Links

ജൂണിൽ കാലവർഷം തുടങ്ങുന്നത് എങ്ങനെ?

എന്താണു മേഘം?

ഭൂമിയിലെ സമുദ്രങ്ങൾ, പുഴകൾ,ജലാശയങ്ങൾ, കുളങ്ങൾ, മണ്ണ് അങ്ങനെ എവിടെ ജലാംശമുണ്ടോ അതിൽ നിന്നെല്ലാം ജലം സൂര്യതാപത്താൽ ബാഷ്പീകരിച്ച് നീരാവിയായി മേലോട്ട് പോകുന്നു. ഇങ്ങനെ മേലോട്ട് പോകുന്ന നീരാവി തണുത്ത് ജലകണികകളായി മാറുന്നു. ഈ ജലകണികകൾ അന്തരീക്ഷത്തിൽ പാറിക്കളിക്കുന്ന പൊടിപടലങ്ങളുമായി ഒട്ടിച്ചേർന്ന് മേഘം ഉണ്ടാകുന്നു. അതായത് പൊടിപടലത്തിന്റെ കണികകൾക്ക് ചുറ്റും ജലകണികകൾ ഒട്ടിപ്പിടിക്കുന്നു. ഇങ്ങനെ ഒട്ടിപ്പിടിച്ച ജലകണികകൾ ചേർന്നാണു മേഘം ഉണ്ടാകുന്നത്. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ വെറും നീരാവി മാത്രം കൊണ്ട് മേഘങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
മേഘങ്ങൾ പല തരത്തിലുണ്ടെങ്കിലും ക്യുമുലോനിംബസ് (Cumulonimbus clouds) എന്ന കാർമേഘമാണു മഴ പെയ്യിക്കുന്നത്. കാർമേഘത്തിനു കറുത്ത നിറം തോന്നാൻ കാരണം അത് സൂര്യപ്രകാശം തീരെ കടത്തി വിടാത്തത് കൊണ്ടാണ് .ഭൂമിയിൽ നിന്ന് നോക്കുമ്പോഴാണു കാർമേഘത്തിനു കറുപ്പ് നിറം. എന്നാൽ വിമാനത്തിൽ നിന്ന് താഴോട്ട് നോക്കിയാൽ അതേ മേഘം വെളുപ്പായി തോന്നും. കാരണം അപ്പോൾ ആ മേഘം സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതാണ് വിമാനത്തിൽ നിന്ന് കാണുന്നത്.
എന്താണ് കാറ്റ്?
സൂര്യന്റെ ചൂട് കൊണ്ട് കര വേഗം ചൂടു പിടിക്കുന്നു. എന്നാൽ സമുദ്രം വളരെ സാവധാനം മാത്രമേ ചൂട് പിടിക്കുന്നുള്ളൂ. അതിനു കാരണം കടൽ അതിന്റെ 200 മീറ്ററോളം ആഴത്തിലേക്ക് സൂര്യപ്രകാശത്തെ കടത്തി വിടുന്നു എന്നതാണ്. ചൂടു പിടിച്ച കരയുടെ ഉപരിതലത്തിലുള്ള വായു വേഗത്തിൽ ചൂടാവുന്നു. കടലിന്റെ ഉപരിതലത്തിലുള്ള വായു അത്ര വേഗത്തിൽ ചൂടാകുന്നുമില്ല.അങ്ങനെ കരയുടെയും കടലിന്റെയും ഉപരിതലങ്ങളിൽ ഉള്ള വായുവിന്റെ ഊഷ്മാവിൽ അഞ്ച് മുതൽ പത്ത് വരെ സെൽഷ്യസ് ഡിഗി താപവ്യത്യാസം ഉണ്ടാകാം. ചൂട് പിടിക്കുന്ന വായു മേൽപ്പോട്ടേക്ക് പോകും. ആ വിടവിൽ തണുത്ത വായു കടന്നുവരും. അതായത് കരയിലെ ചൂട് പിടിച്ച വായു മേൽപ്പോട്ട് പോകുമ്പോൾ കടലിലെ തണുത്ത വായു കരയിലേക്ക് പ്രവഹിക്കും. കാറ്റ് ഉണ്ടാകുന്നത് ഇങ്ങനെയാണു. ചലിക്കുന്ന വായുവിനെയാണ് കാറ്റ് എന്ന് പറയുന്നത്.
എന്താണ് കാലവർഷം?
തെക്ക് പടിഞ്ഞാറൻ കാറ്റ് (മൺസൂൺ) മൂലം ജൂൺ മാസം മുതൽ മഴ പെയ്യുന്ന പ്രതിഭാസത്തെയാണല്ലോ നമ്മൾ കാലവർഷം എന്ന് പറയുന്നത്. അപ്പോൾ എങ്ങനെയാണ് മൺസൂൺ ഉണ്ടാകുന്നത് എന്ന് നോക്കാം.
വേനൽക്കാലത്ത് രാജസ്ഥാനിലെ താർ മരുഭൂമിയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും കഠിനമായി ചൂടാകും. അപ്പോൾ ആ പ്രദേശങ്ങളിലെ വായു ചൂട് കൊണ്ട് മേൽപ്പോട്ടേക്ക് ഉയരും. അങ്ങിനെ അവിടത്തെ വായു ചൂടായി മേൽപ്പോട്ട് പോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് തണുത്ത വായു കാറ്റായി തെക്ക് പടിഞ്ഞാറു ദിക്ക് നോക്കി വീശും.അങ്ങനെ വീശുന്ന തണുത്ത കാറ്റ് ഹിമാലയ പർവ്വതത്തിലേക്ക് നീങ്ങുകയും ഹിമാലയം ആ കാറ്റിനെ ഒരു വൻമതിൽ പോലെ തടുത്ത് നിർത്തുകയും ചെയ്യും. അങ്ങനെ തടുത്ത് നിർത്തപ്പെടുന്ന തണുത്ത കാറ്റ് മേഘങ്ങളെ തണുപ്പിക്കുകയും , തണുക്കുന്ന മേഘം കൂടുതൽ ഘനീഭവിച്ച് കനം മൂലം ഭൂമിയുടെ ആകർഷണത്താൽ താഴേക്ക് പതിക്കുന്നതാണു മഴയായി പെയ്യുന്നത്. ഇപ്രകാരം തെക്ക് പടിഞ്ഞാറൻ കാറ്റ് ഹിമാലയം നോക്കി സഞ്ചരിക്കുമ്പോൾ അതിനെ പശ്ചിമഘട്ട മലനിരകളും തടഞ്ഞു നിർത്തുന്നത് കൊണ്ടാണ് കേരളത്തിൽ കൂടുതൽ മഴ കിട്ടുന്നത്. പശ്ചിമഘട്ടവും കടന്ന് പോകുന്ന കാറ്റിനെ ഹിമാലയം തടഞ്ഞു നിർത്തുന്നത് കൊണ്ട് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മഴ പെയ്യുന്നു.
നമ്മുടെ പശ്ചിമഘട്ട മലനിരകളും ഹിമാലയപർവ്വതവും ഇല്ലായിരുന്നെങ്കിൽ തെക്ക് പടിഞ്ഞാറൻ കാലവർഷക്കാറ്റ് ഇന്ത്യയിൽ ഒരു തുള്ളി മഴ പെയ്യിക്കാതെ തിബത്ത് , പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് നേരെ ടൂർ പോയിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.
NB: ശരി, ചലിക്കുന്ന വായു ആണ് കാറ്റ് എന്ന് പറഞ്ഞല്ലോ അപ്പോൾ വായു എന്താണ്? അന്തരീക്ഷത്തിലെ ഓക്സിജൻ, നൈട്രജൻ,കാർബൺ ഡൈഓക്സൈഡ് മുതലായ വാതക തന്മാത്രകളുടെ ആകെത്തുകയെ ആണ് വായു എന്ന് പറയുന്നത്. ഭൂമി അതിൻ്റെ ആകർഷണബലം കൊണ്ട് ഇപ്പറഞ്ഞ വാതകതന്മാത്രകളെ ഭൂമിക്ക് ചുറ്റും പിടിച്ചു വയ്ക്കുന്ന പരിധിയെ ആണ് അന്തരീക്ഷം എന്ന് പറയുന്നത്. ചന്ദ്രന് ഭൂമിയുടെ ആറിലൊന്ന് ആകർഷണബലം മാത്രമേയുള്ളൂ. അതുകൊണ്ട് ചന്ദ്രന് വാതകങ്ങളെ പിടിച്ചു വെക്കാൻ കഴിയുന്നില്ല. അതിനാലാണ് ചന്ദ്രനിൽ വായുവും അന്തരീക്ഷവും ഇല്ലാത്തത്.

No comments: