Links

മരണം ആരേയും കൊല്ലുന്നില്ല !

മലയാള പത്രങ്ങളില്‍ ചരമ അറിയിപ്പിനായി ഒരു പേജ് നീക്കിവെക്കുന്നതിനെതിരെ ഈയ്യിടെ ഒരു ചര്‍ച്ച ബ്ലോഗില്‍ നടന്നതായി ഓര്‍ക്കുന്നു . ഞാന്‍ മിക്ക പത്രങ്ങളും ഇവിടെ ബാംഗ്ലൂരില്‍ വെച്ച് ഓണ്‍‌ലൈനിലാണ് വായിക്കുന്നത് . പ്രധാന തലക്കെട്ട് വായിച്ചതിന് ശേഷം ചരമവാര്‍ത്തകളാണ് വയിക്കാറ് . എന്ത് കൊണ്ടാണ് ഈയൊരു ആകാംക്ഷ എന്നറിയില്ല . നാട്ടിലെ പലരുടെയും ചരമ വാര്‍ത്ത അറിയുന്നതും ഈ പംക്തിയിലൂടെ തന്നെ . മുന്‍പൊക്കെ മരണം എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു . ഇതേവരെ നമ്മോടൊപ്പം ജീവിച്ചിരുന്ന ഒരാള്‍ പൊടുന്നനെ ഇല്ലാതാവുക , അന്നൊക്കെ ആ യാതാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഏറെ പ്രയാസമായിരുന്നു . അതിനെക്കാള്‍ വിഷമമായിരുന്നു ശവസംസ്ക്കാരം കാണുകയെന്നത് . ആ ചടങ്ങുകളില്‍ വ്യാപൃതരാവുന്നവര്‍ക്ക് എങ്ങനെ ചിരിക്കാനും കളിവാക്കുകള്‍ പറയാനും മരണത്തെ ഇത്ര ലാഘവത്തോടെ കാണാനും കഴിയുന്നു എന്നായിരുന്നു എന്റെ ആശ്ചര്യം . ഞാന്‍ മരണത്തെക്കുറിച്ച് ഓഷോ എഴുതിയത് ഇപ്പോഴാണ് വായിക്കാനിടയായത് . എനിക്കറിയാവുന്ന ഭാഷയില്‍ ഞാനതിവിടെ പരിഭാഷപ്പെടുത്തട്ടെ !

മരണം ഒരു യാഥാര്‍ഥ്യമാണ് . അത് അനുനിമിഷം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു . നമ്മള്‍ അത് അംഗീകരിച്ചാലും ഇല്ലെങ്കിലും ഓര്‍ത്തുകൊണ്ടിരുന്നാലും ഇല്ലെങ്കിലും മരണം സദാ നമ്മുടെ കൂടെയുണ്ട്. മരണവും ഓരോ നിമിഷവും ജീവിയ്ക്കുന്നു . ആദ്യത്തെ ശ്വാസം മുതല്‍ അവസാനത്തെ ശ്വാസം വരെ ... ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കൂന്ന ഓരോ നിമിഷവും അതൊരു ജനനമാണ് . ഓരോ ഉച്ഛ്വാസവും മരണമാണ് .

മരണം എന്നത് ഭാവിയിലെന്നെങ്കിലും നടക്കാന്‍ പോകുന്ന ഒരു സംഭവമല്ല. മരണം നമ്മെ കാത്തിരിക്കുന്നില്ല . അത് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് . ജീവിതം പോലെ തന്നെ മരണവും ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നു . പ്രകൃതിയുടെ രണ്ട് പരിണാമങ്ങളാണ് ജീവിതവും മരണവും . ഒരു പറവയുടെ രണ്ട് ചിറകുകള്‍ പോലെയാണത് . ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല . ഒരേ കാലത്തില്‍ നടക്കുന്നതാണ് ജീവിതവും മരണവും . അത് ജീവിതത്തിനെതിരല്ല . മരണമാണ് ജീവിതം സാധ്യമാക്കുന്നത് . ജീവിതത്തിന്റെ ആധാരം തന്നെ മരണമാണ് . അത് ജനനം മുതല്‍ നമ്മോടൊപ്പമുണ്ട് . നമ്മുടെ ഓരോ ഉച്ഛ്വാസവും കൊച്ചു കൊച്ചു മരണങ്ങള്‍ തന്നെ . മരണത്തെ നമ്മള്‍ ഭയപ്പെടുന്നത് കൊണ്ട് ഓര്‍ക്കാന്‍ കഴിയാത്തത്ര വിദൂരമായ ഭാവിയില്‍ നമ്മളതിനെ സൂക്ഷിക്കുന്നു .

മനസ്സിന് ഗ്രഹിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മനസ്സ് ഒഴിവാക്കുന്നു . അഥവാ തള്ളിക്കളയുന്നു . പ്രണയം , ജീവിതം , മരണം ഇങ്ങനെ മനസ്സിലാക്കാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട് . ജീവിതം എന്താണെന്ന് മനസ്സിലാക്കാതെ തന്നെ മനസ്സ് ജീവിതത്തെ ആര്‍ത്തിയോടെ സ്വീകരിക്കുന്നു . ജീവിതത്തോട് അഗാധമായ അഭിനിവേശം പുലര്‍ത്തുന്നു . പക്ഷെ മരണത്തെ അങ്ങനെ ഉള്‍ക്കൊള്ളാന്‍ മനസിന് കഴിയുന്നില്ല . മരണം ഒരു പേടിസ്വപ്നമായി മനസ്സിനെ നിതാന്തമായി വേട്ടയാടുന്നു . അത് കൊണ്ടാണ് മരണത്തെ വിദ്ദൂരമായ ഭാവിയുടെ ഒളിസങ്കേതത്തിലേക്ക് മനസ്സ് മാറ്റിവെക്കുന്നത് . വരുന്നിടത്ത് വെച്ച് കാണാമെന്ന് സമാധാനിക്കുന്നത് .
പ്രണയത്തെക്കുറിച്ച് വാചാലമാകാമെങ്കിലും അതിനൊരു നിര്‍വ്വചനം കണ്ടെത്തുക എളുപ്പമല്ല. ഒന്നിനോടുള്ള ഇച്ഛ , ആകര്‍ഷണം അല്ലെങ്കില്‍ പറ്റ് (attachment) ഇതൊക്കെ പ്രണയമാണെന്ന് ചിലപ്പോള്‍ തെറ്റിദ്ധരിക്കാറുണ്ട് . ഇതൊക്കെ സ്വാര്‍ത്ഥതയുടേയോ അല്ലെങ്കില്‍ അഹംബോധത്തിന്റെ (ego)യോ പ്രതിഫലനങ്ങളാവാം . പ്രണയവുമായി ഇതിനൊന്നും യാതൊരു ബന്ധവുമില്ല. യഥാര്‍ഥത്തില്‍ ഇത്തരം സ്വാര്‍ത്ഥത അല്ലെങ്കില്‍ ഈഗോ പ്രണയത്തെ അസാധ്യമോ അപ്രാപ്യമോ ആക്കുകയാണ് ചെയ്യുന്നത് . രണ്ട് തീരങ്ങള്‍ പോലെയാണ് ജീവിതവും മരണവും . ഇതിനിടയില്‍ ഒരു നദി പോലെ ഒഴുകാന്‍ സാധ്യമാണ് പ്രണയം . എന്നാല്‍ അതൊരു സാധ്യത മാത്രമാണ് ........
മരണം എന്താണെന്ന് മനസ്സിലാക്കിയാല്‍ അതില്‍ നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ച് വ്യാകുലപ്പെടേണ്ടി വരില്ല . മരണം നമ്മെ കൊല്ലുന്നില്ല . നാം ജീവിയ്ക്കുമ്പോള്‍ തന്നെ നമ്മളറിയാതെ നമ്മളില്‍ അനുസ്യുതം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാ‍ണ് മരണം . അത് ജീവിതത്തെ നശിപ്പിക്കുകയല്ല , പ്രത്യുത മരണം ജീവിതത്തെ ഓരോ നിമിഷവും നവീകരിക്കുകയാണ് ചെയ്യുന്നത് . വാടിയ പുഷ്പങ്ങള്‍ കൊഴിയുമ്പോള്‍ പുതിയ പുഷ്പങ്ങള്‍ മലരുന്നു . ഓരോ നിമിഷവും നിരന്തരമായ ഒരു അതിശയം പോലെ നമ്മള്‍ മരിച്ചു കൊണ്ടേ പുനര്‍ജ്ജനിയ്ക്കുന്നു .
മരണം അനിഷേധ്യമായ ഒരു യാഥാര്‍ഥ്യമാണ് . ജനിക്കുമ്പോള്‍ തന്നെ നിശ്ചയിക്കപ്പെട്ടതാണത് . മറ്റൊന്നിനും നിശ്ചയമില്ല ; നടക്കാം നടക്കാതിരിക്കാം . ഒന്നോര്‍ത്താല്‍ മരണത്തെക്കാള്‍ ഭയാനകമല്ലേ അമരണം ? ഇത് മനസ്സിലാക്കിയാല്‍ നിര്‍ഭയം ശാന്തതയോടെ സമാധാനത്തോടെ ജീവിയ്ക്കാം . അനിശ്ചിതത്വമാണ് ഭയത്തെ ജനിപ്പിക്കുന്നത് . മരണം സുനിശ്ചിതമാണെന്ന് മനസ്സിലാക്കിയാല്‍ ഓരോരുത്തര്‍ക്കും നിര്‍ഭയം മരണത്തെ അഭിമുഖീകരിക്കാന്‍ കഴിയും . ജീവിതം മുഴുവനുമായി ജീവിയ്ക്കുകയാണെങ്കില്‍ മരണം ആര്‍ക്കും ഒരു ക്ഷണിക്കപെടാത്ത അതിഥിയായിരിക്കുകയില്ല. നമ്മുടെ സഹയാത്രികനാണ് മരണം ! ജീവിതത്തിന്റെ അര്‍ത്ഥവും സൌന്ദര്യവും അത് തന്നെ !!
( ഓഷോ ചിന്തകള്‍ എല്ലാം നെറ്റില്‍ ലഭ്യമാണ് . ആരെങ്കിലും അവയെല്ലാം മലയാളം ബ്ലോഗില്‍ തര്‍ജ്ജമ ചെയ്താല്‍ എത്ര നന്നായിരുന്നു . ഒരു സൈറ്റ് ഇവിടെ)




18 comments:

Unknown said...

ജീവിതം മുഴുവനുമായി ജീവിയ്ക്കുകയാണെങ്കില്‍ മരണം ആര്‍ക്കും ഒരു ക്ഷണിക്കപെടാത്ത അതിഥിയായിരിക്കുകയില്ല. നമ്മുടെ സഹയാത്രികനാണ് മരണം ! ജീവിതത്തിന്റെ അര്‍ത്ഥവും സൌന്ദര്യവും അത് തന്നെ !!

chithrakaran ചിത്രകാരന്‍ said...

ജീവിതത്തിന്റെ ഭംഗിതന്നെ മരണത്തിന്റെ നവീകരണശേഷിയായിരിക്കണം.
പിന്നെ ... ഒന്നും മരിക്കുന്നില്ലെന്നും സമര്‍ത്ഥിക്കാം.എല്ലാം മരണത്തിനു വിധേയമാണെന്നും സമാധാനിക്കാം.
ഇതൊക്കെ നമ്മുടെ മനസ്സിന്റെ ഒരു സര്‍ക്കസ്സല്ലേ സുകുമാരേട്ട :)
എങ്ങിനെ ചിന്തിച്ചാലും നമുക്കു നഷ്ടമൊന്നുമില്ല. സൂര്യന്‍ നല്‍കുന്ന ഊര്‍ജ്ജ്യമുപയോഗിച്ച് ജീവകണങ്ങളില്‍ പ്രകടമാകുന്ന സങ്കീര്‍ണ്ണ വര്‍ണ്ണരാജികളല്ലേ നമ്മുടെ ജീവിതം. ആ വര്‍ണ്ണങ്ങളെ പലവിധം വിന്യസിച്ചു തൃപ്തിയടയാന്‍ ശ്രമിക്കുകയോ,പരാചയപ്പെടുകയോ ചെയ്യുന്ന നമ്മുടെ മനസ്സുകളുടെ വിഭ്രമം !!!
ചിത്രകാരനു വട്ടായി! :)
ഓഷോയുടെ ദര്‍ശനങ്ങള്‍ ഇനിയും വരട്ടെ.

അപ്പു ആദ്യാക്ഷരി said...

"നമ്മുടെ ഓരോ ഉച്ഛ്വാസവും കൊച്ചു കൊച്ചു മരണങ്ങള്‍ തന്നെ . മരണത്തെ നമ്മള്‍ ഭയപ്പെടുന്നത് കൊണ്ട് ഓര്‍ക്കാന്‍ കഴിയാത്തത്ര വിദൂരമായ ഭാവിയില്‍ നമ്മളതിനെ സൂക്ഷിക്കുന്നു ......" സുകുമാരേട്ടാ, ഓഷോയുടെ ഈ ചിന്തകള്‍ ഇവിടെ പങ്കുവച്ചതിന് നന്ദി.

ഹരിത് said...

“ മരണം മര്‍ത്ത്യനു കാലത്തിന്‍ വാഗ്ദാനം”

Suraj said...

അര്‍ത്ഥവും സൌന്ദര്യവുമുള്ള പോസ്റ്റ്.
തിരിച്ചുകിട്ടാത്തതുകൊണ്ടാണല്ലോ ജീവിതത്തെപ്രതിയുള്ള എന്തും മനുഷ്യമനസിനു പ്രിയപ്പെട്ടതാകുന്നത്.
സ്വച്ഛമായ ഭാഷ, രസകരമായ വായന.
നന്ദി സുകുമാഷ്.

അനാഗതശ്മശ്രു said...

നല്ല പോസ്റ്റ്‌ .സുകുമാര്‍ ജീ

ജീവിച്ചിരിക്കുമ്പോഴും മരിച്ചവരെ പോലെയ്‌ ഇരിക്കുന്നവരെ കുറിച്ചോര്‍ ക്കുമ്പ്പോഴാണു മരണത്തിന്റെ വില കൂരിയുന്നതും ...

ഭൂമിപുത്രി said...

സ്വന്തം മരണമല്ലല്ലൊപ്രശ്നം!(Many Lives, Many Masters by Brian L. Weiss വായിച്ചപ്പോള്‍ ആ ഭയം മാറിക്കിട്ടി :))
നമുക്കുപ്രീയപ്പെട്ടൊരാള്‍ പെട്ടന്നൊരുദിവസം ലോകത്തുനിന്നു തന്നെ(നമുക്കറിയാവുന്ന ലോകം എന്നുവേണമെങ്കില്‍ പറയാം)ഇല്ലാതായാല്‍,ഈ പ്പറഞ്ഞ തത്വമോര്‍ത്തു ചിരിച്ചുകൊണ്ടിരിയ്ക്കാന്‍ പറ്റില്ലല്ലോ.

Unknown said...

Many Lives, Many Masters by Brian L. Weiss വായിച്ചാലോ അല്ലെങ്കില്‍ ഇപ്പറഞ്ഞ ഓഷോ തത്വം വായിച്ചാലോ സ്വന്തം മരണത്തെക്കുറിച്ചുള്ള വ്യാകുലതകളും, നമുക്ക് പ്രിയപ്പെട്ടവരുടെ മരണം ഏല്‍പ്പിക്കുന്ന ആഘാതവും ഒന്നും ഇല്ലാതാവുകയില്ല ഭൂമിപുത്രീ .... പക്ഷെ മരണം എന്ന യാഥാര്‍ഥ്യത്തെ എത്ര മനോഹരമായി ഓഷോ ഇവിടെ വര്‍ണ്ണിക്കുന്നു എന്ന് നോക്കുക . വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട അദ്ദേഹം തത്വചിന്തയുടെ പിതാവാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഓഷോ പരാമര്‍ശിക്കാത്ത ഒരു വിഷയവുമില്ല . ഓഷോ വായന നമ്മുടെ മനസ്സിനെ ചക്രവാളത്തോളം വികസ്വരമാക്കുന്നു .

Unknown said...

ചിത്രകാരന്‍ , അപ്പു , ഹരിത് , സൂരജ് , അനാഗതശ്മശ്രു എല്ലാവര്‍ക്കും നന്ദിയും സ്നേഹവും ....

ഫോട്ടോഷൂട്ടര്‍ said...

പോസ്റ്റ് ഇഷ്ടമായി. :)

ഓഷോയുടെ കുറച്ചു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. നാല് ജി.ബിയോളം വരുന്ന ഒരു ഡി വി ഡി വായിച്ചും കേട്ടും കൊണ്ടിരിക്കുന്നു.

Osho is the most misunderstood philosopher OR Osho's is the most misconceived philosophy എന്നു പറഞ്ഞത് വലിയ ഒരു സത്യമാണ്. അദ്ദേഹം പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ മാത്രം തിരഞ്ഞു പിടിച്ച് വായിക്കുന്നതു കൊണ്ടാണങ്ങനെ തോന്നുന്നത്. മറ്റു കാര്യങ്ങളുമായി ബന്ധപ്പെടുത്തി വായിച്ചാല്‍ ഇഷ്ടപ്പെട്ടു പോകും.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

മരണവും ജീവിതവും നമുക്കൊപ്പമുണ്ടെന്നതു ശരി തന്നെ. രാത്രിയും പകലും പോലെ. കറുപ്പും വെളുപ്പും പോലെ. ഉറക്കവും ഉണര്‍വ്വും പോലെ. അനുനിമിഷം ജനിക്കുകയും മരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കോശങ്ങളിലൂടെയുള്ളൊരു യാത്രയാണ് ജീവിതം. മരിക്കുന്ന കോശങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും, അവയ്ക്കു പകരം ജനിക്കുന്ന കോശങ്ങളുടെ എണ്ണം ക്രമാതീതമായി ലോപിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ മരണത്തോട് കൂടുതല്‍ അടുക്കുന്നു എന്ന് പറയാം. എന്തൊക്കെത്തന്നെയായാലും ഒരുനാ‍ള്‍ മരിക്കുമെന്ന അറിവ് ദു:ഖകരം തന്നെയാണ് സാധാരണക്കാരായ മനുഷ്യരെ സംബന്ധിച്ചിടത്തോളം.അവസാന ശ്വാസമെടുക്കുമ്പോഴും “ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി” എന്ന് ആശിക്കാനാ‍ണിഷ്ടം.

ഭൂമിപുത്രി said...

ഓഷോ വായിച്ചിട്ടല്ല..വായിയ്ക്കണം.
നമ്മുടെ scriptures ല്‍ പലതിലും മരണത്തെപറ്റി മനോഹരങ്ങളായ ഭാഷ്യങ്ങളുണ്ട്..
ആത്മീയവും ദൈവവിശ്വാസവുമൊക്കെയായി ബദ്ധപ്പെട്ടുകിടക്കുന്നതുകൊണ്ട് അവ സുകുമാരന്‍സര്‍ അറിയാതെപോകരുതെന്നു ഒരഭ്യര്‍ത്ഥന :)
(എനിയ്ക്കെല്ലാമറിയാമെന്നല്ല കേട്ടോ)

കരിപ്പാറ സുനില്‍ said...

നമസ്കാരം,
പോസ്റ്റ് നന്നായിട്ടുണ്ട്.
കുറേ നാളുകളായി ഓഷോയെ മറന്നിരിക്കയായിരുന്നു.
ഓര്‍മ്മിപ്പിച്ചതിനു നന്ദി.
അപ്പോള്‍ ബാംഗ്ലുരാണ് സ്ഥിര താമസം അല്ലേ
ആശംസകളോടെ

Unknown said...

ഫോട്ടോ ഷൂട്ടര്‍ എന്ന പപ്പൂസിന് നന്ദി .. ഓഷോവിനെ വായിക്കുക .. നമ്മള്‍ പൊതുവെ സമൂഹത്താല്‍ കണ്ടീഷന്‍ ചെയ്യപ്പെട്ടവരാണ് . സ്വാതന്ത്രത്തിന്റെ ആകാശങ്ങളിലേക്കാണ് ഓഷോ നമ്മെ നയിക്കുന്നത് . പ്രത്യക്ഷത്തില്‍ അരാജകത്വമാണ് എന്ന് തോന്നാമെങ്കിലും ജീവിതം എന്തെന്നും അതെങ്ങിനെ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു തരുന്നു .

മോഹന്‍ വായനയ്ക്ക് നന്ദി ...

സുനില്‍ മാഷ് , വായനയ്ക്കും കമന്റിനും നന്ദി .. ഇപ്പോള്‍ താമസം ബാംഗ്ലുരില്‍ തന്നെ ...

ഭൂമിപുത്രി , ധാരാളം വായിച്ചിരുന്നു ആത്മീയമായ ഗ്രന്ഥങ്ങളും .. പക്ഷെ എനിക്കൊന്നുമറിയാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയത് അതിനോടൊപ്പം സയന്‍സും ഫിലോസഫിയും മറ്റും ചേര്‍ത്ത് വായിച്ചതിന് ശേഷമാണ് . ഇതൊക്കെത്തന്നെ ജീവിതത്തിന്റെ സമ്പാദ്യം എന്നാണ് ഞാന്‍ ഇപ്പോള്‍ കരുതുന്നത് .

ചിതല്‍ said...

"ജീവിതം മുഴുവനുമായി ജീവിയ്ക്കുകയാണെങ്കില്‍ മരണം ആര്‍ക്കും ഒരു ക്ഷണിക്കപെടാത്ത അതിഥിയായിരിക്കുകയില്ല. നമ്മുടെ സഹയാത്രികനാണ് മരണം ! ജീവിതത്തിന്റെ അര്‍ത്ഥവും സൌന്ദര്യവും അത് തന്നെ !!"

എനിക്ക് തോന്നുന്നത് ഈ ഒരു വാചകം, അതിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലാക്കിയാല്‍ നാം നമ്മെ തന്നെ മനസ്സിലാക്കും എന്ന് തോന്നുന്നു. പിന്നെ ഭീരുവാകേണ്ടി വരില്ല.
“മരണം ആരെയും കൊല്ലുന്നില്ല” എന്ന തലക്കെട്ട് ഓഷോയുടെതാണോ...

Unknown said...

തലക്കെട്ട് എന്റേത് തന്നെ ... :-)

Anil Vaidik said...

രതി വേഴ്ച സംതൃപ്തി സ്കലനത്തോടെ പൂര്‍ത്തിയാകുന്ന പോലെ മരണത്തിലും സ്കലനം നടക്കുന്നു മരണം സുഖം തരുന്നുണ്ട്



Unknown said...

അതേ.... മരണം എന്നത് ഓർക്കുവാൻ ഇഷ്ടമല്ലാത്തതു കൊണ്ട് ന അതിെന്നെ അകറ്റി സൂഷിക്കുന്നു. നാം എത്ര അകറ്റാൻ ശ്രമിച്ചാലും ആ സമയം വരെ - നാമറിയാെതെ നമ്മോടൊപ്പം യാത്ര ചെയ്യുന്ന ഒരു സുഹൃത്ത് ആണ് മരണം ...