യോഗ അടുത്ത നൂറ്റാണ്ടിന്റെ സംയോജിത-സമഗ്ര ആരോഗ്യപദ്ധതിയാണു.

2300 വർഷങ്ങൾക്ക് മുൻപ് പതജ്ഞലി മഹർഷിയാണു യോഗ കണ്ടുപിടിച്ചത്. പരമശിവൻ പാർവ്വതിക്ക് ഉപദേശിച്ചതാണു യോഗ എന്നൊരു വിശ്വാസം നിലവിലുണ്ടെങ്കിലും പതജ്ഞലി മുനിയാണു യോഗയുടെ പിതാവ് എന്ന കാര്യത്തിൽ തർക്കമില്ല. ആയുർവേദത്തേക്കാളും പ്രധാനപ്പെട്ട ചികിത്സാപദ്ധതിയാണു യോഗ. ആയുർവേദം ശരീരത്തെ മാത്രം ചികിത്സിക്കുമ്പോൾ യോഗ ശരീരം, ആത്മാവ്, മനസ്സ് എന്നിങ്ങനെ മൂന്നിനെയും ശുദ്ധീകരിക്കുകയും പ്രതിരോധിക്കുകയും ആരോഗ്യപൂർണ്ണമാക്കുകയും  ചെയ്യുന്ന സമ്പൂർണ്ണചികിത്സാപദ്ധതിയാണു. ലോകജനതയ്ക്ക് ശാരീരികമായും മാനസീകമായും ആത്മീയമായും സമ്പൂർണ്ണസുഖവും ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഈ ദിവ്യചികിത്സാസമ്പ്രദായം രണ്ടായിരത്തിമുന്നറു സംവത്സരങ്ങളായി പൊടി പിടിച്ചു കിടക്കുകയായിരുന്നു.

അത് പൊടിതട്ടിയെടുത്ത് ലോകജനതയ്ക്ക് സമർപ്പിക്കാൻ ഒരു നരേന്ദ്ര മോദി വേണ്ടി വന്നു. മോദി നേതൃത്വം നൽകി. ലോകജനത നമിച്ചു. മോദിയോടൊപ്പം ഇന്നലെ (21-06-2015) ലോകം യോഗദിനം ആചരിച്ചു. അങ്ങനെ പതജ്ഞലി മുനിയോടൊപ്പം നരേന്ദ്രമോദിയുടെ പേരും ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടു. ലോകത്തിനു ഭാരതം നൽകിയ ഏറ്റവും വലിയ സംഭാവനയാണു യോഗ. സൂര്യനമസ്ക്കാരം യോഗയുടെ അവിഭാജ്യഘടകം ആണെങ്കിലും മുസ്ലീങ്ങൾക്ക് വേണ്ടി അതിൽ ഇളവ് വരുത്തിയിട്ടുണ്ട്. അങ്ങനെയാണു ലോകമുസ്ലീം രാജ്യങ്ങളിൽ ഏറിയകൂറും യോഗയിൽ അണിനിരന്നത്.

യോഗ മോദി തട്ടിയെടുക്കുകയാണു എന്ന നിലവിളിയുമായി അസൂയാലുക്കളായ കോൺഗ്രസ്സുകാർ രംഗത്തെത്തിയിട്ടുണ്ട്. ഗാന്ധിജിയും നെഹൃവും ഇന്ദിരാഗാന്ധിയും യോഗ ചെയ്യുന്നതിന്റെ ഫോട്ടോകളും അവർ പുറത്ത് വിട്ടു. വെറും യോഗ ചെയ്താൽ ആയോ? പതജ്ഞലി മുനിയാൽ താളിയോലകളിൽ വിരചിതമായ യോഗശാസ്ത്രം ആധുനികമായ ശാസ്ത്രസാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ലോകത്ത് മൊത്തം എത്തിച്ചത് ആരാണു? സാക്ഷാൽ നരേന്ദ്ര മോദി. ഭാരതീയ പാരമ്പര്യം മൊത്തമായി മോദി കൈവശപ്പെടുത്തുകയാണെന്നും കോൺഗ്രസ്സുകാർ വിലപിക്കുന്നു.

കോൺഗ്രസ്സുകാർക്ക് അങ്ങനെ തന്നെ വേണം. മതേതരം പറഞ്ഞ് വൈദേശികമതത്തിന്റെ അനുയായികളായ മുസ്ലീങ്ങൾക്കും കൃസ്ത്യാനികൾക്കും വേണ്ടി കൂടി കോൺഗ്രസ്സ് എന്തിനാണു നിലകൊള്ളുന്നത്? എന്നിട്ടിപ്പോൾ കരയുന്നോ? ഭാരതീയപാരമ്പര്യം ഹിന്ദുക്കളുടേതാണു. അതിന്റെ അനന്തരാവകാശികൾ ബി.ജെ.പി.യും അത് വഴി മോദിയും മാത്രമാണു. ഇസ്ലാം, കൃസ്ത്യൻ വിദേശമതങ്ങൾ സ്വീകരിക്കുമ്പോൾ ഭാരതീയപാരമ്പര്യവും ഉപേക്ഷിക്കേണ്ടതാകുന്നു. വേണമെങ്കിൽ തിരിച്ചുവരാം. അതിനാണു ഘർ വാപസ്സി.

യോഗദിനത്തെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തോട് സംസാരിച്ചത് 2014 സെപ്തംബര്‍ 28നാണ്. മൂന്ന് മാസത്തിന് ശേഷം ഡിസംബര്‍ 11ന് യുഎന്‍ അന്താരാഷ്ട്ര യോഗദിനമായി ജൂണ്‍ 21 അംഗീകരിക്കുന്നു. എന്തായിരിക്കും ഇതിന് കാരണം? 50 മുസ്ലിം രാജ്യങ്ങളില്‍ 44 രാജ്യങ്ങളും യോഗദിനം എന്ന ആശയത്തെ പിന്തുണച്ചതിന് എന്തായിരിക്കും അടിസ്ഥാനം? മോദിയെ ലോകം വിശ്വസിക്കുന്നു. ലോകത്തിനു പൂർണ്ണ ആരോഗ്യം - ശാരീരികവും,മാനസികവും,ആത്മീയവും-  ഉറപ്പ് വരുത്തുന്ന ആധുനിക ഹോളിസ്റ്റിക്ക് ചികിത്സാസമ്പ്രദായമായി യോഗയെ ലോകം നെഞ്ച്ചേറ്റിക്കഴിഞ്ഞു. യോഗയിലൂടെ എയിഡ്‌സ്,ക്യാൻസർ പോലുള്ള മാരകവ്യാധികളും ഗുണപ്പെടുത്താം എന്ന് ഭാരതം തെളിയിച്ചുകഴിഞ്ഞതാണു. ഇന്നത്തെ സംഘർഷഭരിതമായ ലൗകികപരിസ്ഥിതിയിൽ യോഗ സമ്പൂർണ്ണ സമാധാനം കൈവരുത്തുക തന്നെ ചെയ്യും. മനസ്സും ആത്മാവും കൂടി ശുദ്ധീകരിക്കപ്പെട്ടാൽ ലോകത്ത് പിന്നെ എന്ത് അക്രമം, എന്ത് അനീതി?

അടുത്ത വർഷം മുതൽ ജൂൺ 21 യോഗദിനമായി ഇന്ത്യയിൽ സമുചിതമായി ആചരിക്കും. പ്രോട്ടോക്കോൾ പ്രകാരം ജനവരി 26നും ആഗസ്റ്റ് 15നും മുന്നിൽ ആയിരിക്കും ജൂൺ 21ന്റെ സ്ഥാനം. അതായത് സ്വാതന്ത്ര്യദിനത്തേക്കാളും റിപ്പബ്ലിക്ക് ദിനത്തേക്കാളും പ്രാമുഖ്യം യോഗദിനത്തിനായിരിക്കും. അന്നേ ദിവസം ലോകം മുഴുക്കെ യോഗോത്സവത്തിൽ ആറാടും. ഇതും സ്വച്ഛ് ഭാരത് പോലെ ഒരു ദിവസത്തിൽ ഒടുങ്ങിപ്പോകും എന്ന് ആരും വിചാരിക്കണ്ട. നമുക്ക് യോഗ സർവ്വകലാശാലകളും യോഗ മെഡിക്കൽ കോളേജുകളും പഞ്ചായത്തുകൾ തോറും യോഗകേന്ദ്രങ്ങളും വേണം. അങ്ങനെ ഭാരതീയർ ആയുരാരോഗ്യം കൈവരിക്കട്ടെ. യോഗ അടുത്ത നൂറ്റാണ്ടിന്റെ സംയോജിത-സമഗ്ര ആരോഗ്യപദ്ധതിയാണു.

വാൽക്കഷണം: ജൂൺ 21 വീരസവർക്കറുടെ ചരമദിനം ആണെന്ന് ചില ദുഷ്ടബുദ്ധികൾ പറയുന്നത് തള്ളിക്കളയുക.
3 comments:

Rajiv said...

മുടിഞ്ഞ ആക്ഷേപ ഹാസ്യമാണല്ലൊ ആദ്യം ഒന്ന് confused ആയി പോയി.

"ഇസ്ലാം, കൃസ്ത്യൻ വിദേശമതങ്ങൾ സ്വീകരിക്കുമ്പോൾ ഭാരതീയപാരമ്പര്യവും ഉപേക്ഷിക്കേണ്ടതാകുന്നു." എന്നാരു പറയുന്നു? അങ്ങനെ ഉപേക്ഷിക്കേണ്ട ഒന്നും തന്നെ ഭാരതീയ പാരമ്പര്യത്തിൽ ഇല്ല. പക്ഷെ ഉപേക്ഷിച്ചേ തീരു എന്ന് വാശി പലര്ക്കും ഉണ്ട്, പിന്നെ ഉപേക്ഷിക്കേണ്ടതാണെന്നു പറയാൻ സുമാരൻ ചേട്ടന്മാരും ഒരുപാടുണ്ടു താനും.

പിന്നെ വല്ലപ്പോഴുമെങ്കിലും യോഗ ചെയ്യുന്നത് നല്ലതാണ്, മലബന്ധമെങ്കിലും മാറി കിട്ടും. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായതിനു ശേഷം തുടങ്ങാമെന്നു കരുതിയിരുന്നാൽ ചിലപ്പോൾ വൈകിപ്പോയേക്കും.

ഇത് നിങ്ങൾ പ്രസിദ്ധീകരിക്കില്ലെന്നു നന്നായറിയാം. നിങ്ങള്ക്ക് വായിക്കാൻ വേണ്ടി മാത്രം എഴുതിയതാണ്. അപ്പോൾ ശരി.

Subair Pulikkal said...

ഹും..സാര്‍കാസിച്ചതാണല്ലെ. സര്‍കാസം എന്നൊരു ടാഗ് കൊടുത്തേരെ.
സന്ഘികള്‍ വ്യാപകമായി ഷയര്‍ ചെയ്യാനും, സന്ഘി വിരോധികള്‍ സന്ഘി സര്‍ടിഫിക്കറ്റ് അടിച്ച് തരാനും ഉള്ള യോഗം കാണുന്നുണ്ട്. 

ajith said...

എല്ലാ വര്‍ഷവും ജനുവരിയില്‍ ഞാന്‍ ദൃഢനിശ്ചയത്തോടെ യോഗ ആരംഭിക്കും. ഒരു പത്ത് പതിനൊന്ന് ദിവസമൊക്കെ കഴിയുമ്പം.... ഹഹഹ