Links

ഭക്ഷ്യവിചാരം - 1

ഒരു വറ്റ് എത്ര നിസ്സാരമാണു അല്ലേ? എന്നാൽ ആ വറ്റ് എങ്ങനെ ഉണ്ടാകുന്നു എന്നതും ആ വറ്റ് എങ്ങനെ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നും അലോചിച്ചാൽ പ്രകൃതിയുടെ അത്ഭുതം ഓർത്ത് നമ്മൾ വിസ്മയിച്ച് ഇരുന്നുപോകും.

എന്തിനാണു നമ്മൾ വറ്റ് തിന്നുന്നത്. നമുക്ക് ജീവിയ്ക്കണമെങ്കിൽ ഊർജ്ജം വേണം. ശരീരത്തിൽ എന്ത് പ്രവർത്തനം നടക്കണമെങ്കിലും ഊർജ്ജം വേണം. ശരീരത്തിന്റെ ഊഷ്മാവ് നിലനിർത്താനും വേണം. ഈ ഊർജ്ജം ഒരു സെക്കന്റ് കിട്ടിയില്ലെങ്കിൽ നമ്മൾ മരിച്ചുപോകും. എവിടെ നിന്നാണു നമുക്ക് ഈ ഊർജ്ജം ലഭിക്കുന്നത്? സംശയമില്ല, നമ്മൾ നിസ്സാരമായി കാണുന്ന ഈ വറ്റിൽ നിന്ന് തന്നെ.

വറ്റിൽ എങ്ങനെ ഊർജ്ജം വന്നു? എങ്ങനെയാണു ആ ഊർജ്ജം നമ്മുടെ ശരീരം ഉപയോഗപ്പെടുത്തുന്നത്? ഇതറിയണമെങ്കിൽ ഊർജ്ജം തരുന്ന എന്ത് ഘടകമാണു വറ്റിൽ ഉള്ളത് എന്ന് മനസ്സിലാക്കണം.

സ്റ്റാർച്ച് അല്ലെങ്കിൽ അന്നജം ആണു ആ ഘടകം.  വറ്റിലെ അന്നജം എന്ന് പറഞ്ഞാൽ അനേകം ഗ്ലൂക്കോസ് തന്മാത്രകൾ ഒരുമിച്ച് ചേർന്ന ഒരു സംയുക്തമാണു. ഈ വറ്റ് ചവയ്ക്കുമ്പോൾ നമ്മൾ അതിനെ ചെറിയ കഷണങ്ങളാക്കുന്നു, ഒപ്പം ഉമിനീരും അതിൽ പ്രവർത്തിച്ച് ദഹനപ്രക്രിയ ആരംഭിക്കുന്നു. ഇങ്ങനെ ചെറിയ തരികളായ അന്നജം ചെറുകുടലിൽ എത്തി, അവിടെ നിന്ന് ചില എൻസൈമുകളുടെ (ആസിഡ്) സാന്നിദ്ധ്യത്തിൽ ഗ്ലൂകോസ് എന്ന ലഘുതന്മാത്രയായി വിഘടിക്കുന്നു.

ചെറുകുടലിൽ നിന്ന് വറ്റിലെ അന്നജം വിഘടിച്ച് ഉണ്ടായ ഗ്ലൂക്കോസ് തന്മാത്രകൾ നേരിയ സുഷിരങ്ങളിലൂടെ രക്തത്തിൽ പ്രവേശിക്കുന്നു. ഇതിനെ നമ്മൾ ഇനി വിളിക്കുക ബ്ലഡ് ഷുഗർ എന്നാണു. ഈ ബ്ലഡ് ഷുഗറിനെ അല്ലെങ്കിൽ പഞ്ചസാരയെ രക്തം ഓരോ ശരീരകോശങ്ങളിലും (സെൽ) എത്തിക്കുന്നു.  അതോടൊപ്പം നമ്മൾ ശ്വസിക്കുന്ന വായുവിലെ ഓക്സിജനും രക്തം ശരീരകോശങ്ങളിൽ എത്തിക്കുന്നു. രക്തത്തിന്റെ ജോലി തന്നെ ഇതാണു. ഭക്ഷണം ദഹിച്ചു രക്തത്തിൽ കലരുന്ന പോഷകഘടകങ്ങളും ശ്വസിച്ച് കിട്ടുന്ന ഓക്സിജനും ഓരോ കോശങ്ങളിലും എത്തിക്കുക.

ഇനിയാണു ശരീരത്തിനു വേണ്ട ഊർജ്ജോല്പാദനം നടക്കേണ്ടത്. കോശങ്ങളിൽ വെച്ച് ഗ്ലൂക്കോസും ഓക്സിജനും സംയോജിക്കുന്നു. അഥവാ കത്തുന്നു. അതിന്റെ ഫലമായി കാർബൺ ഡൈഓക്സൈഡ് ഉണ്ടാവുകയും ഊർജ്ജം റിലീസ് ആവുകയും ചെയ്യുന്നു. ഊർജ്ജം ശരീരത്തിന്റെ പ്രവർത്തനത്തിനു വിനിയോഗിക്കുകയും കാർബൺഡൈഓക്സൈഡ് രക്തം തിരികെ വഹിച്ചുകൊണ്ടുപോയി ഉച്ഛ്വാസപ്രക്രിയയിലൂടെ പുറന്തള്ളുകയും ചെയ്യുന്നു.

ശരി, വറ്റിൽ ഗ്ലൂക്കോസ് എങ്ങനെ വന്നു? ഗ്ലൂക്കോസിൽ 6 കാർബൺ ആറ്റവും 6 ജലതന്മാത്രയും (C6,H12,O6) ആണുള്ളത്. നമുക്കറിയാവുന്നത് പോലെ ഒരു നെന്മണിയാണു ഒരു വറ്റ്. നെന്മണിയിൽ ഈ അന്നജം അഥവാ ഗ്ലൂക്കോസ് തന്മാത്രകളുടെ കൂട്ടം ഉണ്ടാക്കാൻ ആവശ്യമായ കാർബൺ ആറ്റങ്ങൾ അന്തരീക്ഷത്തിൽ നിന്നും (കാർബൺഡൈഓക്സൈഡിൽ നിന്ന്) ഓക്സിജനും ഹൈഡ്രജനും ജലത്തിൽ നിന്നുമാണു നെൽച്ചെടി സ്വീകരിക്കുന്നത്. ഈ ആറ്റങ്ങളെ സംയോജിപ്പിക്കാൻ നെൽച്ചെടിക്ക് ഊർജ്ജം വേണം. ആ ഊർജ്ജം സൂര്യപ്രകാശത്തിൽ നിന്നാണു ചെടിക്ക് കിട്ടുന്നത്.

ചുരുക്കി പറഞ്ഞാൽ നെൽച്ചെടി സൂര്യപ്രകാശത്തിൽ നിന്ന് സംഭരിച്ച ഊർജ്ജം വറ്റിൽ ശേഖരിച്ചു വെച്ച് , ആ ഊർജ്ജമാണു നമ്മൾ നമ്മുടെ ശാരീരികപ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത്.

ഭൂമിയിൽ ഏത് പ്രവർത്തിക്കാനും ഉപയോഗിക്കുന്ന ഊർജ്ജം സൂര്യന്റെ ഊർജ്ജം തന്നെയാണു. ആണവോർജ്ജം കൂടാതെ. കാർ ഓടുമ്പോൾ ആ ഊർജ്ജവും സൂര്യന്റെ ഊർജ്ജം തന്നെയാണു. പെട്രോളിലും ഡീസലിലും  സൂര്യന്റെ ഊർജ്ജം എങ്ങനെ ഒളിഞ്ഞുകിടന്നു എന്ന് അത്ഭുതം തോന്നുന്നില്ലേ? അതെ തീർച്ചയായും അത്ഭുതം തോന്നണം. 

പ്രേംനസീറിനെ ഓർക്കുമ്പോൾ ..

പ്രേം നസീറിനെ പോലെ സുന്ദരനായ ഒരു നടൻ മലയാളത്തിൽ അന്നും ഇന്നും വേറെയില്ല. അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുന്നു. വിശ്വസിക്കാൻ കഴിയുന്നില്ല. വർഷങ്ങൾ എത്ര വേഗമാണു കൊഴിഞ്ഞുപോകുന്നത്. അദ്ദേഹത്തിനെ പറ്റി മകൻ ഷാനവാസിന്റെ അനുസ്മരണക്കുറിപ്പിൽ നിന്ന് ഏതാനും വരികൾ ഇങ്ങനെയാണു:

"ആര് സഹായം അഭ്യർത്ഥിച്ച് വന്നാലും അച്ഛൻ നോ പറയില്ല. എന്നും രാവിലെ ഗേറ്റിന് മുന്നിൽ പതിനഞ്ച് പേരെങ്കിലും കാണും. നാട്ടിൽ നിന്ന് ഇന്നലെ വന്നതാണ് പെട്ടി മോഷണം പോയി, പോക്കറ്റടിച്ചു എന്നിങ്ങനെയുള്ള പരിദേവനങ്ങളമായിട്ടാണ് വരവ്. ചിലത് സത്യമായിരിക്കും. ചിലത് കള്ളമായിരിക്കും. ഷൂട്ടിംഗ് സ്ഥലത്തേക്ക് പോകാൻ കാറിൽ കയറാൻ നിൽക്കുമ്പോഴായിരിക്കും ഇത്. അപ്പോൾ പോക്കറ്റിൽ എത്രയുണ്ടോ അതെടുത്ത് കൊടുക്കും. അത് എത്രയായാലും. അല്ലെങ്കിൽ അമ്മയെ വിളിച്ച് ഇവർക്കെല്ലാം പണം കൊടുക്കാൻ പറയും. വെറും കയ്യോടെ, ആരെയും വിടില്ല."

കേരളകൗമുദിയുടെ എഫ്‌ബി പേജിൽ ഈ കുറിപ്പ് വായിക്കുമ്പോൾ പ്രേംനസീറിന്റെ ദാനശീലത്തിനു ഞാനും ഒരു പ്രാവശ്യം സാക്ഷിയായിരുന്നല്ലോ എന്നോർത്തുപോയി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്ത ഞാൻ കള്ളവണ്ടി കയറി എത്തിയത് മദിരാശിയിൽ. ദക്ഷിണേന്ത്യൻ സിനിമയുടെ തലസ്ഥാനമായിരുന്ന കോടമ്പാക്കത്ത് ഒരു കുടുസ്സ് മുറി താമസിക്കാൻ കിട്ടിയിരുന്നു. സിനിമാനടന്മാരുടെ വീടുകൾ തേടിപ്പിടിച്ച്, അവരുടെ വീടുകളിൽ പോവുക അന്ന് പതിവായിരുന്നു. പാണ്ടിബജാറിലെ ബോഗ് റോഡിൽ ശിവാജി ഗണേശന്റെ വീട്ടിൽ കൂടെക്കൂടെ പോകും. ഗെയിറ്റ് വരെ മാത്രമേ പോകാൻ പറ്റൂ. വാച്ച്മാൻ ഉണ്ടാകും.

മൗണ്ട് റോഡിൽ നിന്ന് (ആയിരംവിളക്ക്) തിരിയുന്നിടത്ത് വുഡ്‌സ് റോഡിൽ സ്വാമീസ് ലോഡ്ജിൽ ആയിരുന്നു സത്യൻ താമസിച്ചിരുന്നത്. അക്കാലത്ത് മലയാളം നടീനടന്മാർക്ക് മദിരാശിയിൽ സ്വന്തം വീടുകൾ ഇല്ലായിരുന്നു. 1970ന്റെ തുടക്കത്തിലാണു. പല കുറി സ്വാമീസ് ലോഡ്ജിന്റെ അടുത്തുകൂടി പോയിട്ടും സത്യനെ കാണണമെന്ന് തോന്നിയില്ല. ധൈര്യം പോരാഞ്ഞിട്ടാണു. റോയ്പേട്ടയിൽ ഒരു വാടകവീട്ടിൽ പ്രേം നസീറും മുത്തയ്യയും ഒരുമിച്ചാണു താമസം. നസീറിന്റെയും മുത്തയ്യയുടെയും സൗഹൃദബന്ധം പ്രശസ്തമായിരുന്നു. ഞാനന്ന് രാവിലെ നസീറിന്റെ വീട്ടിലെത്തി. ഗെയിറ്റിൽ വാച്ച്മാൻ ഇല്ല. ഞാൻ അകത്ത് കടന്നു. കോലായി വരെയെത്തി. മുറ്റത്ത് ആരെല്ലാമോ ഓരോന്ന് ചെയ്യുന്നു. ആരും എന്നെ തടുക്കുന്നില്ല. എന്താണു വന്നതെന്ന് ചോദിക്കുന്നില്ല. അകത്തും ആരൊക്കെയോ എന്തൊക്കെയോ തിരക്കിലാണു. അകത്തേക്ക് കണ്ണും നട്ട് ഞാൻ കുറെ നേരം വാതിലനരികെ നിന്നു.

അര മണിക്കൂർ കഴിഞ്ഞപ്പോൾ പ്രേംനസീർ പുറത്തേക്ക് വരുന്നു. സിനിമയിൽ കാണുന്ന പോലെ തന്നെ. പക്ഷെ മുടി കുറ്റിയാണു. സിനിമയിൽ നമ്മൾ കാണുന്നത് വിഗ് ആണല്ലൊ. വരാന്തയിൽ നിൽക്കുന്ന എന്നെ കണ്ടു. എന്ത് വേണം എന്ന മട്ടിൽ എന്നോട് ഒന്ന് മൂളി. അപ്പോഴാണു ശരിക്കും എന്താണു എനിക്ക് വേണ്ടത് എന്ന് ഞാൻ ആലോചിച്ചത്. നാട് വിട്ട് കോടമ്പാക്കത്ത് എത്തിപ്പെടുന്ന എല്ലാവർക്കും എന്ന പോലെ എനിക്കും സിനിമാമോഹമുണ്ട്. പക്ഷെ ശോഷിച്ച ഒരു പയ്യനായ ഞാൻ സിനിമയിൽ എന്ത് ചാൻസ് ചോദിക്കാനാണു. കാശിന്റെ ആവശ്യം തീർച്ചയായും ഉണ്ട്. പക്ഷെ ആരോടും പൈസ ചോദിച്ച് എനിക്ക് ശീലമില്ല. ഒടുവിൽ, കള്ളവണ്ടി കയറി അക്കാലത്ത് മദ്രാസിൽ എത്തുന്ന എല്ലാ പയ്യന്മാരും ചോദിക്കുന്ന ചോദ്യം ഞാനും നസീറിനോട് ചോദിച്ചു: സാർ ഒരു ജോലി ....

ഷൂട്ടിങ്ങിനു സമയമായി , എനിക്ക് തിരക്കുണ്ട് എന്ന് നടന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്റെ ചോദ്യം പിശകായിരുന്നു. അദ്ദേഹം എന്ത് ജോലി തരാനാണു. മലയാളമനോരമയുടെ വക MM റബ്ബർ കമ്പനിയും മദിരാശിയിലുണ്ടായിരുന്നു. അതിന്റെ മുതലാളിയുടെ വീട്ടിൽ പോയിട്ട് -പേരു ഓർക്കുന്നില്ല- അവർ ജോലി തന്നോ. ഇല്ലല്ലൊ. എനിക്ക് പക്ഷെ മറ്റൊന്നും ചോദിക്കാൻ അപ്പോൾ സാവകാശം കിട്ടിയില്ല. സഹായികളുമൊത്ത് അദ്ദേഹം മുറ്റത്തിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോൾ ഗെയിറ്റും കടന്ന് ഒരു സ്ത്രീയും കുട്ടിയും അകത്ത് പ്രവേശിക്കുന്നു. നസീർ അവരെ കണ്ടു. സ്ത്രീയുടെ മുഖത്ത് ദയനീയത. നിങ്ങളിങ്ങനെ അടിക്കടി വന്നാൽ എങ്ങനെയാ എന്ന് ചോദിച്ചുകൊണ്ട് അകത്തേക്ക് നോക്കി പറഞ്ഞു: കുറുപ്പേ ഇവർക്ക് ഒരു നൂറു രൂപ കൊടുക്കൂ. കുറുപ്പ് അദ്ദേഹത്തിന്റെ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന സഹായിയാരിക്കും. എനിക്ക് ഒരു പത്ത് രൂപയെങ്കിലും കിട്ടിയിരുന്നെങ്കിൽ അന്ന് വലിയ കാര്യമായിരുന്നു. പക്ഷെ പൈസ ചോദിക്കാത്തതിന്റെ പേരിൽ അന്ന് എനിക്ക് നിരാശ തോന്നിയിരുന്നില്ല.

പ്രേംനസീറിന്റെ എത്ര സിനിമകൾ കണ്ടിട്ടുണ്ട് എന്നോർമ്മയില്ല. ഏതാണു ഏറ്റവും ഇഷ്ടപ്പെട്ട പടം എന്ന് ചോദിച്ചാലും ഉത്തരം പറയാൻ കഴിയില്ല. എല്ലാം കാണുമ്പോൾ ആസ്വദിചിരുന്നുവല്ലൊ. സത്യനും ശിവാജി ഗണേശനും, നസീറും ജമിനിഗണേശനും പത്മിനിയും രാഗിണിയും സാവിത്രിയും അന്നത്തെ ബ്ലായ്ക്ക് ആൻഡ് വൈറ്റ് സിനിമകളും പിന്നെ ടൂറിങ്ങ് ടാക്കീസിലെ തറ , ബെഞ്ച് ടിക്കറ്റുകളും പാട്ടുപുസ്തകങ്ങളും അച്ചടിമണമുള്ള നോട്ടീസുകളും ....

(1975 ജൂൺ 25 നു അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഞാൻ മദിരാശിയിലുണ്ട്. 76ൽ ഞാൻ എന്റെ പ്രവാസം മതിയാക്കി നാട്ടിലെത്തി. എത്രയെത്ര സംഭവങ്ങൾക്കാണു ഞാൻ സാക്ഷ്യം വഹിച്ചത്. DMKയിൽ നിന്ന് എം.ജി.ആറിനെ പുറത്താക്കുന്നതും അന്ന് എം.ജി.ആറിന്റെ ആരാധകർ തെരുവിലിറങ്ങുന്നതും പിറ്റേന്ന് തന്നെ തമിഴ്‌നാടിന്റെ ഓരോ വാർഡുകളിലുമുള്ള എം.ജി.ആർ.രസികർ മൻട്രങ്ങൾ അണ്ണാ ദ്രാവിഡ മുന്നേറ്റക്കഴകത്തിന്റെ യൂനിറ്റുകൾ ആകുന്നതും അങ്ങനെയങ്ങനെ.. )

കേരളം ഒറ്റക്കക്ഷി ഭരണത്തിലേക്ക് !

അങ്ങനെ ആം ആദ്മി മൂവ്‌മെന്റിലേക്ക് ആളുകൾ ഒഴുകാൻ തുടങ്ങി. കേരളത്തിൽ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പോടുകൂടി ഒറ്റക്കക്ഷി ഭരണം നിലവിൽ വരും. സംസ്ഥാന ഭരണം നമുക്ക് അയ്യഞ്ച് കൊല്ലത്തേക്ക് വെച്ച് മാറി അനുഭവിക്കാമെന്ന് ശ്രീ.ഉമ്മൻ ചാണ്ടിയും സഖാവ് പിണറായി വിജയനും തമ്മിൽ പരസ്പരമുള്ള കരാർ രണ്ട് മുന്നണികളിലെയും അണികൾ പൊളിച്ചടുക്കാൻ പോവുകയാണു. ഈ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം പകൽ പോലെ എല്ലാവർക്കും വ്യക്തമായിരുന്നെങ്കിലും ജനങ്ങളുടെ മുന്നിൽ വേറെ വഴികൾ ഉണ്ടായിരുന്നില്ല.

നിലവിലെ പാർട്ടി വിട്ട് എവിടെയാണു പോവുക എന്ന ചിന്തയിൽ മരവിച്ച മനസ്സുമായി അതാത് പാർട്ടികളിൽ ചടഞ്ഞിരിക്കുകയായിരുന്നു ആളുകൾ. മാർക്സിസ്റ്റ് പാർട്ടി വിട്ട് അതിലെ അനുഭാവികൾ എങ്ങോട്ടേക്കാണു പോവുക? ബി.ജെ.പി.യിൽ പോകാൻ പറ്റുമോ. കോൺഗ്രസ്സിൽ പോകാൻ പറ്റുമോ? അങ്ങനെ പോയിട്ട് എന്ത് കിട്ടാനാണു? അത്കൊണ്ട് തമ്മിൽ ഭേദം തൊമ്മൻ എന്ന മട്ടിൽ മാർക്സിസ്റ്റുകാർ മാർക്സിസ്റ്റ് പാർട്ടിയിലും കോൺഗ്രസ്സുകാർ കോൺഗ്രസ്സ് പാർട്ടിയിലും കഴിഞ്ഞുകൂടുകയായിരുന്നു. അവർക്ക് മുന്നിൽ വേറെ വഴിയില്ലായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ ഓരോ പാർട്ടിയും നിലനിന്നുപോകുന്നത് ആളുകളുടെ ഈ "തമ്മിൽ ഭേദം തൊമ്മൻ" എന്ന മനോഭാവത്തിന്റെ പുറത്തായിരുന്നു. ഇപ്പോൾ എന്താണു സംഭവിച്ചത്? ഇപ്പോൾ ഏത് പാർട്ടിക്കാരനും പാർട്ടിയില്ലാത്തവർക്കും ഏത് മതക്കാർക്കും മതമില്ലാത്തവർക്കും വൈമനസ്യമില്ലാതെ കടന്നു ചെല്ലാൻ ഒരു പാർട്ടി അല്ലെങ്കിൽ ഒരു പ്രസ്ഥാനം ഉദയം ചെയ്തിരിക്കുന്നു. അതാണു ആം ആദ്മി പാർട്ടി. അങ്ങനെ സാറ ജോസഫും ഒ.വി.ഉഷയും കെ.എം.ഷാജഹാനും സി.ആർ.നീലകണ്ഠനും സി.കെ.ജാനുവും ഗീതാനന്ദനും തുടങ്ങി സാമൂഹ്യജീവിതത്തിന്റെ വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിച്ചവർക്ക് ഒരുമിക്കാൻ ഒരു പൊതു പ്ലാറ്റ്‌ഫോം ഒരുങ്ങിയിരിക്കുന്നു.

ഇങ്ങനെ വരുന്നവർക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. സമൂഹം നവീകരിക്കുക. കുറച്ചുകൂടി ആലങ്കാരികമായി പറഞ്ഞാൽ സമൂഹത്തെ ജനാധിപത്യവൽക്കരിക്കുക, മാനവീകരിക്കുക. ആം ആദ്മിയിൽ ചേർന്നുകൊണ്ട് സാറ ജോസഫ് നൽകിയ സന്ദേശം വളരെ വ്യക്തമാണു. ആം ആദ്മിയിലേക്ക് കടന്നുവരുന്നവർ സ്വാതന്ത്ര്യസമരകാലത്തെ കോൺഗ്രസ്സുകാരനാവുക, ആദ്യകാല കമ്മ്യൂണിസ്റ്റുകാരാവുക. ഈ സന്ദേശത്തിന്റെ സത്ത ഉൾക്കൊണ്ടവരായിരിക്കും ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവരിക.

ചില ദോഷൈകദൃക്കുകൾ ആം ആദ്മിയിലേക്ക് പല അലവലാതികളും കടന്നുവരും എന്ന് പരിഹസിക്കുകയോ പുച്ഛിക്കുകയോ ചെയ്യുന്നുണ്ട്. ആം ആദ്മി ഒരു മഹാപ്രവാഹമായി ഉരുവെടുക്കുമ്പോൾ ചില കള്ളനാണയങ്ങൾ ഇതിൽ കടന്നുകൂടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ അത്തരക്കാർക്ക് ആം ആദ്മി മൂവ്‌മെന്റിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. കുറെക്കാലമെങ്കിലും ഈ പാർട്ടി സ്വാതന്ത്ര്യപൂർവ്വ കോൺഗ്രസ്സും ആദ്യകാല കമ്മ്യൂണിസ്റ്റുമായി നമ്മുടെ രാജ്യത്തെ നവീകരിക്കുക തന്നെ ചെയ്യും. അത് തന്നെ ധാരാളമല്ലേ.

അത്കൊണ്ട് ഇനിയുള്ള നാളുകളിൽ മാർക്സിസ്റ്റുകാരും കോൺഗ്രസ്സുകാരും കൂട്ടത്തോടെ ആം ആദ്മി മൂവ്‌മെന്റിലേക്ക് ഒഴുകി വരാനുള്ള സാധ്യതയാണു നിലനിൽക്കുന്നത്. അതിന്റെ ഫലം ഈ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്നെ കാണാൻ കഴിയും.


മുഖ്യധാര മാധ്യമങ്ങളേ ഇതിലേ , ഇതിലേ ...


ഫേസ്‌ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ ആം ആദ്മികളായ എത്രയോ എഴുത്തുകാർ വളരെ ഗഹനമായ കാര്യങ്ങൾ എഴുതുകയും ആഴത്തിലുള്ള ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്ന് സമൂഹത്തിന്റെ സ്പന്ദനങ്ങൾ വളരെ കൃത്യതയോടെ തുടിക്കുന്നത് ഇത്തരം നവമാധ്യമങ്ങളിലൂടെയാണു എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. യാഥാർഥ്യം തന്നെയാണു. എന്നാൽ ഈ സമകാലിക യാഥാർഥ്യത്തെ വളരെ കൗശലപൂർവ്വം തമസ്ക്കരിക്കുന്ന മുഖ്യധാര മാധ്യമങ്ങൾ , സെലിബ്രിറ്റികൾ ബ്ലോഗിലോ എഫ്‌ബിയിലോ ട്വിറ്ററിലോ എന്തെഴുതിയാലും അതൊക്കെ ഭയങ്കരവെളിപ്പെടുത്തൽ പോലെ വാർത്താഘോഷമാക്കുന്നു. 

ഇത് വായിക്കുന്ന സാധാരണവായനക്കാർക്ക് തോന്നുക സോഷ്യൽ മീഡിയ എന്നാൽ മഹാതാരങ്ങൾ മാത്രം ആത്മാവിഷ്ക്കാരത്തിനു ഉപയോഗിക്കുന്ന, നമുക്കൊക്കെ അപ്രാപ്യമായ വെർച്വൽ പ്രസാധന മേഖലയാണു എന്നായിരിക്കും. മോഹൻലാൽ ബ്ലോഗ് എഴുതിയാൽ, പിണറായി വിജയൻ ഫേസ്‌ബുക്ക്‌പേജ് ഉണ്ടാക്കിയാൽ അതൊക്കെ ലോകം മുഴുവൻ പെരുമ്പറ മുഴക്കി അറിയിക്കുന്ന മുഖ്യധാര മാധ്യമങ്ങൾക്കിടയിൽ, വ്യത്യസ്തമാവുകയാണു മാധ്യമം ദിനപത്രം. മാധ്യമത്തിന്റെ എഡിറ്റ് പേജിൽ തന്നെ "സാമൂഹിക മാധ്യമം" എന്നൊരു പംക്തി ആരംഭിച്ചിരിക്കുന്നു. ഇതിനെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. മറ്റ് മാധ്യമങ്ങൾ ഇതിനെ മാതൃകയാക്കും എന്ന് പറഞ്ഞുകൂട. സോഷ്യൽ മീഡിയ എന്ന ഇംഗ്ലീഷ് പദത്തിനു സാമൂഹികമാധ്യമം എന്നൊരു മനോഹരമായ മലയാളം പദം ഉണ്ടല്ലോ എന്ന് ഞാൻ ആലോചിച്ചത് തന്നെ മാധ്യമത്തിന്റെ ഈ പംക്തി കണ്ടപ്പോഴാണു.


ഇന്നത്തെ മാധ്യമത്തിലെ പ്രസ്തുത പംക്തിയിൽ എന്റെ ഒരു എഫ്‌ബി പോസ്റ്റും കിരൺബേദിയുടെ ഒരു ട്വീറ്റിന്റെ മലയാളം പരിഭാഷയും ആണുള്ളത്. കിരൺ‌ബേദിയുടെ ട്വിറ്റർ ട്വീറ്റിൽ, ഒബാമ ആദ്യ നാലുവർഷത്തിനുള്ളിൽ 79 ക്ലിന്റൺ 133 സീനിയർ ബുഷ് 143 എന്നിങ്ങനെ വാർത്താ സമ്മേളനങ്ങൾ നടത്തി. എന്നാൽ ഒൻപത് വർഷത്തിനുള്ളിൽ നമ്മുടെ പ്രധാനമന്ത്രി നടത്തിയത് വെറും മൂന്ന് സമ്മേളനങ്ങൾ മാത്രമാണു. ഇത് വാർത്താവിനിമയ തളർച്ചയോ ചികിത്സിക്കാവുന്നതാണോ എന്നാണു കിരൺ ബേദി പരിഹസിക്കുന്നത്. 


ഇതിനെ പറ്റി ഇന്ന് എഴുതാൻ വിചാരിച്ചതാണു. നമ്മുടെ പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസ്സ് മീറ്റ് എത്ര മാത്രം നിർജ്ജീവവും വിരസവും യാന്ത്രികവും ആയിരുന്നു. ഒൻപത് കൊല്ലം പ്രധാനമന്ത്രിയായിട്ടും അദ്ദേഹത്തിന്റെ ശരീരഭാഷയും പ്രസന്റേഷനും ഒരു ബ്യൂറോക്രാറ്റിന്റേതിൽ നിന്നും ഒരു ജനനേതാവിന്റേതായി മാറിയില്ലല്ലൊ എന്ന് ദു:ഖം തോന്നി. ഇന്നലെ അദ്ദേഹം പറഞ്ഞതിൽ നമുക്ക് ആവേശവും ഉണർവ്വും പ്രതീക്ഷയും തരുന്ന ഒരു കാര്യവും ഇല്ലായിരുന്നു. നരസിംഹറാവുവിന്റെ ചെലവിൽ പ്രധാനമന്ത്രിയായ ഒരാൾ എന്നായിരിക്കും പ്രിയപ്പെട്ട മൻമോഹൻസിങ്ങ്ജീ താങ്കളെ ചരിത്രം വിലയിരുത്തുക. 


ഇന്നത്തെ മാധ്യമത്തിന്റെ എഡിറ്റ് പേജ് ഇതാ : : http://goo.gl/hNiyLA