എന്‍ഡോസല്‍ഫാനെ ഇനി വെറുതെ വിടുക !


ഞാന്‍ എന്‍ഡോസല്‍ഫാന്‍ കമ്പനിയുടെ വക്താവല്ല. സത്യം പറഞ്ഞാല്‍ കാസര്‍ഗോഡ് ഭാഗത്ത് ജനിതകവൈകല്യങ്ങളോടെ ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളോട് എനിക്ക് അനുകമ്പയും സഹതാപവും ഉണ്ട്. പക്ഷെ എന്റെ പ്രശ്നം അതല്ല, ഇത്തരം രോഗങ്ങള്‍ക്ക് കാരണം എന്‍ഡോസല്‍ഫാന്‍ ആണെന്ന് എല്ലാവരും വിധിയെഴുതുമ്പോള്‍ എനിക്കതിന് കഴിയുന്നില്ല. ഇത്തരം രോഗം ഒരു പ്രദേശത്ത് വ്യാപകമായ തോതില്‍ കണ്ടുവരുന്നു എന്നേയുള്ളൂ. പല സ്ഥലത്തും ഒറ്റയും തെറ്റയുമായി കണ്ടുവരുന്നുണ്ട്. ചില സ്ഥലത്ത് ഇമ്മാതിരി മൂന്നോ നാലോ കേസ് വരുമ്പോള്‍ അത് എന്‍ഡോസല്‍ഫാന്റെ തലയില്‍ വെച്ചുകെട്ടാന്‍ ശ്രമങ്ങള്‍ നടന്ന് വിജയിക്കാത്ത സംഭവങ്ങളും ഉണ്ട്. കാസര്‍ഗോഡ് ഭാഗത്ത് ഇപ്പോള്‍ എന്ത് രോഗം വന്നാലും, സൈക്കിളില്‍ നിന്ന് വീണു കാലൊടിഞ്ഞാലും അതെല്ലാം എന്‍ഡോസല്‍ഫാന്റെ കണക്കിലാണ് വരവ് വെക്കുക. ഏത് രോഗി ഡോക്ടറെ സന്ദര്‍ശിച്ചാലും ആ രോഗം എന്‍ഡോസല്‍ഫാന്‍ പീഡിത രോഗമായി സര്‍ട്ടിഫൈ ചെയ്ത് തരണം എന്ന സമ്മര്‍ദ്ധം കാസര്‍ഗോട്ടെ ഡോക്‍ടര്‍മാര്‍ നേരിടുന്നു.

ഈ ചിത്രം നോക്കുക. എട്ട് മാസം പ്രായമുള്ള, ഉടലിനേക്കാളും വലുപ്പമുള്ള തലയുമായി പിറന്ന സിനാന്‍ എന്ന കുട്ടി മരണപ്പെട്ടുപോയി. എന്‍ഡോസല്‍ഫാന്‍ വിഷമഴയുടെ ഇരയാണ് എന്നറിഞ്ഞിട്ടും ആ കുട്ടിക്ക് എന്‍ഡോസല്‍ഫാന്‍ ആനുകൂല്യം ഒന്നും കിട്ടിയില്ലെന്നും അതിനു മുന്നേ തന്നെ കുട്ടിയെ മരണം കവര്‍ന്നെടുത്തു എന്നുമാണ് ലേഖകന്‍ വിലപിക്കുന്നത്. ആളുകളും അങ്ങനെ തന്നെയാണ് കരുതുക. ചിത്രത്തില്‍ കാണുന്നത് സിനാന്‍ എന്ന കുഞ്ഞിനെയും എടുത്ത് നില്‍ക്കുന്ന ഉമ്മ ഫാത്തിമയുടെ ചിത്രമാണ്. ഫാത്തിമയ്ക്ക് ഒരു കുഴപ്പവും ഇല്ല. ആ ഉമ്മ എട്ട് മാസം മുന്‍പ് പ്രസവിച്ച കുഞ്ഞിനാണ് ജനിതകവൈകല്യം ഉണ്ടായിരിക്കുന്നത്. അത് എന്‍ഡോസല്‍ഫാന്‍ വിഷമഴ കൊണ്ടാണെന്ന് ഡയഗ്‌നോസിസ് ചെയ്യാന്‍ കഴിയുന്നത് ഏത് വൈദ്യശാസ്ത്രത്തിന്റെ പിന്‍‌ബലത്തിലാണ് എന്നാണ് എന്റെ ചോദ്യം.

എന്‍ഡോസല്‍ഫാന്‍ ആരുടെ ശരീരത്തിലാണ് പ്രവേശിച്ചിരിക്കുക? ഫാത്തിമയുടെ ശരീരത്തില്‍ ആണെന്ന് സങ്കല്പിക്കാം. എന്നാലോ ഫാത്തിമയ്ക്ക് ഒരു തകരാറും ഇല്ല. അവര്‍ക്ക് കുഞ്ഞിനെ പ്രസവിക്കാനുള്ള ആരോഗ്യവും ഉണ്ട്. പക്ഷെ ജനിക്കുന്ന കുഞ്ഞിന് ജനിതകരോഗം. ലോകത്ത് എന്‍ഡോസല്‍ഫാന്‍ എന്ന വിഷത്തിന് മാത്രമുള്ള പ്രത്യേകതയാണോ ഇത്. മറ്റെല്ലാ വിഷവും ആരുടെ ശരീരത്തിലാണോ കടക്കുക, ആ വ്യക്തി മരണപ്പെടുകയോ അല്ലെങ്കില്‍ ചികിത്സയ്ക്ക് വിധേയമായി രക്ഷപ്പെടുകയോ ആണ് പതിവ്. ഈ എന്‍ഡോസല്‍ഫാന്‍ എന്ന വിഷം ലോകം മുഴുവന്‍ 50 വര്‍ഷത്തോളം തളിച്ചിട്ടും കാസര്‍ഗോഡ് മാത്രം അത്ഭുതകരമായ ഈ കഴിവ് എന്‍ഡോസല്‍ഫാനു എങ്ങനെ വന്നു ചേര്‍ന്നു എന്ന് എനിക്ക് മനസിലാകുന്നില്ല്ല.

എന്‍ഡോസല്‍ഫാന്‍ നിമിത്തമാണ് ഈ തരത്തിലുള്ള ജനിതകവൈകല്യം ഉണ്ടാകുന്നത് എന്ന് അവിടെ തീരുമാനിക്കപ്പെട്ടത് ചില സര്‍വ്വേകളുടെ പിന്‍‌ബലത്തിലാണു. അല്ലാതെ ജീവശാസ്ത്രപരമായും വൈദ്യശാസ്ത്രപരമായും രോഗം ബാധിച്ചവരെ പരിശോധിച്ച് തീരുമാനിക്കപ്പെട്ടതല്ല. എന്‍ഡോസല്‍ഫാന്‍ നിമിത്തം തന്നെയാണ് അങ്ങനെയുണ്ടാകുന്നത് എന്ന് വിധിയെഴുതണം എന്ന് ചിലര്‍ക്ക് വല്ലാത്ത നിര്‍ബന്ധമാണ്. അത്തരക്കാര്‍ പലസ്ഥലത്തും ഇമ്മാതിരി രോഗങ്ങള്‍ ചിലര്‍ക്ക് കണ്ടപ്പോള്‍ അതും എന്‍ഡോസല്‍ഫാന്‍ കൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പാട് പെട്ടിരുന്നു. പക്ഷെ ആ‍ളുകളെ വിശ്വസിപ്പിക്കാന്‍ കഴിയാത്തത്കൊണ്ട് പിന്‍‌വാങ്ങുകയായിരുന്നു. എന്തിനാണ് അങ്ങനെ ആഞ്ഞുപിടിക്കുന്നത് എന്നല്ലേ? അത് യൂറോപ്യന്‍ യൂനിയന്റെ ഫണ്ട് സ്വീകരിച്ചത്കൊണ്ട് വന്നുചേര്‍ന്ന ബാധ്യതയാണെന്ന് ഏതോ ഇംഗ്ലീഷ് റിപ്പോര്‍ട്ടില്‍ ഞാന്‍ വായിച്ചിരുന്നു. തെളിവൊന്നും ഇല്ല ഹാജരാക്കാന്‍, അത്കൊണ്ട് എല്ല്ലാവരും വിശ്വസിക്കണ്ട.

ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, എട്ട് മാസം മുന്‍പ് വലിയ തലയും ചെറിയ ഉടലുമായി സിനാന്‍ എന്ന കുഞ്ഞ് ജനിച്ചെങ്കില്‍, പ്രത്യക്ഷത്തില്‍ ആരോഗ്യവതികളായ അമ്മമാര്‍ ഇനിയും അമ്മാതിരി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുമെങ്കില്‍ അതിന്റെ പിന്നില്‍ ജീവശാസ്ത്രപരമായ പ്രശ്നങ്ങള്‍ ഉണ്ട്. അതെന്താണെന്ന് കണ്ടെത്തി പരിഹാരം തേടുകയും അമ്മാതിരി കുഞ്ഞുങ്ങളുടെ ജനനം മുന്‍‌കൂട്ടി കണ്ടറിഞ്ഞ് തടയുകയും വേണം. അതിനൊക്കെ ആധുനികവൈദ്യശാസ്ത്രം ഇക്കാലത്ത് വളര്‍ന്നിട്ടുണ്ട്.

അതൊന്നും ചെയ്യാതെ എന്‍ഡോസല്‍ഫാന്‍ വിരുദ്ധര്‍ക്ക് ആഘോഷിച്ചുകൊണ്ടിരിക്കാന്‍ വേണ്ടി , ഒരു ശാസ്ത്രീയപരീക്ഷണവും നടത്താതെ, ഏത് രോഗത്തിനും എന്‍ഡോസല്‍ഫാന്‍ ലേബല്‍ ചാര്‍ത്തി പണം നല്‍കി, ഇനിയും വലിയ തലയും ചെറിയ ഉടലുമുള്ള കുഞ്ഞുങ്ങള്‍ പിറന്നുകൊണ്ടേയിരിക്കാനുള്ള സാഹചര്യം നിലനിര്‍ത്താനാണ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ എനിക്കൊന്നേ പറയാനുള്ളൂ. ഇത് നിന്ദ്യമായ കുറ്റമാണ്, ക്രൂരതയാണ്. എന്‍ഡോസല്‍ഫാനെ ഇനി വെറുതെ വിടുക. അത് നിരോധിച്ചല്ലൊ. ഇനിയെങ്കിലും യഥാര്‍ത്ഥ കാരണം കണ്ടെത്തി ഭാവിതലമുറയെ രക്ഷിക്കുക. പ്ലീസ് !

8 comments:

ajith said...

പരീക്ഷണങ്ങള്‍ നടത്തി യഥാര്‍ത്ഥകാരണങ്ങള്‍ തീര്‍ച്ചയായും അറിയേണ്ടതുണ്ട്. അതുവരെ ഒരു നിഗമനത്തിലും ആരും ദുര്‍വാശിയോടെ ഉറച്ചുനില്‍ക്കയും അരുത്.

ഷാജു അത്താണിക്കല്‍ said...

എന്തായാലും ഇതിന്റെ ശാസ്ത്രീയമായ വശം എന്താണ് എന്നത് കണ്ടേത്തേണ്ടീയിരിക്കുന്നു, എൻഡോ സൾഫാനും ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നുണ്ട് എന്നത് സത്യമായിരിക്കാം,,,,,,,,,,,,,,,,,,,,,,,

ബിലാത്തിപട്ടണം Muralee Mukundan said...

എൻഡി’ല്ലാത്ത എൻഡോസൾഫാൻ...!

Ananth said...

while it is true that ,all over the world, many countries who used to produce and use this pesticide have either banned it or are in the process of phasing out its use .....before we take a call on its use, we have to make our own judgement.....pesticides are a necessary evil....now that we have achieved a level of self sufficiency in food production it is easy to become complacent and give in to environmental rhetoric.....however, it is to be noted that opposition to the use of endosulphan comes from kerala and karnataka though quantitywise its use is far more in madhyapradesh ,maharashtra etc......what needs to be studied is whether the method of application employed , say aerial spraying etc, is any different in kerala/karnataka from the rest of the country where its more widespread use has not resulted in the kind of harmful effects reported from places like kasargod.......in taking a call on banning it we have to consider the commercial aspects involved too....like the alternatives on offer for pest control in crop production involves cost escalation of the order of 10 times......finally, when arriving at a decision on an issue like this, one should not be blind to the fact that, even though most ngos behind the environmental movements are genuine wellwishers driven by philanthropic fervour and idealism , what happens is - most of the time they become inadvertant tools in the hand of foreign agencies with specific agenda in putting impediments in our nations progress towards food security, energy security etc.

Manoj മനോജ് said...
This comment has been removed by the author.
Manoj മനോജ് said...

കെ.പി.എസ്സ്.ന്റെ എൻഡോസൾഫാൻ പോസ്റ്റിൽ എഴുതാറുള്ള പതിവ് വാചകം ആവർത്തിക്കുന്നു...

"ഇത് കെ.പി.എസ്സ്.ന്റെ വായനക്കാർ പതിവ് പോലെ വഴി തെറ്റി പോകാതിരിക്കുവാൻ.."

കാസർഗോഡ് പ്രദേശത്ത് അമ്മമാരുടെ മുലപ്പാലിൽ വരെ എൻഡോസൾഫാൻ ഉയർന്ന തോതിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ശാസ്ത ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്...

എൻഡോക്രൈൻ ഡിസ്‌റപ്റ്റീവ് കെമിക്കലുകൾ മനുഷ്യനെ എങ്ങിനെ ബാധിക്കുമെന്നതിനെ കുറിച്ചുള്ള പഠനങ്ങൾ അതിന്റെ ആരംഭദിശയിലാണു. യു.എൻ. ഇതുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ട് പുറത്ത് വിട്ടിട്ട് മാസങ്ങൾ ആകുന്നതേയുള്ളൂ...

നമ്മൾ വെള്ളം കുടിക്കുന്ന, കുട്ടികൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പാൽകുപ്പികൾ, ടിന്നുകൾ എന്നിവയിലൊക്കെ അടങ്ങിയിരിക്കുന്ന bisphenol A എന്ന രാസവസ്തു (1957 മുതൽ നാം ഇത് ഉപയോഗിക്കുന്നു) മനുഷ്യരിൽ പ്രത്യേകിച്ച് കുട്ടികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞിട്ട് വർഷങ്ങൾ അധികം ആകുന്നില്ല...

കൂടുതൽ വായനയ്ക്ക് http://en.wikipedia.org/wiki/Endocrine_disruptor

Manoj മനോജ് said...

ചൈനയിൽ നടത്തിയ ഈ പഠനം കൂടി വായിക്കുവാൻ സമയം ഉണ്ടെങ്കിൽ നോക്കുക

“We found that higher levels of PAHs, o,p′-DDT and metabolites, and α-HCH in the placental tissues were associated with elevated risks of NTDs, and these risks increased with the concentrations of these pollutants. Increased placental levels of γ-HCH and α-endosulfan were also associated with elevated NTD risks, but no dose–response relationships were observed. No association was found between placental levels of p,p′-DDT and metabolites, β-HCH, HCB, PCBs, and PBDEs and risks of NTDs.”

മുഴുവൻ വായിക്കുവാൻ ആ ആർട്ടിക്കിളിലേയ്ക്കുള്ള ലിങ്ക് http://www.pnas.org/content/108/31/12770.full


Neural tube defects (NTDs) എന്താണെന്നു കൂടി വായിക്കുക... http://en.wikipedia.org/wiki/Neural_tube_defect

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

എതിർപ്പ് രേഖപ്പെടുത്തുന്നു