അണുവൈദ്യുതി അല്ലെങ്കില്‍ ആണവവൈദ്യുതി നിലയം എന്നു കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ഭയം തോന്നാന്‍ കാരണം അണുബോമ്പ് എന്ന് കേട്ടപ്പോള്‍ ഉണ്ടായ ഭീതി കൊണ്ടാണെന്ന് തോന്നുന്നു. അണുവിന്റെ ഉള്ളില്‍ അപരിമിതമായ ഊര്‍ജ്ജം ഉണ്ട് എന്ന് കണ്ടെത്തിയത് ഐന്‍സ്റ്റീന്‍ ആണല്ലൊ. ഈ ഊര്‍ജ്ജം രണ്ട് വിധത്തില്‍ ഉപയോഗിക്കാം. സര്‍വ്വനാശത്തിനും സര്‍വ്വതോമുഖമായ പുരോഗതിക്കും. ഇതില്‍ മനുഷ്യനെ നശിപ്പിക്കാനാണ് അണു ഊര്‍ജ്ജം ആറ്റംബോമ്പിന്റെ രൂപത്തില്‍ ആദ്യമായി ഉപയോഗിച്ചത്. അന്ന് മുതല്‍ അണു എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് പേടിയാണ്. ഇന്നും ലോകത്തെ മൊത്തം സംഹരിക്കാന്‍ ആവശ്യമായ അണുവായുധങ്ങള്‍ വിവിധരാജ്യങ്ങളില്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്. ഇത് ഒരു വശം. എന്നാല്‍ മനുഷ്യന്റെ പുരോഗതിക്കും അണു ഊര്‍ജ്ജം ഉപയോഗിക്കാം എന്ന് പറഞ്ഞല്ലോ. ഇതില്‍ പ്രധാനപ്പെട്ടത് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ആണവോര്‍ജ്ജത്തെ ഉപയോഗിക്കാമെന്നതാണ്.
അണു ഊര്‍ജ്ജവും വൈദ്യുതിയുമെല്ലാം അണു എന്ന പദാര്‍ത്ഥവുമായി ബന്ധപ്പെട്ടതാണ്. അണു എന്നാല്‍ എന്താണ്? ഇക്കാണുന്നതെല്ലാം അണു തന്നെ. എന്താണ് വൈദ്യുതി അല്ലെങ്കില്‍ കരണ്ട് എന്ന് പറയുന്നത്. അണുവില്‍ പ്രോട്ടോണ്‍ എന്ന പോസിറ്റീവ് ചാര്‍ജ്ജ് ഉള്ള കണികയും ചാര്‍ജ്ജ് ഇല്ലാത്ത ന്യൂട്രോണ്‍ എന്ന കണികയുമുണ്ട്. ഈ രണ്ടും ചേര്‍ന്ന കേന്ദ്രഭാഗത്തെ അണുവിന്റെ ന്യൂക്ലിയസ്സ് എന്നു പറയുന്നു. ഈ ന്യൂക്ലിയസ്സിനെ ചുറ്റി നെഗറ്റീവ് ചാര്‍ജ്ജുള്ള എലക്ട്രോണുകള്‍ കറങ്ങുന്നുണ്ട്. ഇങ്ങനെ കറങ്ങുന്ന എലക്ട്രോണുകള്‍ അണുവില്‍ നിന്ന് സ്വതന്ത്രമായി ഒഴുകുന്നതിനെയാണ് നമ്മള്‍ കരണ്ട് എന്ന് പറയുന്നത്. അതായത് എലക്ട്രോണുകളുടെ പ്രവാഹമാണ് വിദ്യുച്ഛക്തി. എലക്ട്രോണുകളെ ചലിപ്പിച്ച് വൈദ്യുതി പ്രവാഹം ഉണ്ടാക്കാന്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കണം. ജനറേറ്റര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിനോട് ബന്ധിപ്പിച്ച ടര്‍ബൈന്‍ കറങ്ങണം. ഈ ടര്‍ബൈന്‍ കറക്കാനാണ് നമുക്ക് ശക്തി അല്ലെങ്കില്‍ ഊര്‍ജ്ജം വേണ്ടി വരുന്നത്. അപ്പോള്‍ വൈദ്യുതി ഉണ്ടാക്കാന്‍ ഏതെല്ലാം മാര്‍ഗ്ഗത്തില്‍ ഊര്‍ജ്ജം കണ്ടെത്താം എന്ന് നോക്കാം. വ്യത്യസ്തമായ രൂപത്തിലുള്ള ഊര്‍ജ്ജസ്രോതസ്സ് ഉപയോഗപ്പെടുത്തുമ്പോള്‍ അതാത് പേരിലാണ് ആ വൈദ്യുതപദ്ധതികള്‍ അറിയപ്പെടുക.
1) താപ വൈദ്യുത നിലയങ്ങള്‍ 2) ജലവൈദ്യുത നിലയങ്ങള്‍ 3) കാറ്റാടി നിലയങ്ങള്‍ 4) സൌരോര്‍ജ്ജ വൈദ്യുതനിലയങ്ങള്‍ 5) ആണവവൈദ്യുത നിലയങ്ങള്‍.
ഇത്രയും മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവുമ്പോള്‍ എന്തിനാണ് അണുവൈദ്യുതനിലയങ്ങള്‍ എന്നാണ് ചോദിക്കുന്നത്. ഇതില്‍ ആണവവൈദ്യുതിനിലയങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരിസ്ഥിതിക്ക് ഒരു ദോഷവും ഉണ്ടാക്കുന്നില്ല. ഒരു തടസ്സവുമില്ലാതെ അനുസ്യൂതമായി ഒരേ പോലെ വിദ്യുച്ഛക്തി ഉല്പാദിപ്പിക്കാന്‍ പറ്റും. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ മറ്റുള്ളവയെ അപേക്ഷിച്ച് ഏറ്റവും കുറവ് സ്ഥലം മതി. വൈദ്യുതിയുടെ ഉല്പാദനച്ചെലവ് കുറവാണ്. അത്കൊണ്ട് തന്നെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയും. നമുക്ക് ഓരോന്നും പരിശോധിക്കാം.
1) താപവൈദ്യുതി നിലയങ്ങള്‍ : NTPC എന്ന പൊതുമേഖലാസ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 30.9.2011 വരെയുള്ള കണക്ക് വെച്ച് ആകെ 99,753 . 38 മെഗാവാട്ട് വൈദ്യുതിയാണ് താപനിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുന്നത്. (പട്ടിക ഇവിടെ നോക്കുക ). ഇത് നമ്മള്‍ ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 66 ശതമാനമാണ്. അടുത്ത വര്‍ഷവും താപനിലയങ്ങളില്‍ നിന്ന് ഇത്രയും വൈദ്യുതി ഉല്പാദിപ്പിക്കണമെങ്കില്‍ നമുക്ക് 696 ദശലക്ഷം ടണ്‍ കല്‍ക്കരി വേണം. ഇതില്‍ 554 മില്യണ്‍ ടണ്‍ കല്‍ക്കരി ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും 114 മില്യണ്‍ ടണ്‍ കല്‍ക്കരി നാം വിദേശത്ത് നിന്ന് ഇറക്ക്മതി ചെയ്യേണ്ടി വരും. (അവലംബം) കല്‍ക്കരി ക്ഷാമം നിമിത്തം നമ്മുടെ താപവൈദ്യുതനിലയങ്ങളില്‍ പൂര്‍ണ്ണമായ തോതില്‍ വൈദ്യുതോല്പാദനം നടക്കാത്ത സ്ഥിതിയുണ്ട്. ഇപ്പോള്‍ തന്നെ രണ്ടോ മൂന്നോ ആഴ്ചത്തേക്കുള്ള കല്‍ക്കരി മാത്രമേ സ്റ്റോക്ക് ഉള്ളൂ. രാജ്യത്തെ കല്‍ക്കരി നിക്ഷേപം 2040 ആകുമ്പോഴേക്കും നിശ്ശേഷം തീര്‍ന്നു പോകും എന്ന് കണക്കാക്കിയിട്ടുണ്ട്. ഒരു ഭാഗത്ത് നമ്മുടെ വൈദ്യുതി ആവശ്യം വര്‍ദ്ധിച്ചു വരുന്നു. മറുഭാഗത്ത് കല്‍ക്കരി തീര്‍ന്നു വരുന്നു. അപ്പോള്‍ നമ്മുടെ താപനിലയങ്ങളുടെ ഭാവി എന്താകും എന്നത് ചിന്തിക്കേണ്ടതുണ്ട്. അത് കൂടാതെ ആഗോളതാപനം കുറച്ചുകൊണ്ടു വരുന്നതിന് വേണ്ടി അന്തരീക്ഷത്തിലേക്ക് തള്ളുന്ന കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവും നിയന്ത്രിക്കേണ്ടിയിരിക്കുന്നു.
2) ജലവൈദ്യുത നിലയങ്ങള്‍ : ഇന്ത്യയില്‍ ജലവൈദ്യുതനിലയങ്ങളില്‍ നിന്ന് ആകെ 38,706 . 40 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത് എന്ന് മേലെ കൊടുത്ത പട്ടികയുടെ ലിങ്കില്‍ കാണാവുന്നതാണ്. ഇത് ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 21 ശതമാനമാണ്. എന്നാല്‍ ജലവൈദ്യുതി നിലയങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന പോലെ ഉല്പാദനം നടക്കുന്നില്ല. എന്തെന്നാല്‍ വിചാരിച്ച പോലെ മഴ ലഭിക്കുന്നില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തുകൊണ്ടിരുന്ന ചിറാപൂഞ്ചിയില്‍ പോലും കഴിഞ്ഞ അഞ്ച് വര്‍ഷമായി മഴ വേണ്ടത്ര ലഭിക്കുന്നില്ല. ജലവൈദ്യുതപദ്ധതികള്‍ കാലാവസ്ഥയെ ആശ്രയിച്ചായത്കൊണ്ട് അത് വിശ്വസിച്ച് നമുക്ക് ഭാവിയിലേക്ക് ആസൂത്രണം ചെയ്യാന്‍ കഴിയില്ല.
3) കാറ്റാടി യന്ത്രങ്ങള്‍ : കാറ്റാടിയന്ത്രങ്ങള്‍ മുഖേന വൈദ്യുതി ഉല്പാദിപ്പിക്കുമ്പോള്‍ പരിസ്ഥിതിക്ക് ഒരു ദോഷവും സംഭവിക്കുന്നില്ല എന്നത് നേരാണ്. എന്നാല്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ ഒരുപാട് സ്ഥലം വേണം. മാത്രമല്ല സ്ഥിരമായി കാറ്റ് കിട്ടുകയും വേണം. ഇന്ത്യയില്‍ ഇപ്പോള്‍ 14,550 മെഗാവാട്ട് വൈദ്യുതി ആകെ ഉല്പാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇപ്പോഴും കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചു വരുന്നുമുണ്ട്. പക്ഷെ കാറ്റാടിയന്ത്രങ്ങളിലെ WIND TURBINE കറങ്ങി വൈദ്യുതി ഉല്പാദിപ്പിക്കണമെങ്കില്‍ 11 KM/h മുതല്‍ 19 KM/h വരെ വേഗതയില്‍ കാറ്റ് വീശണം. വര്‍ഷത്തില്‍ മെയ് മുതല്‍ സെപ്തംബര്‍ വരെ അഞ്ച് മാസം വരെ മാത്രമേ ഈ വേഗതയില്‍ കാറ്റ് കിട്ടുന്നുള്ളൂ. ഇതിനാല്‍ സ്ഥിരമായി വൈദ്യുതി ഉല്പാദനം നടക്കുന്നില്ല.
4) സൌരോര്‍ജ്ജ നിലയങ്ങള്‍ : സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാന്‍ മറ്റൊരു ഊര്‍ജ്ജവും വേണ്ട. എന്നാല്‍ സൌരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കാനുള്ള ചെലവ് വളരെ കൂടുതലാണ്. മാത്രമല്ല വന്‍കിട തൊഴില്‍ശാലകള്‍ക്ക് ആവശ്യമായ വൈദ്യുതി സൌരോര്‍ജ്ജം കൊണ്ട് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഇനിയും വികസിപ്പിച്ചിട്ടുമില്ല. അന്തരീക്ഷം പുകയും പൊടിപടലങ്ങളും കൊണ്ടും മറ്റ് കാരണങ്ങളാലും സൂര്യപ്രകാശം കിട്ടാത്ത സാഹചര്യങ്ങളില്‍ വൈദ്യുതോല്പാദനം നടക്കില്ല എന്നൊരു ന്യൂനതയുമുണ്ട്. വീടുകള്‍ക്കും ചെറിയ തൊഴില്‍ സ്ഥാപനങ്ങള്‍ക്കും സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് ഗുജറാത്തില്‍ ആണ് ഉള്ളത് (Adani Bitta Solar Plant). അവിടെ നിന്ന് 40 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു.
5)ആണവ വൈദ്യുത നിലയങ്ങള്‍ : ഇന്ത്യയില്‍ അണു ഊര്‍ജ്ജത്തിന്റെ പിതാവ് ഹോമി ജഹാംഗിര്‍ ഭാഭയാണ്. അദ്ദേഹമാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അണുശക്തി കമ്മീഷന്‍ ചെയര്‍മാന്‍.1956 ലാണ് അണുശക്തി പദ്ധതി ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ 20 ആണവ വൈദ്യുതനിലയങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതില്‍ നിന്ന് എല്ലാം കൂടി 4385 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്. ഇത് ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 3 ശതമാനത്തിനടുത്ത് മാത്രമാണ്. ആളുകള്‍ ചോദിക്കുന്നതും ഇത് തന്നെയാണ്. ആകെ ഉല്പാദിപ്പിക്കുന്നത് 3ശതമാനമാണെങ്കില്‍ എന്തിനാണ് അണുവൈദ്യുതിയെ ആശ്രയിക്കുന്നത് എന്നാണ് ചോദ്യം. ന്യായമായ ചോദ്യമാണിത്. എന്നാല്‍ മേല്‍ക്കാണിച്ച നാലു മാര്‍ഗ്ഗങ്ങളിലും നമുക്ക് ആവശ്യമായ വൈദ്യുതി നിരന്തരമായി ഉല്പാദിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നു എന്നാണ് അതിനുള്ള ഉത്തരം.
ലോകത്തുള്ള വികസിതരാജ്യങ്ങള്‍ എല്ലാം തന്നെ അണുവൈദ്യുതിയെ വലിയ തോതില്‍ ഉപയോഗിച്ചു വരുന്നു എന്നതാണ് യാഥാര്‍ഥ്യം. അമേരിക്കയില്‍ മാത്രം 104 ആണവ വൈദ്യുതനിലയങ്ങളുണ്ട്. ലോകത്ത് മൊത്തം 30 രാജ്യങ്ങളിലായി 432 ആണവ നിലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 63 ആണവ നിലയങ്ങള്‍ നിര്‍മ്മാണ ദശയിലാണ്. 350 ആണവ നിലയങ്ങള്‍ പ്രൊപ്പോസ് ചെയ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായി മുന്നേറിയ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ആണവ വൈദ്യുതിയുടെ ഉല്പാദനത്തില്‍ നമ്മള്‍ വളരെ പിന്നിലാണെന്ന് കാണാം.
ഇന്ത്യ 2050 ആകുമ്പോഴേക്കും ആകെ ആവശ്യമായി വരുന്ന വൈദ്യുതിയുടെ 50 ശതമാനം ആണവനിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കണമെന്ന് പദ്ധതി ഇട്ടിട്ടുണ്ട്. അത് ആളുകളെ കൊന്നിട്ട് വേണോ എന്ന് ചിലര്‍ ചോദിച്ചേക്കാം. ഇക്കാര്യത്തില്‍ “ആദ്യം സുരക്ഷിതത്വം, പിന്നെ ഉല്പാദനം” എന്നൊരു നയമാണ് അണുശക്തി കമ്മീഷന്‍ പിന്തുടരുന്നത്. അണുശക്തി മേഖലയില്‍ കഴിഞ്ഞ 50 കൊല്ലത്തെ അനുഭവങ്ങളും കമ്മീഷനുണ്ട്. നമ്മുടെ ശാസ്ത്രജ്ഞന്മാരെ വിശ്വാസിക്കാന്‍ നാം തയ്യാറാവണം. ആണവ വൈദ്യുതനിലയങ്ങളില്‍ നിന്ന് പരിസ്ഥിതിക്ക് കേട് വരുത്തുന്ന ഒന്നും പുറത്ത് വരുന്നില്ല. ഏത് കാലാവസ്ഥയിലും 24 മണിക്കൂറും തുടര്‍ന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുക ആണവനിലയങ്ങളില്‍ നിന്ന് മാത്രമാണ്. അത്കൊണ്ടാണ് അണുവൈദ്യുതി മനുഷ്യരാശിക്ക് ലഭിച്ച വരപ്രസാദമാണെന്ന് മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാം വിശേഷിപ്പിച്ചത്.
ആണവവൈദ്യുത നിലയങ്ങളെ പറ്റി വളരെ തെറ്റിദ്ധാരണാജനകങ്ങളായ വിവരങ്ങളാണ് പ്രചരിപ്പിച്ചു വരുന്നത്. എന്നാല്‍ വാസ്തവം എന്താണ്? ഒരു പാര്‍ശ്വഫലവും ഇല്ലാത്ത ക്ലീന്‍ എനര്‍ജിയാണ് ആണവവൈദ്യുതി. ആണവവൈദ്യുത നിലയങ്ങളില്‍ നിന്ന് ഒരു തുള്ളി പുകയോ മറ്റ് രാസപദാര്‍ത്ഥങ്ങളോ പുറത്തേക്ക് പോകുന്നില്ല. അതേ സമയം കല്‍ക്കരികൊണ്ട് പ്രവര്‍ത്തിക്കുന്ന താപനിലയങ്ങളില്‍ നിന്ന് വന്‍ തോതില്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് അന്തരീക്ഷത്തിലേക്ക് വ്യാപിച്ച് ആഗോളതാപനത്തിന് ആക്കം കൂട്ടുന്നത് കൂടാതെ മറ്റ് പല രാസപദാര്‍ത്ഥങ്ങളും ഉപോല്പന്നങ്ങളായി ബഹിര്‍ഗ്ഗമിച്ച് പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുന്നുണ്ട്.
ആണവ നിലയങ്ങളെ പറ്റി ആകെ പറയുന്നത് ആണവവേസ്റ്റില്‍ നിന്ന് റേഡിയേഷന്‍ ഉണ്ടാകുമെന്നും അത് ആളുകളെ കൊന്നൊടുക്കുമെന്നുമാണ്. എന്നാല്‍ ആണവറിയാക്ടറുകളില്‍ ബാക്കി വരുന്ന ഇന്ധനം ഭൂമിക്കടിയില്‍ കോണ്‍ഗ്രീറ്റ് അറകള്‍ ഉണ്ടാക്കി സൂക്ഷിക്കുകയാണ് ചെയ്ത് വരുന്നത്. ഇങ്ങനെ ഭൂമിക്കടിയില്‍ സൂക്ഷിക്കുന്ന സ്പെന്റ് ഫ്യൂവല്‍ എന്ന് പറയുന്ന വേസ്റ്റ് റേഡിയേഷന്‍ ഉണ്ടാക്കും എന്നു പറയുന്നത് മിഥ്യയാണ്. അങ്ങനെ ഉണ്ടായതായി എവിടെയും അറിവില്ല. കൂടംകുളത്ത് ഭൂമിക്കടിയില്‍ 20 അടി താഴ്ചയില്‍ 1½ മീറ്റര്‍ ഘനമുള്ള കോണ്‍ഗ്രീറ്റ് ഭിത്തിക്കുള്ളിലാണ് ആണവവേസ്റ്റ് സൂക്ഷിക്കുക.
ആണവ വേസ്റ്റ് എന്ന് പറഞ്ഞാല്‍ യൂറേനിയം235 എന്ന മൂലകം ഊര്‍ജ്ജമായി മാറി ശേഷിക്കുന്ന മൂലകങ്ങളാണ്. അതിലും യൂറേനിയം ഉണ്ടാകും. കൂടാതെ പ്ലൂട്ടോണിയവും മറ്റ് മൂലകങ്ങളും ഉണ്ടാവും. ഈ ശേഷിക്കുന്ന വേസ്റ്റ് തോറിയവും ചേര്‍ത്ത് റീസൈക്കിള്‍ ചെയ്ത് വീണ്ടും ഇന്ധനമായി ഉപയോഗിക്കുക എന്നതാണ് ഇന്ത്യയുടെ പദ്ധതി. അതിനുള്ള സാങ്കേതികവിദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചിട്ടുണ്ട്. ഇവിടെ നമുക്ക് സുലഭമായി തോറിയം ഉണ്ട്. ലോകത്ത് ആകെയുള്ള തോറിയം നിക്ഷേപത്തിന്റെ മൂന്നില്‍ ഒന്ന് ഇന്ത്യയിലാണ്. നമ്മൂടെ ആണവവൈദ്യുതപ്ലാന്റുകള്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നമുക്ക് യൂറേനിയം ഇറക്കുമതി ചെയ്യേണ്ടി വരില്ല. അത്കൊണ്ടാണ് , ആണവക്കരാറില്‍ ഒപ്പ് വെക്കുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന യുറേനിയം റീസൈക്കിള്‍ ചെയ്യാന്‍ പാടില്ല എന്ന് അമേരിക്ക ശാഠ്യം പിടിച്ചത്. കുറെക്കാലമായി ഇന്ത്യയ്ക്ക് ആണവ ഉപരോധം നേരിടേണ്ടി വന്നപ്പോഴാണ് നാം ഈ സാങ്കേതികവിദ്യ സ്വയം ആര്‍ജ്ജിച്ചത്. അങ്ങനെ വരുമ്പോള്‍ ആണവവേസ്റ്റിന്റെ 75% വും വീണ്ടും ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയും. മറ്റൊരു ഇന്ധനവും ഇപ്രകാരം റിന്യൂ ചെയ്യാന്‍ കഴിയില്ല.
താപവൈദ്യുതി കൊണ്ട് മാത്രം നാം ഉദ്ദേശിക്കുന്ന സാമ്പത്തിക വളര്‍ച്ച നേടാന്‍ കഴിയില്ല. 12ആം പദ്ധതിയില്‍ (by 2017) 70,000 മെഗാവാട്ട് വൈദ്യുതി അധികം ഉല്പാദിപ്പിക്കണം എന്നാണ് നമ്മുടെ ടാര്‍ജറ്റ്. അത് 2022 ആകുമ്പോഴേക്കും 75,000 - 80,000 മെഗാവാട്ട് പിന്നെയും ഉല്പാദനവര്‍ദ്ധനവ് ഉണ്ടാക്കണം. കാരണം വളര്‍ച്ച എന്നത് വൈദ്യുതിയുടെ ലഭ്യതയെ ആശ്രയിച്ചാണ് എന്ന് പറയേണ്ടതില്ലല്ലൊ. ജനസംഖ്യ വര്‍ദ്ധിക്കുന്നതിനനുസരിച്ച് അടിസ്ഥാന സൌകര്യങ്ങളും കൂട്ടണമല്ലൊ. ചുരുക്കി പറഞ്ഞാല്‍ അടുത്ത ഒരു ദശകത്തില്‍ വര്‍ഷം തോറും 15,000 മെഗാവാട്ട് വൈദ്യുതി വീതം നാം അധികം ഉല്പാദിപ്പിക്കേണ്ടതുണ്ട്. ഇത് എങ്ങനെ സാധിക്കും? താപനിലയങ്ങള്‍ കൊണ്ട് കഴിയുമോ? നമുടെ കല്‍ക്കരി നിക്ഷേപം കുറഞ്ഞുവരുന്നു എന്ന് ഓര്‍ക്കുക. സൌരോര്‍ജ്ജവും കാറ്റാടികളും ഒക്കെ പറയാമെങ്കിലും പ്രായോഗികമായി ഒരിക്കലും കഴിയാത്ത കാര്യമാണത്. ഇവിടെയാണ് ആണവക്കരാറിന്റെയും ആണവവൈദ്യുതിനിലയങ്ങളുടെയും നമ്മുടെ ആണവഗവേഷണങ്ങളുടെയും പ്രസക്തി.
ഇനി ആണവവൈദ്യുത പദ്ധതികളുടെ ചെലവ് നോക്കാം. ഒരു മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ആണവനിലയങ്ങള്‍ക്ക് 12 കോടി രൂപയും താപനിലയങ്ങള്‍ക്ക് 4കോടി രൂപയും എന്നായിരുന്നു ഏകദേശ കണക്ക്. അതിപ്പോള്‍ റിവേഴ്സായി വരികയാണ്. എന്തെന്നാല്‍ 1995 മുതലിങ്ങോട്ട് ക്രൂഡ് ഓയിലിന്റെയും മറ്റും വിലവര്‍ദ്ധനവ് കാരണം കല്‍ക്കരിയുടെയും വില ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നു. കല്‍ക്കരി മുതലായ ഫോസ്സില്‍ ഇന്ധനങ്ങള്‍ കുറഞ്ഞുവരുന്നതും കണക്കിലെടുക്കണം. തുല്യഭാരം കല്‍ക്കരി കൊണ്ട് ഉല്പാദിപ്പിക്കാന്‍ കഴിയുന്നതിന്റെ രണ്ട് ദശലക്ഷം ഇരട്ടി വൈദ്യുതി യുറേനിയം കൊണ്ട് ആണവനിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കാന്‍ കഴിയും എന്നതാണ് വസ്തുത. അത്കൊണ്ടാണ് പറയുന്നത്, നാളെയുടെ ആവശ്യങ്ങളെ മീറ്റ് ചെയ്യാന്‍ നാം ആണവനിലയങ്ങള്‍ പുതിയതായി സ്ഥാപിച്ചേ പറ്റൂ. തോറിയം ഉപയോഗിച്ച് ആണവവേസ്റ്റ് പുന:സംസ്കരിച്ച് ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയും എന്നത് ഊര്‍ജ്ജരംഗത്ത് നമുക്ക് ശുഭപ്രതീക്ഷ നല്‍കുന്നു.
ആണവാപകടങ്ങളെ കുറിച്ച് നോക്കാം. അത് പറഞ്ഞാണല്ലോ ആളുകളെ പേടിപ്പിക്കുന്നത്. ആണവവൈദ്യുതനിലയങ്ങള്‍ ലോകത്ത് നിലവില്‍ വന്നിട്ട് 60 വര്‍ഷങ്ങള്‍ ആയല്ലൊ. ഇതിനകം എത്ര പേര്‍ ആണവാപകടം കൊണ്ട് മരണപ്പെട്ടിട്ടുണ്ട് എന്ന് ആലോചിച്ചിട്ടുണ്ടോ?
60 കൊല്ലത്തെ ചരിത്രത്തില്‍ ആകെ മൂന്ന് അപകടങ്ങളാണ് ആണവനിലയങ്ങള്‍ മുഖേന ഉണ്ടായിട്ടുള്ളത്. ഇതില്‍ ആണവവികരണം കൊണ്ട് മരണപ്പെട്ടത് 1986ല്‍ ചെര്‍ണോബിലില്‍ 50-ലധികം ആളുകളാണ്. 1979ല്‍ അമേരിക്കയിലെ ത്രീമൈല്‍ അയലന്‍ഡില്‍ വികിരണം കൊണ്ട് ആരും മരണപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ 2011 മാര്‍ച്ച് 11ന് ഫുകുഷിമായില്‍ വികിരണം കൊണ്ട് ആരും മരണപ്പെട്ടില്ല. എന്നാല്‍ അന്ന് ഭൂകമ്പത്തിലും സുനാമിയിലും പെട്ട് 25,000 പേരാണ് മരണപ്പെട്ടത്. കൂടാതെ കനത്ത നാശനഷ്ടങ്ങളുമുണ്ടായി.
1986 ല്‍ അന്നത്തെ സോവ്യറ്റ് യൂനിയന്റെ ഭാഗമായ ഉക്രെയിനില്‍ ചെര്‍ണോബില്‍ ആണവദുരന്തത്തില്‍ പലര്‍ക്കും പല അളവില്‍ റേഡിയേഷന്‍ ഏല്‍ക്കുകയുണ്ടായി. എന്നാല്‍ തന്നെ അഗ്നിശമനസേന വിഭാഗത്തില്‍ പെട്ട 56 പേര്‍ മാത്രം വികിരണം മൂലം മരണപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. നിരവധി പേര്‍ക്ക് റേഡിയേഷന്‍ ഏറ്റെങ്കിലും അമ്പതോളം പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂ എന്നത് , വികിരണം എന്നത് വിചാരിക്കുന്ന പോലെ അത്ര ഭീകരമല്ല എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
എന്താണ് ഈ ആണവവികിരണം എന്നറിയാമോ? യൂറേനിയം പോലുള്ള ഭാരം കൂടിയ മൂലകങ്ങള്‍ക്കെല്ലാം ഐസോടോപ്പുകള്‍ ഉണ്ട്. ഈ മൂലകങ്ങള്‍ക്ക് സ്ഥിരസ്വഭാവമില്ല. സ്ഥിരത കൈവരിക്കാന്‍ വേണ്ടി അവ വികിരണങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കും. അവസാനം അങ്ങനെയുള്ള മൂലകങ്ങള്‍ സ്ഥിരതയുള്ള മറ്റൊരു മൂലകമായി മാറും. ഉദാഹരണത്തിന് പ്ലൂട്ടോണിയം കാരീയ (ലെഡ്)മായി മാറും. ഇങ്ങനെ മറ്റൊരു മൂലകമായി മാറി സ്ഥിരത കൈവരിക്കുന്ന ആ കാലയളവിനെ ആ മൂലകത്തിന്റെ അര്‍ദ്ധായുസ്സ് (ഹാഫ് ലൈഫ്) എന്ന് പറയുന്നു. ഇങ്ങനെ, അര്‍ദ്ധായുസ്സ് ഏതാനും സെക്കന്റ് മുതല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വരെയുള്ള ഐസോടോപ്/മൂലകങ്ങള്‍ ഉണ്ട്.
റേഡിയേഷന്‍ എന്ന് പറയുമ്പോള്‍ പല രൂപത്തില്‍ ഉണ്ട് എന്ന് അറിയാമല്ലോ. നമ്മള്‍ എക്സ്‌റേ എടുക്കുമ്പോള്‍ ഒരു തരം റേഡിയേഷന്‍ ആണ് നമ്മുടെ ശരീരത്തെ തുളച്ചു പോകുന്നത്. ക്യാന്‍സര്‍ ചികിത്സയ്ക്ക് കീമോതെറാപ്പി ചെയ്യുന്നതും റേഡിയേഷനാണ്. പ്രധാനപ്പെട്ട മൂന്ന് റേഡിയേഷനുകള്‍ ആല്‍ഫ, ബീറ്റ, ഗാമ എന്നിവയാണ്. ഫിസിക്സിന്റെ ഈ ബാലപാഠങ്ങളൊന്നും ആരും പഠിച്ചത് മറന്നുപോകരുതായിരുന്നു.
ചെര്‍ണോബിലില്‍ Iodine-131 and Cesium-137 എന്നിങ്ങനെയുള്ള ഐസോടോപ്പുകളില്‍ നിന്നാണ് ആളുകള്‍ക് റേഡിയേഷന്‍ ഏറ്റത്. ഇത്കൊണ്ട് പലര്‍ക്കും അവിടെ തൈറോയ്ഡ് ക്യാന്‍സര്‍ ഉണ്ടായിട്ടുണ്ട്. Iodine-131 ല്‍ നിന്നുള്ള റേഡിയേഷന്‍ തൈറോയ്ഡ് ഗ്രന്ഥി ആഗിരണം ചെയ്തത്കൊണ്ടാണിത് സംഭവിച്ചത്. തൈറോയ്ഡ് ക്യാന്‍സര്‍ താരതമ്യേന ചികിത്സിച്ച് ഭേദമാക്കാന്‍ എളുപ്പമാണ്. ബ്ലഡ് ക്യാന്‍സര്‍ (leukemia) പോലെ മാരകമല്ല. 99 ശതമാനം പേരുടെയും തൈറോയ്ഡ് ക്യാന്‍സര്‍ അവിടെ ഭേദമായിട്ടുണ്ട്. ലോകാരോഗ്യസംഘടനയും മറ്റ് ഏജന്‍സികളും അവിടെ പഠനം നടത്തിയിട്ട് , വികിരണം ഏറ്റതിന്റെ ഫലമായി ആര്‍ക്കെങ്കിലും ജനിതക വൈകല്യങ്ങള്‍ ഉണ്ടായതായി തെളിഞ്ഞിട്ടില്ല. എന്തിനേറെ പറയുന്നു, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍ 1945ല്‍ ആറ്റംബോമ്പ് വര്‍ഷിച്ച് തകര്‍ന്ന ജപ്പാനില്‍ പിന്നീടുള്ള തലമുറയില്‍ ജനിതകവൈകല്യങ്ങള്‍ ഉണ്ടായിട്ടില്ല.
പറഞ്ഞുവന്നത്, ആണവവൈദ്യുത നിലയങ്ങളെ പറ്റിയും ആണവോര്‍ജ്ജത്തെ പറ്റിയും വികിരണത്തെ പറ്റിയും ഒക്കെ നിറം പിടിപിച്ച ഭീതിയാണ് പ്രചരിപ്പിക്കുന്നത് എന്നാണ്. അപകടങ്ങളെ പറ്റിയും ദുരന്തങ്ങളെയും പറ്റിയുമാണെങ്കില്‍ മനുഷ്യന്‍ മുഖാന്തിരവും പ്രകൃതി മുഖേനയും എന്തെല്ലാം അപകടങ്ങളും ദുരന്തങ്ങളും നടക്കുന്നു. അതൊക്കെയുമായി താരതമ്യം ചെയ്താല്‍ ആണവവൈദ്യുതനിലയങ്ങള്‍ കൊണ്ട് ഇക്കാലത്തുണ്ടായ അപകടങ്ങള്‍ നിസ്സാരമാണെന്ന് കാണാന്‍ കഴിയും.
ഇനി, എന്ത്കൊണ്ടാണ് ജര്‍മ്മനി ആണവവൈദ്യുതനിലയങ്ങള്‍ വേണ്ടെന്ന് വെക്കുന്നത് എന്ന് നോക്കാം. ജര്‍മ്മനി 2022ല്‍ ആണവ വൈദ്യുതനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതോല്പാദനം അവസാനിപ്പിക്കും എന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതായത് ഇനിയും 11 കൊല്ലത്തേക്ക് ഒരു മാറ്റവും ഇല്ല എന്ന് അര്‍ത്ഥം. ഇത് കേട്ട് ലോകത്ത് മറ്റെല്ലാ രാജ്യങ്ങളും ആണവപ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ പോകുമ്പോള്‍ നമ്മളെന്തിനാണ് ആണവപദ്ധതിയുടെ പിന്നാലെ പോകുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.
ജര്‍മ്മനി ഒരു വികസിത രാജ്യമാണ്. 2022ല്‍ അവിടെ ആണവനിലയം മതിയാക്കും എന്നു പറയുന്നത് 2011 മാര്‍ച്ചില്‍ ഫുകുഷിമായില്‍ സുനാമി അടിച്ചത്കൊണ്ടല്ല. അവിടെയുള്ള യുറേനിയം നിക്ഷേപം അപ്പോഴേക്കും തീര്‍ന്നുപോകും എന്ന് മുന്‍കൂട്ടി കണ്ടത്കൊണ്ടാണ്. അതായത് 2006 മുതല്‍ 2008 വരെ 3332 ടണ്‍ യൂറേനിയം അവര്‍ക്ക് ആവശ്യമുണ്ടായിരുന്ന സ്ഥാനത്ത് വെറും 68ടണ്‍ യുറേനിയം മാത്രമാണ് ജര്‍മ്മനിക്ക് ഖനനം ചെയ്ത് എടുക്കാനായത്. (സമ്പുഷ്ടയുറേനിയത്തിന്റെ കണക്കല്ല കേട്ടോ. യുറേനിയം അയിരില്‍ കേവലം 3ശതമാനം മാത്രമേ ഇന്ധനത്തിന് ഉപയോഗിക്കുന്ന U235 കിട്ടുകയുള്ളൂ) ബാക്കി യുറേനിയം അവര്‍ക്ക് ഇറക്കുമതി ചെയ്യേണ്ടി വന്നു.
അത്കൊണ്ട് ഇറക്കുമതി ചെയ്താല്‍ യൂറേനിയത്തിന് അധികം വില കൊടുക്കേണ്ടി വരും എന്നത്കൊണ്ടും പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ അവര്‍ക്ക് ഉള്ളത്കൊണ്ടുമാണ് ദീര്‍ഘവീഷണത്തോടുകൂടി 2022ല്‍ ആണവനിലയങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് അവര്‍ തീരുമാനിച്ചത്. അല്ലാതെ അപകടത്തെയോ റേഡിയേഷനെയോ പേടിച്ചിട്ടല്ല. ജര്‍മ്മനിയുടെ എനര്‍ജി സെക്യുരിറ്റിക്ക് ഇനി ആണവവൈദ്യുതപദ്ധതി വേണ്ട എന്നത്കൊണ്ടാണ് അവരുടെ തീരുമാനം എന്ന് സാരം. ഫുകുഷിമായില്‍ ഉണ്ടായ സുനാമിയും അവരുടെ തിരുമാനവും തമ്മില്‍ ബന്ധമില്ല.
ഓരോ രാജ്യവും തങ്ങളുടെ സാമ്പത്തികസ്ഥിതിയും ആവശ്യങ്ങളും പ്രകൃതിവിഭവങ്ങളും കൈവശമുള്ള സാങ്കേതികവിദ്യയുടെയുമൊക്കെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. അത്കൊണ്ട് ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തിന് അനുകരിക്കാന്‍ പറ്റില്ല. അണുശക്തി മനുഷ്യരാശിക്ക് എതിരാണ് എന്ന തെറ്റായ പ്രചാരണമാണ് നടക്കുന്നത്. ഇത് ദൌര്‍ഭാഗ്യകരമാണ്. അണുശക്തി എത്രയോ പേര്‍ക്ക് ആയുസ്സ് നീട്ടി നല്‍കുന്നുണ്ട് എന്ന് വിസ്മരിച്ചുകൂട. കീമോ തെറാപിയെയാണ് ഉദ്ദേശിച്ചത്. ഒരു ഉദാഹരണം പറഞ്ഞു എന്നു മാത്രം.
അണു ഊര്‍ജ്ജം പോലെ തന്നെ പരിസ്ഥിതിക്ക് കോട്ടം വരുത്താത ക്ലീന്‍ എനര്‍ജിയാണ് സൌരോര്‍ജ്ജവും കാറ്റും. എന്നാല്‍ നമുക്ക് ആവശ്യമായ വൈദ്യുതി ഇപ്പറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് ഉല്പാദിപ്പിക്കാനുള്ള ശേഷിയോ ടെക്നോളജിയോ നമുക്ക് ഇന്നില്ല. ജര്‍മ്മനിയെ പോലെ അല്ല ഇന്ത്യ. എന്നെങ്കിലും ആ കഴിവ് ഇന്ത്യ ആര്‍ജ്ജിക്കുമായിരിക്കും. അത് വരെ കാത്തിരിക്കാന്‍ പറ്റില്ലല്ലൊ. ഇന്നത്തേക്കും നാളത്തേക്കും വൈദ്യുതി വേണ്ടേ. അത്കൊണ്ട് നമുക്ക് ആണവനിലയങ്ങളും ആണവോര്‍ജ്ജവും കൂടിയേ തീരൂ.
ഉപസംഹാരം: സൌരോര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതിനിലയം പ്രവര്‍ത്തിപ്പിക്കാനുള്ള സാങ്കേതിക വിദ്യ നാം ആര്‍ജ്ജിച്ചിട്ടില്ല. ഇപ്പോള്‍ അതിനുള്ള ഗവേഷണവും ശ്രമങ്ങളും ആരംഭിച്ചാല്‍ തന്നെ ഫലപ്രാപ്തിയില്‍ എത്താന്‍ 25 വര്‍ഷത്തെ കാലതാമസവും വന്‍പിച്ച മുതല്‍മുടക്കും വേണം. കരണ്ടിന് വേണ്ടി അത്രയും കാലം നമുക്ക് കാത്തിരിക്കാന്‍ പറ്റില്ല.
ആണവ റിയാക്ടറുകളില്‍ ബാക്കി വരുന്ന ആണവ വേസ്റ്റ് അല്ലെങ്കില്‍ സ്‌പെന്റ് ഫ്യവല്‍ തോറിയവുമായി കലര്‍ത്തി വീണ്ടും ആണവ ഇന്ധനമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ നാം ആര്‍ജ്ജിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ഭാവിയില്‍ ആണവമാലിന്യം എന്നൊന്ന് ഉണ്ടാവുകയില്ല എന്ന് മാത്രമല്ല, നമുക്ക് വൈദ്യുതക്ഷാമം ഉണ്ടാവുകയുമില്ല. ആണവ ഇന്ധനം നമുക്ക് കയറ്റുമതി ചെയ്യാനും കഴിയും. ഇതൊക്കെ നടക്കണമെങ്കില്‍ കൂടംകുളം പ്ലാന്റ് എത്രയും പെട്ടെന്ന് പ്രവര്‍ത്തനനിരതമാകേണ്ടതുണ്ട്.