയുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയവും നിലപാടുകളുമാണ് തെറ്റ്. അവരാണ് തിരുത്തേണ്ടത്. തിരുത്തിയില്ലെങ്കിലും ഒരു കുഴപ്പവും നമ്മുടെ രാജ്യത്തിന് വരാനില്ല താനും. നമ്മുടെ സാമ്പത്തിക ഘടന മാത്രമല്ല ജനാധിപത്യവും അത്രയും ശക്തമാണ്. ചില പരിഷ്ക്കാരങ്ങളും കാലോചിതമായ നവീകരണവും വേണം. അതാണ് എന്നെ പോലെയുള്ളവര്‍ ആവശ്യപ്പെടുന്നത്.

വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാതെ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും പുച്ഛിച്ചുകൊണ്ട് മാറി നില്‍ക്കുന്ന സാഹചര്യം രാഷ്ട്രീയത്തിലെ കള്ളനാണയങ്ങള്‍ക്ക് ശക്തി പകരുന്നു എന്നാണ് ഞാന്‍ പോസ്റ്റില്‍ പറഞ്ഞത്. രാഷ്ട്രീയവും രാഷ്ട്രീയക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും ശുദ്ധീകരിക്കപ്പെടണമെങ്കില്‍ വിദ്യാസമ്പന്നരും ചിന്താശീലരും രാഷ്ട്രീയത്തില്‍ ഇടപെടണം. കുറഞ്ഞ പക്ഷം എല്ലാവരും വോട്ട് ചെയ്യുകയെങ്കിലും വേണം. കക്ഷിരാഷ്ട്രീയക്കാരെ തീറ്റിപ്പോറ്റാന്‍ വേണ്ടി തീറെഴുതുക, അമേരിക്കക്ക് പരമാധികാരം പണയം വെക്കുക തുടങ്ങിയ വിതണ്ഡവാദങ്ങള്‍ പൌരന്മാര്‍ ഏറ്റുപിടിക്കുന്നത് കൊണ്ട് നമ്മള്‍ എവിടെയുമെത്തികയില്ല. പകരം ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് വേണ്ടത്.

prashanth said...

പുര വീഴാതെ താങ്ങി നിര്‍ത്തുന്നത് ഞങ്ങളാണെന്ന് ചിതലുറുംബുകള്‍ പറയുന്നതു പോലെയാണ് ,
ഞങ്ങളാണ് ഭാരതത്തിനെ ( ഇക്കനോമിക്ക് ) തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് എന്നു കേള്‍ക്കുംബോള്‍ തോന്നുന്നത് .......

tom said...

Very good article. In fact nobody like to become a `Thozhilaly every body want to become a Muthalaly`. This is a basic physiology of every human being. When how can become a communist ? He himself cheating...

Manoj മനോജ് said...

ജോജു: സാമ്പത്തിക ഉത്തേജനം; http://www.msnbc.msn.com/id/28098382/
പിന്നെ ഇന്‍ഷ്യുറന്‍സ് മേഖലയെ വിദേശിയര്‍ക്ക് വില്‍ക്കുന്നത്; http://www.business-standard.com/india/storypage.php?autono=338887

കെ.പി.സി.എ.: “കാരാട്ടും യെച്ചൂരിയും പിണറായിയും തൊണ്ട പൊട്ടുമാറ് നിലവിളിക്കുന്നത് അവരുടെ പണിയുടെ ഭാഗമായിട്ടാണ്“ രാഷ്ട്രിയക്കാര്‍ തൊണ്ടപൊട്ടി അലറുകയോ മുരളുകയോ ചെയ്തോട്ടേ. ഞാന്‍ അവര്‍ പറഞ്ഞത് വെച്ചല്ല പറഞ്ഞത് മറിച്ച് സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് എഴുതുന്നതിനിടയില്‍ കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പറഞ്ഞത്.

പിന്നെ ഇന്ത്യ നന്നാക്കുവാനുള്ള വിദ്യാഭ്യാസമുള്ളവരായ ചെറുപ്പക്കാരുടെ അവസ്ഥ. അത് അറിയണമെങ്കില്‍ ദയവായി ഈ ലിങ്ക് നോക്കൂ http://www.weforum.org/en/media/Latest%20Press%20Releases/PR_India08_Ob

ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ക്ക് ഇത്രയും നാള്‍ കടിച്ച് തൂങ്ങിക്കിടന്ന് സുഖിച്ച ബ്യൂറോക്രാറ്റ്സും, രാഷ്ട്രീയക്കാരും എന്തെങ്കിലും വില കൊടുക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?


പിന്നെ താങ്കള്‍ നിര്‍ദ്ദേശിക്കുന്ന സിസ്റ്റം പണ്ട് ഒരാള്‍ നടപ്പിലാക്കിയിരുന്നു. ആന്റമാനില്‍, ജപ്പാങ്കാര്‍ ആന്റമാന്‍ ദ്വീപ് സുബാഷിന് കൊടുത്തപ്പോള്‍. ആ ഭരണ രീതി തന്നെ സ്വതന്ത്ര ഇന്ത്യയിലും നടപ്പിലാക്കണമെന്ന് അദ്ദേഹം വാശി പിടിച്ചിരുന്നു. പക്ഷേ ഇന്ത്യക്കാരുടെ നിര്‍ഭാഗ്യ കൊണ്ടോ അതോ നെഹ്രുവിന്റെ (“ഗാന്ധി” കുടുംബത്തിന്റെ) ഭാഗ്യം കൊണ്ടോ രണ്ട് അണുബോംബില്‍ അത് തീര്‍ന്നു. ഒരു പക്ഷേ നെഹ്രുവിന്റെ പ്രധാനമന്ത്രി പദ മോഹവും, സുബാഷ് ചന്ദ്ര ബോസിനോടുള്ള “പേടിയും” ഇല്ലായിരുന്നുവെങ്കില്‍ പണ്ടേ സുബാഷ് മുന്നോട്ട് വെച്ച ആ ഭരണം ഇന്ത്യയില്‍ നടപ്പിലാക്കാമായിരുന്നു. എങ്കില്‍ എന്നേ ഇന്ത്യ ലോക ശക്തികളില്‍ ഒന്നായി മാറിയാനേ... അണുബോംബില്‍ തകര്‍ന്ന ജപ്പാന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഇതിന് സാക്ഷ്യം.

വീ.കെ.ബാല said...

പ്രീയപ്പെട്ട സുകുമാരൻ മാഷ്,
(മുകളിലെ കമന്റിൽ അല്പം തെറ്റ് ഉണ്ടായിരുന്നു അതിനാൽ ആണ് ഡിലീറ്റ് ചെയ്തത് അത് വീണ്ടും കമന്റുന്നു)
മറുപടി വായിച്ചു, എനിക്ക് പറയനുള്ളത് ഒരു കമന്റായോ അല്ലെങ്കിൽ ഒരു പോസ്റ്റായോ ഇടാം. സമയക്കുറവുകൊണ്ട് അല്പം സാവകാശമെ കഴിയു. പിന്നെ കമന്റിന്റെ കൂടെ N.J.Joju വിന്റെ ഈ കമന്റ് കണ്ടു “മന്മോഹനും ചിദമ്പരവവും എന്താണു തീറെഴുതിയത്?“ എന്താണ് ആഗോളവൽക്കരണത്തിന്റെ വഴിയിൽ ബാക്കി ? സാംസ്കാരിക മേഘല പോലും അടിയറ വെയ്ക്കേണ്ടി വന്നില്ലേ ? ജോജുവും ഞാനുമൊക്കെ അറിയാത്ത ഒത്തിരികാര്യങ്ങൾ ഈ ലോകത്തിൽ നടക്കുന്നു. തന്നെ ഈ അധിനിവേശം ബാധിക്കില്ല എന്ന് കരുതരുത്. കേരളത്തിൽ നമ്മൾ എല്ലാവർഷവും നാടകമേളകൾ സംഘടിപ്പിക്കാറുണ്ട് (ഇത്തവണ തൃശ്ശൂരിൽ ആയിരുന്നു എന്നാണ് തോന്നുന്നത്, മേളയുടെ പേരു് ഓർക്കുന്നില്ല,ക്ഷമിക്കണം) ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നാടക സംഘങ്ങൾ ഇവിടെ എത്താറുണ്ട്, ജാതി, മത, ഭാഷ, രാജ്യഭേദമന്യെ . ഇത്തവണ ഇറാനിൽ നിന്നുള്ള സഘത്തിന് വിസ നിഷേധിച്ചു. അതോടൊപ്പം ഇസ്രായേലിൽ നിന്നുള്ള നാടക സംഘത്തിന് വിസ അനുവദിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് എന്തുകൊണ്ട് നിഷേധിച്ചു എന്നതിന് ഒരു മറുപടി ഉണ്ടായിരുന്നില്ല. ഇത് ആണവകരാറ് സൃഷ്ടിക്കുന്ന അനുബന്ധകരാറുകളുടെ പ്രാബല്യത്തിന്റെ ഭാഗമാണ്. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ പരമ്പരാഗത ചേരു ചേരാനയത്തിൽ നിന്നുള്ള വ്യതിചലനമാണ് ഇത്. ഇത് അടിയറവയ്ക്കലല്ലെ എങ്കിൽ പിന്നെ എന്താണ് ?, ഇറാനെതിരെ സാംസ്കാരിക മേഘലയിൽ പോലും എന്ത് തീരുമാനം എടുക്കണം എന്ന് തീരുമാനിക്കുന്നത് വൈറ്റ് ഹൌസ് ആകുന്ന അവസ്ഥ. ജോജുവിന് ഇപ്പോഴും എവിടെയാണ് ഈ തീറെഴുതൽ നടന്നതെന്ന് മനസ്സിലായിക്കാണില്ല ….

t.k. formerly known as thomman said...

ഏകാധിപതികള്‍ സൌകര്യപൂര്‍വ്വം എടുത്തണിഞ്ഞ ഒരു മുഖമ്മൂടി ആയേ ചരിത്രത്തില്‍ നമുക്ക് കമ്യൂണിസത്തെ കാണാന്‍ കഴിയൂ. അവരുടെ അധികാരമോഹത്തിന് ആശയത്തിന്റെ പരിവേഷം കൊടുക്കാനും രാഷ്ട്രീയ‌ എതിരാളികളെ കൂട്ടക്കൊല ചെയ്തത് ന്യായീകരിക്കാനും കമ്യൂണിസം സഹായകകരമായി.

സോവിയറ്റ് ഗുലാഗും കംബോഡിയയും വിയറ്റ്നാമും ചൈനയിലെ സാംസ്ക്കാരികവിപ്ലവവും ഉത്തരകൊറിയയും എല്ലാം അതാണ് നമുക്ക് കാണിച്ച് തന്നത്. മനുഷ്യവര്‍ഗ്ഗത്തിന് എന്തെങ്കിലും ഈ പിന്തിരിപ്പന്‍ ആശയം സംഭാവന ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല; വിശാലമായ ശവപ്പറമ്പുകളല്ലാതെ.

മുതലാളിത്തം (ക്യാപ്പിറ്റലിസത്തിനെ മുതലാളിത്തം എന്ന് ഇക്കാലത്ത് വിവര്‍ത്തനം ചെയ്യുന്നത് തന്നെ തെറ്റാണ്) കുറ്റമറ്റതാണെന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷേ, സമ്പാദിക്കുക എന്ന മനുഷ്യന്റെ സഹജമായ വാസനയോട് യോജിച്ചുപോകുന്നതാണത്. ജനാധിപത്യക്രമങ്ങള്‍ മുതലാളിത്തത്തെ കയറൂരി വിടാതെ സൂക്ഷിക്കണം. അതില്‍ വീഴ്ച വരുമ്പോഴാണ് വാള്‍‌സ്ട്രീറ്റില്‍ ഈയിടെ നടന്നതുപോലുള്ള തകര്‍ച്ചകള്‍ ഉണ്ടാകുന്നത്. അതിന്നെ കമ്യൂണിസ്റ്റ് അനുഭാവികള്‍ ചൂണ്ടിക്കാണിച്ച് സ്വതന്ത്രവിപണിയുടെ പരാജയമായി കൊട്ടിഘോഷിക്കുന്നുണ്ട്. പക്ഷേ,സ്വതന്ത്രവിപണിയുടെയും ജനാധിപത്യത്തിന്റെയും നല്ല ഫലങ്ങളിലൊന്നാണ് നമ്മള്‍ ഇരുന്ന് എഴുതുന്ന ഈ ബ്ലോഗടക്കമുള്ള സാമൂഹിക, സാംസ്ക്കാരിക, ശാസ്ത്രീയ പുരോഗതികള്‍ എന്ന് അവര്‍ സൌകര്യപൂര്‍വ്വം മറക്കുകയും ചെയ്യുന്നു.

N.J Joju said...

തീര്‍ച്ചയായും ഇല്ല ബാല, എനിക്കു മനസിലായില്ല. ആഗോളവത്കരണം സി.പി.എനു പോലും അനുകൂലിയ്ക്കേണ്ടി വന്ന യാഥാര്‍ത്ഥ്യമാണെന്നു സൌകര്യപൂര്‍വ്വം മറക്കുന്നു.
എന്തുകൊണ്ട് എ.ഡി.ബി ഇല്‍ നിന്നു ലോണെടുക്കേണ്ടി വരുന്നു? എന്തുകൊണ്ട് സ്മാര്‍ട്ട് സിറ്റിയെ അനുകൂലിയ്ക്കേണ്ടിവരുന്നു? എന്തുകൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടി വരുന്നു?
എന്തിനു ആശയപ്രചാരണത്തിന് ഇന്റര്‍‌‌നെറ്റും ബ്ലോഗുകളും ഉപയോഗിയ്ക്കേണ്ടി വരുന്നു?

ആഗോളവിപണിയില്‍ ഇറങ്ങുന്ന ഒരു ഉത്പന്നം ദശാബ്ദങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യയില്‍ ഇറങ്ങിയിരുന്നത്. എന്നാള്‍ ഇപ്പോഴോ?
വിവരസാങ്കേതിക രംഗത്ത്, വാര്‍ത്താവിനിമയ രംഗത്ത് ഒക്കെ ഉണ്ടായ ഉണര്‍വും പുരോഗതിയും ഈ ആഗോളവത്കരണത്തിന്റെ ഫലമല്ലേ.
ഇവിടെ എം.എന്‍.സി കള്‍ക്ക് സ്ഥാപനങ്ങള്‍ ആരംഭിയ്ക്കാനും വളരെ ഉയര്‍ന്ന ശമ്പളം ഇവിടെത്തന്നെ യുവാക്കള്‍ക്ക് ലഭിയ്ക്കാനും ഇടയാക്കിയത് ആഗോളവത്കരണമല്ലേ. നിങ്ങളുടെ വീട്ടിലെ ഗൃഹോപകരണങ്ങളില്‍ എത്രത്തോളം ഇന്ത്യന്‍ കമ്പനികളാല്‍ നിര്‍മ്മിതമാണ്?

ഏറെക്കുറെ നിര്‍ജ്ജീവമായിരുന്ന തപാല്‍ രംഗം എത്രപെട്ടന്നാണ് സ്വകാര്യ കൊറിയര്‍ സംരംഭങ്ങളിലൂടെ സജീവമായത്.

എത്രയോ ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും.
പുതിയ എന്തിനെയും ഭയത്തോടെ വീക്ഷിയ്ക്കുന്നതാണ് കമ്യൂണിസ്റ്റ്-ഇടതുപക്ഷ ശൈലി. പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണ് മുതലാളിത്തത്തിന്റെ ശൈലി.

സാംസ്കാരിക രംഗത്തെ കടന്നു കയറ്റം എന്നതൊക്കെ എത്രത്തോളം ശരിയാണ്. ഇറാനിയന്‍ ചലചിത്രങ്ങള്‍ മേളകള്‍ക്കു വരുന്നില്ലേ. ഇസ്രായേലില്‍ നിന്നുള്ള ചിലര്‍ക്ക് വിസകൊടുത്തു എന്നും ഇറാനില്‍ നിന്നുള്ള ആര്‍ക്കോ വിസകൊടുത്തില്ലെന്നും പറഞ്ഞ് അതിനെ തമ്മില്‍ കൂട്ടിക്കെട്ടാനും ആണവകരാറുമായി അതിനെ ബന്ധിപ്പിയ്ക്കാനും ശ്രമിയ്ക്കുന്നത് എത്രത്തോളം ശരിയാണ്. ആണവക്കരാറിനു ശേഷം എന്താണു സംഭവിച്ചതെന്ന് സിമി എഴുതിയിരുന്നു, വായിച്ചുകാണില്ലല്ലോ?

സാമ്പത്തിക മാന്ദ്യം മുതലാളിത്തത്തിന്റെ തകര്‍ച്ചയായി സി.പി.എം അനുഭാവികള്‍ ചിത്രീകരിയ്ക്കാറുണ്ട്. ഏറ്റവും വലിയ മണ്ടത്തരമല്ലേ അത്. സാമ്പത്തികമാന്ദ്യം മൂലം എത്രമുതലാളികളാണ് വഴിയാധാരമായത്? ഒരു ന്യൂനപക്ഷം ശമ്പളക്കാര്‍ക്കാണു നഷ്ടമുണ്ടായത്. മുതലാളിത്തം സൃഷ്ടിച്ച തൊഴിലവസരങ്ങളുടെ എത്രശതമാനം സാമ്പത്തിക മാന്ദ്യത്തിലൂടെ നഷ്ടപ്പെട്ടു എന്നു കണക്കെടുക്കൂ...

സോഷ്യലിസം എന്നതു പിന്തിരിപ്പന്‍ ആശയമാണെന്നു ഞാന്‍ കരുതുന്നില്ല. അതേ സമയം കമ്യൂണിസം മു‌‌പോട്ടുവയ്ക്കുന്ന സോഷ്യലിസം പിന്തിരിപ്പന്‍ ആണെന്നു കരുതേണ്ടി വരും.

Unknown said...

ജോജൂ, സോഷ്യലിസം എന്നത് ലോകത്ത് ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത സ്വപ്നമാണ്. അത് കൊണ്ടാണ് അതൊരു പിന്തിരിപ്പന്‍ ആശയമാണെന്ന് ഞാന്‍ പറയുന്നത്.കമ്മ്യൂണിസ്റ്റ് ഒറ്റപ്പാര്‍ട്ടി ഭരണം നിലനിന്നിരുന്ന രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്നത് സോഷ്യലിസമായിരുന്നില്ല, മൂലധനവും പ്രത്യുല്പാദന ഉപാധികളും വിതരണസംവിധാനങ്ങളും എല്ലാം സര്‍ക്കാര്‍ ഉടമയില്‍ ആകുന്നത് സോഷ്യലിസമല്ല. അത് സമൂഹം ആര്‍ജ്ജിക്കേണ്ട ഒരു സാമൂഹ്യ-സാമ്പത്തിക ജീവിതശൈലിയാണ്. അതാകട്ടെ ഉട്ടോപ്യ പോലെ മറ്റൊരു സങ്കല്പമാണ് താനും.

സോഷ്യലിസം പറയുന്നവര്‍ തന്നെ തനിക്ക് അടുത്തവനെക്കാളും വേണം അത് സമ്പത്ത് ആയാലും പദവി ആയാലും അധികാരം ആയാലും എന്ന് കരുതുന്നവരാണ്. പ്രസംഗിക്കാനും എഴുതാനും മാത്രം ഉപകരിക്കുന്ന,പ്രായോഗികമായി ഒരിക്കലും നടപ്പില്‍ വരുത്താന്‍ ആരും കൂട്ടാക്കാത്ത ഒരാശയത്തെ പിന്‍‌തിരിപ്പന്‍ എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക? ഒരു നല്ല സങ്കല്പമായി അവതരിപ്പിക്കുകയാണെങ്കില്‍ തരക്കേടില്ലായിരുന്നു. ഞങ്ങള്‍ അത് നടപ്പാക്കും, മറ്റുള്ളവര്‍ നടപ്പാക്കുന്നത് മുഴുവന്‍ തെറ്റായ സാമ്പത്തികനയമാണെന്നും സദാ പ്രചരിപ്പിക്കുമ്പോള്‍ സോഷ്യലിസം പിന്‍‌തിരിപ്പന്‍ ആശയമാണെന്നും ലോകം വിപണി അടിസ്ഥാനപ്പെടുത്തിയ ആഗോളവല്‍ക്കരണത്തിലൂടെ മാത്രമേ പുരോഗമിക്കൂ എന്നും പറയേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഈ യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ട് സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്താമായിരുന്നു. ടെക്സ്റ്റ് ബുക്കിലുള്ളത് മന:പാഠം പഠിച്ചിട്ട് അത് പ്രയോഗത്തില്‍ വരുത്തണം എന്ന് ശാഠ്യം പിടിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നത്.

ടി.കെ. ചൂണ്ടിക്കാട്ടിയതാണ് ശരി. ക്യാപിറ്റലിസത്തിന് മുതലാളിത്വം എന്ന് പരിഭാഷപ്പെടുത്തിയതാണ് തെറ്റ്. ക്യാപിറ്റലിസത്തിന്റെ ദൂഷ്യവശങ്ങള്‍ പരിഹരിക്കാന്‍ ജനാധിപത്യക്രമത്തില്‍ ശ്രമിക്കുകയാണ് വേണ്ടത്.

Unknown said...

മനോജ്, ഒരു ജനതയ്ക്ക് അവര്‍ അര്‍ഹിക്കുന്ന ഗവണ്മേന്റിനെയാണ് ലഭിക്കുക എന്ന് പറയാറുണ്ട്. അതാണ് വാസ്തവവും. ജപ്പാന്റെ കാര്യത്തില്‍ അവിടത്തെ ജനതയാണ് ജാപ്പാനെ പുനര്‍നിര്‍മ്മിച്ചത്. അത്തരമൊരു ദേശീയബോധം നാം ഇന്ത്യക്കാര്‍ക്ക് ഉണ്ടായില്ല. പിന്നെ സുഭാഷ് ചന്ദ്രബോസിന്റെ കാര്യം. നേതാജി,ഭഗത്‌സിങ്ങ് എന്നിവരെ നാം ആദരിക്കുന്നുണ്ടെങ്കിലും അവരുടെ തീവ്രവാദ ലൈന്‍ നമ്മെ എവിടെയുമെത്തിക്കുമായിരുന്നില്ല. സ്വാതന്ത്ര്യസമരത്തിന് ഗാന്ധിയന്‍ നേതൃത്വവും സ്വാതന്ത്ര്യാനന്തരം നെഹ്‌റുവിന്റെ നയങ്ങളുമാണ് നമ്മെ ഇവിടെയെത്തിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മനോജിന് മറിച്ച് അഭിപ്രായമുണ്ടാവാം. മുന്‍‌വിധികളില്ലാതെ ചിന്തിച്ചു നോക്കൂ എന്നേ എനിക്ക് പറയാന്‍ കഴിയൂ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

K.P.Sukumaran: 23/10/2008
സുനില്‍ വാര്‍ത്ത കണ്ടു ... ക്യാപിറ്റലിസം ഒരു പോംവഴിയല്ല. മാര്‍ക്സിസം തന്നെയാണ് ശരിയായ മോചനം. ഞാന്‍ മാര്‍ക്സിസത്തിന് എതിരല്ല. അത് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഒക്ടോബര്‍ വിപ്ലവത്തിന് ശേഷം തന്നെ പാളി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അധികാരം കേന്ദ്രീകരിച്ചതാണ് മാര്‍ക്സിസം പരാജയപ്പെടാനുള്ള കാരണം എന്ന് ഞാന്‍ വിലയിരുത്തുന്നു. പാര്‍ട്ടി മനേജര്‍മാരല്ല കമ്മ്യൂണിസം നടപ്പിലാക്കേണ്ടത്, ജനങ്ങളാണ്. ജനങ്ങളെ അതിന് സജ്ജമാക്കുകയാണ് പാര്‍ട്ടി ചെയ്യേണ്ടത് . ക്രമേണ കൊഴിഞ്ഞ് പോകേണ്ട ഒന്നാണ് പാര്‍ട്ടി തന്നെയും. ജനങ്ങള്‍ സജ്ജമല്ലെങ്കില്‍ ഒന്നും നടക്കില്ല. നമുക്ക് ഇവിടെ കിട്ടിയ സ്വാതന്ത്ര്യം പോലും ജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല. പിന്നെ ജനങ്ങള്‍ എങ്ങനെ സ്വമേധയാ ഒരു സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കും? ശരിയായ നേതൃത്വവും പ്രസ്ഥാനവും ജനങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യത ഞാന്‍ കാണുന്നില്ല. അതിനാല്‍ മാര്‍ക്സിസം നടപ്പില്‍ വരുത്താന്‍ സാധ്യതയില്ല എന്നാണ് എന്റെ തോന്നല്‍....... “

--------------------

ഇതു താങ്കൾ കഴിഞ്ഞ ഒക്ടോബറിൽ എനിയ്ക്കു ഓർക്കുട്ടിൽ ഇട്ട സ്ക്രാപ്പ്.“മാർക്സിസം” തന്നെ യഥാർത്ഥ മോചനം എന്ന് എനിയ്ക്കു എഴുതി.പിന്നെ അതു നടപ്പിലാക്കിയതിലെ പാളിച്ചകളെ പറ്റി താങ്കളുടെ അഭിപ്രായവുമുണ്ടായിരുന്നു.ഇതാണു ഞാൻ പറഞ്ഞത് താങ്കൾക്ക് അഭിപ്രായ സ്ഥിരത ഒരു കാര്യത്തിലും ഇല്ലെന്ന്.ഇതിനു തൊട്ടു മുൻപിൽ ഇട്ട പോസ്റ്റിൽ ഞാൻ ഇട്ട കമന്റിനു മറുപടിയായി താങ്കൾ എഴുതി താങ്കളുടെ ആഭിമുഖ്യം കോൺഗ്രസിനോട് ആണെന്ന്..തരത്തിനു താങ്കൾ കാര്യങ്ങൾ മാറ്റി പറയും.ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേ അഭിപ്രായം താങ്കൾ പറയണമെന്ന് ഞാൻ ശഠിയ്ക്കുന്നില്ല.പക്ഷേ കുറഞ്ഞ പക്ഷം അടിസ്ഥാനപരമായി ഒരു വീക്ഷണം കാര്യങ്ങളെക്കുറിച്ചു താങ്കൾക്ക് ഉണ്ടാകേണ്ടതുണ്ട്.ഇപ്പോൾ ആകപ്പാടെ താങ്കളിൽ കാണാവുന്ന ലക്ഷണം എന്നത് അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമാണ്.അതല്ലാതെ എന്തെങ്കിലും പുതുമയുള്ള സമീപനം താങ്കൾ എഴുതുന്നതിൽ കാണാൻ സാധിയ്ക്കില്ല.

Unknown said...

സുനില്‍, എങ്ങനെയാണ് ഞാന്‍ വിശദീകരിക്കേണ്ടത്. മാര്‍ക്സിസത്തോട് എനിക്ക് വിയോജിപ്പില്ല. എന്നാല്‍ അതിനെ ലെനിന്‍ വ്യാഖ്യാനിച്ചതിനോടും തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന പേരില്‍ വ്യക്തിസ്വാതന്ത്ര്യം കവര്‍ന്നതിനോടും യോജിപ്പില്ല. അടിസ്ഥാനപരമായി ഞാന്‍ മനുഷ്യന്റെ നന്മയില്‍ വിശ്വസിക്കുന്നു. സി.പി.എമ്മിന്റെ പ്രവര്‍ത്തനശൈലിയിലും യോജിപ്പില്ല. പിന്നെ സോഷ്യലിസം അത് നടപ്പിലാവുകയാണെങ്കില്‍ ആരാണ് എതിര്‍ക്കുക? മനുഷ്യസ്വഭാവം അത്തരം ഒരു സമുദായസൃഷ്ടിക്ക് നിരക്കുന്നതല്ല.മുന്‍‌വിധികളും വരട്ടുസിദ്ധാന്തങ്ങളും ഉപേക്ഷിച്ച് ജനാധിപത്യമാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ സി.പി.എമ്മിനും നാടിനും അത് ഗുണകരമായേനേ എന്ന് തന്നെയാണ് ഇപ്പോഴും എന്റെ ചിന്ത.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അതു തന്നെയാണു സുകുമാരൻ ചേട്ടാ ഞാൻ പറഞ്ഞത്..താങ്കൾക്ക് ഒരു കാര്യത്തിലും ആശയ വ്യക്തത ഇല്ല.കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ട് തിമിരം ബാധിച്ചിരിയ്ക്കുന്ന ഒരാളാണു താങ്കൾ.കോൺഗ്രസുകാർക്കു പോലുമില്ലാത്ത കോൺഗ്രസ് ഭക്തിയാണു താങ്കളെ നയിയ്ക്കുന്നത്.അതുകൊണ്ടാണു തരാതരം “മാർക്സിസം മോചനമാർഗം” “സോഷ്യലിസ്ം പിന്തിരിപ്പൻ ആശയം “ എന്നൊക്കെ മാറ്റി മാറ്റി എഴുതേണ്ടി വരുന്നത്.താങ്കളുടെ പോസ്റ്റിലെ ഓരോ വാചകങ്ങൾക്കും എനിയ്ക്കു മറുപടി ഉണ്ട്.തിരക്കേറിയ ജോലി മൂലം വിശദമായി എഴുതാൻ സൌകര്യമില്ല.

താങ്കൾ ഏതെങ്കിലും പാർട്ടിയിൽ വിശ്വസിയ്ക്കണമെന്നൊന്നും ഞാൻ പറയില്ല.അതു വ്യക്തിപരമായ ഇഷ്ടങ്ങൾ..പക്ഷേ കുറഞ്ഞ പക്ഷം സ്വന്തം നിലപാടുകളെക്കുറിച്ചു എങ്കിലും ഒരു വ്യക്തത വേണം.

Unknown said...

സുനില്‍, തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ എനിക്ക് താല്പര്യമില്ല. എന്റെ കമ്മ്യൂണിസ്റ്റ് വിരോധം ഞാന്‍ ഒരിക്കലും മറച്ചു വെച്ചിട്ടില്ല.കമ്മ്യൂണിസ്റ്റ് വിരോധി തന്നെയാണ് ഞാന്‍. അത് പക്ഷെ കമ്മ്യൂണിസ്റ്റ് ആശയങ്ങളോടല്ല,പാര്‍ട്ടികളോടാണ്. അതാണ് ഞാനും സുനിലും തമ്മിലുള്ള വ്യത്യാസം. ലോകത്തെ കമ്മ്യൂണിസ്റ്റ് സമൂഹക്രമത്തിലേക്ക് നയിക്കാന്‍ പ്രാപ്തമായ ശരിയായ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഇത് വരെ ഉണ്ടായിട്ടില്ല എന്ന് ഞാന്‍ കരുതുന്നു. അതേ സമയം ഇത് വരെ രൂപീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും ഗ്രൂപ്പുകളിലും ഏറ്റക്കുറച്ചിലോടെ ശരികളുമുണ്ട്. അത് തള്ളിക്കളയാനും എനിക്കാവുന്നില്ല.ഉദാഹരണത്തിന് നക്സല്‍ ഗ്രൂപ്പുകളുടെ ജനകീയവിചാരണ പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നും ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു.അതേസമയം ജന്മികളെ വധിക്കുക എന്ന നയവും ഇരുട്ടില്‍ ഒളിഞ്ഞിരുന്നു നടത്തുന്ന രീതിയോടും എനിക്ക് യോജിപ്പില്ല.എല്ലാം പകല്‍ വെളിച്ചത്തില്‍ ജനമധ്യത്തില്‍ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. എഴുതിയാല്‍ കുറെ നീണ്ടുപോകും ഇപ്പോള്‍ അതിന് തുനിയുന്നില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാല്‍ സി.പി.എം മാത്രമാണെന്ന് സുനില്‍ കരുതുന്നു. നക്സല്‍ ഗ്രൂപ്പുകള്‍ മുതലായ എത്രയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് സി.പി.എമ്മിന് വിരോധമുണ്ട്. അപ്പോള്‍ സി.പി.എമ്മുകാരനല്ലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരോധികള്‍. ഞാനാകട്ടെ,സി.പി.എം അടക്കമുള്ള എത്രയോ പാര്‍ട്ടികളോടും ഗ്രൂപ്പുകളോടും ഭാഗികമായി യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നു.

കോണ്‍ഗ്രസ്സ് പാര്‍ട്ടി തന്നെയാണ് ഇന്ത്യയെ ഇക്കാണുന്ന രൂപത്തില്‍ ഏകോപിപ്പിച്ച് നിര്‍ത്തുന്നത് എന്നും ഞാന്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. പകരം വെക്കാന്‍ ഏത് പാര്‍ട്ടിയാണുള്ളത്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണം കിട്ടിയാല്‍ അവര്‍ മറ്റ് പാര്‍ട്ടിക്കാരെ വകവരുത്തി ഏകകക്ഷിഭരണക്കുത്തക സ്ഥാപിക്കും. ഞാനതിനെ അനുകൂലിക്കണോ? സ്വാതന്ത്ര്യം ഇല്ലെങ്കില്‍ എനിക്ക് ഈ ജീവിതം തന്നെ വേണ്ട. പിന്നെ ബി.ജെ.പി. അവര്‍ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പിന്നെ മതന്യൂനപക്ഷങ്ങളുടെ ഗതി? എന്നാല്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും ഉള്‍പ്പെടുന്ന ദേശീയപ്പാര്‍ട്ടികള്‍ ക്ഷയിച്ച് പ്രാദേശികപ്പാര്‍ട്ടികള്‍ക്ക് മുന്‍‌തൂക്കം കിട്ടിയാലോ അവര്‍ ഇന്ത്യയെ പങ്കിട്ടെടുക്കും. ഇത് സംഭവിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്സ് ദുര്‍ബ്ബലമാ‍യാല്‍ പകരം ബി.ജെ.പി.വരട്ടെ എന്ന് തന്നെയാണ് എന്റെ സുചിന്തിതമായ അഭിപ്രായം. ഇതൊക്കെ മനസ്സിലാക്കാന്‍ സുനിലിന് കഴിഞ്ഞെന്നു വരില്ല. ചുരുക്കി പറഞ്ഞാല്‍ പാര്‍ട്ടികള്‍ എനിക്ക് പ്രശ്നമേയല്ല. ജനങ്ങളാണ് എനിക്ക് പ്രശ്നം. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഉപകരണങ്ങളാണ് എനിക്ക് പാര്‍ട്ടികള്‍. ഉപകരണങ്ങളെ ആരെങ്കിലും ആരാധിക്കാറുണ്ടോ?

കാവലാന്‍ said...

"സാമൂഹ്യസഹകരണത്തില്‍ അധിഷ്ഠിതമാണ് സോഷ്യലിസം. സാ‍മൂഹികമായ പരസ്പര മത്സരത്തില്‍ അധിഷ്ഠിതമായതാണ് ക്യാപിറ്റലിസം അഥവാ മുതലാളിത്വം."

പ്രിയ കെപി സര്‍, താങ്കളുടെ നിരീക്ഷണത്തോട് യോജിക്കുന്നു സാമൂഹിക സഹകരണം എന്നാല്‍ സമ്പൂര്‍ണ്ണമായ സമത്വം തന്നെ.എങ്ങനെ നോക്കിയാലും മതപ്രലോഭകരുടെ ഒച്ചകള്‍ക്കു പകരം'സ്വര്‍ഗ്ഗം'എന്നതു പോലെ മുദ്രാവാക്യങ്ങള്‍ക്കു പകരം 'സമത്വം' എന്ന പൊള്ള വാഗ്ദാനം.

"സമൂഹത്തിന്റെ ക്രമീകരണവും നീതിന്യായവ്യവസ്ഥയും നിയമവാഴ്ചയും ഉറപ്പാക്കലും മാത്രമാണ് സര്ക്കാ്രിന്റെ ചുമതലയെന്നും പറയുന്നു."

ഇതില്‍ കൂടുതല്‍ രാഷ്ട്രീയക്കാരന്‍(ഭരണ കര്‍ത്താവ്) എന്തു ചെയ്യണം?

നമുക്ക് രാഷ്ട്രീയക്കാരുണ്ട് നേതക്കളുണ്ട് ഒരേലക്ഷ്യമുള്ള ഉത്തരവാദിത്വമുള്ള ജനതയില്ല. അതുകൊണ്ടുതന്നെ ശരിതെറ്റുകള്‍ തിരിയുന്നതിനു മുന്നേ 'സ്വര്‍ഗ്ഗമോ' സമത്വമോ' ഇതുരണ്ടുമല്ലെങ്കില്‍ അത്യാര്ത്തിയോ തലമുറകളെ ഹൈജാക് ചെയ്യുന്നു.

Stanly said...

If it were written a couple of years back, no doubt the post would have been hailed. But now even the market fundamentalists are skeptical of the virtues of "free marketism".

sibgath said...

മൻമോഹൻ സിംങ്ങിന് വിദ്യാഭ്യാസമില്ലെ ?