Links

ജനാധിപത്യവും പ്രക്ഷോഭങ്ങളും


പ്രതിഷേധം എന്നത് ഒരു വ്യക്തിക്കോ സമൂഹത്തിനോ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ്. കാരണം നമ്മള്‍ സമൂഹജീവിയാണ്.  സമൂഹത്തിലെ ഓരോ ചലനവും നമ്മളില്‍ ചെറുതോ വലുതോ ആയ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നുന്നുണ്ട്.

നമ്മുടെ രാജ്യം 120 കോടിയില്‍ അധികം ജനങ്ങളുള്ള വലിയൊരു നാടാണ്. സെന്‍സസ്സില്‍ പെടാത്ത ആള്‍ക്കാരും രാജ്യത്ത് എത്രയോ കാണും. ജനസഖ്യാവര്‍ദ്ധന നിയന്ത്രിക്കാന്‍ നമ്മുടെ രാജ്യത്ത് ഫലപ്രദമായ ഒരു നടപടിയും ഇപ്പോഴില്ല. തെരുവുകളിലും ടെന്റുകളിലും ശിശുക്കള്‍ പിറന്നു വീഴുന്നുണ്ട് എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. അത്കൊണ്ട് രാജ്യത്തെ എല്ലാ ആളുകളെയും വിദ്യാഭ്യാസം നല്‍കി സംസ്കൃതചിത്തരായ പൌരന്മാരാക്കി വളര്‍ത്തിയെടുക്കാന്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ ഒരു കാരണവശാലും കഴിയില്ല.

അതിനാല്‍ തന്നെ കുറ്റവാസനയും ക്രിമിനല്‍ സ്വഭാവവും ഉള്ള ആള്‍ക്കാര്‍ രാജ്യത്ത് ആനുപാതികമായി പെരുകാനും സാധ്യത വളരെ കൂടുതലാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് എത്ര ക്രൂരമായ കൃത്യങ്ങളും ചെയ്യാന്‍ നമ്മുടെ നാട്ടില്‍ ക്രിമിനലുകള്‍ക്ക് കഴിയും. ദൌര്‍ഭാഗ്യവശാല്‍ ജനസംഖ്യ നിയന്ത്രിക്കേണ്ട ആവശ്യത്തെ പറ്റി ഇപ്പോഴൊന്നും ആരും മിണ്ടുന്നില്ല. മതങ്ങളെ വെറുപ്പിക്കലായിരിക്കും അതെന്നതാവാം കാരണം. തങ്ങളുടെ മതത്തില്‍ ആളുകള്‍ വര്‍ദ്ധിക്കണം എന്ന് കരുതി ജനസംഖ്യാനിയന്ത്രണത്തെ എതിര്‍ക്കുന്നത് ശരിയല്ല. ജനസംഖ്യാപെരുക്കം രാജ്യത്ത് സ്പോടനാത്മകമായ അന്തരീക്ഷം ഉണ്ടാക്കും. അസംസ്കൃതമനസ്സുള്ള കുറെ ആള്‍ക്കാര്‍ ഉണ്ടാകുന്നതിലും നല്ലത്, ഉള്ള ആള്‍ക്കാരെ സല്‍‌സ്വഭാവികളാക്കുന്നതാണ്.

ക്രിമിനലുകള്‍ പെരുകിയതാണോ കാരണം എന്നറിയില്ല, ഇപ്പോഴൊക്കെ പീഢനങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു ദിവസം പോലും പുലരുന്നില്ല.  അതേ സമയം എല്ലാ സംഭവങ്ങളും നമ്മെ അത്ര കണ്ട് സ്പര്‍ശിക്കുന്നില്ല എന്ന് പറയാം. നിത്യേന വായിക്കുകയും ചാനലുകളില്‍ കാണുകയും ചെയ്യുന്നത്കൊണ്ടാവാം ഇത്. അതിനാല്‍ തന്നെ എല്ലാ സംഭവങ്ങളും ഒരു ബഹുജനപ്രക്ഷോഭത്തിലേക്ക് നയിക്കുന്നുമില്ല.

ഈ അടുത്ത കാലത്ത് ഒരു കൊലപാതകം സമൂഹമന:സാക്ഷിയെ അത്യധികം ഞെട്ടിക്കുകയും ഒരുവകപ്പെട്ട എല്ലാവരെയും ദിവസങ്ങളോളം അസ്വസ്ഥമാക്കുകയുമുണ്ടായി. അത് വെറുമൊരു കൊലപാതകം ആയത്കൊണ്ട് അല്ല. അങ്ങനെ എത്ര കൊലപാതകങ്ങള്‍ അതിനു മുന്‍പും പിന്‍പും നടന്നു. കൊല ചെയ്യപ്പെട്ട  ആളുടെ മുഖം 51 വെട്ടുകള്‍ വെട്ടപ്പെട്ട് വികൃതമാക്കപ്പെട്ടു എന്നതിലെ പൈശാചികതയാണ് ആളുകളെ വല്ലാതെ സ്പര്‍ശിച്ചത്. ആ 51 വെട്ടാണ് മനുഷ്യമനസ്സുകളെ വേട്ടയാടിയത്.

ദല്‍ഹിയിലെ കൂട്ടബലാല്‍‌സംഗം ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് എടുത്തെറിയപ്പെടാനും, ഹതഭാഗ്യയായ ആ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയപ്പോള്‍ സ്വന്തം കുടുംബത്തിലെ ഒരംഗത്തിന് സംഭവിച്ച ദുരന്തമായി ഓരോ ആളും കരുതാനും കാരണം ആ കൃത്യത്തിലെ പൈശാചികതയാണ്. നമ്മുടെ രാജ്യത്ത് പിശാചുകള്‍ പെരുകുന്നു. ഈ പിശാചുക്കളെ എങ്ങനെ നേരിടണം എന്നാണ് രാജ്യം ഒറ്റക്കെട്ടായി ആലോചിക്കേണ്ടത്.

അല്ലാതെ ആ പൈശാചിക സംഭവത്തെ സര്‍ക്കാര്‍ വിരുദ്ധപ്രചാരണമാക്കി രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയല്ല വേണ്ടത്. വന്ദ്യവയോധിക യുവത്വമുള്ള നേതാവ് സഖാവ് അച്യുതാനന്ദന്‍ , ഈ വിഷയത്തെ മുന്‍‌നിര്‍ത്തി പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല എന്ന് പറഞ്ഞത് ബാലിശമാണ്. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിന്റെ മുന്നില്‍ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

ജനാധിപത്യുത്തിന്റെ നിര്‍വ്വചനം അനുസരിച്ച് അധികാരം ജനങ്ങള്‍ക്കാണ്. ജനങ്ങള്‍ക്ക് ബാഹ്യമായി ഒരു ഭരണാധികാരിയോ ഭരണകൂടമോ ജനാധിപത്യത്തില്‍ ഇല്ല. അത്കൊണ്ട് ഭരണാധികാരി, ഭരണകൂടം എന്നൊക്കെ പറഞ്ഞ് നിഴല്‍ യുദ്ധം നടത്തുന്നത് ജനാധിപത്യം എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് അറിയാത്തത്കൊണ്ടാണ്.

6 comments:

ഷാജു അത്താണിക്കല്‍ said...

എല്ലാം ഭരണത്തിന്മേലും ഭരിക്കപ്പെടുന്നവരേയും കുറ്റം പറഞ്ഞ് ഞാനും നിങ്ങളും സമൂഹത്തിൽ നിന്ന് മുഖമൂടി കെട്ടി രക്ഷപ്പെടുന്നു, എന്തുകൊണ്ട് നാമും നമ്മുടെ സമൂഹവും മാറാൻ തുനിയുന്നില്ല, ഇല്ലാ അത് ചെയ്യുന്നത് നാം ആണല്ലൊ അല്ലേ

എന്തൊരു ആധിപത്യം അല്ലേ എല്ലാത്തിലും

ഷൈജു.എ.എച്ച് said...

നിരീക്ഷണവും വിലയിരുത്തലും വളരെ സ്പഷ്ട്ടമാണ്. ജനസംഖ്യ വര്‍ധനവ്‌ കൊണ്ട് മാത്രമാണോ അരാചകത്വം നാട്ടില്‍ പെരുകുന്നത്? അങ്ങനെ ചിന്തിക്കാന്‍ കഴിയില്ല. ഓടയിലും കുടിലുകളില്‍ ദയനീയമായ ജീവിതം നയിക്കുന്നവരില്‍ ആരും ഇത്ര ഇഷ്ട്ടൂരമായ കൃത്യങ്ങള്‍
ചെയ്തു കാണില്ല ഡല്‍ഹി സംഭവം പോലെ. അവര്‍ പൈസക്ക് വേണ്ടി പിടിച്ചു പാറി, സ്വന്തം മക്കളെ വില്‍ക്കല്‍, വ്യപിചാരം എന്നിവയാകും തൊഴില്‍ ആക്കി മാറ്റുക. അവര്‍ പിടിക്കപ്പെട്ടാല്‍ അര്‍ഹമായ ശിക്ഷയും കിട്ടുന്നുണ്ട്‌. എന്നാല്‍ സ്വാധീനവും പണവും ഉള്ളവര്‍ എത്ര ക്രൂരത ചെയ്താലും അര്‍ഹിക്കുന്ന ശിക്ഷ പോലും ലഭിക്കുന്നില്ല എന്നത് നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ വിരോതാപാസം ആയി കണക്കാക്കി വരും. ഇതിന്റെ അര്‍ഥം നീതി ന്യായ പീഠം നട്ടല്ലു വളക്കുന്നു എന്നല്ലേ..
ചെറിയ അല്ല വലിയ ഉദാഹരണം...ഇറ്റാലിയന്‍ നാവികര്‍ ജാമ്യം വാങ്ങി നാട്ടില്‍ പോയി, ഇപ്പോഴും ഒരു ദയയും ലഭിക്കാതെ മഗ്ദിനി ജയിലില്‍...ഏതൊക്കെ ന്യായികരിക്കാന്‍ പറ്റുമോ? തെറ്റ് ചെയ്തവര്‍ ആര്‍ ആയാലും മുഖവും ദേഹവും നോക്കാതെ നടപടിയെടുക്കണം. ദല്‍ഹിയിലെ പെണ്‍കുട്ടിയുടെ ദുരന്തത്തിന് ശേഷവും കൊലയാളികള്‍ക്ക് എതിരെ എന്ത് ശിക്ഷ കൈ കൊള്ളണം എന്നറിയാന്‍ ഒരു കമ്മീഷനെ വെക്കാന്‍ പോകുന്നു. പതിനായിരം അല്ല ലക്ഷം സംഭവങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ കാലങ്ങള്‍ ആയി നടന്നു വന്നിട്ടും ഇപ്പോഴും അര്‍ഹമായ ശിക്ഷ വിധി കുറ്റം ചെയ്തവര്‍ക്ക് നല്‍കുവാന്‍ കഴിയില്ല എന്നാ ഉത്തമ ബോധ്യംഉള്ളത് കൊണ്ടല്ലേ ഇത്രയും ജനങ്ങള്‍ തെരുവില്‍ ഇറങ്ങാന്‍ കാരണം....

www.ettavattam.blogspot.com

ഞാന്‍ പുണ്യവാളന്‍ said...

ഭാരതം ഏതാവസ്ഥയിലാണെന്നു പരിതപിക്കുന്നുവോ അത്തരമൊരു അവസ്ഥയിലേക്ക് ഭാരതത്തെ തള്ളി വിട്ടത്തില്‍ നമ്മുക്കെല്ലാവര്‍ക്കും തുല്യ പങ്കാണുള്ളത് ഭരണകൂടവും നിയമ വ്യവസ്ഥയും നിഷ്ക്രിയമാക്കുന്നതിനു പിന്നില്‍ പ്രതികരിക്കാനറിയാത്ത ഒരു ജനവിഭാവം ഇപ്പോഴും സ്വന്തം തലച്ചോറു പണയം വച്ചു അന്ധത വരിച്ചിരിക്കുന്നത് കൊണ്ട് മാത്രമാണ്. അതിന്റെ പാപക്കറ പെട്ടെന്നാര്‍ക്കും കഴുകി കളയാന്‍ ആവുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ പരസ്പരം പഴിചാരുന്ന നേരം പരിഹാരത്തെ കുറിച്ച് ചിന്തിക്കുകയും പരിശ്രമിക്കുകയുമാണ് വേണ്ടത് ഒറ്റമൂലികളെക്കാള്‍ സമൂലമുള്ള മാറ്റത്തെ കുറിച്ചാവണമാതൊക്കെ....

ഇതെന്റെ ലേഖനത്തില്‍ നിന്നുള്ളതാണ് ..
പുതുവല്‍സര ആശംസകളോടെ സ്വന്തം പുണ്യവാളന്‍
@ പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ

Ananth said...

ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തെ കുറിച്ച് മറ്റൊരു കമന്റില്‍ സൂചിപ്പിച്ചത് പോലെ .......ജനങ്ങളോട് പ്രതിബദ്ധത ഇല്ലാത്ത സര്‍ക്കാരിനോടുള്ള പ്രതിഷേധം അണപൊട്ടി ഒഴുകുന്നതിനു ഒരു നിമിത്തം ആവുകയായിരുന്നു കൂട്ട ബലാല്‍സംഗം എന്ന സംഭവം ......അങ്ങിനെ ഒരു പ്രതിഷേധത്തിന്റെ മാനസികാവസ്ഥ തല്പരകക്ഷികള്‍ ഇത്തരം ഒരു പ്രക്ഷോഭം ആക്കി ആളികത്തിക്കുക ആയിരുന്നു എന്നും പറയാം ....എന്നാല്‍ അത് വളരെ shortsighted ആയിട്ടുള്ള ഒരു strategy ആണെന്ന് മാത്രമേ പറയാന്‍ പറ്റൂ....മാത്രവുമല്ല യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകളില്‍ നിന്നും ജനശ്രദ്ധ മാറ്റുന്നതിന് അത് കാരണമാവുകയും ചെയ്യുന്നു .....

എന്തും ഏതും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മാത്രം മാറ്റിയെടുക്കുന്ന കറക്കു വിദ്യ - spin doctoring - അച്ചുതാന്ദന്റെ മാത്രം കുത്തക അല്ല . പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ vip കയ്യാമം എന്നൊക്കെ പറഞ്ഞ ആള്‍ മുഖ്യമന്ത്രി ആയിക്കഴിഞ്ഞപ്പോള്‍ ഏതു vip എന്ന് പറഞ്ഞതും പ്രതി കള്‍ക്ക് പകരം നീതി തേടിയെത്തിയ പിതാവിനെ കയ്യാമം വയ്പിച്ചതുമൊക്കെ നമ്മള്‍ കണ്ടതാണല്ലോ .....ഇപ്പോള്‍ ഇറ്റലി ക്കാരെയും സോണിയ ഗാന്ധിയെയുമൊക്കെ കൂട്ടിയിനക്കുന്നതും ഇത്തരം spin doctoring ന്റെ ഭാഗമാണ് ......മഹാസമുദ്രങ്ങളിലെ piracy എന്ന വിപത്ത് നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിയോഗിക്കപ്പെട്ട സൈനികര്‍ അവരുടെ കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായി ഉണ്ടായ ഒരു error of judgement നു അന്യ ദേശത്ത് തടവില്‍ കഴിയുമ്പോള്‍ അവരെ മോചിപിക്കാന്‍ അവരുടെ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ പോലെ അന്യ രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു ജയിലില്‍ കഴിയുന്ന ഇന്ത്യാക്കാരുടെ മോചനത്തിന് വേണ്ടി നമ്മുടെ സര്‍ക്കാരും ചെയ്യണം എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല .....നമ്മുടെ സൈനികര്‍ അത് പോലെ തടവില്‍ കഴിയുന്ന സാഹചര്യം ഉണ്ടായാല്‍ തീര്‍ച്ചയായും നമ്മുടെ സര്‍ക്കാരും അതുപോലെയുള്ള ഇടപെടലുകള്‍ നടത്തും എന്ന് തന്നെ യാണ് ഞാന്‍ കരുതുന്നത് .......പിന്നെ വിദേശ സൈനികര്‍ക്ക് ജാമ്യം അനുവദിക്ക പ്പെട്ടതും മദനിയുടെ കേസും തമ്മില്‍ കൂട്ടിക്കെട്ടുന്നതും മറ്റൊരു spin doctoring എന്നേ പറയേണ്ടൂ .......പ്രത്യക്ഷത്തില്‍ മദനി ജയിലില്‍ കഴിയുന്നത്‌ മനുഷ്യാവകാശ ലംഘനം ആണ് .......എന്നാല്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ പരമോന്നത കോടതി പോലും അദ്ദേഹത്തിനു എതിരായ ഒരു നിലപാട് എടുക്കുന്നത് എന്ത് കൊണ്ടായിരിക്കാം .....രാജ്യ രക്ഷയെ ബാധിക്കും എന്നതിനാല്‍ പരസ്യപ്പെടുതാനാവാത്ത തരത്തിലുള്ള തെളിവുകള്‍ അവരുടെ പക്കല്‍ ഉണ്ടോ എന്തോ....എന്തായാലും നരേന്ദ്ര മോഡിക്കെതിരെ നിലപാട് എടുക്കുമ്പോള്‍ മാത്രം പരമോന്നതി കോടതി നീതി പൂര്‍വകം പ്രവര്‍ത്തിക്കുന്നു എന്നും മദനിയുടെ കാര്യത്തില്‍ അതിനു വിരുദ്ധം എന്നും കരുതാന്‍ പറ്റുമോ ......

ajith said...

ധാര്‍മ്മികതയുള്ള മാതാപിതാക്കള്‍ ധാര്‍മ്മികതയുള്ള മക്കളെ വളര്‍ത്തിയെടുക്കട്ടെ.

അല്ലാതെ വേറെന്ത് വഴി?

ഷെബു said...

അജിത്‌ പറഞ്ഞതാണ് ശരിയായ പോം വഴി. ധാര്‍മികതയുള്ള മാതാപിതാക്കള്‍ ഉത്തമ സന്താനങ്ങളെ വാര്ത്തെടുക്കട്ടെ. അല്ലാതെ ജനന നിയന്ത്രണം കൊണ്ട് വലിയ നേട്ടം സമൂഹത്തിനുണ്ടാകുമെന്നു തോന്നുന്നില്ല.