ഗണേഷ് കുമാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി ഗുരുതരമായ രണ്ട് തെറ്റുകള്‍ ചെയ്തു. ഒന്നാമത്തെ തെറ്റ്, മന്ത്രിയെ പിന്‍വലിക്കണമെന്നും കേരള കോണ്‍ഗ്രസ്സ് (ബി)പാര്‍ട്ടിക്ക് മന്ത്രി സ്ഥാനം വേണ്ടെന്നും ആവശ്യപ്പെട്ട് ആ പാര്‍ട്ടിയുടെ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള രേഖാമൂലം കത്ത് നല്‍കിയപ്പോള്‍ ആ ആവശ്യം ചര്‍ച്ച ചെയ്ത് ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമായിരുന്നു. അതാണ് മുന്നണി രാഷ്ട്രീയ മര്യാദ. ആ മര്യാദ പാലിക്കാതെ മുഖ്യമന്ത്രി ദോഷകരമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുകയാണ് ചെയ്തത്. മുന്നണിയിലെ ഘടകകക്ഷികളുടെ നേതാക്കള്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കാതെ അവഗണിക്കുന്നത് ഭാവിയില്‍ ദോഷം ചെയ്യും.
ഗണേഷ് കുമാര്‍ വെറും ഒരു എം.എല്‍.എ. മാത്രമായിരുന്നു. മുന്നണി മര്യാദ അനുസരിച്ച് ഒരു മന്ത്രി സ്ഥാനം കിട്ടിയത് കേ.കോ.(ബി)ക്ക് ആണ്. ആ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണ്ട എന്ന് പറഞ്ഞാല്‍ അത് പറഞ്ഞതാണ്. അപ്പോള്‍ തന്നെ ഗണേഷ് കുമാറിനെ നീക്കി ആ വകുപ്പ് കോണ്‍ഗ്രസ്സിന്റെ കൈയില്‍ വെക്കാമായിരുന്നു. അങ്ങനെ ഒരു ഔചിത്യബോധം മുഖ്യമന്ത്രി കാണിച്ചില്ല. കോണ്‍ഗ്രസ്സിന്റെ കാര്യങ്ങളിലും സര്‍ക്കാരിന്റെ കാര്യങ്ങളിലും ഉമ്മന്‍ ചാണ്ടി തന്നെ, തന്റെ സൌകര്യം പോലെ തീരുമാനം എടുത്താല്‍ മതി എന്നൊരു അവസ്ഥയുള്ളത്കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഏറിയാല്‍ ചെന്നിത്തല രമേശനോട് ഞാന്‍ ഇങ്ങനെ തീരുമാനിച്ചു എന്ന് പറഞ്ഞാല്‍ മതി. കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഉമ്മന്‍ ചാണ്ടി മാത്രമാണ് എല്ലാം. സി.പി.എമ്മില്‍ സഖാവ് പിണറായി വിജയനു പോലും ഇങ്ങനെയൊരു സൌഭാഗ്യമില്ല.
രണ്ടാമത്തെ തെറ്റ്, യാമിനി തങ്കച്ചനോട്, പരാതി നല്‍കിയിട്ടില്ല എന്ന് എഴുതി വാങ്ങി അത് നിയമസഭയില്‍ വായിച്ചതാണ്. യാമിനിയുടെ പരാതിയെക്കുറിച്ച് പ്രതിപക്ഷം അടിയന്തിരപ്രമേയം കൊണ്ടുവരും എന്നറിഞ്ഞ് അതിനെ പ്രതിരോധിക്കാനായിരിക്കണം യാമിനിയോട് അങ്ങനെയൊരു കുറിപ്പ് വാങ്ങിയത്. അത് നിയസഭയില്‍ വായിക്കുമ്പോള്‍ കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമായിരുന്നു, യാമിനി പരാതി കൊടുക്കാത്തതല്ല , മുഖ്യമന്ത്രി ആ പരാതി വാങ്ങിയില്ല എന്നതാണ് സത്യം എന്ന്. മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെയൊക്കെ വൃത്തികെട്ട കളികള്‍ കളിക്കുന്നത്? അതാണ് നമ്മുടെ രാഷ്ട്രീയം. യാമിനിയുടെ പരാതിയെക്കുറിച്ച് പ്രതിപക്ഷം അടിയന്തിരപ്രമേയം കൊണ്ടുവന്നത് ചെറ്റത്തരമാണെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍, പരാതി വാങ്ങാതെ മടക്കി അയച്ച യാമിനിയോട് പരാതി നല്‍കിയിട്ടില്ല എന്ന് എഴുതിവാങ്ങിച്ചത് ലോകചെറ്റത്തരം ആയിപ്പോയി. മാന്യനായ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ പ്രതിപക്ഷത്തിന്റെ ആ അടിയന്തിരപ്രമേയത്തെ അവഗണിക്കണമായിരുന്നു. അതെങ്ങനെ? ചണ്ടിക്ക് ചണ്ടി സമം എന്നൊരു ചൊല്ല് ഞങ്ങളുടെ നാട്ടിലുണ്ട്. പ്രതിപക്ഷവും ഭരണപക്ഷവും ഒരേ തൊഴില്‍ ചെയ്യുന്ന വര്‍ഗ്ഗമാണല്ലൊ. അപ്പോള്‍ മാന്യത ഒരു പക്ഷത്തും പാടില്ലാത്തവിധം വര്‍ഗ്ഗപരമായ ഐക്യം വേണമല്ലൊ.
ഗണേഷ് കുമാറിന്റെ പ്രശ്നങ്ങളെല്ലാം അവരുടെ കുടുംബത്തെ മാത്രം ബാധിക്കുന്ന പ്രശ്നങ്ങളാണ്. അതൊന്നും കേരളത്തിന്റെ പ്രശ്നങ്ങളല്ല. ജനങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങളുണ്ട്. എന്നാല്‍ പെരുമാറ്റത്തിലും സ്വഭാവത്തിലും ചെറ്റത്തരത്തിന്റെ അംശങ്ങള്‍ ഏറിയോ കുറഞ്ഞോ ഉള്ള രാഷ്ട്രീയക്കാര്‍ പറയുന്നതാണ്, അവര്‍ പറയുന്നത് മാത്രമാണ് ജനങ്ങളുടെ പ്രശ്നങ്ങള്‍ എന്നൊരു വയ്പ് നിലവിലുണ്ട്. അത്കൊണ്ടാണ് ഗണേഷ് കുമാറിന്റെ പ്രശ്നം കേരളപ്രശ്നമായി പ്രതിപക്ഷക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഭരണപക്ഷത്തിനും അതിനെയൊക്കെ പ്രതിരോധിച്ചും അങ്ങനെ വിലകുറഞ്ഞ രാഷ്ട്രീയനാടകങ്ങള്‍ കളിച്ചും അങ്ങനെ മുന്നോട്ട് പോകാനേ കഴിയൂ. കാരണം നമ്മുടെ രാഷ്ട്രീയത്തിന്റെ നിലവാരം അങ്ങനെയാണ്.
നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളിലെ അംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും നിലവാരം ഒന്ന് പരിശോധിച്ചുനോക്കൂ. വിവിധ തട്ടുകളിലുള്ള നേതാക്കളുടെയും ഭാരവാഹികളുടെയും സില്‍ബന്ധികള്‍ ആയിരിക്കും പാര്‍ട്ടി മെമ്പര്‍മാരും പ്രവര്‍ത്തകരും. സില്‍ബന്ധികള്‍ക്ക് അവരുടെ താല്പര്യങ്ങളും നേതാക്കള്‍ക്ക് അവരുടെ താല്പര്യങ്ങളും കാണും. ആ താല്പര്യങ്ങള്‍ നിറവേറ്റാനാണ് അവര്‍ക്ക് രാഷ്ട്രീയം. സ്വന്തമായി ചിന്താശേഷിയും അഭിപ്രായവും രാഷ്ട്രീയബോധവും ഉള്ള, സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന, പ്രൊഫഷണലുകള്‍, അങ്ങനെ മറ്റുള്ളവര്‍ ഒന്നും ഒരു പാര്‍ട്ടിയിലും മെമ്പര്‍മാരായോ പ്രവര്‍ത്തകരായോ ഒരു പാര്‍ട്ടിയിലും ഉണ്ടാവില്ല. ചെറുതും വലുതുമായ നേതാക്കള്‍ പിന്നെ സില്‍ബന്ധികള്‍ അങ്ങനെയാണ് എല്ലാ പാര്‍ട്ടികളുടെയും ഘടന. മൌലികമായി ചിന്തിക്കുന്നവര്‍ക്ക് ഒരു പാര്‍ട്ടിയിലും അംഗത്വം കിട്ടുകയില്ല. അങ്ങനെ ആരെങ്കിലും കയറിപ്പറ്റിയാല്‍ അവരെ പുകച്ചു പുറത്ത് ചാടിക്കും.
ഇതിനൊക്കെ മാറ്റം വരണമെങ്കില്‍ മതേതരര്‍ എന്ന് പറയുന്ന പോലെ ഒരു പാര്‍ട്ടിയോടും വിധേയത്വമില്ലാത്ത പാര്‍ട്ടിഇതരര്‍ അല്ലെങ്കില്‍ കക്ഷിരഹിതരുടെ ഒരു സമൂഹം ഉയര്‍ന്നു വരണം. തെരഞ്ഞെടുപ്പ് വരുമ്പോള്‍ അപ്പോള്‍ മന:സാക്ഷിപ്രകാരം ആര്‍ക്കെങ്കിലും വോട്ട് നല്‍കാം. അല്ല്ലാതെ ഞാന്‍ ഇന്ന പാര്‍ട്ടിക്കാരനാണ്, ഇന്ന ചിഹ്നം എന്റെ വിഗ്രഹമാണ് എന്ന് പൌരന്മാര്‍ കരുതരുത്. പാര്‍ട്ടികള്‍ നമ്മുടെ ജീവിതത്തില്‍ അങ്ങനെ അനിവാര്യമല്ല. സമൂഹത്തില്‍ എന്തെങ്കിലും സോഷ്യല്‍ വര്‍ക്ക് നടത്തുന്നവരെ അംഗീകരിക്കാം. അതിനപ്പുറം ജാതിമതം പോലെ ഒരു പാര്‍ട്ടി ഐഡന്റിറ്റി ആര്‍ക്കും വേണ്ട. സര്‍ക്കാര്‍ എന്നത് മനുഷ്യന്‍ കണ്ടുപിടിച്ച ഒരു സംവിധാനമാണ്, അതൊരു തുടര്‍ച്ചയാണ്. സര്‍ക്കാര്‍ എന്ന സംവിധാനം പാര്‍ട്ടികളുടേതല്ല.
ആര്‍. ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടപ്പോള്‍ ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനുള്ള സാമാന്യമര്യാദയും നീതിബോധവും ശ്രീമാന്‍ ഉമ്മന്‍ ചാണ്ടി കാണിച്ചിരുന്നുവെങ്കില്‍ അത് ഗണേഷ് കുമാറിന്റെയും യാമിനി തങ്കച്ചിയുടെയും തലയെഴുത്ത് മാറ്റിയിരിക്കുമെന്നും മുന്നണിരാഷ്ട്രീയത്തിന്റെ മര്യാദകള്‍ ആരോഗ്യകരമായി നിലനിന്നിരിക്കുമെന്നും പറഞ്ഞുകൊണ്ട് ഈ കുറിപ്പ് തല്‍ക്കാലം ഉപസംഹരിക്കുന്നു.
7 comments:
Prasad Thathanampully സത്യത്തിൽ കേരളത്തിൽ നമുക്ക് വേണ്ടത് ഒരു ഹിറ്റ്ലറെയൊ മുസ്സോളനിയെയോ ആണ്... പിന്നെ യാമിനി ഗണെഷ് കുമാർ ഇഷ്യു സാമ്പത്തികമായി ഉയർന്നു നില്ക്കുന്ന ,തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത 2 വ്യക്തികളുടെ അഥവാ 2 കുടുംബങ്ങളുടെ ഹുങ്ക് . കേസിന്റെ ബലത്തിനായും, മാധ്യമ പൊതുജന സിമ്പതിക്കായി കാട്ടികൂട്ടുന്ന ഓരോരോ കസർത്തുക്കൾളായി മാത്രം കണ്ടാൽ മതി . വ്യക്തി ജീവിതത്തിന്റെ പിന്നാമ്പുറ രഹസ്യം ഇപ്പോൾ മാധ്യമങ്ങൽക്ക് അരി മേടിക്കാനായുള്ള ഉപാധി മാത്രം .
എനിക്ക് തോന്നുന്നത് ഈ പ്രശ്നം മൊത്തം രാഷ്ട്രീയ കളിയാണ്,
അതിൽ ആ കുരുന്നുകൾ പെട്ടു
നല്ല ഗവര്‍മെന്റ്
നല്ല ഭരണം
നമ്മുടെ രാഷ്ട്രീയത്തിൽ അല്ലെങ്കിൽ എവിടെയാണ് മര്യാദകൾ ഉള്ളത് ? അമേരിക്കയിൽ ലൈംഗീക അരാജകത്വം കൊടികുത്തി വാണപ്പോൾ പോലും അവിടുത്തെ പ്രസിടന്റ്റ് ലൈംഗീക അപവാദങ്ങളിൽ പെട്ടാൽ സ്ഥാനം ത്യജിക്കേണ്ടി വന്നിട്ടുണ്ട് ..എന്നാൽ ഇവിടെ പീഡനക്കാരെ നമ്മുടെ ജനം മുൻപത്തേക്കാൾ ഭൂരിപക്ഷം ഉയർത്തി ജയിപ്പിക്കും.. പരമോന്നത പദവികളിൽ, സ്ത്രീ സ്വാതന്ത്ര്യ ബിൽ അവതരിപ്പിക്കാൻ വരെ അര്ഹനാക്കും . പരാതി ആര്ക്കും ഇല്ല എന്ന വ്യാജേന വെള്ള പൂശും. മക്കൾ കേസിൽ അകപ്പെട്ടാൽ, അവരെ സ്വാധീനം ഉപയോഗിച്ച് വെള്ള പൂശും. എങ്കിലും, കപട സദാചാര കമ്മിറ്റി രൂപീകരിക്കുന്നതിൽ മുന്നിലാവുകയും ചെയ്യും .
>>>ആര്‍. ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടപ്പോള്‍ ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനുള്ള സാമാന്യമര്യാദയും നീതിബോധവും ശ്രീമാന്‍ ഉമ്മന്‍ ചാണ്ടി കാണിച്ചിരുന്നുവെങ്കില്‍ <<<
നിയമസഭ യുടെ arithmetic ആണ് ചാണ്ടിയെ അതില്‍ നിന്നും തടസ്സപ്പെടുത്തിയത് ......ഗണേശനെ പിണക്കിയാല്‍ മറ്റൊരു ഉപതിരഞ്ഞെടുപ്പിനെ നേരിടുക എന്ന വിഷമസന്ധിയില്‍ എത്തിച്ചേരും എന്നതാണ് എമ്മെല്ലേ ഇല്ലാത്ത പാര്‍ട്ടിയെക്കാള്‍ പാര്‍ട്ടി ഇല്ലാത്ത എമ്മെല്ലേ യോടൊപ്പം നില്ക്കുക എന്ന നിലപാടെടുക്കാന്‍ ചാണ്ടിയെ നിര്‍ബന്ധിതനാക്കിയത്.....അഞ്ചോ പത്തോ അംഗങ്ങളുടെ ഭൂരിപക്ഷം മന്ത്രിസഭക്ക് ഉണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഒറ്റയാള്‍ പാര്‍ട്ടിക്കാരാരും മന്ത്രിയേ ആകുമായിരുന്നില്ല .....അപ്പോള് പിന്നെ ഇപ്പോള്‍ ഉണ്ടായ പ്രശ്നങ്ങള്‍ക്ക് മുന്നണി മര്യാദ പാലിക്കാത്തത് ഒരു കാരണമായി കാണുന്നത് ബാലകൃഷ്ണപിള്ളയുടെ ശ്രമങ്ങളാണ് ഗണേഷ് -യാമിനി വഴക്കിനു പിന്നില്‍ എന്നു പറയുന്നതിന് തുല്യമാണ്
"സ്വന്തമായി ചിന്താശേഷിയും അഭിപ്രായവും രാഷ്ട്രീയബോധവും ഉള്ള, സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന, പ്രൊഫഷണലുകള്‍, അങ്ങനെ മറ്റുള്ളവര്‍ ഒന്നും ഒരു പാര്‍ട്ടിയിലും മെമ്പര്‍മാരായോ പ്രവര്‍ത്തകരായോ ഒരു പാര്‍ട്ടിയിലും ഉണ്ടാവില്ല."
ആശംസകള്‍
മൊത്തം രാഷ്ട്രീയ കളിയാണ്,
Post a Comment