Links

ഭൂമിദാനവും സ്പെക്ട്രം ലേലവും അഴിമതിയാഘോഷങ്ങളും ...


ഭൂമിദാനക്കേസിന്റെ എഫ്.ഐ.ആര്‍. സിംഗിള്‍ ബെഞ്ച് റദ്ധാക്കുന്നതും , ആ റദ്ധാക്കല്‍ ഡിവിഷന്‍ ബെഞ്ച് ഏതാനും മണിക്കൂറിനകം റദ്ധാക്കുന്നതുമാണ് ഇന്നലെ മാധ്യമങ്ങളിലും ഫേസ്‌ബുക്കിലും ചര്‍ച്ചയായത്. ഇതിപ്പോള്‍ കോടതിയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ കൂടുതലായി ഒന്നും പറയാന്‍ പാടില്ലാത്തതാണ്. എന്നാലും എന്റേതായ നിരീഷണങ്ങള്‍ പറയാതിരിക്കാനും വയ്യ.

ഭൂമിദാനക്കേസ് കുറെയായി നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട്. അതിന് കാരണം അഴിമതിക്കേസുകളോട് നമുക്കുള്ള താല്പര്യമാണ്. ഈ താല്പര്യം അഴിമതി രാജ്യത്ത് നിന്ന് ഇല്ലാതാക്കണം എന്നതിലല്ല. അഴിമതിയെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കണം എന്ന താല്പര്യം കൊണ്ടാണ്. അത്കൊണ്ട് അഴിമതി എന്നത് എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഇന്ന് പോഷണമൂല്യമുള്ള ടോണിക്ക് പോലെയാണ്. എതിര്‍പാര്‍ട്ടിക്കാരന്റെ പേരില്‍ ചാര്‍ത്തപ്പെടുന്ന അഴിമതിടോണിക്ക് കുടിച്ച് വേണം തെരഞ്ഞെടുപ്പ് രാഷ്ട്രീയഗോദയില്‍ മത്സരിക്കാന്‍ ശക്തി ആര്‍ജ്ജിക്കുന്നത്. അണികള്‍ക്കും അഴിമതി വളരെ പഥ്യമാണ്. അത് പറഞ്ഞ് വേണം എതിര്‍പാര്‍ട്ടിക്കാരന്റെ വായ അടപ്പിക്കാന്‍. ബോഫേഴ്സ് കേസ് മുതലാണ് ഈ പ്രവണത വ്യാപകമാവുകയും അധികാരരാഷ്ട്രീയത്തിന്റെ അവിഭാജ്യഭാഗമാവുകയും ചെയ്തത്. എതിര്‍പാര്‍ട്ടിക്കാരുടെ പേരില്‍ ചാര്‍ത്തിക്കൊടുക്കാന്‍ ഒരഴിമതിയാരോപണമില്ലെങ്കില്‍ ഇക്കാലത്ത് പാര്‍ട്ടിയില്‍ അണികളെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ല എന്നായിട്ടുണ്ട്.

ഭൂമിദാനക്കേസിന്റെ എഫ്.ഐ.ആര്‍. സിംഗിള്‍ ബെഞ്ച് റദ്ധാക്കിയിരുന്നില്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. ഞാന്‍ അതിലേക്ക് കടക്കുന്നില്ല. പക്ഷെ പലരും കരുതിയ പോലെയോ ചിലര്‍ ആഗ്രഹിച്ചത് പോലെയോ വി.എസ്സ്. പ്രതിപക്ഷ നേതാവിന്റെ പദവി ഒഴിയില്ലായിരുന്നു. കാരണം വി.എസ്സിന്റെ സ്റ്റാന്റ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതാണ്. ലാവലിന്‍ കേസ് ഉണ്ടായിട്ടും പിണറായിയെ സെക്രട്ടരി  സ്ഥാനത്ത് നിന്ന് മാറ്റാന്‍ തയ്യാറാകാത്ത കേന്ദ്രനേതൃത്വത്തിന് ഭൂമിദാനക്കേസിന്റെ പേരില്‍ വി.എസ്സിനെ മാറ്റാന്‍ കഴിയുമായിരുന്നില്ല. പിണറായിയുടേത് പാര്‍ട്ടി പദവിയല്ലേ വി.എസ്സിന്റേത് സര്‍ക്കാര്‍ പദവിയല്ലേ എന്ന് വാദിക്കാം. പക്ഷെ ഭൂമിദാനക്കേസ് നിലനില്‍ക്കാത്ത ഒരു ഫാബ്രിക്കേറ്റഡ് കേസ് ആണെന്ന് പാര്‍ട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ വി.എസ്സിന് കഴിയുമായിരുന്നു.

അത്കൊണ്ട്, സിംഗിള്‍ ബെഞ്ച് എഫ്.ഐ.ആര്‍ റദ്ധാക്കിയിരുന്നില്ല എങ്കില്‍ നടക്കുമായിരുന്നത് , ഇനിയിപ്പോള്‍ അപ്പീലുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാലും നടക്കാന്‍ പോകുന്നത് ഭൂമിദാനക്കേസ് കുറച്ച് കാലം ആഘോഷിക്കാമെന്നത് മാത്രമാണ്. എന്തെന്നാല്‍ ടി.കെ. സോമന്റെ അപേക്ഷയും അതിന്മേല്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും തികച്ചും നിയമാനുസൃതമായിരുന്നു. പലരും ഇത് മനസ്സിലാക്കിയിരുന്നു. ഞാന്‍ വൈകിയാണ് ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയത്. അത്കൊണ്ടാണ് ഇപ്പോള്‍ പറയുന്നത്. വി.എസ്സിനെ പോലെ ഒരു നേതാവ് തന്റെ ബന്ധുവിന് രണ്ടര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തരപ്പെടുത്തിക്കൊടുക്കാന്‍ അഴിമതി കാണിക്കും എന്ന് വിശ്വസിക്കുന്നത് അല്പത്തരമാണ്. എനിക്കും ആ തെറ്റ് പറ്റിപ്പോയി. എല്ലാം കക്ഷിരാഷ്ട്രീയത്തിന്റെ  കണ്ണടയില്‍ കൂടി കാണുന്നത്കൊണ്ടുള്ള ദോഷമാണിത്.

ഇക്കാലത്ത് അഴിമതിയാരോപണങ്ങളില്‍ നിന്ന് നെല്ലും പതിരും തിരിച്ചറിയാനോ ചികഞ്ഞെടുക്കാനോ ആര്‍ക്കും താല്പര്യമില്ല. കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലൊ, അഴിമതി എല്ലാവര്‍ക്കും വേണം, ഇല്ലെങ്കില്‍ ഉണ്ടാക്കും. രാഷ്ട്രീയക്കാര്‍ക്ക് മാത്രമല്ല മാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും അഴിമതിയാരോപണങ്ങളില്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. മാധ്യമങ്ങള്‍ ആദ്യം അഴിമതി സൃഷ്ടിക്കുകയും അത് പിന്നീട് രാഷ്ട്രീയക്കാര്‍ ഏറ്റുപിടിച്ച് പൊലിപ്പിക്കുകയും പിന്നെയത് പാര്‍ട്ടിയണികള്‍ ആഘോഷിക്കുകയുമാണ് നടന്നുവരുന്നത്. ചാരക്കേസ് നമ്മള്‍ കണ്ടതാണ്. ഇതിനിടയില്‍ യഥാര്‍ഥ അഴിമതി എന്നത് സുരക്ഷിതമായി എല്ലാവരുടെയും ആശീര്‍വാദത്തോടെ നടന്നുപോവുകയും ചെയ്യുന്നു.

ഏറ്റവും ഒടുവിലത്തെ കല്‍ക്കരിപാട അഴിമതിയും 2ജി അഴിമതിയും എവിടെ എത്തി നില്‍ക്കുന്നു? 2ജിയില്‍ 1.76 ലക്ഷം കോടി രൂപ അഴിമതി നടത്തി എന്നാണ് പ്രതിപക്ഷ അണികള്‍ ഇപ്പോഴും വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നത്. അല്ല സുഹൃത്തേ ഈ 1.76 ലക്ഷം കോടി രൂപ എന്നത് 2ജി ലേലം വിളിക്കാത്തത്കൊണ്ട് സര്‍ക്കാരിന് നഷ്ടം വന്നു എന്നല്ലേ സി.എ.ജി. പറഞ്ഞത്. അല്ലാതെ സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് അത്രയും തുക അടിച്ചുമാറ്റി എന്ന് സി.എ.ജി. പറഞ്ഞിട്ടില്ലല്ലൊ എന്ന് ലോജിക്ക് പ്രതിപക്ഷ അണികള്‍ക്ക് ബോധ്യമാകുന്നില്ല. 1.76 ലക്ഷം കോടി എന്നത് നഷ്ടമാണ്. ടാന്‍‌ജിബിള്‍ ആയിട്ടുള്ള കറന്‍സിയല്ല. എന്നാലും 1.76 ലക്ഷം കോടി രൂപ കട്ടു എന്നേ പ്രതിപക്ഷ അണികള്‍ പറയൂ. അതാണ് നമ്മുടെ രാഷ്ട്രീയപ്രബുദ്ധത.

2ജി ഇടപാട് അഴിമതിയെ കുറിച്ച് നിലവില്‍ സി.ബി.ഐ. കേസുണ്ട്. എന്താ കേസ്? ആ ഇടപാടില്‍ സര്‍ക്കാരിന് 30,000 കോടി നഷ്ടം ഉണ്ടായി എന്നാണ് കേസ്. അപ്പോള്‍ ബാക്കി 1.46 ലക്ഷം കോടിയുടെ കാര്യമോ? അത് സി.എ.ജി.യുടെ ആരാധകര്‍ ആകുലപ്പെടേണ്ട കാര്യമാണ്. 1.76 ലക്ഷം കോടി എന്ന സി.എ.ജി.യുടെ മായക്കണക്കും കൊണ്ട് കേസെടുത്താല്‍ തെളിവിന് സി.ബി.ഐ. എവിടെ പോകും? എന്നിട്ടും ഈ 30,000 കോടിക്ക് തെളിവ് കിട്ടിയോ? കേസിലെ പ്രതികളില്‍ ഒരാളായിരുന്ന മുന്‍ ടെലികോം മന്ത്രി ഏ. രാജ 15 മാസം ജയിലില്‍ കിടന്ന് ജാമ്യത്തില്‍ പുറത്തിറങ്ങി ഇപ്പോള്‍ പാര്‍ലമെന്റില്‍ പങ്കെടുക്കുന്നു. രണ്ട് കൊല്ലമാകാറായി ആ കേസ് സി.ബി.ഐ. അന്വേഷിക്കുന്നു. ഇത് വരെയിലും നയാപൈസയുടെ തെളിവ് സി.ബി.ഐ.ക്ക് ഉണ്ടാക്കാനായിട്ടില്ല. കുറെക്കാലം കഴിയുമ്പോള്‍ 2ജി കേസും എഴുതിത്തള്ളപ്പെടാം. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് അഴിമതി വേറെ അഴിമതിയാരോപണങ്ങള്‍ വേറെ എന്നാണ്. അഴിമതി എല്ലാ രംഗത്തും വിലസുന്നു. അഴിമതിയാരോപണങ്ങള്‍ ആഘോഷിക്കപ്പെട്ട് കാലക്രമേണ വിസ്മൃതിയില്‍ ആണ്ടുപോവുകയും പുതിയ ആരോപണങ്ങള്‍ മെനയപ്പെടുകയും ചെയ്യുന്നു.

2007-08 വര്‍ഷങ്ങളില്‍ നമ്മുടെ ടെലികോം രംഗം ഒരു കുതിച്ചുചാ‍ട്ടത്തില്‍ ആയിരുന്നു. സ്പെക്ട്രം എന്ന പ്രകൃതി വിഭവം കൈകാര്യം ചെയ്യാന്‍ ബി.ജെ.പി. സര്‍ക്കാര്‍ വളരെ നല്ല ഒരു മെത്തേഡ് ആവിഷ്ക്കരിച്ചിരുന്നു. അതാണ് റവന്യു ഷേര്‍ എന്ന സമ്പ്രദായം. ആദ്യം അപേക്ഷിക്കുന്ന കമ്പനികള്‍ക്ക് അദ്യം ലൈസന്‍സ് എന്ന രീതിയില്‍ കമ്പനികള്‍ക്ക് ഒരു നിശ്ചിത ഫീസ് വാങ്ങി സ്പെക്‍ട്രം അനുവദിക്കുക. എന്നിട്ട് കമ്പനികളുടെ വരുമാനത്തില്‍ ഒരു പങ്ക് സര്‍ക്കാരിന് നല്‍കുക. കമ്പനികള്‍ക്ക് ലാഭം, സര്‍ക്കാരിന് തുടര്‍ന്ന് വരുമാനം, ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ 2ജി സേവനം. അപ്പോഴാണ് പൊന്‍‌മുട്ടയിടുന്ന താറാവിനെ കൊന്ന് മുഴുവന്‍ പൊന്നും ഒരുമിച്ച് കൈക്കലാക്കാമെന്ന ദുര്‍ബുദ്ധി സര്‍ക്കാര്‍ വകുപ്പില്‍ ആരുടെയൊക്കെയോ തലച്ചോറില്‍ ഉദിക്കുന്നത്. അങ്ങനെയാണ് 3ജി ലേലവും തുടര്‍ന്ന് സി.എ.ജി. മായക്കണക്കും അഴിമതിയാഘോഷങ്ങളും അരങ്ങേറുന്നത്. ഫലം 3ജിയും ടെലികോം മേഖലയും ഗ്രഹണി പിടിച്ച പോലെയായി. 3ജി ലേലം ചെയ്തില്ലെങ്കിലോ? ഇന്ന് പ്രതിമാസം 250 രൂപയ്ക്ക് അണ്‍‌ലിമിറ്റഡ് 3ജി ഓരോ മൊബൈല്‍ ഉപഭോക്താവിനും നല്‍കാന്‍ കമ്പനികള്‍ക്ക് കഴിയുമായിരുന്നു. 3ജിയുടെ സൌകര്യം അതായത് മൊബൈല്‍ ഇന്റര്‍നെറ്റ് എല്ലാവരും ഉപയോഗിക്കുമായിരുന്നു. ഇ-ഡിസ്ട്രിക്ട് പദ്ധതി സാര്‍വ്വത്രികമാകുമ്പോള്‍ എല്ലാവര്‍ക്കും അത് ഉപകാരപ്രദമാവുമായിരുന്നു. വരിക്കാര്‍ പെരുകി കമ്പനികള്‍ക്കും ലാഭമുണ്ടായി സര്‍ക്കാരിനും തുടര്‍ വരുമാനത്തിലൂടെ എത്രയോ ലക്ഷം കോടികള്‍ സ്വരൂപിക്കാന്‍ കഴിയുമായിരുന്നു.

അഴിമതിയാരോപണങ്ങളെ മുതലാക്കിയും ആഘോഷിച്ചും അധികാ‍രം കൈക്കലാക്കാന്‍ തന്നെയാണ് ആം ആദ്മി പാര്‍ട്ടി സ്ഥാപകന്‍ കെ‌ജ്‌രിവാളും ശ്രമിക്കുക. എന്തെന്നാല്‍ അഴിമതിയാരോപണമാണ് ഇപ്പോള്‍ എളുപ്പത്തില്‍ വിറ്റ്പോകുന്ന രാഷ്ട്രീയചരക്ക്. ഒരഴിമതിയാരോപണം കെട്ടില്ലെങ്കില്‍ ഉറക്കം വരാത്ത അവസ്ഥയില്‍ കക്ഷിരാഷ്ട്രീയ വിശ്വാസികളും. ഇതിനിടയില്‍ പെട്ട് ഞെരിയുകയാണ് നമ്മുടെ ജനാധിപത്യവും രാജ്യത്തിന്റെ വികസനവും. യഥാര്‍ഥ അഴിമതിക്കാര്‍ ആനന്ദത്തിലാണ്. കാരണം അഴിമതിയെ ആരും ടാര്‍ജറ്റ് ചെയ്യുന്നില്ലാലോ.

11 comments:

Liver Johny said...

അച്യാതനന്ദനെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണ് എന്നു തീര്‍ച്ചയായും വിശ്വസിക്കുന്നുണ്ട് അദ്ദേഹത്തോട് അനുഭാവവും ആദരവുമുള്ള അനേകം പേര്‍. അദ്ദേഹത്തന്‍റെ അഴമതിരഹിത പ്രതിച്ഛായ തീര്‍ച്ചയായും ഈ വിശ്വാസത്തിനു ബലം നല്‍കുന്നുമുണ്ട്. എന്നാല്‍, അനര്‍ഹനായ വ്യക്തിക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയ കേസില്‍ അഴിമതി സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു നീതിന്യായ പരിശോധനയില്‍ നിന്ന് ഒഴിവാക്കപ്പെട്ടുകൂടാ. അച്യുതാനന്ദന്‍റെ പ്രതിച്ഛായാ സംരക്ഷണ ദൗത്യം, അദ്ദേഹത്തിനെതിരേ തെളിവുകളുണ്ടെങ്കില്‍ അവയെ നിരാകരിക്കുകയും ചെയ്തുകൂടാ. അച്യുതാനന്ദന്‍റെ പ്രതിച്ഛായയ്ക്ക് ന്യായാസനത്തിനു മുന്നിലെ അഗ്നിപരീക്ഷണം ഒടുവില്‍ മാറ്റു കൂട്ടുന്നുവെങ്കില്‍ അതാവും അഭികാമ്യം. ഏതെങ്കിലുമൊരു വ്യക്തിയുടെ പൊതു സമൂഹത്തിലെ പ്രതിച്ഛായ, നീതിന്യായ വ്യവാഹരത്തിനു മുന്‍വിധിയാകാതിരിക്കട്ടെ. എല്ലാ വ്യക്തി പ്രതിച്ഛായകള്‍ക്കും മീതേയാണ് നീതിദേവതയുടെ പ്രതിച്ഛായ എന്നു നിസംശയം വിശ്വസിക്കുന്നു ഇന്നാട്ടിലെ ജനങ്ങള്‍. അതിനു കോട്ടംതട്ടാരിക്കട്ടെ ഒരു കാലത്തും. (copy & paste)

Rakhi Naidu said...

രാജയും കനിമൊഴിയും അറസ്റ്റു ചെയ്യപെട്ടത്‌ 2g ഇടപാടില്‍ കൈകൂലി കൈപറ്റി എന്ന തെളിവിന്‍റെ അടിസ്ഥാനത്തിലാണ്, അല്ലാതെ CAG യുടെ മയക്കനക്കിന്റെ അടിസ്ഥാനത്തില്‍ അല്ല. കനിമോഴിക് എതിരെ ഉള്ള കേസ് 200 കോടി അവരുടെ സ്ഥാപനത്തില്‍ രേഖകളില്ലാതെ സ്വീകരിച്ചു. അത് അഴിമതി ആണ്. അല്ലാതെ 1,72,000 കോടിയുമായി ബന്ധമില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌.

K.P.Sukumaran said...

രാജയും കനിമൊഴിയും അറസ്റ്റു ചെയ്യപെട്ടത്‌ 2g ഇടപാടില്‍ കൈകൂലി കൈപറ്റി എന്ന തെളിവിന്‍റെ അടിസ്ഥാനത്തിലോ? ആരു പറഞ്ഞു അവര്‍ കൈക്കൂലി കൈപ്പറ്റുന്നതിന് തെളിവുണ്ടെന്ന്. രാജക്കെതിരെ ഇതെഴുമ്പോഴും സി.ബി.ഐ.ക്ക് ഒരു തെളിവും കിട്ടിയിട്ടില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. കൈക്കൂലി കൈപ്പറ്റുന്നതിന് നമ്മുടെ രാജ്യത്ത് തെളിവുണ്ടാകുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഒരു ചെറിയ ഉദാഹരണം കൊണ്ട് ഞാനത് വ്യക്തമാക്കാം. നമ്മുടെ നാട്ടില്‍ ഓരോ പ്രമാണം റജിസ്റ്റര്‍ ചെയ്യപ്പെടുമ്പോഴും റജിസ്ട്രാര്‍ കൈക്കൂലി കൈപ്പറ്റുന്നുണ്ട്. പ്രമാണം റജിസ്ട്രാര്‍ മടക്ക് നിവര്‍ത്തുമ്പോള്‍ ഉള്ളില്‍ തിരുകിവെച്ച കറന്‍സി നോട്ടുകള്‍ റജിസ്ട്രാരുടെ മേശ വലിപ്പില്‍ വീഴുന്ന രീതിയിലാണ് ആ കൈപ്പറ്റല്‍ നടക്കുന്നത്. കൈക്കൂലി കൈപ്പറ്റാതെ ഒരാധാരവും റജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ല എന്നോര്‍ക്കുക. ഉണ്ടെങ്കില്‍ അപൂര്‍വ്വം. എന്നിട്ടും എത്ര റജിസ്ട്രാര്‍ക്കെതിരെ തെളിവ് ലഭിച്ചിട്ടുണ്ട്? രാജ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ഫസ്റ്റ് കം ഫസ്റ്റ് സേര്‍വ് എന്ന ഏര്‍പ്പാടില്‍ കൃത്രിമം കാട്ടിയിട്ടായിരിക്കും. അതിനൊന്നും തെളിവ് ഉണ്ടാ‍കില്ല. രാജക്കെതിരെ ഒരു കേസും തെളിയിക്കപ്പെടില്ല. കൈക്കൂലി റജിസ്ട്രാഫീസില്‍ മാത്രമല്ല്ല അതങ്ങ് ക്യാ‍ബിനറ്റ് വരെ നീളും. രാജ മാത്രം കൈക്കൂലിക്കാരന്‍ എന്നത് ശരിയല്ല. പിന്നെ, 2ജിയില്‍ 1.76 ലക്ഷം കോടി ആരും കട്ടിട്ടില്ല. സ്പെക്ട്രം ലേലം എന്ന സമ്പ്രദായം കൊണ്ട് സര്‍ക്കാര്‍ ഖജനാവിനോ മൊബൈല്‍ വരിക്കാര്‍ക്കോ നഷ്ടമല്ല്ലാതെ ലാഭം ഇല്ല. ഇതൊക്കെയാണ് എന്റെ വാദം.

Sethu Madhavan said...

തെളിയിക്കാന്‍ എല്ലാ സന്നാഹങ്ങളും കൈപ്പിടിയിലുണ്ടയിട്ടും പ്രാഥമിക റിപ്പോര്‍ട്ട് പോലും സമര്‍പ്പിക്കാന്‍ കഴിയാത്തതില്‍ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത് ?

K.P.Sukumaran said...

തെളിയിക്കാന്‍ സന്നാഹങ്ങള്‍ മാത്രം പോര തെളിവുകളും വേണമെന്ന്. ഞാന്‍ പറഞ്ഞല്ലോ , അഴിമതിയും കൈക്കൂലിയും സര്‍ക്കാരിന്റെ യന്ത്രം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന പ്രതിഭാസമാണ്. അതില്‍ ചില്ലറ ആ‍ളെ ബലിയാടാക്കിയാല്‍ പ്രശ്നം തീരുമോ? മായക്കണക്കുകളും പര്‍വ്വതീകരിച്ച ആരോപണങ്ങളും കൊണ്ട് പുകമറ സൃഷ്ടിച്ചാല്‍ അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയുമോ?

Saanu Kunnoth said...

രാജാ എന്ന 'കായംകുളം കൊച്ചുണ്ണി ' രാഷ്ട്രത്തിന് ആത്യന്തികമായി നഷ്ടമല്ല ലക്ഷ ക്കണക്കിന് കോടി ലാഭമാണ് ഉണ്ടാക്കിയിട്ടുള്ളത് . മിനുട്ടിന് രണ്ടര രൂപയോ മറ്റോ ഉണ്ടായിരുന്ന കോള്‍ ചാര്‍ജു അറുപതു പൈസയോ ആയി കുറഞ്ഞത്‌ 2008നു ശേഷം പന്ത്രണ്ടോളം വരുന്ന മൊബൈല്‍ സേവന ദാതാക്കള്‍ തമ്മില്‍ ഉണ്ടായിട്ടുള്ള തീപാറുന്ന മത്സരം കാരണം കാരണമാണ്.ഇതിനു കാരണമായതോ ചുരുങ്ങിയ വിലക്ക് അവര്‍ക്ക് കിട്ടിയ സ്പെക്ട്രവും. അഥവാ 92 കോടിയോളം വരുന്ന മൊബൈല്‍ ഉപഭോക്താക്കള്‍ നാല് കൊല്ലം കൊണ്ട് ലാഭിച്ചത്‌ 1.72ലക്ഷം കോടി യെക്കാളും എത്രയോ മടങ്ങാണെന്നു പൊതു ജനത്തിന് വേണ്ടി ഒരു CAGയെ വച്ച് കണക്കാക്കിയാല്‍ മനസ്സിലാകും.ഇപ്പരഞ്ഞതിനര്‍ത്ഥം രാജയും കൂട്ടരും കൈക്കൂലി വാങ്ങി നടത്തിയ പരിപാടി ശരിയാണെന്നല്ല. CAGയുടെ ലാഭ നഷ്ട കണക്കുകള്‍ ശരിയല്ലഎന്ന് മാത്രമാണ് . മാത്രമല്ല 3Gയുടെയും4G യുടെയും സ്പെക്ട്രവും മിതമായ നിരക്കിലായിരുന്നു വിതരണം ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ ആ സര്‍വീസുകള്‍ എത്രയോ കുറഞ്ഞ നിരക്കില്‍ ഉപഭോക്താവിന് കിട്ടു മായിരുന്നു.

Fazal Benali said...

ഇരുപത്തഞ്ചു വര്ഷം മുമ്പ് കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ കൈമാറ്റം ചെയ്യാമായിരുന്നു എന്ന നിരീക്ഷണം സ്വാര്‍ത്ഥമാണ്. ഇത്തരത്തിലുള്ളത് കൈമാറ്റവകാശം മുന്‍കാല പ്രാബല്യത്തില്‍ ലഭ്യമല്ല എന്നാണു എനിക്കറിയാന്‍ കഴിഞ്ഞത്. അഴിമതിക്കേസുകളില്‍ യഥാര്‍ത്ത കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക ദുര്‍ലഭമാണ്, കാരണം യഥാര്‍ത്ത പ്രതികള്‍ അധികവും സ്വന്തം പാര്‍ട്ടിക്കാരനോ എതിര്‍ പാര്‍ട്ടിയിലെ തന്റെ മുന്നേറ്റത്തിന് തടസ്സം നില്‍ക്കാത്തവനോ ആയിരിക്കും അത് എന്നതുകൊണ്ടാണത്. പാമോയില്‍ കേസില്‍ കരുണാകരന്റെ മരണത്തിനു ശേഷം ഇടതു പക്ഷം ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചപ്പോള്‍ മാധ്യമങ്ങള്‍ ഐസക്കിനോട് ചോദിച്ച ചോദ്യം 'എന്ത് കൊണ്ട് അന്ന് ധനകാര്യ മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ അന്ന് ആരോപണമോ അന്വഷണമോ ആവശ്യപ്പെടുകയോ നടത്തുകയോ ചെയ്തില്ല...?' എന്ന ചോദ്യത്തിനു ഐസക്കിന്റെ മറുപടി 'അന്ന് ഉമ്മന്‍ ചാണ്ടി ഞങ്ങളുടെ ലക്ഷ്യമായിരുന്നില്ല' എന്നാണു. അതായത് ഒരാളെ ടാര്‍ഗട്റ്റ് ചെയ്യുന്നു, ആരോപണം ഉന്നയിക്കുന്നു പുക പടലം ഉണ്ടാക്കുന്നു, പട്ടികയനുസരിച്ച് അടുത്തയാളുടെ ഊഴം.

അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഉന്നയിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഭൂരിഭാഗം കേസുകള്‍ക്കും സാങ്കേതികത്വം എന്ന അധിപ്രധാനമായ തെളിവും തടയും ഉണ്ട് എന്നത് തന്നെയാണ്. ഈ സാങ്കേതികത്വം മുതലാക്കി വി എസ് തന്റെ എതിരാളികളെ വളരെയധികം അഴിമാതിക്കാരാക്കുകയും സ്വയം അഴിമതി വിരുദ്ധനാവുകയും ചെയ്തീട്ടുണ്ട്, അതേ സാങ്കേതികത്വം ഇപ്പോള്‍ വി എസ്സിനെതിരെ എതിരാളികള്‍ ഉപയോഗിച്ചു എന്നേ മനസ്സിലാകുന്നുള്ളൂ. അല്ലാതെ വി എസ് ഭൂമി ധാനത്തിലോ ഉമ്മന്‍ ചാണ്ടി പാമൊയിലിലോ കുറ്റക്കാരല്ല. ഭൂമി ധാനത്തില്‍ വി എസ്സിനോടുള്ള ഭക്തി മൂത്ത് സഹ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും വഴി വിട്ട പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന്‍ മനസ്സിലാക്കാന്‍ സാധിക്കുമ്പോളും പാമോയില്‍ കേസ് എന്നത് തന്നെ ഒരു വലിയ തമാശയായേ കാണാന്‍ കഴിയുന്നുള്ളൂ.

K.P.Sukumaran said...

ശരിയാണ്, നല്ല നിരീക്ഷണം. പാമോയില്‍ കേസ് ഒരു കഴമ്പും ഇല്ല്ലാ‍ത്തതാണ്. അന്ന് പശ്ചിമബംഗാളും കേരളവും പാമോയില്‍ ഇറക്കുമതി ചെയ്തു. ബംഗാള്‍ ഇറക്കുമതി ചെയ്തതിലും കുറഞ്ഞ നിരക്കിലാണ് കേരളം ഇറക്കുമതി ചെയ്തത്. എന്നിട്ടും വി.എസ്സിന് ഒരു കേസുണ്ടാക്കാനും മരിക്കുവോളം കരുണാകരനെ വേട്ടയാടാനും കഴിഞ്ഞു. ഇത് തന്നെയാണ് ഞാന്‍ ഈ പോസ്റ്റില്‍ പറയാന്‍ ശ്രമിച്ചതും. പാമോയിലിന്റെ കാര്യത്തില്‍ മറ്റൊരു പ്രത്യേകതയുണ്ട്. അക്കാലത്ത് ഇന്നത്തെ പോലെ ആളുകള്‍ക്ക് ക്രയശേഷി ഇല്ലായിരുന്നു. വെളിച്ചെണ്ണ വാങ്ങാന്‍ കഴിവില്ല്ലായിരുന്നു. അത്കൊണ്ട് പാമോയില്‍ ഇറക്കുമതി ജനങ്ങള്‍ക്ക് അനുഗ്രഹമായിരുന്നു. റേഷന്‍ കടകളില്‍ പാമോയിലിന് വേണ്ടി ക്യൂ ആയിരുന്നു.

Ananth said...

അഴിമതി നടത്തുന്നതല്ല അത് വെളിയില്‍ കൊണ്ടുവരുന്നതാണ് തെറ്റായ കാര്യം !!
ഗംഭീരമായിരിക്കുന്നു സാര്‍....വന്നു വന്നു സുകുമാരന്‍ സാറ് പറഞ്ഞു വരുന്നത് ഏതാണ്ടിപ്രകാരം ആണല്ലോ

അഴിമതി നടത്തുന്നത് സര്‍വസാധാരണം ലോകത്തെല്ലാവരും ചെയ്യുന്നു അതൊക്കെ വിളിച്ചുപറഞ്ഞു അലമ്പു ന്ടാക്കുന്നവര്‍ വെറും അലവലാതികള്‍ അവന്മാര്‍ക്ക് അസൂയ ആണ് ഇവനൊന്നും ഇതൊന്നും ചെയ്യാനുള്ള ത്രാണിയുമില്ല ചെയ്യുന്നവരെ ഒട്ടു വെറുതെ വിടുകയും ഇല്ല ഒരു മാതിരി പട്ടി കച്ചിലെ കിടക്കുന്ന മാതിരി ഏര്‍പ്പാട്

ഇതിന്റെ തന്നെ മറ്റൊരു രൂപം

സ്ത്രീ കളെയും കുട്ടികളെയും ഒക്കെ ലൈംഗിക പീഡനം നടത്തുന്നത് സര്‍വസാധാരണം ലോകത്തെല്ലാവരും ചെയ്യുന്നു അതൊക്കെ വിളിച്ചുപറഞ്ഞു അലമ്പു ന്ടാക്കുന്നവര്‍ വെറും അലവലാതികള്‍ അവന്മാര്‍ക്ക് അസൂയ ആണ് ഇവനൊന്നും ഇതൊന്നും ചെയ്യാനുള്ള ത്രാണിയുമില്ല ചെയ്യുന്നവരെ ഒട്ടു വെറുതെ വിടുകയും ഇല്ല ഒരു മാതിരി പട്ടി കച്ചിലെ കിടക്കുന്ന മാതിരി ഏര്‍പ്പാട്

ഈ രണ്ടു വിഭാഗത്തിലും സമ്മാനാര്‍ഹരായ നേതാക്കന്മാര്‍ നമ്മുടെ നാട്ടില്‍ ധാരാളം ഉണ്ടാവാന്‍ കാരണം സുകുമാരന്‍ സാറിനെ പോലെ ചിന്തിക്കുന്ന ആളുകള്‍ തന്നെ

kaalidaasan said...

>>>>>എന്തെന്നാല്‍ ടി.കെ. സോമന്റെ അപേക്ഷയും അതിന്മേല്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും തികച്ചും നിയമാനുസൃതമായിരുന്നു. പലരും ഇത് മനസ്സിലാക്കിയിരുന്നു. ഞാന്‍ വൈകിയാണ് ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയത്. അത്കൊണ്ടാണ് ഇപ്പോള്‍ പറയുന്നത്. വി.എസ്സിനെ പോലെ ഒരു നേതാവ് തന്റെ ബന്ധുവിന് രണ്ടര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തരപ്പെടുത്തിക്കൊടുക്കാന്‍ അഴിമതി കാണിക്കും എന്ന് വിശ്വസിക്കുന്നത് അല്പത്തരമാണ്. <<<

സുകുമാരനിതു തിരിച്ചറിവുകളുടെ കാലമാണല്ലൊ. ഇതു വരെ മനസില്‍ കൊണ്ടു നടന്ന അല്‍പ്പത്തരത്തിന്, അന്ത്യമായതില്‍ സന്തോഷം.

ഈ വിഷയത്തില്‍ നമ്മള്‍ തമ്മില്‍ നീണ്ട വാദപ്രതിവാദം നടന്നിട്ട് അധികം കാലമായില്ല. അതു കൊണ്ട് ഈ കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഇപ്പോഴെങ്കിലും സത്യം മനസിലാക്കിയത് നല്ല കാര്യമാണ്. അതിനൊരു കോടതി വിധി വേണ്ടി വന്നു എന്നത് താങ്കളുടെ പ്രതിബദ്ധതയില്‍ കരിനിഴല്‍ വീശുന്നു.

കോടതി നടത്തിയ നിരീക്ഷണങ്ങള്‍  വളരെ പ്രസക്തമാണ്. ഒരു കുരിശുണ്ടാക്കി അതില്‍ വി എസിനെ തറയ്ക്കാന്‍  ആണി അന്വേഷിച്ച് നടന്നു ഉമ്മന്‍ ചാണ്ടിയും  തിരുവഞ്ചൂരും കുഞ്ഞാലിക്കുട്ടിയും. വി എസ് അവര്‍ ഉണ്ടാക്കിയ കുരിശിനേക്കാള്‍ വലുതാണെന്നാണ്, കോടതി പറഞ്ഞത്. ഈ കുരിശുണ്ടാക്കന്‍ വിജിലന്‍സിന്റെ സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തി എന്നാണു കോടതി നിരീക്ഷിച്ചത്. ചില നടപടികള്‍ ഭരണഘടന വിരുദ്ധം എന്നു കൂടി കോടതി പറഞ്ഞു. ഭൂമി അനുവദിക്കേണ്ട അധികാര സ്ഥാപനം ലാന്‍ഡ് അസൈന്‍മെന്റ് കമ്മീഷണറാണ്. അദ്ദേഹത്തെ മാപ്പു സാക്ഷിയാക്കി വി എസിനെതിരെ മൊഴിയെടുപ്പിച്ചതാണു ഈ കേസ് തന്നെ അപ്രസക്തമാക്കിയത്.

താങ്കള്‍ പറയുമ്പോലെ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയിട്ടില്ല. അപ്പീല്‍ നല്‍കപ്പെടുമ്പോള്‍ ഏത് കോടതിയും നല്കുന്ന സ്റ്റേ ഉത്തരവേ നല്‍കിയിട്ടുള്ളു. കുറ്റപത്രം സമര്‍പ്പിക്കരുതെന്ന് കോടതി എടുത്തു പറഞ്ഞിട്ടുണ്ട്. അതിന്റെ അര്‍ത്ഥം കേസുമായി സര്‍ക്കാര്‍ മുന്നോട്ടു പോകരുതെന്നു തന്നെയാണ്. അല്പ്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജി വയ്ക്കുകയാണു വേണ്ടത്.

ക്രിമിനല്‍ നടപടി ചട്ടങ്ങളുടെ ബാല പാഠങ്ങള്‍ അറിയാത്തവരണിതിന്റെ എഫ് ഐ ആര്‍ തയ്യാറാക്കിയതെന്ന കോടതിയുടെ ഒറ്റ നിരീക്ഷണം മതി ഉമ്മന്‍ ചാണ്ടിക്ക് രാജി വച്ചു പോകാന്‍. ഏതു തീരുമാനമെടുക്കുന്നതിന്റെയും എക്സിക്യൂട്ടീവ് അധികാരം ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ്. അവരെ ഒഴിവാക്കി സമര്‍പ്പിക്കപ്പെടുന്ന ഏത് അഴിമതി കേസും കോടതിയില്‍ നിലനില്‍ക്കില്ല.

ഉദ്യോഗസ്ഥരെ ഇതില്‍  പ്രതികളാക്കാനും ആകില്ല. അതിന്റെ കാരണം, സോമനു ഭൂമി നല്‍കി കൊണ്ട് ഒരുത്തരവും ഇന്നു വരെ ഇറങ്ങിയിട്ടില്ല. ഭൂമി നല്‍കാന്‍ വേണ്ട ചില നടപടിക്രമങ്ങള്‍ നടന്നു. സര്‍ക്കാരിന്റെ മുന്നില്‍ വന്ന വിഷയം വല്‍പ്പനാവകശം ഒഴിവാക്കി കിട്ടാന്‍ വേണ്ടിയുള്ള ഒരപേക്ഷമാത്രമാണ്. പണ്ട് കരുണാകരന്‍  അനുവദിച്ച ഭൂമി ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍  അത് വില്പ്പന നടത്താമായിരുന്നു. 60 വയസിനു മേല്‍ പ്രായമുള്ള ഒരാള്‍ക്ക് 30 വര്‍ഷത്തേക്ക് ഭൂമി വില്‌കാന്‍ ആകില്ല എന്ന നിബന്ധന വയ്ക്കുന്നത് മനുഷ്യത്വ രഹിതമായതുകൊണ്ടാണ്, സര്‍ക്കാര്‍ ആ തീരുമാനം എടുക്കാന്‍ ആലോചിച്ചതും. വേണ്ട കാര്യങ്ങള്‍ ചെയ്യുക എന്ന് കാസര്‍കോഡ് കളക്റ്ററോട് പറഞ്ഞ ഒരു വാചകം  അഴിമതി നടത്താനുള്ള ശുപാര്‍ശയാണെന്ന് ദുര്‍വ്യാഖ്യാനിച്ചതാണ്, ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും പറ്റിയ മണ്ടത്തരം.

ഇതേക്കുറിച്ച് ചില അക്ഷേപങ്ങളുണ്ടായപ്പോള്‍ ഈ ഇടപാട് അപ്പാടെ റദ്ദാക്കുകയാണു വി എസ് സര്‍ക്കാര്‍ ചെയ്തതും. ഇല്ലാത്ത ഒരുത്തരവിന്റെ പിന്നാലെ പോയിട്ടാണു ഉമ്മന്‍ ചാണ്ടി വി എസിനെ കുടുക്കാന്‍ ശ്രമിച്ചത്.

karnan said...

2.33 ഹെക്ടരിനുവേണ്ടി അച്യുതാനന്ദന്‍ അഴിമതി നടത്തിയതെന്ന് മനസ്സിലാകുമ്പോള്‍ അതിന്റെ മൂല്യം എത്രവരും ഹ കഷ്ടം എന്നല്ലതെന്തുപരയന്‍