Links

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?

പാമ്പ് കടിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍

നമ്മുടെ നാട്ടില്‍ കാണുന്ന ഭൂരിഭാഗം പാമ്പുകളും (80% ത്തോളം) വിഷമില്ലാത്തവ ആണ്,ആയതിനാല്‍ തന്നെ എല്ലാ പാമ്പ് കടിയും വിഷബാധ ഉണ്ടാക്കുന്നവ അല്ല.
വിഷമുള്ള പാമ്പ് കടിക്കുമ്പോള്‍ പോലും വിഷബാധ മാരകമായി ഉണ്ടാവണം എന്നില്ല.ഏകദേശം 50% ത്തോളം സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും കാര്യമായ വിഷബാധ ഉണ്ടാവുന്നത്.കാരണം കടിയ്ക്കുന്ന പാമ്പിന്റെ ഇച്ഛാനുസരണം ആയിരിക്കും ഉള്ളിലേക്ക് വിഷം കുത്തി വെക്കുന്നതിന്റെ തോത് നിശ്ചയിക്കപ്പെടുക.വിഷസഞ്ചിയില്‍ അധികം വിഷം ഇല്ലാത്ത അവസ്ഥയില്‍ വിഷം കുത്തി വെക്കാന്‍ പാകമായ രീതിയില്‍ പാമ്പ് കടിച്ചാല്‍ പോലും അധികം വിഷബാധ ഉണ്ടാവുന്നില്ല.ഒരു വിഷപ്പാമ്പ് കടിച്ചാല്‍ ഉടനെ മരണത്തെ മുന്നില്‍ കണ്ടു പരിഭ്രമിക്കേണ്ടതില്ല എന്ന് പ്രത്യേകം ഓര്‍ക്കുക.

പാമ്പ് കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/പ്രാഥമിക ശുശ്രൂഷ

രോഗിയെ എത്രയും പെട്ടന്ന് Anti snake venom (ASV) ചികില്‍സാ സംവിധാനം ഉള്ള ആശുപത്രിയില്‍ എത്തിക്കുക എന്നുള്ളതാണ് ആത്യന്തികമായി ഏറ്റവും പ്രധാനപ്പെട്ട കാര്യം,എന്നാല്‍ ഇതിനിടയില്‍ ചെയ്യേണ്ടതും,ചെയ്യരുതാത്തതും ആയ ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

ചെയ്യേണ്ട കാര്യങ്ങള്‍

വീണ്ടും ഒരിക്കല്‍ കൂടെ പാമ്പ് കടി ഏല്‍ക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക,സുരക്ഷിതമായ അകലം കാത്തു സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
കടിയേറ്റാല്‍ പേടിക്കാതെ,പരിഭ്രമിക്കാതെ,അധികം ശരീരം അനക്കാതെ,സമചിത്തതയോടെ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക എന്നതാണ് തുടക്കത്തില്‍ ഏറ്റവും പ്രധാനം.കടിയേറ്റാല്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നത്,പരിഭ്രമിക്കുന്നത് പോലെ ഉള്ള കാര്യങ്ങള്‍ കൂടുതല്‍ അപകടം വിളിച്ചു വരുത്തും.കാരണം അങ്ങനെ ഒക്കെ ഉള്ള അവസ്ഥയില്‍ ഹൃദയം കൂടുതല്‍ വേഗതയില്‍ മിടിക്കുകയും കൂടുതല്‍ രക്തചംക്രമണം നടക്കുകയും അതോടെ വിഷം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി വേഗത്തില്‍ പടരുകയും ആണ് ഉണ്ടാവുക.
രോഗിയെ കഴിയുന്നതും അനങ്ങാന്‍ അനുവദിക്കാതെ വേണം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കേണ്ടത്.കടിയേറ്റ ഭാഗം അനക്കാതെ വെയ്ക്കാനും ശ്രദ്ധിക്കുക.

കഴിയുന്നതും രോഗിയുടെ ശരീരം ചലിക്കാത്ത അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആണ് ശ്രമിക്കേണ്ടത് പ്രത്യേകിച്ചും കടിയേറ്റ കൈ കാലുകള്‍.കടിയേറ്റ ഭാഗം ഹൃദയത്തിന്റെ ലെവല്‍ നേക്കാള്‍ താഴ്ന്നു ഇരിക്കുന്ന രീതിയില്‍ പൊസിഷന്‍ ചെയ്യുന്നതാവും ഉത്തമം.കടി ഏറ്റത് കയ്യിലോ കാലിലോ ഒക്കെ ആണെങ്കില്‍ ഉയര്‍ത്തി പിടിക്കാതെ ശ്രദ്ധിക്കണം.
കടിച്ച പാമ്പിന്റെ പ്രത്യേകതകള്‍ കഴിയുമെങ്കില്‍ ഓര്‍മ്മയില്‍ സൂക്ഷികുന്നത് നന്നാവും അതല്ലാതെ പാമ്പിനെ പിടിക്കാന്‍ പോയി വീണ്ടും കടി വാങ്ങാന്‍ സാധ്യത ഉണ്ടാക്കുന്നതും, വിലയേറിയ സമയം കളയുന്നത് അബദ്ധം ആവും.മൊബൈല്‍ ഫോണ്‍ ക്യാമറകളുടെ ഈ യുഗത്തില്‍പാമ്പിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കാവുന്നതാണ്(സുരക്തിതമായ അകലത്തില്‍ ആണെങ്കില്‍ മാത്രം).ഇതിന്റെ ഉദ്ദേശം കടിച്ച പാമ്പിനെ തിരിച്ചറിയുകയും അതിലൂടെ ഏതു തരം വിഷമാണ് ഉള്ളില്‍ എത്തിയത് എന്നും അറിഞ്ഞു മറു മരുന്ന് കൊടുക്കാന്‍ ആണ്.

ചെയ്യരുതാത്തവ

രോഗിക്ക് ഭക്ഷ്യവസ്തുക്കള്‍/ മരുന്നുകള്‍/ മദ്യം/ സിഗരറ്റ് ഇത്യാദി കൊടുക്കാതിരിക്കുക കാരണം ചില വസ്തുക്കള്‍ ഹൃദയമിടിപ്പ്‌ കൂട്ടുന്നു രക്ത ചംക്രമണം കൂടുതല്‍ വേഗത്തില്‍ ആക്കുന്നു.
പാമ്പ് കടിച്ച ഭാഗത്തു മുറിവുണ്ടാക്കി രക്തം ഒഴുക്കി കളയാന്‍ ശ്രമിക്കാന്‍ പാടില്ല.കാരണം ഇത് കൊണ്ട് കാര്യമായ ഗുണം ഇല്ല എന്നത് മാത്രം അല്ല ,വൈദ്യ പരിശീലനം നേടാത്ത ഒരു വ്യക്തി സംഭ്രമത്തോടെ ഇത്തരം ഒരു പ്രവര്‍ത്തി ചെയ്‌താല്‍ തൊലി,രക്തക്കുഴലുകള്‍,tendons,നാഡികള്‍ മറ്റു ശരീര ഭാഗങ്ങള്‍ എന്നിവ അപകടകരമായ രീതിയില്‍ മുറിയാം അത് കൂടുതല്‍ അപകടകരമായ സാഹചര്യം ക്ഷണിച്ചു വരുത്തും.
യാതൊരു കാരണവശാലും മുറിവില്‍ നിന്ന് രക്തം വാ കൊണ്ട് വലിച്ചു എടുത്തു തുപ്പിക്കളയാന്‍ ശ്രമിച്ചു കൂടാ.ഇങ്ങനെ ചെയുന്നതിന് കാര്യമായ ഫലം ഉണ്ടാക്കാന്‍ കഴിയില്ല മാത്രമല്ല ഇത് ചെയ്യുന്ന വ്യക്തിക്ക് കൂടെ വിഷബാധ ഏല്‍ക്കാന്‍ ഉള്ള സാധ്യത ഉണ്ട്.സക്ഷന്‍ പമ്പുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാം എന്നാല്‍ ഇതിനും നേരിയ ഫലമേ ഉള്ളൂ.
മുറിവിന് മുകളില്‍ തുണി/ചരട് എന്നിവ കെട്ടി രക്തചംക്രമണത്തിന്റെ തോത് കുറയ്ക്കുന്നതിന് അമിത പ്രാധാന്യം കൊടുക്കേണ്ടതില്ല/ഉപയോഗിക്കേണ്ടത് തന്നെ ഇല്ല എന്നാണു പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പലതും പറയുന്നത്.

അഥവാ അങ്ങനെ കെട്ടുമ്പോള്‍ പോലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്.

*കയ്യുടെയോ കാലിന്റെയോ പാദത്തിന് അടുത്തായി കടിയെല്‍ക്കുമ്പോള്‍ മുട്ടിനു മുകളില്‍ വെച്ച് വേണം കെട്ടാന്‍.കാരണം മുട്ടിനു താഴെ രണ്ടു അസ്ഥികള്‍ ഉണ്ട് ഈ അസ്ഥികള്‍ക്ക് ഇടയിലൂടെ രക്തക്കുഴലുകള്‍ സഞ്ചരിക്കുന്നുണ്ട് അതിനാല്‍ കെട്ടിയാലും രക്തചംക്രമണ തോത് അധികം കുറയ്ക്കാന്‍ കഴിയില്ലാ,എന്നാല്‍ മുട്ടിനു മുകളില്‍ കെട്ടുമ്പോള്‍ രക്തക്കുഴലിന് മുകളില്‍ നേരിട്ട് സമ്മര്‍ദം കൂടുതല്‍ ഫലപ്രദമായി കൊടുക്കാം.കെട്ടുമ്പോള്‍ അമിതമായി മുറുക്കി കെട്ടരുത്,ഒരു വിരല്‍ ഇട എങ്കിലും നില നിര്‍ത്തി വേണം മുറുക്കാന്‍.അമിതമായി മുറുക്കിയാല്‍ രക്ത ഓട്ടം തീരെ ഇല്ലാതായി ആ കൈകാലുകളുടെ പ്രവര്‍ത്തനത്തെ തന്നെ അത് സാരമായി ബാധിച്ചേക്കാം.
lymphatic system അഥവാ ലസിക വ്യവസ്ഥ വഴി വിഷം പടരുന്നത് തടയാന്‍ മുറിവിന് 3-4 ഇഞ്ച് മുകളില്‍ അധികം മുറുക്കാതെ കെട്ടാം എന്ന് ചില നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
രക്തം നിലയ്ക്കാതെ വരുന്നുണ്ടെങ്കില്‍ അധികം അമര്‍ത്താതെ വൃത്തി ഉള്ള തുണി കൊണ്ട് അയവുള്ള രീതിയില്‍ മുറിവ് മൂടി വെക്കാം. ഐസ് മുറിവിനു മുകളില്‍ വെയ്ക്കാന്‍ പാടില്ല.

കൈ കാലുകളില്‍ ആണ് കടിയേറ്റത് എങ്കില്‍ മുറുകി കിടക്കുന്ന വസ്ത്രം,ആഭരണങ്ങള്‍,വാച്ച് പോലുള്ളവ ഊരി മാറ്റുക.പിന്നീട് നീര് വെച്ചാല്‍ ഇവ അവിടെ കുടുങ്ങി ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്.

ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാന കാര്യം എത്രയും പെട്ടന്ന് ശരിയായ ചികില്‍സ നല്‍കുന്നതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത്.
പാമ്പ് കടിയുടെ കാര്യത്തില്‍ ,അശാസ്ത്രീയ ചികില്‍സാ സങ്കേതങ്ങള്‍ തേടി പോയി വിലയേറിയ സമയം നഷ്ടപ്പെടുത്താതെ ഇരിക്കുന്നതായിരിക്കും ഉചിതം.

കടപ്പാട് : ജോയ്‌സ് പുന്തല.

2 comments:

Shahid Ibrahim said...

ഉപകാരപ്രദം. ഇനിയും ഥുടരുക
ആശംസകൾ

ajith said...

പ്രയോജനകരമായ ഇന്‍ഫര്‍മെഷന്‍