Links

പാക്കിസ്ഥാന്‍ : തെരഞ്ഞെടുപ്പിന് ശേഷം !

പാക്കിസ്ഥാനില്‍ സംഭവബഹുലമായ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലങ്ങള്‍ മിക്കവാറും പുറത്ത് വന്നുകഴിഞ്ഞു . ബേനസീര്‍ ദാരുണമായി വധിക്കപ്പെട്ടെങ്കിലും അതിന്റെ ഫലമായി ഉണ്ടാവുമായിരുന്ന ഒരു സഹതാപതരംഗം അവരുടെ ഭര്‍ത്താവ് സര്‍ദാരിയുടെ രംഗപ്രവേശത്തോടെ ഇല്ലാതാവുകയായിരുന്നു . 35 ശതമാനം പേര്‍ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എങ്കിലും ഈ തെരഞ്ഞെടുപ്പ് പാക്കിസ്താനെ സംബന്ധിച്ചെടുത്തോളം ആ രാജ്യത്തിന് ജനാധിപത്യം തിരിച്ചു കിട്ടുന്നതിന് ഒരു സുവര്‍ണ്ണാവസരം തന്നെയാണ് . മുഷറഫിന് ആണ് ഏറ്റവും കൂടുതല്‍ തിരിച്ചടി ഉണ്ടായത് , അത് പ്രതീക്ഷിച്ചത് തന്നെയാണെങ്കിലും . നമ്മുടെ രാജ്യത്ത് കോണ്‍ഗ്രസ്സും ബി.ജെ.പി.യും പോലെ നേര്‍ക്ക് നേര്‍ പൊരുതുന്ന രണ്ട് പാര്‍ട്ടികളായിരുന്നു പാക്കിസ്ഥാനില്‍ ഭൂട്ടോവിന്റെ പി.പി.പി.യും നവാസ് ഷരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗും . ആ രണ്ട് പാര്‍ട്ടികള്‍ ചേര്‍ന്ന് ഇപ്പോള്‍ അവിടെ ഒരു ഗവണ്മെന്റ് രൂപീകരിക്കാനുള്ള സാധ്യത ഉരുത്തിരിഞ്ഞു വന്നത് ജനാധിപത്യത്തിന്റെ മഹത്തായ സാധ്യത തന്നെയാണ് .

തെരഞ്ഞെടുപ്പ് ഫലം ഒന്ന് അവലോകനം ചെയ്ത് നോക്കാം .

പാക്കിസ്താനിലെ പാര്‍ലമെന്റിലേക്കും (നാഷണല്‍ അസംബ്ലി) നാല് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുമാണല്ലോ തെരഞ്ഞെടുപ്പ് നടന്നത് . ഇത് വരെ പ്രഖ്യാപിക്കപ്പെട്ട ഫലങ്ങള്‍ പ്രകാരം :

പാര്‍ലമെന്റ് (നാഷണല്‍ അസംബ്ലി):
ആകെ സീറ്റ് :272
ഫലം അറിഞ്ഞത് :262

പി.പി.പി (ഭൂട്ടോ/സര്‍ദാരി) : 87
നവാസ് ഷരീഫ് (PML-N) : 67
മുഷറഫ് (PML) : 40
മറ്റുള്ളവര്‍ : ബാക്കി

സര്‍ദാരിയും നവാസ് ഷറീഫും മുന്നണി ഉണ്ടാക്കി ഗവണ്മെന്റ് രൂപീകരിക്കുമെന്നും പി.പി.പി.യുടെ വൈസ് ചെയര്‍മാന്‍ മക്‍ദൂം ആമിന്‍ ഫാഹിം പ്രധാനമന്ത്രി ആകുമെന്നും ഏറെക്കുറെ ഉറപ്പായി. തീരുമാനമാകാന്‍ ശേഷിക്കുന്നത് നിര്‍ദ്ധിഷ്ട സര്‍ക്കാറിന്റെ പ്രവര്‍ത്തന പദ്ധതികളും അതിന്റെ മാര്‍ഗ്ഗ രേഖകളുമാണ് .

ഇനി നാ‍ല് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നോക്കാം . ഭൂട്ടോവിന്റെ പാര്‍ട്ടിക്ക് മേധാവിത്വമുള്ള പ്രവിശ്യയാണ് സിന്ധ് . അവിടെ 130 സീറ്റുകളില്‍ PPP ക്ക് 71 സീറ്റ് കിട്ടിയിട്ടുണ്ട് . ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയത് കൊണ്ട് അവിടെ സര്‍ദാരിയുടെ പാര്‍ട്ടി ഗവണ്മെന്റ് ഉണ്ടാക്കും . പറയത്തക്ക മാറ്റങ്ങള്‍ ഒന്നും അവിടെ ഉണ്ടാവാനില്ല.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബ് ആണ് നവാസ് ഷരീഫിന്റെ കോട്ട . ഇവിടെ മുഷറഫ് നവാസിന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ നല്ലവണ്ണം പരിശ്രമിക്കുകയും സ്വന്തമായി പാര്‍ട്ടി (PML) ഉണ്ടാക്കുകയും ചെയ്തിരുന്നു . ഇവിടത്തെ ഫലം ഇങ്ങനെ :

ആകെ സീറ്റ് : 297
ഫലം അറിഞ്ഞത് :289

ഷരീഫ് (PML-N) : 104
PPP (സര്‍ദാരി) : 79
മുഷറഫ് (PML) : 66
ഇവിടെ നവാസ് ഷരീഫും സര്‍ദാരിയും ചേര്‍ന്നാല്‍ ഗവണ്മെന്റ് രൂ‍പീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട് . ഈ സാഹചര്യമായിരിക്കും ഇവരുടെ മുഴുവന്‍ ഇടപാടുകളും നിര്‍ണ്ണയിക്കുന്നത് . പഞ്ചാബ് നവാസിന് , പാകിസ്ഥാന്‍ സര്‍ദാരിക്ക് . രണ്ട് കക്ഷികളും പരസ്പരം സഹായിക്കുക , ഇതായിരിക്കും ഫോര്‍‌മ്യൂല . സിന്ധ് പ്രവിശ്യയിലെ ഭരണം സര്‍ദാരി സ്വന്തം നിലയില്‍ നടത്തും .

ബാക്കിയുള്ള രണ്ട് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ അത്ര സുഗമമല്ല . ഇവയെ പ്രശ്നസംസ്ഥാനങ്ങള്‍ എന്ന് പറയാം . ഇതില്‍ ബലൂചിസ്ഥാന്‍ , ഒരു ചെറിയ സംസ്ഥാനം . ഇവിടെ ആകെയുള്ള 40 സീറ്റുകളില്‍ മുഷറഫ് അനുകൂല മുസ്ലിം ലീഗ് 18 സീറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് . 11 സീറ്റുകളില്‍ സ്വതന്ത്രന്മാരും വിജയിച്ചിട്ടുണ്ട് . ഭൂരിപക്ഷത്തിന് 3 സ്വതന്ത്രന്മാരെ കൂട്ടു പിടിച്ച് ഇവിടെ ഭരണം കയ്യാളാന്‍ മുഷറഫിന്റെ പാര്‍ട്ടിക്ക് കഴിയും . എന്നാല്‍ വളരെ പിന്‍‌തങ്ങിയ ഈ സംസ്ഥാനത്ത് പ്രബലമായ വിഘടന വാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിട്ട് ഭരണം നടത്തിക്കൊണ്ട് പോവുക എളുപ്പമല്ല .

നാലാമത്തേത് പാക്കിസ്ഥാന്റെ വടക്ക് കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമാണ് . മുസ്ലീം മത മൌലിക വാദ സംഘടനയായ മുത്താഹിദ മജ്‌ലീസ്-ഇ-അമാല്‍ കഴിഞ്ഞ തവണ ജയിച്ച പ്രവിശ്യയാണിത് . എന്നാല്‍ ഇത്തവണ ആ കക്ഷി അവിടെ പരാജയപ്പെട്ടു.

ആകെ സീറ്റ് : 99
ഫലം അറിഞ്ഞത് : 91
അവാമി നേഷനല്‍ പാര്‍ട്ടി : 31
സര്‍ദാരി(പി.പി.പി.) :17
മുത്താഹിദ മജ്‌ലീസ്(MMA): 10
PML-N(നവാസ് ഷെരീഫ്) : 5
PML (മുഷറഫ് ) :5
ബാക്കി സ്വതന്ത്രന്മാരും മറ്റുള്ളവരും .

ഇതാണവിടത്തെ കക്ഷിനില. ഇവിടെ സര്‍ദാരിയുടെ പി.പി.പി.യും അവാമി നേഷണല്‍ പാര്‍ട്ടിയും ചേര്‍ന്ന് ഗവണ്മെന്റ് രൂപീകരിക്കാനുള്ള സാധ്യതയാണുള്ളത് . ആകെ മൊത്തത്തില്‍ പരിശോധിച്ചാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും നേട്ടം കൈവരിക്കാനായത് വധിക്കപ്പെട്ട ബേനസീര്‍ ഭൂട്ടോവിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ പീപ്പ്‌ള്‍സ് പാര്‍ട്ടിക്ക് തന്നെ . നഷ്ടം റിട്ടയര്‍ഡ് ജനറല്‍ മുഷറഫിനും . പട്ടാള മേധാവി സ്ഥാനം ഒഴിഞ്ഞ് യൂനിഫോം ഊരിവെക്കുമ്പോള്‍ ഇത്രവലിയ തിരിച്ചടി ആ ഏകാധിപതി പ്രതീക്ഷിച്ചിരിക്കാനിടയില്ല . എന്നാല്‍ ചില അസന്ദിഗ്ദതകള്‍ ഇപ്പോഴും മുഷറഫിന് തുണയായുണ്ട് .

സര്‍ദാരിയുടേയും നവാസ് ഷരീഫിന്റേയും ഇനിയങ്ങോട്ടുള്ള ലക്ഷ്യങ്ങള്‍ എന്തായിരിക്കും ? മുഷറഫില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന അപമാനങ്ങള്‍ക്ക് പകരം വീട്ടുവാനുള്ള അവസരത്തിന് തക്കം പാര്‍ത്തിരിക്കുകയാണ് നവാസ് ഷരീഫ് . നീതിന്യായ സംവിധാനങ്ങളോട് അത്ര ആദരവുള്ള നേതാവല്ല നവാസ് . അദ്ദേഹത്തിന്റെ അനുയായികള്‍ ഒരിക്കല്‍ പക്കിസ്ഥാന്‍ സുപ്രീം കോടതിക്കകത്ത് കടന്ന് ജഡ്‌ജിമാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട് . എന്നാല്‍ ഇപ്പോള്‍ മുഷറഫിനാല്‍ നിഷ്കാസിതനായ മുന്‍ ചീഫ് ജസ്റ്റിസ് ഇഫ്തിഖര്‍ ചൌധരിയെ തത്സ്ഥാനത്ത് പുന:പ്രതിഷ്ടിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് തങ്ങള്‍ നീതിന്യായവ്യവസ്ഥയുടെ കാവല്‍ മാലാഖമാരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് മുഷറഫിനെതിരെ പ്രതികാരം ചെയ്യാന്‍ വേണ്ടി മാത്രമാണ് .

ഇനി സര്‍ദാരിയാണെങ്കില്‍ ശരിയായ കള്ളനായിരുന്നു . ബേനസീര്‍ ഭൂട്ടോവിന് അധികാരം നഷ്ടപ്പെടാനുണ്ടായ കാരണം തന്നെ അവരുടെ ഈ മുടിയനായ ഭര്‍ത്താവായിരുന്നു . ഇപ്പോള്‍ ജനാധിപത്യത്തിന്റെയും , പ്രധാനമന്ത്രിസ്ഥാനം വൈസ് ചെയര്‍മാന് നല്‍കുക വഴി ത്യാഗത്തിന്റെയും പ്രതിപുരുഷനാകാന്‍ ശ്രമിക്കുന്ന സര്‍ദാരി തന്റെ ഭാര്യ അധികാരത്തിലിരുന്ന നാളുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ പാക്കിസ്ഥാനെ കൊള്ളയടിക്കുകയായിരുന്നു . ഇപ്പോള്‍ മുഷറഫിനെ പെട്ടെന്ന് സ്ഥാനഭൃഷ്ടനാക്കണമെന്ന് സര്‍ദാരിക്ക് തോന്നാനിടയില്ല . ഒരേ സമയം മുഷറഫിനെയും നവാസ് ഷെരീഫിനെയും പ്രീണിപ്പിക്കാനായിരിക്കും തന്ത്രപൂര്‍വ്വം സര്‍ദാരി ശ്രമിക്കുക . മുഷറഫിന് അനുകൂലമായ ഒരു ഘടകം ഇതാണ് .

നമ്മെ സംബന്ധിച്ചെടുത്തോളം , പുറത്താക്കപ്പെട്ട മുന്‍ ചീഫ് ജസ്റ്റീസുമാരായ ഇഫ്തിഖര്‍ ചൌധരിക്കും റാണാ ഭഗവന്‍ ദാസിനും തങ്ങളുടെ പദവി തിരിച്ചു കിട്ടുന്നത് എപ്പോഴാണ് എന്നതാണ് ആകാംക്ഷയുള്ള വിഷയം . ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ പാക്കിസ്ഥാന്‍ പട്ടാളം മൌനം പാലിക്കുന്നതാണ് ശുഭോദര്‍ക്കമായ ഒരു കാര്യം . ഇനി മേലില്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടുകയില്ല എന്ന് പട്ടാളം തീരുമാനിക്കുകയാണെങ്കില്‍ പാക്കിസ്ഥാനിന്റെ ജനാധിപത്യ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം വരവായി എന്ന് നമുക്കും സന്തോഷിക്കാം .

MMA അതായത് മുത്താഹിദ മജ്‌ലീസിന്റെ പരാജയം , അവിടെ തീവ്രവാദത്തിന്റെ അവസാനത്തിന്റെ ആരംഭമാണെന്ന് സന്തോഷിക്കാന്‍ കഴിയില്ല. കാരണം പാക്കിസ്ഥാന്‍ ഇപ്പോഴും സമ്പത്തീകമായി അത്ര പുരോഗതിയുള്ള രാജ്യമല്ല. ഭരണം മാറി വന്നാലും വികസനത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ അവിടത്തെ നേതാക്കള്‍ക്ക് അടുത്തൊന്നും കഴിയില്ല . പാക്കിസ്ഥാന്റെ വികസനം എന്ന് പറയുന്നത് ഇന്ത്യയുമായി സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു വിദേശ നയം അവര്‍ സ്വീകരിക്കുന്നതിനെയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് . അതിന് ആദ്യമായി പട്ടാളത്തിന്റെ ഇടപെടലുകളില്ലാത ഒരു ജനാധിപത്യഭരണം അവിടെ വേരുറക്കണം .

പക്ഷെ പാക്കിസ്ഥാനില്‍ നടക്കാന്‍ പോകുന്നത് പരസ്പരം പ്രതികാരം തീര്‍ക്കുന്നതിന്റെ ഒരു രാഷ്ട്രീയമായിരിക്കും . അത് ആ രാജ്യത്തിന്റെ വികസനത്തെ പിന്നെയും പിറകോട്ടടിപ്പിക്കുകയേയുള്ളൂ . സാമ്പത്തികമായ പിന്നോക്കാവസ്ഥ തീവ്രവാദത്തിന്റെ മാതാവാണല്ലോ . പൊതുജനത്തിന്റെ ആശയാഭിലാഷങ്ങള്‍ തീവ്രവാദികള്‍ ഒരിക്കലും പരിഗണിക്കാറില്ല. തീവ്രവാദത്തെ പാക്കിസ്ഥാന്‍ മണ്ണില്‍ കുഴിച്ചുന്നതിന് വേണ്ടി നവാസ് ഷരീഫിനും , സര്‍ദാരിക്കും , മുഷറഫിനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയില്ല . താലിബാനെ തകര്‍ക്കാന്‍ ഇവര്‍ മൂവരും ഒന്നിച്ച് പരിശ്രമിച്ചാലേ കഴിയുകയുള്ളൂ താനും .

ഇന്ത്യയുമായുള്ള പാക്കിസ്ഥാന്റെ ബന്ധത്തില്‍ അടുത്തൊന്നും വലിയ മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല. ആഭ്യന്തരമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ അവര്‍ക്ക് ധാരാളം സാവകാശം ആവശ്യമുണ്ട് . എന്നാല്‍ കാഷ്മീര്‍ വിഘടനവാദികള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ അവര്‍ക്ക് കഴിയാതെ വന്നേക്കും . ഈ അനുകൂല സാഹചര്യം മുതലെടുത്ത് നാം കാഷ്മീരില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതുണ്ട് . നമ്മെ സംബന്ധിച്ചെടുത്തോളം കാഷ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള അവസരമായി പാക്കിസ്ഥാലെ മാറ്റങ്ങള്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അത് രണ്ട് രാജ്യങ്ങള്‍ക്കും ഗുണകരമായിരിക്കും .

പാകിസ്ഥാന്റെ പുരോഗതിക്കുള്ള തടസ്സം താലിബാന്‍ തീവ്രവാദമാണ് . അതിനെ എതിര്‍ത്ത് തോല്‍പ്പിക്കുന്നതിലാണ് അവരുടെ പുരോഗതി . പാക്കിസ്ഥാന്റെ മാത്രമല്ല മാനവരാശിയുടെ തന്നെ മുന്നോട്ടുള്ള മാര്‍ഗ്ഗത്തിലെ പ്രതിബന്ധം ഇന്ന് തീവ്രവാദമാണ് , അതിലും ഇസ്ലാമിക തീവ്രവാദമാണ് ഏറ്റവും മാരകമായത് .

പാക്കിസ്ഥാനെക്കുറിച്ച് വിശദമായ തെഹല്‍ക അവലോകനം ഇവിടെ !

5 comments:

Unknown said...

ഇന്ത്യയുമായുള്ള പാക്കിസ്ഥാന്റെ ബന്ധത്തില്‍ അടുത്തൊന്നും വലിയ മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല. ആഭ്യന്തരമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ അവര്‍ക്ക് ധാരാളം സാവകാശം ആവശ്യമുണ്ട് . എന്നാല്‍ കാഷ്മീര്‍ വിഘടനവാദികള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ അവര്‍ക്ക് കഴിയാതെ വന്നേക്കും . ഈ അനുകൂല സാഹചര്യം മുതലെടുത്ത് നാം കാഷ്മീരില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതുണ്ട് . നമ്മെ സംബന്ധിച്ചെടുത്തോളം കാഷ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള അവസരമായി പാക്കിസ്ഥാലെ മാറ്റങ്ങള്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അത് രണ്ട് രാജ്യങ്ങള്‍ക്കും ഗുണകരമായിരിക്കും

JEOMOAN KURIAN said...

നല്ല സംഗ്രഹം. മുഷാറഫിനെ മാത്രം അശ്രയിച്ചു കൊണ്ടുള്ള അമേരിക്കന്‍ ഭീകരപ്രവര്‍ത്തന ചെറുക്കല്‍ തന്ത്രങ്ങളും പിഴക്കുന്നു എന്നു വേണം കരുതാന്‍.

പാമരന്‍ said...

വായിച്ചു. മുഷാറഫ്‌ അമേരിക്കയെ പ്രീണിപ്പിക്കാനായിരുന്നെങ്കിലും ഫണ്ടമെന്‍റലിസ്റ്റുകളെ കുറച്ചു അടക്കി നിര്‍ത്തിയിരുന്നു. അവരുടെ ജനസ്വാധീനം കൂടിയല്ലേ തെരെഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്? അങ്ങനെ നോക്കിയാല്‍ തീവ്രവാദത്തിന്‍റെ ഒരു ഉയര്‍ച്ചകൂടി നമ്മള്‍ കാണേണ്ടി വരുമോ? അവര്‍ക്കു വേണ്ടി ഗവര്‍മെണ്ടിന്‍റെ കാശെറങ്ങില്ലായിരിക്കും എന്നതിനോട്‌ യോജിക്കുന്നു..

Story Teller said...

നന്നായിട്ടുണ്ടു കെ. പി

Rajesh Paverikkara said...

വായിച്ചു.... നന്നായിരിക്കുന്നു...