Links

2G യും കല്‍ക്കരിയും പിന്നെ അഴിമതിയാരോപണാഘോഷങ്ങളും!


ഇപ്പോഴത്തെ കല്‍ക്കരി ഇടപാട് വിവാദത്തെ പറ്റി ഞാന്‍ ഫേസ്‌ബുക്കില്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു. ആ പോസ്റ്റില്‍ എന്റെ സുഹൃ ത്ത് വി.ബി.രാജന്‍  എഴുതിയ കമന്റില്‍ ഇപ്രകാരം ചോദിച്ചു:  “അപ്പോള്‍ സര്‍ക്കാര്‍ 3G ലേലം ചെയ്തത് ശരിയായില്ലന്നാണോ താങ്കള്‍ പറയുന്നത്?” അതിന് മറുപടി എഴുതി വന്നപ്പോള്‍ അതൊരു നോട്ട് ആയി മാറി. അത് താഴെ വായിക്കുമല്ലൊ:

തീര്‍ച്ചയായും, 3G ലേലം ചെയ്യരുതായിരുന്നു എന്ന് തന്നെയാണ് എന്റെ സുചിന്തിതമായ അഭിപ്രായം. പൊന്മുട്ട ഇടുന്ന താറാവിനെ കൊന്ന്  ഉള്ള മുട്ടകള്‍ ഒറ്റയടിക്ക് കൈക്കലാക്കുന്ന അതിസാമര്‍ത്ഥ്യമായിരുന്നു 3ജി ലേലം. സര്‍ക്കാര്‍ വകുപ്പുകളില്‍ ആരുടെയോ തലയില്‍ ഉദിച്ച ബുദ്ധിയായിരുന്നു അത്. അത് കൊണ്ടെന്തായി എന്ന് ചോദിച്ചാല്‍ സര്‍ക്കാരിന് ഒരുമിച്ച് ഒരുപാ‍ട് പണം ലഭിക്കുകയും 3ജി സാധാരണക്കാര്‍ക്ക് കിട്ടാക്കനിയാവുകയും ചെയ്തു.

ലേലം ചെയ്യാതെ 2ജി സ്പെക്ട്രം അനുവദിച്ചത്കൊണ്ട് സാധാരണക്കാര്‍ക്ക് സെക്കന്റ് പള്‍സില്‍ ഇന്ത്യയില്‍ എവിടെയും ഫോണില്‍ സംസാരിക്കാനും എസ്.എം.എസ്സ്. അയക്കാനും കഴിയുന്നു. 3ജിയും അങ്ങനെ അനുവദിച്ചിരുന്നുവെങ്കില്‍ ഇന്ന് ഹൈസ്പീഡ് മൊബൈല്‍ ഇന്റര്‍നെറ്റ് ഏത് സാധാരണക്കാരനും   വളരെ കുറഞ്ഞ നിരക്കില്‍ ലഭിക്കുമായിരുന്നു.  അതിനര്‍ത്ഥം ഏത് സാധാരണക്കാരനും ഇന്റര്‍നെറ്റുമായി സദാ കണക്ടഡ് ആയിരുന്നിരിക്കും എന്നാണ്. ഒരു ഇന്റര്‍നെറ്റ് വിപ്ലവം രാജ്യത്ത് നടക്കുമായിരുന്നത് 3ജി ലേലത്തോടെ പെരുവഴിയിലായി എന്നതാണ് വാസ്തവം.

3ജിക്ക് ലേലത്തില്‍ കിട്ടിയ തുക കണ്ട് സര്‍ക്കാരിന്റെ മാത്രമല്ല, സി.എ.ജിയുടെയും കണ്ണ് തള്ളിപ്പോയി. ആ കണക്കിന്റെ അടിസ്ഥാനത്തിലാണ് 2ജിയും ലേലം ചെയ്തിരുന്നുവെങ്കില്‍ സര്‍ക്കാരിന് ഒന്നേമുക്കാ‍ല്‍ ലക്ഷംകോടി രൂപ അധികവരുമാനം ലഭിക്കുമായിരുന്നു എന്ന് സി.എ.ജി കവടി നിരത്തിയത്. 3ജിക്ക് കിട്ടിയ കണക്ക് വെച്ച് രണ്ട് കൊല്ലം മുന്‍പ് 2ജി ലേലം ചെയ്തിരുന്നുവെങ്കില്‍ ഒന്നേമുക്കാല്‍ ലക്ഷം കോടിയും കൂടി കിട്ടുമായിരുന്നു എന്ന് കവടി നിരത്താതെ എങ്ങനെയാണ് സി.എ.ജി.ക്ക് പറയാന്‍ കഴിയുക? അങ്ങനെ ആര്‍ക്കും കിട്ടാത്ത ആ ഒന്നേമുക്കാല്‍ ലക്ഷം കോടി അഴിമതിയായി, പിന്നെ കോണ്‍ഗ്രസ്സ് അടിച്ചുമാറ്റലായി.

അഴിമതി എന്നത് വേറെ വിഷയമാണ്.  ഒരു വസ്തു പോക്ക് വരവ് ചെയ്ത് കിട്ടാന്‍ വില്ലേജ് ആഫീസര്‍ക്ക് എത്ര കുറഞ്ഞാലും രണ്ടായിരം രൂപ കൈമടക്ക് കൊടുക്കണമെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏത് വകുപ്പിലാണ് അഴിമതി ഇല്ലാത്തത്. ആളുകള്‍ക്ക് പക്ഷെ ബ്യൂറോക്രാറ്റുകളുടെ അഴിമതി പ്രശ്നമല്ല. 2ജി അനുവദിക്കുന്ന കാര്യത്തിലും സ്വാഭാവികമായി കൈക്കൂലിയും അഴിമതിയും ഉണ്ടാകും. അത് പക്ഷെ സി.എ.ജി. പറഞ്ഞ ആ ഒന്നേമുക്കാല്‍ ലക്ഷം കോടിയല്ല. അതൊരു കവടിക്കണക്കാണ്.

3ജിയിലേക്ക് തന്നെ വരാം. ലേലം എന്ന് വരുമ്പോള്‍ കമ്പനികള്‍ മത്സരിക്കും. അങ്ങനെ വമ്പന്‍ തുക മുടക്കി സ്പെക്ട്രം വാങ്ങിയ കമ്പനികള്‍ 3ജി സൌകര്യം മാര്‍ക്കറ്റ് ചെയ്തപ്പോള്‍ വാങ്ങാന്‍ ആളുണ്ടായില്ല. എന്തെന്നാല്‍ ആര്‍ക്കും താങ്ങാന്‍ കഴിയാത്തതായിരുന്നു 3ജി ഡാറ്റാ താരിഫ്. ആളുകള്‍ ഭൂരിപക്ഷവും ഇപ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നത് ഫോണ്‍ വിളിക്കാന്‍ മാത്രമാണ്. പ്രതീക്ഷിച്ച വരിക്കാരെ കിട്ടാത്തത്കൊണ്ട് കമ്പനികള്‍ ഇപ്പോള്‍ ഡാറ്റ താരിഫില്‍ 80% വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്. എന്നിട്ടും ആ നിരക്ക് പോലും സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല. ഇങ്ങനെ 3ജി സാര്‍വ്വത്രികമായി സ്വീകരിക്കപ്പെടാത്തത്കൊണ്ട് കമ്പനികള്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരിക്കാനും കഴിഞ്ഞില്ല. BSNL-കാരന്‍ സര്‍ക്കാര്‍ മേഖലയല്ലേ എന്ന ആലസ്യത്തിലുമാണ്. അത്കൊണ്ടാണ് വികസിതരാജ്യങ്ങളില്‍ ഔട്ട്ഡേറ്റഡ് ആയ 3ജി ഇന്ത്യയില്‍ പെരുവഴിയില്‍ ആയി എന്ന് ഞാന്‍ പറഞ്ഞത്.

കല്‍ക്കരിയുടെ കാര്യത്തില്‍ ഇപ്പോള്‍ സി.എ.ജി. പറഞ്ഞ കണക്കും കൃത്രിമക്കണക്കാണ്.  കല്‍ക്കരിപ്പാടം കുറഞ്ഞ നിരക്കില്‍ കമ്പനികള്‍ വാങ്ങിയത്കൊണ്ട്, അവര്‍ കല്‍ക്കരി ഖനനം ചെയ്ത് വിറ്റ വകയില്‍ 1.80 ലക്ഷം കോടി അധികലാഭം ഉണ്ടാക്കിയെന്നും അത്രയും തുക സര്‍ക്കാരിന് നഷ്ടമായി എന്നുമാണ് സി.എ.ജി.യുടെ കണക്ക്. ഇങ്ങനെ കണക്ക് കൂട്ടാന്‍ സി.എ.ജി.യെ ആരും അധികാരപ്പെടുത്തിയിട്ടില്ല. സര്‍ക്കാരിന്റെ വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്യലാണ് സി.എ.ജി.യുടെ പണി. രാജ്യത്ത് തട്ടുകടക്കാരന്‍ മുതല്‍ വന്‍‌‌കിട കമ്പനികള്‍ വരെ പ്രതിദിനം കോടാനുകോടി ലാഭമുണ്ടാക്കുന്നുണ്ട്. ആ ലാഭമൊക്കെയും സര്‍ക്കാരിന്റെ നഷ്ടം എന്ന് എങ്ങനെയാണ് പറയാന്‍ പറ്റുക. സ്വകാര്യ മേഖല ലാഭമുണ്ടാക്കിയാല്‍ അതിന്റെ വികസനം രാജ്യത്ത് കാണാന്‍ കഴിയും. സര്‍ക്കാര്‍ മേഖലയില്‍ ആണെങ്കിലോ? ടെലികോം മേഖല ഇന്നും സര്‍ക്കാര്‍ മേഖലയില്‍ മാത്രം ആയിരുന്നുവെങ്കില്‍ എന്തായിരുന്നിരിക്കും  അവസ്ഥ?

കല്‍ക്കരി ഉല്പാദിക്കുന്ന പൊതുമേഖല സ്ഥാപനമാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. രാജ്യത്ത് ആവശ്യമുള്ള കല്‍ക്കരിയുടെ 60ശതമാനം മാത്രമാണ് കോള്‍ ഇന്ത്യ കമ്പനി ഖനനം ചെയ്യുന്നത്. അത്കൊണ്ടാണ് കല്‍ക്കരി ഖനനം ചെയ്യാന്‍ കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.  കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്ത്, സി.എ.ജി. പറഞ്ഞ ആ 1.8ലക്ഷം കോടി കൂടി സര്‍ക്കാരിന് കിട്ടിയിരുന്നുവെങ്കില്‍ അതിലും അധികം കമ്പനികളും ലാഭമുണ്ടാക്കി അങ്ങനെ കല്‍ക്കരിയുടെ വില എത്രയോ ഉയരുമായിരുന്നു. ആ വിലയ്ക്ക് കല്‍ക്കരി വാങ്ങി ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില എത്രയായിരിക്കും? സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനത്തിന്റെ ഭാരം ആത്യന്തികമായി ഉപഭോക്താക്കളുടെ തലയിലാണ് വരിക എന്നത് സിമ്പിള്‍ അരിത്‌മെറ്റിക്കാണ്. വൈദ്യുതി ഉല്പാദനത്തിന് മാത്രമല്ല കല്‍ക്കരി ഉപയോഗിക്കുന്നത്. കല്‍ക്കരിപാ‍ടങ്ങള്‍ ഉള്ള സംസ്ഥാനങ്ങളില്‍ കല്‍ക്കരി അനുബന്ധിച്ചുള്ള വ്യവസായങ്ങളാണ് കൂടുതലും ഉള്ളത്. ആ വ്യവസായങ്ങളും തകരും.

പ്രകൃതിവിഭവങ്ങള്‍ ലേലം ചെയ്യണോ, അതല്ല ഒരു നിശ്ചിത വിലയ്ക്ക് വില്‍ക്കണോ എന്നതൊക്കെ തീരുമാനിക്കാനുള്ള അവകാശം ഭരിക്കുന്ന ജനകീയ സര്‍ക്കാരിന് മാത്രമാണ്. കോടതികള്‍ക്കോ , സി.എ.ജി.ക്കോ, വകുപ്പ് മേധാവികള്‍ക്കോ അതിന് അധികാരമില്ല. ഓരോ ഭരണഘടന സ്ഥാപനവും അതിനനുവദിച്ചിട്ടുള്ള പരിധിക്കകത്ത് നിന്ന് വേണം പ്രവര്‍ത്തിക്കാന്‍. സര്‍ക്കാരിനാണ് ജനങ്ങളോട് നേരിട്ട് ബാധ്യതയുള്ളത്. കക്ഷിരാഷ്ട്രീയാന്ധ്യം ബാധിച്ച്,  നമ്മുടെ പ്രധാന മന്ത്രി 2ജിയില്‍ ഒന്നേമുക്കാല്‍ ലക്ഷം കോടിയും കല്‍ക്കരിയില്‍ 1.80ലക്ഷം കോടിയും അടിച്ചുമാറ്റി എന്ന് മുറവിളി കൂട്ടിയാല്‍ അന്തര്‍ദ്ദേശീയ രംഗത്ത് നാണക്കേട് നമ്മുടെ രാജ്യത്തിനാണ്.

അഴിമതി ഇന്ന് ഒരു ദേശീയ രോഗമാണ്. അത് സര്‍വ്വത്ര വ്യാപിച്ചിട്ടുണ്ട്. കൈക്കൂലി കൊടുക്കാതെ ഒരു കാര്യവും സാധാരണക്കാരന് സാധിച്ച് കിട്ടുന്നില്ല. അഴിമതിയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്തി അതിനെ പ്രതിരോധിക്കാന്‍ കഴിയുകയാണ് വേണ്ടത്. രാഷ്ട്രീയനേട്ടത്തിന് വേണ്ടി അഴിമതി വിരുദ്ധത ഭരിക്കുന്ന സര്‍ക്കാരിനെതിരെ മാത്രം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് ആഘോഷമാക്കി മാറ്റുമ്പോള്‍ യഥാര്‍ഥ അഴിമതിക്കാര്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്.  എത്രയോ കാര്യങ്ങളില്‍ നമുക്ക് രാഷ്ട്രീയ സമവായം ആവശ്യമുണ്ട്. കക്ഷിരാഷ്ട്രീയപരമായി ചേരി തിരിഞ്ഞ് പരസ്പരം പഴിചാരിയാലും ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിച്ചാലും നാം എവിടെയും എത്തുകയില്ല. നമ്മുടെ എല്ലാ വാദങ്ങളും തര്‍ക്കങ്ങളും വസ്തുതാപരമായിരിക്കണം. വെറുതെ അരിശം തീര്‍ക്കാനായിരിക്കരുത്.

9 comments:

Manoj മനോജ് said...

ലേലം ചെയ്യാതെ കൊടുത്തതിനു തമിഴ്നാട്ടിലെ മന്ത്രിക്കും കൂട്ടർക്കും കൊടുത്ത “സമ്മാനങ്ങളുടെ” കണക്ക് ഈ കമ്പനികൾ എങ്ങിനെ തിരിച്ച് പിടിച്ചിട്ടുണ്ടാവുക എന്ന് കൂടി പറയാമായിരുന്നു ;)

ലേലം ചെയ്യാതെ കൊടുത്താൽ കമ്പനികൾക്ക് വമ്പൻ ലാഭം ലഭിക്കുമെന്നും അത് ഉപഭോക്താക്കൾക്ക് കമ്പനികൾ നൽകുമെന്നും സ്വപ്നം കാണുന്നത് നല്ലതാണു. അറ്റ്ലീസ്റ്റ് നമ്മുടെ ബി.പി.യെങ്കിലും കുറഞ്ഞ് കിട്ടും ;))

15രൂപയ്ക്ക് വിൽക്കാവുന്ന മരുന്ന് 100രൂപയ്ക്ക് വിപണിയിൽ വിൽക്കുന്ന കമ്പനികൾ ഇന്ത്യയിൽ തന്നെയല്ലേ പ്രവർത്തിക്കുന്നത്! ആ മരുന്നുകൾ നമ്മൾ അവർ പറയുന്ന പണം കൊടുത്ത് വാങ്ങുന്നുമുണ്ടല്ലോ അല്ലേ ;)

കൽക്കരിയുടെ കാര്യത്തിലും ലേലം ചെയ്യാതെ കൊടുത്തതിനു കിട്ടിയ “സമ്മാനങ്ങളുടെ” കണക്കുകൾ വെളിയിൽ വരുമ്പോഴും താങ്കൾ ഈ അഭിപ്രായം തന്നെ നിലനിർത്തുമോ ;)

Manoj മനോജ് said...

2ജി യിൽ എന്ത് സംഭവിച്ചു എന്ന് മനസ്സിലായിട്ടും മനസിലായെന്നു സമ്മതിക്കുവാൻ മടി കാണിക്കുന്നവർക്ക് വായിക്കുവാനായി മാത്രം ഈ ലിങ്ക് ഇടുന്നു...

http://en.wikipedia.org/wiki/2G_spectrum_scam

Anil said...

സുകുമാരേട്ടന്റെ ഈ കാഴ്ച്ചപ്പാടിനോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു. 2G സ്പെക്ട്രം അഴിമതിയില്‍ പ്രതികളെ സുപ്രീം കോടതി ശിക്ഷിച്ചത് വലിയ അപരാധവും മണ്ടത്തരവും ആണെന്ന തരത്തില്‍ എഴിതിയിരിക്കുന്ന ഈ പോസ്റ്റ്‌ ഉറക്കം നടിക്കല്‍ ആണ്. അല്ലെങ്കില്‍ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയോടുള്ള ശക്തമായ, അന്ധമായ സ്നേഹം.

സുകുമാരേട്ടന്റെ ചില പ്രധാന പോയിന്റ്‌കള്‍ ഇതാണ്.

>>
തീര്‍ച്ചയായും, 3G ലേലം ചെയ്യരുതായിരുന്നു എന്ന് തന്നെയാണ് എന്റെ സുചിന്തിതമായ അഭിപ്രായം. പൊന്മുട്ട ഇടുന്ന താറാവിനെ കൊന്ന് ഉള്ള മുട്ടകള്‍ ഒറ്റയടിക്ക് കൈക്കലാക്കുന്ന അതിസാമര്‍ത്ഥ്യമായിരുന്നു 3ജി ലേലം.
<<
വളരെ തെറ്റായ ഒരു വിലയിരുത്തല്‍ ആണിത്. 3G ലേലം ചെയ്തില്ലായിരുന്നു എങ്കില്‍ കുറച്ചുകൂടി വലിയ ഒരു അഴിമതി നടക്കുമായിരുന്നു എന്നതില്‍ കവിഞ്ഞു ഒരു ഗുണവും ഉണ്ടാകുമായിരുന്നില്ല.
പൊന്മുട്ട ഇടുന്ന താറാവിനെ കൊന്നത് ഇപ്പോള്‍ തീഹാര്‍ ജയിലിലും വീട്ടിലും ആയി കഴിയുന്നവര്‍ തന്നെ ആണ്. 2G ക്ക് മുന്‍പ് ഇന്ത്യക്ക് കൃത്യമായ ഒരു പോളിസി ഇക്കാര്യത്തില്‍ ഇല്ലായിരുന്നു എന്നുള്ളതാണ് വാസ്തവം സ്വാകര്യ സംരഭകര്‍ ഈ മേഖലയിലേക്ക് വരുന്നതിനു മുന്‍പ് അതിന്‍റെ ആവശ്യവും ഇല്ലായിരുന്നു. എന്നാല്‍ 2008 ല്‍ അനധികൃതമായ സ്വത്തു സമ്പാദനം മാത്രം ലക്‌ഷ്യം വച്ച്, മാറിയ സാഹചര്യത്തിലും രാജയും സില്‍ബന്തികളും പഴയ രീതി തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങിനെ IT രംഗത്ത് ഒരു കുതിച്ചുചാട്ടം ഉണ്ടായ ആ കാലത്ത് first-come first-served (FCFS) പോളിസിയില്‍ ഇവര്‍ 2001 ലെ വിലക്ക് 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കാന്‍ തീരുമാനിക്കുക ആയിരുന്നു.

>>
സര്‍ക്കാര്‍ വകുപ്പുകളില്‍ ആരുടെയോ തലയില്‍ ഉദിച്ച ബുദ്ധിയായിരുന്നു അത്. അത് കൊണ്ടെന്തായി എന്ന് ചോദിച്ചാല്‍ സര്‍ക്കാരിന് ഒരുമിച്ച് ഒരുപാ‍ട് പണം ലഭിക്കുകയും 3ജി സാധാരണക്കാര്‍ക്ക് കിട്ടാക്കനിയാവുകയും ചെയ്തു.
<<
തെറ്റ്.
2007 ല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ധന മന്ത്രാലയത്തില്‍ നിന്നും ലൈസന്‍സ് കൊടുക്കുന്ന പ്രക്രിയ കുറച്ചുകൂടി സുതാര്യവും ശരിയായ രീതിയിലും ആയിരിക്കണം എന്ന് പറഞ്ഞു രാജക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇതെല്ലാം നിരാകരിച്ചുകൊണ്ട് രാജാ മറുപടി അയക്കുക ആണ് ഉണ്ടായത്. അതായതു ശരിയായ മാനദണ്ഡം അനിസരിച്ചല്ല 2G ലൈസന്‍സ് നല്‍കല്‍ നടന്നിട്ടുള്ളത് എന്നുള്ളത് സുകുമാരേട്ടന് തോന്നിയില്ലെങ്കിലും ഇന്ത്യാ ഗവണ്മെന്റ്നു തോന്നി.

>>
3ജി സാധാരണക്കാര്‍ക്ക് കിട്ടാക്കനിയാവുകയും ചെയ്തു.
<<
മനസിലായില്ല.
ഞാന്‍ BSNL 3G ഉപയോഗിക്കുന്ന ആളാണ്‌, 25/ 50/ 103/ 153/ 252/ 452/ 601/ 751/ 1099/ 1501/ 3001 നിരക്കുകളില്‍ 3G സേവനം ലഭ്യമാണ്.
എനിക്ക് 1 MB ക്ക് 10 പൈസ നിരക്കിലേ ആകുന്നുള്ളൂ.
3G നിരക്കുകള്‍ 2G നിരക്കിനേക്കാള്‍ കൂടുതലാണ് എന്നത് മറക്കുന്നില്ല.

Anil said...

>>
അങ്ങനെ ആര്‍ക്കും കിട്ടാത്ത ആ ഒന്നേമുക്കാല്‍ ലക്ഷം കോടി അഴിമതിയായി, പിന്നെ കോണ്‍ഗ്രസ്സ് അടിച്ചുമാറ്റലായി.
<<
അനധികൃതമായ രീതിയില്‍ ലൈസന്‍സ് സമ്പാദിച്ച ചില കമ്പനികള്‍ അത് കൂടിയ തുകക്ക് മറിച്ചു വിറ്റതിന് തെളിവുണ്ട്. അത് മാത്രം മതിയല്ലോ ഈ വാദം തെറ്റാണെന്ന് മനസ്സിലാക്കാന്‍.


>>
അഴിമതി എന്നത് വേറെ വിഷയമാണ്. ഒരു വസ്തു പോക്ക് വരവ് ചെയ്ത് കിട്ടാന്‍ വില്ലേജ് ആഫീസര്‍ക്ക് എത്ര കുറഞ്ഞാലും രണ്ടായിരം രൂപ കൈമടക്ക് കൊടുക്കണമെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏത് വകുപ്പിലാണ് അഴിമതി ഇല്ലാത്തത്. ആളുകള്‍ക്ക് പക്ഷെ ബ്യൂറോക്രാറ്റുകളുടെ അഴിമതി പ്രശ്നമല്ല. 2ജി അനുവദിക്കുന്ന കാര്യത്തിലും സ്വാഭാവികമായി കൈക്കൂലിയും അഴിമതിയും ഉണ്ടാകും.
<<
അഴിമതി സ്വാഭികമായി ഉണ്ടാകുന്നതല്ല. ഇചാശക്തി ഇല്ലാത്ത രാഷ്ട്രീയ നേതൃത്വത്തിന്റെയും, ഉത്തരവാദിത്വ ബോധം ഇല്ലാത്ത ഉദ്യോഗസ്ഥരുടെയും നീചമായ ലക്ഷ്യങ്ങളുടെ ഫലമാണ് അഴിമതി. പണ്ട് അല്ലെങ്കില്‍ ഇപ്പൊ അഴിമതി ഉണ്ടെന്നു കരുതി എപ്പോഴും അത് തുടരണം എന്ന് നിര്‍ബന്ധം ഇല്ലല്ലോ? ഇവരെ ശിക്ഷിക്കാന്‍ അല്ലെങ്കില്‍ നിയന്ത്രിക്കാന്‍ ആണ് കോടതിയും നിയമവും ഒക്കെ.


>>
സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനത്തിന്റെ ഭാരം ആത്യന്തികമായി ഉപഭോക്താക്കളുടെ തലയിലാണ് വരിക എന്നത് സിമ്പിള്‍ അരിത്‌മെറ്റിക്കാണ്. വൈദ്യുതി ഉല്പാദനത്തിന് മാത്രമല്ല കല്‍ക്കരി ഉപയോഗിക്കുന്നത്. കല്‍ക്കരിപാ‍ടങ്ങള്‍ ഉള്ള സംസ്ഥാനങ്ങളില്‍ കല്‍ക്കരി അനുബന്ധിച്ചുള്ള വ്യവസായങ്ങളാണ് കൂടുതലും ഉള്ളത്. ആ വ്യവസായങ്ങളും തകരും.
<<

ഈ സിമ്പിള്‍ അരിത്‌മെറ്റിക്ക് എന്നിട്ട് പെട്രോള്‍ ഡീസല്‍ പാചക വാതക മേഖലകളില്‍ കാണുന്നില്ലല്ലോ. കല്‍ക്കരിയെക്കാള്‍ സാധാരണക്കാരന്‍ ഉപയോഗിക്കുന്നത് ഇവയൊക്കെ അല്ലേ?. ഒരു സ്ഥലത്ത് എത്ര മാത്രം വില വേണമെങ്കിലും കൂട്ടാന്‍ കമ്പനികളെ കയറൂരി വിട്ടിട്ട് ഇപ്പുറത്ത് വില കൂടാതിരിക്കാന്‍ മാത്രമാണ് കമ്പനികള്‍ കൊള്ള ലാഭം ഉണ്ടാക്കാന്‍ അനുവദിക്കുന്നത് എന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. കല്‍ക്കരിപാട കേസില്‍ അഴിമതി ആരോപിക്കപ്പെട്ട പല കമ്പനി കളും അധികാരം കയ്യിലുള്ള നേതാക്കളുടെയോ അവരുടെ സില്‍ബന്ധികളുടെയോ ആണ് (വിശദമായ ഒരു പോസ്റ്റ്‌ പിന്നീട്). ഓരോ വര്‍ഷത്തെയും ഇവരുടെ ലാഭം നോക്കിയാല്‍ നമുക്കറിയാം ജനനന്മ അല്ല ഇവരുടെ ലക്‌ഷ്യം എന്ന്.

ഭര്‍ത്താവും ഭാര്യയും മക്കളും അടങ്ങുന്ന ഒരു കുടുംബത്തിന് ഒരു തവണത്തെ കറന്റ്‌ ബില്‍ എത്ര വരും? മുകേഷ്‌ അംബാനിയുടെ കാര്യത്തില്‍ അത് 70 ലക്ഷം രൂപ ആണ്. 28 രൂപ ദിവസ വരുമാനം ഉള്ളവന്‍ ദാരിദ്ര രേഖക്ക് മുകളില്‍ ആണെന്ന് പറയുന്ന നമ്മുടെ നാട്ടില്‍ ഇതുപോലെ പണം ധൂര്‍ത്തടിക്കുന്ന അതി സമ്പന്നരെ സൃഷ്ട്ടിക്കുന്നത് അതും നമ്മുടെ രാജ്യത്തിന്‍റെ വിഭവങ്ങള്‍ കൊണ്ട് സമ്പന്നരാകാന്‍ അവസരം ഉണ്ടാകുന്നത് നാടിന്‍റെ വികസനത്തിനായുള്ള സമ്പത്ത് കൊള്ളയടിക്കപ്പെടുന്നത് തടയണം എന്ന് തന്നെ ആണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

സന്തോഷ്‌ said...

@ കെ.പി.എസ്,

>> ഇങ്ങനെ കണക്ക് കൂട്ടാന്‍ സി.എ.ജി.യെ ആരും അധികാരപ്പെടുത്തിയിട്ടില്ല. സര്‍ക്കാരിന്റെ വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്യലാണ് സി.എ.ജി.യുടെ പണി. <<

സമയമുള്ളപ്പോൾ ഈ ലിങ്കിൽ
പോയിനോക്കുക -
Comptroller and Auditor-General of India

"ഓഡിറ്റ്" എന്നാൽ എന്താണെന്നാണു മാഷ് മനസ്സിലാക്കിയിരിക്കുന്നതു?

>> 3ജിക്ക് ലേലത്തില്‍ കിട്ടിയ തുക കണ്ട് സര്‍ക്കാരിന്റെ മാത്രമല്ല, സി.എ.ജിയുടെയും കണ്ണ് തള്ളിപ്പോയി. ആ കണക്കിന്റെ അടിസ്ഥാനത്തിലാണ് 2ജിയും ലേലം ചെയ്തിരുന്നുവെങ്കില്‍ സര്‍ക്കാരിന് ഒന്നേമുക്കാ‍ല്‍ ലക്ഷംകോടി രൂപ അധികവരുമാനം ലഭിക്കുമായിരുന്നു എന്ന് സി.എ.ജി കവടി നിരത്തിയത്. 3ജിക്ക് കിട്ടിയ കണക്ക് വെച്ച് രണ്ട് കൊല്ലം മുന്‍പ് 2ജി ലേലം ചെയ്തിരുന്നുവെങ്കില്‍ ഒന്നേമുക്കാല്‍ ലക്ഷം കോടിയും കൂടി കിട്ടുമായിരുന്നു എന്ന് കവടി നിരത്താതെ എങ്ങനെയാണ് സി.എ.ജി.ക്ക് പറയാന്‍ കഴിയുക? <<

അറിവില്ലായ്മയെ ആഘോഷിക്കരുത്. അതു കാഴ്ചക്കാർക്കു അരോചകമാണ്.... :(

(ഓടോ: മന്മൊഹൻ സി.പി.എം അല്ലല്ലൊ)

vimal kumar said...
This comment has been removed by the author.
vimal kumar said...
This comment has been removed by the author.
vimal kumar said...

ഇതേ സുകുവേട്ടനല്ലേ കര്‍ണാടകയിലെ reddy മാരെ കുറിച്ച ഘോര ഘോരം പ്രസങ്ങിച്ചത്.. ഇത്ര തരാം താഴരുത് സുകുവേട്ട... അല്ലെങ്ങില്‍ ദയവു ചെയ്ത് പേരിലെ അഞ്ചരക്കണ്ടി എടുത്ത് കളയണം.. നമ്മള്‍ നാട്ടു കാര്‍ക്ക് നാണക്കേട് ആണ്.

skuttapaayi said...

സ്പെക്ട്രം ലേലം ചെയ്യുനത് ഇന്ത്യന്‍ ഉദ്യോഗസസ്തര്‍ കണ്ടുപിടിച്ചതല്ല, കൊറേ രാജ്യങ്ങില്‍ അത് ചെയ്യുനുണ്ട്, സ്പെക്ടറും അല്ലോകാറെ ചെയ്യാന്‍ 'ഫെയര്‍' ആയ മറ്റു മാര്‍ഗം ഇല്ലാത്തതു കൊണ്ട് ആണ് അത്.
http://en.wikipedia.org/wiki/Spectrum_auction അതിനാല്‍ ആ അഭിപ്രായത്തോട് വിയോജിക്കുന്നു.

അന്നത്തെ സാഹചര്യത്തില്‍ മന്ത്രിക് ഇഷ്ടമുള്ളവര്‍ക് (പണമാവാം) കൊടുകുക എന്ന ഒരു പരിപാടി ആണ് നടനിന്നിരിക്കുന്നത്, പക്ഷെ പുള്ളി 1.76 L കോടി വാങ്ങിച്ചു എന്നാണു ചിലരുടെ വിശ്വാസവും പ്രചാരണവും മണ്ടത്തരം.

പിന്നെ താങ്ങള്‍ പറഞ്ഞത് പോലെ, 2G ലേലം നടനിരുനു എങ്കില്‍ സാദാരണ കാരുടെ കയ്യില്‍ മൊബൈല്‍ കാണില്ല എന്ന് നിസംശയം പറയാം, അന്നത്തെ അവസ്ഥ വച്ച് ചെറിയ ഒരു തുക മാത്രമേ കിട്ടുമായിരുന്നുള്ളൂ, അപ്പൊ സ്വാഭാവികമായും 3G ലേലത്തിന്റെ വില താഴ്ന് തന്നെ ഇരിക്കും.

>> 3ജിക്ക് ലേലത്തില്‍ കിട്ടിയ തുക കണ്ട് സര്‍ക്കാരിന്റെ മാത്രമല്ല, സി.എ.ജിയുടെയും കണ്ണ് തള്ളിപ്പോയി. ആ കണക്കിന്റെ അടിസ്ഥാനത്തിലാണ് 2ജിയും ലേലം ചെയ്തിരുന്നുവെങ്കില്‍ സര്‍ക്കാരിന് ഒന്നേമുക്കാ‍ല്‍ ലക്ഷംകോടി രൂപ അധികവരുമാനം ലഭിക്കുമായിരുന്നു എന്ന് സി.എ.ജി കവടി നിരത്തിയത്. 3ജിക്ക് കിട്ടിയ കണക്ക് വെച്ച് രണ്ട് കൊല്ലം മുന്‍പ് 2ജി ലേലം ചെയ്തിരുന്നുവെങ്കില്‍ ഒന്നേമുക്കാല്‍ ലക്ഷം കോടിയും കൂടി കിട്ടുമായിരുന്നു എന്ന് കവടി നിരത്താതെ എങ്ങനെയാണ് സി.എ.ജി.ക്ക് പറയാന്‍ കഴിയുക? <<
ഈ പറഞ്ഞത് 100% ശരിയാണ്.