Links

കല്‍ക്കരിപ്പാടത്ത് കൊയ്യുന്നവര്‍


ബി.ജെ.പി.യും സി.പി.എമ്മും കോണ്‍ഗ്രസ്സ് വിരോധപാര്‍ട്ടികള്‍ എന്ന നിലയില്‍ യോജിക്കാനുള്ള അവസരം പലപ്പോഴും അവര്‍ക്ക് ലഭിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ കല്‍ക്കരിപ്പാടക്കൊയ്ത്താണ് ലഭിച്ചിരിക്കുന്നത്. ഇത്തവണ പ്രധാനമന്ത്രി മന്‍‌മോഹന്‍‌സിങ്ങിനെ തന്നെ നേരിട്ട് അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള സുവര്‍ണ്ണാവസരവും കിട്ടിയിരിക്കുന്നു. അഴിമതിത്തുകയും നിസ്സാരമല്ല. 2ജിയെക്കാളും വലിയ അഴിമതി. 1.86ലക്ഷം കോടി രൂപ പ്രധാനമന്ത്രി അഴിമതി നടത്തിയെന്നും അത്കൊണ്ട് ഇനി പ്രധാനമന്ത്രി രാജിവെക്കുന്നത് വരെ സമരം എന്നുമാണ് ബി.ജെ.പി.യുടെ നിലപാട്.

സി.പി.എം.കാര്‍ക്കും മറിച്ചൊരു നിലപാട് ഉണ്ടാകാന്‍ വഴിയില്ല. അങ്ങനെ ഈ അഴിമതി വിരുദ്ധസമരം ഫലപ്രാപ്തിയില്‍ എത്തിയാല്‍ അടുത്ത തവണ നരേന്ദ്രമോഡി പ്രധാനമന്ത്രിയാവാനുള്ള സാധ്യത ഏറെക്കുറെ ഉറപ്പാണ്. സി.പി.എമ്മില്‍ ഇനി പ്രധാനമന്ത്രിയാകാന്‍ പറ്റിയ ആരും ഇല്ല, ഉണ്ടാവുകയും ഇല്ല. ഒരിക്കല്‍ ജ്യോതി ബസുവിന് അവസരം ലഭിച്ചപ്പോള്‍ അവര്‍ തട്ടി തെറിപ്പിച്ചതാണ്. പിന്നെ ഉണ്ടായിരുന്ന നേതാവ് സോമനാഥ് ചാറ്റര്‍ജി ആയിരുന്നു. അദ്ദേഹം സി.പി.എമ്മുകാര്‍ക്ക് അനഭിമതനാവുകയും ചെയ്തു. ഇപ്പോള്‍ പ്രധാനമന്ത്രികുപ്പായം തുന്നിവെച്ചിരിക്കുന്ന ഒരേയൊരാള്‍ മോഡിയാണ്. അത് സാധിച്ചു കൊടുക്കാന്‍ സി.പി.എമ്മുകാരും സഹായിക്കുമായിരിക്കും. രണ്ട് സീറ്റ് മാ‍ത്രം പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന ബി.ജെ.പി.യെ ഇക്കാണുന്ന രീതിയില്‍ വളര്‍ത്താന്‍ സി.പി.എം. പെട്ട പാട് ചില്ലറയല്ല.

കല്‍ക്കരിപ്പാടം ലഭിക്കുക വഴി സ്വകാര്യ കമ്പനികള്‍ 1.86ലക്ഷം കോടി ലാഭം ഉണ്ടാക്കി എന്നാണ് സി.എ.ജി.യുടെ കണക്ക്. അതേ തുക 1.86.ലക്ഷം കോടി പ്രധാനമന്ത്രി അഴിമതി നടത്തി അടിച്ചുമാറ്റി എന്നാണ് ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും കണക്ക്. ഇത്രയും തുകയ്ക്ക് എത്ര പൂജ്യം ഉണ്ട് എന്നറിയാത്ത സാധാരണക്കാരുടെ മുന്നില്‍ മന്‍‌മോഹന്‍ സിങ്ങിനെ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത്. സി.ഏ.ജി. കണക്ക് വേദവാക്യമായി എടുക്കുന്ന പ്രതിപക്ഷം സി.എ.ജി. പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല എന്ന കാര്യം വിസ്മരിക്കുന്നു. അഴിമതിയുടെ പുകമറ ഉണ്ടാക്കി മോഡിയെ അധികാരമേല്‍പ്പിക്കണം എന്നതില്‍ കവിഞ്ഞ ഒരു നോട്ടവും അവര്‍ക്കില്ല.

എന്നാല്‍ യാഥാര്‍ഥ്യം എന്താണ്? കേന്ദ്ര കല്‍ക്കരി സെക്രട്ടരിയും മറ്റ് ഒന്‍പത് മന്ത്രാലയങ്ങളിലെ സെക്രട്ടരിമാരും അടങ്ങിയ സ്ക്രീനിങ്ങ് കമ്മറ്റിയാണ് 194 കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചുകൊണ്ട് രാജസ്ഥാന്‍, ബംഗാള്‍, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ജാര്‍ക്കണ്ട്, ഒഡീഷ മുതലായ സംസ്ഥാനങ്ങളെ അറിയിച്ചത്. ആ കല്‍ക്കരി ബ്ലോക്കുകള്‍ ഏതൊക്കെ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത് അതത് സംസ്ഥാനങ്ങളാണ്. മാത്രമല്ല, സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും മുഖ്യമന്ത്രിമാര്‍ ബുദ്ധദേവ് ഭട്ടാചാര്യ, വസുന്ധരരാജ് സിന്ധ്യ, അര്‍ജ്ജുന്‍ മുണ്ട എന്നിവരൊക്കെ കല്‍ക്കരിപ്പാടം ലേലം വേണ്ട എന്നും സ്ക്രീനിങ്ങ് കമ്മറ്റി ഉണ്ടാക്കി ആ കമ്മറ്റി അനുവദിച്ചാല്‍ മതി എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ആ സ്ക്രീനിങ്ങ് കമ്മറ്റി സുതാര്യമായല്ല തീരുമാനങ്ങള്‍ എടുത്തതെന്ന് സി.എ.ജി. പറഞ്ഞിട്ടുമുണ്ട്. ഇതൊന്നും സി.പി.എമ്മുകാര്‍ക്കും ബി.ജെ.പി.ക്കാര്‍ക്കും വിഷയമല്ല. അവര്‍ക്ക് ഒരു രാഷ്ട്രീയ ഇര വേണം എന്നേയുള്ളൂ.

അങ്ങനെ, ഇത് വരെയിലും ആരാലും അഴിമതിയാരോപണം ഉന്നയിക്കാന്‍ കഴിയാതിരുന്ന മന്‍‌മോഹന്‍ സിങ്ങിനെ തന്നെ ഇന്ത്യാരാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ആയുധം ബി.ജെ.പി.ക്കും സി.പി.എമ്മുകാര്‍ക്കും എറിഞ്ഞുകൊടുത്ത സി.എ.ജി.യുടെ മനസ്സിലിരുപ്പ് മോഡിയെ പ്രധാനമന്ത്രിയാക്കണം എന്ന് തന്നെയായിരിക്കും എന്ന് കരുതാന്‍ ന്യായമുണ്ട്. ഇന്ത്യയില്‍ ഇത് വരെയിലും പ്രധാനമന്ത്രിയാകാന്‍ കൊതിച്ച എല്ലാവര്‍ക്കും ആ സൌഭാഗ്യം കൈവന്നിട്ടുണ്ട്. അദ്വാനിക്കൊഴികെ. നരേന്ദ്രമോഡിക്ക് അദ്വാനിയുടെ ഗതി വരാതിരിക്കട്ടെ എന്നായിരിക്കും ബി.ജെ.പി.യിലെ അദ്വാനിവിരുദ്ധ വിഭാഗത്തിന്റെയും സി.പി.എമ്മിന്റെയും മോഹം.

19 comments:

Ananth said...

ഈ വിഷയത്തില്‍ താങ്കളുടെ നിലപാടിനോട് യോജിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നു ........ലാവ് ലിന്‍ , comonwealth ഗെയിംസ് , 2 G ,ISRO തുടങ്ങിയ കാര്യങ്ങളില്‍ ഖജനാവിന് നഷ്ടം സംഭവിച്ച കാര്യം auditor റിപ്പോര്ട് ചെയ്തതിനെതുടര്‍ന്ന് പൊതുജന ശ്രദ്ധയില്‍ വരികയും കേസും മറ്റും ആവുകയും ചെയ്തപ്പോള്‍ അതൊക്കെ auditor എന്തൊക്കെയോ "മനസ്സിലിരുപ്പ്" കാരണം കരുതികൂട്ടി ചെയ്തതാണെന്ന് പറഞ്ഞാല്‍ എത്രത്തോളം അസംബന്ധം ആണോ അത് തന്നെ യാണ് ഇക്കാര്യത്തിലും .......ആരാണ് നഷ്ടം വരുത്തുവാന്‍ ഉത്തരവാദി എന്ന് auditor പറഞ്ഞിട്ടില്ല പക്ഷെ നഷ്ടം ഉണ്ടായ കാര്യം പറഞ്ഞിരിക്കുന്നു ....അതുണ്ടായ കാലയളവില്‍ പ്രസ്തുത വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി ( 2 G കേസില്‍ രാജാ യെപ്പോലെ ) സ്വാഭാവികമായും നിയമത്തിന്റെയും പോതുജനാഭിപ്രായതിന്റെയും മുന്നില്‍ പ്രതിക്കൂട്ടില്‍ ആവും ....തെറ്റായ തീരുമാനങ്ങള്‍ എടുക്കുവാന്‍ പ്രേരിപ്പിച്ചവര്‍ ....ഏതു പാര്‍ട്ടിയില്‍ പെട്ടവരായാലും കൂട്ടുപ്രതികളും ആവും ......മന്‍ മോഹന്‍ സിംഗ് വ്യക്തിപരമായി എന്തെങ്കിലും നേട്ടം ഉണ്ടാക്കിയോ എന്നതിന് അത്ര പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല .....ബാലകൃഷ്ണപിള്ള യെ ജയിലില്‍ എത്തിച്ചത് ഇപ്പോള്‍ പറയപ്പെടുന്ന തുകകളുമായി നോക്കിയാല്‍ വളരെ തുച്ചം ആയ ഒരു തുക ഖജനാവിന് നഷ്ടം വരുത്തി എന്നതിനായിരുന്നു എന്നും കൂടി ഓര്മ്മിക്കുക ..... ഈ വിഷയത്തില്‍ നരേന്ദ്ര മോഡി എങ്ങനെ കടന്നു വരുന്നു എന്നെനിക്കു മനസ്സിലാവുന്നില്ല .....പ്രധാന മന്ത്രി സ്ഥാനത്തേക്ക് ഒരു പക്ഷെ മറ്റെല്ലാവരെക്കാളും യോഗ്യനാനെങ്കില്‍ കൂടി നിലവില്‍ മറ്റെല്ലാ കക്ഷികളും ചേര്‍ന്ന് മോഡിയെ demonise ചെയ്തിരിക്കയാനല്ലോ .....ഗുജറാത്ത്‌ കലാപത്തില്‍ മോഡി വ്യക്തിപരമായി ഒരു തെറ്റും ചെയ്തില്ലെങ്കില്‍ പോലും in my view , he is guilty of omission rather than commission of any thing wrong ....അതായത് കലാപം ഏറ്റവും രൂക്ഷമായ ആദ്യത്തെ രണ്ടോ മൂന്നോ ദിവസങ്ങളില്‍ he omitted his duty to apply the full force of the state power in restoring order .........ഇനി എത്രയൊക്കെ നല്ല ഭരണം നടത്തിയാലും ആ പഴയ തെറ്റിന്റെ കരി നിഴലില്‍ നിന്നും പുറത്തു വരാന്‍ അദ്ദേഹത്തിന് കഴിയും എന്നെനിക്കു തോന്നുന്നില്ല ......അപ്പോള്‍ പിന്നെ രാജ്യം തന്നെ വിറ്റു കാശാക്കുന്ന ആളുകളുടെ ദുഷ്പ്രവര്‍തികള്‍ പുറത്തു കൊണ്ടു വരുന്നത് നരേന്ദ്ര മോഡിയെ പ്രധാന മന്ത്രി ആക്കാന്‍ വേണ്ടിയാണ് എന്നൊക്കെ പറയുന്നത് സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യമാണ് . പിന്നെ മറ്റൊരു കാര്യം ....ആദ്യം പറഞ്ഞ ലാവ് ലിന്‍ മുതല്‍ ISRO വരെ CAG പുറത്തു കൊണ്ടുവന്ന അഴിമതി കേസുകളില്‍ വലിയ വാര്‍ത്തയും വിവാദവും ഒക്കെ ഉണ്ടായതല്ലാതെ യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുകയോ അനധികൃതമായി ആര്‍ജിച്ച സ്വത്തുകള്‍ കണ്ടുകെട്ടപ്പെടുകയോ ഖജനാവിനുണ്ടായ നഷ്ടം നികത്തപ്പെടുകയോ ചെയ്തതായി അറിവില്ല ( 2G കേസില്‍ ലൈസന്‍സ് റദ്ദാക്കിയ കാര്യം ഒഴികെ ).....അതുപോലെ ഈ വിഷയത്തിലും പ്രതീക്ഷിക്കാവുന്നത് അത്രയൊക്കെ തന്നെ ...a lot of sound and fury .....

K.P.Sukumaran said...

@അനന്ത്, സര്‍ക്കാരിന്റെ കൈവശമുള്ള പ്രകൃതി വിഭവങ്ങള്‍ 2ജി ആയാലും കല്‍ക്കരി ബ്ലോക്കുകള്‍ ആയാലും ലേലം ചെയ്ത് മാത്രമേ നല്‍കാവൂ എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ലേലം ചെയ്ത് വരുമാനം കൂട്ടിയിരിക്കണം എന്ന് തീരുമാനിക്കുന്നത് സി.എ.ജി.യുടെ വിഷയമല്ല എന്നും ഞാന്‍ കരുതുന്നു. സര്‍ക്കാരിന് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ സി.എ.ജി.യെ ചുമതലപ്പെടുത്തിയിട്ടുമില്ല. അതൊക്കെ സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളാണ്. സി.എ.ജി.പോലൊരു ഭരണഘടന സ്ഥാപനത്തിന് ഇമ്മാതിരി കണക്ക് പറഞ്ഞ് സര്‍ക്കാരിനെ ബുദ്ധിമുട്ടുണ്ടാക്കാന്‍ കഴിയും എന്ന് മാത്രമേ ഞാന്‍ കാണുന്നുള്ളൂ. സ്വകാര്യ സ്ഥാപനം ഉണ്ടാക്കുന്ന ലാഭം സര്‍ക്കാരിന്റെ നഷ്ടമായി കണക്കാക്കുന്ന സി.എ.ജി. ലോജിക്ക് വിചിത്രമാണ്. അതേ സമയം വില്ലേജ് ആഫീസ് മുതല്‍ സര്‍ക്കാരിന്റെ ഏറ്റവും മേല്‍ത്തട്ട് വരെ അഴിമതിയുണ്ട് താനും. ബ്യൂറോക്രാറ്റുകളുടെ അഴിമതിയും കൈക്കൂലിയും വെള്ള പൂശാന്‍ സി.എ.ജി.പ്രയോഗിക്കുന്ന തന്ത്രമാണോ ഈ മായക്കണക്ക് എന്നും ഞാന്‍ സംശയിക്കുന്നു.

Pheonix said...

കാര്യങ്ങള്‍ എന്തൊക്കെയായാലും കഴുതകള്‍ ജനങ്ങള്‍ തന്നെ!

Ananth said...

സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള ഒരു വസ്തുവോ വിഭവമോ വില്‍കുമ്പോള്‍ അതിനു സാധാരണ ഗതിയില്‍ കിട്ടേണ്ട വിലയില്‍ നിന്നും വളരെ കുറഞ്ഞ വിലക്ക് ഭരണത്തില്‍ ഇരിക്കുന്നവര്‍ അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് ( open tender അല്ലാതെ വരുമ്പോള്‍ അങ്ങനെയല്ലേ കരുതാന്‍ പറ്റൂ ) കൈമാറ്റം ചെയ്യുന്നത് നയപരമായ ഒരു കാര്യമാണെന്നും മറ്റും കരുതുക ഒരല്പം കടന്ന കൈ ആവില്ലേ .....അതങ്ങനെ തന്നെ ആണെങ്കില്‍ പോലും അത്തരമൊരു transaction ഇല്‍ സാധാരണ ഗതിയില്‍ കിട്ടുമായിരുന്ന വിലയും യഥാര്‍ത്ഥത്തില്‍ കിട്ടിയ വിലയും തമ്മിലുള്ള അന്തരം ഒരു notional loss ആയി കാണിക്കുക എന്നത് എതൊരു auditor ഉടെ യും കടമ നിര്‍വഹിക്കല്‍ മാത്രമാണ് . സര്‍ക്കാരിന്റെ പക്കല്‍ നിന്നും അത്തരത്തില്‍ കുറഞ്ഞ വിലക്ക് വാങ്ങിയ വസ്തു/വിഭവം സ്വകാര്യവ്യക്തി /സ്ഥാപനം മറിച്ചു വില്കുന്ന നിരക്കില്‍ സര്‍ക്കാരിന് തന്നെ കൊടുക്കാമായിരുന്നു എന്നിരിക്കില്‍ തീര്‍ച്ചയായും സ്വകാര്യ ലാഭം സര്‍ക്കാരിന്റെ നഷ്ടം തന്നെയാണ് ( commonwealth games നടത്തിപ്പില്‍ ചെയ്തത് പോലെ 1000 രൂപ വിലയുള്ള സാധനത്തിനു 10000 രൂപ വാടക കൊടുക്കുന്നത് മൂലം ഉണ്ടാവുന്ന സ്വകാര്യ ലാഭം സര്‍ക്കാരിന്റെ നഷ്ടം അല്ലാതെ പിന്നെന്താണ് ! ) .......എന്തായാലും ഇമ്മാതിരി ഇടപാടുകള്‍ നടത്തിയിട്ട് auditor നെ കുറ്റം പറയുന്നത് മുഖം വിക്രുതമായത്തിനു കണ്ണാടിയെ കുറ്റം പറയുന്നത് പോലെ ആണെന്നെ പറയേണ്ടൂ !

സന്തോഷ്‌ said...

>> രണ്ട് സീറ്റ് മാത്രം പാര്ലമെന്റില് ഉണ്ടായിരുന്ന ബി.ജെ.പി.യെ ഇക്കാണുന്ന രീതിയില് വളര്ത്താന് സി.പി.എം. പെട്ട പാട് ചില്ലറയല്ല. <<

സി.പി.എം എന്ന പാർട്ടിയ്ക്കു സ്വാധീനമുള്ള കേരളം, പ.ബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽ നിന്നും എത്ര എം.പി മാർ ഉണ്ട് ബി.ജെ.പി യ്ക്കു? ബി.ജെ.പി യ്ക്കു ഇന്നു സ്വാധീനം ഉള്ള സംസ്ഥാനങ്ങൾ എല്ലാം ഒരിയ്ക്കൽ കോൺഗ്രസ്സിന്റെ മാത്രം ആയിരുന്നു.

>> എന്നാല് യാഥാര്ഥ്യം എന്താണ്? കേന്ദ്ര കല്ക്കരി സെക്രട്ടരിയും മറ്റ് ഒന്പത് മന്ത്രാലയങ്ങളിലെ സെക്രട്ടരിമാരും അടങ്ങിയ സ്ക്രീനിങ്ങ് കമ്മറ്റിയാണ് 194 കല്ക്കരി ബ്ലോക്കുകള് അനുവദിച്ചുകൊണ്ട് രാജസ്ഥാന്, ബംഗാള്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാര്ക്കണ്ട്, ഒഡീഷ മുതലായ സംസ്ഥാനങ്ങളെ അറിയിച്ചത്. ആ കല്ക്കരി ബ്ലോക്കുകള് ഏതൊക്കെ സ്വകാര്യ കമ്പനികള്ക്ക് നല്കണമെന്ന് ശുപാര്ശ ചെയ്തത് അതത് സംസ്ഥാനങ്ങളാണ്. മാത്രമല്ല, സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും മുഖ്യമന്ത്രിമാര് ബുദ്ധദേവ് ഭട്ടാചാര്യ, വസുന്ധരരാജ് സിന്ധ്യ, അര്ജ്ജുന് മുണ്ട എന്നിവരൊക്കെ കല്ക്കരിപ്പാടം ലേലം വേണ്ട എന്നും സ്ക്രീനിങ്ങ് കമ്മറ്റി ഉണ്ടാക്കി ആ കമ്മറ്റി അനുവദിച്ചാല് മതി എന്ന് നിര്ദ്ദേശിക്കുകയും ചെയ്തിരുന്നു. ആ സ്ക്രീനിങ്ങ് കമ്മറ്റി സുതാര്യമായല്ല തീരുമാനങ്ങള് എടുത്തതെന്ന് സി.എ.ജി. പറഞ്ഞിട്ടുമുണ്ട്. <<

കേന്ദ്ര കല്ക്കരി സെക്രട്ടരിയും മറ്റ് ഒന്പത് മന്ത്രാലയങ്ങളിലെ സെക്രട്ടരിമാരും അടങ്ങിയ സ്ക്രീനിങ്ങ് കമ്മറ്റി എന്നതു കേന്ദ്ര സർക്കാർ സംവിധാനം ആയിരുന്നു. അല്ലാതെ രാജസ്ഥാന്, ബംഗാള്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാര്ക്കണ്ട്, ഒഡീഷ എന്നിവയുടേതല്ലായിരുന്നു. ആ സ്ക്രീനിങ്ങ് കമ്മറ്റി സുതാര്യമായല്ല തീരുമാനങ്ങള് എടുത്തതെന്ന് സി.എ.ജി. പറഞ്ഞാൽ അതു സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വം ആകുന്നതു എങ്ങനെയാണു?

സംസ്ഥാനങ്ങൾ എതിർപ്പു പ്രകടിപ്പിച്ച്ചതിന്റെ കാരണമായി അവർ ചൂണ്ടികാണിക്കുന്നതു മുഴുവൻ പാടങ്ങളും സ്വകാര്യമേഖലയ്ക്ക് ലേലത്തിൽ നൽകിയാൽ പൊതുമേഖലയിലെ ആവശ്യങ്ങൾക്കു കൽക്കരി ലഭ്യമാകാത്ത സാഹചര്യം ഉണ്ടാവും എന്നതാണു.

കൽക്കരി അഴിമതിയെക്കുറിച്ചുള്ള സി.എ.ജി റിപ്പോർട്ട് പറയുന്നതു സർക്കാരിന്റെ നയപരമായ തീരുമാനം നടപ്പിൽ വരുത്തുന്നതിൽ വന്ന കാലതാമസംമൂലം ഖജനാവിനു സംഭവിചിട്ടുള്ള നഷ്ടത്തെക്കുറിച്ചാണ്. അതായത് കൽക്കരിപാടങ്ങൾ ലേലത്തിൽ നൽകണം എന്നു കേന്ദ്രസർക്കാർ 2004 ൽ തീരുമാനിച്ചു എങ്കിലും ഈ തീരുമാനം നടപ്പിലാക്കാത്തതുകൊണ്ട് സ്വകാര്യകമ്പനികൾക്കു 2004-09 കാലഘട്ടത്തിൽ 1.86 ലക്ഷം കോടി രൂപയുടെ അന്യായലാഭം ലഭിച്ചു - ഈ തുക സർക്കാരിനു നഷ്ട്ടപ്പെടുകയാണു ഉണ്ടായതു എന്നുള്ളതാണു സി.എ.ജി പറയുന്നതു. 2006-09 കാലഘട്ടത്തിൽ കൽക്കരി വകുപ്പു കൈകാര്യം ചെയ്തിരുന്നത് പ്രധാനമന്ത്രി ആയിരുന്നതു കൊണ്ടാണു അദ്ദേഹത്തിനു ഇതിൽ ഉത്തരവാദിത്വം ഉണ്ട് എന്നു പ്രതിപക്ഷം പറയുന്നതു.

(കൽക്കരി പാടങ്ങൾ ലേലത്തിൽ നൽകുവാൻ കേന്ദ്രസർക്കാർ തീരുമാനിക്കുന്നതു 2004 ൽ ആണു. എന്നാൽ നാളിതുവരെയും ആ തീരുമാനം നടപ്പിലായിട്ടില്ല.)

സന്തോഷ്‌ said...

>> സര്‍ക്കാരിന്റെ കൈവശമുള്ള പ്രകൃതി വിഭവങ്ങള്‍ 2ജി ആയാലും കല്‍ക്കരി ബ്ലോക്കുകള്‍ ആയാലും ലേലം ചെയ്ത് മാത്രമേ നല്‍കാവൂ എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ലേലം ചെയ്ത് വരുമാനം കൂട്ടിയിരിക്കണം എന്ന് തീരുമാനിക്കുന്നത് സി.എ.ജി.യുടെ വിഷയമല്ല എന്നും ഞാന്‍ കരുതുന്നു. സര്‍ക്കാരിന് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ സി.എ.ജി.യെ ചുമതലപ്പെടുത്തിയിട്ടുമില്ല. അതൊക്കെ സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളാണ്. <<

കേന്ദ്രസർക്കാറിന്റെ പ്രഖ്യാപിത നയമാണു ഉദാരവത്ക്കരണം. ഉദാരവത്ക്കരണത്തിന്റെ പ്രത്യേകതയാണ് എല്ലാത്തിന്റെയും വില നിശ്ചയിക്കുന്നതു കമ്പോളമാണ് എന്നതു. അതായതു 2ജി ആയാലും കല്ക്കരി ബ്ലോക്കുകള് ആയാലും വില കമ്പോളം തീരുമാനിക്കും. അങ്ങനെയാവുമ്പോൾ 2ജി ആയാലും കല്ക്കരി ബ്ലോക്കുകള് ആയാലും ലേലം ചെയ്ത് മാത്രമേ നല്കാനാവൂ. ലേലം ചെയ്ത് വരുമാനം കൂട്ടിയിരിക്കണം എന്ന് തീരുമാനിച്ചതു സർക്കാർ തന്നെയാണു.

Anonymous said...

സുന്ദരിയായ ഒരു നടി വേശ്യാ വൃത്തി കൂടി ചെയ്തിരുന്നെങ്കില്‍ ഇത്ര കോടി രൂപ കൂടി കിട്ടുമായിരുന്നു എന്ന് വാദിക്കുന്നത് പോലെ ആണ് സീ എ ജി വാദിക്കുന്നത്, അവര്‍ വേശ്യ വര്‍ത്തി ചെയ്യണോ വേണ്ടയോ എന്നത് അവരുടെ തീരുമാനം ആണ് , അത് ചെയ്യാത്തത് കൊണ്ട് ഇത്രയും നഷ്ടം വന്നു എന്നാണു സീ എ ജി ചിന്തിക്കുന്നത് , അത് ചെയ്‌താല്‍ അവര്‍ക്കെന്തു സംഭവിക്കുമായിരുന്നു എയിഡ്സ് പിടിച്ച അവര്‍ മരിക്കുമായിരുന്നോ അവരുടെ ഡിമാണ്ട് പോയി അഭിനയത്തിന്റെ പണവും കിട്ടാതാകുമോ ഇതൊന്നും സീ എ ജി ചിന്തിക്കുന്നില്ല

K.P.Sukumaran said...

സുശീലന്റെ കമന്റ് നന്നായി.

@Ananth, ഓരോരുത്തരും അവനവന്റെ പണി കരക്ടായി ചെയ്താല്‍ എല്ലാം നേരെയാവും. പൌരന്മാര്‍ക്കും തങ്ങളുടെ കടമകള്‍ ചെയ്യാനുണ്ട്. അതൊന്നും ആരും നേരാം വണ്ണം ചെയ്യുകയില്ല. എന്നിട്ട് എല്ലാറ്റിനെയും വിമര്‍ശിക്കും. മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് അവനവന്റെ കുറ്റങ്ങള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. സി.എ.ജി. അദ്ദേഹത്തിന് ആവശ്യമില്ലാത്ത മേഖലയില്‍ കൈ കടത്തുക തന്നെയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ എന്നാല്‍ വെറുമൊരു ബിസിനസ്സ് സ്ഥാപനമല്ല. വെറും ലാഭം മാത്രം നോക്കി സര്‍ക്കാരിന് ഇടപാട് നടത്താന്‍ കഴിയില്ല. അതേ സമയം വരുമാനം വര്‍ദ്ധിപ്പിക്കുകയും വേണം.

ലേലം ചെയ്യുന്നതിനേക്കാളും കമ്പനികളില്‍ നിന്ന് വരുമാനത്തിന്റെ ഒരു വിഹിതം സര്‍ക്കാരിന് ലഭിക്കുന്ന പോലെയും ചെയ്യാം. ഉല്പന്നങ്ങള്‍ക്ക് വില കുറയുകയും അങ്ങനെ ഉപഭോഗം കൂടുക വഴി വരുമാനം വര്‍ദ്ധിക്കും. അപ്പോള്‍ സര്‍ക്കാരിന് ടാക്സും നിരന്തരമായ വരുമാനവും ലഭിക്കും. ഇപ്പോള്‍ തന്നെ ലേലത്തില്‍ അധികം തുക കിട്ടിയ 3ജിയെക്കാളും 2ജിയില്‍ നിന്നാണ് സര്‍ക്കാരിന് കൂടുതല്‍ ടാക്സും അങ്ങനെ വരുമാനവും ലഭിക്കുന്നത്. 3ജിയുടെ അധിക ചാര്‍ജ്ജ് നിമിത്തം വരിക്കാര്‍ കുറവാണ്. സര്‍ക്കാരിന് എല്ലാ വശവും നോക്കണം. ലേലം വേണോ വേണ്ടേ എന്ന് ക്യാബിനറ്റ് തീരുമാനിക്കേണ്ടതാണ്. അത് ഏതെങ്കിലും ജഡ്ജിമാരോ സി.എ.ജി.യോ തീരുമാ‍നിക്കുന്നത് ശരിയേയല്ല.

K.P.Sukumaran said...

നമ്മുടെ രാജ്യം എല്ലാ ഉല്പാദനോപാധികളും സര്‍ക്കാര്‍ ഉടമയില്‍ ഉള്ള സംവിധാ‍നത്തില്‍ അല്ല എന്ന് മനസ്സിലാക്കണം. അങ്ങനെ എല്ലാം സര്‍ക്കാര്‍ ഉടമയില്‍ ആയാല്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുകയുമില്ല എന്നത് ഇന്ന് സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അത്കൊണ്ടാണ് ചൈനയും ഇപ്പോള്‍ ക്യൂബ പോലും സ്വകാര്യ ഉല്പാദന-വിതരണ സമ്പ്രദായത്തിലേക്ക് മാറുന്നത്. കേന്ദ്രീകൃത ഉല്പാദന-വിതരണ സംവിധാനത്തില്‍ സ്വകാര്യ കമ്പനികള്‍ അനിവാര്യമാണ്. കമ്പനികള്‍ ലാഭമുണ്ടാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആവശ്യമായ വിഭവങ്ങളും സാധന സാമഗ്രികളും ലഭിക്കുന്നുണ്ട്. അതൊന്നും സര്‍ക്കാരിന് കഴിയാത്തതും അഥവാ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ വിജയിക്കാത്തതുമാണ്. കമ്പനികള്‍ ലാഭമുണ്ടാക്കുമ്പോള്‍ അവര്‍ വീണ്ടും വീണ്ടും ഉല്പാദനോപകരണങ്ങള്‍ നവീകരിക്കുകയും നമ്മുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടുകയും തൊഴില്‍ അവസരങ്ങള്‍ പെരുക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ ഒന്നുകില്‍ സര്‍ക്കാര്‍ ഉടമയില്‍ അല്ലെങ്കില്‍ സ്വകാര്യ ഉടമസ്ഥതയില്‍ എന്നല്ലാതെ മൂന്നാമതൊരു മാര്‍ഗ്ഗം ഇല്ല. അപ്പോള്‍ നമുക്ക് നല്ലത് ഏതാണ്? തീര്‍ച്ചയായും സ്വകാര്യ ഉടമയില്‍ എന്നേ ഞാന്‍ പറയൂ. അത്കൊണ്ട് സ്വകാര്യ ഉടമകള്‍ ലാഭമുണ്ടാക്കുന്നത് ഒരു പാപമാണെന്ന് ഞാന്‍ കരുതുന്നില്ല. സ്വകാര്യ ഉടമ സമ്പ്രദായത്തില്‍ പുരോഗതിയും ആധുനികവല്‍ക്കരണവും നടക്കും. സര്‍ക്കാരിന്റേതാകുമ്പോള്‍ ഉദ്യോഗസ്ഥ പ്രഭുക്കള്‍ തിന്നുകൊഴുക്കും, ജനങ്ങള്‍ക്ക് ഒരുഅടിസ്ഥാന സൌകര്യ വികസനം ഉണ്ടാവുകയുമില്ല.

Ananth said...

ഇവിടെ സ്വകാര്യ മേഖലയോട് എതിര്‍പ്പ് അല്ല പ്രശനം ....സ്വകാര്യവല്‍കരണം നടപ്പാക്കുന്നതില്‍ സംഭവിച്ച അഴിമതി ആണ് .......സര്‍ക്കാരിന്റെ അതായത് രാജ്യത്തിന്റെ പൊതു ഉടമസ്ഥതയില്‍ ഇത്രകാലം ഉണ്ടായിരുന്ന വസ്തു വിഭവങ്ങള്‍ സ്വകാര്യമേഖലയെ ഏല്‍പ്പിക്കുന്ന പ്രക്രിയ സുതാര്യവും അഴിമതി രഹിതവും ആയിരിക്കണം . ആര്‍ക്കും പങ്കെടുക്കാവുന്ന ഒരു പ്രക്രിയയിലൂടെ കമ്പോള നിലവാരത്തിനു അനുസരിച്ച് വില നല്‍കി സര്‍ക്കാരിന്റെ പക്കല്‍ നിന്നും വാങ്ങിയ വസ്തു വിഭവങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ മേഖലക്കാര്‍ എത്ര ലാഭം ഉണ്ടാക്കുന്നതിനെയും ആരും എതിര്‍ക്കുന്നില്ല . എന്നാല്‍ ഇവിടെ നടന്നത് ഭരണക്കാര്‍ അവരുടെ ഇഷ്ടക്കാര്‍ക്ക് കമ്പോള നിലവാരത്തേക്കാള്‍ വളരെ കുറഞ്ഞ വിലക്ക് പൊതുമുതല്‍ വീതിച്ചു നല്‍കുക എന്നതാണ് ....അതിലെ അഴിമതിയും ഖജനാവിന് വരുന്ന നഷ്ടവും കണ്ടില്ലെന്നു നടിക്കുന്ന ആളുകളെ ഉറക്കം നടിക്കുന്നവരെ പോലെ വിളിച്ചുണര്‍താന്‍ സാധ്യമല്ല തന്നെ !!

K.P.Sukumaran said...

@Ananth, ആരാണ് ഉറക്കം നടിക്കുന്നത്? എന്തും രാഷ്ട്രീയവല്‍ക്കരിക്കുമ്പോള്‍ യഥാര്‍ഥ കള്ളന്മാരും അഴിമതിക്കാരും രക്ഷപ്പെടുകയാണ് ചെയ്യുന്നത്. പ്രൈം മിനിസ്റ്ററെ ടാര്‍ജറ്റ് ചെയ്താല്‍ അഴിമതി ഇല്ലാതാകുമോ? ബ്യൂറോക്രാറ്റുകളുടെ അഴിമതി ആരും പറയുന്നില്ല. അഴിമതി ഒരു പൊതുപ്രശ്നമാണ്. അത് ഏതാനും പേരെ വ്യക്തിഹത്യ നടത്താന്‍ ഉപയോഗിക്കുന്നതിലെ ദുഷ്ടലാക്ക് മനസ്സിലായിട്ടും മനസ്സിലാകാത്തവരാണ് ഉറക്കം നടിക്കുന്നവര്‍.

Ananth said...

താങ്കള്‍ പറയുന്നത് കേട്ടപ്പോള്‍ ( prime minister നെ target ചെയ്യുന്നു ) ഓര്‍മ്മ വരുന്നത് മാധ്യമങ്ങള്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ target ചെയ്യുന്നു എന്ന് പിണറായിയും കൂട്ടരും വിലപിക്കുന്ന കാര്യമാണ് ......കൊലപാതക രാഷ്ട്രീയം ജനമധ്യത്തില്‍ തുറന്നു കാട്ടപ്പെടുന്നു എന്ന വസ്തുത മറച്ചു വെക്കാന്‍ ചെയ്യുന്ന അത്തരം അധരവ്യായാമങ്ങള്‍ ജന മനസ്സുകളില്‍ എത്രത്തോളം അവജ്ഞ അവരെക്കുറിച്ച് ഉണ്ടാകുവാന്‍ മാത്രം ഉതകുന്നുവോ അത് പോലെ തന്നെ ഇക്കാര്യത്തിലും .......അഴിമതിയും കെടുകാര്യസ്ഥതയും തുറന്നു കാട്ടപ്പെടുമ്പോള്‍ അതെല്ലാം snow white ആയ പ്രധാനമന്ത്രിയെ അപകീര്‍ത്തി പ്പെടുതുവാന്‍ മാത്രം ഉദ്ദേശിച്ചുള്ള ആരോപണങ്ങള്‍ ആണെന്ന് പറയുന്നതും !

പൊതുഖജനാവ്‌ കൊള്ളയടിക്കപ്പെടുന്നു എന്ന കാര്യം വെളിയില്‍ കൊണ്ടു വന്ന CAG യെ കുറ്റം പറയുന്നവരും അസാന്മാര്‍ഗിക പ്രവര്‍ത്തികള്‍ വെളിയില്‍ കൊണ്ടുവന്നതിനു ഒളി കാമെറ വച്ച ആളുകളെ കുറ്റക്കാരാക്കുന്നവരും ഏതാണ്ട് ഒരേ തൂവല്‍ പക്ഷികള്‍ തന്നെ !!

ഏതായാലും ഈ വിഷയത്തില്‍ നമ്മുടെ കാഴ്ചപ്പാടുകള്‍ പങ്കു വച്ച് കഴിഞ്ഞ സ്ഥിതിക്ക് കൂടുതലായി ഇനി ഒന്നും പറയാനില്ല ....best regards !!!

Manoj മനോജ് said...

"രണ്ട് സീറ്റ് മാ‍ത്രം പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന ബി.ജെ.പി.യെ ഇക്കാണുന്ന രീതിയില്‍ വളര്‍ത്താന്‍ സി.പി.എം. പെട്ട പാട് ചില്ലറയല്ല."

ഈ പ്രസ്താവന വിളമ്പുന്നതിനു മുൻപ് ഒരു ചെറിയ “പഠനം” നടത്തിയിരുന്നെങ്കിൽ കെ.പി.എസ്സ്.ൽ നിന്ന് (പതിവ് പോലെ) ഇത്രയും വമ്പൻ മണ്ടത്തരം പുറത്ത് വരില്ലായിരുന്നു...

എന്റെ മാഷേ ഇനിയെങ്കിലും, പ്ലീസ് ഒരു ബാക്ക് ഗ്രൌണ്ട് വർക്ക് ഒക്കെ നടത്തി വല്ലതും എഴുതുവാൻ നോക്കരുതോ... :(

കോണ്‍ഗ്രസ്സിന് 1980 മുതല്‍ 2004 വരെ കിട്ടിയ വോട്ടുകള്‍ നോക്കിയാല്‍ 1984 ഒഴിച്ച് നിര്‍ത്തിയാല്‍ 40%ത്തില്‍ നിന്ന് 30%ത്തിന് താഴെ എത്തിനില്‍ക്കുന്നതായി കാണാം. ബി.ജെ.പി.ക്കാകട്ടേ 1984 മുതൽ 1998 വരെ കൃത്യമായ വളർച്ചയാണു കാണിച്ചത്. 1998ൽ 30% ആയിരുന്നു അവർക്ക് ലഭിച്ചത് 98നു ശേഷം അത് ഇടിഞ്ഞു. എന്നാല്‍ സ്റ്റേറ്റ് പാര്‍ട്ടികളെ നോക്കിയാല്‍ അവര്‍ 10%ത്തില്‍ നിന്ന് 30%ത്തിന് മുകളിലായി എത്തി നില്‍ക്കുന്നത് കാണാം. സി.പി.എ.മ്മിന് എപ്പോഴും 6%ത്തിനടുത്തും സി.പി.ഐ.ക്ക് 2%ത്തിനടുത്തും വോട്ടുകളുണ്ട്.

ചുരുക്കത്തിൽ കോൺഗ്രസ്സാണു ബി.ജെ.പി.യുടെയും പ്രാദേശിക പാർട്ടികളുടെയും വളർച്ചയ്ക്ക് വളം വെച്ച് കൊടുത്തത് എന്ന് കണക്കുകൾ വിളിച്ച് പറയുന്നു.

Manoj മനോജ് said...

പ്രധാനമന്ത്രി പദത്തിലിരിക്കുവാൻ മന്മോഹനു ധാർമ്മിക അവകാശമില്ല. കോൺഗ്രസ്സിലെ പോലെയല്ല താൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് തിരിച്ചറിയണം. മറ്റ് മന്ത്രിമാർ നടത്തിയവ താൻ അറിഞ്ഞില്ല എന്ന് സമ്മതിക്കുമ്പോൾ മന്മോഹൻ എന്ന വ്യക്തിയുടെ കഴിവില്ലായ്മയാണ് ലോകം തിരിച്ചറിയുന്നത് എന്ന് മനസ്സിലാക്കുവാനുള്ള സാമാന്യബുദ്ധി പോലും ഇല്ലാത്ത ഒരു വ്യക്തി ഇന്ത്യൻ പ്രധാനമന്ത്രിയായി വേണോ? ഇതിനു ജനകീയമായി മറുപടി കൊടുക്കാമെന്ന് ജനങ്ങൾ ആഗ്രഹിച്ചാലും നടക്കില്ല കാരണം മന്മോഹൻ ഒരിക്കലും ജനവിധി തേടില്ല എന്നത് തന്നെ :(

san said...

കല്കരിയും 2G യും അടക്കം തന്റെ മന്ത്രിസഭയിലെ ഏതു അഴിമതിയെക്കുറിച്ച് ചോദിച്ചാലും പ്രധാന മന്ത്രിക്ക് ഒന്നും അറിയില്ല. പിന്നെന്താ ആ കസ്സേരയിലിരുന്നു അത്തള പിത്തള തവളാച്ചി കളിക്കാനാണോ അയാളെ ഇരുതിയേക്കുന്നെ? അയാള് പാടത്തു പോയി കിളിയെ ഓടിക്കാന്‍ നിക്കട്ടെ. പ്രത്യേകിച്ച് കോലം കെട്ടേണ്ട ആവശ്യമില്ല.

Ananth said...

പീ ചിദംബരവും കപില്‍ സിബാലും ഒക്കെ വലിയ കേമന്മാരായ വക്കീലന്മാര്‍ തന്നെ ......പക്ഷെ 2G വിഷയത്തിലും coal -gate ലും രാജ്യത്തിന് "zero loss " ആണ് ഉണ്ടായിട്ടുള്ളത് എന്ന പ്രസ്താവന അവരെ "too clever by half " എന്ന ഗണത്തില്‍ പെടുത്തുന്നു .....2G കാര്യത്തില്‍ നഷ്ടമൊന്നും ഉണ്ടായില്ലെങ്കില്‍ പിന്നെ കേസും അറസ്റ്റു മൊക്കെ പിന്നെ എന്തിനായിരുന്നു .......കരിയുടെ കാര്യത്തില്‍ ചിദംബരം പറയുന്നത് ഖനികള്‍ തുച്ചമായ വിലക്ക് വാങ്ങിയെടുത്തവര്‍ ഇതുവരെ ഖനനം തുടങ്ങിയിട്ടില്ലാത് കൊണ്ടു ഒരു നഷ്ടവും ഉണ്ടായിട്ടില്ല എന്നാണു .....ആരെങ്കിലും നമ്മുടെ അക്കൗണ്ട്‌ ഹാക്ക് ചെയ്തു പണം അവരുടെ അക്കൗണ്ട്‌ ലേക്ക് മാറ്റിക്കഴിഞ്ഞു ആ പണം അവര്‍ ചിലവാക്കി എങ്കില്‍ മാത്രമേ നമുക്ക് നഷ്ടം സംഭവിച്ചു എന്ന് പറയാന്‍ പറ്റൂ എന്നാണു അദ്ദേഹത്തിന്റെ വാദം .(ഹോ എന്തൊരു ബുദ്ധി !! ).....എന്തായാലും ചതിസ്ഗടിലെയും മധ്യ പ്രദേശിലെയും ബീ ജെ പീ സര്‍ക്കാരുകള്‍ പ്രതിക്കൂട്ടിലാവുകയും പതിനായിരക്കണക്കിനു കോടി രൂപ യുടെ മുതല്‍ ചുളുവില്‍ തരപ്പെടുത്തി എടുത്ത സ്വകാര്യ സംരഭകര്‍ ചെറു പാര്‍ട്ടികളെ "വേണ്ട പോലെ കാണുകയും" ചെയ്യുമ്പോള്‍ .....രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു സമവായത്തില്‍ എത്തും എന്ന് തന്നെ യാണ് തോന്നുന്നത് ......അങ്ങിനെ ഈ വിഷയത്തിലും യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുകയോ അനധികൃതമായി ആര്‍ജിച്ച സ്വത്തുകള്‍ കണ്ടുകെട്ടപ്പെടുകയോ ഖജനാവിനുണ്ടായ നഷ്ടം നികത്തപ്പെടുകയോ ചെയ്യുവാനുള്ള സാധ്യത zero തന്നെ !

വെള്ളായണിവിജയൻ said...

ഈശ്വരോ രക്ഷതു.....

Ananth said...

ഈ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലിമെന്റില്‍ സമര്‍പ്പിച്ച പ്രസ്താവന വളരെ രസകരമായിരിക്കുന്നു ......അദ്ദേഹം പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്

1 ....1993 മുതലുള്ള സര്‍ക്കാരുകളെല്ലാം തുടര്‍ന്നു വരുന്ന രീതിയാണ് ഞങ്ങളും ചെയ്തത്
( അതായത് ചേട്ടനും മോഷണം നടത്തിയിട്ടുണ്ടല്ലോ പിന്നെന്തിനാ ഇപ്പൊ എന്നെ മാത്രം കുറ്റം പറയുന്നേ ? )

2 ....2004 ഇത്തരം കാര്യങ്ങള്‍ ലേലത്തില്‍ കൂടി മാത്രം നടത്തിയാല്‍ മതി എന്ന് UPA സര്‍ക്കാര്‍ തന്നെ നയപരമായ തീരുമാനം എടുത്തതാണ് ....അതിനനുസരിച്ചുള്ള നിയമനിര്‍മാണം നടത്തി കൊണ്ടിരിക്കുകയും ആണ് പക്ഷെ ഈ വിഷയത്തില്‍ (നിയമവകുപ്പ് 2006 ഇല്‍ advise ചെയ്ത കാര്യം CAG ചൂണ്ടി കാണി ച്ചി രുന്നത് പോലെ ) administrative measures ഇല്‍ കൂടെ നടപ്പാക്കിയിരുന്നുവെങ്കില്‍ അത് ജനാധിപത്യവ്യവസ്ഥക്കു വലിയ തിരിച്ചടി ആവുമായിരുന്നു
( അതായത് ഞാന്‍ മോഷണം നിര്‍ത്താന്‍ തീരുമാനിച്ചതാണ് ഈ ഒരു ഇടപാടും കൂടെ കഴിഞ്ഞിട്ടാവാം അത് നടപ്പാക്കാന്‍ എന്ന് ഉറപ്പിച്ചിരിക്കുവാ )

3 ....നഷ്ടത്തിന്റെ തുക കണക്കാക്കിയ രീതി ശരിയല്ല ......CAG മൂല്യം കണക്കാകിയത്‌ Coal India Ltd ന്റെ average production cost ഉം average selling price ഉം തമ്മിലുള്ള difference ന്റെ അടിസ്ഥാനത്തിലാണ് ....ഓരോ ഖനിയിലും production cost വ്യത്യസ്തമായിരിക്കും പിന്നെ tax implications അതില്‍ ഉള്‍പ്പെടുത്തിയില്ല

( അതായത് തൊണ്ടി മുതലിന് ഈ പറേന്ന വെലയൊന്നുമില്ല കേട്ടാ ....നമുക്ക് കിട്ടിയത് ത്തിരി ചില്ലിക്കാശേ ഒന്ടാരുന്നോള്ളൂ ........വലിയ കൂടിയ economist ആയ pm തന്നെ ഇത് പറയണം macro -economic parlance ഇല്‍ GDP , പലതരം price indices തുടങ്ങി പല parameters ഉം കണക്കാക്കുന്നത് ഇതുപോലുള്ള അനുമാനങ്ങളും ആവരെജുകളും ആധാരമാക്കിയാണെന്നു അറിയാത്ത ആളൊന്നുമല്ലല്ലോ അദ്ദേഹം ......പിന്നെ notional loss - ആനുമാനിക നഷ്ടം എന്നത് ഒരു indicative figure എന്നേ ഉള്ളൂ അത്രയും തുക സര്‍ക്കാര്‍ അടിച്ചു മാറ്റി എന്ന ധാരണ തെറ്റാണെങ്കിലും ഈ ഇടപാടില്‍ ഖനികള്‍ കൈവശപ്പെടുതിയവര്‍ക്ക് ഉണ്ടാകാവുന്ന potential profit ഏകദേശം ഈ range ഇല്‍ വരും എന്നത് കൊണ്ടു അതിന്റെ ഒരു ചെറിയ ശതമാനം kickbacks ഇടപാട് നടത്തിക്കൊടുതവര്‍ക്ക് കിട്ടിയിരിക്കാം ....പക്ഷെ ഖജനാവിന് സംഭവിച്ച നഷ്ടം ഇപ്പറയുന്ന തുക യുടെ സമീപത്തു തന്നെ വരും ...പ്രസ്തുത ഖനികള്‍ / കമ്പനികള്‍ അടക്കുന്ന നികുതിപ്പണം ഈ നഷ്ടം 25 ശതമാനം കുറക്കുന്നു എന്ന് വാദത്തിനു വേണ്ടി വിചാരിച്ചാല്‍ പോലും നഷ്ടത്തിന്റെ വ്യാപ്തി എത്രയെന്നു ഊഹിക്കാവുന്നതേയുള്ളൂ )

Ananth said...

ദിവസേന പുറത്തു വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കൊണ്ഗ്രസ്സിനെയും ബീ ജെ പീ യെയും ശരിക്കും കരിയില്‍ കുളിപ്പിക്കുന്ന തരത്തിലാണല്ലോ ......2G വിഷയത്തില്‍ communication രംഗവുമായി ഒരു ബന്ധവുമില്ലാത്ത റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍ക്ക് ലൈസന്സ് നല്‍കിയത് പോലെ ഖനന മേഖലയില്‍ ഒരു മുന്‍ പരിചയവും ഇല്ലാത്തവര്‍ക്കും ഒരു ലക്ഷം രൂപ ആസ്തി കാണിക്കുന്ന കടലാസ് കമ്പനികള്‍ക്കും വരെ പതിനായിരക്കണക്കിനു കോടിയുടെ മൂല്യമുള്ള ഖനികള്‍ കുത്തകയായി ഉപയോഗിക്കുവാന്‍ ലൈസന്സ് കൊടുത്തതായി ട്ടാണ് വാര്‍ത്തകള്‍ വരുന്നത് ......2G കാര്യത്തിലെ പോലെ ഇതിലും വഴിവിട്ട മാര്‍ഗങ്ങളില്‍ കൂടെ കൊടുത്ത ലൈസന്ന്സുകള്‍ മുഴുവനുമായി റദ്ദു ചെയ്തിട്ട് സുതാര്യമായ പ്രക്രിയയിലൂടെ ലേലം ചെയ്തു കൊടുക്കുക മാത്രമാണ് വിശ്വാസ്യത വീണ്ടെടുക്കുവാന്‍ സര്‍ക്കാരിന് മുന്നിലുള്ള ശരിയായ മാര്‍ഗം .....

പിന്നെ ഇക്കാര്യത്തില്‍ ബീ ജെ പീ യും പ്രതിക്കൂട്ടിലാണെന്നത്‌ പക്ഷെ കൊണ്ഗ്രസ്സിന് സ്വന്തം പ്രതിച്ഛായക്ക് ഏറ്റ കളങ്കം മാറ്റുവാന്‍ പര്യാപ്തമല്ല .......പലപ്പോഴും ബീ ജെ പീ യെ ലക്‌ഷ്യം വെക്കുമ്പോള്‍ boomerang ആവുമെന്ന കാര്യം മറക്കുന്നു ...ഉദാഹരണത്തിന് കോടതി മോഡിയുടെ കാബിനെറ്റില്‍ മുന്‍പ് ഉണ്ടായിരുന്ന ഒരു മന്ത്രിയെ കലാപകേസുമായി ബന്ധപ്പെടുത്തി ശിക്ഷ വിധിച്ചപ്പോള്‍ കോണ്ഗ്രസ് പറയുന്നു മോഡിക്കും അതുകൊണ്ടു തന്നെ കലാപത്തില്‍ പങ്കുണ്ട് എന്ന് .........അങ്ങിനെയെങ്കില്‍ 2G വിഷയത്തില്‍ മന്‍ മോഹന്‍ സിംഗിന്റെ കാബിനെറ്റില്‍ അംഗമായിരുന്ന രാജാ യുടെ കാലത്ത് ലൈസന്സ് കൊടുത്തതില്‍ അഴിമതി നടന്നു എന്നത് കൊണ്ടാണല്ലോ കോടതി അവയെല്ലാം റദ്ദു ചെയ്തതും രാജാ ജയിലും കോടതിയുമൊക്കെ ആയി നടക്കുന്നതും ....അപ്പോള്‍ മന്‍മോഹന്‍ സിങ്ങിനും അഴിമതിയില്‍ പങ്കുണ്ട് എന്നാണോ മനസ്സിലാക്കേണ്ടത് ?

എന്നാലിപ്പോള്‍ സിംഗിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഇരുന്ന കാലത്ത് കൊടുത്ത കല്‍ക്കരി ഖനന ലൈസന്‍സുകള്‍ വിവാദമാവുംപോള്‍ അദ്ദേഹത്തിന് അതില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന നിലപാട് എടുക്കുന്നവര്‍ക്ക് , ചാനലുകളില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ ന്യായീകരിക്കാന്‍ നിയോഗിക്ക പ്പെട്ടിരിക്കുന്ന ഭാസുരേന്ദ്ര ബാബു , മാധവന്‍കുട്ടി എന്നിവരുടെയത്ര വിശ്വാസ്യതയെ സാമാന്യജനത്തിനു മുന്നില്‍ ഉണ്ടാവൂ !