മനുഷ്യന്റെ ഭാവനയില്‍ ഉള്‍ക്കൊള്ളുന്നതല്ല ഈ പ്രപഞ്ചം . ഇവിടെ ഓരോന്നിനും ജനനം , വളര്‍ച്ച, മരണം ഇങ്ങനെയുള്ള പരിണാമം അനിവാര്യമാണെന്ന് കാണാം . മനുഷ്യനും മറ്റ് ജന്തു-സസ്യജാലങ്ങള്‍ക്കും മാത്രമല്ല നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും എല്ലാം ഈ നിയമം ബാധകം തന്നെ . ഈ നിമിഷത്തിലും പ്രപഞ്ചത്തിന്റെ ഏതൊ കോണുകളില്‍ നക്ഷത്രങ്ങള്‍ ജനിക്കുന്നുണ്ടാവണം , മരണപ്പെടുന്നുമുണ്ടാവണം .
ഈ നിയമം മതങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും , സാമ്രാജ്യങ്ങള്‍ക്കും , സംഘടനകള്‍ക്കും , രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും എല്ലാം ബാധകമാണ് . ചിലതിന്റെ ആയുസ്സ് ചുരുങ്ങിയതായിരിക്കും , ചിലപ്പോള്‍ ഒരു നിമിഷത്തേക്ക് . ചിലതിന്റേത് എത്രയോ വര്‍ഷങ്ങളായിരിക്കും , നൂറ്റാണ്ടുകള്‍ സഹസ്രാബ്ദങ്ങള്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ അങ്ങനെയങ്ങനെ . ഒന്ന് നശിച്ച് പോകുന്നു അല്ലെങ്കില്‍ തകര്‍ന്നു പോകുന്നു എന്നത് മറ്റൊന്ന് ജനിക്കാതിരിക്കുന്നതിന് ഉണ്ടാക്കാതിരിക്കുന്നതിന് ന്യായീകരണമല്ല . ഉള്ളതെല്ലാം നശിച്ചേ പറ്റൂ , തകര്‍ന്നേ പറ്റൂ . പുതിയവ ഉണ്ടായേ പറ്റൂ . അനുസ്യൂതമായ , അവിരാമമായ പ്രക്രിയ ആണിത് .
മനുഷ്യന് ദൈനംദിന ജീവിതത്തിന്റെ കൃത്യാന്തരബഹുല്യങ്ങളുമായി “കാല”മെന്ന പുറന്തോടിനുള്ളില്‍ ജീവിയ്ക്കുന്നത് കൊണ്ട് ഇതൊന്നും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല . നിലവിലുള്ളത് ശാശ്വതമാണെന്നും അലംഘനീയമാണെന്നും അനിവാര്യമായിരുന്നെന്നും ധരിച്ചു പോകുന്നു . ഇന്ന് കാണുന്ന രീതിയില്‍ എല്ലാം പരിണമിച്ച് വന്നു എന്നേയുള്ളൂ . മറിച്ച് മറ്റൊരു രീതിയിലും ആകാമായിരുന്നു . രാഷ്ട്രങ്ങളെ എടുക്കാം . ഈ അതിര്‍ത്തികളെല്ലാം മനുഷ്യര്‍ ഉണ്ടാക്കിയതാണ് . അതൊന്നും അനിവാര്യമായവയല്ലായിരുന്നു . ഒരായിരം വര്‍ഷം കഴിഞ്ഞാല്‍ ഇന്നത്തെ അതിരുകള്‍ മാഞ്ഞ് പോയേക്കാം . ഇന്ന് കാണുന്ന മതങ്ങളും പാര്‍ട്ടികളും എല്ലാം സഹസ്രാബ്ധങ്ങളോളം ഇതേ പോലെ ഉണ്ടാവണമെന്നില്ല .
വര്‍ത്തമാന കാലത്തില്‍ ഉള്ളതെല്ലാം അതേ പോലെ മാറ്റമില്ലതെ തുടരണമെന്ന് മനുഷ്യര്‍ എന്ത് കൊണ്ടോ ശാഠ്യം പിടിക്കുന്നു . മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ മനസ്സ് വിസമ്മതിക്കുന്നു . പുതിയതായി ഒരു സംഘടന രൂപം കൊള്ളുമ്പോള്‍ ആളുകള്‍ സംശയത്തോടെ ചോദിക്കാറുണ്ട് , മറ്റേ സംഘടന പിളര്‍ന്നത് കണ്ടില്ലേ , ദുഷിച്ച് നാശമായിപ്പോയത് കണ്ടില്ലേ .. വേറെ ഒന്ന് ഉണ്ടാക്കിയാല്‍ അത് നന്നാവും എന്നതിന് എന്താണ് ഒരുറപ്പ് അതും കാലക്രമേണ ദുഷിച്ചു പോകില്ലേ എന്ന് . മനുഷ്യന്‍ ഭൂമിയില്‍ ഉള്ള കാലത്തോളം പുതിയ സംഘടനകള്‍ പുതിയ പ്രസ്ഥാനങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും എന്നേ പറയാന്‍ കഴിയൂ .
ഒറ്റപ്പെട്ട വ്യക്തികളുടെ ആശയാഭിലാഷങ്ങളാലല്ല ലോകം ചരിക്കുന്നത് . ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ചാലകമായ നിയമങ്ങള്‍ അത്യന്തം സങ്കീര്‍ണ്ണമാണ് . ബ്ലോഗിന്റെ സമകാലിക പ്രസക്തിയെ പറ്റി ഉറക്കെ ചിന്തിക്കുന്നതില്‍ അപാകതയില്ല . ഇന്ന് ബ്ലോഗ് എഴുതാന്‍ മാത്രമല്ല കൊച്ചു വര്‍ത്തമാനം പറയാന്‍ പോലും കമ്പ്യൂട്ടര്‍ ഉപയോഗപെടുത്തുന്നു . അതായത് നമ്മെപ്പോലെ കമ്പ്യൂട്ടറും മലയാളത്തില്‍ സംസാരിക്കാന്‍ തുടങ്ങി എന്നര്‍ത്ഥം .
മലയാളം ബ്ലോഗിന്റെ ആരംഭകാലത്ത് അന്ന് ബ്ലോഗ് എഴുതിയവര്‍ ഇത്തരം ഒരു സാധ്യത ദീര്‍ഘദര്‍ശനം ചെയ്തിരുന്നോ എന്നറിയില്ല . എന്നാല്‍ അക്കാലത്ത് ബോഗ് എഴുതുന്നവര്‍ അപരനാമങ്ങളിലാണ് എഴുതിത്തുടങ്ങിയത് . എന്നാല്‍ ഇന്ന് അത് ഒരു നിയമം പോലെ പിന്‍തുടരപ്പെടുന്നു . സ്വന്തം കൃതികളോ , അനുഭവങ്ങളോ , ആശയങ്ങളോ അപ്രകാരം എഴുതുന്നതില്‍ അപാകതയില്ല . കാരണം ആ എഴുത്തിന്റെ ആധികാരികത ആരേയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല . എന്നാല്‍ സമൂഹത്തിന്റെ പൊതുവായ കാര്യങ്ങളെപ്പറ്റി എഴുതുമ്പോഴും അത്തരം പ്രശ്നങ്ങളില്‍ ഇടപെട്ട് ചര്‍ച്ച നയിക്കുമ്പോഴും ഒരു വിശ്വാസ്യതയുടെ പ്രശ്നമുണ്ട് .
ഇന്ന് നാട്ടിലെ പ്രശ്നങ്ങള്‍ ചൂടോടെ അപ്പപ്പോള്‍ ചര്‍ച്ചയ്ക്ക് വിധേയമാകുന്ന ഒരേ ഒരു വേദി ബ്ലോഗ് മാത്രമാണ് . മുന്‍പ് ഗ്രാമീണ വായനശാലകളും തൊഴിലിടങ്ങളും ചായക്കടകളും ബാര്‍ബര്‍ ഷാപ്പുകള്‍ പോലും സജീവമായ ചര്‍ച്ചാവേദികളായിരുന്നു .അത് കൊണ്ട് തന്നെ അന്നൊക്കെ സമൂഹം ജീവസ്സുറ്റതായിരുന്നു . ഇന്ന് അതൊക്കെ നിജ്ജീവമായി . ഓരോരുത്തരും അവനവന്റെ തുരുത്തുകളില്‍ ഒറ്റപ്പെട്ട് സമൂഹത്തില്‍ നിന്ന് സ്വയം വേര്‍പ്പെടുത്തി ഒതുങ്ങിക്കഴിയുന്നു . ഈ വിടവില്‍ സാമൂഹ്യവിരുദ്ധശക്തികള്‍ അരങ്ങ് തകര്‍ക്കുകയാണ് . ഇവിടെയാണ് പുതിയ പ്രതീക്ഷകളുമായി ഉയര്‍ന്ന് വന്ന ബ്ലോഗ് എന്ന മാധ്യമം വിശകലന വിധേയമാക്കേണ്ടത് .
ബ്ലോഗിന്റെ ഇന്നത്തെ പ്രതിസന്ധി യഥാര്‍ത്ഥത്തില്‍ അനോണി നാമത്തില്‍ ബ്ലോഗ് എഴുതുന്നവരല്ല . ബ്ലോഗിന് പുറത്ത് ബ്ലോഗ് വായിക്കാന്‍ വായനക്കാരില്ല എന്നതാണ് . ബ്ലോഗ് എഴുതുന്നവര്‍ തന്നെയാണ് ഇന്ന് ബ്ലോഗ് വായനക്കാരും . വായനയ്ക്ക് ബ്ലോഗ് എന്ന ഒരിടം ഉണ്ട് . അവിടെ പൊതുപ്രശ്നങ്ങള്‍ സത്യസന്ധമായി അനുനിമിഷം ചര്‍ച്ചചെയ്യപ്പെടുന്നു എന്ന് സാമാന്യജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട് . ഇതാര് ചെയ്യും . ഇത്തരം കാര്യങ്ങള്‍ക്ക് ബ്ലോഗ് അക്കാദമി പോലെ ഒരു സംവിധാനം ഉണ്ടായേ പറ്റൂ . ബ്ലോഗ് എഴുതുന്നവരുടെ ഒരു സംഘടനയായിരിക്കരുത് അക്കാദമി . അത് ബ്ലോഗ് എഴുതാനും വായിക്കാനും ആളുകളെ പ്രേരിപ്പിക്കാനും ബ്ലോഗുകള്‍ പ്രചരിപ്പിക്കാനും ആയിരിക്കണം .
ബ്ലോഗ് തന്നെ അതിന്റെ മുന്‍മാതിരികളില്‍ നിന്ന് മോചിപ്പിക്കപെടേണ്ടതുണ്ട് . ബൂലോഗം എന്ന വാക്ക് സാര്‍വ്വത്രികമായി ഉപയോഗിക്കപെടുന്നത് കൊണ്ട് അത് ഒരു പ്രത്യേക ലോകമാണെന്ന് വരെ ഇന്ന് തെറ്റിദ്ധരിക്കുന്നുണ്ട് . എഴുത്തിനും ആശയവിനിമയത്തിനും , ആത്മാവിഷ്കാരത്തിനും പണ്ടെത്തെ താളിയോലകള്‍ക്ക് പകരം അച്ചടിയും കടലാസും വന്ന പോലെ ഇന്ന് കമ്പ്യൂട്ടറും കീബോര്‍ഡും വന്നു എന്നേയുള്ളൂ .
No comments:
Post a Comment