Links

ഏപ്രിൽ 10ന്റെ പ്രാധാന്യം

കേരളത്തിൽ 20 പാർലമെന്റ് സീറ്റുകളിലും യു.ഡി.എഫ്. അനായാസവിജയം കരസ്ഥമാക്കാനുള്ള രാഷ്ട്രീയകാലാവസ്ഥയാണു കാണുന്നത്. കോടതി നിരീക്ഷിച്ച പോലെ സാധാരണക്കാർക്ക് എല്ലാം മനസ്സിലാക്കാനുള്ള വിവരവും ബുദ്ധിശക്തിയുമുണ്ട്. എന്തെങ്കിലും ചപ്പടാച്ചി പറഞ്ഞ് ആളുകളെ പറ്റിക്കാമെന്ന് കരുതുന്ന നേതാക്കൾക്കാണു ബുദ്ധിയും വിവരവും കുറവ്. സഖാവ് കോടിയേരി ബാലകൃഷ്ണനേക്കാളും ബുദ്ധി എന്തായാലും കേരളത്തിലെ സാധാരണക്കാർക്കുണ്ട്. ഇക്കുറി കോൺഗ്രസ്സ് പാർട്ടിയോടോ യു.ഡി.എഫിനോടോ സർക്കാരിനോടോ സാധാരണ ജനങ്ങൾക്ക് ഒരു വിരോധവും ഇല്ല. പൊതുവെ കാണപ്പെടാറുള്ള സർക്കാർ വിരുദ്ധതരംഗവും നിലവിൽ ഒട്ടും ഇല്ല. ഒരു സർക്കാരിനു കഴിവാവുന്ന പോലെയൊക്കെ കേരളസർക്കാർ പ്രവർത്തിക്കുന്നുണ്ട് എന്ന് ജനം വിലയിരുത്തുന്നു.

പ്രതിപക്ഷത്താണെങ്കിൽ, തങ്ങൾ ആളെക്കൊല്ലുന്ന പാർട്ടിയല്ലെന്നും ആരെയെങ്കിലും കൊല്ലുകയെന്നത് പാർട്ടി അജണ്ടയല്ലെന്നും സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്ത്കൊണ്ടാണിങ്ങനെ പറയേണ്ടി വരുന്നത്? പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ കോടിയേരിയും കൂട്ടരും ജയിലിൽ പോയി കൊടി സുനിയെയും കിർമ്മാണിയെയും മറ്റും കാണുകയും ചെയ്യുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന് പറയുന്ന കെ.സി.രാമചന്ദ്രനെ സി.പി.എം.കേന്ദ്രക്കമ്മറ്റി അംഗങ്ങൾ ജയിലിൽ പോയി കണ്ട് മുക്കാൽ മണി നേരം സംസാരിക്കുന്നു. പൊളിറ്റ് ബ്യൂറോ മെമ്പർമാരും കേന്ദ്രക്കമ്മറ്റിക്കാരും ജയിലിൽ പോയി കാണാൻ മാത്രം എന്ത് പ്രാമാണികത്വമാണു കൊടിക്കും കിർമ്മാണിക്കും കെ.സി.രാമചന്ദ്രനും മറ്റും ഉള്ളത്.

എന്നിട്ടും പറയുന്നു സി.പി.എമ്മിനു ആളുകളെ കൊല്ലുന്ന നയമില്ല എന്ന്. ഇത് സാധാരണക്കാരുടെ പഴ്സും അവരുടെ വിവരനിലവാരവും മനസ്സിലാക്കാനുള്ള കഴിവ് നേതാക്കൾക്ക് ഇല്ല എന്നതിന്റെ തെളിവാണു. പണ്ട് ശരിയാണു, നേതാക്കൾ പറയുന്നതായിരുന്നു ആളുകൾക്ക് വിജ്ഞാനം. ഇന്ന് മൊബൈൽ ഇന്റർനെറ്റ് വ്യാപകമായ ഇക്കാലത്ത് വിവരക്കേട് പറയുന്ന നേതാക്കൾ പരിഹാസ്യരാവുകയാണു ചെയ്യുക. ഷുക്കൂറിന്റെ കേസ് സി.ബി.ഐ.ക്ക് വിടണം എന്ന ഹരജി പരിഗണിക്കവേ ഷുക്കൂറിന്റെ ഉമ്മയെ തൃപ്തിപ്പെടുത്താനാണോ കേസ് സി.ബി.ഐ.ക്ക് സർക്കാർ വിടുന്നത് എന്ന ഒരു ജഡ്‌ജിയുടെ വിവരംകെട്ട പരാമർശവും സാധാരണക്കാർ മനസ്സിലാക്കിയിട്ടുണ്ട്.

സി.പി.എം. ഒരു കൊലയാളിപാർട്ടിയാണെന്ന് മാർക്സിസ്റ്റുകാരല്ലാത്ത മുഴുവൻ മലയാളികളും സമ്മതിക്കും. മാർക്സിസ്റ്റുകാർ മാത്രമല്ലല്ലൊ കേരളത്തിലുള്ളത്. ഇപ്പോൾ കേരളത്തിലെ ജനങ്ങളിൽ മാർക്സിസ്റ്റുകാരല്ലാത്ത ജനാധിപത്യവിശ്വാസികളാണു ഭൂരിപക്ഷം. ആ ജനാധിപത്യവിശ്വാസികളുടെ ഏകീകരണമാണു ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകത. ടി.പി.യുടെയും ഷുക്കൂറിന്റെയും കൊല മാർക്സിസ്റ്റുകൾക്ക് കൊലയാളികളുടെ പ്രതിരൂപമാണു നൽകിയിരിക്കുന്നത്. ദൗർഭാഗ്യകരമായ മറ്റ് കൊലപാതകങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ടെങ്കിലും അതൊക്കെ ഒറ്റപ്പെട്ട കൊലകളാണു. ഒന്നോ അതിൽ കൂടുതലോ ആൾക്കാരാണു ആ കൊലകൾക്കുത്തരവാദികൾ. എന്നാൽ സി.പി.എം.കൊലകൾക്ക് ആ പാർട്ടി മൊത്തം ഉത്തരവാദിയാണു. സി.പി.എം.പാർട്ടിയാണു കൊല്ലുന്നത്. അല്ലാതെ ഒറ്റപ്പെട്ടവരല്ല. അത്കൊണ്ടാണു പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വരെ ജയിലിൽ പോയി കൊലയാളികളെ കാണുന്നത്. പ്രൊഫഷനൽ രീതിയിൽ ആളുകളെ കൊല്ലുക, ബിനാമിപ്രതികളുടെ ലിസ്റ്റ് പോലീസിനു നൽകുക, സാക്ഷികളെ വീട്ടിൽ പോയി ഭീഷണിപ്പെടുത്തുക, കൊലയാളികൾക്ക് വേണ്ടി ഫണ്ട് പിരിക്കുക ഇതൊക്കെ ചെയ്യുന്നത് സി.പി.എം.ആണു. ഇന്ത്യയിൽ മറ്റൊരു പാർട്ടിയും ഈ രീതിയിൽ ആളെ കൊല്ലുന്നില്ല.

നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രിയവതാരമാണു യു.ഡി.എഫിനു അനുകൂലമായ മറ്റൊരു ഘടകം. സ്വതന്ത്ര ഇന്ത്യയിൽ ഇത്രയും കാലത്തെ തെരഞ്ഞെടുപ്പുകൾക്കിടയിൽ ഞാനാണു പ്രധാനമന്ത്രി എന്ന നിലയിൽ ആരും കാടിളക്കി വന്നിട്ടില്ല. പ്രചണ്ഡമായ ആ വരവ് ഭീതിയോടെയാണു കേരളത്തിലെ മതന്യൂനപക്ഷങ്ങൾ കാണുന്നത്. പ്രധാനമന്ത്രി പദത്തിനു മത്സരിക്കുമ്പോഴേ ഇങ്ങനെയെങ്കിൽ ഇയ്യാൾ പ്രധാനമന്ത്രിയായാൽ എന്തായിരിക്കും അവസ്ഥ എന്ന് ജനാധിപത്യവിശ്വാസികൾ ഭയപ്പെടുന്നു. നരേന്ദ്രമോഡി ഹൈലൈറ്റ് ചെയ്യപ്പെടുന്നതിൽ ഫാസിസത്തിന്റെ ലക്ഷണങ്ങൾ പ്രകടമായും ഉണ്ട്. നമ്മുടേത് പാർലമെന്ററി സിസ്റ്റമാണു. പ്രസിഡൻഷ്യൽ സമ്പ്രദായമല്ല. പ്രധാനമന്ത്രി സ്ഥാനത്തേക്കോ പ്രസിഡണ്ട് സ്ഥാനത്തേക്കോ അല്ല ഇവിടെ ആളുകൾ മത്സരിക്കുക. ജനപ്രതിനിധിയാവാൻ വേണ്ടിയാണു. ആ പ്രതിനിധികളാണു പിന്നീട് പ്രധാനമന്ത്രിയെയോ പ്രസിഡണ്ടിനെയോ തെരഞ്ഞെടുക്കുക.

ഞാനാണു പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് മോഡി പറയുമ്പോഴും , മോഡിയാണു പ്രധാനമന്ത്രിസ്ഥാനാർത്ഥി എന്ന് ബി.ജെ.പി.പറയുമ്പോഴും അത് പാർലമെന്ററി സമ്പ്രദായത്തെ തുരങ്കം വെക്കാനുള്ള കുത്സിതശ്രമമാണു. നമ്മുടെ പാരമ്പര്യത്തിനു വിരുദ്ധമാണു. മാത്രമല്ല കോൺഗ്രസ്സ് മുക്ത് ഭാരത് എന്നൊരു മുദ്രാവാക്യം കൂടി മോഡിയും മോഡിഭക്തരും മുന്നോട്ട് വെക്കുന്നുണ്ട്. കോൺഗ്രസ്സിനെ ഇല്ലാതാക്കിയാൽ, ജർമ്മനിയെ ഹിറ്റ്ലർ അന്ന് കൈവശപ്പെടുത്തിയ പോലെ ഇന്ത്യയെ നരേന്ദ്രമോഡിക്ക് സ്വന്തമാക്കാലോ എന്നായിരിക്കും മോഡിഭക്തർ കനവ് കാണുന്നുണ്ടാവുക. ഇതും സാധാരണക്കാർ മനസ്സിലാക്കുന്നുണ്ട്. അത്കൊണ്ട് ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിനും മതേതരത്വത്തിനും സമാധാനത്തിനും വേണ്ടിയുള്ള നിർണ്ണായകമായ പോരാട്ടമാണു. ആയതിനാൽ 20 സീറ്റിലും യു.ഡി.എഫ്. ജയിച്ചേ തീരൂ.

3 comments:

msntekurippukal said...

ഒരു രാജ്യത്തെ മുഴുവന്‍ അണ പൈ കണക്കു പറഞ്ഞ് വില്‍ക്കാന്‍ വച്ചിരിക്കുന്ന കോണ്‍ഗ്രസ്സാണോ , അതോ പരസ്പരം പൊരുതി മരിക്കുന്ന കോണ്‍ഗ്രസ്സാണോ ( തൃശ്ശൂര്‍ ഫെയിം) അതോ പെട്രോളിനും ഡീസലിനും ദിവസം തോറും വില വര്‍ദ്ധിപ്പിക്കുന്ന കോണ്‍ഗ്രസ്സാണോ ഭേദം സുകുമാരന്‍ ചേട്ടാ?താങ്കളുടെ ഇഷ്ടദൈവമായ സോണിയായുടെ സമ്പാദ്യം കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് എത്ര ശതമാനം കണ്ട് വര്‍ദ്ധിച്ചു , അതേ തോതില്‍ വേണ്ട അതിന്റെ നൂറിലൊരംശം തോതില്‍ ഇവിടത്തെ ഒരു ബി പി എല്‍ കാരന്റെ സംബാദ്യം വര്‍ദ്ധിച്ചിട്ടുണ്ടോ സുകുമാരന്‍ ചേട്ടാ? അപ്പോള്‍ കോണ്‍ഗ്രസ്സിനു തന്നെ വോട്ട് ചെയ്യണം അല്ലേ? സുകുമാരന്‍ ചേട്ടന്‍ ആര്‍ക്ക് വോട്ട് ചെയ്യും ഇത്തവണ?

Ananth said...

അപ്പൊ കേരളത്തിലെ ആപ്പ് തരംഗമൊക്കെ 'പവനായി ശവമായി ' എന്നു പറഞ്ഞപോലായി അല്ല്യോ .......മോഡിയോടുള്ള വിരോധം കൊണ്ടു യു ഡീ എഫിന് വോട്ടു ചെയ്യണം എന്നു പറയുന്നതിലൊന്നും വലിയ അടിസ്ഥാനമൊന്നുമില്ല ......എല് ഡീ എഫിന് 20 സീറ്റു കിട്ടിയാലും അതൊന്നും മോഡിയെ പിന്തുണയ്ക്കുന്ന ആളുകളാവില്ല ........എന്നിരുന്നാലും താങ്കളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു ....യു ഡീ എഫ് 20 സീറ്റും വിജയിച്ചു എന്നു തന്നെ യിരിക്കട്ടെ ......അതുകൊണ്ടൊന്നും മോഡി പ്രധാനമന്ത്രി ആവുന്നതിനെ തടയാനൊക്കില്ലല്ലൊ ........ഭൂരിപക്ഷം ജനങ്ങളും അതാണാഗ്രഹിക്കുന്നത് എന്നു സകലമാന സര്വേ കളും സൂചിപിക്കുമ്പൊഴ് തിരഞ്ഞെടുപ്പ് ഫലം വരുന്നതു വരെ ഇങ്ങനെ കണ്ണടച്ചു ഇരുട്ടാക്കി ഇരിക്കാം അത്ര മാത്രം !!!

പിന്നെ കേന്ദ്രത്തില് മോഡി വരുമ്പോ കേരളത്തിന്റെ കാര്യം പറയാനായിട്ട് ആരുമുണ്ടാവില്ല എന്നത് വേറൊരു കാര്യം .....പണ്ടു വാജ്പയീ ഭരിച്ചപ്പോഴും ഇതായിരുന്നു അവസ്ഥ എങ്കിലും അന്ന് അവര് കേന്ദ്ര മന്ത്രി സ്ഥാനത്തു കൊണ്ടുവന്ന മലയാളി കള് ഇപ്പൊ മന്ത്രി സ്ഥാനത്തു വാഴിച്ചിരിക്കുന്ന രണ്ടാമനുമടക്കമുള്ള 8 നിര് ഗുണ പരബ്രഹ്മ ങ്ങ ളെ ക്കാളും നന്നായി സംസ്ഥാന താല്പര്യങ്ങളെ സംരക്ഷിച്ചിരുന്നു ......അത്പോലെ വല്ല ആളുകളേം അവര് കൊണ്ടുവരുമായിരിക്കും !!!

ajith said...

ഒരു സർക്കാരിനു കഴിവാവുന്ന പോലെയൊക്കെ കേരളസർക്കാർ പ്രവർത്തിക്കുന്നുണ്ട് എന്ന് ജനം വിലയിരുത്തുന്നു.
>
>
>
ശരിയാ!!!!!!