Links

അനോണി മുതല്‍ ആണവക്കരാര്‍ വരെ .....

മിനിഞ്ഞാന്ന് രാവിലെ തലശ്ശേരി സ്റ്റാന്‍ഡില്‍ ബസ്സിറങ്ങുമ്പോള്‍ മഴക്കാലത്തിന്റെ യാതൊരു പ്രതീതിയുമില്ലായിരുന്നു. അതെനിക്ക് തെല്ലൊരു നിരാശയുണ്ടാക്കി . മഴ കാണാനും, പറ്റുമെങ്കില്‍ മഴയില്‍ നന്നായൊന്ന് നനയാനുമാണ് ഇക്കുറി നാട്ടിലെത്തിയത് . മിക്കവാറും എല്ലാ മാസങ്ങളിലും ഞാന്‍ ഓരോ കാരണങ്ങള്‍ക്കായി നാട്ടിലെത്താറുണ്ട് . പക്ഷെ ഇത്തവണ മഴ കാണാനായിട്ട് തന്നെയായിരുന്നു പുറപ്പെട്ടത് . പുറപ്പെടുന്നതിന് മുന്‍പ് ജിടോക്കില്‍ ചാറ്റ് ചെയ്ത ഷാജി മുല്ലൂക്കാരന്‍ എന്ന ഓര്‍ക്കുട്ട് സുഹൃത്ത് പറഞ്ഞു : “ നാട്ടില്‍ നല്ല മഴയാണ് മാഷേ ... ” അത് തന്നെയാണ് എനിക്കും വേണ്ടത് എന്ന് മനസ്സില്‍ പറഞ്ഞ് അവനോട് വിട പറഞ്ഞതാണ് . വരണ്ടുണങ്ങിയ തലശ്ശേരി ബസ് സ്റ്റാന്‍ഡ് കണ്ട് ഞാന്‍ ഞെട്ടി . ഏതായാലും ഇന്നലെ സാമാന്യം നല്ല പോലെ ഒരു മഴ പെയ്തിരുന്നു . പക്ഷെ ഇനിയും നാട്ടില്‍ പല സ്ഥലത്തും കിണറുകളില്‍ ഉറവ വന്നിട്ടില്ല . ഇന്നലെ ഞാന്‍ വീടിന്റെ ഇറയത്ത് ( “ഛേദി ”എന്നാണ് നാട്ടില്‍ പറയുക, കോലായ് എന്നാണ് പൊതുവായ പ്രയോഗം)ഇരുന്ന് മഴവെള്ളം മുറ്റത്ത് വീഴുന്നതിന്റെ രൌദ്രതാളം ആസ്വദിച്ചു . മഴയ്ക്ക് ആയിരം ഭാവങ്ങളാണെന്ന് തോന്നാറുണ്ട് . മഴ നമ്മെ സാന്ത്വനിപ്പിക്കും, ചിലപ്പോള്‍ അത് നമ്മെ ഭയചകിതരാക്കും . പ്രകൃതിയുടെ ഈ ഭാവമാറ്റങ്ങളെല്ലാം കടലാസില്‍ പകര്‍ത്തി ഒരു വലിയ എഴുത്തുകാരനാകണമെന്നായിരുന്നു ചെറുപ്പത്തിലുണ്ടായിരുന്ന മോഹം . പക്ഷെ , എവിടെയാണ് പിഴച്ചതെന്ന് അറിയില്ല . ഇപ്പോള്‍ പക്ഷെ ഓര്‍ക്കുമ്പോള്‍ ഒന്നിലും നിരാശ തോന്നുന്നില്ല . നമ്മള്‍ ആരൊക്കെയോ ആകണമെന്ന് മോഹിക്കുന്നു . ഒടുവില്‍ ആരോ ആയിത്തീരുന്നു . അത്രേയുള്ളൂ ജീവിതം . പിന്നെ ഒന്നുണ്ട് ; എനിക്ക് ഞാനാകാനേ കഴിയുമായിരുന്നുള്ളൂ .

നാലാള്‍ ഒത്ത് കൂടുമ്പോള്‍ അല്ലെങ്കില്‍ വേണ്ട രണ്ട് ആളായാലും മതി , നമ്മള്‍ സംസാരിക്കുക പൊതുകാര്യങ്ങളായിരിക്കും . അങ്ങനെയാണ് അനോണി പ്രശ്നം മുതല്‍ ആണവക്കരാര്‍ തുടങ്ങി എന്തും ചര്‍ച്ചാ വിഷയമാകുന്നത് . വാസ്ഥവത്തില്‍ നമ്മള്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ നാം ചിന്തിക്കുന്നതേയില്ല . നമ്മുടെ മനസ്സില്‍ നമ്മെ അലട്ടുന്ന നൂറ് നൂറ് പ്രശ്നങ്ങള്‍ ഉണ്ടാവും . അതാരുമായും ചര്‍ച്ച ചെയ്യാന്‍ നമുക്ക് കഴിയുന്നില്ല . ആരും അതിനൊരുക്കവുമല്ല . അമൂര്‍ത്തമായ പൊതുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പോലെ തന്നെയോ അതിനാക്കാളേറെയോ സ്വന്തം വ്യക്തിപരമായ കാര്യങ്ങളും മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനും നമുക്ക് കഴിയണമായിരുന്നു .

ഞാന്‍ എത്രയോ ജീവിതം ഒരുമിച്ച് ജീവിച്ചു തീര്‍ത്ത പോലെ എനിക്ക് തോന്നാറുണ്ട് . എത്രയെത്ര പേരെ എവിടെയെവിടെ വെച്ചെല്ല്ലാം കണ്ടുമുട്ടി ! പരിചയപ്പെടുന്നവരോടെല്ലാം അവരുടെ കുടുംബകാര്യങ്ങള്‍ തൊട്ട് അവരുടെ അനുഭവങ്ങള്‍ , കാഴ്ചപ്പാടുകള്‍ , എല്ലാം ചോദിച്ചറിയാറുണ്ട് . ഓരോ മനുഷ്യനും ഓരോ ഇതിഹാസമാണെന്നും അത് അനുപമമാണെന്നും ഞാന്‍ കരുതുന്നു . ഞാന്‍ ഇതേവരെ കണ്ട് , മനസ്സ് കൊണ്ട് അടുത്തറിഞ്ഞവരില്‍ എത്ര പേര്‍ ഇന്ന് ബാക്കിയുണ്ട് ? ഉള്ളവര്‍ തന്നെ എവിടെ , എങ്ങനെയായിരിക്കും ഇപ്പോള്‍ കഴിയുന്നുണ്ടാവുക ? എന്റെ സമപ്രായക്കാര്‍ എത്രയോ പേര്‍ ഇന്നില്ല . മരിക്കാനാണെങ്കില്‍ പിന്നെയെന്തിന് ജനിയ്ക്കണം എന്ന് ഞാന്‍ മുന്‍പൊക്കെ സുഹൃത്തുക്കളോട് കുസൃതിയായി ചോദിക്കാറുണ്ടായിരുന്നു .

“സ്വീറ്റി പ്രിയദര്‍ശന്‍ ” എന്നായിരുന്നു അവളുടെ മുഴുവന്‍ പേര് . മെഡിസിന് അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന അവളെ മദിരാശിയില്‍ എഞ്ചിനീയര്‍ ആയിരുന്ന പ്രിയദര്‍ശന്‍ വിവാഹം കഴിക്കുന്നു . അങ്ങനെയാണ് സ്വീറ്റി , സ്വീറ്റിപ്രിയദര്‍ശന്‍ ആയത് . കല്യാണത്തിന് ശേഷവും തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കുമെന്ന് വരനും രക്ഷിതാക്കളും ഉറപ്പ് നല്‍കിയതായിരുന്നു . എന്നാല്‍ കല്യാണം കഴിഞ്ഞതിന്റെ അടുത്ത ആഴ്ച തന്നെ അവര്‍ മദിരാശിയിലെ ഫ്ലാറ്റിലേക്ക് താമസം മാറ്റി . സ്വീറ്റിക്ക് തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞില്ല . ഭര്‍ത്താവ് രാവിലെ ഓഫീസില്‍ പോയാല്‍ തിരിച്ചെത്തുക രാത്രിയായിരിക്കും .

1975ല്‍ മദിരാശിയില്‍ മലയാളം സര്‍ക്യുലേറ്റിങ്ങ് ലൈബ്രറി നടത്തിക്കൊണ്ടിരുന്ന ഞാന്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് വേണ്ടി മലയാളികളുടെ വീടുകള്‍ പരതിപ്പിടിച്ച് നടക്കുന്നതിനിടയില്‍ സ്വീറ്റിയുടെ ഫ്ലാറ്റിലെത്തുമ്പോള്‍ അവള്‍ തനിച്ചായിരുന്നു . വീടുകളില്‍ പുസ്തകങ്ങള്‍ വരിക്കാര്‍ക്ക് എത്തിക്കുന്ന ഒരു ലൈബ്രറി നടത്തുന്നവനാണ് ഞാന്‍ എന്ന് സ്വയം പരിചയപ്പെടുത്തുമ്പോഴേക്കും അവളുടെ മുഖത്ത് കണ്ട ഭാവം വിവരണാതീതമായിരുന്നു . കാരണം അന്ന് റേഡിയോ അല്ലാതെ വിനോദത്തിനോ , വിവരങ്ങള്‍ കൈമാറാനോ മറ്റൊരു ഉപാധിയുമില്ലായിരുന്നു . ആര്‍ത്തിയോടെ മൂന്ന് നാല് പുസ്തകങ്ങള്‍ അവള്‍ തെരഞ്ഞെടുത്തു. അന്നാണ് സ്വീറ്റി അവളുടെ കഥ എന്നോട് പറയുന്നത് . ഡോക്റ്റര്‍ ആവുക എന്ന ആഗ്രഹം സഫലമാകാത്തതിന്റെ നിരാശ അവള്‍ മറച്ചു വെച്ചില്ല . ഡ്രോയിങ്ങ് റൂമിലെ ഷോ കെയിസില്‍ ഒരു വൃദ്ധന്റെ എണ്ണച്ഛായാചിത്രം സ്വീറ്റി എനിക്ക് കാണിച്ചു തന്നു . താന്‍ വൃദ്ധനായാല്‍ എങ്ങനെയുണ്ടാവും എന്ന് പ്രിയദര്‍ശന്‍ വരച്ച സെല്‍ഫ് പോര്‍ട്രേറ്റ് ആയിരുന്നു അത് . എഞ്ചിനീയര്‍ ആയിരുന്ന പ്രിയദര്‍ശന്‍ ഒരു ചിത്രകാരന്‍ കൂടിയായിരുന്നു . പിന്നീട് എത്രയോ പ്രാവശ്യം ഞാന്‍ അവരുടെ ഫ്ലാറ്റില്‍ പുസ്തകങ്ങളുമായി പോയെങ്കിലും പ്രിയദര്‍ശനെ നേരില്‍ കാണാനുള്ള അവസരം എനിക്ക് കിട്ടിയില്ല . ഇങ്ങനെ പുസ്തകങ്ങളുമായി അലയുന്നതിന് പകരം സ്ഥിരമായ ഒരു ജോലി സംഘടിപ്പിച്ചു കൂടേ എന്ന് സ്വീറ്റി എന്നോട് ചോദിച്ചിരുന്നു . പിന്നീട് ഞാന്‍ എത്രയോ ജോലികള്‍ ചെയ്തു . പ്രിയദര്‍ശനെയും സ്വീറ്റിയെയും കാണാന്‍ എനിക്കിന്നും മോഹം . ഒന്നിനുമല്ല , താന്‍ വരച്ച പോര്‍ട്രെയിറ്റിലെ പോലെ തന്നെയാണോ പ്രിയദര്‍ശന്റെ ഇപ്പോഴത്തെ രൂപം എന്നറിയാന്‍ .... അങ്ങനെ എത്ര പേര്‍ ..... അവരൊക്കെ ..... ?

അക്കാലത്ത് തന്നെയാണ് ഞാന്‍ മദിരാശി അഡയാറില്‍ താമസിച്ചിരുന്ന ശ്രീമതി വിജയമ്മയുടെ വീട്ടില്‍ എത്തിപ്പെടുന്നത് . അതിന് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പേ ആത്മഹത്യ ചെയ്ത സുപ്രസിദ്ധ സിനിമാതാരം വിജയശ്രീയുടെ മാതാവായിരുന്നു അവര്‍ . അറിഞ്ഞുകൊണ്ടല്ല അവിടെ പോയത് . സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞറിയുകയായിരുന്നു . ഒരു മകള്‍ ആത്മഹത്യ ചെയ്തിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ എന്നിരിക്കെ അവരുടെ മുഖത്ത് വ്യസനത്തിന്റെ ഒരു ഭാവമൊന്നും കാണാന്‍ കഴിയാത്തിരുന്നത് എന്നെ അമ്പരപ്പിച്ചിരുന്നു . ഏറെ വിവാദമായിരുന്നു വിജയശ്രീയുടെ ആത്മഹത്യ . എന്റെ ലൈബ്രറിയില്‍ അംഗത്വം സ്വീകരിച്ച അവര്‍ പോരാന്‍ നേരത്ത് എനിക്ക് ഒരു പുസ്തകം സംഭാവനയായി നല്‍കി . ശ്രീ. യു. ഏ . ഖാദര്‍ എന്ന നോവലിസ്റ്റ് സ്വന്തം കൈപ്പടയില്‍ ആശംസയെഴുതി ഒപ്പിട്ട് കോം‌പ്ലിമെന്ററിയായി വിജയശ്രീക്ക് സമ്മാനിച്ച ഖുറൈശിക്കൂട്ടം എന്ന നോവലായിരുന്നു അത് . ഒടുവില്‍ ലൈബ്രറി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നത് വരെ ആ പുസ്തകം ഞാന്‍ ആര്‍ക്കും കൊടുക്കാതെ സൂക്ഷിച്ചിരുന്നു ...

ഇന്ന് രാവിലെ ബാംഗ്ലൂരില്‍ തിരിച്ചെത്തി ... ബ്ലോഗും കമന്റുകളും വായിക്കാത്തത് കൊണ്ട് നഷ്ടമൊന്നും തോന്നുന്നില്ല . മനസ്സിന്, വെറുതെ തേടിച്ചെന്ന് സ്വന്തമാക്കാറുണ്ടായിരുന്ന ടെന്‍ഷനുകളില്‍ നിന്ന് മോചനം കിട്ടിയ പോലെയുള്ള ഒരു ലാഘവത്വം തോന്നുന്നുണ്ട് താനും ....

No comments: