നാട്ടിലും അന്യനാട്ടിലും വേട്ടയാടപ്പെടുന്ന എഴുത്തുകാരി
( ഹമീദ് ചേന്നമംഗലൂര്‍ )
മതനിരപേക്ഷതയോടും അഭിപ്രായ സ്വാതന്ത്ര്യത്തോടും പ്രതിബദ്ധത പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പാര്‍ട്ടികള്‍ക്കും പത്രങ്ങള്‍ക്കും നമ്മുടെ നാട്ടില്‍ പഞ്ഞമില്ല. പക്ഷേ, അണ്ടിയോട് അടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ എന്നു പറഞ്ഞതുപോലെ, മതനിരപേക്ഷതയും അഭിപ്രായ സ്വാതന്ത്ര്യവും വെല്ലുവിളി നേരിടുമ്പോഴേ പാര്‍ട്ടികളുടെയും പത്രങ്ങളുടെയും തനിനിറം വ്യക്തമാകൂ. തസ്‌ലീമാ സംഭവം അതിനു വഴിയൊരുക്കി. കൃത്യമായി വ്യവച്ഛേദിക്കാവുന്ന രണ്ടു ചിന്താഗതികള്‍ തമ്മിലുള്ള സംഘട്ടനമാണ്, വാസ്‌തവത്തില്‍ തസ്‌ലീമാ പ്രശ്‌നത്തില്‍ രാജ്യത്ത് നടന്നത്. മതനിരപേക്ഷ ചിന്താഗതിയും മതഭ്രാന്തില്‍ ചെന്നെത്തുന്ന മതനിരപേക്ഷ വിരുദ്ധ ചിന്താഗതിയുമാണവ. സെക്യുലര്‍ പക്ഷത്ത് നില്‍ക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കുന്ന പാര്‍ട്ടികള്‍ക്കും പത്രങ്ങള്‍ക്കും ഈ സംഘട്ടനത്തില്‍ ഒരൊറ്റ ഓപ്‌ഷനേ ഉണ്ടായിരുന്നുള്ളൂ. വിജ്ഞാന വിരോധത്തിനും മതഭ്രാന്തിനുമെതിരെ മതനിരപേക്ഷ മാനവികത ഉയര്‍ത്തിപ്പിടിക്കുക എന്നതായിരുന്നു അത്.
പക്ഷേ, എവിടെയാണ് നമ്മുടെ പാര്‍ട്ടികളും പത്രങ്ങളും നിന്നത്? നവംബര്‍ 21ന് കൊല്‍ക്കത്തയില്‍ അഖിലേന്ത്യാ ന്യൂനപക്ഷ ഫോറം തസ്‌ലീമാ നസ്‌റീനെതിരെ തെരുവുയുദ്ധം നടത്തുന്നതിന് മൂന്നുമാസം മുമ്പ് ആഗസ്‌ത് 9ന്, നസ്‌റീന്‍ ഹൈദരാബാദില്‍ ആക്രമിക്കപ്പെട്ടിരുന്നു. മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാക്കളും ആ പാര്‍ട്ടിയില്‍പെട്ട നാലു ജനപ്രതിനിധികളുമായിരുന്നു അക്രമികള്‍. മതേതര മാനവികത, സ്‌ത്രീകളുടെ അവകാശങ്ങള്‍, ലിംഗസമത്വം എന്നീ മൂല്യങ്ങളുടെ പൊതുധാരയ്‌ക്കകത്ത് നിന്നുകൊണ്ട് സാഹിത്യകൃതികളിലൂടെയും അല്ലാതെയും തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന തസ്‌ലീമയെ ദേഹോപദ്രവമേല്‍പിക്കാനാണ് എം.എല്‍.എമാര്‍ അടക്കമുള്ള അക്രമിസംഘം ഹൈദരാബാദിലെ പ്രസ്‌ക്ലബ്ബില്‍ ഗുണ്ടാസ്റ്റൈലില്‍ പോക്രിത്തം കാണിച്ചത്. സെക്യുലര്‍ ഹ്യൂമനിസത്തിന്റെ നിലപാടുതറയില്‍ നിന്നുകൊണ്ട് ആശയപ്രകാശനം നിര്‍വഹിക്കുന്ന ഒരെഴുത്തുകാരിക്കു നേരെ കൈയേറ്റം നടന്നപ്പോള്‍ നമ്മുടെ സെക്യുലര്‍ പാര്‍ട്ടികള്‍ എന്തു ചെയ്‌തു? ചില പാര്‍ട്ടികള്‍ അത് കണ്ടില്ലെന്ന് നടിച്ചു. വേറെ ചിലത് മനസ്സില്ലാ മനസ്സോടെ അരവരി പ്രതിഷേധത്തില്‍ കാര്യമൊതുക്കി. മലയാളത്തിലെ മുഖ്യധാരാ മതേതര പത്രങ്ങളുടെ സ്ഥിതിയും ഏറെ വ്യത്യസ്‌തമായിരുന്നില്ല. ഹൈദരാബാദ് സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആശയധാരകള്‍ അനാവരണം ചെയ്യാനോ മതഭ്രാന്തരായ അക്രമികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനോ അവ മുന്നോട്ട് വന്നില്ല.
കൊല്‍ക്കത്താ സംഭവത്തില്‍നിന്നു വ്യത്യസ്‌തമായി, ഹൈദരാബാദില്‍ അക്രമത്തിന് നേതൃത്വം നല്‍കിയത് ഭരണഘടനാനുശാസിത സത്യപ്രതിജ്ഞയെടുത്ത് അസംബ്ലി അംഗങ്ങളായവരാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 147, 323, 427, 452 എന്നീ വകുപ്പുകളില്‍ പറയുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിലാണ് അവരേര്‍പ്പെട്ടത്. മതനിരപേക്ഷതയോട് തെല്ലെങ്കിലും കൂറുള്ള പാര്‍ട്ടികള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ എന്തു ചെയ്യണം? സത്യപ്രതിജ്ഞാലംഘനം നടത്തിയതിന്റെ പേരില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ അവര്‍ക്ക് ആവശ്യപ്പെടാമായിരുന്നു. അതുപോലെ, അക്രമം അഴിച്ചുവിട്ട മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്ന രാഷ്‌ട്രീയപാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കാനും അവര്‍ക്ക് സാധിക്കുമായിരുന്നു. രണ്ടുമുണ്ടായില്ല. അഭിപ്രായ സ്വാതന്ത്ര്യവും മതനിരപേക്ഷാന്തരീക്ഷവും മതോന്മാദികള്‍ തല്ലിത്തകര്‍ത്താലും തങ്ങള്‍ക്കൊരു ചേതവുമില്ലെന്ന ഭാവത്തിലാണവര്‍ പെരുമാറിയത്. മതമൗലികവാദികളെ എതിര്‍ക്കാന്‍ പോയാല്‍ അതാവും തങ്ങള്‍ക്ക് ചേതം വരുത്തുക എന്നവര്‍ കണക്കുകൂട്ടിയിരിക്കാം.
ഗര്‍ഹണീയമായ ഇത്തരം കണക്കുകൂട്ടലുകള്‍ തന്നെയാണ് മതമൗലിക- വര്‍ഗീയപ്പരിഷകള്‍ക്ക് പ്രചോദനമേകിയത്. അധരസേവയ്‌ക്കപ്പുറം മതനിരപേക്ഷമൂല്യങ്ങളോട് നമ്മുടെ സെക്യുലര്‍ പാര്‍ട്ടികള്‍ക്ക് പ്രതിജ്ഞാബദ്ധത ഒട്ടുമില്ലെന്ന് വര്‍ഗീയ-മതമൗലിക വൃന്ദങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിന്റെ സ്‌ഫോടകമായ പ്രതിഫലനമാണ് നവംബര്‍ 21ന് കൊല്‍ക്കത്തയില്‍ കണ്ടത്. ഹൈദരാബാദില്‍ നടന്ന കൈയേറ്റത്തിനുശേഷം കൊല്‍ക്കത്തയിലേക്ക് മടങ്ങിയ തനിക്ക് ബംഗാള്‍ പോലീസ് സ്വസ്ഥത നല്‍കിയില്ലെന്ന് നസ്‌റീന്‍ ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. 'ദ ഹിന്ദു'വിന്റെ റിപ്പോര്‍ട്ടര്‍ മാര്‍കസ് ഡാമുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷിതത്വകാരണം പറഞ്ഞ് കൊല്‍ക്കത്ത വിടാന്‍ പോലീസ് തന്നെ നിര്‍ബന്ധിക്കുകയായിരുന്നെന്നും ഇന്ത്യയില്‍ത്തന്നെ മറ്റേതെങ്കിലും സ്ഥലത്തേക്കോ വിദേശത്തേക്കോ പോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നുമാസക്കാലം വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ കൊല്‍ക്കത്താ പോലീസ് തന്നെ അനുവദിച്ചില്ല. നവംബര്‍ 22ന് താന്‍ കൊല്‍ക്കത്ത വിട്ടത് സ്വാഭീഷ്‌ടപ്രകാരമാണെന്ന പോലീസ് ഭാഷ്യം സത്യവിരുദ്ധമാണ്. മൂന്നുമാസം നീണ്ടുനിന്ന മാനസികപീഡനങ്ങള്‍ക്കുശേഷം കൊല്‍ക്കത്താ പോലീസ് തന്നെ പശ്ചിമ ബംഗാളില്‍നിന്നു പുറത്താക്കുകയായിരുന്നു എന്നത്രേ തസ്‌ലീമ 'ഹിന്ദു'വിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞത് (ദ ഹിന്ദു, 28-11-2007).
മതനിരപേക്ഷ മൂല്യങ്ങളോട് ഏറ്റവും കൂറുള്ള പാര്‍ട്ടി എന്നവകാശപ്പെടുന്ന സി.പി.ഐ.(എം) ഭരിക്കുന്ന ബംഗാളില്‍നിന്ന് തസ്‌ലീമയ്‌ക്കുണ്ടായ തിക്താനുഭവങ്ങളാണ് മേല്‍വരികളില്‍ തെളിയുന്നത്. അടുത്ത ഏപ്രിലില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തസ്‌ലീമാ പ്രശ്‌നത്തില്‍ മുസ്‌ലീം മതമൗലികവാദികളെ പ്രീതിപ്പെടുത്തുക എന്ന തന്ത്രം സ്വീകരിക്കുകയാണ് അവിടെ സി.പി.എം. ചെയ്‌തതെന്ന് വ്യക്തം. വര്‍ഗീയതയും മതപിന്തിരിപ്പത്തവും വളര്‍ത്തിക്കൊണ്ടായാലും, തെരഞ്ഞെടുപ്പുഗോദയില്‍ വിജയം നേടുക എന്ന ദുഷിച്ച തത്ത്വത്തിലൂന്നിയ ഈ ഹീന രാഷ്‌ട്രീയത്തില്‍ ബലിയാടാവുന്നത് മാര്‍ക്‌സിസ്റ്റ് മൂല്യങ്ങള്‍ തന്നെയാണെന്ന ചിന്ത അവരെ അലട്ടിയില്ല. പാര്‍ലമെന്ററി സ്വപ്‌നങ്ങള്‍ ഏത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും ബൂര്‍ഷ്വാ പാര്‍ട്ടികളുടെ അതേ തരംഗ ദൈര്‍ഘ്യത്തില്‍ കൊണ്ടെത്തിക്കുമെന്നതിനുള്ള മുന്‍കാല തെളിവുകളിലേക്ക് മറ്റൊന്നുകൂടി ചേര്‍ക്കപ്പട്ടു, സി.പി.എമ്മിന്റെ ഈ അപചയം വഴി.
കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ കാര്യമെടുക്കുക. തസ്‌ലീമയുടെ വിസാപ്രശ്‌നമായാലും പൗരത്വപ്രശ്‌നമായാലും അവയില്‍ ഉറച്ച തീരുമാനം കൈക്കൊള്ളാന്‍ ആ പാര്‍ട്ടിക്ക് കഴിയേണ്ടതുണ്ട്. പക്ഷേ, ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതകളെപ്പോലെ പ്രീണിപ്പിച്ച് രാഷ്‌ട്രീയനേട്ടമുണ്ടാക്കുന്നതില്‍ ദീര്‍ഘകാലമായി അഭിരമിക്കുന്ന കോണ്‍ഗ്രസ്സ് നസ്‌റീന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന തീരുമാനമാണ് കൈക്കൊണ്ടത്. വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ ചെയ്‌ത പ്രസ്‌താവന അതിന്റെ തെളിവാണ്. തസ്‌ലീമയ്‌ക്ക് തുടര്‍ന്നും അഭയം നല്‍കും എന്ന് മുഖര്‍ജി വെളിപ്പെടുത്തി. പക്ഷേ, അതിന് അദ്ദേഹം ഒരുപാധി വെച്ചിരിക്കുന്നു. 'ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന' വാക്കോ കര്‍മമോ നസ്‌റീന്റെ ഭാഗത്തുനിന്നുണ്ടാവരുത്. എന്നുവെച്ചാല്‍, ഒരു ജീവച്ഛവമായി തസ്‌ലീമയ്‌ക്ക് ഇവിടെ കഴിയാം. അവര്‍ നാവടക്കി, പേനമടക്കി ഒരു മൂലയില്‍ ഒതുങ്ങിയിരുന്നുകൊള്ളണം. പണ്ട് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ഇന്ത്യന്‍ ജനതയോട് സംസാരിച്ച അതേ ഭാഷയും ശൈലിയുമാണിത്. ജനങ്ങളോട് നാവടക്കാനാണ് അന്ന് ഇന്ദിരയും പറഞ്ഞത്. കേന്ദ്രസര്‍ക്കാറിനെ പ്രതിനിധാനം ചെയ്യുന്ന പ്രണബ് മുഖര്‍ജി, ഇത്തരം ഒരുപാധിസഹിതം തസ്‌ലീമയ്‌ക്ക് അഭയം നല്‍കാനുള്ള ഔദാര്യം കാണിക്കുമ്പോള്‍ ഇന്ത്യയെ അദ്ദേഹം സൗദി അറേബ്യപോലുള്ള ഒരു മതാധിപത്യ രാഷ്‌ട്രത്തിന്റെ വിതാനത്തിലേക്ക് ചവിട്ടിത്താഴ്‌ത്തുകയല്ലേ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്? സ്‌ത്രീകളുടെ സാമൂഹിക പദവിയെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമൊക്കെയാണ് തസ്‌ലീമാ നസ്‌റീന്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തിട്ടുള്ളത്. അത്തരം മൂല്യങ്ങള്‍ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നാണോ കേന്ദ്രസര്‍ക്കാറിന്റെ വാദം? എങ്കില്‍, മതേതര മാനവികതയുടെ പ്രോജ്വല വക്താവായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തോടും നാവടക്കാന്‍ ആവശ്യപ്പെടുമായിരുന്നില്ലേ പ്രണബ് മുഖര്‍ജിമാര്‍?
സി.പി.എമ്മും കോണ്‍ഗ്രസ്സുമടക്കമുള്ള മതേതരപാര്‍ട്ടികള്‍ തസ്‌ലീമാപ്രശ്‌നത്തില്‍ ഉദാസീനമോ നിഷേധാത്മകമോ ആയ നിലപാട് സ്വീകരിച്ചപ്പോള്‍ തീവ്ര ഹൈന്ദവ വലതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പി. നസ്‌റീന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം പൊക്കിപ്പിടിച്ച് പടക്കളത്തിലിറങ്ങി. തുടങ്ങുംമുമ്പേ തോല്‍ക്കുന്ന യുദ്ധമാണ് തങ്ങളുടേതെന്നു കാണാനുള്ള വിവേകം പോലും ആ പാര്‍ട്ടി പ്രദര്‍ശിപ്പിച്ചില്ല. വാരാണസിയിലെ വിധവകളുടെ ദൈന്യത ചിത്രീകരിക്കുന്ന 'വാട്ടര്‍' എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവായ ദീപാ മേത്തയോടും ദേവീദേവന്മാരുടെ നഗ്നചിത്രം വരച്ച എം.എഫ്. ഹുസൈനോടും ബറോഡയിലെ എം.എസ്. യൂണിവേഴ്‌സിറ്റിയില്‍ തങ്ങള്‍ക്കു രുചിക്കാത്ത കലാവിഷ്‌കാരം നടത്തിയ ചന്ദ്രമോഹന്‍ എന്ന വിദ്യാര്‍ത്ഥിയോടും ഒടുങ്ങാത്ത പകയും വിദ്വേഷവും അസഹിഷ്‌ണുതയും പ്രകടിപ്പിച്ച തങ്ങള്‍, നസ്‌റീന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി രംഗത്തിറങ്ങുന്നതിലെ പൊരുത്തക്കേട് ബി.ജെ.പിക്കാര്‍ ഓര്‍ക്കണമായിരുന്നു. രാഷ്‌ട്രീയക്കളിയുടെ ലഹരിയില്‍ അക്കാര്യം അവര്‍ മറന്നു.
ഇനി, മലയാളത്തിലെ മുഖ്യധാരാ മതേതര പത്രങ്ങള്‍ കൊല്‍ക്കത്താ ഹിംസയോടും തസ്‌ലീമാ നസ്‌റീനോടും സ്വീകരിച്ച നിലപാടുകളിലേക്ക് കടക്കാം. 'ദ ഹിന്ദു' ഉള്‍പ്പെടെ ദേശീയ ഇംഗ്ലീഷ് പത്രങ്ങളില്‍ പലതും കൊല്‍ക്കത്തയിലെ തെരുവ് യുദ്ധത്തെക്കുറിച്ചും തസ്‌ലീമയ്‌ക്കു നേരെ മതഭ്രാന്തന്മാര്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ചും വിമര്‍ശനാത്മകമായി മുഖപ്രസംഗദ്വാരാ പ്രതികരിച്ചപ്പോള്‍ മലയാളത്തില്‍ മതനിരപേക്ഷ മൂല്യങ്ങളോടൊപ്പം നില്‍ക്കുന്നു എന്നു പറയപ്പെടുന്ന പ്രമുഖ പത്രങ്ങളൊന്നും നസ്‌റീന് (മതേതര മാനവികതയ്‌ക്ക്) അനുകൂലമായി ഒരു മുഖപ്രസംഗം പോലുമെഴുതാന്‍ തയ്യാറായില്ല. (പ്രണബ് മുഖര്‍ജിയുടെ സോപാധിക ഔദാര്യം പുറത്തുവന്നശേഷം ഒരു പത്രം മുഖപ്രസംഗമെഴുതി എന്നത് മറക്കുന്നില്ല.) എതാനും ദിവസങ്ങള്‍ക്കുമുമ്പ് സൗദി അറേബ്യയില്‍, കൂട്ടബലാത്സംഗത്തിനിരയായ ഒരു സ്‌ത്രീയെ വ്യഭിചാരക്കുറ്റത്തിന് ശിക്ഷിക്കുക എന്ന കാട്ടാളനീതി നടപ്പാക്കപ്പെട്ടപ്പോഴും സുഡാനില്‍ ഒരു പാവക്കരടിയെ മുഹമ്മദ് എന്ന് വിളിക്കാന്‍ വിദ്യാര്‍ഥികളെ അനുവദിച്ചു എന്നാരോപിച്ച് ബ്രിട്ടീഷുകാരിയായ ഒരു സ്‌കൂള്‍അധ്യാപികയ്‌ക്ക് ജയില്‍ശിക്ഷ നല്‍കപ്പെട്ടപ്പോഴും ഇതേ പത്രങ്ങള്‍ മൗനം ദീക്ഷിച്ചു. മത വലതുപക്ഷത്തിന്റെ, വിശിഷ്യാ മുസ്‌ലിംമത വലതുപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധവും പലപ്പോഴും പ്രാകൃതവുമായ ചെയ്‌തികളെ വിമര്‍ശനാത്മകമായി സമീപിക്കാതിരിക്കുക എന്ന നയമത്രേ ഇത്തരം പത്രങ്ങള്‍ പിന്തുടരുന്നത്. നൂറ് തസ്‌ലീമമാര്‍ വേട്ടയാടപ്പെട്ടാലെന്ത്, പതിനായിരക്കണക്കിന് മതമൗലികവാദികള്‍ തങ്ങളുടെ പത്രം വാങ്ങുമല്ലോ എന്ന ശുദ്ധവ്യാപാരചിന്ത നമ്മുടെ സെക്യുലര്‍പത്രങ്ങളെ നയിക്കുന്നു എന്നു വേണം കരുതാന്‍.
മുസ്‌ലിം മത വലതുപക്ഷത്ത് നിലയുറപ്പിച്ച അഞ്ചു പത്രങ്ങള്‍ മലയാളത്തിലുണ്ട്. മതനിരപേക്ഷ മൂല്യങ്ങളോ ലിംഗസമത്വമോ ഒന്നും ഉയര്‍ത്തിപ്പിടിക്കുന്നവയല്ല അവ. അതിനാല്‍ത്തന്നെ ആ പത്രങ്ങള്‍ തസ്‌ലീമയോട് അനുഭാവം പുലര്‍ത്തുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. തസ്‌ലീമയ്‌ക്കു നേരെ ആക്രമണമുണ്ടായപ്പോഴെല്ലാം അതിനെ നിസ്സാരവത്‌ക്കരിക്കാനോ അല്ലെങ്കില്‍ തെളിഞ്ഞും ഒളിഞ്ഞും ന്യായീകരിക്കാനോ ആണ് അവ ശ്രമിച്ചുപോന്നിട്ടുള്ളത്. കൊല്‍ക്കത്താ സംഭവത്തിന്റെ പശ്ചാത്തലത്തിലും അവ സ്വീകരിച്ചത് ഇതേ നയംതന്നെയാണ്. തസ്‌ലീമയെ പീറ സാഹിത്യകാരിയായും അവരുടെ കൃതികളെ പീറ സാഹിത്യമായും അപഹസിച്ച് സായുജ്യമടയുകയാണ് അവ ചെയ്‌തത്. അത്തരം ചില പത്രങ്ങളുടെ എഡിറ്റോറിയല്‍ വിഭാഗത്തിലിരിക്കുന്ന മുല്ലാ-മുസ്‌ല്യാര്‍ മനോഭാവക്കാരായ ചിലര്‍ ടി.വി. ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ഇതേ പല്ലവി ആവര്‍ത്തിക്കുകയുണ്ടായി: തസ്‌ലീമാ നസ്‌റീന്‍ പീറ സാഹിത്യകാരിയാണ്! മദ്രസകളുടെ പാഠ്യപദ്ധതിയെക്കുറിച്ച് ഇത്തരക്കാര്‍ സംസാരിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, സാഹിത്യമെന്നത് അങ്ങാടിമരുന്നോ പറിമരുന്നോ എന്നറിയാത്തവര്‍ സാഹിത്യത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുന്നതിലെ യുക്തി ചോദ്യംചെയ്യപ്പെട്ടേ മതിയാവൂ.
(കടപ്പാട് : മാതൃഭൂമി)
16 comments:
തസ്ലീമ സംഭവത്തെക്കുറിച്ച് ബ്ലോഗ്ഗര്‍മാരേ നിങ്ങള്‍ക്കെന്തെങ്കിലും അഭിപ്രായമുണ്ടോ ?
സുരക്ഷിതത്വം, സ്വാതന്ത്ര്യം .... ഇപ്പോഴും ഒരു സ്വപ്നം മാത്രം..... ഇതിനെ ജനാധിപത്യം എന്ന് ഓമനപ്പേരിട്ടു വിളിക്കാം....
അതോടൊപ്പം ചേര്‍ത്തു വായിക്കാന്‍:
കേരളത്തില്‍ നിന്നും മുസ്ലിം ലീഗ് പ്രതികരിച്ചിരുന്നു... 'അവരെ ഇന്ത്യയില്‍ നിന്നും നാടുകടത്തണമെന്ന്...'
എന്തു ചെയ്യാം നമുക്ക്?
ഇതൊക്കെ വിളിച്ചു പറയുന്നതിനു നന്ദിയുണ്ട് സുകുമാരന്‍ മാഷെ..
തെരെഞ്ഞെടുപ്പു രാഷ്ട്രീയം ആകെയുള്ള സെക്യുലര്‍ പ്രതീക്ഷയായിരുന്ന കമ്മ്യുണിസ്റ്റുകളെയും മാറ്റിക്കളഞ്ഞതു കഷ്ടം തന്നെ.
ഇന്‍ഡ്യന്‍ യുക്തിവാദി സംഘത്തിന്‍റെ (റാഷനലിസ്റ്റ് ഇന്‍റര്‍നാഷണല്‍) ന്‍റെ മൊതലാളി സനല്‍ ഇടമറുകു് സാറിന്‍റെ ന്യൂസ്‌ലെറ്ററില്‍ സ്ഥിരം വിഷയമായിരുന്നു തസ്ലിമ. ഇപ്പോ അങ്ങേര്‍ക്കും ഇതില്‍ താല്‍പര്യം കാണുന്നില്ല. അഭയം കൊടുക്കാന്‍ പറഞ്ഞാലോ ന്നു പേടിച്ചിട്ടാവും.
പിന്നെ തസ്ലിമയുടെ കൃതികളൊന്നും ഞാന്‍ വായിച്ചിട്ടില്ല. എങ്കിലും എം. കൃഷ്ണന്‍നായര്‍ സാര്‍ വാരഫലത്തില്‍ പണ്ട് ഇവരെയും റുഷ്ദിയേയും താരതമ്യപ്പെടുത്തിയതോര്‍മ്മയുണ്ട്. തസ്ലിമയുടേതു സാഹിത്യമെന്ന നിലക്കു വളരെ മോശമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. (വിലയിരുത്തലിനെ പറ്റി പറഞ്ഞതുകൊണ്ടു പറഞ്ഞെന്നു മാത്രം. അവരിനി ആധാരം എഴുത്തു കാരി ആണെങ്കിലും അവര്‍ക്കു തോന്നുന്നതു പറയാന്‍ ഒരു മൂക്കര്‍ജിയുടെയും അനുവാദം വേണ്ടാന്നു തന്നെ ആണു അഭിപ്രായം).
മതേതരത്വം കൊട്ടിഘോഷിക്കുമ്പോഴും മത മൌലികവാദികള്‍ക്ക് കുടപിടിക്കുന്നവരെ, “ലജ്ജ” യില്ലേ, നിങ്ങള്‍ക്ക് ലജ്ജയില്ലേ? എന്നല്ലാതെ എന്തു ചോദിക്കാന്‍ മാഷേ..
ഓ.ടോ: മാഷേ, നമ്മള്‍ തൊട്ടടുത്ത അയല്‍ നാട്ടുകാരാ.. ഞാന്‍ മമ്പറത്തിനടുത്താ..
Thanks a lot for publishing this issue in blog.....really great job....
സുകുമാരേട്ടന്‍.............ഇപ്പോള്‍ നമ്മുടെ നാട്ടിലുള്ള നിലവിലുള്ള “ മതേതരത്വം “ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥമൊന്നു വ്യക്തമാക്കാമോ ?...
):-
നചികേതസ്സ് ..മതേതരത്വം എന്ന വാക്കിന്റെ നിലവിലുള്ള യഥാര്‍ത്ഥ അര്‍ത്ഥം എല്ലാ മതങ്ങളേയും വോട്ടിന് വേണ്ടി പരമാവധി പ്രീണിപ്പിക്കുക എന്നാണല്ലോ ഭാജപ തുടങ്ങി കോണ്‍ഗ്രസ്സ് മുതല്‍ മാര്‍ക്സിസ്റ്റുകാര്‍ വരെ നമ്മോട് പറഞ്ഞു തരുന്നത് ... ! ജനാധിപത്യത്തിലെ മതേരത്വമാണിത് . ഇനി മറ്റൊന്നുണ്ട് അത് മതേതരത്വത്തിലെ ജനാധിപത്യമാണ് . അതില്‍ സര്‍ക്കാരിലോ സമൂഹത്തിലോ മതമില്ല . അവിടെ മതം തികച്ചും വ്യക്തിപരമായിരിക്കും . അത്തരം ഒരു മതേതരജനാധിപത്യത്തെക്കുറിച്ച് ഇന്നുള്ള മതങ്ങള്‍ക്കോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ അറിയില്ല . അതാണ് പ്രശ്നം !!
ഇനി മറ്റൊന്നുണ്ട് അത് മതേതരത്വത്തിലെ ജനാധിപത്യമാണ് . അതില്‍ സര്‍ക്കാരിലോ സമൂഹത്തിലോ മതമില്ല . അവിടെമതം തികച്ചും വ്യക്തിപരമായിരിക്കും . അത്തരം ഒരു മതേതരജനാധിപത്യത്തെക്കുറിച്ച് ഇന്നുള്ള മതങ്ങള്‍ക്കോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ അറിയില്ല . അതാണ് പ്രശ്നം………………..
ഇതു തന്നെയല്ലേ യഥാര്‍ത്ഥ പ്രശ്നം, ഇതു മനസ്സിലാക്കാന്‍ തയ്യാറാവാത്ത സമൂഹമുള്ളിടത്തോളം കാലം നമ്മുക്ക് ചര്‍ച്ച ചെയ്യാന്‍ തസ്ലീമയും, റുഷ് ദിയും, ഹുസൈനുമെല്ലാം ആവര്‍ത്തിച്ചുകൊണ്ടിരിയ്കും.
മനസ്സിലാക്കാന്‍ തയ്യാറാവാത്ത സമൂഹമായത് കൊണ്ടല്ലേ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുണ്ടാവുന്നത് നചികേതസ്സ് .... ഇവിടെയെല്ലാ കാര്യങ്ങളും പ്രോപ്പര്‍ ആയിരുന്നുവെങ്കില്‍ നമുക്ക് നേരംകൊല്ലാന്‍ മറ്റ് വല്ല കൊച്ചുവര്‍ത്തമാനവും പറഞ്ഞോണ്ടിരിക്കാമായിരുന്നു . നാളെ ഒരു പക്ഷേ നാം വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഒരു പരിഷ്കൃത സിവില്‍ സമൂഹം രൂപപ്പെട്ടു വന്നെങ്കിലോ എന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് സാംഗത്യമുണ്ടാവുന്നത് . എല്ലാം അങ്ങനെ വിധിക്ക് വിടുന്ന പോലെ വിട്ടാല്‍ നാളെ നമ്മുടെ സന്തതി പരമ്പരകളും ഇവിടെ ജീവിക്കേണ്ടേ . അവര്‍ക്ക് വേണ്ടി മറ്റെല്ലാ കാര്യങ്ങളും ഭദ്രമാക്കുമ്പോള്‍ മനുഷ്യവാസയോഗ്യമല്ലാത്ത ഒരു അപരിഷ്കൃതസമൂഹമാണിവിടെയെങ്കില്‍ പിന്നെ എന്ത് കാര്യം ? ഞാനും നിങ്ങളും വിചാരിച്ചാല്‍ എന്ത് കാര്യം എന്ന് ചോദിച്ചേക്കാം . ഇത്തരം ചര്‍ച്ചകളില്‍ ശുഭാപ്തിവിശ്വസം വെച്ചുപുലര്‍ത്താനേ നമുക്ക് കഴിയൂ !
അവസാനം കേട്ടതു- തസ്ലീമയുടെ വിസ കാലാവധി നീട്ടിക്കൊടുത്തു,പക്ഷെ ഒരു കണ്ടീഷന്‍,തസ്ലീമ ‘ബിഹേവ്’ചെയ്യണം!
വാലൈന്റസ് ദിനത്തില്‍ ഹൈദരബാദില്‍ ബജരഗ് ദള്‍ ആര്‍ഷഭാരതസംസ്കാരം സംരക്ഷിയ്ക്കാന്‍ ഇറങ്ങിയിരുന്നു.വഴിയില്‍ക്കണ്ട യുവമിഥുനങ്ങളെയൊക്കെ ഓടിച്ചിട്ട്പിടിച്ച്,വേദവിധിപ്രകാരം താലികെട്ടിച്ചുവിടുകയായിരുന്നു പരിപാടി.
നല്ല ‘ബിഹേവിയര്‍’അല്ലെ?
ഇടുങ്ങിയ ചിന്താഗതിക്കാരുടെ ചെറുഗ്രൂപ്പുകളില്‍ അകപ്പെട്ട മഹത്തായ കപട സംസ്കാരത്തിന്റെ പ്രതിനിധികളാണു നമ്മള്‍. സ്വതന്ത്രചിന്തയും,അഭിമാനത്തോടെയുള്ള ജീവിതവും ഇവിടെ തോന്ന്യാസങ്ങളാണ്. ബുദ്ധിക്കു പൂട്ടിട്ടു നടക്കുന്നവര്‍ക്കിടയില്‍ നല്ലവരായി അറിയപ്പെടുവാന്‍ വിശകലന ബുദ്ധി പൂട്ടി മാന്യന്മാരാകുക. അതിനെ പൊതു ധാര എന്നു പറയാം. അതില്‍ നിന്നും പുതിയതായി ഒന്നും ഉണ്ടാകില്ല. പുതിയ വഴികള്‍ കണ്ടെത്തുന്നതിനായി അന്യനെ വിമര്‍ശിക്കുന്നതിനുമുന്‍പ് സ്വയം വിമര്‍ശിക്കുക.
തസ്ലീമയും അത്രേ ചെയ്തുള്ളു. മനുഷ്യ സ്നേഹി. മതങ്ങളുടെ ശത്രു.
ഹായ് സുകുമാരന്‍ സാര്‍, ഞാനീ ലോകത്ത് പുതുമുഖമാണ്. സാറിന്റെ കുറ്ച്ചു പോസ്റ്റുകള്‍ വായിച്ചു. ഇനിയങ്ങോട്ടു അഭിപ്രായങ്ങള്‍ അരിയിക്കാം. തസ്ലീമയുടെ കാര്യത്തില്‍ സാറിന്റെ പോസ്റ്റ് വായിച്ചു. “പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും ഇരട്ടത്താപ്പ്" എന്ന തലക്കെട്ടാണു ഇതെഴുതിച്ചത്.
ആ തലക്കെട്ടു കണ്ടപ്പോള്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളായ സി പി എം ന്റെ പി ബി മെമ്പറായ സീതാറാം യെചൂരിയുടെ കോട്ടയത്തെ പ്രസംഗത്തിലെ പ്രസക്തമായ ഒരു കാര്യം ഓര്‍ത്തുപോയി. ന്യൂനപക്ഷ പീഡനത്തെപ്പറ്റി പറയുമ്പോള്‍ ( മറ്റു പലയിടത്തും അദ്ദേഹം പറഞ്ഞിട്ടുണ്ട് ) അദ്ദേഹം ഒറീസ്സയിലെ കലാപപ്രദേശങ്ങള്‍ (ക്രിസ്ത്യന്‍ മിഷനറിമാരെ ഹിന്ദു വര്‍ഗീയവാദികള്‍ ആക്രമിച്ച പ്രദേശം) താന്‍ സ്ന്ദര്‍ശിച്ച കാര്യം പലവട്ടം എടുത്തു പറയുകയുണ്ടായി. തസ്ലീമയുടെ കാര്യം, അതും സഖാവിന്റെ ബംഗാളില്‍ സംഭവിച്ചപ്പോള്‍ എവിടെയായിയിരുന്നു എന്നു ഓര്‍ത്തുപോയി. അല്ല സുകുമാരന്‍ സാറെ ഈ സിപിഎമ്മുകാര്‍ ഹിന്ദു വര്‍ഗീയതയെ മാത്രമെ എതിര്‍ക്കുന്നുള്ളോ?. നമ്മുടെ ചരിത്രത്തില്‍ മറിച്ചെന്തെങ്കിലും ഉദാഹരണങ്ങളുണ്ടോ.
കടത്തനാടനോട് : ഏതെങ്കിലും കാര്യത്തെക്കുറിച്ച് ഇപ്പോള്‍ സി.പി.എമ്മിന് തത്വാധിഷ്ടിത നിലപാട് ഉണ്ടാകാറുണ്ടോ എന്നറിയില്ല . സന്ദര്‍ഭങ്ങളേയും പ്രശ്നങ്ങളേയും തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസൃതമായി വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്ന ഒരു രീതിയാണ് അവര്‍ പിന്തുടരുന്നത് . ഒരു രാഷ്ട്രീയപ്രസ്ഥാനം എന്നതിലുപരി സി.പി.എം ഇപ്പോള്‍ കോടിക്കണക്കിന് രൂപയുടെ ബിസിനസ്സ് നടത്തുന്നതും അത്ര തന്നെ ദൈനംദിന വരുമാനവുമുള്ള ഒരു സ്ഥാപനമാണ് . ആ സ്ഥാപനം തകരാതെ നോക്കുകയും വളര്‍ത്തിക്കൊണ്ടു വരികയുമാണ് ഇപ്പോള്‍ അതിന്റെ നേതാക്കളും പ്രവര്‍ത്തകരും ചെയ്യുന്നത് . അത്കൊണ്ട് സി.പി.എം നേതാക്കളുടെ പ്രസ്ഥാവനകള്‍ ഒന്നും മുഖവിലക്കെടുക്കേണ്ടതില്ല എന്നാണെനിക്ക് തോന്നുന്നത് . എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇന്ന് അധ:പതിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയവും ബിസിനസ്സും കൂട്ടി യോജിപ്പിച്ച് ഇത്ര സമര്‍ത്ഥമായി നടത്തിക്കൊണ്ടു പോകുന്ന മറ്റൊരു പാര്‍ട്ടി ഇന്ത്യയിലില്ല .
നല്ലൊരു പോസ്റ്റ്..
വളരെ നല്ല നിരീക്ഷണങ്ങള്‍ .... :)
എല്ലാ ആശംസകളും നേരുന്നു...
Post a Comment