ഇന്ത്യയിലെ ആദ്യത്തെ റജിസ്റ്റർ ഓഫീസായ അഞ്ചരക്കണ്ടി റജിസ്ട്രാഫീസിന്റെ നൂറ്റിയമ്പതാം വാർഷികം ഈയ്യിടെ ആഘോഷിക്കുകയുണ്ടായി. തദവസരത്തിൽ പ്രസംഗിച്ച മന്ത്രി അനൂപ് ജേക്കബ് പറഞ്ഞത് ആധാരങ്ങൾ ഡിജിറ്റലൈസ് ചെയ്യുമെന്നും അതേസമയം ആധാരമെഴുത്തുകാരുടെ ജോലി സംരക്ഷിക്കുമെന്നുമാണു. ഇത് രണ്ടും എങ്ങനെ നടപ്പാക്കുമെന്ന് അറിയില്ല. 150 വർഷത്തിലധികം പഴക്കമുള്ളതാണു ഇന്നും തുടരുന്ന ആധാരമെഴുത്ത് രീതി. ഇന്നത്തെ കാലത്ത് വസ്തുവിന്റെ ഉടമയ്ക്ക് ഈ ആധാരക്കെട്ട് ആവശ്യമില്ല. ഒരു ഡിജിറ്റൽ സർട്ടിഫിക്കറ്റ് മതി. അതിൽ വസ്തുവിന്റെ സർവ്വേ നമ്പറും മറ്റ് പ്രസക്തമായ വിവരങ്ങളും രേഖപ്പെടുത്തിയാൽ മതി. അപ്പോൾ ആധാരമെഴുത്തുകാർക്ക് പണി ഇല്ലാതെയാകും. വസ്തുവിന്റെ റജിസ്ട്രേഷൻ ഡിജിറ്റൽ ആക്കണം എന്ന ആവശ്യം സർക്കാർ പരിഗണിക്കാൻ തുടങ്ങിയതോടെ ആധാരമെഴുത്തുകാർ സംഘടിച്ചു. പിന്നെ നിവേദനമായി, പണിമുടക്കായി കോലാഹലമായി. അങ്ങനെ ആധാരമെഴുത്ത് ജോലി സംരക്ഷിക്കണം എന്ന ന്യായേന റജിസ്ട്രേഷൻ സമ്പ്രദായം ആധുനികവൽക്കരിക്കപ്പെടാതെ ഇന്നും പഴയപടി തുടരുകയാണു.
എന്നാൽ ആധാരമെഴുത്ത് ഇന്ന് ഒരു തൊഴിലാണോ അതോ ബിസിനസ്സ് ആണോ? സംഘടനയുടെ ബലത്തിൽ ആധാരമെഴുത്ത് മാഫിയ രൂപപ്പെട്ടിരിക്കുന്നു എന്നതാണു വസ്തുത. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നറിയില്ല. ആധാരം എഴുതിയാൽ വസ്തുവിനു എത്രയാണോ രേഖയിൽ വില കാണിച്ചിരിക്കുന്നത്, അതിന്റെ ഒന്നര ശതമാനം തുകയാണു ആധാരമെഴുത്തുകാർ പ്രതിഫലമായി വാങ്ങുന്നത്. അതായത് ഒരു കോടി രൂപ ആധാരത്തിൽ വില കാണിക്കുന്നെങ്കിൽ ഒന്നര ലക്ഷം രൂപയാണു ആധാരമെഴുത്തുകാർ വാങ്ങിക്കുന്നത്. ഇതെന്ത് ന്യായം?
ഓരോ പ്രദേശത്തും ഭൂമിക്ക് സർക്കാർ ന്യായവില നിശ്ചയിച്ചിട്ടുണ്ട്. ആ വില അനുസരിച്ച് നിശ്ചിതശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും ഉണ്ട്. അത് പോലെ തന്നെ വസ്തുവിന്റെ വിലയുടെ ഒന്നര ശതമാനം എഴുത്തുകൂലി ആവശ്യപ്പെടുമ്പോൾ ആധാരമെഴുത്ത് എങ്ങനെയാണു തൊഴിൽ ആവുക? ഒരുമാതിരി നോക്കുകൂലിയോ പിടിച്ചുപറിയോ അല്ലേ ഇത്? ഈ പിടിച്ചുപറിക്കൂലിയാണു സർക്കാർ സംരക്ഷിക്കും എന്ന് പറയുന്നത്. ആധാരമെഴുത്ത് സംഘടനക്കാർ റജിസ്ട്രേഷൻ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്ക് കോഴ കൊടുത്തിട്ടാണോ ഈ ആധാരക്കൊള്ളയെ തൊഴിൽ സംരക്ഷണമായി ന്യായീകരിക്കുന്നത് എന്നറിയില്ല. കോഴയും കൈക്കൂലിയും ഇല്ലാത്ത ഒരു സർക്കാർ ഏർപ്പാടും നാട്ടിൽ ഇല്ല എന്നാർക്കാണറിയാത്തത്.
വസ്തുവിനു സർക്കാർ ന്യായവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിലും എത്രയോ അധികമാണു യഥാർത്ഥ വില്പനവില. യഥാർഥ വിലയുടെ മൂന്ന് ശതമാനം തുകയാണു ബ്രോക്കർമാർ കമ്മീഷനായി വാങ്ങുന്നത്. അതായത് ഒരു കോടി രൂപയാണു ആധാരത്തിൽ കാണിക്കുന്നെങ്കിൽ മൂന്ന് കോടിയായിരിക്കും വില്പനവില. അപ്പോൾ ബ്രോക്കർക്ക് കമ്മീഷൻ 9ലക്ഷം കിട്ടും. ബ്രോക്കർമാർ, റജിസ്ട്രാർമാർ, ആധാരമെഴുത്തുകാർ മുതലായവർ അടങ്ങുന്ന മാഫിയയാണു നിലവിലുള്ളത്. വസ്തു ഇടപാടുകൾ സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും മാസത്തിൽ ഒരു വില്പന നടന്നാൽ തന്നെ ബ്രോക്കർമാർക്ക് കുശാലായി.
എന്നാൽ ആധാരമെഴുത്തുകാർക്ക് എന്നും തിരക്ക് തന്നെയാണു. പലവിധത്തിലുള്ള ആധാരങ്ങൾ റജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ഏത് ആധാരമായാലും അതിൽ വസ്തുവിന്റെ വില രേഖപ്പെടുത്തണം. അങ്ങനെ രേഖപ്പെടുത്തുന്ന വിലയുടെ ഒന്നര ശതമാനം തുക ആധാരമെഴുത്തുകാർ വാങ്ങുന്നത് സംഘടനാബലത്തിൽ ജനങ്ങളെ കൊള്ളയടിക്കലാണു. ആധാരമെഴുത്ത് എന്ന പറഞ്ഞാൽ രേഖയിൽ ആളുകളുടെ പേരു മാത്രമേ മാറുന്നുള്ളൂ. ബാക്കിയെല്ലാം പഴയത് തന്നെയായിരിക്കും. അതും ഇപ്പോൾ എഴുത്ത് എന്നത് ഇല്ല്ല. കമ്പ്യൂട്ടറിൽ ഡി.ടി.പി. ചെയ്യുകയാണു ചെയ്യുന്നത്. തൊഴിൽ സംരക്ഷണം എന്ന പേരിൽ നടക്കുന്ന ഈ കൊള്ള സർക്കാർ അടിയന്തിരമായി നിർത്തലാക്കുകയും റജിസ്ട്രേഷൻ പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിക്കുകയും വേണം. തൊഴിൽ എന്ന് പറഞ്ഞ് ജനങ്ങളെ കൊള്ളയടിക്കാൻ സംഘടനയുണ്ട് എന്നതിന്റെ പേരിൽ സർക്കാർ ആധാരമെഴുത്തുകാരെ അനുവദിക്കരുത്.
പലവിധ ആധാരങ്ങൾ ഇവിടെ കാണുക.
2 comments:
പകല്‍ക്കൊള്ളയും അതിന് സര്‍ക്കാര്‍സംരക്ഷണവും
അറിവില്ലായ്മ തെറ്റല്ല പക്ഷെ അറിയാത്ത കാര്യങ്ങൾ അന്വേക്ഷിച്ച് മാത്രം പറയുക .
Post a Comment