Links

സി.പി.എമ്മും കള്ളക്കേസും


സി.പി.എമ്മിനെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ടി.പി.വധക്കേസും അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്ന ഷുക്കൂര്‍ വധക്കേസും കള്ളക്കേസുകളാണ്. എങ്ങനെയാണ് ഈ രണ്ട് കേസും കള്ളക്കേസ് ആകുന്നത് എന്നല്ലേ? ഈ രണ്ട് വധക്കേസിലും പോലീസാണ് പ്രതികളെ അന്വേഷണം നടത്തി കണ്ടുപിടിക്കുന്നത്. പോലീസ് നേരിട്ട് പ്രതികളെ പിടിക്കുമ്പോള്‍ അതിന് തിരക്കഥ വേണം. തിരക്കഥയാവുമ്പോള്‍ അതിന് ഒരു സിനിമ ടച്ചും വേണം. അങ്ങനെയാണ് സി.പി.എം. നേതാക്കളെ നടുറോഡില്‍ വളഞ്ഞിട്ട് പിടിക്കുന്നത്. സി.പി.എമ്മിനെ തകര്‍ക്കുക എന്നതാണ് ഈ തിരക്കഥയുടെ ലക്ഷ്യം.

സി.പി.എമ്മിനെതിരെ കേസ് എടുക്കാം. അത് പക്ഷെ നല്ല കേസ് ആയിരിക്കണം. കള്ളക്കേസ് പാടില്ല. എന്താണ് നല്ല കേസ്? സി.പി.എമ്മിന് എതിരാളിയുടെ കയ്യും കാലും മുട്ടും ഒക്കെ തല്ലിയൊടിക്കേണ്ടി വരും. ചിലപ്പോള്‍ ഉന്മൂലനവും ചെയ്യേണ്ടി വരും. സമരങ്ങള്‍ നടത്തി പൊതുമുതല്‍ നശിപ്പിക്കേണ്ടി വരും. അപ്പോഴൊക്കെ പേരിന് കേസെടുക്കാം. പക്ഷെ പ്രതികളുടെ പട്ടിക സി.പി.എം. പാര്‍ട്ടി ഓഫീസില്‍ നിന്ന് തരും. പട്ടികയില്‍ പറഞ്ഞ പ്രതികളെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയും തരും. അത് പ്രകാരം പോലീസ് റജിസ്റ്റര്‍ ചെയ്യുന്ന കേസാണ് നല്ല കേസ്.

ഈ കീഴ്വഴക്കത്തിന് വിരുദ്ധമായാണ് ഇപ്പോള്‍ പോലീസ് തന്നെ പ്രതികളെ കണ്ടെത്താന്‍ തിരക്കഥയുമായി രംഗത്തിറങ്ങുക എന്ന പുതിയ കീഴ്വഴക്കം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ഇങ്ങനെയായാല്‍ എങ്ങനെയാണ് സി.പി.എമ്മിന് മുന്നോട്ട് പോകാന്‍ കഴിയുക? ഈ തിരക്കഥ രചനയിലും പുതിയ അന്വേഷണരീതിയിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടല്‍ എന്തോ കാണാന്‍ കഴിയുന്നില്ല. അതാണ് ആശ്വാസം. മുന്‍പ് ഇങ്ങനെയായിരുന്നില്ല. എന്ത് തിരക്ക് ഉണ്ടെങ്കിലും കേരളത്തില്‍ സി.പി.എമ്മിനെ തകര്‍ക്കാന്‍ കിട്ടുന്ന ഏത് അവസരവും അമേരിക്ക പാഴാക്കിയിരുന്നില്ല.

സി.പി.എമ്മിന് ഇപ്പോള്‍ വന്നു ഭവിച്ചിരിക്കുന്ന ഈ ആപത്തില്‍ ഒരുവകപ്പെട്ട ബുദ്ധിജീവികളെല്ലാം ആശങ്കയിലാണ്. പതിവനുസരിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. ജയിച്ചാല്‍ ഈ കേസുകളെല്ലാം പിന്‍‌വലിക്കാമെന്നും അഥവാ പ്രതികള്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ തന്നെ അവരെയെല്ലാം വെറുതെ വിടാമല്ലൊ എന്നും ചില ബുദ്ധിജീവികള്‍ സി.പി.എമ്മിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നും ശ്രുതിയുണ്ട്. യു.ഡി.എഫിനെ അധികാരത്തില്‍ കയറ്റാന്‍ സി.പി.എം. ശ്രമിക്കുന്ന പോലെ വീണ്ടും സി.പി.എമ്മിനെ കയറ്റാന്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളും ശ്രമിക്കാതിരിക്കില്ല എന്നാണ് അവരുടെ പ്രതീക്ഷ.

വാല്‍ക്കഷണം: രാഷ്ട്രീയമായി പ്രതികൂല വിധി ഉണ്ടാകുമ്പോള്‍ ജഡ്ജിമാരെ പ്രതീകാത്മകമായി നാട് കടത്താറുള്ള സി.പി.എം.കാര്‍ക്ക് ഇപ്പോള്‍ കോടതികളോട് എന്താ ഒരു ബഹുമാനം! ഇവിടത്തെ ബൂര്‍ഷ്വാകോടതികള്‍ തല്‍ക്കാലത്തേക്ക് ജനകീയ കോടതികള്‍ ആയത് പോലെ.

8 comments:

BCP - ബാസില്‍ .സി.പി said...

സി.പി.എമ്മിന് എതിരാളിയുടെ കയ്യും കാലും മുട്ടും ഒക്കെ തല്ലിയൊടിക്കേണ്ടി വരും. ചിലപ്പോള്‍ ഉന്മൂലനവും ചെയ്യേണ്ടി വരും. സമരങ്ങള്‍ നടത്തി പൊതുമുതല്‍ നശിപ്പിക്കേണ്ടി വരും. അപ്പോഴൊക്കെ പേരിന് കേസെടുക്കാം.

ഹഹ.. നല്ല വരികള്‍...

kaalidaasan said...

>>>>പക്ഷെ പ്രതികളുടെ പട്ടിക സി.പി.എം. പാര്‍ട്ടി ഓഫീസില്‍ നിന്ന് തരും. പട്ടികയില്‍ പറഞ്ഞ പ്രതികളെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയും തരും. അത് പ്രകാരം പോലീസ് റജിസ്റ്റര്‍ ചെയ്യുന്ന കേസാണ് നല്ല കേസ്.<<<<


ഇതൊക്കെ എഴുതി താങ്കളെന്താണുത്ബോധിപ്പിക്കുന്നത്? കോണ്‍ഗ്രസിന്റെയും യുഡി എഫിന്റെയും പിടിപ്പുകേടും നട്ടെല്ലില്ലായ്മയുമോ?

സി പി എം പ്രതികളായ കൊലപാതകം ഒക്കെ നടനത് യു ഡി എഫ് ഭരിക്കുമ്പോഴാണ്. സി പി എം ഭരിക്കുമ്പോള്‍ അവര്‍ അവരുടെ പാര്‍ട്ടിയിലെ ആരെയും പ്രതികളാക്കിയിയിട്ടില്ല.

എം എം മണി വെളിപ്പെടുത്തിയ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ വയലര്‍ രവി എന്ന കോണ്‍ഗ്രസുകാരനായിരുന്നു അഭ്യന്തര മന്ത്രി. എന്തിനായിരുന്നു ഇദ്ദേഹത്തിന്റെ പോലീസ് സി പി എം നല്‍കിയ പ്രതികളെ സ്വീകരിച്ചത്? യഥാര്‍ത്ഥ പ്രതികളെ കണ്ടുപിടിക്കാന്‍ രവിയുടെ പോലീസിനാകുമായിരുന്നില്ലേ?

താങ്കള്‍ മറ്റൊരു പോസ്റ്റില്‍ അധ്യാപകനെ വെട്ടിക്കൊന്നപ്പോള്‍ കൃഷ്ണയ്യര്‍ പ്രതിഷേധിക്കാത്തതിനു അദ്ദേഹത്തെ വിമര്‍ശിച്ചു കണ്ടു. അന്ന് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ യഥാര്‍ത്ഥ പ്രതികളായിരുന്നില്ല എന്ന് അധ്യാപകന്റെ പാര്‍ട്ടിക്കാരായ ബി ജെപി ക്കു പോലും അറിയാമായിരുന്നു. ബി ജെ പി അതൊത്തുതീര്‍ക്കുകയാണുണ്ടായത്. എന്തുകൊണ്ട് ബി ജെ പി അത് ചെയ്തു? എന്തുകൊണ്ട് യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ ശ്രമിച്ചില്ല. തലയില്‍ അല്‍പ്പം മൂളയുണ്ടെങ്കില്‍ ആലോചിക്ക്.


താങ്കളൊക്കെ കഥയറിയാതെ ആട്ടം കാണുകയോ അല്ലെങ്കിലില്‍ കഥയറിഞ്ഞ് കൊണ്ട് സി പി എം വിരോധം തീര്‍ക്കുകയോ ഒക്കെ ആണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒത്തു ചേര്‍ന്ന് നടത്തുന്ന നടകമാണിത് സുകുമാരാ.

ഷുക്കൂര്‍ വധക്കേസില്‍ ലീഗിനു പോലും പരാതിയുണ്ടായിരുന്നില്ല. രാഷ്ട്രീയ കൊലപാതകം  എന്നൊക്കെ വിളിച്ച് പറഞ്ഞു നടന്ന ലീഗത് മറന്നു തുടങ്ങിയിരുന്നു. ചന്ദ്രശേഖരന്‍ വധം ഉണ്ടായില്ലായിരുന്നു എങ്കില്‍ ഇതും എല്ലാവരും മറക്കുമായിരുന്നു.

ചന്ദ്രശേഖരന്‍ വധക്കേസുവരെ താഴെ തട്ടില്‍ ഒതുക്കാന്‍ ആയിരുന്നു ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും ശ്രമിച്ചത്. ഇന്നു വരെ ഒരു കൊലപതകവും പിടിച്ചു പറ്റാത്ത മാദ്ധ്യമ ശ്രദ്ധയും ദേശീയ അന്താരാഷ്ട്ര ശ്രദ്ധയും ഇത് പിടിച്ചു പറ്റി. മാദ്ധ്യമങ്ങള്‍ ഇത്ര ഏറെ ഇടപെടല്‍ നടത്തിയില്ലായിരുന്നെങ്കില്‍ ഈ കേസിനും മറ്റ് കേസുകളുടെ ഗതി വരുമായിരുന്നു. സി പി എം നല്‍കുന്ന പ്രതികളെ അറസ്റ്റ് ചെയ്ത് തിരുവഞ്ചൂരും അവസാനിപ്പിക്കുമായിരുന്നു.

കുറ്റപ്പെടുത്തേണ്ടത് സി പി എമ്മിനെ മാത്രമല്ല. ഈ കള്ളക്കളികളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പങ്കുണ്ട്. മറ്റിടങ്ങളില്‍ ചില ഒറ്റപ്പെട്ട കൊലപാതകം നടക്കുമ്പോള്‍ ഒരനുഷ്ടാനം പോലെ ഈ വിനോദം ഇപ്പൊഴും തുടരുന്നത് കണ്ണൂരുമാത്രമാണ്. എല്ലാ രാഷ്ട്രിയ പാര്‍ട്ടികള്‍ക്കും കൊലപാതകങ്ങളിലും അതിനു മറപിടിക്കുന്നതിലും  കൊലപാതകികളെ രക്ഷപെടുത്തുന്നതിലും ഒക്കെ പങ്കുണ്ട്. സി പി എം കത്തി താഴെ വച്ചാല്‍ ഇതൊക്കെ അവസാനിക്കും എന്നതൊക്കെ താങ്കളുടെ വെറും വ്യാമോഹം മാത്രമാണ്.

ഭൂരിഭാഗവും സമധാനപ്രിയരായ കണ്ണൂരിലെ കുറച്ചാളുകള്‍ മാത്രമാണു കൊലപാതക വിനോദവുമായി നടക്കുന്നത്. അതിനിയും തുടരണോ വേണ്ടയോ എന്നത് അവരൊക്കെ കൂടെ തീരുമാനിക്കേണ്ടി വരും. അല്ലാതെ പരസ്പരം വെട്ടിച്ചാകാനാണു തീരുമാനമെങ്കില്‍ അതായിക്കോട്ടേ.

ലീഗിന്റെ ഒരു നേതാവിനെ മറ്റൊരു കൊലപാതകകേസില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് എം പി സുധാകരന്‍ തന്നെ ഒരാളെ കൊന്ന കഥ പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിക്ക് കൈക്കൂലി കൊടുക്കുന്നതിനു സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിലൊക്കെ കേസെടുത്താല്‍ അതും കള്ളക്കേസെന്നേ ലീഗുകാരനും  സുധാകരനും പറയൂ.

ഇ.എ.സജിം തട്ടത്തുമല said...

മാഷ് പറയുന്നതു കേട്ടാൽ തോന്നും ഈ സി.പി.എംകാർ മാത്രമാണ് പ്രതികളുടെ ലിസ്റ്റ് നൽകി കേസെടുപ്പിക്കുന്നതെന്ന്.സി.പി.എംകാർ മാത്രമാണ് അക്രമം കാണിക്കുന്നതെന്ന്. ഇതൊക്കെ കോൺഗ്രസ്സും,ലീഗും, ബി.ജെ.പിയും, ആർ.എസ്.എസും , എൻ.ഡി.എഫുകാരും ഒക്കെ ചെയ്യുന്നതാണെന്നുകൂടി സമ്മതിക്കാൻ മാത്രം പ്രയാസം.അല്ലേ? ഇവിടെ പലരും അന്യപ്രദേശങ്ങളിൽ നിന്നു റിക്രൂട്ട് ചെയ്യുന്നവരെ വച്ചാണ് പല ഓപ്പറേഷനുകളും നടത്തുന്നത്. സംഭവം നടക്കുന്നത് ഒരുസ്ഥലത്ത്. പിടിക്കപ്പെടുന്ന പ്രതികൾ മറ്റു ജില്ലകളിൽ നിന്നുള്ളവർ ആയിരിക്കും.എന്നാൽ അവർ യഥാർത്ഥ പ്രതികൾ ആയിരിക്കുകയുമില്ല. യഥാർത്ഥ പ്രതികളും വിദൂരത്തിലുള്ളവരായിരിക്കും. അക്രമം ഏൽക്കുന്ന്വരോ ദൃസാക്ഷ്കൾക്കോ അവരെ തിരിച്ചറിയാനാകില്ല. അക്രമപരമായ കാര്യത്തിൽ സി.പി.എമ്മിൽ മാത്രമായി ആരോപിക്കാവുന്ന പ്രത്യേകതകൾ ഒന്നും തന്നെയില്ല. അക്രമം അവസാനിക്കണമെങ്കിൽ എല്ലാവരും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പാത സ്വീകരിക്കണം. അതെങ്ങനെ? ചിലർ പ്രസ്ഥാനങ്ങൾ നില നിൽക്കുന്നതുതന്നെ അക്രമത്തിന്റെ മാത്രം പിൻ‌ബലത്തിലാണ്. ആശയങ്ങളുടെയല്ല. സി.പി.ഐ.എമ്മിനു ജനങ്ങൾക്കുമുന്നിൽ വയ്ക്കാൻ ചില ആശയങ്ങൾ എങ്കിലുമുണ്ട്. അതിന്റെ പ്രായോഗികതയൊന്നും എല്ലാവരും അംഗീകരിക്കണം എന്നില്ല. അക്രമം വെടിഞ്ഞാലും സി.പി.ഐ.എം ആശയങ്ങളുടെ പിൻ ബലത്തിൽ നില നിൽക്കും. മറ്റ് ചിലത് അങ്ങനെയല്ല.

ajith said...

കെ പി എസിന് അന്ധമായ സിപിയെം വിരോധമാണെന്ന് തോന്നുന്നു. വാക്കുകളുടെ ശൈലിയില്‍ നിന്ന് വായിച്ചതാണ് കേട്ടോ

മുല്ലാ നാസറുദ്ദീന്റെ ഒട്ടകത്തെപ്പോലെ ഒരു വശത്തെ ഇലകള്‍ മാത്രമേ കടിക്കുന്നുള്ളല്ലോ

വെള്ളായണിവിജയൻ said...

സത്യം തുറന്ന് പറഞ്ഞതിന് അഭിനന്ദനങ്ങൾ...

kaalidaasan said...



>>>>കെ പി എസിന് അന്ധമായ സിപിയെം വിരോധമാണെന്ന് തോന്നുന്നു. വാക്കുകളുടെ ശൈലിയില്‍ നിന്ന് വായിച്ചതാണ് കേട്ടോ

മുല്ലാ നാസറുദ്ദീന്റെ ഒട്ടകത്തെപ്പോലെ ഒരു വശത്തെ ഇലകള്‍ മാത്രമേ കടിക്കുന്നുള്ളല്ലോ.<<<<<


അജിത്,

സുകുമാരനു സി പി എം വിരോധം മാത്രമേ ഉള്ളു. ഇന്‍ഡ്യന്‍ പാര്‍ലമെന്റില്‍ തന്നെ ക്രിമിനലുകള്‍ ഏറെയുണ്ട്. പല പാര്‍ട്ടികളിലും പെട്ടവര്‍..,. അതേക്കുറിച്ചൊനും സുകുമാരനറിയുകയേ ഇല്ല.

പി ജയരാജനെ ന്യായീകരിക്കുന്നില്ല. പക്ഷെ ജയരാജനില്‍ ഇപ്പോള്‍ ആരോപിച്ചിരിക്കുന്ന കുറ്റം തന്നെയാണ്, ഗുജറാത്തിലെ മോദിക്കെതിരെയുമുള്ളത്. 2000 മുസ്ലിങ്ങളെ കൊലപ്പെടുത്തിയതൊക്കെ അറിഞ്ഞിട്ടും അത് തടഞ്ഞില്ല. പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പക്ഷെ മോദിക്കെതിരെ സുകുമാരന്‍ ഒന്നുമെഴുതില്ല.

ബംഗാളില്‍ സി പി എം പരാജയപ്പെടുകയും മമത ബാനര്‍ജി അധികാരത്തില്‍ വരുകയും ചെയ്തപ്പോള്‍ ഏറ്റവും സന്തോഷിച്ച വ്യക്തിയാണ്, സുകുമാരന്‍..,. ഇപ്പോള്‍ അസുഖകരമായ ചോദ്യം ചോദിക്കുന്ന ആരെയും മവോയിസ്റ്റ് എന്നാണവര്‍ വിളിക്കുന്നത്. സ്വന്തം സര്‍ക്കാരിന്റെ വീഴ്ചകള്‍ ആരു ചൂണ്ടിക്കാണിച്ചാലും അവര്‍ സി പി എം കാരും മാവോയിസ്റ്റുകളുമാണ്.


Mamata & Democracy

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു, അവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുന്നു എന്നും, വെറും പൊള്ളയായ വാഗ്ദാനം അല്ല വേണ്ടത്, നടപടികളാണ്, എന്നും പറഞ്ഞ ഒരു കര്‍ഷകനെ മവോയിസ്റ്റ് എന്നു മുദ്ര കുത്തി അവര്‍ അറസ്റ്റ് ചെയ്യിച്ചു.

Mamata walks out of show, calls students Maoists

അധികാരത്തിലിരിക്കുന്നവര്‍ കുറച്ചു കൂടെ ഉത്തരവാദിത്തത്തോടേ പെരുമാറണം എന്നു പറഞ്ഞ കോളേജ് വിദ്യാര്‍ത്ഥിനിയെ മാവോയിസ്റ്റെന്നും സി പി എം എന്നും എസ് എഫ് ഐ എന്നും ആക്ഷേപിച്ച് ഈ മുഖ്യ മന്ത്രി ഇറങ്ങിപ്പോകുകയാണു ചെയ്തത്.

മമതക്ക് അന്ധമായ സി പി എം വിരോധമാണുള്ളത്. അതു തന്നെ സുകുമാരനുമുണ്ട്.

കാഴ്‌ചക്കാരന്‍ said...

കാളിദാസന്റെ ആദ്യകമന്റിലെ ആദ്യഭാഗങ്ങള്‍ അത്രയും ശരി. കേരളത്തിലെ കക്ഷി രാഷ്ട്രീയക്കാര്‍ കളിക്കുന്ന വൃത്തികെട്ട കണ്ണുപൊത്തി കളി ദയനീയം തന്നെ. മാധ്യമങ്ങളുടെ സജീവമായ ഇടപെടുകള്‍ ഇല്ലാതിരുന്നെങ്കില്‍ ഇതിലും ദയനീയമായേനേ കാര്യങ്ങള്‍. ഈ മാധ്യമ സമീപനങ്ങളെ ആരാണ്‌ കണ്ണും പൂട്ടി കല്ലെറിയുന്നത്‌ എന്ന്‌ നമുക്ക്‌ പകല്‍പോലെ വ്യക്തം. ഈ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങളില്‍ എല്ലാ നീതിബോധവും ഇല്ലാതാവാന്‍ പാടില്ല.

പക്ഷേ പിന്നേയും കാളിദാസന്‍ സിപിഎം വിമര്‍ശനങ്ങളെ എന്തിനാണിത്ര ഭയപ്പെടുന്നത്‌. സൂകുമാരേട്ടന്‌ ഇങ്ങിനെ ഒരു വശത്തെ കാര്യങ്ങള്‍ വിശദീകരിക്കാനും അവകാശമുണ്ടല്ലൊ. മറു വശം പറയാനിവിടെ ആളുകളേറേയുണ്ടല്ലൊ.. (അങ്ങ്‌ അവിടെ നോക്കൂ.... റഷ്യയില്‍.... ബംഗാളില്‍..... എന്നൊക്കെ കൂവി വിളിച്ച്‌ ഇനിയും ശ്രദ്ധ തിരിച്ചു വിടല്ലെ...)

Prasanna Raghavan said...

മഷേ നിഷ്പക്ഷമായാണ് ഞാൻ എഴുതുന്നത്, എന്നു പറഞ്ഞാൽ കേരള/ഇന്ത്യ കഷിരാക്ഷീയക്കാർ ഒക്കെ കള്ളപരിഷകളാണ് എന്നറിഞ്ഞുകോണ്ട്.

പക്ഷെ മാഷിന്റെ ഈ പോസ്റ്റുകൾ കാണുമ്പോൾ പറയാതിർക്കാൻ കഴിയുന്നില്ല, മാഷ് ഈ ഉ.ഡി, എഫി ന്റെ (കേരളം) യും ആ കോൺഗ്രസിന്റെയും ഒന്നു തോന്ന്യാസങ്ങൾ കാണുന്നില്ലേ. അതിനെ കുറിച്ചൊന്നും എഴുതുന്നത് കാണൂന്നില്ല:)